കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അദ്വിതീയമായ സ്ഥാനവും അജയ്യമായ നേതൃത്വവും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതൃത്വം വര്‍ഗീയ പാര്‍ട്ടികളുടെ വാലാട്ടികളായിരുന്നില്ല. 1957 തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ എത്തിയത് ഹൈന്ദവ വികാരം ദുരുപയോഗം ചെയ്തായിരുന്നു. ഡോക്ടര്‍ തോമസ് മാത്യു സെക്യുലര്‍ റോഡ് ടു കമ്മ്യൂണല്‍ കേരള എന്ന പുസ്തകത്തില്‍ ഇക്കാര്യം വളരെ വ്യക്തമായി വരച്ചു കാട്ടിയിട്ടുണ്ട്. മലബാര്‍ മേഖലയില്‍ രാമസിംഹന്‍ കേസില്‍ അന്നത്തെ കോണ്‍ഗ്രസ് മന്ത്രിയായ കോഴിപ്പുറത്ത് മാധവമേനോന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി ഒത്തുകളിച്ച് പ്രതികളെ വെറുതെ വിട്ടതും തിരുവിതാംകൂറിലും കൊച്ചിയിലും ശബരിമല തീവെപ്പ് കേസില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മുക്കിയതുമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കിയത്. ഹിന്ദുക്കളുടെ അരക്ഷിതാവസ്ഥ മുതലെടുത്ത് ഹിന്ദുക്കള്‍ക്കൊപ്പം തങ്ങളുണ്ട് എന്ന വ്യാജ സന്ദേശം നല്‍കി തിരഞ്ഞെടുപ്പില്‍ അവര്‍ വിജയം കൈവരിക്കുകയായിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും സമുദായ ആചാര്യനുമായ മന്നത്ത് പത്മനാഭന്‍ പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണച്ചു. ജയിച്ചതിനു ശേഷം തനിനിറം കാട്ടി ഹിന്ദുവിനെ തിരിഞ്ഞു കൊത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ മന്നം കൂടി നിലപാടെടുത്തപ്പോഴാണ് വിമോചന സമരം ശക്തമായതും സര്‍ക്കാരിനെ പിരിച്ചുവിട്ടതും.
അതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരെ രാഷ്ട്രീയകക്ഷികളുടെ ഒരു ഐക്യനിര രൂപംകൊണ്ടപ്പോള്‍ മുസ്ലിംലീഗിനെ സഖ്യത്തില്‍ ചേര്‍ക്കണമെന്ന നിര്‍ദ്ദേശം അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളുകയായിരുന്നു. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി സാഹിബിനെ കൊണ്ടുവന്നപ്പോള്‍ പാര്‍ട്ടി അംഗത്വം രാജിവെച്ച് വേണം സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ എന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചു. കന്യാകുമാരിയിലേക്കുള്ള വഴിയില്‍ കണ്ട മുസ്ലിം ലീഗ് പതാക അഴിച്ചുമാറ്റിയ ശേഷം മാത്രം യാത്ര തുടര്‍ന്ന സര്‍ദാര്‍ പട്ടേലിന്റെ ചിത്രം നമ്മുടെ മുന്നിലുണ്ട്. എത്രമാത്രം ദേശവിരുദ്ധരും അപകടകാരികളുമാണ് മുസ്ലിംലീഗ് എന്ന തിരിച്ചറിവ് അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്നു.
അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശക്തമായ നിലപാട് ഏറ്റവും കൂടുതല്‍ വ്യക്തമായത് കെപിസിസി പ്രസിഡന്റായിരുന്ന സി.കെ.ഗോവിന്ദന്‍ നായരിലൂടെ ആയിരുന്നു. മുസ്ലിം ലീഗ് എന്ന വിഭജനവാദികളായ ദേശവിരുദ്ധ ശക്തിയുടെ അപകടം മനസ്സിലാക്കിയ സി.കെ.ഗോവിന്ദന്‍ നായര്‍ അടക്കമുള്ള ഉന്നത നേതാക്കള്‍ ലീഗിനെ അകറ്റി നിര്‍ത്തുകയായിരുന്നു. അതേസമയം 1980-കളില്‍ കോണ്‍ഗ്രസിലുണ്ടായ ശക്തമായ ഗ്രൂപ്പ് രാഷ്ട്രീയമാണ് മുസ്ലിംലീഗിന് യുഡിഎഫിലും കോണ്‍ഗ്രസിലും നിര്‍ണായക സ്വാധീനം നല്‍കിയത്. എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ തനിക്കെതിരെ ഉണ്ടായ പടയൊരുക്കം തടയാന്‍ കെ. കരുണാകരന്‍ മുസ്ലിം ലീഗ് നേതൃത്വത്തെ ഒപ്പം നിര്‍ത്തി. അതിനു നല്‍കിയ പ്രതിഫലം സ്വര്‍ണ്ണ താലത്തില്‍ കോണ്‍ഗ്രസിന്റെ തല തന്നെയായിരുന്നു. കോണ്‍ഗ്രസ് മുഖ്യ ഭരണകക്ഷിയായിട്ടും ഖജനാവിന്റെ 80 ശതമാനം വരുന്ന തുക ബജറ്റ് വിഹിതം ആയിട്ടുള്ള വകുപ്പുകള്‍ കരുണാകരന്‍ മുസ്ലിം ലീഗിന് സമ്മാനിച്ചു. പൊതുമരാമത്ത്, വ്യവസായം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ സുപ്രധാന വകുപ്പുകളും കരുണാകരന്‍ സമ്മാനിച്ചു. കൂടാതെ ഡോക്ടര്‍ എം.എ. കുട്ടപ്പന് തീരുമാനിച്ച രാജ്യസഭാംഗത്വം മുസ്ലീം ലീഗിന്റെ കൊരമ്പയില്‍ അഹമ്മദ് ഹാജിക്ക് നല്‍കി കീഴടങ്ങലിന്റെ കരുണാകരപര്‍വ്വം പൂര്‍ത്തിയാക്കി. പക്ഷേ, അവിടം കൊണ്ട് കഴിഞ്ഞില്ല; പ്രതിച്ഛായാ ചര്‍ച്ചയുടെ പേരില്‍ കരുണാകരനെ വെട്ടിവീഴ്ത്തിയതിനു പിന്നില്‍ മലപ്പുറം കത്തിയുമായി മുസ്ലിം ലീഗ് ഉണ്ടായിരുന്നു.
അവിടെ നിന്ന് ഇങ്ങോട്ട് മുസ്ലിം ലീഗ് കേരള രാഷ്ട്രീയത്തിലെ ശക്തി സ്വരൂപമായി മാറുകയായിരുന്നു. കോണ്‍ഗ്രസ് ഗ്രൂപ്പില്‍ ആരൊക്കെ മേല്‍ക്കൈ നേടണം എന്ന തീരുമാനം ലീഗിന്റേതായി മാറി. മണിക്കൂറുകളോളം കാത്തുനിന്ന് കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്ന ലീഗ് നേതൃത്വത്തെ തേടി കൊടപ്പനയ്ക്കല്‍ തറവാട്ടിന്റെ മുന്നിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വരിവരിയായി എത്തി. അവര്‍ക്കൊപ്പം ദേശീയ നേതാക്കളും ഉണ്ടായിരുന്നു. മുസ്ലിം ലീഗ് എന്ന വോട്ട് ബാങ്കിന് മലബാറില്‍ പലയിടത്തും ആരെയും ജയിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് കോണ്‍ഗ്രസ് നേതാക്കളെ കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തിച്ചത്. അഴിമതിയും ലൈംഗികാരോപണവും സാര്‍വത്രികമായിട്ടും ലീഗിനെതിരെ ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പോലും അറിയാതെ അഞ്ചാംമന്ത്രിയെ പ്രഖ്യാപിച്ച് അവര്‍ വീണ്ടും ശക്തി തെളിയിച്ചപ്പോള്‍, ഒന്നും ചെയ്യാന്‍ കഴിയാതെ, പ്രതികരണശേഷിയില്ലാത്ത കളിപ്പാവയായി കോണ്‍ഗ്രസ് നേതൃത്വം മാറി.
ഇക്കുറി ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്നാം സീറ്റിനു വേണ്ടി അവകാശവാദം ഉയര്‍ത്തി വന്ന മുസ്ലിം ലീഗിന് മുന്‍പില്‍ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഏക രാജ്യസഭാ സീറ്റ് ബലി കഴിച്ചു. വര്‍ഷങ്ങളായി യുഡിഎഫിനു വേണ്ടി പോരാടി നിന്നിരുന്ന സിഎംപി അടക്കമുള്ള കക്ഷികള്‍ ഇക്കുറിയും വേദിക്ക് പുറത്തായി. പക്ഷേ, അതിന്റെ അനുരണനങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പിടിച്ചു കുലുക്കാന്‍ തുടങ്ങിയിരിക്കുന്നു. കരുണാകരന്റെ മകള്‍ പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയിരിക്കുന്നു. ഒരു പ്രതീക്ഷയും സ്വപ്‌നവും കാഴ്ചവെക്കാന്‍ ഇല്ലാത്ത നാണക്കേടിന്റെ പ്രതീകമായി കോണ്‍ഗ്രസ് മാറുകയാണ്. ഇസ്ലാമിക ജിഹാദി ശക്തികളുടെ പിടിയില്‍ അമര്‍ന്ന സിപിഎമ്മിനെ പോലെ കോണ്‍ഗ്രസും മുസ്ലിംലീഗിന്റെയും ഇസ്ലാമിക ഭീകര ശക്തികളുടെയും പിടിയില്‍ അമര്‍ന്ന് കഴിഞ്ഞു. ഒപ്പം കോണ്‍ഗ്രസിലെ അച്ചടക്കരാഹിത്യവും ചേരിപ്പോരും അസഭ്യവര്‍ഷവും. മര്യാദയ്ക്ക് സംസാരിക്കുന്ന, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന, ഭാവിയെ കുറിച്ച് ചിന്തിക്കുന്ന ഒരു നേതാവും ഇന്ന് കോണ്‍ഗ്രസില്‍ അവശേഷിക്കുന്നില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആര്‍ക്കുവേണ്ടിയും വിടുപണി ചെയ്യുന്ന ഏഴാംകൂലികളുടെ അഭയകേന്ദ്രമായി കോണ്‍ഗ്രസ് മാറി. സ്വന്തം നേതാക്കള്‍ക്കെതിരെ പെണ്ണുകേസ് ഉണ്ടാക്കുകയും അഴിമതിക്കേസ് സൃഷ്ടിക്കുകയും ഒക്കെ ചെയ്ത കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ആര്‍ക്കും വേണ്ടാത്ത വിലയില്ലാത്ത പ്രസ്ഥാനമായി മാറിയെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ്.
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ രണ്ടു ഭാഗത്തായി നിലനിന്ന ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ നേതാക്കളായിരുന്ന എ.കെ ആന്റണിയുടെയും കെ. കരുണാകരന്റെയും മക്കള്‍ ഒരേപോലെ ബിജെപിയിലേക്ക് ചേക്കേറിയപ്പോള്‍ വരാന്‍ പോകുന്ന തലമുറയില്‍ പാരമ്പര്യത്തിന്റെ തീപ്പന്തം പേറുന്ന യുവചേതന മുഴുവന്‍ ബിജെപിയിലേക്ക് കുതിക്കുന്നു എന്ന സൂചന കൂടി കാണാം. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇതുവരെ കാണാത്ത ഒരു പുതിയ ധ്രുവീകരണം വ്യക്തമാണ്. അത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വര്‍ഗീയ ജിഹാദി കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതാണ്. കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന എറണാകുളം ജില്ലാ സമ്മേളനത്തിലും തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജിഹാദി സ്വാധീനം ചൂണ്ടിക്കാട്ടിയപ്പോള്‍ സംസ്ഥാന നേതൃത്വത്തിന് പ്രതികരിക്കാന്‍ പോലും കഴിഞ്ഞില്ല. ഇന്ന് കോണ്‍ഗ്രസ് നേതൃത്വം ഏതാണ്ട് അതേ അവസ്ഥയില്‍ എത്തിപ്പെട്ടിരിക്കുന്നു. തീവ്ര ഇസ്ലാമികതയുടെ പേരില്‍ മുസ്ലിം ലീഗിന് കീഴടങ്ങുന്ന, കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നവരുടെ എണ്ണം അനുദിനം കൂടിവരുന്നു. കേരള രാഷ്ട്രീയത്തിലും പരിവര്‍ത്തനത്തിന്റെ ഒരു കൊടുങ്കാറ്റ് ഉയരുകയാണ്. സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി ഹൈന്ദവ ജനതയെ ചവിട്ടിമെതിച്ച, അവരുടെ ആചാരാനുഷ്ഠാനങ്ങളെ തള്ളിപ്പറഞ്ഞവര്‍ക്കെതിരെ യുദ്ധം നടത്തിയ എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും ശരിയായ വഴി പറഞ്ഞു കൊടുക്കാന്‍ ഭക്തര്‍ക്ക് കഴിയണം. അതിനുള്ള സുവര്‍ണ്ണാവസരമാണ് ഈ തിരഞ്ഞെടുപ്പ്.
പത്മജ ബിജെപിയില്‍ അംഗത്വം എടുത്തതിനെ കുറിച്ചുള്ള രണ്ടു പ്രതികരണങ്ങള്‍ ശ്രദ്ധേയമായി. ഒന്നാമത്തേത് കെ.മുരളീധരന്റെതായിരുന്നു. പത്മജയോട് യാതൊരു തരത്തിലുള്ള അവഗണനയും കാട്ടിയിട്ടില്ല എന്നായിരുന്നു മുരളീധരന്റെ പ്രതികരണത്തിന്റെ തുടക്കം. തുടര്‍ന്ന് സ്വന്തം സഹോദരിയാണ് എന്ന പരിഗണന നല്‍കാതെ നടത്തിയ പരാമര്‍ശം അതിലും രസകരമായി. ഭാരവാഹി ആയതിനുശേഷം വര്‍ക്ക് ഫ്രം ഹോം നടത്തിയിരുന്ന അവര്‍ക്ക് ഇനി എന്ത് സ്ഥാനമാണ് നല്‍കാനുള്ളത് എന്നായിരുന്നു പ്രതികരണം. മുരളീധരന് പത്മജ മറുപടി കൊടുക്കുമോ ഇല്ലയോ എന്ന് ഇപ്പോള്‍ അറിയില്ല. പക്ഷേ ഒന്നുണ്ട്, കെ. മുരളീധരന്‍ എന്നെങ്കിലും പത്മജയോട് കാരുണ്യത്തോടെ, സ്വന്തം സഹോദരി എന്ന നിലയില്‍ പെരുമാറിയിട്ടുണ്ടോ? സ്വന്തം കാര്യവും സ്വന്തം നിലനില്‍പ്പും സ്വന്തം ഭാവിയും മാത്രമായിരുന്നില്ലേ എന്നും മുരളിയുടെ മുദ്രാവാക്യം. ഗ്രൂപ്പിന് അതീതമായി വളര്‍ത്തിയെടുത്ത നേതാക്കളുടെ ഒരു പടതന്നെ കോണ്‍ഗ്രസില്‍ ഉണ്ട്. 1985 ല്‍ സേവാദളിലൂടെ പിന്‍വാതില്‍ വഴി കോണ്‍ഗ്രസ് നേതൃത്വത്തില്‍ എത്തിയ മുരളീധരന്‍ എത്ര നേതാക്കളെ കോണ്‍ഗ്രസിലും കേരള രാഷ്ട്രീയത്തിലും വളര്‍ത്തിയെടുത്തു എന്ന ചോദ്യം ബാക്കിയല്ലേ. ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുരളിയുടെ ഭാവിയും ഏതാണ്ട് മുരടിച്ചതാണ്. പണ്ട് ഈ ഗ്രൂപ്പുകാര്‍ പറഞ്ഞ കഥ മുരളി മറന്നിട്ടുണ്ടാവില്ലല്ലോ. മസാലദോശ വാങ്ങുമ്പോള്‍ പറയാതെ തന്നെ വട കൊണ്ടുവരും എന്ന കാര്യം. കരുണാകരനെ മാത്രം ഡി.ഐ.സി.യില്‍ നിന്ന് തിരിച്ചെടുത്താല്‍ മതി വട പോലെ മുരളി എത്തിക്കോളും എന്നുപറഞ്ഞ പ്രതിഭാശാലിക്ക് നല്ല നമസ്‌കാരം. ബിജെപിയുടെ വാതിലുകള്‍ പെങ്ങള്‍ക്ക് പിന്നാലെ മുരളിക്കു മുന്നിലും തുറന്നു തന്നെയുണ്ട്.
പക്ഷേ രാഹുല്‍ മാങ്കൂട്ടം നടത്തിയ പ്രതികരണം അല്പം കടന്നുപോയി. പത്മജ തന്തക്ക് പിറക്കാത്തവളണെന്ന് പറഞ്ഞ മാങ്കൂട്ടത്തിന് മറുപടി കൊടുക്കേണ്ട ബാധ്യത കെ.മുരളീധരനുണ്ട്. കെ. കരുണാകരന്റെ വീട്ടില്‍ നിലവിളക്ക് പോലെ തെളിഞ്ഞുനിന്ന കല്യാണിക്കുട്ടിയമ്മയുടെ കയ്യില്‍ നിന്ന് ചോറു വാങ്ങി ഉണ്ണാത്ത ഒരു കോണ്‍ഗ്രസ് നേതാക്കളും കേരളത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല. അമ്മയെപ്പോലെ നോക്കിയ അവരെ മാത്രമല്ല, വിമാനത്താവളത്തില്‍ വരെ പരസ്യമായി കാലില്‍ വീണ് സീറ്റ് നേടിയ നേതാക്കള്‍ കരുണാകരനെയും പിന്നില്‍ നിന്ന് കുത്തി. രാഹുല്‍ മാങ്കൂട്ടത്തെ പോലുള്ള ചെറുപ്പക്കാര്‍ എസ്എഫ്‌ഐക്ക് പഠിക്കരുത്. പറയുന്ന ഭാഷ മാന്യവും സഭ്യവുമാകണം. ആന്റണിയെ മുക്കാലിയില്‍ കെട്ടി അടിക്കണം എന്നുപറഞ്ഞ അന്നത്തെ യുവനേതാവ് പിന്നീട് എം.പി ആയത് കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ആന്റണി ശുപാര്‍ശ ചെയ്തത് കൊണ്ടാണ്. അസഭ്യവും അഹങ്കാരവും പറയുമ്പോള്‍ കയ്യടിക്കാനും പ്രോത്സാഹിപ്പിക്കാനും വരുന്നവര്‍ രാഹുല്‍ മാങ്കൂട്ടത്തലിന് പ്രോത്സാഹനം നല്‍കുകയല്ല, പത്മജയോടുള്ള കലിപ്പ് തീര്‍ക്കുകയാണെന്ന് തിരിച്ചറിയാനുള്ള ബോധമെങ്കിലും ഉണ്ടാകണം. കള്ളവോട്ട് നേടി പ്രസിഡന്റാകുന്നതുപോലെ അത്ര എളുപ്പമല്ല ബിജെപിക്കാരിയായ പത്മജയുടെ അപ്പന് വിളിക്കുന്നത് എന്നകാര്യം തെരുവില്‍ ഇറങ്ങുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മനസ്സിലാകും.