മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍.ബാലഗോപാലും കെട്ടിപ്പൊക്കിയ നുണയുടെ ഒരു ചീട്ടുകൊട്ടാരം കൂടി തകര്‍ന്നടിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഉപദ്രവിക്കുകയാണെന്നും കടമെടുക്കാന്‍ അനുവദിക്കാതെ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നും ഒക്കെ ആയിരുന്നു അവരുടെ ആരോപണങ്ങള്‍. ഈ ആരോപണങ്ങള്‍ മുഴുവന്‍ തെറ്റാണെന്ന് മാത്രമല്ല, കേരളം മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ വാദങ്ങള്‍ മുഴുവന്‍ സുപ്രീം കോടതി തകര്‍ത്തെറിയുകയും ചെയ്തു. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്നും പരിധിയില്ലാതെ കടമെടുക്കാന്‍ അനുവദിക്കണമെന്നുമുള്ള കേരളത്തിന്റെ വാദം പ്രഥമദൃഷ്ടിയില്‍ തന്നെ സുപ്രീം കോടതി തള്ളി. ഒരു സംസ്ഥാനം പരിധിയില്‍ കവിഞ്ഞ് കടമെടുത്താല്‍ പിന്നീടുള്ള വര്‍ഷത്തില്‍ കടമെടുപ്പ് പരിധിയില്‍ കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളം പ്രതിസന്ധിയില്‍ ആയപ്പോള്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ തുക അനുവദിച്ച് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ ഇളവ് വരുത്തിയത് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേരളത്തിന് നീതി ലഭിച്ചു എന്നും പക്ഷേ, ന്യായം പൂര്‍ണമായും കേന്ദ്രത്തിന്റെ ഭാഗത്താണെന്നും സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് അധിക കടമെടുക്കാന്‍ കേരളം അനുമതി തേടിയത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നിര്‍ദ്ദേശിച്ച സുപ്രീം കോടതി ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തുടര്‍ന്നും പരിഗണിച്ചത്. ഇതിനിടെ അനുഭാവപൂര്‍വ്വം പരിഗണിക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് കര്‍ശന ഉപാധികളുടെ അടിസ്ഥാനത്തില്‍ 5000 കോടി രൂപ അധികമായി അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞെങ്കിലും അതിന് കേരളം വഴങ്ങിയില്ല. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ സാധ്യത സുപ്രീംകോടതി ശരിവെച്ചു. 10000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. അധിക വായ്പയെടുക്കാനുള്ള സാഹചര്യം പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞില്ല. കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റിലെയും ധന ഇടപാടുകളിലെയും കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്ന് സുപ്രീംകോടതി വിധിയില്‍ അസന്നിഗ്ദ്ധമായി പറഞ്ഞു. മോശം ധനകാര്യ മാനേജ്‌മെന്റിനെ തുടര്‍ന്നുണ്ടാണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യം പരിഹരിക്കാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് വിധിന്യായത്തില്‍ സുപ്രീംകോടതി വ്യക്തമാക്കി. ഒരു ധനകാര്യ കമ്മീഷന്റെ കാലയളവില്‍ കടപരിധി കൂട്ടി കൂടുതല്‍ കടമെടുത്താല്‍ അടുത്ത ധനകാര്യ കമ്മീഷന്‍ കാലയളവില്‍ കടപരിധിയില്‍ കുറവു വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട് എന്ന വാദം സുപ്രീംകോടതി അംഗീകരിച്ചു.
2016 മുതല്‍ 2020 വരെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എടുത്ത അധിക കടമാണ് കേരളത്തിന് തിരിച്ചടിയായത്. അന്ന് ധനമന്ത്രിയായിരുന്ന ടി.എം.തോമസ് ഐസക്ക് മസാല ബോണ്ടിലൂടെയും കിഫ്ബിയിലൂടെയും പെന്‍ഷന്‍ കമ്പനിയിലൂടെയും ഒക്കെ വന്‍തോതില്‍ പണം കടംമെടുത്തിരുന്നു. 2016 മുതല്‍ 20 വരെയുള്ള കാലയളവില്‍ 14479 കോടി രൂപ കേരളം അധിക കടം എടുത്തിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. 2021 മുതല്‍ വെട്ടിക്കുറച്ചത് 26619 കോടിയുടെ കടത്തിന്റെ പരിധിയായിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിലും കേരള സന്ദര്‍ശന വേളയിലും ഇക്കാര്യങ്ങള്‍ക്ക് വളരെ വ്യക്തമായി മറുപടി പറഞ്ഞിരുന്നതാണ്. കേരളത്തോട് യാതൊരു തരത്തിലുള്ള വിവേചനവും കാട്ടിയിട്ടില്ലെന്നും കേരളത്തിന് അര്‍ഹമായ എല്ലാ പരിഗണനയും നല്‍കിയിട്ടുണ്ടെന്നും രേഖകളും കണക്കുകളും ഉദ്ധരിച്ച് നിര്‍മ്മലാ സീതാരാമന്‍ മറുപടി പറഞ്ഞപ്പോഴും കേന്ദ്രസര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിച്ച് കേരളത്തിലെ ധനമന്ത്രിമാരുടെ പിടിപ്പുകേടിനും കെടുകാര്യസ്ഥതയ്ക്കും മറയിടാനായിരുന്നു കേരളത്തിന്റെ നീക്കം. കോടതിവിധി വന്നതിനുശേഷം ഇക്കാര്യത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടുമില്ല. കിഫ്ബി എടുക്കുന്ന കടം സംസ്ഥാനത്തിന്റെ കടമാണെന്ന് നേരത്തെ തന്നെ കണ്‍ട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയതാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനും കുറ്റം ചാര്‍ത്താനുമായാണ് 140 നിയമസഭാ മണ്ഡലങ്ങളിലും കക്കൂസ് ബസുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്‌കൂളുകളുടെ മതില്‍ പൊളിച്ച് നവകേരള സദസ്സ് സംഘടിപ്പിച്ചത്.
പക്ഷേ ഈ മാസവും സമയത്ത് ശമ്പളം കൊടുക്കാത്ത കേരള സര്‍ക്കാര്‍ പിടിപ്പുകേടിന്റെയും കെടുകാര്യസ്ഥതയുടെയും വിളനിലമായി മാറിയിരിക്കുന്നു എന്നതാണ് സത്യം. കയറുപിരിയില്‍ ഡോക്ടറേറ്റ് നേടിയ തോമസ് ഐസക്ക് വിഡ്ഢിത്തമല്ലാതെ സാമ്പത്തിക വിഷയത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നില്ല. പണത്തിന് ക്ഷാമം വരുമ്പോള്‍ റിസര്‍വ് ബാങ്കിന് നോട്ട് അടിക്കുന്ന പ്രസ്സില്‍ ആവശ്യത്തിന് നോട്ടടിച്ച് വിതരണം ചെയ്താല്‍ പ്രശ്‌നം തീരില്ലേ എന്ന മുല്ലാ നസറുദ്ദീന്‍ മാതൃകയില്‍ ചോദിച്ച പ്രതിഭയാണ് ഐസക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ജന്‍ധന്‍ ബാങ്കും ഡിജിറ്റലൈസേഷനും കൊണ്ടുവന്നപ്പോള്‍ ഇന്ത്യയെപ്പോലെ അസംഘടിത സമൂഹമുള്ള ഒരു നാട്ടില്‍ ഡിജിറ്റല്‍ ഇക്കോണമി സാധ്യമാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇന്ന് കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെ വഴിയോര കച്ചവടക്കാര്‍ മാത്രമല്ല, മത്സ്യം വില്‍ക്കാന്‍ വരുന്ന നിരക്ഷര വനിതകള്‍ പോലും ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗൂഗിള്‍ പേയും ഒക്കെ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നു. ജി-20 സമ്മേളനത്തിന് വന്ന വിദേശ പ്രതിനിധികള്‍ക്ക് മുന്നില്‍ പച്ചക്കറി ചന്തയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോള്‍ പച്ചക്കറി തൂക്കിയ ത്രാസിന്റെ അടിയില്‍ പതിപ്പിച്ചിരുന്ന ഗൂഗിള്‍ പേയിലൂടെ പണം നല്‍കാന്‍ സാധിച്ചത് അത്ഭുതത്തോടെയും ആദരവോടെയുമാണ് വിദേശ പ്രതിനിധികള്‍ കണ്ടത്. ഇത്തരം ഡിജിറ്റലൈസേഷന്‍ തങ്ങളുടെ നാട്ടിലും വേണമെന്ന് ആവശ്യപ്പെട്ട് മറ്റുരാജ്യങ്ങള്‍ സാങ്കേതികവിദ്യക്ക് വേണ്ടി ഭാരതത്തിന് മുന്നിലേക്ക് എത്തുമ്പോള്‍ പരാജയപ്പെട്ടത് തോമസ് ഐസക്കിനെ പോലുള്ള വെളിവില്ലാത്ത സാമ്പത്തിക ശാസ്ത്രജ്ഞന്മാരാണ്. ഇവരാണ് കേരളത്തെ നയിച്ച് കടത്തിലാക്കിയത്. സ്വാതന്ത്ര്യത്തിനുശേഷം ഇന്നുവരെ കേരളത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു സംവിധാനവും ധനകാര്യ മന്ത്രിമാര്‍ ആലോചിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. 1970 വരെ ധനമന്ത്രിമാരായിരുന്നവര്‍ കേരളത്തില്‍ റോഡ് വികസിക്കുകയും വൈദ്യുതി വരികയും വിദ്യാഭ്യാസം ഉണ്ടാവുകയും ചെയ്താല്‍ തൊഴിലവസരങ്ങള്‍ തനിയെ ഉണ്ടാകുമെന്നായിരുന്നു പറഞ്ഞത്. വൈവിധ്യം ഇല്ലാത്ത തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയില്‍ നിന്ന് കേരളം പുറത്തേക്ക് പോവുകയും പരമ്പരാഗത കോഴ്‌സുകള്‍ പഠിക്കുകയും ചെയ്തതോടെ വിദ്യാഭ്യാസരംഗത്തെ മേല്‍ക്കൈയും നൂറു ശതമാനം സാക്ഷരതയും ഉപയോഗശൂന്യമാവുകയും ചെയ്തു.
ആദ്യ മന്ത്രിസഭയുടെ കാലത്ത് കാര്യമായ കടബാധ്യതയില്ലാതിരുന്ന സംസ്ഥാനം ഇന്ന് പിറന്നുവീഴുന്ന കുട്ടിക്ക് പോലും മൂന്നു ലക്ഷത്തിലേറെ രൂപ കടബാധ്യതയുള്ള രീതിയില്‍ നാല് ലക്ഷം കോടിയിലേറെ രൂപയുടെ കടവും പേറി നില്‍ക്കുകയാണ്. എന്നാല്‍ ഈ കടത്തിനനുസരിച്ചുള്ള വികസനമോ വ്യവസായവല്‍ക്കരണമോ കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ? മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച വ്യവസായ സ്ഥാപനം അല്ലാതെ സ്വതന്ത്ര തിരുവിതാംകൂറില്‍ ഉണ്ടായത് ചവറയിലെ കെഎംഎംഎല്‍ മാത്രമാണ്. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് കേരളത്തിന് ആവശ്യമുള്ള ഭക്ഷ്യസാധനങ്ങളുടെ ഏതാണ്ട് 60 ശതമാനവും കേരളത്തില്‍ തന്നെയാണ് ഉത്പാദിപ്പിച്ചിരുന്നത്. അരിയും നെല്ലും ഉണ്ടായിരുന്ന പാടങ്ങള്‍ നികത്തി കരയാക്കി. നെല്‍കൃഷി ആദായകരമല്ലാതായി. ആളുകള്‍ മറ്റു കൃഷികളിലേക്ക് തിരിഞ്ഞു. കേരളത്തിന്റെ പേര് തന്നെ വന്നത് നാളികേരത്തില്‍ നിന്നാണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉല്പാദിപ്പിച്ചിരുന്ന, ഏറ്റവും കൂടുതല്‍ തെങ്ങ് കൃഷിയുണ്ടായിരുന്ന കേരളം, ഇന്ന് ഈ മേഖലയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന ഉല്‍പാദനക്ഷമതയും ശാസ്ത്രീയ കൃഷിരീതികളുമായി തമിഴ്‌നാടും കര്‍ണാടകവും ആന്ധ്രയും തെലുങ്കാനയും ഒക്കെ കേരളത്തെ മറികടന്നു പോയി. കൃഷിയുടെ യന്ത്രവല്‍ക്കരണത്തിനും കൂലി കുറയ്ക്കാനുമുള്ള എല്ലാ പരിശ്രമങ്ങളെയും രാഷ്ട്രീയമായി നേരിട്ട് പരാജയപ്പെടുത്തിയത് കെഎസ്‌കെടിയുവും സിപിഎമ്മുമായിരുന്നു. ഞാറു നടുന്ന യന്ത്രവും കൊയ്ത്ത് യന്ത്രവും മെതിയന്ത്രവും ഒക്കെ തൊഴിലാളി വിരുദ്ധമാണെന്ന് പറഞ്ഞ് പാടത്തിറക്കാന്‍ അനുവദിക്കാതെ സമരം ചെയ്തവര്‍ ഇന്ന് യന്ത്രങ്ങള്‍ക്ക് പിന്നാലെ നടക്കുകയാണ്. പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത സിപിഎം നേതാവും മന്ത്രിയുമായിരുന്ന പിണറായി വിജയന്റെ ലാപ്‌ടോപ്പ് ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തപ്പോഴാണ് സഖാക്കളെ പറ്റിച്ച് നേതാവ് കമ്പ്യൂട്ടര്‍ വാങ്ങിയ കാര്യം നാട്ടുകാര്‍ അറിഞ്ഞത്.
ഇതുതന്നെയായിരുന്നു കയറിന്റെ കാര്യവും. ആധുനികവല്‍ക്കരണം ഇല്ലെങ്കില്‍ കയര്‍വ്യവസായം തകരുമെന്നും തൊണ്ട് തല്ലുന്ന യന്ത്രം സ്ഥാപിച്ചാല്‍ ഒരു മിനിറ്റ് കൊണ്ട് നൂറു തൊണ്ട് തല്ലാന്‍ കഴിയും എന്നും കേന്ദ്ര ആസൂത്രണ കമ്മീഷനാണ് കേരളത്തോട് പറഞ്ഞത്. യന്ത്രവല്‍ക്കരണം കൊണ്ടുവന്ന ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യം നടപ്പാക്കിയാല്‍ വിദേശ വിപണി നഷ്ടപ്പെടില്ല എന്ന കേന്ദ്ര ആസൂത്രണ കമ്മീഷന്റെ വാക്കുകള്‍ കേരളം മുഖവിലയ്‌ക്കെടുത്തില്ല. ഇന്ന് യൂറോപ്യന്‍ വിപണിയില്‍ കേരളത്തിന്റെ ചവിട്ടുമെത്തയും കയറുല്‍പ്പന്നങ്ങളും വിറ്റു പോകുന്നില്ല എന്നുമാത്രമല്ല, ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കിയിരിക്കുന്നു. കയറും കശുവണ്ടിയും കൈത്തറിയും മണ്‍പാത്രനിര്‍മാണവും അടക്കമുള്ള കേരളത്തിന്റെ ചെറുകിട വ്യവസായമേഖല യെ ഇങ്ങനെ വൈവിധ്യവല്‍ക്കരണമില്ലാതെ തകര്‍ത്തതിന്റെ ഉത്തരവാദിത്തം സിപിഎമ്മിനും ഇടതുമുന്നണിക്കും മാത്രമാണ്. ഇന്ന് കേരളം ധനപ്രതിസന്ധിയില്‍ ഉഴലുകയാണ്. ശമ്പളം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ എണ്‍പത് ശതമാനവും ശമ്പളവും പെന്‍ഷനും പലിശയുമായി കൊടുക്കുന്നു. പ്രത്യുല്‍പാദനപരമായ കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ പണമില്ല. അതേസമയം വ്യവസായമേഖല സ്തംഭിച്ചിരിക്കുന്നു. കാര്‍ഷികമേഖലയില്‍ മുരടിപ്പാണ്. തെങ്ങും തേങ്ങയും മാത്രമല്ല കേരളത്തില്‍ മുല്ലപ്പൂവും പൂജാപുഷ്പങ്ങളും വരെ ഇന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. കോഴിയും കോഴിയിറച്ചിയും നാമക്കലില്‍ നിന്ന്. പച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും. അരി ഹരിയാന, പഞ്ചാബ്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്. നെറികെട്ട കൊലപാതക രാഷ്ട്രീയവും അക്രമവും അല്ലാതെ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിന് എന്ത് സംഭാവനയാണ് ചെയ്തിട്ടുള്ളത്? സുപ്രീംകോടതി വിധി വന്നപ്പോള്‍ ആത്മാഭിമാനം അല്‍പ്പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമായിരുന്നു. ധാര്‍മികത പൂര്‍ണ്ണമായും നഷ്ടപ്പെട്ട മാസപ്പടി മുഖ്യമന്ത്രിയുടെ കൂടെയുള്ളവര്‍ക്ക് എന്ത് ആത്മാഭിമാനം!