ദേശീയതലത്തില്‍ നീതിപീഠങ്ങള്‍ സ്വതന്ത്രമാകണ്ടേ? ഇപ്പോള്‍ ഓരോ സംസ്ഥാനത്തെയും ഹൈക്കോടതി ജഡ്ജിമാരില്‍ നിന്ന് സീനിയോറിറ്റി അനുസരിച്ചാണ് സുപ്രീം കോടതിയിലേക്ക് ജഡ്ജിമാര്‍ നിയമിക്കപ്പെടുന്നത്. ഹൈക്കോടതിയിലാകട്ടെ, അഭിഭാഷകരില്‍ നിന്ന് നേരിട്ടും ജില്ലാ ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയുമാണ് നിയമനം. ബാറില്‍ നിന്ന് നേരിട്ട് നിയമിക്കുമ്പോള്‍ പലപ്പോഴും എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ നിറം പലപ്പോഴും പ്രധാനവിഷയമാകാറുണ്ട്. പല വിദ്യാര്‍ത്ഥി സംഘടനകളുടെയും നേതാക്കള്‍ കോളേജ് യൂണിയന്‍ ഭാരവാഹിത്വത്തില്‍ നിന്ന് വക്കീല്‍ പണിയിലേക്കും അഡ്വക്കേറ്റ് ജനറല്‍, അഡീ.അഡ്വക്കേറ്റ് ജനറല്‍, ജഡ്ജി പദവികളിലേക്ക് എത്തുന്നത് കണ്ടിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജിയായിരുന്ന കുര്യന്‍ ജോസഫ് മികച്ച ഉദാഹരണമാണ്. ആളില്ലാ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിലൂടെയാണ് അദ്ദേഹം ആദ്യം അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആയതും പിന്നീട് ജഡ്ജിയായി സുപ്രീംകോടതി വരെ എത്തിയതും. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്ന് ജഡ്ജി പദവിയിലേക്ക് എത്തുമ്പോള്‍ യോഗ്യതയെക്കാള്‍ കൂടുതല്‍ സ്വാധീനമല്ലേ പരിഗണിക്കപ്പെടുക? ഇത് കോടതി നടപടികളിലും കേസ് പരിഗണിക്കുമ്പോഴും പ്രസക്തമല്ലേ?
ഇക്കാര്യം ഇപ്പോള്‍ എന്തുകൊണ്ടാണ് ചിന്തിക്കുന്നത് എന്ന ചോദ്യം ഉയര്‍ന്നേക്കാം. ഇടതുപക്ഷ സഹയാത്രികയും പ്രശസ്ത നര്‍ത്തകിയുമായ നീനാ പ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ഈ ചിന്തയ്ക്ക് ആധാരം. പാലക്കാട് ഗവ. മോയിന്‍ എല്‍.പി സ്‌കൂളില്‍ അവര്‍ നടത്തിയ മോഹിനിയാട്ട കച്ചേരി രാത്രി 8.30 ന് പോലീസ് വന്ന് നിര്‍ത്തിച്ചത്രെ. തൊട്ടടുത്ത് താമസിക്കുന്ന ജില്ലാ ജഡ്ജി കലാം പാഷയ്ക്ക് ശബ്ദശല്യം ഉണ്ടാകുന്നു എന്ന പരാതിയാണ് പരിപാടി നിര്‍ത്താന്‍ കാരണമായതെന്നാണ് നീനാ പ്രസാദ് കുറിക്കുന്നത്. തുടര്‍ന്ന് ഇതിനെക്കുറിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യാപകമായ പ്രതികരണമുണ്ടായി. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡണ്ട് ഷാജി. എന്‍. കരുണും ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലും ഇതിനെതിരെ പ്രസ്താവനയുമായി രംഗത്തുവന്നു. ബ്യൂറോക്രാറ്റുകളെക്കാളും ന്യായാധിപന്മാരേക്കാളും ഉയര്‍ന്ന പരിഗണനയാണ് ഇവിടത്തെ ജനങ്ങള്‍ എന്നും കലാകാരന്മാര്‍ക്ക് നല്‍കിയിരുന്നത് എന്ന കാര്യം പു.ക.സ ഓര്‍മ്മിപ്പിച്ചു. അശോകന്‍ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ കേരളം താലിബാനിസത്തിലേക്ക് കുതിക്കുകയാണെന്ന് ആവര്‍ത്തിച്ചു പറയുന്നു. മുന്‍ ഹൈക്കോടതി ജഡ്ജി കമാല്‍ പാഷയുടെ സഹോദരനാണ് കലാം പാഷയെന്നും കമാല്‍ പാഷയുടെ ശബ്ദത്തില്‍ തന്നെ അടുത്തിടെ വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ടെന്നുമൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണം വന്നു.
നീനാ പ്രസാദിന്റെ കുറിപ്പില്‍ ഇങ്ങനെയാണ് പറഞ്ഞത്: ‘ഇന്നലെ ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരി എന്ന നിലയില്‍ എനിയ്ക്കുണ്ടായി.
പാലക്കാട് മൊയിന്‍ എല്‍.പി സ്‌കൂളില്‍ ഒരു പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയില്‍ ഒരു ഹ്രസ്വ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കാന്‍ ക്ഷണമുണ്ടായി. 8 മണിക്ക് ആരംഭിച്ച കച്ചേരി, രണ്ടാമത്തെ ഇനം അവസാനിപ്പിച്ചപ്പോള്‍ ഇനി തുടര്‍ന്ന് അവതരിപ്പിക്കുവാന്‍ പറ്റില്ല എന്ന് പോലീസ് അറിയിച്ചതായി സംഘാടകര്‍ പരിഭ്രാന്തരായി ഞങ്ങളോട് പറഞ്ഞു. എന്നാല്‍ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട ഇനം തുടര്‍ന്നുള്ള ഒന്നായിരുന്നതിനാല്‍ അത് ചെയ്യാതെ മടങ്ങാന്‍ സാധിക്കുമായിരുന്നില്ല. കേരളത്തിന്റെ പല ഭാഗങ്ങളിലും പുറത്തുമായി ജീവിക്കുന്ന സംഗീത കലാകാരന്മാര്‍ അടങ്ങുന്നതാണ് എന്റെ സംഘം. അവരെ വിളിച്ചുവരുത്തി ദിവസങ്ങളോളം റിഹേഴ്‌സല്‍ നോക്കി, ഇനങ്ങള്‍ കൃത്യമാക്കി വളരെ ആഗ്രഹത്തോടും ആവേശത്തോടും കൂടി പരിപാടിക്ക് തയ്യാറെടുക്കുന്നവരാണ് പ്രൊഫഷണല്‍ നര്‍ത്തകര്‍. ഞങ്ങളോട് ”ശബ്ദം ശല്യമാകുന്നു പരിപാടി ഉടന്‍ നിര്‍ത്തണം” എന്ന് ഡിസ്ട്രിക്ട് ജഡ്ജി (Kalam Pasha, brother of retd Judge Kamal Pasha) കല്‍പ്പിക്കുന്നു എന്നുപറയുമ്പോള്‍, കഥകളിയും ശാസ്ത്രീയനൃത്തവുമെല്ലാം ഗൗരവമായ തൊഴിലായി കൊണ്ടുനടക്കുന്ന സാംസ്‌ക്കാരിക കലാ പ്രവര്‍ത്തകരുടെ നേര്‍ക്കുളള അപമര്യാദയായേ കാണാന്‍ കഴിയൂ.
ഇന്നലെ ഇതിനെ തുടര്‍ന്ന് അവിടെ സന്നിഹിതരായിരുന്ന ആസ്വാദകരെ വേദിയുടെ അരികിലേക്ക് വിളിച്ചിരുത്തി കേവലം ഒരു ഉച്ചഭാഷിണി മാത്രം, ശബ്ദം വളരെ കുറച്ചു വച്ചുകൊണ്ട് നിരാശയും വേദനയും നിയന്ത്രിച്ച് ”സഖ്യം” ചെയ്ത് അവസാനിപ്പിച്ചു. അത്യധികം അപമാനിക്കപ്പെട്ട ഒരു അനുഭവമായിരുന്നു ഇത്. ഞാനടക്കം എല്ലാ കലാകാരന്മാര്‍ക്കും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകുന്നത് ആദ്യമായാണ്.
രാത്രി 9.30 വരെ അനുമതി ലഭിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചിട്ടും, കലാപരിപാടി 8 മണിക്ക് തുടങ്ങി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം നിരന്തരമായി നിറുത്തിവയ്ക്കണമെന്ന് ഡിസ്ട്രിക്റ്റ് ജഡ്ജി കല്‍പ്പിച്ചതായുള്ള അറിയിപ്പ് വളരെ ദുഃഖമുണ്ടാക്കി. ഒരു സ്ത്രീയെന്ന നിലയിലും കലാകാരി എന്ന നിലയിലും എന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് തോന്നുന്നത് കൊണ്ടാണ് ഈ പോസ്റ്റ്.
മറ്റൊന്ന്, കഴിഞ്ഞ 2 വര്‍ഷത്തിലേറെയായി കലാകാരന്മാരുടെ അവസ്ഥ അതീവ ദയനീയമാണ്. ഫുള്‍ടൈം കലാപ്രവര്‍ത്തനത്തിലൂടെ ജീവിതവും കുടുംബവും നടത്തിക്കൊണ്ടു പോകുന്ന അസംഖ്യം കലാകാരന്‍മാര്‍ക്ക് കനത്ത പ്രഹരമാണ് കൊറോണ സൃഷ്ടിച്ചത്. ആത്മഹത്യാ വക്കില്‍ നിന്നാണ് കലാകാരന്‍മാര്‍ മെല്ലെ എഴുന്നേറ്റു നടക്കാന്‍ തുടങ്ങുന്നത്. ശൈലീകൃത, പാരമ്പര്യ കലകള്‍ക്കും സംസ്‌ക്കാരത്തിനും പ്രാമുഖ്യം നല്‍കിയിട്ടുള്ള ഭാരതത്തില്‍ ഇത്രയും വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന കലാപ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഞങ്ങള്‍ മുന്നോട്ടു കൊണ്ടു പോകേണ്ടത്? അതാത് കലകളിലുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഭാരതത്തിന്റെ സാംസ്‌ക്കാരിക വക്താക്കളായി ഞങ്ങള്‍ വിദേശത്ത് അയക്കപ്പെടുന്നത്. എന്നിട്ടും അവസരങ്ങള്‍ ഉള്ളപ്പോള്‍ മാത്രം വേതനം കിട്ടുന്നതാണ് ഒരു ശരാശരി കലാകാരന്റെ ജീവിതം.ഓരോ വേദിയിലും സ്വയം മികവു തെളിയിച്ചാണ് മുന്നോട്ട് പുതിയ അവസരങ്ങള്‍ അവര്‍ ഉണ്ടാക്കിയെടുക്കുന്നത്. ഓരോ വേദിയും കലകളില്‍ അര്‍പ്പിക്കപ്പെട്ടവര്‍ക്ക് അത്ര കണ്ട് പ്രധാനപ്പെട്ടതാണ്.
അവര്‍ ചെയ്യുന്ന തൊഴില്‍ സംരക്ഷിക്കപ്പെടേണ്ടത് നീതിയും നിയമവും ഉള്‍ച്ചേരുന്ന സമൂഹത്തിന്റെ, നിയമപാലകരുടെ കര്‍ത്തവ്യവും കൂടിയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇത്തരം നീതിരഹിതവും അനൗചിത്യപരവുമായ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിച്ചാണോ കലാകാരന്‍മാര്‍ കലാപരിപാടികള്‍ നടത്തേണ്ടത്? അതോ സാംസ്‌കാരിക പ്രവര്‍ത്തനം പോലും ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും വ്യക്തിപരമായ താല്‍പര്യക്കള്‍ക്കും ഇഷ്ടങ്ങള്‍ക്കും കല്‍പനകള്‍ക്കും അനുസരിച്ച് നടത്തിയാല്‍ മതിയെന്നാണോ?
കലാകാരന്റെ ജീവിതവും തൊഴിലിടവും മാന്യമായി കാണാനും ഉള്‍ക്കൊള്ളാനും കഴിയണം. ഇനി അതിനു കഴിഞ്ഞില്ലെങ്കില്‍ ഇത്തരം മുഷ്‌ക്കുകള്‍ കൊണ്ട് പ്രഹരമേല്‍പ്പിക്കുന്നത് തങ്ങളെ കാത്തിരിക്കുന്ന അസംഖ്യം കലാസ്വാദകരുടെ മുന്നില്‍ ആവേശത്തോടെ കലാവിഷ്‌ക്കാരത്തിന് തയ്യാറെടുക്കുന്ന കലാകാരന്മാരുടെ സ്വാഭിമാനത്തെയാണെന്നെങ്കിലും മനസ്സിലാക്കണം.’
രാത്രി എട്ടുമണി മുതല്‍ 9.30 വരെ എല്ലാവിധ അനുമതികളോടും കൂടി നടത്തിയ പരിപാടി നിര്‍ത്തിവെയ്ക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ട കലാം പാഷയുടെ മനോഭാവം പേരുകൊണ്ടു മാത്രം അളക്കാന്‍ ഇല്ല. പക്ഷേ, പുരോഗമന കലാസാഹിത്യ സംഘത്തിനും ഇടതുപക്ഷ സഖാക്കള്‍ക്കും ആദ്യമായി കേരളത്തില്‍ താലിബാനിസം രുചിച്ചു എന്നത് ശുഭോദര്‍ക്കമാണ്. കലാം പാഷ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഒക്കെ നിയന്ത്രണത്തിലുള്ള ഒരു സാധാരണ ജില്ലാ ജഡ്ജി മാത്രമാണ്. അദ്ദേഹം കേരളത്തിന്റെയോ പാലക്കാടിന്റെയോ സുല്‍ത്താനല്ല. തന്റെ മതത്തിന് സംഗീതം ഇഷ്ടമല്ലെന്നു പറഞ്ഞ് മറ്റു മതസ്ഥരും നാട്ടുകാരും പാട്ടും നൃത്തവും ആസ്വദിക്കാന്‍ പാടില്ലെന്ന് ശഠിക്കുന്ന താലിബാനിസം വെച്ചുപൊറുപ്പിക്കാന്‍ പറ്റുന്നതാണോ എന്നകാര്യം ആലോചിക്കണം. ഒരു ജില്ലാ ജഡ്ജി വാക്കാല്‍ പറഞ്ഞാലുടന്‍ എല്ലാ അനുമതിയോടും കൂടി നടത്തുന്ന പരിപാടി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുന്ന കേരളാ പോലീസ്, പോലീസ് പണി നിര്‍ത്തിവെച്ച് മറ്റു വല്ലതും ചെയ്യുന്നതാണ് ഉചിതം. പോലീസ് നിയമമനുസരിച്ച് മാത്രം പ്രവര്‍ത്തിക്കേണ്ടതാണ്. ജില്ലാ ജഡ്ജിയുടെ അനാവശ്യ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്ന ഏത് പോലീസ് യജമാനനും അദ്ദേഹം ഇതിനുപകരം മറ്റെന്തെങ്കിലും പറഞ്ഞാല്‍ ചെയ്യാന്‍ തയ്യാറാകുമോ എന്ന കാര്യം ആലോചിക്കണം.
ഇവിടെയാണ് നേരത്തെ പറഞ്ഞ സ്വതന്ത്ര നിഷ്പക്ഷ സുതാര്യ ജുഡീഷ്യല്‍ സര്‍വ്വീസിന്റെ ആവശ്യം. സിവില്‍ സര്‍വ്വീസ് പോലെ ഒരു സ്വതന്ത്ര ജുഡീഷ്യല്‍ സര്‍വ്വീസ് അനിവാര്യമാണ്. ബന്ധങ്ങളുടെ ശക്തിയില്‍ അല്ലെങ്കില്‍ രാഷ്ട്രീയത്തിന്റെ കാണാച്ചരടുകളിലൂടെ ജഡ്ജി പദവികളില്‍ എത്തുന്നവര്‍ ബാധ്യതയാണ്. നിഷ്പക്ഷവും സ്വതന്ത്രവുമായി വിധിയെഴുതുന്ന എത്രപേരുണ്ട് എന്നകാര്യം ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകുമോ? സുപ്രീംകോടതിയില്‍ പോലും അര്‍ബന്‍ നക്‌സലുകളും ആക്ടിവിസ്റ്റുകളും അപ്പനപ്പൂപ്പന്മാരുടെ ബന്ധത്തിന്റെ ശക്തിയില്‍ ജഡ്ജിമാരായി എത്തിയിട്ടുണ്ട്. രാഷ്ട്ര സുരക്ഷയെ സംബന്ധിച്ച അതീവ രഹസ്യമായ ഫയലുകള്‍ മുദ്രവെച്ച കവറുകളില്‍ രഹസ്യമായി സമര്‍പ്പിക്കുമ്പോള്‍ അങ്ങനെ പ്രത്യേക പരിഗണന വേണ്ട, മുദ്ര വെയ്ക്കാത്ത കവറില്‍ തുറസ്സായി തന്നെ നല്‍കിയാല്‍ മതി എന്ന് ആവശ്യപ്പെടുന്ന ജഡ്ജി വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യം ജെ. എന്‍.യുവില്‍ മുദ്രാവാക്യം വിളിച്ച ‘തുക്കടെ തുക്കടെ ഇന്ത്യ’ എന്ന മുദ്രാവാക്യം വിളിച്ച ഭീകര മനസ്സിന്റേതാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. നീതിപീഠത്തോട് ബഹുമാനമുണ്ട്, ആദരവുണ്ട്, ജഡ്ജിമാരോട് സ്‌നേഹവുമുണ്ട്. പക്ഷേ രാഷ്ട്രസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നവര്‍ മന്ത്രിയായാലും ജഡ്ജിയായാലും അത് അപലപനീയമാണ്. ഈ രാഷ്ട്രം ഇങ്ങനെ തന്നെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളും, രാഷ്ട്രസുരക്ഷയ്ക്ക് എതിരായ ഒന്നിനെയും വെച്ചുപൊറുപ്പിക്കാന്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല.
അതുകൊണ്ടുതന്നെ ഈ ജുഡീഷ്യറി സമ്പ്രദായത്തിന് ഒരു പൊളിച്ചെഴുത്ത് ഉണ്ടായേ മതിയാകൂ. ജില്ലാ കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള നിയമനങ്ങള്‍ക്ക് സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു ജുഡീഷ്യല്‍ സര്‍വ്വീസ് ഉണ്ടാകണം. നീതിപീഠത്തില്‍ ഉണ്ടായിരുന്ന കാലം മുഴുവന്‍ മത തീവ്രവാദത്തിനെതിരെ, സര്‍ക്കാരിനെതിരെ വിധിയെഴുതിയിരുന്ന ഒരു പ്രമുഖ ജഡ്ജി അധികാരത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഭീകരസംഘടനകളുടെ വേദിയിലെത്തിയതും അവരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളും ഇന്ന് പരക്കെ ചര്‍ച്ചാവിഷയമാണ്. ഒരു ബെന്‍സ് കാറിന്റെ ഇടപാട് ഉണ്ടെന്ന ആരോപണവും ശരിയായിരിക്കല്ലേ എന്ന പ്രാര്‍ത്ഥന പലരും നടത്തുമ്പോഴും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ മാറ്റവും ബന്ധപ്പെടുന്ന സംഘടനകളുടെ നിറവും സംശയം പരത്തുകയാണ്. ഇത്തരം ജഡ്ജിമാര്‍ എഴുതുന്ന വിധിന്യായങ്ങള്‍ രണ്ടാമതും മൂന്നാമതും പരിശോധിക്കേണ്ടി വരുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ദുരന്തഫലം. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെപ്പോലെ സുല്‍ത്താന്‍ പാഷ അഭിനയിക്കുമ്പോള്‍ ഇതിന് കാരണമായ വാഴപ്പിണ്ടി പോലീസ് പിണറായിയുടേതാണ് എന്ന കാര്യം മറക്കരുത്. മാത്രമല്ല, രാഷ്ട്രീയത്തിനതീതമായി നീനാ പ്രസാദിനുണ്ടായ ദുരന്തത്തില്‍ കേരളം മുഴുവന്‍ ഒന്നുചേര്‍ന്ന് പിന്തുണയര്‍പ്പിക്കുകയാണ് വേണ്ടത്.
Comments