പ്രകൃതിയെയും ചുറ്റുപാടുകളെയും നിരീക്ഷിച്ചും പഠിച്ചും സ്വജീവിതം മെച്ചപ്പെടുത്താന്‍ തുടങ്ങിയ കാലം മുതലാണല്ലോ ആധുനിക മനുഷ്യന്റെ ആരംഭമായി കണക്കാക്കുന്നത്. ഇതിനു ഏതാണ്ട് പതിനായിരം മുതല്‍ പതിനയ്യായിരം കൊല്ലം വരെയാണ് നരവംശശാസ്ത്രം പഴക്കം നിര്‍ണ്ണയിച്ചിരിക്കുന്നത്. ചക്രവും തീയുടെ ഉപയോഗവും കണ്ടെത്തിയത് മുതലാകണം ഇങ്ങനെ കണക്കാക്കിയിട്ടുള്ളത്. ഈ കാലം മുതല്‍ തന്നെ മനുഷ്യനില്‍ വളര്‍ന്നുവന്ന ഒന്നാണ് വിശ്വാസങ്ങളും. തന്റെ ജീവസന്ധാരണത്തിനു കാരണമായ എന്തിനെയും ആരാധനയോടെ കാണുക എന്ന സംസ്‌കാരം തുടങ്ങുന്നതും അവിടെ നിന്നുതന്നെ. അഗ്‌നിയേയും സൂര്യനേയും കാടിനേയും കടലിനേയും ഭൂമിയേയുമൊക്കെ മനുഷ്യന്‍ ആരാധിച്ചു തുടങ്ങുന്നതും ആ ആരാധന സംസ്‌കാരങ്ങളും നാഗരികതകളുമൊക്കെയായി വളരുന്നതുമൊക്കെ അങ്ങനയാണ്. തുടര്‍ന്നുവന്ന സഹസ്രാബ്ദങ്ങളില്‍ ചിന്തയും ബുദ്ധിയും നിരന്തരമായ മൂര്‍ച്ചപ്പെടുത്തലുകള്‍ക്ക് വിധേയമായപ്പോള്‍ അവ മനുഷ്യപുരോഗതിയുടെ നാഴികക്കല്ലുകള്‍ തന്നെയായി.
ഒരുവശത്തുകൂടി ശാസ്ത്രീയ അറിവുകള്‍ നേടി ജീവിതസാഹചര്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ മറുവശത്തുകൂടി ആത്മീയ അറിവുകളും മനുഷ്യന്‍ നേടിക്കൊണ്ടേയിരുന്നു. ഇത് രണ്ടും നിലനില്‍പ്പിനും ഉന്മൂലനത്തിനും ശത്രുതക്കും ഒക്കെ വളമായി ഉപയോഗിക്കുകയും ചെയ്തു.
അങ്ങനയുള്ള ക്രമാനുഗതമായ വളര്‍ച്ചയില്‍ ചില വ്യക്തികള്‍ വേറിട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അങ്ങനെയാണ് യൂറോപ്പില്‍, അബ്രഹാമില്‍ നിന്നും ആദ്യത്തെ അബ്രഹാമിക് മതമായ യഹൂദമതം അഥവാ ജൂതര്‍ പിറവിയെടുക്കുന്നത്. ആത്യന്തിക ദൈവമായ യഹോവയെയും ബൈബിള്‍ പഴയനിയമത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഹീബ്രൂ ബൈബിളും അല്ലാത്ത ഒന്നിനെയും അവര്‍ അംഗീകരിക്കുന്നില്ല. ഇതാണ് മതമൗലിക വാദം. അത് കുറച്ചുകൂടി വ്യക്തമാക്കാനുണ്ട്. മൗലി എന്നാല്‍ ശിരസ്സ്. മൗലികവാദം എന്നാല്‍, ശിരസ്സിനോളം പ്രധാന്യം കല്‍പ്പിക്കുക. അപ്പോള്‍ മതമൗലിക വാദം എന്നാല്‍, ഏറ്റവും പ്രധാനം മതം തന്നെയാണ്, അതും തങ്ങളുടെ മതമാണ് എന്ന വിശ്വാസം.അത് പ്രയോഗവല്‍ക്കരണത്തിലേക്ക് വരുമ്പോള്‍ വിശ്വാസങ്ങളും മതങ്ങളും തമ്മിലുള്ള ശത്രുതയും ഉന്മൂലനവും ആരംഭിക്കുന്നു. അങ്ങനെയാണ് ജൂതനായി ജനിച്ച്, ജൂതനായി വളര്‍ന്നു വേറിട്ട ചിന്താഗതികളില്‍ക്കൂടി സഞ്ചരിച്ച യേശുക്രിസ്തു ക്രൂരമായി കുരിശിലേറ്റപ്പെട്ടത്. അതില്‍നിന്നുണ്ടായ വൈരമാണ് മറ്റൊരു അബ്രഹാമിക് മതമായ ക്രിസ്തുമതത്തിന് കാരണമായത്. പക്ഷേ അബ്രഹാമിക് മതങ്ങളുടെ സാമ്പ്രദായിക രീതികളില്‍ നിന്നും, പ്രത്യേകിച്ച് അന്യവിശ്വസങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയുടെ കാര്യത്തില്‍ ക്രിസ്തീയ സഭ ഒരു പടി മുന്നിലായിരുന്നു. അങ്ങനെയാണ് ജൂതര്‍ തങ്ങളുടെ പിതൃഭൂമിയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടത്. ഏഴാം നൂറ്റാണ്ടില്‍ വന്ന മറ്റൊരു അബ്രഹാമിക് മതമായ ഇസ്ലാമിന്റെ പ്രവര്‍ത്തനരീതി കുറേക്കൂടി ആക്രാമികമായിരുന്നു. രക്തപ്പുഴകള്‍ തന്നെ ഒഴുക്കിയാണ് അവര്‍ ലോകം മുഴുവന്‍ പടര്‍ന്നത്.
സെമറ്റിക് മതങ്ങള്‍ക്ക് പൊതുവായി ചില രീതികളുണ്ട്. ഒരു സ്ഥാപകന്‍ അല്ലെങ്കില്‍ പ്രവാചകന്‍, ഒരു പുണ്യഗ്രന്ഥം, ദൈവവചനങ്ങള്‍ എന്നതുപോലെ കരുതപ്പെടുന്ന ആഹ്വാനങ്ങള്‍, തങ്ങളുടെ വിശ്വാസങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍, എതിര്‍ക്കുന്നത് ആരായാലും തകര്‍ത്തുകളയുന്ന മാനസികാവസ്ഥ, എന്ത് വിലകൊടുത്തും തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കുക, തങ്ങളുടേതല്ലാത്ത എല്ലാ വിശ്വാസങ്ങളും തെറ്റാണ്, തകര്‍ക്കപ്പെടേണ്ടതാണ് എന്ന ഉറച്ച നിലപാടുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ സെമറ്റിക് മതങ്ങളുടെ നിലപാടുകള്‍ ഏതാണ്ടെല്ലാം തന്നെ പ്രതിലോമകരമാണ്. അതുകൊണ്ടാണ് ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞ ബ്രുണോ ചുട്ടുകൊല്ലപ്പെട്ടത്, ഗലീലിയോ പീഡിപ്പിക്കപ്പെട്ടത്.
ഈ മൂന്നു സെമറ്റിക്, അബ്രഹാമിക് മതങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങളുടെ നൂറ്റാണ്ടുകള്‍ യൂറോപ്പിലും മധ്യേഷ്യയിലും ഇരുണ്ട യുഗം എന്നാണ് അറിയപ്പെടുന്നത് തന്നെ. അതേസമയം ലോകത്തിന്റെ ഇങ്ങേ കോണിലും ആത്മീയതയുടെ വേലിയേറ്റങ്ങള്‍ ഒരുപാട് ഉണ്ടായിക്കോണ്ടേയിരുന്നു. സിന്ധുതീരങ്ങളിലും, ഹിമാലയപ്രാന്തങ്ങളിലും ഉടലെടുത്ത ആത്മീയതയുടെ പ്രകാശം പക്ഷേ അബ്രഹാമിക് മതങ്ങളുടെ പ്രതിലോമ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായി അത്യന്തം ക്രിയാത്മകമായിരുന്നു. ആത്മീയതയും ഭൗതികതയും പരസ്പരപൂരകങ്ങളായി വര്‍ത്തിച്ചപ്പോള്‍, ഭാരതം നല്‍കുന്ന സന്ദേശങ്ങള്‍ ചിരപുരാതനം എന്നതോടൊപ്പം നിത്യനൂതനം കൂടിയായി.
സെമറ്റിക് മതങ്ങളുടെ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടയിലാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ജര്‍മ്മനിയില്‍ കാറല്‍മാര്‍ക്‌സ് എന്ന മറ്റൊരു ജൂതന്‍ ജന്മമെടുക്കുന്നത്.
സഹചാരിയും ശിഷ്യനുമായ എംഗല്‍സുമായി ചേര്‍ന്ന്, പുതിയൊരു സാമ്പത്തിക സാമൂഹ്യ സിദ്ധാന്തം ആവിഷ്‌കരിക്കുമ്പോള്‍ ഒരുപക്ഷേ അവര്‍പോലും ചിന്തിച്ചിരിക്കില്ല ഇത് ആയിരത്തഞ്ഞൂറോളം കൊല്ലം യൂറോപ്പിനെ ഭയാക്രാന്തമായി നിര്‍ത്തിയ സെമറ്റിക് മതങ്ങളുടെ അതേ സ്വഭാവസവിശേഷതകളുള്ള മറ്റൊരു സംസ്‌കാരത്തിനാണ് തങ്ങളീ വഴിമരുന്നിടുന്നത് എന്ന്. വിവിധ സാമൂഹിക അവസ്ഥകളായ, ഫ്യൂഡലിസം, മുതലാളിത്തം, സോഷ്യലിസം തുടങ്ങിയവയിലൂടെ വികസിക്കുന്ന മനുഷ്യരാശി അവസാനം എല്ലാ കെട്ടുപാടുകളും, പോലീസ്, പട്ടാളം, നീതിന്യായവ്യവസ്ഥ എന്നിവയൊന്നുമാവശ്യമില്ലാത്ത ഒരു മാതൃകാ സമൂഹമായി മാറുന്നു. ആ സാമൂഹ്യ അവസ്ഥയാണ് കമ്മ്യൂണിസം. ഓരോ അവസ്ഥയില്‍ നിന്നും പരിണാമം സംഭവിക്കുന്നത് സ്വാഭാവികമല്ല പകരം മനുഷ്യര്‍ ഉണ്ടാക്കുന്നതാണ്. സമൂഹത്തിലെ അടിസ്ഥാനവര്‍ഗ്ഗമായ തൊഴിലാളി വിഭാഗമാണ് ഈ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഈ മാറ്റങ്ങള്‍ സംഭവിക്കേണ്ടത് ഭൗതികമായ വിപ്ലവങ്ങളിലൂടെ ആകണം. സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ സ്വകാര്യസ്വത്ത് ഇല്ല. എല്ലാം പൊതുസ്വത്താണ്. സ്വകാര്യസ്വത്തിന്റെ നിരാകാരം കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ്. ഇത്രയുമാണ് കമ്മ്യൂണിസത്തിന്റെ അടിസ്ഥാനപ്രമാണം എന്നറിയപ്പെടുന്ന ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യുടെ ചുരുക്കം എന്ന് വേണമെങ്കില്‍ പറയാം.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനകാര്യം, പതിനഞ്ച്, പതിനാറു നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ പടര്‍ന്ന പ്രോട്ടസ്റ്റന്റ് ചിന്താഗതിയുമായി ഇതിനുള്ള അസാമാന്യ താദാത്മ്യമാണ്. ലോകത്തിന്റെ അന്ത്യം ആസന്നമാണ്, അന്ത്യത്തില്‍ ക്രിസ്തു വീണ്ടും അവതരിക്കും എന്ന സിദ്ധാന്തം വാശിയോടെ പിന്തുടരുന്ന ഒരു പ്രോട്ടസ്റ്റന്റ് വിഭാഗമാണ് അനബാപ്സ്റ്റിറ്റുകള്‍. 1534 ല്‍ ഇന്നത്തെ ജര്‍മ്മനിയിലെ വിറ്റന്‍ബര്‍ഗ്ഗില്‍, തോമസ്മുന്‍സ്റ്റര്‍ ഈ സിദ്ധാന്തത്തിനു ഇത്തിരി കൂടി മൂര്‍ച്ച കൂട്ടി പ്രചരിപ്പിച്ചു. ക്രിസ്തു വരേണ്ട സമയമായിരിക്കുന്നു, പക്ഷേ വരാത്തത് സമൂഹത്തിന്റെ കുഴപ്പം കൊണ്ടാണ്. അതുകൊണ്ട് ഈ സമൂഹത്തെ മാറ്റിമറിക്കേണ്ടത് ക്രിസ്തുവിന്റെ വരവിനു അത്യാവശ്യമാണ് എന്നതായിരുന്നു അവരുടെ അടിസ്ഥാന ആശയങ്ങള്‍. അങ്ങനെ അതുവരെ തുടര്‍ന്നുവന്ന രീതികളില്‍ നിന്നും കുറച്ചുകൂടി ആക്രാമികമായി അവര്‍ അന്യവിശ്വാസങ്ങളെ തച്ചുതകര്‍ക്കാന്‍ തുടങ്ങി. വിവാഹം, കുടുംബം തുടങ്ങി എല്ലാ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളേയും അവര്‍ തിരസ്‌കരിച്ചു. ഒരാള്‍ക്ക് സ്വന്തം ഭാര്യയില്‍ പോലും അവകാശമില്ല. അതും സമൂഹത്തിന്റെ സ്വത്തായി മാത്രമേ കണക്കാക്കാന്‍ കഴിയൂ. അങ്ങനെയങ്ങനെ ഒരു സമൂഹത്തെ നിലനിര്‍ത്തിപ്പോരുന്ന അടിസ്ഥാന മൂല്യങ്ങളെയെല്ലാം തിരസ്‌കരിച്ച ഈ പൈശാചിക സിദ്ധാന്തം കാലങ്ങളോളം യൂറോപ്പിനെ അടക്കിവാണു.
സ്വകാര്യസ്വത്ത്, വിവാഹം, ബഹുഭാര്യാത്വം, ബഹുഭര്‍തൃത്വം തുടങ്ങി ആത്യന്തിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സമൂഹഘടനയെത്തന്നെ മാറ്റിമറിക്കാനുള്ള എല്ലാ കാര്യങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ രൂപീകരണ വേളയില്‍ മാര്‍ക്‌സിനു പ്രചോദനമായത് തോമസ് മുന്‍സ്റ്ററില്‍ നിന്നാണ് എന്ന് തന്നെ ഉറപ്പിച്ചു പറയാന്‍ സാധിക്കും. ചരിത്രവും വസ്തുതകളും പറയുന്നതും അത് തന്നെ.
ഭാരതത്തില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആരംഭകാലത്ത്, പാര്‍ട്ടി കമ്മ്യൂണുകളില്‍ നടക്കുന്ന ഗ്രൂപ്പ് സെക്‌സും ഇണകളെ കൈമാറുന്നതും പോലുള്ള അനാശാസ്യ പ്രവണതകളെ ചോദ്യം ചെയ്ത് മഹാത്മാഗാന്ധി അന്നത്തെ പാര്‍ട്ടി സെക്രട്ടറി പി.സി ജോഷിക്ക് എഴുതിയ കത്തുകള്‍ ഇന്നും ലഭ്യമാണ്. അതില്‍ ഒന്നിന് പോലും അദ്ദേഹം മറുപടി കൊടുത്തിട്ടില്ല.
അപ്പോള്‍ പറഞ്ഞുവന്നത്, ലോകത്തെവിടെയായാലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളത് ആക്രാമികമായ സെമിറ്റിക് മതങ്ങളുടെ സ്വഭാവമാണ്. അവര്‍ക്ക് കരുത്തുണ്ടായിരുന്ന സ്ഥലങ്ങളിലൊക്കെ അവര്‍ നടപ്പാക്കിയതും അതേ രീതികള്‍ തന്നയാണ്. ആചാര്യന്‍, പ്രമാണഗ്രന്ഥം, വിശ്വാസങ്ങള്‍, വ്യത്യസ്തനിലപാടുകളോടുള്ള അസഹിഷ്ണുത, ശത്രുക്കളെ ഉന്മൂലനം ചെയ്യല്‍, തങ്ങളാണ് ആത്യന്തിക സത്യമെന്ന വിശ്വാസവും പ്രചാരണവും അത് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും. അങ്ങനെ ഏതാണ്ടെല്ലാം തന്നെ.
ഏറ്റവും കൗതുകരമായ കാര്യം, കമ്മ്യൂണിസ്റ്റ് സിദ്ധാന്തമനുസരിച്ച് ഫ്യൂഡലിസം, ക്യാപ്പിറ്റലിസം, സോഷ്യലിസം എന്നിവയിലൂടെയാണല്ലോ സമൂഹം വളരേണ്ടത്. പക്ഷേ കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ സംഭവിച്ച രാജ്യങ്ങളൊന്നും തന്നെ ഈ സിദ്ധാന്തമനുസരിച്ചല്ല വന്നത്. റഷ്യയായാലും, ചൈനയായാലും, കിഴക്കന്‍ യൂറോപ്പായാലും ഒക്കെ ഫ്യൂഡല്‍ വ്യവസ്ഥ നിലനിന്നപ്പോഴാണ് ഇവര്‍ സോഷ്യലിസമെന്നു വിളിക്കുന്ന കമ്മ്യൂണിസ്റ്റ് ഏകാധിപത്യങ്ങളിലേക്ക് എടുത്തെറിയപ്പെട്ടത്. എന്നാല്‍ മുതലാളിത്തം കൊടികുത്തിവാണ, പടിഞ്ഞാറന്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലോന്നും വസന്തത്തിന്റെ ഇടിമുഴക്കം പ്രകമ്പനം കൊണ്ടില്ല. അവിടെത്തന്നെ ഈ സിദ്ധാന്തം പരാജയപ്പെട്ടു.
ഇവിടെ, സെമറ്റിക് മതങ്ങള്‍ക്ക് സംഭവിച്ച അപചയം കൂടി ചര്‍ച്ചയ്ക്ക് വിഷയമാക്കേണ്ടതുണ്ട്. നവോത്ഥാനത്തിനും വ്യാവസായിക വിപ്ലവത്തിനും ശേഷം യൂറോപ്പില്‍ ക്രിസ്തുമതം വന്‍ വെല്ലുവിളിയാണ് നേരിട്ടത്. ആത്മീയതയുടെ പിന്‍ബലമില്ലാതെ വന്‍ സാമ്പത്തിക താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇന്ന് ക്രിസ്ത്യന്‍ സഭ കരുത്തുകാട്ടി നില്‍ക്കുന്നത്. യൂറോപ്പിലാകമാനം പള്ളികളില്‍ ആളില്ലാതായിക്കഴിഞ്ഞിട്ടു പതിറ്റാണ്ടുകളായി. ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഭാരതം, തെക്കേ അമേരിക്കയിലെ വികസ്വരരാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് സഭക്ക് നേരിട്ട് സ്വാധീനമുള്ളത്. വികസിത രാജ്യങ്ങളായ ജര്‍മനി, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ സമൂഹങ്ങളില്‍ സഭക്ക് പുല്ലു വില പോലുമില്ല. ഈസ്റ്റ് ഇന്ത്യ കമ്പനി ഭാരതത്തില്‍ ആധിപത്യം തുടങ്ങിയ കാലത്ത് പോലും ബ്രിട്ടീഷ് ഭരണകൂടം സഭയെ ഉപയോഗിച്ചത് തങ്ങളുടെ സാമ്പത്തിക, വ്യാപാര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമായിരുന്നു. അല്ലാതെ തങ്ങളുടെ ഭരണത്തിന്റെ ഏഴയലത്ത് അവര്‍ സഭയെ അടുപ്പിച്ചിട്ടില്ല.
സഭയില്‍നിന്നും വ്യത്യസ്തമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേരിട്ട് ഭരണകൂടം നിയന്ത്രിച്ചിരുന്നു. തങ്ങളുടെ എല്ലാ ഏകാധിപത്യ സ്വഭാവവും പൊതുജനങ്ങളില്‍ അവര്‍ നേരിട്ട് അടിച്ചേല്‍പ്പിച്ചതുകൊണ്ടാണ് ഒന്നര നൂറ്റാണ്ടിനുള്ളില്‍ കമ്മ്യൂണിസം നിലംപൊത്തിയത്. വൈമനസ്യത്തോടെയെങ്കിലും നവോത്ഥാനം സൃഷ്ടിച്ച വന്‍ സാമൂഹ്യ അവബോധങ്ങളെ ഒരു പരിധിവരെയെങ്കിലും ഉള്‍ക്കൊള്ളാന്‍ സഭ ശ്രദ്ധിച്ചിരുന്നു. അവര്‍ നേരിട്ടുള്ള ഭരണത്തില്‍ നിന്നും ഒഴിഞ്ഞുനിന്ന് ഭരണങ്ങളെ സ്വാധീനിക്കാന്‍ ആണ് ശ്രമിച്ചത്. അതുകൊണ്ടാണ് ഒരു വന്‍ തകര്‍ച്ചയില്‍ നിന്നും അവര്‍ രക്ഷപ്പെട്ടത്. ഇസ്ലാമിക നേതൃത്വം നേരിട്ട് ഭരിക്കുന്ന ഇടങ്ങളില്‍ എണ്ണപ്പണത്തിന്റെ കൊഴുപ്പില്ലാത്ത രാജ്യങ്ങളൊക്കെ പരാജയപ്പെട്ടു. പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ലിബിയ, ഉഗാണ്ട എന്നിവയൊക്കെ ഉദാഹരണങ്ങള്‍. പക്ഷേ വന്‍ സാമ്പത്തിക ശേഷിയും, പ്രകൃതി വിഭവങ്ങളുമൊക്കെ ഉണ്ടായിരുന്ന സോവിയറ്റ് യൂണിയന്‍ പോലും തകര്‍ന്നടിഞ്ഞു എന്നിടത്താണ്, ഇസ്ലാമിനെക്കാളും, ക്രിസ്ത്യന്‍ സഭയേക്കാളുമൊക്കെ വലിയ സെമറ്റിക് ചിന്താഗതിയും ആക്രാമിക സ്വഭാവവും വെച്ചുപുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ലോകത്തിനു എത്ര വലിയ ഭീഷണിയാണ് എന്ന് മനസ്സിലാകുന്നത്.
വംശനാശഭീഷണിയില്‍ സ്വയംനാശത്തിനു തയ്യാറെടുത്തു നില്‍ക്കുന്ന ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചെയ്തികളും നടപ്പുരീതികളും വെറുതേ ഒന്ന് നിരീക്ഷിച്ചാല്‍ തന്നെ മനസ്സിലാകുന്ന കാര്യങ്ങളാണ് ഇതെല്ലാം. അസഹിഷ്ണുത, തങ്ങളുടെതല്ലാത്തതിനോടെല്ലാം ശത്രുത, ഭീരുത്വം, അമിതമായ സ്വത്വബോധം, അതില്‍ നിന്നുണ്ടാകുന്ന കപടമായ ആദര്‍ശവാദം. അങ്ങനെയങ്ങനെ സെമറ്റിക് ചിന്താഗതികള്‍ പിന്തുടര്‍ന്ന മധ്യകാല ഭീകരതകളെല്ലാം സര്‍വ്വനാശത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുമ്പോഴും ഇവിടുത്തെ കമ്മ്യൂണിസ്റ്റുകള്‍ ഉപേക്ഷിച്ചിട്ടില്ല. സ്റ്റാലിനെയും ചെഗുവരയെയും കിം ജോങ്ങ് ഉന്നിനെയും ആരാധിക്കുന്ന ഒരു വിഭാഗം ഈ ഭൂമിക്ക് മുകളില്‍ ഉണ്ടെങ്കില്‍ ഇവിടെ മാത്രമാണ്. ഇവരുടെ ഫ്‌ളക്‌സുകളും ബഹുവര്‍ണ്ണ പോസ്റ്ററുകളും ഉയരുന്ന ഒരേയൊരു മണ്ണ് കേരളം മാത്രമാണ്. അവര്‍ക്കവരെ ഉപേക്ഷിക്കാന്‍ ആവില്ലല്ലോ. ക്രിസ്ത്യാനിക്ക് ക്രിസ്തു പോലെ, മുസ്ലീമിന് നബിയെന്നപോലെ കമ്മ്യൂണിസ്റ്റ് മതത്തിന് അവരുടെ മതബിംബങ്ങള്‍ അത്രയേറെ പ്രിയപ്പെട്ടതാണ്
മനുഷ്യചരിത്രത്തില്‍ ഇന്നുവരെ കൊല്ലപ്പെട്ടിട്ടുള്ള ജനങ്ങളില്‍ മഹാഭൂരിപക്ഷവും ഏതെങ്കിലും വിശ്വാസങ്ങളുടെ പേരിലാണ്. ഏതാണ്ട് നൂറ്റിയിരുപത് കോടി ജനങ്ങള്‍ ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഏകദേശ കണക്ക്. ഇതില്‍ ആയിരം വര്‍ഷങ്ങളോളം നീണ്ട കുരിശുയുദ്ധങ്ങള്‍, ഇസ്ലാമിക് അധിനിവേശങ്ങള്‍ എല്ലാം പെടും. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ക്ക് ശേഷമുള്ള കണക്കെടുത്താല്‍, ഇരുപതാം നൂറ്റാണ്ടില്‍ മാത്രം ലോകത്ത് ഉന്മൂലനം ചെയ്യപ്പെട്ട ജനങ്ങളില്‍ ഭൂരിപക്ഷവും കമ്മ്യൂണിസം കൊന്നൊടുക്കിയതാണ്. അതെ, ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയ ജൂതരെക്കാളധികം സാധാരണക്കാരെ കൊന്നുതള്ളിയത് സ്റ്റാലിനും പോള്‍പോട്ടുമൊക്കയാണ്. ഭാരതത്തില്‍ത്തന്നെ ഏറ്റവുമധികം ജനങ്ങള്‍ ഭീകരവാദ അക്രമങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത് നക്‌സലൈറ്റുകളും മാവോവാദികള്‍ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ഭീകരരാലും ആണ്.
കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്ന ചൈനയില്‍ അവര്‍ കമ്മ്യൂണിസത്തിന്റെ അടിസ്ഥാനശിലകള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ലോകത്തില്‍ ഏറ്റവുമധികം ശതകോടീശ്വരന്മാര്‍ ഇന്ന് ചൈനയിലാണ്. എഴുപതുകളുടെ അവസാനത്തോടെ ചൈന അമേരിക്കന്‍ സാമ്രാജ്യത്വത്തിന് തങ്ങളുടെ വാതിലുകള്‍ തുറന്നിട്ട് കൊടുത്തു. അതോടെ, സ്വകാര്യസ്വത്ത്, ആഗോളവല്‍ക്കരണം തുടങ്ങിയ പ്രഖ്യാപിത കമ്മ്യൂണിസ്റ്റ് ശത്രുക്കള്‍ ചൈനയില്‍ ആധിപത്യം സ്ഥാപിച്ചു. ഇപ്പോള്‍ കമ്മ്യൂണിസത്തിന്റെതായി ചൈനയില്‍ അവശേഷിക്കുന്നത് അവരുടെ ഏകാധിപത്യവും ഭീരുത്വവും രക്തദാഹവും മാത്രമാണ്. ക്രിസ്ത്യന്‍ സഭ ചെയ്തത് പോലെ ഒരു പരിധിവരെയെങ്കിലും കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് തങ്ങളുടെ അടിസ്ഥാനപ്രമാണങ്ങള്‍ തന്നെ കയ്യൊഴിഞ്ഞത് കൊണ്ടാണ് ചൈനയിലെങ്കിലും പേരിന് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്.
എന്തായാലും, ഭാരതമിന്ന് ഏറെ കാത്തിരുന്ന ഒരു യുഗപ്പിറവിയിലൂടെ കടന്നുപോവുകയാണ്. സൂര്യന്‍ ഉദിക്കുമ്പോള്‍ ഇരുട്ടിന്റെ ശക്തികള്‍ക്ക് കളമൊഴിയാതെ തരമില്ലല്ലോ. ഒരു വശത്തുകൂടി ലോകഗുരു എന്ന സ്ഥാനം രാജ്യം അരക്കിട്ടുറപ്പിക്കുമ്പോള്‍ മറുവശത്ത് കമ്മ്യൂണിസമെന്ന സെമിറ്റിക് ഭീകരത ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കുള്ള യാത്രയുടെ അവസാന പാദത്തിലാണ് എന്നത് മനുഷ്യരാശിക്ക് നല്‍കുന്ന പ്രത്യാശ വളരെ വലുതാണ്.
Reference
1. History of Communist movement in Kerala- Dr.E.Balakrishnan
2. The only fatherland- Arun Shourie
3. S.Gurumurthy- Speech on Life after Marx and Market
4. End of a Scientific Utopia- S V Sesha Giri Rao