വീണ്ടും ഒരു വിഷു;
സമ്പല്‍ സമൃദ്ധിയുടെ സന്ദേശവുമായി മേടം ഒന്നിനു മലയാളിയുടെ പുതുവര്‍ഷം പിറക്കുന്നു.
കാലഗണനയുടെ ചക്രവാളത്തില്‍ യുഗാന്തരങ്ങള്‍ക്കോ മന്വന്തരങ്ങള്‍ക്കോ അപ്പുറമായിരിക്കും ഈ കൃഷിയുത്സവത്തിന്റെ നേരറിവ്.
ആദി മനുഷ്യന്‍ കൃഷിയാരംഭിച്ച ആ പഴയകാലം. പ്രകൃതിയുമായി ജീവിതത്തെ വിളക്കിച്ചേര്‍ത്ത ആദി സംരംഭമാവാം വിഷു.
വിതയ്ക്കുകയും കൊയ്യുകയും ചെയ്തിരുന്ന നല്ലൊരു കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മപ്പെടുത്തലും സമാരംഭവുമാണ് വിഷു ഉത്സവം.
വിഷു സമാഗമനമറിയിച്ചുകൊണ്ട് പ്രകൃതിയെ പീതാംബരമണിയിച്ചു കണിക്കൊന്നയെത്തുന്നു. വിഷുക്കാലത്ത് കൊന്നമരങ്ങളെല്ലാം പൂത്തുലഞ്ഞു നില്‍ക്കുന്നു.
വിഷുഫലം നന്നായാല്‍ തുടര്‍ന്നുള്ള ദിവസങ്ങളും മാസങ്ങളും നന്നാകുമെന്നു പൂര്‍വ്വികര്‍ നമ്മോടുപദേശിക്കുന്നു.
വസന്താഗമനത്തിന്റെ സന്ദേശമായി കണിക്കൊന്നയും കോടിമുണ്ടിന്റെ നൈര്‍മല്യവും വിഷുസദ്യയും കാര്‍ഷിക സംസ്‌കൃതിയുടെ ഉണര്‍ത്തു പാട്ടായി വിഷു മലയാളിയുടെ മനസ്സില്‍ ആഹ്ലാദത്തിന്റെ തിരകളുയര്‍ത്തുന്നു.
മേടം ഒന്ന്…. സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്കു പാദമൂന്നുന്ന വിഷുവിനു തൊട്ടുള്ള ദിവസം വിഷുസംക്രാന്തി എന്ന് അറിയപ്പെടുന്നു.
ദക്ഷിണായനം കഴിഞ്ഞ് സൂര്യന്‍ ഭൂമദ്ധ്യ രേഖക്കു നേരെ വന്ന്; ഉത്തരായനം തുടങ്ങുന്ന കാലമാണ് വിഷു. സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്കു കടക്കുന്ന ദിവസം. ഈ ദിവസം ഭാരതത്തില്‍ പല ഭാഗങ്ങളിലായി പലവിധ ആചാരങ്ങളോടുകൂടിയ ആഘോഷങ്ങള്‍ നടന്നു വരുന്നുണ്ട്.
പുതുവര്‍ഷത്തിലെ വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുഫലവും ഗ്രാമീണ മനസ്സുകളില്‍ നന്മനിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു ഭാവിയെക്കുറിച്ച് പ്രതീക്ഷയുണര്‍ത്തുന്നു. പ്രകൃതിയും മനുഷ്യനുമായുള്ള അഭേദ്യബന്ധം. കര്‍ഷകനും ഭൂമിയുമായുള്ളബന്ധം. ഈ ആഘോഷം പഴയഗോത്ര സംസ്‌കൃതിയുടെ ഒരു പരിച്‌ഛേദമാണെന്നു വിശേഷിപ്പിക്കാം.
ചൈത്രമാസപ്പിറവിയില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ ആഘോഷദിനത്തിന്റെ മറ്റൊരു പ്രത്യേകത രാത്രിക്കും പകലിനും തുല്യദൈര്‍ഘ്യമാണ് എന്നതാണ്. മകരക്കൊയ്ത്തുകഴിഞ്ഞു വരുന്ന ആഘോഷമായതിനാല്‍ വിളവെടുപ്പുത്സവമായും പുതുവിളയിറക്കലിന്റെ ഒരുക്കമായും മലയാളി ആഘോഷിക്കുന്നു. വിഷു കഴിഞ്ഞാല്‍ മുഹൂര്‍ത്തം നോക്കി പാടത്തു നെല്‍വിത്തിറക്കുന്ന ചടങ്ങ് ഇപ്പോഴും ചിലയിടങ്ങളിലുണ്ട്.
നമ്മുടെ പൈതൃകത്തിന്റെ തിരുശേഷിപ്പായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും കാലത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോവാതെ ഇതുപോലുള്ള ആഘോഷങ്ങളിലൂടെ ഉത്സവങ്ങളിലൂടെ തലമുറ കൈമാറി സൂക്ഷിച്ചുവരുന്നു. കാര്‍ഷിക സംസ്‌കാരം വേരോടിയ കേരളത്തില്‍ കൂട്ടുകുടുംബജീവിതവും ജന്മികുടിയാന്‍ വ്യവസ്ഥയും കൃഷിയോടു ബന്ധപ്പെട്ടുതന്നെയായിരുന്നു. കേരളം കൃഷിപ്പണിയോട് വിമുഖത കാട്ടുകയാണെങ്കിലും വിഷുപ്പുലരിയിലെ വിഷുപ്പക്ഷി നമ്മെ ഉണര്‍ത്താന്‍ ഉറക്കെപാടും ”വിത്തും കൈക്കോട്ടും.” ഈ ഉണര്‍ത്തുപാട്ട് ഒരു ഗ്രാമീണ സൗഭാഗ്യത്തിന്റെ നീക്കിയിരിപ്പാണ്.
ഭാരതീയ ജ്യോതിശാസ്ത്ര പ്രകാരം സൂര്യന്‍ മേടം രാശിയിലെത്തുന്നതു സംബന്ധിച്ചുള്ള ആഘോഷമാണ് വിഷു.
സൂര്യനും ഭൂമിയുമാണ് വിഷുവിന്റെ അധിദേവനും ദേവതയും. കൈനീട്ടം കൊടുക്കലും കണികാണലുമാണ് വിഷുവിന്റെ പ്രധാനചടങ്ങ്.
”പൊന്നില്‍ കുളിച്ചവ നില്‍ക്കുകയാണൊരു
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ….”
കൊന്നപ്പൂവാണ് കണി വസ്തുക്കളില്‍ മുഖ്യം. ശ്രീകൃഷ്ണഭഗവാന്റെ കാലില്‍ കെട്ടിയിരുന്ന സ്വര്‍ണ കിങ്ങിണിയാണ് കണിക്കൊന്നയായത് എന്നാണ് വിശ്വാസം.
ക്ഷേത്രങ്ങളിലും വീടുകളിലും കണിയൊരുക്കുന്നു. വിഷു സംക്രമരാത്രിയില്‍ തന്നെയാണ് കണിയൊരുക്കുന്നത്. കൃഷ്ണവിഗ്രഹം, വിളക്ക്, ഓട്ടുരുളി, വാല്‍ക്കണ്ണാടി, ജലംനിറച്ച വാല്‍ക്കിണ്ടി, കൊന്നപ്പൂ, നാണയം, ഉണക്കലരി, തളികയില്‍ പുതുവസ്ത്രം, ഗ്രന്ഥക്കെട്ട്, തേങ്ങ, പച്ച മാങ്ങാക്കുല, വെള്ളരിക്ക എന്നിവയും ചന്ദനം, കുങ്കുമം, ചന്ദനത്തിരി എന്നിവയും കണിയൊരുക്കത്തിലുള്‍പ്പെടും. ചൊട്ട കുത്തി മനോഹരമാക്കിയ കഞ്ഞിക്കലത്തില്‍ മധുരം കിനിയുന്ന കാരയപ്പവും ഉണ്ണിയപ്പവും നെയ്യപ്പവും അമ്മമാര്‍ ഒരുക്കിവെക്കുകയും കണികാണുവാന്‍ വരുന്നവര്‍ക്കു കൈനീട്ടമായി നാണയവും അപ്പവും പലഹാരങ്ങളും നല്‍കുകയും ചെയ്യുന്നു.
”വെള്ളിപോല്‍ വിളങ്ങുന്നോരോട്ടുരുളിയും കണി-
വെള്ളരിക്കയും തേങ്ങാമുറികള്‍ തിരികളും
കൊന്നയും പൊന്നും ചാര്‍ത്തിച്ചിരിക്കും മഹാലക്ഷ്മി
തന്നുടെ കണ്ണാടിയും ഞൊറിഞ്ഞ കരമുണ്ടും
അരി കുങ്കുമചെപ്പും ഐശ്വര്യമഹാറാണി-
ക്കരങ്ങു ചമയ്ക്കുവാന്‍ അമ്മയ്ക്കുവശം പണ്ടെ”
വൈലോപ്പിള്ളിയുടെ ഈ വരികളില്‍ മലയാളിയുടെ വിഷുക്കണിയെപ്പറ്റി മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു.
പുലര്‍ച്ചെ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ മിഴിതുറന്നു മിഴിനിറയെ കാണുന്ന കണി ഒരു വര്‍ഷത്തിന്റെ ഐശ്വര്യമായ കര്‍മ്മങ്ങള്‍ക്കു വഴിതുറക്കുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നു. വിഷുദിവസങ്ങളിലെ വെടി, പടക്കങ്ങളുടെ ശബ്ദഘോഷങ്ങളും ക്ഷേത്രങ്ങളിലെ പ്രാര്‍ത്ഥനാഗീതങ്ങളും ആഘോഷത്തിനു മാറ്റുകൂട്ടുന്നു. ഗൃഹനാഥന്‍ ചെറുമക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രമാണിമാര്‍ ആശ്രിതര്‍ക്കും വെള്ളി നാണയം, ധാന്യങ്ങള്‍, ഫലങ്ങള്‍, കോടി വസ്ത്രം എന്നിവ ഈ ദിനത്തില്‍ സമ്മാനിക്കുന്നു. നക്ഷത്രങ്ങളെ ആധാരമാക്കി പൊതുവായ ഗുണദോഷങ്ങളെ ഗണിച്ചൊരുക്കി വിഷുഫലം എഴുത്തോലയില്‍ രേഖപ്പെടുത്തി പണ്ടുകാലം വീടുകളിലെത്തിക്കുമായിരുന്നു.
ഈ വിഷുഫലത്തില്‍ നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും സംഭവിക്കാവുന്ന ഗുണദോഷകാര്യങ്ങള്‍ പ്രതിപാദിക്കാറുണ്ട്. അധികാരികളുടെ സ്ഥാനഭ്രംശവും അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങളും യുദ്ധഭീഷണിയും സ്‌ഫോടനങ്ങളും പ്രകൃതിക്ഷോഭവും ജീവാപായങ്ങളും വിഷുഫലത്തില്‍ സൂചിപ്പിക്കാറുണ്ട്.
ദുരിതപൂര്‍ണ്ണമായ ഒരു വര്‍ത്തമാനകാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. നാട്ടു സംസ്‌കൃതിയുടെ ഗ്രാമനന്മയുടെ തുടിപ്പുകള്‍ ചോര്‍ന്നുപോകാതെ നാം പൈതൃകത്തെ കാത്തുസൂക്ഷിക്കുകയാണ്.
സ്വന്തം സാംസ്‌കാരിക സ്വത്വത്തിന്റെ അടിവേരുകളാണ് ഇത്തരം ആഘോഷങ്ങള്‍. ഒരോ ആഘോഷവും അനുഷ്ഠാനവും നന്മയുടെയും പ്രതീക്ഷയുടെയും സമൂഹവത്കൃതമായ പ്രകടനങ്ങളാണ്.
”കാലമിനിയുമുരുളും വിഷുവരും വര്‍ഷം വരും; അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം”
കക്കാടിന്റെ ഈ വരികള്‍ നമുക്കോര്‍ത്തുവെക്കാം.
ആസുരമായ ഈ കാലത്ത് അനന്തമായ കാലപ്രവാഹത്തില്‍ ഇവയൊക്കെ എത്രനാള്‍ നമുക്കു ചേര്‍ത്തുവെക്കാനാവും!