ലോകം ഇന്ന് ഭാരതത്തെ ഉറ്റുനോക്കുന്നു. ഒരു രാഷ്ട്രം എന്ന നിലക്ക് ഒരു സമൂഹത്തിന്റെ വളര്‍ച്ച വിലയിരുത്താന്‍ കാര്‍ഷികം, വ്യാവസായികം, സാമ്പത്തികം, രാജനൈതികം, എന്നിങ്ങനെ ആളോഹരി സന്തോഷസൂചിക (Happiness Index) വരെയുള്ള നിരവധി വളര്‍ച്ചാസൂചകങ്ങളുടെ (Growth Indices) സംയോജിതപഠനം കൂടിയേ തീരൂ. ഇന്ന് ഭാരതത്തെ കുറിച്ച് അത്തരം പഠനങ്ങള്‍ വ്യക്തമാക്കുന്നത് ഒരേ സമയം ബഹുമുഖമായ വികാസം ഇവിടെ സംഭവിക്കുന്നു എന്നതാണ്. ഉല്‍പ്പാദന-സാമ്പത്തികരംഗങ്ങളിലും മറ്റുമുള്ള ആശാവഹമായ പുരോഗതിയോടൊപ്പം തന്നെ ആഗോളരാജനൈതികതലത്തില്‍ കരുത്തുറ്റ കരുനീക്കങ്ങള്‍ നടത്താനുള്ള കെല്‍പ്പും നാം അനുദിനം ആര്‍ജ്ജിക്കുന്നതായി കാണാന്‍ കഴിയും. ലോകനേതൃത്വത്തിന്റെ കടിഞ്ഞാണ്‍ തന്നെ നമ്മുടെ കൈകളിലേക്ക് സ്വാഭാവികമായി വന്നുകൊണ്ടിരിക്കുന്നു.
ഇതേ സമയം മറ്റൊരു തലത്തിലും മാനവരാശി നമ്മെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ലോകത്തിന്റെ അതിജീവനത്തിനുള്ള ഉപായം ഓതുവാന്‍ ഭാരതത്തിനു മാത്രമേ കഴിയൂ എന്ന സത്യം മുമ്പെന്നത്തേക്കാളും ലോകത്തിനു ബോധ്യം വന്നിരിക്കുന്നു. പ്രാപഞ്ചികതലത്തിലെ ഒന്നിനൊന്നു വ്യത്യസ്തങ്ങളായ ശരീരമനോബുദ്ധിഘടനകളോടും അതിന് അനുസൃതങ്ങളായ ജീവിതക്രമങ്ങളോടും കൂടിയ ജൈവസമൂഹത്തിന്റെ ആത്യന്തികമായ ജീവിതലക്ഷ്യം സംതൃപ്തജീവിതം ആണെന്നു കാണാം. ആവാസവ്യവസ്ഥയെ യുക്തിബദ്ധമായി വിലയിരുത്താനും മാറ്റിമറിക്കാനും മറ്റേതൊരു ജീവിയേക്കാളും കെല്‍പ്പാര്‍ന്ന മാനവന്‍ ഈ ആത്യന്തികലക്ഷ്യത്തെ നേടാനുള്ള ഉപായങ്ങളെ തിരയുകയും അതിന്റെ ഫലമായി ഇതിനകം ചെറുതും വലുതുമായ നിരവധി ജീവിതവീക്ഷണ- പദ്ധതികള്‍ കണ്ടെത്തി ആവിഷ്‌കരിക്കുകയും ചെയ്തു.
അവയില്‍ ഏഴെണ്ണം ആണ് മനുഷ്യസമൂഹങ്ങളെ ഏറ്റവും കൂടുതല്‍ ഇളക്കിമറിച്ചത്. അബ്രഹാമികമതങ്ങള്‍ മൂന്നും കാപ്പിറ്റലിസം, സോഷ്യലിസം, കമ്മ്യൂണിസം, സയന്റിഫിക്ക് മെറ്റീരിയലിസം എന്ന നാല് ഇസങ്ങളും ആണവ. ഇവ മനുഷ്യരാശിക്കു സമ്മാനിച്ചത് ക്രൂസേഡുകളും ജിഹാദുകളും രണ്ടു ലോകമഹായുദ്ധങ്ങളും ശീതയുദ്ധവും ജീവിതത്തിന്റെ തന്നെ അടിത്തറ ഇളക്കുന്ന അനിയന്ത്രിതമായ ആസക്തികളും ആണല്ലോ. ഇവയ്‌ക്കൊന്നും തന്നെ അതിസങ്കീര്‍ണ്ണമായ മനുഷ്യജീവിതത്തെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല അവ ജീവിതസംതൃപ്തി തരുന്നതില്‍ സമ്പൂര്‍ണ്ണപരാജയങ്ങളാണെന്നും, ഭാരതീയജീവിതവീക്ഷണ- പദ്ധതികള്‍ക്കു മാത്രമേ ഇനി ലോകത്തെ സര്‍വനാശത്തില്‍ നിന്നുപോലും രക്ഷിക്കാന്‍ കഴിയൂ എന്നും ഉള്ള തിരിച്ചറിവ് മാനവരാശിയെ നമ്മിലേക്കു തിരിഞ്ഞുനോക്കാന്‍ മുമ്പെന്നത്തേക്കാളും ഇന്ന് പ്രേരിപ്പിക്കുന്നു.
പഠനത്തിന്റെ രീതിശാസ്ത്രം
കാലികമായും ദേശീയമായും അന്തര്‍ദ്ദേശീയമായും പ്രസക്തമായ ഈ ഭാരതീയജീവിതവീക്ഷണ പദ്ധതികളെ അവയുടെ സമഗ്രതയില്‍ പഠിച്ചു വിലയിരുത്താനുള്ള പരിശ്രമം കാര്യമായി നടന്നിട്ടില്ല എന്നതാണു വാസ്തവം. വൈദികം, വേദാന്തം, ബൗദ്ധം, ജൈനം തുടങ്ങിയ ഏതദ്ദേശീയമായ നിരവധി വീക്ഷണപദ്ധതികളില്‍ ഏതെങ്കിലും ഒന്നിനെ, മിക്കപ്പോഴും വേദത്തേയോ വേദാന്തത്തേയോ മാത്രം, പ്രമാണമായി കരുതി പാശ്ചാത്യപഠനമാതൃകയില്‍ തയ്യാറാക്കപ്പെട്ട ചില അവതരണങ്ങള്‍ മാത്രമേ ഈ മേഖലയിലെ പഠന-പാഠനസാഹിത്യങ്ങളില്‍ നമുക്ക് ഇന്നു കാണാന്‍ കഴിയൂ. ലക്ഷ്യപരമായും ഘടനാപരമായും ജീവിതക്രമപരമായും നിരവധി സവിശേഷതകളെ ഉള്‍ക്കൊള്ളുന്നതും ഭാരതത്തിലെ വനവാസി മുതല്‍ വൈദികവും അവൈദികവും ആയ എല്ലാ തരം ജീവിതസമ്പ്രദായങ്ങളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതും ആയ ഈ പൊതു ഹിന്ദുജീവിതമാതൃകയെക്കുറിച്ച് വിശദമായ പഠനങ്ങള്‍ക്കും സാധനയിലൂടെ സ്ഥാപിക്കേണ്ട സാധൂകരണത്തിനും ഒരു മുന്നോടി എന്ന നിലക്കാണ് ഈ ലേഖനം. ഈ ജീവിതമാതൃകയുടെ ഉരുത്തിരിയല്‍പ്രക്രിയയുടെ ചരിത്രപരവും സമൂഹപരവും സിദ്ധാന്തപരവും പ്രയോഗപരവും ഘടനാപരവും മറ്റും ആയ പല വശങ്ങളേയും ഇവിടെ ചര്‍ച്ച ചെയ്യാം എന്നു കരുതുന്നു.
ഈ മാതൃകയുടെ പഠനത്തിനു മുതിരുന്നവര്‍ മനസ്സില്‍ വെക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഒരു പ്രധാനകാര്യം യുക്തിഭദ്രവും അതേ സമയം അനുഭവങ്ങളില്‍ ഊന്നുന്നതുമായ സംവാദത്തിലൂടെ, അതും സഹസ്രാബ്ദങ്ങള്‍ നീണ്ടുനിന്ന സംവാദങ്ങളിലൂടെ, അതായത് തികച്ചും ശാസ്ത്രീയമായ വഴിയിലൂടെ, ഉരുത്തിരിഞ്ഞതാണ് ഈ ജീവിതമാതൃക എന്നതാണ്. വ്യക്തിഗതങ്ങളായ കേവലതോന്നലുകളോ അനിഷേധ്യങ്ങളായ, അപൗരുഷേയങ്ങളായ ചില വചനങ്ങളോ ഏതെങ്കിലും ഒരു സിദ്ധാന്തമോ അല്ല ഇതിനടിസ്ഥാനം. പരീക്ഷണനിരീക്ഷണങ്ങളിലൂടെ ജിജ്ഞാസുവായ ആര്‍ക്കും ഇതിന്റെ തെറ്റും ശരിയും ഏതു കാലത്തും പരിശോധിക്കുവാന്‍ കഴിയുന്നതുമാണ്. ഇതിനു പകരം വെക്കാന്‍, ഇതിനോടു താരതമ്യം ചെയ്യാന്‍, കഴിയുന്ന മറ്റൊരു മാതൃക ഇതരമനുഷ്യസമൂഹങ്ങളിലൊന്നും തന്നെ നമുക്കു കാണാന്‍ കഴിയില്ല.
ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള പരീക്ഷണനിരീക്ഷണങ്ങളേയും പരസ്പരചര്‍ച്ചകളേയും ശാസ്ത്രശുദ്ധമാക്കാന്‍ ഉതകുന്ന ഒരു തത്വാന്വേഷണപദ്ധതിയും ഭാരതീയദാര്‍ശനികര്‍ ഇവിടെ വികസിപ്പിച്ചെടുത്തിരുന്നു. ഭാഷാശാസ്ത്രത്തേയും യുക്തിശാസ്ത്രത്തേയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ അപൂര്‍വ്വചിന്താപദ്ധതി പില്‍ക്കാലത്തെ പാശ്ചാത്യയുക്തിചിന്താരീതിയേക്കാള്‍ പലതരത്തിലും മെച്ചപ്പെട്ടതാണ് എന്ന് ഇന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതച്ഛേദനം, കൈക്കുളങ്ങര രാമവാര്യരുടെ തര്‍ക്കശാസ്ത്രം തുടങ്ങിയ മലയാള ഗ്രന്ഥങ്ങളില്‍ ആശയസമര്‍ത്ഥനത്തിനായി ഈ ചിന്താപദ്ധതിയെ പ്രയോഗിച്ചിരിക്കുന്നതു കാണാം. ബ്രജേന്ദ്രനാഥ് സീല്‍ എഴുതിയ ദ പോസിറ്റീവ് സയന്‍സസ്സ് ഓഫ് ദ ഏന്‍ഷ്യന്റ് ഹിന്ദൂസ് (1916) എന്ന ഇംഗ്‌ളീഷ് പുസ്തകത്തില്‍ ഈ ചിന്താപദ്ധതിയെ വിവരിക്കുന്നുണ്ട്. ഭാരതീയത എന്ന സ്വത്വത്തെ നിര്‍മ്മിച്ചെടുത്ത നമ്മുടെ പൂര്‍വികരുടെ കാലടികള്‍ വേണ്ടവണ്ണം പിന്തുടരണമെങ്കില്‍ നാം ഈ ചിന്താപദ്ധതിയെ സ്വാംശീകരിച്ചേ മതിയാകൂ. ഇതിഹാസപുരാണങ്ങള്‍, കാവ്യനാടകാദികള്‍, പഞ്ചതന്ത്രാദി കഥാസാഹിത്യങ്ങള്‍ തുടങ്ങിയവ പോലും ഈ പദ്ധതിപ്രകാരം ആണ് എഴുതപ്പെട്ടിരിക്കുന്നത്. പ്രാകൃതം, സംസ്‌കൃതം, പാലി, അര്‍ദ്ധമാഗധി മുതലായ ഭാരതീയഭാഷകളുടെ പരിചയത്തോടൊപ്പം വൈദികവും അവൈദികവും ആയ ദര്‍ശനങ്ങളുടെ സാരഗ്രഹണവും ഹൈന്ദവമാതൃകയുടെ പഠിതാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഇതാണ് മറ്റൊരു കാര്യം.
അതുപോലെ നാം ശ്രദ്ധിക്കേണ്ട വേറൊരു കാര്യം ആണ് ഭാരതീയത എന്ന പൊതുസ്വത്വത്തിന്റെ ഈറ്റില്ലമായ ഈ ഹിന്ദുസമൂഹത്തിന്റെ പഴക്കവും തുടര്‍ച്ചയും അതിന്റെ ഘടകങ്ങളായ സമുദായങ്ങളുടെ വൈവിധ്യവും. ഈ ഭൂഗോളത്തിലെ കിഴക്കന്‍ വടക്കന്‍ അര്‍ദ്ധഗോളങ്ങളിലായി(E-(Eastern hemisphere/ Northern hemisphere) സ്ഥിതിചെയ്യുന്ന യുറേഷ്യ(Eurasia)യിലെ ഏഷ്യാ ഭൂഖണ്ഡത്തിന്റെ (Continent) തെക്കന്‍ ഭാഗത്തെ വിശാല ഇന്ത്യയുടെ (Greater India) കേന്ദ്രബിന്ദുവായി ഹിമാലയത്തിനും അലയാഴിക്കും മധ്യത്തിലായി സ്ഥിതി ചെയ്യുന്നതും ഇന്ത്യന്‍ ഉപഭൂഖണ്ഡം (Indian subcontinent) എന്നു പറഞ്ഞുവരുന്നതും ഹിന്ദുസ്ഥാനം എന്നു പില്‍ക്കാലത്തു വിശ്വവിശ്രുതമായതും ആയ വിസ്തൃതപ്രദേശത്ത് പല ഇടങ്ങളിലായി ഏതാണ്ട് പ്രാചീനശിലായുഗകാലം മുതല്‍ക്കേ കുടിപാര്‍ത്തുവന്ന ജനതതി ഒരൊറ്റ സമൂഹമായി ഉരുത്തിരിഞ്ഞതിന്റെയും അന്നു മുതല്‍ ഇന്നുവരെയും സുദൃഢമായി നിലനിന്നതിന്റെയും പിന്നിലുള്ള സമാനതകള്‍ നിരത്താന്‍ കഴിയാത്ത സാമൂഹ്യചലനതന്ത്രത്തെയും (സോഷ്യല്‍ ഡയനമിക്‌സ്) ഹൈന്ദവതയുടെ വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കേണ്ടതാണ്.
വ്യക്തികളെ പഠിക്കുന്നതു പോലെ തന്നെ ആണ് വ്യക്തികളുടെ പല തരത്തിലും പല തലത്തിലുമുള്ള കൂട്ടായ്മകള്‍ ആയ കുടുംബം, സമുദായം, സമൂഹം തുടങ്ങിയവയേയും പഠിക്കേണ്ടത്. മനശ്ശാസ്ത്രം (സൈക്കോളജി), ന്യൂറോബയോളജി തുടങ്ങിയ ശാസ്ത്രമേഖലകളിലെ കണ്ടെത്തലുകള്‍, വ്യക്തിപഠനത്തിന് അവലംബിച്ചു പോന്നിരുന്ന പാശ്ചാത്യയാഥാസ്ഥിതികസമീപനങ്ങള്‍ അപര്യാപ്തങ്ങള്‍ ആണ്, ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്, എന്ന തിരിച്ചറിവ് പണ്ഡിതന്മാരില്‍ ഉളവാക്കിയിട്ടുണ്ട്. അതേ തിരിച്ചറിവ് സാമൂഹ്യശാസ്ത്രം (സോഷ്യോളജി), ചരിത്രം (ഹിസ്റ്ററി) എന്നീ മേഖലകളിലും ഇന്നു കാണാം. വ്യക്തി എന്നത് കേവലം ഭൗതികസത്ത അല്ല ബുദ്ധി, മനസ്സ് തുടങ്ങിയ പല സൂക്ഷ്മതലങ്ങള്‍ അടങ്ങുന്ന ഒരു സങ്കീര്‍ണ്ണസത്ത ആണ് എന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതേപോലെ സമൂഹവും യാന്ത്രികമായ ഒരു ഭൗതികസത്ത മാത്രം അല്ല ഒരു പൊതുബോധവും ഒരു പൊതുമൂല്യബോധവും അതിനെ എല്ലാം ചൂഴ്ന്നു നില്‍ക്കുന്ന അനുബന്ധസങ്കീര്‍ണ്ണതകളും ചേര്‍ന്ന ഒരു ജൈവസത്ത ആണെന്നും ഉള്ള കാഴ്ച്ചപ്പാട് പ്രബലമായി വരുന്നതു കാണാം. എല്ലാം പരസ്പരബന്ധിതങ്ങളാണ് എല്ലാറ്റിനും ഒരു പൊതു അടിത്തറ ഉണ്ട് എന്ന തത്വത്തിലൂന്നുന്ന സങ്കീര്‍ണ്ണതാശാസ്ത്രം (കോംപ്‌ളക്‌സിറ്റി സയന്‍സ്), നോബല്‍ അംഗീകാരം ലഭിച്ച ബിഹേവിയൊറല്‍ എക്കണോമിക്‌സ് എന്നിവ പോലുള്ള ആശയങ്ങള്‍ ലോകം ഇന്നും മാനദണ്ഡമായി കരുതുന്ന പാശ്ചാത്യയാഥാസ്ഥിതികസമീപനങ്ങളില്‍ ഉളവായിക്കൊണ്ടിരിക്കുന്നതും പ്രാചീനഭാരതീയനിലപാടുകളോട് കൂടുതല്‍ ചായ്‌വ് പുലര്‍ത്തുന്നതുമായ ഈ അടിസ്ഥാനമാറ്റത്തിന് (Paradigm shift) തെളിവുകളാണ്.
ഡോ. എന്‍.എം. നമ്പൂതിരി തന്റെ ‘കേരളസംസ്‌കാരം അകവും പുറവും’ എന്ന പുസ്തകത്തില്‍ പറയുന്നത് ‘മനുഷ്യന്റെ ചരിക്കലാണ് ചരിത്രം…ചരിക്കലില്‍ എല്ലാ മാനുഷികവ്യാപാരങ്ങളുമടങ്ങും. അതിനാല്‍ പഠനം ബഹുവിജ്ഞാനപരവും അന്തര്‍വിജ്ഞാനപരവുമായേ പറ്റൂ’ എന്നാണ്. അതിനാല്‍ കേവലം ഋജുരേഖീയങ്ങളും (ലീനിയര്‍) സൈദ്ധാന്തികകാല്‍പനികതകളില്‍ ഊന്നുന്നതും ആയ പാശ്ചാത്യ, കമ്മ്യൂണിസ്റ്റ് സമീപനങ്ങളെ ഒഴിവാക്കി ഇത്തരം പുത്തന്‍പ്രവണതകളെയും പുരാവസ്തുശാസ്ത്രം (ആര്‍ക്കിയോളജി), സമൂഹശാസ്ത്രം (സോഷ്യോളജി) തുടങ്ങിയവയിലെ കണ്ടെത്തലുകളേയും അതോടൊപ്പം പ്രാചീനഭാരതീയനിലപാടുകളേയും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു രീതിശാസ്ത്രത്തെ (മെത്തഡോളജി) ആണ് ഭാരതീയമാതൃകയെ വിവരിക്കുന്ന ഈ പഠനത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അതുപോലെ വിഷയവിന്യാസത്തിനായി അനുവര്‍ത്തിക്കുന്നത് സിദ്ധാന്തത്തിന്റെ അവതരണം, പൂര്‍വപക്ഷനിരാകരണം, സിദ്ധാന്തസ്ഥാപനം എന്ന ഭാരതീയമായ ക്രമം ആണ്.
ബാഹ്യവൈവിധ്യങ്ങള്‍ ഉടലെടുത്തതെങ്ങിനെ?
ആഹാരം, ആചാരം, അനുഷ്ഠാനം, ഭാഷാ, ഭൂഷാ, വേഷം മുതലായവയിലെ അനന്തവൈവിധ്യങ്ങള്‍ ആണ് ഭാരതീയസമൂഹത്തിന്റെ ബാഹ്യഭാവം. ഏകരൂപതയാണ് ഏകതയ്ക്കു നിദാനം (Unity is uniformity) എന്നു കരുതിപ്പോന്ന പാശ്ചാത്യപണ്ഡിതര്‍, അതിനാല്‍, ഹിന്ദുക്കള്‍ ഒരു സമൂഹം അല്ല എന്നു പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തെ ന്യായീകരിക്കാന്‍ ആന്ത്രോപോമെറ്റ്രിയുടെയും മറ്റും സഹായത്തോടെ പല വിചിത്രവിശദീകരണങ്ങളും നടത്തി. വിരുദ്ധങ്ങളുടെ സംഘട്ടനം ആണ് ജീവിതത്തിന്റെ ചാലകശക്തി എന്നു കരുതുന്ന ഇടതുപണ്ഡിതന്മാരാവട്ടെ ഈ ബാഹ്യവൈവിധ്യങ്ങളെ വൈരുധ്യങ്ങളായി ദുര്‍വ്യാഖ്യാനം ചെയ്ത് ചരിത്രരചന നടത്തി.
ഈ ബാഹ്യവൈവിധ്യങ്ങള്‍ക്കു കാരണമായി ആധുനികപഠനങ്ങള്‍ പ്രധാനമായും വിരല്‍ചൂണ്ടുന്നത് ഹിന്ദുസമൂഹത്തിലെ വിവിധസമുദായങ്ങള്‍ തലമുറകളായി കഴിഞ്ഞുപോന്ന ആവാസവ്യവസ്ഥകളുടെ വൈവിധ്യത്തിലേക്കാണ്. ഭാരതത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പ്രദേശം തോറും വളരെയേറെ വിഭിന്നമാണല്ലോ. Plate Tectonics എന്ന ആധുനിക ശാസ്ത്രം ഭൂഖണ്ഡങ്ങളുടെ ചലനത്തെ കുറിച്ച് പറയുന്നു. അതനുസരിച്ച് കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയുടെ തെക്കുകിഴക്കന്‍ ഭാഗത്തു നിന്നും രണ്ടു ഭൂഖണ്ഡങ്ങള്‍ അടര്‍ന്നു മാറി. അതിലൊന്ന് സമുദ്രത്തിലൂടെ നേരെ കിഴക്കോട്ട് ഒഴുകി ഒരിടത്ത് ഉറച്ചു. അതാണത്രേ ആസ്‌ട്രേലിയ. മറ്റേ ഖണ്ഡം വടക്ക് കിഴക്കോട്ടു നീങ്ങി ക്രമേണ ഏഷ്യയുടെ തെക്കു ഭാഗത്ത് ചെന്നിടിച്ചു. ആ ഇടിയുടെ ആഘാതത്തില്‍ അവിടെ ഒരു പര്‍വതം ഉയര്‍ന്നു വന്നു. അതാണത്രേ നമ്മുടെ ഹിമാലയം! ഈ ഹിമാലയം നിമിത്തം ആണ് മണ്‍സൂണ്‍ പ്രതിഭാസം ഉടലെടുത്തത് (Sanjeev Sanyal, The Incredible History of India’s Geography).
നമ്മെ നാമാക്കിയതില്‍ ഈ ഹിന്ദുഭൂമി ഒരുക്കിയ സവിശേഷസാഹചര്യം പ്രധാനഘടകമാണ്. ഈ ഭൂമിയുടെ ഭൗതികഘടന തന്നെ സവിശേഷമാണ്. ആര്‍.സി.മജുംദാര്‍ എഴുതിയThe History and Culture of the Indian People (11 volumes) എന്ന വിഖ്യാതമായ പുസ്തകത്തില്‍ ഈ സവിശേഷതയെ വര്‍ണ്ണിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് രാധാകുമുദ് മുക്കര്‍ജിയുടെ വിവരണവും ശ്രദ്ധേയമാണ്- ”തെക്കു- വടക്കായി രണ്ടായിരത്തിലധികം മൈലുകളും കിഴക്കു- പടിഞ്ഞാറായി ആയിരത്തിത്തൊള്ളായിരത്തിലധികം മൈലുകളും അഖണ്ഡമായി വ്യാപിച്ചു കിടക്കുന്ന ഒറ്റ ഭൂപ്രദേശമാണ് ഭാരതം. യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ ഏതാണ്ടു മൂന്നില്‍ രണ്ടു വിസ്തൃതി ഇതിനുണ്ട്. ഗ്രെയിറ്റ് ബ്രിട്ടന്റെ പതിനാലിരട്ടിയും മുഴുവന്‍ ബ്രിട്ടീഷ്ദ്വീപുകളുടെയും പത്തിരട്ടിയില്‍ കൂടുതലും ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയേക്കാള്‍ ആറിരട്ടിയും വലുപ്പം ഇതിനുണ്ട്. കേവലം ഭൂപരമായ ഈ ബാഹുല്യം തന്നെ അനിതരമായ വൈവിധ്യങ്ങളുടെ നാടാക്കി മാറ്റുവാന്‍, ‘ഈ ലോകത്തിന്റെ തന്നെ ഒരു സൂക്ഷ്മമാതൃക’ ആക്കാന്‍, പര്യാപ്തമായ ഭൗതികസാഹചര്യങ്ങളെ സ്വാഭാവികമായി സന്നിവേശിപ്പിച്ചിരിക്കുന്നു. പ്രാഥമികമായിത്തന്നെ, നിരവധി അക്ഷാംശങ്ങളുടെയും(Latitude) സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരങ്ങളുടെയും (Altitude) നാടാണിത്. ഹിമാലയത്തിലെ നിത്യഹിമവാഹിനികളുടെ ശുഷ്‌കവും തുളച്ചുകയറുന്നതുമായ തണുപ്പു മുതല്‍ കൊങ്കണ്‍-കന്യാകുമാരീ തീരപ്രദേശത്തെ ഈര്‍പ്പം നിറഞ്ഞ ഉഷ്ണമേഖലാച്ചൂടു വരെയുള്ള താപാന്തരാളം ഇവിടെ അനുഭവപ്പെടുന്നു. ഇവിടുത്തെ ഭൗമോപരിതലം സമുദ്രനിരപ്പു തൊട്ട് സസ്യജാലങ്ങളുടെ തലവും കഴിഞ്ഞ് മഴ, കാറ്റ്, മേഘമാലകള്‍ എന്നിവയേയും അതിക്രമിച്ച് ചിരന്തന സൂര്യപ്രകാശത്തില്‍ വിലയം പ്രാപിക്കുന്നു. അത്യുഷ്ണം അതിശൈത്യം എന്നിവയും അവയുടെ ഇടക്കുള്ള എല്ലാതരം താപഭേദങ്ങളും ഒരുവശത്ത് വായുവിന്റെ അതിശുഷ്‌കാവസ്ഥ മുതല്‍ അതീവ ആര്‍ദ്രത വരെ മറുവശത്ത് എന്നിങ്ങനെ കാലാവസ്ഥയുടെ എല്ലാതരം ഭേദങ്ങളും ഇവിടെ കാണാം. ചിറാപ്പൂഞ്ജിലെ നാനൂറ്റി അറുപത്തേഴിഞ്ചു തൊട്ട് അപ്പര്‍സിന്ധിലെ മൂന്നില്‍ താഴെ ഇഞ്ചു വരെയാണ് ഇവിടുത്തെ മഴയുടെ തോത്. അക്ഷാംശങ്ങളുടെയും സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരങ്ങളുടെയും അതുപോലെ താപം(Temperature), ആര്‍ദ്രത (Humidity) എന്നിവയുടെയും അത്ഭുതകരമായ ഈ വൈവിധ്യം ഇവിടുത്തെ സസ്യ-ജന്തുജാലങ്ങളിലും അതിനനുസൃതമായ വൈവിധ്യത്തെ സൃഷ്ടിക്കുന്നു. കാലാവസ്ഥാ (Climate) മേഖലകളുടെ (Zone) തരംതിരിവുകളാണ് സസ്യ (botanical ജന്തു (zoological) മേഖലകളുടെ തരംതിരിവിനും അടിസ്ഥാനമാകുന്നത്. അതിനാല്‍, സര്‍ ജെ.ഡി. ഹൂക്കര്‍ പറഞ്ഞതുപോലെ ഭൂഗോളത്തെ മൊത്തം പരിഗണിച്ചില്ലെങ്കിലും കിഴക്കന്‍ അര്‍ദ്ധഗോളത്തിലെ തുല്യവിസ്തൃതി ഉള്ള ഏതു രാജ്യത്തിലുള്ളതിനേക്കാളും വളരെ അധികമാണ് ഭാരതത്തിലെ സസ്യ (Floea) വൈവിധ്യം. ജന്തു (Fauna) സമ്പത്തിനെ പരിഗണിക്കുമ്പോള്‍ മിസ്റ്റര്‍ ബ്ലാന്‍ഡ് ഫോര്‍ഡ് സാക്ഷ്യപ്പെടുത്തുന്നതു മതിയാകും- ‘ബ്രിട്ടീഷ് ഇന്ത്യയില്‍ ജന്തുജീവിതം സമൃദ്ധമാണെന്നു മാത്രമല്ല; ശ്രദ്ധേയമായ തരത്തില്‍ വൈവിധ്യമാര്‍ന്നതുമാണ്. ഇന്ത്യയിലും അനുബന്ധദേശങ്ങളിലുമായി വസിക്കുന്ന ജന്തുക്കളുടെ തരംതിരിവുകള്‍ വളരെയാണ്. ഉദാഹരണത്തിന്, ഇന്ത്യന്‍ സാമ്രാജ്യത്തേക്കാള്‍ ഒന്നര മടങ്ങു മാത്രം കൂടുതല്‍ വ്യാപ്തിയുള്ള മുഴുവന്‍ യൂറോപ്പിലേയും ജന്തുജാതികളേക്കാള്‍ അതു (Species) വളരെ കൂടുതലാണ്.’ സസ്യ-ജന്തുജാലങ്ങളിലെ ഈ അനിതരസാധാരണമായ സമൃദ്ധി തത്തുല്യമായ സസ്യ-ജന്തൂല്‍ഭവങ്ങളായ ഉല്‍പന്നസമൃദ്ധിയേയും തീര്‍ച്ചയായും സൂചിപ്പിക്കുന്നു. അത് ലോകത്തെ ചുരുക്കം ചില രാജ്യങ്ങള്‍ക്കു മാത്രം കരഗതമായ സാമ്പത്തിക സ്വയംപര്യാപ്തതയില്‍ അവര്‍ക്കൊപ്പത്തിനൊപ്പം നില്‍ക്കാന്‍ അവളെ പ്രാപ്തയാക്കുന്നു. മിസ്റ്റ.ലില്ലി പറഞ്ഞതുപോലെ മനുഷ്യര്‍ക്കു വേണ്ട എല്ലാ ഉല്‍പന്നങ്ങളും ഇവിടുണ്ട്…” (The Fundamental Unity of India).
കാലാവസ്ഥ, ഭൂപ്രകൃതി എന്നിവയാല്‍ മേല്‍വിവരിച്ച തരത്തില്‍ അനന്തവൈവിധ്യമാര്‍ന്നതാണ് ഈ ഭൂമി എന്ന യാഥാര്‍ത്ഥ്യബോധത്തോടൊപ്പം ആസേതുഹിമാചലം അത് ഒരു ഏകകം (Unit) കൂടി ആണ് എന്ന ബോധവും നിരീക്ഷിക്കുന്ന ആളുകളുടെ ഉള്ളില്‍, ഈ ഹിന്ദുഭൂമി ഉണര്‍ത്തുന്നതായും കാണാം. ഇന്ത്യ എന്ന ഭൗമ ഏകകത്തേയും അതിന്റെ ഭൗതികവൈവിധ്യത്തേയും കുറിച്ച് ആധുനികപുരാവസ്തുശാസ്ത്ര (Archaeology) വിദഗ്ധന്റെ ദൃഷ്ടിയില്‍ ഉള്ള വിലയിരുത്തല്‍ ദിലീപ്. കെ ചക്രവര്‍ത്തി(India An Archaeological History Palaeolithic Beginnings to Early Historic Foundations) നല്‍കുന്നുണ്ട്. ഇതിനെക്കുറിച്ച് രാധാകുമുദ് മുക്കര്‍ജി ഉദ്ധരിക്കുന്ന പാശ്ചാത്യപണ്ഡിതന്മാരുടെ നിഗമനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ”പര്‍വതങ്ങളാലും സമുദ്രത്താലും ചുറ്റപ്പെട്ട ഇന്ത്യ ഒരൊറ്റ ഏകകമാണ്. ആ നിലക്ക് ഒറ്റ പേരുകൊണ്ട് അറിയപ്പെടാന്‍ നിര്‍വിവാദം യോഗ്യമാണ് (Vincent A. Smith). . ബര്‍മ്മ ഒഴിച്ചുള്ള ഇന്ത്യയെപ്പോലെ പ്രകൃതിയാല്‍ ഇത്ര വ്യക്തമായി അതിരു തിരിക്കപ്പെട്ട ഒരു പ്രദേശം ലോകത്തു മറ്റെങ്ങുമില്ല. ഭൗതികസ്വഭാവം കൊണ്ടും കാലാവസ്ഥ കൊണ്ടും ഈ പ്രദേശം വൈരുധ്യം നിറഞ്ഞതു തന്നെ – എങ്കിലും ചുറ്റുവട്ടത്തെ ഭൂപ്രദേശങ്ങളില്‍ നിന്നും ഇതിനെ പൂര്‍ണ്ണമായും ഒന്ന് എന്ന നിലക്ക് വേര്‍തിരിക്കുന്ന സവിശേഷതകള്‍ കണ്ടില്ലെന്നു നടിക്കാന്‍ പറ്റാത്ത വിധം വ്യക്തമാണ്(Chisholm, an eminent geographer of- that time).” വിദേശികളുടെ ഉള്ളില്‍പ്പോലും ഇത്തരത്തില്‍ വൈവിധ്യാന്തര്‍ഗത ഏകാത്മതയുടെ ബോധം ഈ ഭൂമി ഉളവാക്കുന്നുവെങ്കില്‍ സഹസ്രാബ്ദങ്ങളായി തലമുറകളിലൂടെ ഇവിടെ കഴിയുന്ന ഈ മണ്ണിന്റെ മക്കളില്‍ ആ ബോധത്തെ എത്ര ആഴത്തില്‍ അത് പാകിക്കാണും!
ഉപരിപ്‌ളവമായി ചിന്തിക്കുമ്പോള്‍ കേവലം ജഡമായ വാസഭൂമിക്ക് മനുഷ്യനെ അത്തരത്തില്‍ സ്വാധീനിക്കാന്‍ കഴിയുമോ എന്നു ചിലര്‍ക്കു ശങ്ക തോന്നാം. എന്നാല്‍ മക്കത്തായം, മരുമക്കത്തായം തുടങ്ങിയ സാമൂഹ്യചിട്ടകള്‍ പോലും ഭൗതികപരിതസ്ഥിതിയുടെ ഉത്പന്നങ്ങളാണെന്നു പണ്ഡിതന്മാര്‍ കണ്ടെത്തിയിട്ടുണ്ട് (The Origins and Diffusion of Patrism in Saharasia, c.4000 BCE: Evidence for a World-wide Climate-Linked Geographical Pattern in Human Behaviour, De Meo, James, World Futures 30/4 (1991) 24771). നിറം മുതലായ ശാരീരികവ്യത്യാസങ്ങളേയും ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയവ സ്വാധീനിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അതുപോലെ ഒരു രാജ്യത്തിന്റെ ഭൗഗോളികമായ സ്ഥിതി (Geographical Positioning) അതിന്റെ ചിന്തയേയും -(Thinking) തത്വചിന്തയേയും (Philosophy)) സ്വാധീനിക്കുന്നു എന്നൊരു സിദ്ധാന്തം ചില പണ്ഡിതന്മാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതാണ് ജിയോ ഫിലോസഫി അഥവാ ജിയോമെറ്റാഫിസിക്‌സ്. Gilles Deleuze, Felix Guttari എന്നിവരാണ് 1991-ല്‍ ഈ ആശയം മുന്നോട്ടുവെച്ചത്. ഈ ആശയത്തിന്റെ വിവരണവും അതിന്റെ അടിസ്ഥാനത്തില്‍ ഭാരതീയതയുടെ ഒരു അവതരണവും നീരജ് കുമാറിന്റെ Sri Yantra and the Geo philosophy of India, 2014 എന്ന പുസ്തകത്തില്‍ കാണാം.
ഏകാത്മത വന്ന വഴി
പുരാവസ്തുശാസ്ത്രം നല്‍കുന്ന തെളിവുകള്‍ വെളിവാക്കുന്നത് ഇന്നത്തെ ഭാരതീയരുടെ പൂര്‍വികര്‍ പ്രാചീനശിലായുഗകാലം മുതല്‍ ഇവിടെ കഴിഞ്ഞുപോന്നു എന്നതു മാത്രമല്ല അന്നു മുതല്‍ക്കു തന്നെ കര മാര്‍ഗം അവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നുമാണ് (India An Archaeological History Palaeolithic Beginnings to Early Historic Foundations, Dilip K. Chakrabarti).
ചെറു സംഘങ്ങളായി വിദൂരമേഖലകളില്‍ കഴിയുന്നവര്‍ ഒരു സമൂഹമായി മാറണമെങ്കില്‍ വേണ്ട പ്രഥമവും പ്രധാനവുമായ ഘടകം ആണല്ലോ പാരസ്പര്യം. അക്കാലത്തെ യാത്രാപഥങ്ങള്‍ തന്നെയാണ് ഇതിഹാസപുരാണങ്ങളിലും വര്‍ണ്ണിക്കുന്നത്. അലക്‌സാണ്ടര്‍ വന്നുപോയകാലത്തെ (326 ബിസി) ഗ്രീക്ക് സാഹിത്യത്തിലും ഇതേ വഴികളുടെ വിവരണം കാണാം. മെഗസ്തനീസും ഇവയെ പരാമര്‍ശിക്കുന്നു. അതിനും ഏതാണ്ടു രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം ബ്രിട്ടീഷ് ഭരണകാലത്ത് അലക്‌സാണ്ടര്‍ കണ്ണിങ്ഹാം 1871 ല്‍ നടത്തിയ സര്‍വേയില്‍ തെളിഞ്ഞതും ഇതേ കരമാര്‍ഗങ്ങള്‍ തന്നെയാണ് എന്ന് ഡയാന എല്‍ എക്‌സസ് തന്റെ India A Sacred Geography എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
മാത്രമല്ല, സൈന്ധവനാഗരികതയുടെ കാലം മുതല്‍ക്കെങ്കിലും മണ്‍സൂണ്‍ വായുപ്രവാഹത്തെ ഉപയോഗിച്ച് നമ്മുടെ പൂര്‍വികര്‍ കടല്‍യാത്രകള്‍ നടത്തിവന്നിരുന്നതായും ഇന്നു തെളിഞ്ഞിട്ടുണ്ട് (Ancient Maritime Trade of the Eastern Indian Littoral, Sila Tripathi, NIO). ഋഗ്വേദത്തിലും തമിഴ്, ബൗദ്ധകൃതികളിലും ഇതരഭാരതീയ സാഹിത്യങ്ങളിലും ഇതു സംബന്ധമായ പരാമര്‍ശങ്ങള്‍ കാണാം. ഒറീസ്സയില്‍ ഇന്നും സാഘോഷം നടത്തിവരുന്ന ബാലിയാത്രാ ഉത്സവം ഇത്തരം കടല്‍യാത്രകളുടെ ഓര്‍മ്മ പുതുക്കലാണ്. ഒക്ടോബര്‍ തൊട്ടു ഫെബ്രുവരി വരെയുള്ള സമയത്ത് വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാറ്റ് ഭാരതത്തിന്റെ കിഴക്കന്‍ തീരത്തു നിന്നും ശ്രീലങ്കയിലേക്കും തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുമുള്ള കപ്പല്‍യാത്ര സുഗമമാക്കും. അതുപോലെ മെയ്, ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റ് തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്നും ഭാരതത്തിന്റെ കിഴക്കന്‍ തീരത്തേക്കു കപ്പലുകളെ ചലിപ്പിക്കും. ഗ്രീക്ക് കപ്പലോട്ടക്കാരനായ ഹിപ്പലസ് (4547 CE) ആണ് ആദ്യം ഇതു കണ്ടെത്തിയത് എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്.
പാത്രങ്ങള്‍, ആയുധങ്ങള്‍, ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ നിത്യോപയോഗത്തിനും മറ്റുമായുള്ള സാധനസാമഗ്രികള്‍ അഥവാ സോദ്ദേശമനുഷ്യനിര്‍മ്മിതി (Artifact) കള്‍ കൈമാറുന്നതോടൊപ്പം വിശ്വാസങ്ങള്‍, ആശയങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയും ആ പൂര്‍വികര്‍ സ്വാഭാവികമായും പരസ്പരം പങ്കിട്ടുപോന്നു. അതിനാല്‍ ഭാരതത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും അവിടെല്ലാം പ്രസിദ്ധ സാമൂഹ്യശാസ്ത്രജ്ഞനായ എം.എന്‍. ശ്രീനിവാസിന്റെ വാക്കുകളില്‍ (Social Change in Modern India) പറഞ്ഞാല്‍ ”അപരിചിതങ്ങളില്‍ പരിചിതങ്ങളേയും പരിചിതങ്ങളില്‍ അപരിചിതങ്ങളേയും എപ്പോള്‍ വേണമെങ്കിലും കണ്ടുമുട്ടാം”എന്ന തരത്തിലുള്ള വ്യാപനം ഇവയ്‌ക്കെല്ലാം കൈവന്നു. ബി.സി.ഇ. നാലാം ശതകത്തിനു മുമ്പു തന്നെ ആസേതുഹിമാചലം ഒരു ഭൗമഏകകം എന്ന ബോധം സമൂഹത്തില്‍ വ്യാപകമായിരുന്നു. പാണിനിയുടെ അഷ്ടാധ്യായീസൂത്രങ്ങള്‍ക്കുള്ള വാര്‍ത്തികം (ബി. സി. ഇ. നാലാം ശതകം) ഇതിനു തെളിവായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവിടുത്തെ ബാഹ്യവൈവിധ്യങ്ങളില്‍ അന്തര്‍ലീനമായ ഏകാത്മത പടര്‍ന്ന വഴി ഇത്തരത്തിലായിരുന്നു.
തുടര്‍ന്നുള്ള നവീനശിലായുഗം, ചെമ്പുയുഗം, വെങ്കലയുഗം തുടങ്ങിയ കാലഘട്ടങ്ങളിലും സാമൂഹ്യബോധത്തെ ഉണര്‍ത്തുന്ന, വളര്‍ത്തുന്ന, നിലനിര്‍ത്തുന്ന ഈ പാരസ്പര്യത്തിന്റെ സാഹചര്യം ഇവിടെ തുടര്‍ന്നിരുന്നു എന്നതിനും തെളിവുകള്‍ പുരാവസ്തുശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. വെങ്കലയുഗത്തില്‍ ഇത് അതിബൃഹത്തായ സൈന്ധവനാഗരികതയായി പരിണമിച്ചു.
സിന്ധു- സരസ്വതീ സഭ്യത
മേല്‍പ്പറഞ്ഞ വെങ്കലയുഗം (Bronze Age) ആയപ്പൊഴേക്കും നമ്മുടെ ഹിന്ദുസാമൂഹ്യജീവിതം കുറേക്കൂടി തെളിമയാര്‍ന്നു. അതിന് വനം, ഗ്രാമം, പുരം അഥവാ നഗരം എന്നീ മൂന്നുതരം ആവാസവ്യവസ്ഥകള്‍ (Habitat) ഉണ്ടായി. ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയവയിലും കൂടുതല്‍ വ്യക്തത കൈവന്നു. അതിനു തെളിവാണ് സിന്ധു- സരസ്വതീ നാഗരികത.
ഏതാണ്ട് 7000 BCE യില്‍ ബലൂചിസ്ഥാനിലും 4000 BCE യില്‍ ബഹാവല്‍പൂരിലെ സരസ്വതീ വാലിയിലും ആയി തുടക്കമിട്ടു എന്നു കരുതുന്ന ഈ നാഗരികത 3500/3200 BCE കാലത്ത് കൂടുതല്‍ വളര്‍ന്നു. 1400/1300 കാലം വരെ നിലനിന്നു.
പടിഞ്ഞാറ് ഭാഗത്തെ മക്രന്‍ (Makran) തീരത്തെ ദഷ്ട് വാലി (Dasht Valley) മുതല്‍ കിഴക്ക് ഗംഗാ-യമുനാ സംഗമസ്ഥാനത്തെ (Ganga Yamuna Doab) മീററ്റ്, സഹാരന്‍പൂര്‍ (Saharanpur) പ്രദേശം വരെയും അങ്ങ് വടക്ക് ജമ്മു മുതല്‍ തെക്ക് തപ്തി വാലി വരെയും ഈ നാഗരികത വ്യാപിച്ചിരുന്നു. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഓക്‌സസ് (Oxus) നദീതീരത്തെ ഷോര്‍ട്ടുഗായില്‍ (Shortyghai) ഇതുമായി ബന്ധപ്പെട്ട ഒരു സഭ്യത ഉണ്ടായിരുന്നു. അതുപോലെ ഇങ്ങു തെക്ക് മഹാരാഷ്ട്രയിലെ അപ്പര്‍ ഗോദാവരീ പ്രദേശം വരെയും ഇതിന്റെ വ്യക്തമായ വ്യാപ്തി കണ്ടെത്തിയിട്ടുണ്ട് (Dilip K. Chakrabarty, Indus Civilization Sites in India- New Discoveries, 2004).
പിന്നീട് കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ കാരണം ജനങ്ങള്‍ കൂട്ടമായി മറ്റു പല ഇടങ്ങളിലേക്കും മാറി താമസിക്കുകയാല്‍ ഈ നാഗരികതയുടെ കേന്ദ്രബിന്ദുക്കളായിരുന്ന സിന്ധു- സരസ്വതീ തീരങ്ങളില്‍ നിന്നും ഈ നാഗരികത അപ്രത്യക്ഷമായി. എങ്കിലും ആ നാഗരികതയിലെ ആചാരാനുഷ്ഠാനങ്ങളും സംസ്‌കാരവും മറ്റും ഹിന്ദുസ്ഥാനം ആസകലം വ്യാപിച്ചു തുടര്‍ന്നും നിലക്കൊണ്ടു(B.B. Lal, How Deep are the Roots of Indian Civilization? Archaeology Answers).
സിന്ധു- സരസ്വതീ നാഗരികത ഹിന്ദുചരിത്രത്തില്‍ പല കാരണങ്ങളാല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഒന്നാമതായി അതു നമ്മുടെ പഴക്കത്തിനും തുടര്‍ച്ചക്കും മതിയായ തെളിവാണ്. അതിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തി, അതു നിലനിന്ന കാലത്തിന്റെ ദൈര്‍ഘ്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ ഹിന്ദുക്കളെ മുഴുവന്‍ ഒരുമിപ്പിച്ച ഒരു സംസ്‌കാരം പ്രകടമായത്. ആ നാഗരികതയില്‍ ആണെന്നു കാണാം. ബി.ബി. ലാലിന്റെ പുസ്തകത്തില്‍(How Deep are the Roots of Indian Civilization? Archaeology Answers)പില്‍ക്കാലത്തെ ഹിന്ദുജീവിതത്തില്‍ അതു ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നുണ്ട്. മറ്റൊരു പ്രാധാന്യം ഹിന്ദുക്കളുടെ ശാസ്ത്രബോധവുമായി ബന്ധപ്പെട്ടതാണ്. ആ നാഗരികതയില്‍ നിന്നും അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പൈത്തഗോറസിന്റെ പേരില്‍ ഇന്ന് അറിയപ്പെടുന്ന ഗണിതസൂത്രം ഈ നാഗരികതയിലെ നമ്മുടെ പൂര്‍വികര്‍ കണ്ടെത്തി കെട്ടിടം, വീഥികള്‍, വിശാലങ്ങളായ കുളങ്ങളും ജലസംഭരണികളും മറ്റും പണിയാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. പില്‍ക്കാലത്ത് വൈദികസമ്പ്രദായത്തിലെ യാഗവേദികള്‍ പടുക്കാനും ശുല്‍ബ (ശുല്‍ബം=ചരട്) സൂത്രം എന്നപേരുള്ള ഈ ഗണിതയുക്തി നാം പ്രയോഗിച്ചിരുന്നു.ദേവീ പ്രസാദ് ചതോപാദ്ധ്യായ എഴുതിയScience and Philosophy in Ancient India, 2013 എന്ന പുസ്തകത്തില്‍ ഇതിന്റെ വിവരണം കാണാം. ഈ നാഗരികതയെ മറ്റു നാഗരികതകളില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഒരു പ്രധാനപ്രത്യേകത അവിടുത്തെ കുളങ്ങള്‍ ആണ്. ഹിന്ദുക്കളുടെ ശുചിത്വബോധത്തിന് തെളിവായി പണ്ഡിതന്മാര്‍ ഇതിനെ കാണുന്നു. Dr. S. P. Gupta, Dr S. Kalya naraman, Dr. B. S. Harisankar, Hopkins. E. Washburn, Michel Danino തുടങ്ങിയവര്‍ എഴുതിയ സരസ്വതീ നദി, സൈന്ധവനാഗരികത, മഹാഭാരതം മുതലായവയെ കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും ഈ പൗരാണികനാഗരികതയുടെ വിവിധവശങ്ങളിലേക്കു വെളിച്ചം വീശുന്നു.
(തുടരും)