കൊന്ന പൂത്താല്‍ വിഷു. തുമ്പ പൂത്താല്‍ ഓണം. ആഘോഷങ്ങള്‍ പ്രകൃതിയുടേതാണ്. നമ്മുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും നാമവയോട് തുന്നിച്ചേര്‍ക്കുകയത്രേ. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഇഴപൊട്ടാത്ത നൂല്‍ച്ചരടുകൊണ്ട്. ചരിത്രത്തിലെ ഏതോ ഋതുപ്പകര്‍ച്ചയില്‍ മനുഷ്യസംസ്‌കൃതിയുടെ ആടയാഭരണങ്ങളായി മാറി. ജീവിതത്തെ പ്രസാദാത്മകമാക്കാന്‍. ലോകത്തിന്റെ കയ്പ്പും കാലുഷ്യവുമകറ്റാന്‍. പരിണമിപ്പിച്ചുകൊണ്ടിരിക്കുന്ന കേരളീയജീവിതക്രമത്തിന് ജീവജലം പകരുകയായിരുന്നു ഓരോ ഓണവും ഓരോ വിഷുവും. പാരമ്പര്യത്തിന്റെ തായ്‌വേരുപടലവും നാരുവേരുപടലവുമായി.
മലയാളത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞിരിക്കുന്നു ഓണം. സമൃദ്ധിയുടെയും സമത്വത്തിന്റെയും ആഘോഷപ്പൊലിമ. ചിങ്ങപ്പുലരിയുടെ പ്രതീക്ഷാമലര്‍. ഉണര്‍വിന്റെ ഉത്സവം. മേടസംക്രമത്തിലാണ് മലയാളികളുടെ വിഷു. ഉര്‍വരതയുടെ ഉത്സവം. കണിക്കാഴ്ചകള്‍. കൈനീട്ടം. കര്‍ണികാരമാലകള്‍. വിളഞ്ഞുനില്‍ക്കുന്ന മാവും പിലാവും. കനികളാല്‍ കനംതൂങ്ങിയ വെള്ളരിവള്ളികള്‍. കൊയ്‌തൊഴിഞ്ഞ പാടം. മത്താപ്പൂത്തിരികളുടെ ദീപക്കാഴ്ച. വെടിപ്പടക്കങ്ങളുടെ ശബ്ദഘോഷം. ഇടക്കിടെ ഇറ്റുവീണ് മാഞ്ഞുപോകുന്ന വേനല്‍മഴയുടെ തുള്ളികള്‍ ചുരത്തുന്ന പുതുമണ്‍ഗന്ധത്തിലലിഞ്ഞ് പരക്കുന്ന വെടിമരുന്നിന്റെ മണം.
കുട്ടികളുടെയും കര്‍ഷകരുടെയും വിഷുക്കാലം. ”ചക്കക്കുപ്പുണ്ടോ… അച്ഛന്‍ കൊമ്പത്ത്… അമ്മ വരമ്പത്ത്… കള്ളന്‍ ചക്കേട്ടു… കണ്ടാമിണ്ടണ്ട…” വിഷുപപ്പക്ഷിയുടെ പാട്ടാണ്. മുട്ടയിടാനായി ദേശങ്ങള്‍ താണ്ടിയെത്തുന്ന പറവകള്‍. കണ്‍വട്ടത്തു വരാതെ മറഞ്ഞിരുന്ന് പാടുന്ന ഈ നാണംകുണുങ്ങിപ്പക്ഷിയുടെ ഇടവിട്ടിടവിട്ടുള്ള കുറുകലാണ് വിഷുവിന്റെ വരവറിയിക്കുക.
വിഷുത്തലേന്ന് സംക്രാന്തിയില്‍ ഉപയോഗശൂന്യമായതെല്ലാം കത്തിച്ചുകളഞ്ഞ് വീടും പറമ്പും ശുദ്ധിയാക്കും. പറമ്പിലെ ചപ്പുചവറുകളടിച്ചുകൂട്ടി കത്തിക്കുന്നത് കുട്ടികളാണ്. ‘കുമ്പിരികത്തിക്കല്‍’. കത്തുമ്പോള്‍ ചവറുകൂനയുടെ രൂപം മാറിക്കൊണ്ടിരിക്കും. രൂപത്തിനനുസരിച്ച് കുട്ടികള്‍ പേരിട്ടുവിളിക്കും. കാളക്കുമ്പിരി, പോത്തുംകുമ്പിരി, ആനക്കുമ്പിരി’… വാഴനാരുപിരിച്ച് വലക്കൊട്ടയുണ്ടാക്കി അതില്‍ സ്വര്‍ണനിറമുള്ള വെള്ളരിക്ക കെട്ടി കൊന്നപ്പൂക്കളലങ്കരിച്ച് ഉമ്മറത്തെ ഉത്തരത്തില്‍ തൂക്കിയിടുന്നതോടെ വിഷുവിന് വീടൊരുങ്ങി.
ഉണ്ണിക്കണ്ണനു മുന്നില്‍ സ്വര്‍ണപ്രഭയോടെ നിറഞ്ഞുകത്തുന്ന നിലവിളക്കിനു മുന്നിലെ ഓട്ടുരുളിയില്‍ നാളികേരം, മാങ്ങ, ചക്ക, വാഴപ്പഴം, വെള്ളരിക്ക, ഉണക്കലരി എന്നീ കാര്‍ഷികവിഭവങ്ങള്‍. ഒപ്പം സ്വര്‍ണനാണയവും കോടിവസ്ത്രവും വാല്‍ക്കണ്ണാടിയും കണിക്കൊന്നയും കണ്മഷിയും ചാന്ത്‌സിന്ദൂരങ്ങളും വെറ്റിലടയ്ക്കയും നാരങ്ങയും. മുത്തശ്ശിയൊരുക്കുന്ന ഈ ഐശ്വര്യക്കാഴ്ച കണ്ണുപൊത്തിയെഴുന്നേറ്റ് കണ്‍നിറയെ കാണാം. വീട്ടുകാരെല്ലാം കണികണ്ടു കഴിഞ്ഞാല്‍ വിഷുക്കണി കിഴക്കെത്തിച്ച് പ്രകൃതിയെ കാണിക്കണം. പിന്നെ ഫലവൃക്ഷങ്ങളേയും വീട്ടുമൃഗങ്ങളേയും.
തിരുവിതാംകൂറില്‍ ‘പടുക്കയിടല്‍’ എന്നൊരു ചടങ്ങുണ്ട്. മുന്തിരി, കല്‍ക്കണ്ടം, തേങ്ങ, പഴം, അരി, മാമ്പഴം, തുടങ്ങിയവ കൊണ്ട് വിഷുത്തലേന്ന് പടുക്കയിടുന്നു. കാലത്ത് കണികണ്ടശേഷം ഇവകൊണ്ട് പായസമുണ്ടാക്കി കുടിക്കും. ‘പടുക്കമുറിക്കല്‍’ എന്നാണതിനു പേര്‍.
പ്ലാവിലക്കിരീടവും കുരുത്തോലക്കടകവും ധരിച്ച് ‘താതരന്‍’ എന്ന ദേവവേഷത്തില്‍ കുട്ടികള്‍ സംഘമായി അയല്‍വീടുകളില്‍ ചെന്ന് വിഷുക്കൈനീട്ടം വാങ്ങുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്. കണിയപ്പം കിട്ടാനായി കുട്ടികള്‍ വീടുകള്‍ കയറി ”കണികണിയേ കണികണി…” എന്ന് കണിവിളിച്ചെത്തുന്ന ചടങ്ങ് വേറെ ചിലയിടങ്ങളില്‍. ബാലഗോകുലത്തിന്റെ കുട്ടിക്കൂട്ടങ്ങള്‍ കൃഷ്ണവിഗ്രഹവും കണിക്കോപ്പുകളുമായി വീടുതോറും കയറിയിറങ്ങി ആളുകളെ വിളിച്ചുണര്‍ത്തി കണികാണിച്ച് അങ്ങോട്ട് കൈനീട്ടം നല്‍കുന്ന ആചാരപരിഷ്‌കരണം പുതിയൊരനുഭവമായി മാറിയിരിക്കുന്നു.
കുളിച്ച് വിഷുപ്പുടവ ധരിച്ചെത്തിയാല്‍ മുത്തശ്ശന്റെ കൈയില്‍നിന്ന് വിഷുക്കൈനീട്ടം. അടുത്ത വര്‍ഷത്തേക്കുള്ള സമ്പാദ്യത്തിന്റെ പകര്‍ച്ച. പുന്നെല്ലരി ജീരകം ചേര്‍ത്ത് തേങ്ങാപ്പാലില്‍ വേവിച്ച് വറ്റിച്ചുണ്ടാക്കുന്ന ‘വിഷുക്കട്ട’, പയറിട്ട മത്തന്‍കറിയോ ശര്‍ക്കരപ്പാനിയോ ചേര്‍ത്തുരുട്ടിയുണ്ണുന്ന പ്രാതല്‍. വിഷു അവധിക്ക് നാട്ടിലെത്തിയ ബന്ധുക്കള്‍ക്കൊപ്പം വെടിപറച്ചിലും കളിയും.
ഉച്ചഭക്ഷണത്തിനുമുമ്പ് ‘വിഷുച്ചാലുഴല്‍’. കൃഷിക്കായി നിലമുഴുന്ന ചടങ്ങ്. പുതിയ പണിയായുധങ്ങള്‍. കുളിപ്പിച്ച് കുറിതൊട്ട് കൊന്നപ്പൂങ്കുലകള്‍ കൊണ്ടലങ്കരിച്ച കന്നുകള്‍. ഉഴുതുമറിച്ച് ചാലുകളില്‍ അവിലും മലരും ഓട്ടടയും നേദിക്കുന്നു.
ഉച്ചയ്ക്ക് മാമ്പഴപ്പുളിശ്ശേരിയും ചക്കയെരിശ്ശേരിയും ചക്കപ്രഥമനുമായുള്ള വിഷുസ്സദ്യ. വള്ളുവനാട്ടുകാര്‍ക്ക് വിഷുവിന് കഞ്ഞിസ്സദ്യയാണത്രേ. തേങ്ങ ചിരകിയിട്ട കുത്തരിക്കഞ്ഞി. വട്ടത്തില്‍ച്ചുരുട്ടിയ വാഴപ്പോളയില്‍ ഇലവച്ച് വിളമ്പിയ കഞ്ഞി. കോരിക്കുടിക്കാന്‍ പഴുത്ത പ്ലാവിലക്കുത്ത്. ചക്കയെരിശ്ശേരിയും വറുത്ത ചക്കച്ചുളയും.
വിഷുസ്സദ്യകഴിഞ്ഞാല്‍ പിന്നെ ‘കൈക്കോട്ടുകാല്‍’. കൈക്കോട്ട് പൂജിക്കല്‍. വീട്ടുമുറ്റത്തിന്റെ കിഴക്കുഭാഗം അലങ്കരിച്ച് പുതിയ കൈക്കോട്ട് കഴുകി കുറിയിട്ട് കൊന്നപ്പൂകെട്ടി വയ്ക്കുന്നു. മറുഭാഗത്തൊരു കല്ലും. പൂവും പായസവും ശര്‍ക്കരയും നേദിച്ച് ആ കൈക്കോട്ടെടുത്ത് കുഴികുത്തി ചുറ്റും പ്ലാവില വച്ച് നവധാന്യങ്ങളും പച്ചക്കറിവിത്തുകളും നടുന്നു. കണിയാന്മാര്‍ കൃഷിയിറക്കാനുള്ള ശുഭമുഹൂര്‍ത്തം കുറിച്ചേല്‍പ്പിക്കും.
സന്ധ്യക്ക് കണിക്കൊന്നകൊണ്ടലങ്കരിച്ച നിലവിളക്കിലെ ‘വിഷുദീപം’ തൊഴുതുകഴിഞ്ഞാല്‍ പിന്നെ ‘വിഷുത്തീയിടല്‍’. തൊടിയില്‍ നാലു മൂലയിലും അടിച്ചുകൂട്ടിയിട്ട ഇലച്ചപ്പുകള്‍ ആളിക്കത്തും. ഹനുമാന്റെ ലങ്കാദഹനത്തിന്റെ പ്രതീകമത്രേ ഈ തീയിടല്‍. രാവണദുര്‍ഗം പിളര്‍ന്ന് സൂര്യനുദിച്ചതിന്റെ ആഹ്ലാദം പങ്കിട്ടുകൊണ്ട് അന്നാ രാവുനീളെ പൂക്കുറ്റികളുടെയും പൂത്തിരികളുടെയും പ്രകാശധൂളികള്‍. വെടിപ്പടക്കത്തിന്റെ മുഴക്കങ്ങള്‍. ആ രാവില്‍ വിഷു തീരുമെങ്കിലും കര്‍ഷകജീവിതം വീണ്ടും തുടങ്ങുകയാണ്.
മേടം പത്തിനാണ് വിത്തിറക്കല്‍. മേടപ്പത്ത് അഥവാ ‘പത്താമുദയം’. സൂര്യന്‍ അത്യുച്ചരാശിയില്‍. ബലവാനും വീര്യവാനുമായി ഉദിക്കുന്ന ദിനകരന്‍. വിത്തുവിതയ്ക്ക് മാത്രമല്ല ഏതു ശുഭകാര്യവും തുടങ്ങാനുള്ള ഉത്തമദിനം. അന്ന് വിളക്കുകൊളുത്തേണ്ടത് ഉദയത്തിനു മുമ്പാവണം. കന്നുകാലികള്‍ക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കണം. ഉദിച്ചുവരുന്ന ബാലസൂര്യനെ ‘വെള്ളിമുറംകാണിക്കും’. പൊടിച്ച ഉണക്കലരി മുറത്തിലാക്കി കാണിക്കല്‍. ഉദയശേഷം ഈ അരിപ്പൊടികൊണ്ട് പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കാറുണ്ട്. നിത്യപൂജയില്ലാത്ത എല്ലാ കാവുകളിലും പത്താമുദയത്തിന് പൂജയുണ്ടാവും.
വിഷുവിനോടനുബന്ധിച്ച് ചിലയിടങ്ങളില്‍ ഏകദിനവ്യാപാരങ്ങള്‍ നടക്കാറുണ്ടത്രേ. ‘വിഷുമാറ്റം’. കൈകൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങളും കാര്‍ഷികവിളകളും പരസ്പരം കൈമാറുന്ന സവിശേഷമായ മാറ്റക്കച്ചവടരീതി. നാണയങ്ങള്‍ നിലവില്‍ വരും മുമ്പേ തുടങ്ങിയ വ്യാപാരരീതിക്ക് സംഘകാലത്തോളം പഴക്കമുണ്ട്. ചേരാനല്ലൂര്‍, ചേന്ദമംഗലം, ഏലൂര്‍ എന്നിവിടങ്ങളില്‍ വിഷുനാളില്‍ ഇത് നടന്നുവരുന്നു. പാലിയത്തച്ചനത്രേ ചേന്ദമംഗലത്ത് മാറ്റച്ചന്ത തുടങ്ങിയത്.
മലബാറില്‍ വിഷുപ്പിറ്റേന്നു മുതല്‍ രണ്ടുമൂന്നുദിവസം ഭാര്യവീടുകളില്‍ വിരുന്നുകൂടാന്‍ പോകുന്ന ആചാരമുണ്ട്. പണിശാലകളിലും കടകളിലും ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് വിഷുകഴിഞ്ഞ് രണ്ടുമൂന്നുദിവസം അതിനായി അവധിയനുവദിക്കാറുണ്ട്. അക്കാരണത്താല്‍ വിഷുകഴിഞ്ഞ് ഒന്നോരണ്ടോ ദിവസം നഗരങ്ങളിലെ മിക്ക ഭക്ഷണശാലകളും അടച്ചിടുന്നത് കാണാം.
ഭാവിയുടെ കൂട്ടലും കിഴിക്കലുമായി വിഷുസംക്രാന്തിയില്‍ ജ്യോതിഷികളും സജീവമാവുന്നു. ഓരോ നക്ഷത്രജാതര്‍ക്കും വിഷുകഴിഞ്ഞു വരുന്ന അടുത്തയാണ്ട് ഗണിച്ച് പറയല്‍. ‘വിഷുഫലം’. സൂര്യന്‍ മേടംരാശിയില്‍ പ്രവേശിക്കുന്നതോടെയുണ്ടാവുന്ന ഗ്രഹങ്ങളുടെ ഗതിവിഗതികള്‍ അടിസ്ഥാനമാക്കിയുള്ള ഭാവിപ്രവചനങ്ങള്‍. വ്യക്തികളുടെ മാത്രമല്ല. നാടിന്റെയും പ്രകൃതിയുടെയും കാലാവസ്ഥയുടെയും വരുംവരായ്കകള്‍. വിഷുവിനോളം പഴക്കമുള്ള ആചാരം. ഫലം പറയുന്ന പണിക്കരെ ‘യാവനം’ കൊടുത്ത് ആദരിക്കും.
വീട്ടിലും നാട്ടിലും മാത്രമല്ല ക്ഷേത്രങ്ങളിലുമുണ്ട് വിഷു. ഗുരുവായൂരപ്പന്റെ വിഷുക്കണിദര്‍ശനം പ്രസിദ്ധമല്ലോ. ശ്രീലകത്ത് ഗുരുവായൂരപ്പവിഗ്രഹത്തിന്റെ വലതുഭാഗത്തെ മുഖമണ്ഡപത്തിലെ അലങ്കരിച്ച പൊന്‍പീഠത്തില്‍ സ്വര്‍ണത്തിടമ്പ്. ഓട്ടുരുളിയില്‍ കണിക്കോപ്പുകള്‍. ആദ്യം കാണിക്കുന്നത് ഗുരുവായൂരപ്പനെത്തന്നെ. പിന്നീട് ഭക്തര്‍ക്ക് കണിദര്‍ശനവും വിഷുനമസ്‌കാരവും. നമസ്‌കാരസദ്യയുടെ വിഭവങ്ങള്‍ ഉച്ചപ്പൂജയ്ക്ക് ഭഗവാന് നേദിക്കുന്നു. രാത്രി വിഷുവിളക്ക്. കേരളത്തിലെ ഒട്ടുമിക്ക ശ്രീകൃഷ്ണക്ഷേത്രങ്ങളിലും വിഷുക്കണിയൊരുക്കാറുണ്ട്.
കോലത്തുനാട്ടിലെ ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ മേടസംക്രമം മുതല്‍ ഏഴുനാള്‍ നീളുന്ന വിഷുവിളക്കുത്സവമുണ്ട്. ധനു രണ്ടാം തീയതി തുടങ്ങുന്ന വട്ടപ്പന്തലിടലോടെ ഇതിന്റെ മുന്നൊരുക്കം തുടങ്ങും. 111 തേക്കിന്‍ തൂണുകളും 7500 മടല്‍ മെടഞ്ഞ ഓലയും 2000 ത്തോളം മുളയും കെട്ടിയുയര്‍ത്തുന്ന വട്ടപ്പന്തലിലാണ് അന്നപൂര്‍ണേശ്വരിയുടെ വിളക്കുത്സവം നടക്കുക. മേടം രണ്ടാം തീയതി ചെറുകുന്ന്, മൂന്നാം തീയതി കണ്ണപുരം, നാലാം തീയതി ഇരിണാവ്, ആറാം തീയതി പറശ്ശിനി എന്നീ ദേശവാസികളുടെ വകയായ കാഴ്ചവരവും വെടിക്കെട്ടുമൊക്കെയായി.
തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിലും മേടമൊന്നിന് തുടങ്ങുന്ന വിഷുവുത്സവമുണ്ട്. വിഷുക്കണിയും വിഷുക്കൈനീട്ടവും കാഴ്ചശീവേലിയും മോതിരംവച്ച് തൊഴലും ഉത്സവബലിയും അടിയറവരവും ആറാട്ടും വാദ്യമേളങ്ങളും വെടിക്കെട്ടുമായി ഏഴുദിവസം.
കണ്ണൂര്‍ ജില്ലയില്‍ മാവിലായിയിലുള്ള മാവിലാക്കാവില്‍ വിഷുവിന് നടക്കുന്ന വിശേഷമാണ് ‘അടിയുത്സവം’. ശ്രീ ദൈവത്താര്‍ ഈശ്വരനാണ് ഇവിടുത്തെ മൂര്‍ത്തി. ദൈവത്താറീശ്വരന്റെ തെയ്യാട്ടത്തിന്റെ മുടി അഴിച്ചശേഷം ജ്യേഷ്ഠാനുജന്മാരായ മൂത്തകൂര്‍വാടും ഇളയകൂര്‍വാടും തമ്മില്‍ അടി. മൂന്നാംപാലം നിലാഞ്ചിറ വയലില്‍. തീയ്യപ്രമാണിയില്‍നിന്നും അവില്‍ വാങ്ങിയ ബ്രാഹ്‌മണന്‍ അത് ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊടുക്കുന്നതോടെ ആളുകള്‍ ഇരുവിഭാഗമായിത്തിരിഞ്ഞ് കൈക്കോളന്മാരുടെ ചുമലില്‍ കയറിയിരുന്നാണ് അടി.
മധ്യതിരുവിതാംകൂറില്‍ വെണ്മണിയിലെ ശാര്‍ങക്കാവിലെ (ചാമക്കാവ്) വിഷുവുത്സവത്തില്‍ മേടമൊന്നിന് കെട്ടുകാഴ്ചകളുമായി കരകളില്‍ നിന്ന് ഭക്തരെത്തുന്നു. അച്ചന്‍കോവിലാറിന്റെ മറുകരയില്‍ നിന്ന് വള്ളങ്ങളിലെത്തുന്ന കെട്ടുകാഴ്ചകളില്‍ തേര്, കുതിര, കെട്ടുകാളകള്‍, എടുപ്പ്കുതിര തുടങ്ങി നിരവധിയുണ്ട്.ചാമക്കാവിലെ വേലത്തേരാണ് ഏറ്റവും സവിശേഷം. മുഖാമുഖമായി നില്‍ക്കുന്ന വീതിയുള്ള വേലത്തേരുകള്‍. തട്ടില്‍ വേലകളിയും.
വയനാട്ടിലെ തിരുനെല്ലി, പോത്തുംമൂല, ചേകാടി പ്രദേശങ്ങളിലെ കാട്ടുനായ്ക വിഭാഗക്കാരുടെ ‘കോടാങ്കിയാട്ടം’ വിഷുവുമായി ബന്ധപ്പെട്ടതാണ്. വിഷുവിന് മുന്‍പ് ഊരുമൂപ്പന്റെ നേതൃത്വത്തില്‍ വ്രതമെടുത്ത് കുടുംബക്ഷേത്രത്തില്‍ ഏഴുദിവസം പ്രാര്‍ഥനയിരുന്ന് കാട് കയറി വെട്ടിയെടുക്കുന്ന വടികള്‍ പൂജയ്ക്ക് വയ്ക്കുന്നു. നാലുനാള്‍ മുമ്പ് വെട്ടിയൊതുക്കിയ ഈ കോലുകളുമായി ഊരുമൂപ്പനും പെണ്‍വേഷം കെട്ടിയ പുരുഷനും വിഷുക്കോമാളിയും പതിനാല് അകമ്പടിക്കാരോടൊപ്പം ഗ്രാമവീടുകളില്‍ കയറിയിറങ്ങും. തലയില്‍ കൊന്നപ്പൂക്കള്‍ കൊണ്ട് ഒരുക്കിയ കിരീടവും അരയില്‍ കൊന്നപ്പൂമാലയുമാണ് വിഷുക്കോമാളിയുടെ വേഷം. പ്രകൃതിനിറങ്ങള്‍കൊണ്ട് മെയ്യില്‍ ചായംതേക്കും. പെണ്‍കോലം കെട്ടിയോന് തലയില്‍ ചൂടാന്‍ ചെമ്പരത്തിപ്പൂ. കാലില്‍ ചിലങ്ക. ശിവപാര്‍വതിമാരെ സങ്കല്പിച്ച് പതിനാല് വിഷുക്കഥകളടങ്ങിയ പാട്ട്. കാട്ടുനായ്ക ഭാഷയില്‍. പൂജിച്ച കോലുമായുള്ള ചുവടുവയ്പ്പാണ് ‘കോടാങ്കായാട്ടം’. കോല്ക്കളിപോലെ. വീടുവീടാന്തരം കയറി ആട്ടം ചെയ്ത് ദക്ഷിണ വാങ്ങുന്നു. വൈകിട്ട് തിരുനെല്ലിക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളോടെയാണ് കോടാങ്കിയാട്ടം അവസാനിക്കുന്നത്.
പത്തനംതിട്ടയിലെ എഴുമറ്റൂര്‍ പനമുറ്റത്തുകാവിലെ ‘വിഷുപ്പടയണി’ച്ചടങ്ങുകള്‍ ഏഴുദിവസമാണ്. പിശാചുകോലംമുതല്‍ ഭൈരവിക്കോലംവരെ. കോഴിക്കോട് ജില്ലയിലെ കൂത്താളിയില്‍ കല്ലൂര്‍കാവില്‍ വിഷുവിനോടനുബന്ധിച്ച് ‘കുടയുത്സവ’മുണ്ട്. നീളമുള്ള ഓടക്കാലില്‍ പനയോലകൊണ്ടുണ്ടാക്കിയ കുട. കൊന്നപ്പൂക്കള്‍കൊണ്ടലങ്കരിച്ച് എഴുന്നള്ളിക്കും.
വിഷുവെന്നാല്‍ തുല്യാവസ്ഥയോടു കൂടിയതെന്ന് ശബ്ദതാരാവലി. സമരാത്രദിനമെന്നര്‍ത്ഥം വരുന്ന ‘വിഷുവത്’ (വിഷുവം) എന്ന പദമാണ് ‘വിഷു’ എന്നായി മാറിയത്. മേടം ഒന്നിന് രാപ്പകലുകള്‍ തുല്യമായിരിക്കും. നേരെ കിഴക്കായിരിക്കും അന്ന് സൂര്യനുദിക്കുക. വിഷുത്തലേന്ന് മീനം രാശിയില്‍നിന്ന് മേടം രാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുകയായി. മേടസംക്രാന്തി. സംക്രാന്തികളില്‍ പ്രധാനം. മഹാവിഷു. വര്‍ഷത്തില്‍ രണ്ട് സമരാത്രദിനങ്ങള്‍ ഉണ്ടാവാറുണ്ട്. ഭൂമധ്യരേഖാപ്രദേശത്ത് സൂര്യകിരണങ്ങള്‍ 1800 യില്‍ നേരെപതിക്കും. തുലാം ഒന്നാം തീയതിയാണ് മറ്റേത്. അതുമൊരു വിഷു തന്നെ. തുലാവിഷു. തുലാദി. മേടവിഷുവാണ് ഏറ്റവും പ്രധാനം. സൂര്യന്റെ ഉച്ചപ്രവേശം. വസന്തചൈത്രം. കലിവര്‍ഷാരംഭം. മേഷാദി. കൃഷിയാരംഭം. കൊല്ലവര്‍ഷം തുടങ്ങിയതോടെയാവാം കേരളത്തില്‍ മേടസംക്രമം വര്‍ഷാരംഭമായി കണക്കാക്കിയത്. ഭൂമിയുടെ അച്ചുതണ്ടിനുണ്ടായ ദിശാവ്യതിയാനം കാരണം മേഷാദി ഇപ്പോള്‍ മീനംരാശിയിലും തുലാദി കന്നിരാശിയിലുമത്രേ. എങ്കിലും പരമ്പരാഗതമായി മേടത്തില്‍ത്തന്നെ നാം വിഷു ആചരിച്ചുപോരുന്നു.
എന്നാവാം കേരളീയര്‍ വിഷു ആഘോഷിക്കാന്‍ തുടങ്ങിയത്? സംഘകാലത്തെ ‘പതുറ്റിപ്പത്തി’ല്‍ വിഷുവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. എ.ഡി. 962 നും 1021നും കേരളം ഭരിച്ചിരുന്ന ഭാസ്‌ക്കര രവിവര്‍മ്മന്‍ കുലശേഖരന്റെ കാലത്തെ തൃക്കൊടിത്താനം ശാസനത്തിലും വിഷുവിനെക്കുറിച്ചു സൂചിപ്പിക്കുന്നു. എ.ഡി. 844-855 കാലഘട്ടത്തിലെ ചേരരാജാവായ സ്ഥാണുരവിവര്‍മ്മന്റെ കാലത്താണ് വിഷു ആരംഭിച്ചതെന്ന അഭിപ്രായമുണ്ട്. വിഷുക്കാര്യത്തില്‍ ചരിത്രത്തില്‍ അത്രയേ വ്യക്തതയുള്ളൂ.
വിഷുവിന്റെ ഐതിഹ്യങ്ങള്‍ കൃഷ്ണനോടും രാമനോടും ചേര്‍ന്നുനില്ക്കുന്നു. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമായും രാവണനുമേല്‍ രാമന്‍ വിജയം നേടിയതിന്റെ ആഘോഷമായും സൂര്യപ്രകാശം കടക്കാത്ത രാവണദുര്‍ഗത്തില്‍ വീണ്ടും ആദിത്യദര്‍ശനം ലഭിച്ചതിന്റെ ആഹ്ലാദാതിരേകമായും കൊണ്ടാടുന്നു. ഒരു കുഞ്ഞിന്റെ പ്രാര്‍ത്ഥനയിലേക്കും നീളുന്നുണ്ട് ഐതിഹ്യം.
കൃഷ്ണഭക്തനായ ഒരു ബാലനു മുന്നില്‍ പ്രത്യക്ഷനായ ഉണ്ണിക്കണ്ണന്‍ തന്റെ അരഞ്ഞാണം കുട്ടിക്ക് സമ്മാനമായി നല്‍കിയത്രേ. അവനത് ആളുകളെ കാണിച്ചു. ആരും വിശ്വസിച്ചില്ല. പിറ്റേന്ന് അമ്പലത്തിലെ നടതുറന്നപ്പോള്‍ ശ്രീകൃഷ്ണവിഗ്രഹത്തിലെ അരപ്പട്ട കാണാനില്ലായിരുന്നു. അരപ്പട്ട കട്ടത് കുട്ടിയാണെന്ന അപഖ്യാതി നാട്ടില്‍പ്പരന്നു. തന്റെ കുട്ടിയെ കള്ളനെന്ന് വിളിക്കുന്നത് സഹിക്കാത്ത അമ്മ പൊട്ടിക്കരഞ്ഞു കുട്ടിയില്‍നിന്ന് അരഞ്ഞാണം ഊരിയെടുത്ത് വലിച്ചെറിഞ്ഞ് അവനെ തുരുതുരാ അടിക്കാന്‍ തുടങ്ങി. അരഞ്ഞാണം വന്നു കുടുങ്ങിയത് ഒരു കൊന്നമരത്തിലാണ്. പെട്ടെന്ന് മരം മഞ്ഞപ്പൂക്കള്‍ വിരിഞ്ഞ് ശോഭനമായി. ആ ദിവസമത്രേ വിഷു. മരം കണിക്കൊന്നയുമായി.
കണ്ണനും കണിയും കര്‍ണികാരവും കൈനീട്ടവും ചേര്‍ന്നൊരു ലയം. കൈക്കോട്ടും കന്നും കൃഷിയും ചേര്‍ന്ന് മറ്റൊരു ലയം. ധനവും ധാന്യവും ധവളിമയും ചേര്‍ന്ന് ധന്യമായ വേറൊരു ലയം. എല്ലാറ്റിനും മീതെ കണക്കും കാലവും ചേര്‍ന്ന ലയവും. വ്യത്യസ്തമായ ലയവിന്യാസങ്ങള്‍ പകര്‍ന്ന് ജീവിതത്തെ ഉദാത്തമാക്കുന്നു. വ്യക്തിമനസ്സിലും സമൂഹമനസ്സിലുമുള്ള വിഷവും വിഷമവുമകറ്റുകയാണ് വിഷു. കേരളത്തില്‍ മാത്രമല്ല. അനാദിയായ സംസ്‌കൃതിയിലൂടെ ഒഴുകിപ്പരന്ന് മുഴുവന്‍ ഭാരതത്തിലും.
അങ്ങ് ദൂരെ വടക്കുകിഴക്കിന്ത്യയില്‍ അസമില്‍ ഇതേ കാലം, ഇതേ പേര്. ‘ബിഹു’. രംഗോലി ബിഹു. അസമിന്റെ ദേശീയോത്സവം. ആചരണത്തിലും സമാനതകള്‍. വര്‍ഷത്തില്‍ മൂന്ന് ബിഹുവുണ്ടവര്‍ക്ക്. ഒക്ടോബര്‍ മധ്യത്തില്‍ ‘കാതിബിഹു’. ജനുവരി മധ്യത്തില്‍ ‘മാഗ്ബിഹു’. ഏപ്രില്‍ മധ്യത്തില്‍ ‘രംഗോലിബിഹു’. അവസാനത്തേതാണ് ഏറ്റം വിശേഷമായത്. അസമിലെ പുതുവര്‍ഷാരംഭം. വര്‍ഷത്തിലെ ആദ്യമാസമായ ‘ബൊഹാഗ്’ ഒന്നിന്. ആനന്ദത്തിന്റെ ഉത്സവം. കാര്‍ഷികവൃത്തി ആരംഭിക്കുന്നതിന്റെ ആഘോഷം. ഏപ്രില്‍ 14നും 15നുമായാണ് പ്രധാനാഘോഷം. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത ചടങ്ങുകള്‍. അരിയും തേങ്ങയും ചേര്‍ത്ത് പലവിധ പലഹാരങ്ങളുണ്ടാക്കുന്നു. പിത്ത, ലരു, ജോല്‍പ്പന്‍, അരിയുണ്ട, എള്ളുണ്ട… വീടുകളിലെ പൂജാമുറികളിലെ വിഗ്രഹങ്ങള്‍ വൃത്തിയായി തേച്ചുകഴുകി പുതുവസ്ത്രമണിഞ്ഞ ്പ്രാര്‍ത്ഥിക്കുന്നു. ഭൂമിപൂജയും ഗോപൂജയും. പുതുവര്‍ഷസമൃദ്ധിക്കായി. കുടുംബസംഗമങ്ങളും സുഹൃദ്‌സംഗമങ്ങളും. പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നു. കൃഷിയിടങ്ങളില്‍ പൊലിപ്പാട്ടും സംഘനൃത്തവും. സംക്രമത്തിന് പാടത്ത് വിത്തെറിയുന്നു.
മണിപ്പുരിലെ മെയ്തി വംശക്കാര്‍ നടത്തുന്ന ആഘോഷമാണ് ‘ഷാജിബു ചെയ്‌റോബ’. ഏപ്രില്‍ പതിമൂന്നിന്. ആളുകള്‍ ഒത്തുചേര്‍ന്ന് പഴങ്ങള്‍ കാണിക്കവച്ച് സദ്യയൊരുക്കിയാണ് ആഘോഷം. അരുണാചല്‍ പ്രദേശില്‍ ‘സാങ്‌കെന്‍’ എന്നാണ് ആഘോഷത്തിനു പേര്. ബംഗാളികളുടെ വിഷുവാണ് ‘പഹേലാ ബൈശാഖ്’. ബംഗാളി വര്‍ഷാരംഭം. വീടുകള്‍ ശുചീകരിച്ചും പുതുവസ്ത്രങ്ങളണിഞ്ഞും വ്യത്യസ്തവും സ്വാദിഷ്ടവുമായ പലഹാരങ്ങള്‍ പങ്കുവച്ചുമാണ് പഹേലാ ബൈശാഖ് ആഘോഷിക്കുന്നത്. വടക്കുകിഴക്കിന്ത്യയിലും ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലും ബംഗ്ലാദേശിലും ഇതാചരിച്ചുവരുന്നുണ്ട്.
‘മഹാവിഷുവസംക്രാന്തി’യാണ് ഒഡിഷയുടെ വിഷു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 14 മുതല്‍ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന നൃത്താഘോഷങ്ങള്‍. ഉത്തരപൂര്‍വഭാരതത്തിലെ ബോഡോ ജനവിഭാഗങ്ങള്‍ നൃത്തവും ദേവതാരാധനയുമൊക്കെയായി ‘ബ്‌വിസാഗു’ എന്ന പേരിലാണ് വിഷു ആഘോഷിക്കുന്നത്. ബീഹാറിലെ വിഷുവാഘോഷത്തിന് ‘ബൈഹാഗ്’.
ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് പഞ്ചാബിലെ വിഷുവാണ് ‘ബൈശാഖി’ (വൈശാഖി). ഹിന്ദു, സിഖ്, ബുദ്ധമത വിശ്വാസികളുടെ കാര്‍ഷികോത്സവം. പഞ്ചാബ് സൂര്യവര്‍ഷത്തിലെ ആദ്യമാസമായ വൈശാഖിലെ ആദ്യദിനം. വിളവെടുപ്പും അന്നാണ്. പുതുവസ്ത്രമണിഞ്ഞ് മധുരം കഴിച്ചും പാട്ടുപാടിയും ഭാംഗ്ഡ നൃത്തം ചെയ്തും ബൈശാഖി ആഘോഷിക്കുന്നു. എല്ലാ സിക്കുകാരും പുണ്യഗ്രന്ഥപാരായണവും ഗുരുദ്വാര സന്ദര്‍ശനവും ചെയ്യും. കശ്മീരിപണ്ഡിറ്റുകളുടെ നവവത്സരാഘോഷമാണ് ഏപ്രില്‍ പതിമൂന്നിനുള്ള ‘നവരേഹ്’. അരി, ഗ്രന്ഥങ്ങള്‍, പൂക്കള്‍, നാണയം, ഫലങ്ങള്‍ എന്നിവയടങ്ങിയ താലമാണ് അവര്‍ കണികാണുക.
മറാത്തികളുടെയും കൊങ്കണികളുടെയും പരമ്പരാഗതമായ പുതുവര്‍ഷാഘോഷമാണ് ‘ഗുഡിപദ്‌വ’ (ഗുഡിപഡ്‌വ). വസന്തോത്സവം. ചൈത്രമാസത്തിന്റെ ആദ്യദിനത്തില്‍. വീടുകള്‍ നിറങ്ങള്‍ ചാര്‍ത്തി അലങ്കരിക്കുന്നു. വര്‍ണാഭമായ രംഗോലികളിടുന്നു. ഗുഡിധ്വജവുമായി (മുകളില്‍ വെള്ളി അല്ലെങ്കില്‍ ചെമ്പ് പാത്രങ്ങള്‍ കമഴ്ത്തിയതും പൂക്കള്‍, മാമ്പഴം, വേപ്പിലകള്‍ എന്നിവ കൊണ്ട് അലങ്കരിച്ചതുമായ പതാക) ഘോഷയാത്രയും നൃത്തവും. പുതുവസ്ത്രവും വിഭവസമൃദ്ധമായ ഭക്ഷ്യപേയങ്ങളും.
തെലുഗുനാട്ടിലും കന്നഡദേശത്തും ഇതേ കാലത്ത് ‘ഉഗാദി’ (യുഗാദി) ആഘോഷിക്കുന്നു. യുഗാദി. വര്‍ഷാരംഭം. മേഷസംക്രാന്തി. ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണശേഷം കലിയുഗം ആരംഭിച്ച ദിനം. തറയില്‍ ‘മുഗ്ഗുലു’ എന്ന കോലംവര. വീട്ടുവാതിലില്‍ മാവിലകൊണ്ടുള്ള തോരണങ്ങള്‍. മാങ്ങ, പുളി, ശര്‍ക്കര, ഉപ്പ്, മുളക്, വേപ്പിന്‍പൂവ് എന്നിവ ചേര്‍ത്ത സവിശേഷപാനീയമാണ് അവരുടെ ആഘോഷവിഭവങ്ങളില്‍ പ്രധാനം. തെലുഗിലതിന് ‘ഉഗാദിപ്പച്ചടി’ എന്നും കന്നഡയില്‍ ‘ബേബുബെള്ള’ എന്നും പേര്‍.
തമിഴ്‌നാട്ടിലെ വിഷുവാഘോഷമാണ് ‘പുത്താണ്ട്’. ‘ചിത്തിരനാള്‍’ എന്നും പേരുണ്ട്. കേരളത്തിലെ വിഷുവും തമിഴ്‌നാട്ടിലെ പുത്താണ്ടും ഒരേ ദിവസമാണ് വരാറ്. പുത്താണ്ടിന് തലേന്ന് വീടും പരിസരവും വൃത്തിയാക്കും. പുതുവസ്ത്രങ്ങള്‍ ധരിക്കുകയും പരസ്പരം ആശംസകള്‍ പങ്കിടുകയും ചെയ്യും. മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് സമ്മാനങ്ങളും പണവും നല്‍കും. വീടുകള്‍ക്കു മുന്നില്‍ കോലമൊരുക്കും. ചക്കയും മാങ്ങയും വാഴപ്പഴവും ദര്‍പ്പണവും മറ്റു മംഗളവസ്തുക്കളും കണികാണുന്നു.
നേപ്പാള്‍, തായ്‌ലന്റ്, മ്യാന്മാര്‍, ശ്രീലങ്ക, ബാലി, മൊറീഷ്യസ് എന്നീ രാജ്യങ്ങളിലും വിഷു സംക്രമത്തോടനുബന്ധിച്ച് സമാനമായ ആഘോഷങ്ങള്‍ നടന്നുവരുന്നുണ്ട്.
ഓണവും വിഷുവുമൊക്കെ കേരളീയര്‍ക്ക് കാവ്യോത്സവങ്ങള്‍ കൂടിയാണല്ലോ. വിഷുക്കാലമെത്തിയാല്‍ കവിമനസ്സുകള്‍ക്ക് പൂക്കാതിരിക്കാനാവില്ല. കവിമനസ്സുകളിലും വിഷുപ്പക്ഷിയുടെ പാട്ട് മൂളിയെത്തും.
”മലയജമുരസിപ്പരിമളമേകും
കാട്ടില്‍ വിഷുവേല;
മേടപ്പുലരി കൊളുത്തും തങ്ക-
വിളക്കിന്‍ വിഷുവേല;
പൗര്‍ണമിവയ്ക്കും വെള്ളിവിളക്കിന്‍
മംഗള വിഷുവേല
പട്ടംകെട്ടിയ മലകള്‍ നിരക്കും
ദിക്കിന്‍ വിഷുവേല
തങ്കപ്പൂവണി മലയാളത്തിന്‍
കാവില്‍ വിഷുവേല.”
പറയണോ! പി. കുഞ്ഞിരാമന്‍ നായരാണ്. മലയാളക്കാവിലെ വിഷുവേലയുടെ കാവ്യവൈഖരി. അക്കിത്തത്തിന്റെ ‘വിഷുക്കണി’യില്‍ ഗുരുപവനപുരത്ത് ഭവല്‍ത്തിരുമുഖത്തിന്റെ ദിവ്യദര്‍ശനാനുഭൂതി മോഹിച്ചുനില്‍ക്കുന്ന കവിമനസ്സിന്റെ പ്രാര്‍ത്ഥനയാണുള്ളത്. ”കണ്ണീരുവറ്റാത്ത കണ്ണിറുക്കിപ്പിടി-/ച്ചിന്നിതാ, നടയില്‍ ഞാന്‍ നില്‍പ്പൂ/ കണികണ്ടു കാലസ്ഥലങ്ങള്‍തന്‍ കേന്ദ്രസ്ഥ-/ മണിവര്‍ണരുചിയിലാറാടാന്‍!… /ഇരുളും വെളിച്ചവും തുല്യമാക്കിബ്ഭവാ-/നിരുപുറത്തേക്കും വകഞ്ഞാല്‍/ അവശിഷ്ടബിന്ദുവാം വിഷുവിന്റെ സുമുഹൂര്‍ത്ത-/ച്ഛവിയില്‍ നിന്‍ കരുണയില്‍ മുങ്ങാന്‍!”
തന്റെ പെണ്ണുകാണല്‍ വൈലോപ്പിള്ളിക്ക് വിഷുക്കണിദര്‍ശനം പോലെയായിരുന്നത്രേ. ”ആ വിഷുക്കണി കണ്ടും കൈനേട്ടം മേടിച്ചുമെന്‍/ ജീവിതം മുന്‍കാണാത്ത ഭാഗ്യത്തെയല്ലോ നേടി!” എന്നാണ് ‘വിഷുക്കണി’യില്‍ വൈലോപ്പള്ളിയുടെ സ്മൃതിധാര. ‘വിഷുപ്പുലരി’യില്‍ സുഗതകുമാരിയുടെ വാത്സല്യം ഇങ്ങനെ:
”നല്ലോണ്ണം നല്ലോണ്ണം കണ്ടോളൂ
നല്ലതുതന്നെ വരുമല്ലോ
കണ്‍മിഴിച്ചിങ്ങനെ നിന്നാലോ
കുഞ്ഞിക്കയ്യിങ്ങോട്ടു കാണട്ടെ,
അമ്മയിക്കയിലൊരുമ്മ വെയ്ക്കാം.
പിന്നൊരു തൂവെള്ളിത്തുട്ടുവയ്ക്കാം”
അയ്യപ്പപ്പണിക്കരുടെ ‘പൂക്കാതിരിക്കാനെനിക്കാവതില്ലേ’, ഒ.എന്‍.വി.യുടെ ‘എന്തിനിന്നും പൂക്കുന്നു കൊന്ന’ തുടങ്ങിയ കവിതകളില്‍ വിഷുക്കാലത്തിന്റെ കര്‍ണികാരപ്രഭയുണ്ട്. അനവധി ഗാനങ്ങളില്‍ വിഷുപ്പൂത്തിരികള്‍ ഒളിമിന്നിയിട്ടുണ്ട്.
സാഹിത്യത്തെ എന്നും തരളിതമാക്കിയിട്ടുണ്ട് വിഷു. ഓണമെന്നപോലെ. കഥകളിലും കവിതകളിലും ഓര്‍മ്മക്കുറിപ്പുകളിലും ആത്മാനുഭവങ്ങളിലുമെല്ലാം. നന്തനാരുടെ ‘കൊന്നപ്പൂക്കള്‍’ എന്ന കഥയില്‍ അച്ഛനൊപ്പം ഉച്ചയുറക്കത്തിന് കൂട്ടുകിടന്ന കുട്ടി ഉറങ്ങാതെ ജനാലപ്പുറത്തേക്ക് നോക്കിയപ്പോള്‍ പൂത്തുനില്ക്കുന്ന കൊന്നമരം. ”വിഷുക്കാലമാകുമ്പോഴേക്കും കൊന്നമരം പൂക്കള്‍കൊണ്ടു നിറയുകയായി. എല്ലാ കൊല്ലവും വിഷുക്കണിക്കാവശ്യമായ പൂക്കള്‍ അറുത്തെടുക്കും. ബാക്കിവരുന്ന പൂക്കള്‍ അയല്‍ക്കാര്‍ക്കു കൊടുക്കും. വിഷുപ്പിറ്റേന്ന് കൊന്നമരത്തില്‍ മരുന്നിനുപോലും ഒരൊറ്റ പൂ ബാക്കിയുണ്ടാവില്ല. അരഞ്ഞാണച്ചരടു കെട്ടാത്ത കുട്ടിയെ കാണുമ്പോഴത്തെ അഭംഗിയാണപ്പോള്‍ കൊന്നമരത്തിന്”. കൊന്നമരത്തിന്റെ ഭാവപ്പകര്‍ച്ചയിലൂടെ ഒരു കുഞ്ഞുമനസ്സിലെ വിഷുസ്മൃതികള്‍ വരച്ചിടുകയായിരുന്നു നന്തനാര്‍.
”വിഷുത്തലേന്ന് ഉറങ്ങാന്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ നെറ്റിയില്‍ വട്ടപ്പൊട്ട് തൊട്ടിരിക്കണമെന്ന നിര്‍ബന്ധം അമ്മയ്‌ക്കെന്നപോലെ അച്ഛനുമുണ്ടായിരുന്നു. കണികാണുംനേരം സുന്ദരമായ മുഖം കണ്ണാടിയില്‍ പ്രതിഫലിക്കണമത്രേ”. പ്രശസ്ത കഥാകൃത്ത് രജനീ സുരേഷിന്റെ ഗൃഹാതുരസ്മൃതിയാണ്. ‘വള്ളുവനാടന്‍ വിഷുക്കുടുക്ക’ എന്ന ഓര്‍മ്മപ്പുസ്തകത്തില്‍. ബാല്യകാലസ്മൃതികളില്‍ നമ്മുടെ ഓരോരുത്തരുടെയും മനസ്സില്‍ വിഷുപ്പൂത്തിരികള്‍ കത്തിയുയര്‍ന്നു വരാറുണ്ട്. ആവര്‍ത്തനമെങ്കിലും ഓരോ കണികാണലും നമുക്ക് നവ്യമായ അനുഭൂതിയാണ്. സ്വന്തം ജീവിതസൗഭാഗ്യപ്രതീക്ഷയാണ് ഓട്ടുരുളിയിലെ വാല്‍ക്കണ്ണാടിയില്‍ പ്രതിബിംബിക്കുന്നത്. കണിവെളിച്ചത്തില്‍ നാമത് വീണ്ടുംവീണ്ടും കാണുകയാണ്. വിടര്‍ന്ന കണ്ണുകളോടെ. മടുപ്പേതുമില്ലാതെ.
പക്ഷെ, മുച്ചൂടും കൃഷി മുടിഞ്ഞുപോയ പുതിയ കേരളത്തില്‍ വിഷു പൊള്ളയായ ഒരാചാരം മാത്രം. ”എങ്ങുപോയാവോ കൊന്നമരത്തിന്‍ പൊന്‍ഭണ്ഡാരം?” വിഷുക്കാലത്തിന്റെ ഭൂതവര്‍ത്തമാനങ്ങളിലേക്ക് വിരല്‍ചൂണ്ടിയാണ് എന്‍.വി. കൃഷ്ണവാരിയര്‍ ഇങ്ങിനെ തപിച്ചത്. ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പിനു സമാനം വിഷുപ്പിറ്റേന്ന് കാലത്ത് കുട്ടികള്‍ മുറ്റത്ത് പടക്കക്കുറ്റികള്‍ പെറുക്കി തീയിട്ടു കളിക്കുമ്പോലെ വിഷുസംസ്‌കൃതി ഉമിനീരുകൂട്ടി അയവിറിക്കാം, ഊഷരമായിക്കൊണ്ടിരിക്കുന്ന കേരളീയമനസ്സിന്.