- ഡോ. ലക്ഷ്മണ്‍ വാസുദേവ് പരംജ്‌പേ (ധ്യേയദീപങ്ങള്‍ 1)
- നാരായണ്‍ പാണ്ഡുരംഗ ഭാഗവത് (നാനാ സാഹേബ് ഭാഗവത്)
- മന:ശക്തിയുടെ മാതൃക
- പണ്ഡിറ്റ് പ്രേംനാഥ് ഡോഗ്ര (അജാതശത്രു)
ജമ്മു – കാശ്മീരിന്റെ ഭാരതത്തോടുള്ള ലയനം പൂര്‍ണ്ണമാക്കുന്നതിന് മുഖ്യപങ്കുവഹിച്ച പണ്ഡിറ്റ് പ്രേംനാഥ് ഡോഗ്ര 1894 ഒക്ടോബര്‍ 23-ാം തീയതി ജമ്മുവില്‍ സമേല്‍പൂര്‍ ഗ്രാമത്തില്‍ പണ്ഡിറ്റ് അനന്തറായിയുടെ കുടുംബത്തില്‍ ജനിച്ചു. ജമ്മു – കാശ്മീര്‍ മഹാരാജാ രണവീര്‍ സിംഹിന്റെ കാലത്ത് പണ്ഡിറ്റ് അനന്തറായി രണവീര്‍ സര്‍ക്കാര്‍ പ്രസ്സിന്റേയും പിന്നീട് ലാഹോറില്‍ കാശ്മീര്‍ ഭൂസ്വത്തിന്റെയും മാനേജറായി പ്രവര്‍ത്തിച്ചു. ലാഹോറില്‍ അദ്ദേഹം രാജാധ്യാന്‍സിംഹിന്റെ കൊട്ടാരത്തില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ട് പ്രേംനാഥ് ജിയുടെ വിദ്യാഭ്യാസവും ലാഹോറില്‍ത്തന്നെയായിരുന്നു. പ്രേംനാഥ് ജി പഠിത്തത്തിലും കളികളിലും എപ്പോഴും മുന്നില്‍ തന്നെയായിരുന്നു. എഫ്. ജി കോളേജില്‍ നടന്ന മത്സരങ്ങളില്‍ 100 മീറ്റര്‍, 400 മീറ്റര്‍, അരമൈല്‍,ഒരുമൈല്‍ തുടങ്ങിയ എല്ലാ ഓട്ടമത്സരങ്ങളിലും അദ്ദേഹമായിരുന്നു വിജയിച്ചിരുന്നത്. ഇതിനാല്‍ പഞ്ചാബിലെ അന്നത്തെ ഗവര്‍ണറില്‍ നിന്നും അദ്ദേഹത്തിന് പ്രത്യേക സമ്മാനങ്ങള്‍ തന്നെ കിട്ടിയിട്ടുണ്ട്. അക്കാലത്ത് അദ്ദേഹത്തിന് സമ്മാനമായി കിട്ടിയ ഒരു ‘പോക്കറ്റ് വാച്ച്’ വളരെക്കാലം വീട്ടില്‍ സുരക്ഷിതമായി വെച്ചിരുന്നു. അദ്ദേഹം നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനുമായിരുന്നു.
വിദ്യാഭ്യാസത്തിനു ശേഷം ഭരണത്തിന്റെ അനവധി പദവികളില്‍ ജോലി ചെയ്ത ശേഷം 1931 ല്‍ അദ്ദേഹം മുജഫറാബാദിന്റെ ‘വാജീര്‍ വാജാറത്ത്’ ജില്ല കാര്യദര്‍ശിയായി.
ആ കാലഘട്ടം ഷെയ്ക്ക് അബ്ദുല്ലായുടെ ‘കാശ്മീര്‍ വിടുക’ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്ന കാലമായിരുന്നു. അദ്ദേഹം ആ പ്രക്ഷോഭത്തിന് അധികം പ്രാധാന്യം കൊടുക്കാതെ തന്ത്രപരമായ സമീപനം സ്വീകരിച്ചു. എന്നാല്‍ ഭരണകൂടം ബലപ്രയോഗം ആഗ്രഹിക്കുന്നു എന്ന ഘട്ടം വന്നപ്പോള്‍ അദ്ദേഹം ജോലി ഉപേക്ഷിക്കാന്‍ തയ്യാറായി. അതിനുശേഷം പണ്ഡിറ്റ് ജി ജനസേവനകാര്യത്തില്‍ മുഴുകി. 1940ല്‍ അദ്ദേഹം ആദ്യമായി പ്രജാസഭ സദസ്യനായി തെരഞ്ഞെടുക്കപ്പെട്ടു. ജമ്മു – കാശ്മീരില്‍ അന്തരീക്ഷം വളരെ വഷളായിക്കൊണ്ടിരുന്നു. മഹാരാജാ ഹരിസിംഹജിക്ക് രാജ്യഭരണം ഒഴിയേണ്ടിവന്നു. പ്രധാനമന്ത്രി നെഹ്‌റുവിന്റെ പിന്തുണയോടെ രാജകീയ അധികാരം കയ്യടക്കാന്‍ ഷെയ്ക്ക് അബ്ദുള്ള ആഗ്രഹിച്ചു.
ഷെയ്ക്ക് അബ്ദുള്ള സ്വതന്ത്ര കാശ്മീരിനു വേണ്ടി ‘പ്രത്യേകം പ്രധാനമന്ത്രി, പ്രത്യേക ഭരണഘടന, പ്രത്യേക പതാക’ എന്ന മുദ്രാവാക്യം വ്യാപകമായി മുഴക്കി തുടങ്ങി. കാശ്മീര്‍ താഴ്‌വരയില്‍ മുസ്ലിം ജനസംഖ്യ അധികമായതിനാല്‍ അവിടെ ഭാരതീയ ത്രിവര്‍ണ്ണ പതാകയുടെ സ്ഥാനത്ത് അബ്ദുള്ളയുടെ ചുവപ്പും പച്ചയും കലര്‍ന്ന പതാക വ്യാപകമായി പറന്നു തുടങ്ങി.
അന്ന് ജമ്മു – കാശ്മീരില്‍ സര്‍വ്വകാര്യങ്ങളും ദേശീയ താല്പര്യത്തിനെതിരായിരുന്നു. അതിനാല്‍ പണ്ഡിറ്റ് പ്രേംനാഥ് ഡോഗ്രയുടെ നേതൃത്വത്തില്‍ പ്രജാപരിഷത്ത് ആരംഭിച്ചു. ‘ഒരു രാജ്യത്ത് ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന, ഒരു പതാക (ഏക് ദേശ് മേം ഏക് പ്രധാന്‍ ഏക് വിധാന്‍, ഏക് നിശാന്‍)’ എന്ന മുദ്രാവാക്യവുമായി പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി പണ്ഡിറ്റ്ജി മൂന്നുപ്രാവശ്യം ജയിലിലായി. ജയിലില്‍ അദ്ദേഹത്തിന് വളരെയധികം യാതനകള്‍ സഹിക്കേണ്ടി വന്നു. അദ്ദേഹത്തിന് കിട്ടേണ്ടിയിരുന്ന പെന്‍ഷനും തടയപ്പെട്ടു. എങ്കിലും അദ്ദേഹം ഒട്ടും തലകുനിക്കാന്‍ തയ്യാറായില്ല.
പിന്നീട് ഭാരതീയ ജനസംഘത്തിന്റെ അദ്ധ്യക്ഷനായിരുന്ന ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെനേതൃത്വത്തില്‍ കാശ്മീരിന്റെ ലയനത്തിനായുള്ള പ്രക്ഷോഭം ആരംഭിച്ചു. 1953 ജൂണ്‍ 23 ന് ശ്രീനഗര്‍ ജയിലില്‍ ഡോ. മുഖര്‍ജി സംശയാസ്പദമായ നിലയില്‍ കൊല ചെയ്യപ്പെട്ടു.
ആ സമയത്ത് പണ്ഡിറ്റ്ജിയും ജയിലിലായിരുന്നു. ഡോ. മുഖര്‍ജിയുടെ മൃതശരീരം ദല്‍ഹിയില്‍ എത്തിച്ചു. തുടര്‍ന്ന് കല്‍ക്കത്തക്ക് കൊണ്ടുപോയി. പ്രേംനാഥ്ജിയും അതേ വിമാനത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം ദല്‍ഹിയില്‍ ഇറങ്ങി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കണ്ട് കാശ്മീരിലെ സ്ഥിതിഗതികളെല്ലാം ധരിപ്പിച്ചു.
കുറച്ചു കാലത്തിനു ശേഷം പ്രജാപരിഷത്ത് ജനസംഘത്തില്‍ ലയിപ്പിച്ചു. പണ്ഡിറ്റ്ജി ഒരു വര്‍ഷം ജനസംഘത്തിന്റെ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു. 1957-ല്‍ ജമ്മു നഗരത്തില്‍ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1972 വരെ എല്ലാ തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. ജമ്മു – കാശ്മീരിലെ ഹിതപരിശോധനയെ കുറിച്ചു അദ്ദേഹം പറഞ്ഞത് ലയനം സംബന്ധിച്ച് കരാറില്‍ ഒരു പരാമര്‍ശവും ഇല്ലെന്നും അതുകൊണ്ടുതന്നെ ലയനം ഒരു തര്‍ക്കവിഷയമല്ലെന്നുമായിരുന്നു.
പണ്ഡിറ്റ്ജിക്ക് രാഷ്ട്രീയ സ്വയം സേവക സംഘത്തോട് അളവറ്റ ആദരവുണ്ടായിരുന്നു. അന്നത്തെ സര്‍സംഘചാലക് ശ്രീ ഗുരുജി അദ്ദേഹത്തിന്റെ വീട്ടില്‍ അനവധി പ്രാവശ്യം താമസിച്ചിട്ടുണ്ട്. അത്തരം ശ്രേഷ്ഠമായ സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മഹദ് വ്യക്തി – ശ്രീ പണ്ഡിറ്റ് പ്രേം നാഥ് ഡോഗ്ര – 1972 മാര്‍ച്ച് 21ന് കച്ചികണ്‍ ഡോമെന്റിലെ വസതിയില്‍ അന്തരിച്ചു.
വിവര്‍ത്തനം
എസ്. സേതുമാധവന്‍

















