സംഘത്തിന്റെ ആരംഭം മുതല്‍ക്കുള്ള കാര്യകര്‍ത്താവായിരുന്നു ഡോ. അണ്ണാ സാഹേബ് ദേശ്പാണ്ഡേ. 1890 ഡിസംബര്‍ ഏഴാം തീയതി വാര്‍ദ്ധജില്ലയിലെ ആഷ്ടിഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. നാഗ്പൂരില്‍ പ്രാഥമിക വിദ്യഭാസകാലം മുതല്‍ അദ്ദേഹവും ഡോക്ടര്‍ജിയും ഉറ്റ മിത്രങ്ങളായി. അദ്ദേഹത്തിന്റെ ഭവ്യമായ പെരുമാറ്റവും സംസാരശൈലിയുമെല്ലാം ഡോക്ടര്‍ജിയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു. പിന്നീട് അദ്ദേഹം അമരാവതിയില്‍ ചെന്ന് ശാസ്ത്ര വിഷയത്തില്‍ ഇന്‍ന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയ ശേഷം മുംബയില്‍ നിന്നും എംബിബിഎസ്സ് ബിരുദമെടുത്തു. പിന്നീട് അമരാവതി ജില്ലയില്‍ പരത് വാസയില്‍ തന്റെ ചികിത്സാ കേന്ദ്രം ആരംഭിച്ചു. നാലു വര്‍ഷത്തിനുശേഷം ആര്‍വിയിലേക്ക് താമസം മാറ്റി. ഡോക്ടര്‍ജി സംഘം ആരംഭിച്ചതു മുതല്‍ അണ്ണാ സാഹേബ്പൂര്‍ണ്ണമായുംനിഷ്ഠയോടെഡോക്ടര്‍ജിയോടൊപ്പം സംഘപ്രവര്‍ത്തനത്തില്‍ വ്യാപൃതനായി.
അണ്ണാ സാഹേബ് ചികിത്സാ രംഗത്ത് കാര്യമായ കീര്‍ത്തി നേടി കഴിഞ്ഞിരുന്നു. പാവപ്പെട്ടരോഗികളോട് വളരെ സഹാനുഭൂതിയോടെ ആയിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. വളരെ ദൂരെയുള്ള ഗ്രാമങ്ങളില്‍ വരെ അദ്ദേഹം രോഗികളെ ചികിത്സിക്കാന്‍ പോകാറുണ്ടായിരുന്നു. എന്നാല്‍ അതിനായി അധികം പണം വാങ്ങിയിരുന്നില്ല. സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നിട്ടും ധാരാളം മുസ്ലീങ്ങള്‍ക്ക് അദ്ദേഹത്തില്‍ അളവറ്റ വിശ്വാസമുണ്ടായിരുന്നു.
സംഘകാര്യത്തോടൊപ്പം കോണ്‍ഗ്രസ്സിലും മറ്റുപല സാമാജിക കാര്യങ്ങളിലും അണ്ണാ സാഹേബ് താത്പര്യമെടുത്തിരുന്നു. ആര്‍വിയില്‍ അദ്ദേഹം ഒരു ബാലികാ വിദ്യാലയം ആരംഭിച്ചു. 1928 മുതല്‍ 30 വരെ അദ്ദേഹം പ്രാദേശികബോര്‍ഡ് അദ്ധ്യക്ഷനായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ചു വനസത്യഗ്രഹത്തിലും പിന്നീട് ഉപ്പുസത്യഗ്രഹത്തിലും പങ്കെടുത്ത് അദ്ദേഹം ജയില്‍വാസം വരിച്ചു. സംഘം നിരോധിക്കപ്പെട്ട അവസരത്തിലും അദ്ദേഹം ജയില്‍വാസം വരിക്കയുണ്ടായി.
ശാഖ വികാസത്തിനായി അദ്ദേഹം വളരെയധികം യാത്ര ചെയ്തിരുന്നു.വാര്‍ദ്ധക്യം പരിഗണിച്ച് ആരെങ്കിലും അദ്ദേഹത്തോട് യാത്ര കുറക്കണമെന്ന് പറയുമ്പോള്‍ ‘എന്നെ ഇത് ചെയ്യാന്‍ അനുവദിക്കൂ’ ഈ പ്രവര്‍ത്തനത്തിലൂടെ കുറച്ചുകൂടി അധികം കാലം എനിക്ക് ജീവിക്കാന്‍ കഴിയും’ എന്ന് പറയുമായിരുന്നു. യാത്രാ സമയത്ത് തന്റെ സ്വന്തം സാധനങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് എടുപ്പിക്കുമായിരുന്നില്ല. അദ്ദേഹം വിഭാഗ് സംഘചാലകനായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രായാധിക്യവും സംഘചാലകനെന്ന പദവിയും കണക്കിലെടുത്ത് താമസത്തിന് പ്രത്യേകം വ്യവസ്ഥ ചെയ്താല്‍ ‘എന്നെ നിങ്ങള്‍ എല്ലാവരില്‍ നിന്നും എന്തിനാണ് മാറ്റി നിറുത്തുന്നത്? എല്ലാവരുമൊത്തുള്ള താമസമാണ് എനിക്ക് സൗകര്യപ്രദം’എന്ന് പറയുമായിരുന്നു. അദ്ദേഹത്തിന്റെ മന:ശക്തി വളരെ ഉന്നത നിലയിലായിരുന്നു. ഏത് പരിതഃസ്ഥിതിയിലും സംഘകാര്യം ചെയ്തുകൊണ്ടേയിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
1960 ല്‍ ആര്‍വിയില്‍ വെച്ചു നടന്ന സംഘശിക്ഷാ വര്‍ഗ്ഗില്‍ അദ്ദേഹം സര്‍വാധികാരിയായിരുന്നു. ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കള്ളന്‍ കയറി 35,000 രൂപ കൊള്ളചെയ്തു. ഇന്നത്തെക്കാലത്ത് അതിന്റെ മൂല്യം 35 ലക്ഷത്തോളം വരും. എത്ര വര്‍ഷത്തെ സമ്പാദ്യമാണതെന്ന് അദ്ദേഹത്തിന് തന്നെ അറിഞ്ഞുകൂടായിരുന്നു. എന്നാല്‍ സ്ഥിതപ്രജ്ഞനായ അണ്ണാസാഹേബ് ‘ഭഗവാന്‍ എല്ലാം നഷ്ടപ്പെടുത്തികൊണ്ട് സര്‍വ കുഴപ്പങ്ങളില്‍നിന്നും എന്നെ വിമുക്തനാക്കിയിരിക്കുന്നു, വളരെ നന്നായി’ എന്നു പറഞ്ഞ് തുടര്‍ന്നും പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി.
ഒരിക്കല്‍ വിദര്‍ഭപ്രാന്തത്തില്‍ 10,000 സ്വയംസേവകര്‍ പങ്കെടുത്ത ഒരു വലിയ ശിബിരം നടക്കുകയായിരുന്നു. സംഘചാലകന്മാരുടെ താമസ സ്ഥലത്തിനടുത്തായി ഉപയോഗശൂന്യമായ ഒരു കിണറുണ്ടായിരുന്നു. അബദ്ധത്തില്‍ അദ്ദേഹം അതില്‍ വീണു. കിണറ്റില്‍ അധികം വെള്ളമുണ്ടായിരുന്നില്ല. മറ്റുള്ളവര്‍ അദ്ദേഹത്ത കയറ്റി.അദ്ദേഹത്തിന്റെ അരക്കെട്ടില്‍ കാര്യമായ വേദനയുണ്ടായി. എന്നാല്‍ അദ്ദേഹം അത്യാവശ്യം മരുന്നെല്ലാം പുരട്ടി ഗണവേഷം ധരിച്ച് സംഘസ്ഥാനിലേക്ക് പോയി. വിവരമറിഞ്ഞ് ശ്രീഗുരുജി അദ്ദേഹത്തെ കാണാന്‍ എത്തിയപ്പോള്‍ അറിഞ്ഞത് നാനാജി സംഘസ്ഥാനില്‍ പോയി എന്നതായിരുന്നു.
ഒരിക്കല്‍ കാളവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ വണ്ടി മറിഞ്ഞ് പരിക്ക് പറ്റി. എന്നാല്‍ സുഖപ്പെട്ട ഉടനെ അദ്ദേഹം യാത്ര തുടങ്ങി. ജീവിതാവസാനം വരെ സജീവ പ്രവര്‍ത്തനനിരതനായ അദ്ദേഹം 1974 നവംബര്‍ 25-ാം തീ യതി എന്നന്നേക്കുമായി തന്റെ ജീവിത യാത്ര അവസാനിപ്പിച്ചു.
വിവർത്തനം
എസ്. സേതുമാധവൻ





















