ഒക്ടോബര്‍ 11 നവരാത്രി ആരംഭം
സരസ്വതീ വീണയിലുണരുന്ന സ്വരവര്‍ണ്ണ സാരസ്വതം ദേശീയതയുടെ സാരസര്‍വ്വസ്വഗീതകമാണ്. ഭാരതാംബയുടെ ഭാവരാഗതാളങ്ങളില്‍ അത് കുങ്കുമാക്ഷരങ്ങളുടെ നവരാത്രി കല്യാണസൗഗന്ധികം വിടര്‍ത്തുന്നു. സര്‍വ്വചരാചരങ്ങളുടെയും അസ്തിത്വമുള്‍ക്കൊള്ളുന്ന ഗര്‍ഭപാത്രമാണ് അമ്മ. നിത്യയും ജഗദാദ്യയും പരയും മൂലപ്രകൃതിയും വരദയും മംഗളാത്മികയും ജ്ഞാനാംബികയുമായ പരബ്രഹ്മത്തിന്റെ വിഭൂതി മുഹൂര്‍ത്തങ്ങള്‍ അമൃത വര്‍ഷം പൊഴിയ്ക്കുന്ന ജ്ഞാന നിശായജ്ഞമാണ് നവരാവുകളുടെ ആഘോഷാനുഷ്ഠാന പദ്ധതി. സ്‌നേഹധര്‍മ്മ മാനവതയുടെ മധുരാക്ഷരങ്ങളില്‍ അക്ഷമാലയില്‍ ജീവനകൗതുകത്തിന്റെ സാന്ദ്രാനന്ദം മന്ത്രജപം നേടുന്നു. അക്ഷരം ആയുധമായും വിദ്യ അമൃതമായും ശിവശക്തി സത്യശിവസൗന്ദര്യമായും ദിവ്യമംഗള രാവുകളില്‍ ചേതനാ പ്രതിഷ്ഠയില്‍ വിലയിക്കുന്നു. ജ്ഞാനാനന്ദ സരസ്വതിയായ് ചിദാകാശ പ്രത്യയങ്ങള്‍ ആനന്ദനടനത്തിലാണ്. മാതൃരാഷ്ട്രത്തെയും മാതൃശക്തിയെയും നാരീകുലത്തെയും വന്ദിച്ച് സാക്ഷാത്ക്കരിക്കാനും മാനവവംശത്തെ ജീവിതവ്യമായ കലാരഥ്യയായി രൂപാന്തരപ്പെടുത്താനും നവരാത്രി നവവിഭൂതികള്‍ പ്രതീക പ്രത്യക്ഷമാകുന്നു; ‘വന്ദേമാതരം’ ഉള്‍ത്തുടിപ്പായി ഉയരുന്നു.
അഭിനവ ശക്തിചേതനാ സങ്കല്‍പ്പത്തിലൂടെ രാഷ്ട്രാഭിമാനത്തെയും രാഷ്ട്രജീവിതത്തെയും പുനഃസൃഷ്ടിക്കുന്ന ധന്യധന്യമായ ആചാരാനുഷ്ഠാന വിധി പ്രാര്‍ത്ഥനകളാണ് ശക്തിപൂജയുടെ സമഗ്രസൗന്ദര്യം. പൈതൃകസംസ്‌കൃതിയുടെ ഊര്‍ജ്ജ പ്രവാഹിനി മൂല്യസങ്കല്‍പ്പ പ്രമാണമായും രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ ചിന്താപദ്ധതിയായും സാമൂഹ്യ സേവാസേവനവുമായും ദേവീ ശക്തി ഭക്തിമന്ദാരങ്ങളിലൂടെ ചിരപ്രതിഷ്ഠ നേടുകയാണ്. മനുഷ്യനില്‍ നിന്ന് അതീത മനുഷ്യനിലേക്കെന്ന അരവിന്ദ ദര്‍ശനത്തിന്റെ ആനന്ദയാനമാണ് ഈ ആഘോഷവേള. ജ്ഞാനശക്തിയും ഇച്ഛാശക്തിയും ക്രിയാശക്തിയും ലയനമാര്‍ന്ന് ധാര്‍മ്മികശക്തിയായി രാഷ്ട്രത്തിന്റെ പരമവൈഭവം പ്രോജ്ജ്വലിപ്പിക്കുന്ന വിദ്യാമാര്‍ഗ്ഗമാണ് പൂജാകാലം അരുളുന്നത്. രാഷ്ട്രത്തിന്റെ ഉണ്മയെ ഉജ്ജ്വലിപ്പിക്കുന്ന ഈ മഹിതസന്ദേശമാണ് നവരാത്രിയുടെ ശംഖനാദം. ഉപാസനാമാര്‍ഗ്ഗത്തിലെ ഉപനിഷത്തായ ശ്രീചക്രവും ശ്രീവിദ്യോപാസനയും പുണ്യരാവുകളുടെ ആത്മതന്തീലയ നാദം മുഴക്കുന്നു. ഒരൊറ്റ ബിന്ദുവിന്റെ വികാസമായി നവാവരണമുള്ള ശ്രീചക്രം രൂപപ്പെടുന്നു. പിന്നീടത് അതേ കേന്ദ്രബിന്ദുവിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന പ്രക്രിയയാണ് ശ്രീവിദ്യോപാസനയുടെ സാഫല്യം. ആത്മസത്തയും വിശ്വസത്തയും ഏകസത്യമെന്നറിയുന്ന ഉണര്‍വാണ് ശ്രീവിദ്യോപാസനയിലൂടെ സാധകന്‍ നേടുന്നത്. ഇതിനുള്ള പ്രതീകോപാധിയാണ് ശ്രീചക്രം. ശിവശക്തി സംലയനമാണ് ശ്രീചക്രതത്ത്വം. ജ്ഞാനാഗ്നിയുടെ മഹാജിഹ്വയില്‍ വിദ്യോപനിഷത്തിന്റെ അക്ഷരലക്ഷം കുറിക്കുക മഹാസരസ്വതിയാണ്. ‘വിദ്യയാ അമൃതത്ത്വമാനശൂ’, ‘നഹിജ്ഞാനേന സഹിതം പവിത്രമിഹ വിദ്യതേ,’ ‘വിദ്യാ ഗുരൂണാംഗുരു’ – പരമരുചിരമായ വിദ്യാപൈതൃകത്തിന്റെ സംസ്‌കൃതിപ്പൊരുളാണത്. ബോധാബോധത്തില്‍ ഉദിച്ചുനില്‍ക്കുന്ന പൂര്‍ണ്ണിമയായ പ്രകൃതിയുടെ ദിവ്യസന്ദേശം സാധകന്‍ സ്വാംശീകരിക്കുന്നു. ജ്ഞാനാംബികയില്‍ പ്രസരിക്കുന്ന ജ്ഞാനാനന്ദം തന്നെ മോക്ഷവിഭൂതിയെന്ന് അക്ഷരരാവുകളുടെ പുണ്യമോതുന്നു. ദേശീയധാരയുടെ ധര്‍മ്മപ്രരൂപങ്ങളിലേക്കും, അന്തര്‍നിഹിതമായ ആത്മവൈഭവ സങ്കേതങ്ങളിലേക്കും ഐക്യത്തിന്റെ സമരസമായ സന്നിധിയിലേക്കും പൂജാവേളയുടെ മണിനാദം ഉയര്‍ന്ന് കേള്‍ക്കാം.
ദശേന്ദ്രിയങ്ങളെ ദശദിനപൂജയില്‍ കീഴടക്കാനുള്ള ഈ മഹാഘോഷം ഭാരതത്തിന്റെ വിവിധയിടങ്ങളില്‍ വ്യത്യസ്തമായ ഉത്സവനാമങ്ങളിലാണ് പ്രസിദ്ധിയാര്‍ജ്ജിക്കുന്നത്. സ്വപ്‌നപ്പഴമകളും കല്പിത കഥകളും, ഐതിഹ്യങ്ങളും പഴമ്പുരാണങ്ങളും പുണ്യപുരാണങ്ങളും ഇതിഹാസങ്ങളും രാമായണ മഹാഭാരതാദി പൈതൃക പ്രോക്തമായ ചരിതങ്ങളും സാംസ്‌കാരിക ചരിത്ര സത്യങ്ങളും ചേര്‍ന്നു വൈവിധ്യ വൈചിത്ര്യ സങ്കല്‍പ്പ സുഷമകളും ഭൗതികാത്മീയ ചേതനാ സംസ്‌കൃതിയും ‘പൂജാവേള’യെ അക്ഷരയജ്ഞമായി അടയാളപ്പെടുത്തുന്നു. ദുര്‍ഗ്ഗാ ഭഗവതി മഹിഷാസുര മര്‍ദ്ദിനിയായവതരിച്ച് നേടിയ ധര്‍മ്മ വിജയഘോഷമാണ് ബംഗാളില്‍ ദുര്‍ഗ്ഗാപൂജ. പതിനഞ്ചാം ശതകത്തില്‍ വിജയ സാമ്രാജ്യാധിപതി കൃഷ്ണ ദേവരായര്‍ ആശ്വിന മാസം ശുക്ലപ്രഥമ മുതല്‍ പത്തുദിനം ആഘോഷിച്ചിരുന്ന ‘ദമ്പഴ് വിധ പാപഹര’ ‘ദസ്‌റാത്തും’ ‘ദസറ’ യുമായി. ഉത്തരേന്ത്യയില്‍ നവരാത്രിയുത്സവം രാവണ നിഗ്രഹത്തിന്റെ വിജയപ്പൊലിമയിലാണ്. ‘ആയുധ പൂജ’ യ്ക്കാണ് മദ്ധ്യ-പശ്ചിമ ദേശങ്ങളില്‍ പ്രാധാന്യം കല്പിക്കുന്നത്. തമിഴ്‌നാട്ടില്‍ മനോഹരമായ ദൈവിക ബിംബങ്ങള്‍ കണിയൊരുക്കുന്ന ‘ബൊമ്മക്കൊലു’വായി ഈ വിശേഷാവസരം വിളികൊള്ളുന്നു. ഭാരതത്തിന്റെ സമഗ്രമായ ഭൗതികാത്മീയ കാമനകളെ ഉണര്‍ത്തി നിര്‍ത്തുകയായിരുന്നു കാലങ്ങളിലൂടെ ദേവീപൂജാഘോഷം നേടിയെടുക്കുന്നത്. ശ്രീരാമചന്ദ്രന്‍ സീതാവിരഹ ദുഃഖവേളയിലാണ് കിഷ്‌ക്കിന്ധയില്‍ മഹാദേവിയെ ആരാധിക്കുന്നത്. തുടര്‍ന്നുള്ള രാവണനിഗ്രഹാദി രാമവിജയമെല്ലാം ദേവിയുടെ അനുഗ്രഹ ഫലമെന്നാണ് വിശ്വാസം. പാണ്ഡവന്മാരുടെയും വിശേഷിച്ച് അര്‍ജ്ജുനന്റെയും ദുര്‍ഗ്ഗാപൂജ ചരിതം മഹാഭാരതത്തില്‍ ദര്‍ശിക്കാം. പന്ത്രണ്ടുവര്‍ഷത്തെ വനവാസാനന്തരം പഞ്ചപാണ്ഡവന്മാര്‍ ശമീവൃക്ഷത്തിന്റെ കോടരത്തില്‍ സൂക്ഷിച്ച തങ്ങളുടെ ആയുധങ്ങള്‍ തിരിച്ചെടുത്ത് പടച്ചട്ടയണിഞ്ഞത് വിജയദശമിയുടെ സുദിനത്തിലാണെന്ന വിശ്വാസമുണ്ട്. ‘സ്‌കന്ദപുരാണ’ മനുസരിച്ച്, ശത്രുക്കള്‍ തുരത്തിയ രോഗിയായ സുകേതു രാജാവ് പഞ്ചവടിയില്‍ ദുര്‍ഗ്ഗയെ പൂജിച്ചാണ് രോഗമുക്തി നേടി നവ ജീവിതം കൈവരിച്ചത്. ധര്‍മ്മശാസ്ത്രത്തിന്റെയും ജ്ഞാന സ്വത്വത്തിന്റെയും ഭൂമികയില്‍ സംസ്‌കൃതിയുടെ പ്രത്യായനമാണ് നവരാവുകളുടെ ഉത്സവലഹരി.
കേരളീയ സാംസ്‌കാരികധാരയില്‍ വൈവിധ്യ വൈചിത്ര്യങ്ങളുടെ സഞ്ചാരചക്രം, ഏകമായ സത്തയില്‍ത്തന്നെ ദേവീസങ്കല്‍പ്പ വിഭൂതിയില്‍ വിലയിക്കുന്നു. ‘സര്‍വ്വം ഖല്വിദം ബ്രഹ്മ’ എന്ന ‘ഛാന്ദോഗ്യോപനിഷത്ത്’ ദര്‍ശനം തന്നെയാണ് ആത്മാന്വേഷണത്തിലൂടെ നിത്യനും നിരാമയനുമായ ഈശ്വരസങ്കല്‍പ്പത്തെ ഉണര്‍ത്തിയെടുക്കുന്നത്. ‘തത്ത്വമസ്യാദി’ വേദവാക്യങ്ങള്‍ ഇതിന്റെ അതീത നിര്‍വ്വചനമായി പ്രകാശിക്കുന്നു. ഏകദേവ വദാധിഷ്ഠിതമാണ് വേദം. അക്ഷരബ്രഹ്മമായ ‘ഓം’ ഇതിന്റെ മൂര്‍ത്ത ചിത്രണമാണ്. ആദ്ധ്യാത്മികമായും ആധി ഭൗതികമായും ആധി ദൈവികവുമായുള്ള ശാന്തി പ്രാര്‍ത്ഥനയില്‍ അവ്യയ ജ്യോതിസ്സായ ദൈവം പ്രകാശമാനമാകുന്നു. സര്‍വ്വാന്തര്യാമിയും നിത്യനുമായ ഈ പരമാത്മ ചൈതന്യത്തെ ദേവതാ സങ്കല്‍പ്പങ്ങളില്‍ ആവാഹിച്ച് സഗുണ നിര്‍ഗുണോപാസനയായി ആരാധിച്ചാദരിക്കുന്നു. ഈശ്വര പ്രാപ്തിയും ബ്രഹ്മജ്ഞാനവുമാണ് ഫലസിദ്ധി. കേരളീയ മാതൃദേവതകളുടെ വിളയാട്ട തട്ടകം എന്നും മാനവഹൃദയമാണ്. അമ്മ ദേവതകള്‍ ഉറഞ്ഞാടുക അസ്തിത്വത്തിന്റെ കാവുകളില്‍ തന്നെ. സമഗ്ര പ്രകൃതിചേതനയുടെ അതീതമായ ഗോത്ര സംസ്‌കൃതിയില്‍ നിന്നാവണം അമ്മ വിശ്വാസ സങ്കല്‍പ്പം മുളപൊട്ടുന്നത്. എന്നാല്‍ വേദാതീത കാലത്തുതന്നെയുള്ള ആരാധനാ പ്രകൃതിയുടെ സങ്കീര്‍ണ്ണമായ ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും, ആദിമ മനുഷ്യന്റെ പ്രാക്തന ചേതസ്സിന്റെയും വൈവിധ്യമോലുന്ന വിചാര വികാര പ്രപഞ്ചത്തില്‍ നിന്നുമാവണം അമ്മ പ്രകൃതിയുടെ ആദികന്ദളം വിരിയുന്നത്. അതീതമായ ദാര്‍ശനിക ഗരിമകള്‍ ഉള്‍ക്കൊണ്ടല്ല നിത്യജീവിതത്തിന്റെ ഇരുട്ടില്‍പ്പെട്ടുഴലുന്ന മനസ്സുകളുടെ ശാന്തിപീഠങ്ങളായാവണം മലയാളി അമ്മ ദേവതയില്‍ അഭയം കണ്ടെത്തുന്നത്. മാതൃദേവതയുടെ അസംഖ്യം കേരളീയ മാതൃകകള്‍ വിശ്വാസസങ്കല്പങ്ങളില്‍ വിളക്ക് വെയ്ക്കുകയായിരുന്നു. അമ്മ ദൈവങ്ങളുടെ ആദിസ്രോതസ്സായ ഭദ്രകാളി, ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നീ ദേവതാ സമൂഹമായ സപ്തമാതൃക്കള്‍, മഹിഷാസുര നിഗ്രഹത്തിനായവതരിച്ച വൈഷ്ണവിയായ ദുര്‍ഗ്ഗ, ദുര്‍ഗ്ഗാസങ്കല്‍പ്പത്തിന്റെ ശാക്തേയ ഭാവാന്തരമായ ത്രിപുര സുന്ദരി, അഭീഷ്ടസിദ്ധിക്കായുപാസിക്കുന്ന അശ്വാരൂഢ എന്നീ മൂര്‍ത്തികള്‍ ലാവണ്യവര്‍ണ്ണങ്ങളായി നിലകൊള്ളുന്നു. ഹിമവാന്റെ പുത്രിയും ശിവപത്‌നിയുമായാണ് പാര്‍വ്വതി വിളങ്ങുന്നത്. ശങ്കരാചാര്യ വിരചിതമായ അന്നപൂര്‍ണ്ണേശ്വരിസ്തവത്തില്‍ പ്രത്യക്ഷയാകുന്ന മൂര്‍ത്തി രൂപമാണ് അന്നപൂര്‍ണ്ണേശ്വരി. വിദ്യയും വിഭൂതിയുമായി വിളങ്ങുന്ന ശൈവസരസ്വതി, ഐഹികവും പാരത്രികവുമായ ആനന്ദമേകുന്ന വിഷ്ണുമായ, പാലാഴിമഥനത്തില്‍ നിന്ന് ഉല്‍ഭൂതയായ ലക്ഷ്മീദേവീ, കൃഷ്ണപ്രണയിനിയായ രാധ എന്നീ ദേവതകള്‍ ആത്മീയതയുടെ നിത്യസൗരഭം വീശുന്നു. ആഭിചാരമൂര്‍ത്തിയായ ജ്യേഷ്ഠാ, മഹാഗണപതിയുടെ സ്‌ത്രൈണ പ്രകാശനരൂപമായ ശക്തി ഗണപതി, അതീത ശക്തി ചൈതന്യമായ അര്‍ദ്ധദേവതയായ യക്ഷി, പഞ്ചമുഖിയായ ഗായത്രി എന്നീ മാതൃദേവതമാര്‍ ആത്മീയ സംസ്‌കൃതിയുടെ കരുത്തും കാന്തിയുമായി പ്രഭാപൂരം പൊഴിക്കുന്നു. സര്‍വതന്ത്രസ്വതന്ത്രമായ ആത്മാവിന് ലിംഗഭേദമില്ല. ബ്രഹ്മചൈതന്യം തന്നെയാണതെന്ന് വേദോക്തിയുണ്ട്. വ്യാവഹാരിക ഭാഷ്യങ്ങളില്‍ അമ്മ ദേവതകള്‍ അനുഗ്രഹാര്‍ത്ഥം പ്രത്യക്ഷപ്പെടുന്നു. ഭക്തി മന്ദാരങ്ങളിലൂടെയുള്ള വിഭൂതിയാനമാണ് പരമലക്ഷ്യം. വിശ്വപ്രകൃതിയും മാതൃസത്തയും ഒന്നു തന്നെ. ഋഷിഭാരതത്തിന്റെ സര്‍വ്വാശ്ലേഷിയായ പരാശക്തി സഞ്ചരിക്കുന്ന വിശുദ്ധിമാര്‍ഗ്ഗം, കേരളീയ പ്രബുദ്ധതയില്‍ പ്രത്യക്ഷയായ അമ്മയായി വിളിയേല്‍ക്കുന്നു. മഹാസരസ്വതിയുടെ അതീതമാനങ്ങള്‍ മാതൃശക്തിയുടെ മന്ത്രസിദ്ധി വിളംബരം ചെയ്യുന്നു.
വേദമാതാവായ സരസ്വതിയെ വിവിധമാനങ്ങളിലും പ്രതീകഭംഗിയിലുമാണ് ഇതിഹാസപുരാണങ്ങള്‍ സങ്കല്പിക്കുന്നത്. വാക്കും അതിന്റെ അധിദേവതയായ സരസ്വതിയും ഒന്നാണെന്ന് യജുര്‍വേദം വ്യക്തമാക്കുന്നു. ഋഗ്വേദ കാല പ്രവാഹമായ സരസ്വതീ നദിയില്‍ നിന്നാണ് വിദ്യാദേവതയായ സരസ്വതിയുടെ സമുത്ഭവമെന്ന് ഗവേഷക നിരീക്ഷണമുണ്ട്. മംഗളകര്‍മ്മമേതിനും ഗണപതിയെയും വാണീ മാതാവിനെയും സ്തുതിച്ചാണ് സമാരംഭിക്കുക. പാശാങ്കുശം ധരിച്ച് വീണാപുസ്തകധാരിണിയാണ് മാതാവ്. അക്ഷമാല, പദ്മം, തത്ത, ഗ്രന്ഥം എന്നീ മുദ്രകള്‍ ധരിച്ച് വാഗ്‌ദേവത പ്രതിഷ്ഠനേടുന്നു. അനാഹതചക്രത്തില്‍ അധിവസിക്കുന്ന ദേവിയെ ആത്മാന്വേഷണത്തിലൂടെ സാക്ഷാത്ക്കരിക്കുകയാണ് നവരാത്രി കാലം. അമൃതം ചൊരിയുന്ന അക്ഷരരാവുകള്‍ മാനവികതയുടെ മഹത്വത്തിലേക്കും വിദ്യയുടെ അനശ്വരതയിലേക്കും നയിക്കുന്ന ജ്ഞാനയാഗവും ജ്ഞാനയോഗവുമാണ്. ധര്‍മ്മാധര്‍മ്മത്തെ വിവേചിച്ചറിയുന്ന ബുദ്ധിയുടെ പ്രതീക സൂചനയായി ഹംസാരൂഢയാണ് ദേവി. ആദിപരാശക്തിയുടെ പൂര്‍ണ്ണകലകള്‍ പ്രത്യക്ഷമാക്കുന്ന അംശാവതാരമായ സരസ്വതിയുടെ അനുഭൂതിയമൃതമാണ് ഈ അക്ഷരകാലം നേദിക്കുന്നത്.
സ്‌നേഹത്തിന്റെ വിണ്‍വെളിച്ചമാണ് സരസ്വതി. സരസ്വതിയെന്നാല്‍ പ്രവാഹം എന്നാണര്‍ത്ഥം. അറിവിന്റെയും വാക്കിന്റെയും സത്യശിവസൗന്ദര്യങ്ങളുടെയും അനന്തമായ ഒഴുക്കാണത്. കലയും സാഹിത്യവും സംഗീതവും ശാസ്ത്രവും ദര്‍ശനവും തൊഴിലും അധിദേവതയായി വാഴ്ത്തുന്ന സരസ്വതി വിശുദ്ധിയുടെയും ജീവചൈതന്യത്തിന്റെയും വെണ്‍താമരയില്‍ വിരിഞ്ഞു നില്‍ക്കുന്നു. വിദ്യയും വീണയും വിഭൂതിയുടെ അമൃതകുംഭവും വഹിച്ച് മന്ദസ്മിത ശ്രീമുഖിയായി ദേവി ദര്‍ശനമേകുകയാണ്. ബ്രഹ്മാവിന്റെ സത്വസങ്കല്‍പ്പത്തിലാണ് സരസ്വതിയുടെ അവതാരം. താത്ത്വിക ദര്‍ശനത്തില്‍ ബ്രഹ്മാവിന്റെ വാമഭാഗമായും സരസ്വതി പ്രത്യക്ഷപ്പെടുന്നു. മഹാസരസ്വതിയും മഹാലക്ഷ്മിയും മഹാദുര്‍ഗ്ഗയുമായി പരിലസിക്കുന്ന മൂകാംബിക സരസ്വതീ സങ്കല്‍പ്പത്തിന്റെ സമഗ്ര സാക്ഷ്യമാണ്. പനച്ചിക്കാട്ടും പറവൂരുമുള്ള സരസ്വതീ ക്ഷേത്രങ്ങള്‍ പ്രസിദ്ധമാണ്. വീണാ സരസ്വതി, വാഗീശ്വരി, ലിപി സരസ്വതി എന്നീ മൂര്‍ത്തി രൂപങ്ങളുടെ സംഗീതം ആത്മാവിന്റെ അന്തരാളങ്ങളില്‍ അറിവിന്റെ സഹസ്രാരപദ്മം വിടര്‍ത്തുന്നു.
‘എന്റെ വാക്ക് മനസ്സിലുറയ്ക്കണേ! എന്റെ മനസ്സ് വാക്കിലുറയ്‌ക്കേണമേ’ എന്ന വേദവൈഖരിയില്‍ സരസ്വതീ രഹസ്യസത്ത അന്തര്‍നാദമായുണ്ട്. യന്ത്രമന്ത്ര രഹസ്യോപനിഷത്തുക്കളായി സരസ്വതീ സംസ്‌കൃതി ഗ്രന്ഥങ്ങള്‍ പൈതൃകത്തിന്റെ ഈടുവെയ്പില്‍ കാണാം. ധര്‍മ്മബോധത്തിന്റെ അഗ്നിശലാകയായ് അത് ആത്മതത്ത്വം വെളിവാക്കുന്നു. ദൈവികസത്തയുടെ സമഗ്ര സങ്കല്‍പ്പങ്ങളും ആദിദേവതയുടെ പൂര്‍ണ്ണിമയില്‍ തെളിയുന്നു. ധര്‍മ്മസ്ഥാപനത്തിന്റെ വിദ്യാമാര്‍ഗ്ഗത്തെയാണ് അമൃതം ചൊരിയുന്ന അക്ഷരരാവുകള്‍ വരവേല്‍ക്കുന്നത്. നരനെ നാരായണനാക്കുന്ന നാദോപാസനയാണ് നവമിയുടെ സര്‍ഗ്ഗസംഗീതിക. ‘സംഗീതമപി സാഹിത്യം സരസ്വതീസ്തനദ്വയം’ എന്ന സങ്കല്‍പ്പമാധുരിയില്‍ മനസ്സ് മുഴുകുന്നു. ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ ഉണ്മയെ തൊട്ടറിയുന്ന മുഹൂര്‍ത്തമാണത്. നാദത്തിന്റെ ഭാഷയും കലയുമായി സംഗീതം വീണമീട്ടുന്ന രാവുകളില്‍ ഹൃദയം നാദാത്മികയില്‍ ലയിക്കുന്നു. ഓരോ നാദകണത്തിലും ലയിച്ചു കിടക്കുന്ന ഓങ്കാരം ഉണ്മയില്‍ സ്വയം ഉണര്‍വ് നേടവേ മനുഷ്യ ഹൃദയം സത്യധര്‍മ്മത്തിന്റെ സംസ്‌കാരം കൊളുത്തുന്നു. സാമസ്വരങ്ങളെ സ്വാത്മാവ് സാമഗാന ജീവനമാക്കി പരിവര്‍ത്തനം ചെയ്യുകയാണ് ഈ സുദുര്‍ല്ലഭ സന്ദര്‍ഭം. ഇതുതന്നെയാണ് സരസ്വതീ പ്രസാദം. ‘തിന്മയില്‍ നിന്ന് നന്മയിലേക്കും ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും മരണത്തില്‍ നിന്ന് അമരത്വത്തിലേക്കും എന്നെ നയിക്കേണമേ’ എന്ന പ്രാര്‍ത്ഥനയില്‍ നവനാളുകള്‍ മനുഷ്യനെ പുനര്‍നവീകരിക്കുന്നു.
ദേവി ബീജഗര്‍ഭയാകുന്നത് ജ്ഞാനത്തെ ഗര്‍ഭം ധരിച്ചതുകൊണ്ടാണ്. ജ്ഞാനസൂര്യന്‍ പ്രത്യക്ഷപ്പെടുക വിജയദശമി നാളിലാണ്. ജ്ഞാനേന്ദ്രിയങ്ങള്‍, കര്‍മ്മേന്ദ്രിയങ്ങള്‍, അതാതിന്റെ വിഷയങ്ങള്‍, തത്ത്വങ്ങള്‍, ജഗദ് ശരീരങ്ങളാകുന്ന ഏകതത്ത്വം ഈ ഒമ്പത് തത്ത്വങ്ങളുടെ രഹസ്യജ്ഞാനം പ്രദാനം ചെയ്യുന്ന വിജയദശമി മുഹൂര്‍ത്തം നവരാത്രിവ്രതത്തിന്റെ പാരമ്യമായി ദര്‍ശന ശാസ്ത്രം രേഖപ്പെടുത്തുന്നു. വിജയദശമിയില്‍ പൂജിച്ചെടുത്ത പുസ്തകം ഹരിശ്രീ മന്ത്രമുച്ചരിച്ച് വായന ആരംഭിക്കുന്നു. സരസ്വതീ കടാക്ഷത്തില്‍ പുതുവിദ്യയും ജീവിതവും തളിര്‍ക്കുന്നു. പരാശക്തിയായ ദുര്‍ഗ്ഗ ദേവന്മാര്‍ക്ക് ഊര്‍ജ്ജം പകരാന്‍ പ്രത്യക്ഷപ്പെടുകയാണ് ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍. മഹിഷാസുര നിഗ്രഹമാണ് വിജയദശമിയുടെ പുണ്യം. സത്യധര്‍മ്മങ്ങളുടെയും നന്മയുടെയും ആദിപ്രകാശത്തെ അനുധ്യാനം ചെയ്ത വിഭൂതിയില്‍ മനസ്സില്‍ സംസ്‌കൃതിയുടെ സന്ദേശമുണരുകയായി. വിജയദശമിയിലാണ് കുഞ്ഞുങ്ങള്‍ വിദ്യാരംഭം കുറിക്കുക. അക്ഷരത്തിലൂടെ സംസ്‌കാരം, അറിവിലൂടെ അഷ്ടൈശ്വര്യം, മാനവതയിലൂടെ ജീവിത വെളിച്ചം. നവരാത്രി തത്ത്വങ്ങള്‍ ഭൗതികവും ആത്മീയവുമായ സമന്വയ സങ്കല്‍പ്പത്തെയാണ് സംതൃപ്തമാക്കുന്നത്. അവിദ്യയും കര്‍മ്മവും വാസനയും ജ്ഞാനാഗ്നിയില്‍ ഹോമിച്ച ഗുരുവും ആത്മസമര്‍പ്പണത്തില്‍ ധന്യനാവുന്ന ശിഷ്യനും ഒന്നാകുന്നത് നവരാത്രിയുടെ പൈതൃകപ്പൊലിമയിലാണ്. വിദ്യയെ ആത്മവിദ്യയാക്കുന്ന പ്രതീകസത്തയാണ് സരസ്വതീ സങ്കല്‍പ്പം. നരന്റെ ഉള്ളിലുറങ്ങുന്ന അമ്മയെ തേടുകയാണ് അമൃതവര്‍ഷിണിയായ അക്ഷര രാവുകള്‍. സ്ത്രീ ചേതനയെന്ന പ്രകൃതി ചേതനക്കുള്ള ആത്മസമര്‍പ്പണമാണ് നവരാത്രി കാലത്തിന്റെ സുഗന്ധം. ‘ശക്തിസ്വരൂപിണിയായ അംബിക സ്‌നേഹ സ്വരൂപിണിയും ജ്ഞാനസ്വരൂപിണിയുമായി ആത്മാവില്‍ ഉണരേണമേ’ എന്ന പ്രാര്‍ത്ഥനയുടെ സാക്ഷാത്ക്കാര വീചികള്‍ ഹൃദയവീണയില്‍ ഉണരുകയായി. അരിയിലെഴുതുമ്പോള്‍ അക്ഷരം അന്നമാകുന്നു. സ്വര്‍ണ്ണത്തിലെഴുതുമ്പോള്‍ സമ്പത്താകുന്നു. മണ്ണിലെഴുതുമ്പോള്‍ ഭൂമിയുടെതാകുന്നു. സരസ്വതീ സങ്കല്‍പ്പവൈഭവത്തിന്റെ നീതിസാരം ഇതുതന്നെ.
എവിടെവിടെ ധര്‍മ്മം കെട്ടുപോകുന്നുവോ അവിടവിടെ കൊളുത്തിയെടുക്കേണ്ട അരണിയാണ് ദേവീ സങ്കല്‍പ്പം. നമ്മുടെ സംസ്‌കാരത്തിന്റെ വനമാലയ്ക്കുള്ളിലൂടെ കടന്നുപോകുന്ന ശ്യാമസൂത്രമാണ് ദുര്‍ഗ്ഗ. അമ്മയുടെ ചരണപരാഗം പുരാളാത്ത ഒരു തരിമണ്ണും പ്രപഞ്ചത്തിലില്ല. ബ്രഹ്മവിദ്യയിലെ നിശാബോധങ്ങള്‍ അക്ഷര നക്ഷത്രമായി കൊളുത്തിയെടുക്കാം. യാ ദേവീ…




















