Friday, October 2, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ലേഖനം

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

രാംമാധവ്രാംമാധവ്
2 October 2026

ഭാരതത്തിന്റെ 20-ാം നൂറ്റാണ്ടിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനം ചേതോഹരമായ ഒരു ഇതിഹാസമാണ്. വളരെ കൗതുകകരവും എന്നാല്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാത്തതുമായ ഒരു കാര്യം അതിന്റെ മേലുള്ള സാംസ്‌കാരികവും മതപരവുമായ ഹിന്ദു സ്വാധീനമാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെ ഒരു ‘ഹിന്ദു പാര്‍ട്ടി’ എന്നു വിവരിച്ചു കൊണ്ട് ജിന്നയെ പോലുള്ള എതിരാളികള്‍ ഈ സ്വാധീനത്തെ പരസ്യമായി വെല്ലുവിളിച്ചു. സഹയാത്രികരായ ബി.ആര്‍. അംബേദ്കറെ പോലുള്ളവര്‍ ഇതിന് അടിവരയിട്ടു. അവസാനം അകത്തുള്ള ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലുള്ളവര്‍ ഇതിനെ കഠിനമായി വെറുത്തു. പക്ഷെ അവസാനം വരെ പ്രസ്ഥാനത്തിന്റെ ഒരു അന്തര്‍ധാരയായി അത് നിലനിന്നു.

Google NewsAdd Kesari Weekly as a preferred source on Google

ബാലഗംഗാധര തിലകന്‍, ലാലാ ലജ്പത് റായ്, അരവിന്ദഘോഷ് എന്നിവര്‍ ഉള്‍പ്പെട്ട, 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കളെല്ലാം, ഹിന്ദു സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും മേല്‍ക്കോയ്മയോട് പ്രതിബദ്ധതയുള്ള പാരമ്പര്യവാദികളായിരുന്നു. അവരുടെ സാമ്രാജ്യവിരുദ്ധത ഹിന്ദു ദേശീയതയുമായി കൂടിക്കലര്‍ന്നതായിരുന്നു. മതം ജനങ്ങളെ ഒന്നിപ്പിക്കുമെന്നും ഭാരത ദേശീയത പൗരാണികമായ ഹിന്ദു സംസ്‌കാരത്തില്‍ നിന്നും പാരമ്പര്യങ്ങളില്‍ നിന്നും പ്രേരണ സ്വീകരിക്കണമെന്നും ഉറച്ചു വിശ്വസിച്ചിരുന്ന തിലകനായിരുന്നു ഈ വിഭാഗത്തെ നയിച്ചിരുന്ന പ്രകാശ ഗോപുരം. ഗണേശ ചതുര്‍ത്ഥിയും ശിവാജി ജയന്തിയും പോലുള്ള ഉത്സവങ്ങള്‍ പൊതുവായി ആഘോഷിക്കാന്‍ തുടങ്ങിയ അദ്ദേഹം കുടുംബങ്ങളില്‍ നടന്നിരുന്ന ഇത്തരം മതപരമായ ആഘോഷങ്ങളെ വമ്പിച്ച ജനപങ്കാളിത്തമുള്ള പൊതു ഉത്സവങ്ങളായി പരിവര്‍ത്തനം ചെയ്തു. ഈ ഉത്സവങ്ങളിലൂടെ ജനങ്ങളില്‍ ദേശസ്‌നേഹവും സാമ്രാജ്യത്വ വിരുദ്ധതയും ഉദ്ദീപിപ്പിച്ച് ശക്തമായ സ്വത്വബോധത്തെ ഉണര്‍ത്താന്‍ തുടങ്ങി. ശ്രേഷ്ഠമായ ഹിന്ദു ഗ്രന്ഥമായ ഭഗവദ്ഗീതയ്ക്ക് നല്‍കിയ, പ്രസിദ്ധമായ ‘ഗീതാരഹസ്യം- ഗീതയുടെ ആന്തരാര്‍ത്ഥം’ എന്ന വ്യാഖ്യാനത്തിലൂടെ തിലകന്‍ രാഷ്ട്രത്തോടുള്ള കടമ, സക്രിയത, ത്യാഗം എന്നിവയെ ഗീതയുടെ പ്രധാന സന്ദേശമായി അവതരിപ്പിക്കുകയും, അങ്ങനെ മതപരമായ പ്രതീകാത്മകത ഉപയോഗിച്ചു കൊണ്ട് ദേശീയ ചേതനയെ ഉണര്‍ത്താന്‍ തുടങ്ങുകയും ചെയ്തു.

തിലകന്റെ ഉറച്ച അനുയായിയും പഞ്ചാബിലെ സഹപ്രവര്‍ത്തകനും ദേശീയ വിഭാഗത്തിന്റെ അംഗവുമായ ലാലാ ലജ്പത് റായ് ശക്തമായ ആര്യസമാജ പശ്ചാത്തലത്തില്‍ നിന്നുവന്ന, സ്വാമി ദയാനന്ദ സരസ്വതി സ്പഷ്ടമായി പറഞ്ഞ ഹിന്ദു സാംസ്‌കാരിക സ്വത്വത്തോട് പ്രതിബദ്ധതയുള്ള ആളായിരുന്നു. ലജ്പത് റായ് ഖിലാഫത്ത് പ്രസ്ഥാനത്തെയും അതിനെ ശക്തമായി പിന്തുണച്ച ഗാന്ധിജിയെയും പരസ്യമായി എതിര്‍ത്തു. 1921 ല്‍ കേരളത്തിലെ മാപ്പിള മുസ്ലീങ്ങള്‍ നടത്തിയ ഹിംസാധിഷ്ഠിത ഭീകര പ്രസ്ഥാനമായ മാപ്പിളലഹളയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ ഹിന്ദു മഹാസഭാ വിഭാഗത്തിന്റെ സജീവ നേതാവായി അദ്ദേഹം തുടരുകയും 1925 ല്‍ അതിന്റെ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. ദേശീയ വിഭാഗത്തിന്റെ മൂന്നാമത്തെ പ്രമുഖ നേതാവായിരുന്നു ബംഗാളിലെ ബിപിന്‍ ചന്ദ്രപാല്‍. സില്‍ഹട്ടിലെ(ഇപ്പോള്‍ ബംഗ്ലാദേശില്‍) ഒരു ഹിന്ദു വൈഷ്ണവ കുടുംബാംഗമായ പാലിനെ തുടക്കത്തില്‍ ബ്രഹ്മസമാജം സ്വാധീനിച്ചിരുന്നു. അദ്ദേഹം കോണ്‍ഗ്രസ്സിലെ ദേശീയ പക്ഷക്കാരോടൊപ്പം ചേരുകയും സ്വരാജ്യത്തിനു വേണ്ടി യാചിക്കുകയല്ല, ആവശ്യപ്പെടുകയാണ് വേണ്ടതെന്നും അതിനുള്ള വഴി ആത്മാഭിമാനവും ആത്മനിര്‍ഭരതയുമാണെന്ന് ഊന്നിപ്പറയുകയും ചെയ്തു. ചരിത്രപ്രസിദ്ധമായ വന്ദേമാതര പ്രക്ഷോഭത്തിന്റെ സമയത്ത് ഈ ത്രിമൂര്‍ത്തികള്‍ (ലാല്‍- ബാല്‍- പാല്‍) വഹിച്ച പങ്ക് സ്വാതന്ത്യസമരചരിത്രത്തിലെ സുപ്രധാനമായ ഏടുകളിലൊന്നാണ്.

ADVERTISEMENT

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ‘ഹിന്ദു അന്തസ്സത്ത’യെ ഉദ്ദീപിപ്പിച്ച മറ്റൊരു പ്രമുഖ നേതാവ് അരവിന്ദഘോഷ് ആണ്. ആലിപ്പൂര്‍ ബോംബ് കേസില്‍ ജയില്‍മോചിതനായ ഉടനെ, 1909 മെയ് 30 ന് അദ്ദേഹം ദേശീയതയെ കുറിച്ച് സ്പഷ്ടമായ സന്ദേശമുള്ള ചരിത്ര പ്രസിദ്ധമായ ഉത്തരപ്പാറ പ്രസംഗം നടത്തുകയും സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ തുടര്‍ന്നുള്ള ദശകങ്ങളില്‍ അത് നിരവധി ദേശീയവാദികള്‍ക്ക് ഒരു മന്ത്രമായിത്തീരുകയും ചെയ്തു. ‘ദേശീയത ഒരു തത്വസംഹിതയാണെന്നോ മതമാണെന്നോ വിശ്വാസമാണെന്നോ ഞാന്‍ ഇനിയൊരിക്കലും പറയുകയില്ല; ഞാന്‍ പറയുന്നു, സനാതനധര്‍മ്മമാണ് നമുക്ക് ദേശീയത. സനാതനധര്‍മ്മത്തോടു കൂടിയാണ് ഈ ഹിന്ദുരാഷ്ട്രം ജനിച്ചത്, അതിലൂടെ അത് ചലിക്കുന്നു, അതിലൂടെ അത് വളരുന്നു. സനാതനധര്‍മ്മം ക്ഷയിക്കുമ്പോള്‍ രാഷ്ട്രവും ക്ഷയിക്കുന്നു. സനാതനധര്‍മ്മം നശിക്കുമെങ്കില്‍ ഈ രാഷ്ട്രവും നശിക്കും. സനാതനധര്‍മ്മമാണ് ദേശീയത.’
1910 ല്‍ അരബിന്ദോ ആത്മീയ സാധനയിലേക്കു പിന്‍വാങ്ങിയശേഷം ഏതാനും വര്‍ഷം കഴിഞ്ഞ്, 1915 ല്‍ ഭാരതത്തിന്റെ രാഷ്ട്രീയ രംഗത്തേക്കു പ്രവേശിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. മതത്തിലേക്കു കടന്നുകയറിയ ഗാന്ധിജിയും സ്വയം ഒരു സനാതനി ഹിന്ദുവാണെന്ന് നിരവധി തവണ വിവരിച്ചു. ‘യംഗ് ഇന്ത്യ’ യിലെ ഒരു ആദ്യകാല ലേഖനത്തില്‍ അദ്ദേഹം ‘എന്റെ അസ്തിത്വത്തിന്റെ ഓരോ ഇഴയും ഹിന്ദുവാണ്’ എന്ന് പ്രഖ്യാപിച്ചു.

സ്വാതന്ത്ര്യസമരത്തിന്റെ വര്‍ഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഹിന്ദുത്വത്തിലുള്ള ഗാന്ധിജിയുടെ വിശ്വാസം നേരിട്ട് വെല്ലുവിളിക്കപ്പെട്ട മൂന്ന് കൗതുകകരമായ സന്ദര്‍ഭങ്ങളുണ്ട്. ആദ്യത്തേത് മുഹമ്മദലി ജിന്നയുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലിന്റെ സമയത്തായിരുന്നു. ജിന്ന ഗാന്ധിജിയെ ഹിന്ദുക്കളുടെ മാത്രം നേതാവെന്ന് പതിവായി പരിഹസിക്കാറുണ്ടായിരുന്നു. ഈ ആരോപണത്തോട് പ്രതികരിച്ചു കൊണ്ട് ഗാന്ധിജി ഇങ്ങനെ പറഞ്ഞു: ‘എന്റെ ഹിന്ദുത്വം വിഭാഗീയമല്ല. ഇസ്ലാം, ക്രിസ്ത്യന്‍, ബുദ്ധ, സരതുഷ്ട്ര മതങ്ങളിലെ നല്ലതെന്നു ഞാന്‍ മനസ്സിലാക്കിയിട്ടുള്ള എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മറ്റെല്ലാ കാര്യങ്ങളെയും എന്ന പോലെ രാഷ്ട്രീയത്തെയും മതപരമായ ഒരു കാഴ്ചപ്പാടിലാണ് ഞാന്‍ കാണുന്നത്. സത്യമാണ് എന്റെ മതം. അതിന്റെ സാക്ഷാത്കാരത്തിനുള്ള ഒരേയൊരു വഴി അഹിംസയാണ്.’ ഉള്‍ക്കൊള്ളലിന്റേതായ ഈ സമീപനം ഗാന്ധിജിയെ ജിന്നയുടെയും കൂട്ടാളികളുടെയും കണ്ണില്‍ കൂടുതല്‍ ഹിന്ദുവാക്കി.

‘മുസ്ലീം പക്ഷത്തോട് അപേക്ഷിക്കാനുള്ള പരിശ്രമങ്ങളില്‍ ഗാന്ധിജി അദ്ദേഹത്തിന്റെ ഹിന്ദു പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. ഉദാഹരണമായി, തന്റെ വിശ്വാസം എല്ലാ മതങ്ങളെയും പുല്‍കുന്നതിനാല്‍ ഹിന്ദുവെന്നതുപോലെ താന്‍ മുസ്ലീമും ജൂതനുമാണെന്ന് ഗാന്ധിജി പലപ്പോഴും അവകാശപ്പെടാറുണ്ടായിരുന്നു. ഇസ്‌ലാമില്‍ തീരെ ഇല്ലാത്തതും ഹിന്ദുത്വത്തിന്റെ മാതൃകാപരമായ സവിശേഷതകളുമായ സ്വാംശീകരണത്തെയും ഇന്ദ്രിയാതീത അവസ്ഥയെയുമാണ് അത്തരമൊരു വാദം തെറ്റുവരാത്തവിധം പ്രതിഫലിപ്പിക്കുന്നത്. അങ്ങനെ മുസ്ലീം സഹതാപം നേടാനുള്ള ഗാന്ധിജിയുടെ ശ്രമങ്ങളുടെ സ്വഭാവം തന്നെ അദ്ദേഹത്തെ ഒരു ഹിന്ദുവായി അടയാളപ്പെടുത്തുന്നു,’ അമേരിക്കന്‍ എഴുത്തുകാരനായ അലന്‍ ഹെയ്‌സ് മെറിയം നിരീക്ഷിക്കുന്നു.

ഭാരതത്തിലെ മുസ്ലീങ്ങള്‍ ഒരു പ്രത്യേക രാഷ്ട്രമായി നിലകൊള്ളുന്നുവെന്ന ജിന്നയുടെ വാദത്തെ, ഭാരതീയ മുസ്ലീങ്ങളുടെ പൂര്‍വ്വികര്‍ ഹിന്ദുക്കള്‍ മാത്രമാണെന്ന് വാദിച്ചുകൊണ്ട് ഗാന്ധിജി ഖണ്ഡിക്കുകയും തകര്‍ക്കുകയും ചെയ്തു. ‘ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ ഹിന്ദുക്കളില്‍ നിന്നു വന്നവരാണ്. അവരുടെ മാതൃഭൂമി ഭാരതമല്ലാതെ എങ്ങനെ മറ്റൊന്നാകും? എന്റെ മൂത്ത മകന്‍ ഏതാനും വര്‍ഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ചു. ഏതായിരിക്കും അയാളുടെ ജന്മദേശം-പോര്‍ബന്തറോ പഞ്ചാബോ? ഞാന്‍ മുസ്സല്‍മാന്‍മാരോട് ചോദിക്കുന്നു: ഭാരതം നിങ്ങളുടെ മാതൃഭൂമിയല്ലെങ്കില്‍ പിന്നെ ഏത് രാജ്യത്തെയാണ് നിങ്ങള്‍ സ്വന്തമായി കരുതുന്നത്?’ ഗാന്ധിജി വാദിച്ചു.

1944 സെപ്തംബറില്‍ ഗാന്ധിജി ജിന്നക്കെഴുതിയ കത്തില്‍ അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ ഇങ്ങനെ വിമര്‍ശിച്ചു: ‘മതം മാറിയവരും അവരുടെ പിന്‍ഗാമികളും അവരുടെ പൂര്‍വ്വിക സമൂഹത്തില്‍ നിന്നു വ്യത്യസ്തമായി ഒരു രാഷ്ട്രമാണെന്ന അവകാശവാദത്തിനു സമാന്തരമായി ചരിത്രത്തില്‍ മറ്റൊരു ഉദാഹരണവും എനിക്കു കാണാന്‍ കഴിയുന്നില്ല. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പ് ഭാരതം ഒരു രാഷ്ട്രമായിരുന്നെങ്കില്‍ ഈ രാഷ്ട്രത്തിന്റെ മക്കളില്‍ വലിയൊരു ഭാഗം അവരുടെ വിശ്വാസത്തില്‍ മാറ്റം വരുത്തിയാലും ഇത് അങ്ങനെ തന്നെ തുടരും.’ അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ലൂയി ഫിഷറോട് അദ്ദേഹം പറഞ്ഞു: ‘എല്ലാ മുസ്ലീങ്ങളും ഇസ്ലാം മതം സ്വീകരിച്ച ഹിന്ദുക്കള്‍ മാത്രമാണ്. എല്ലാ മുസ്ലീങ്ങള്‍ക്കും അവരുടെ കുടുംബ ചരിത്രത്തില്‍ വേണ്ടത്ര പിന്നോട്ടു പോയാല്‍ ഒരു ഹിന്ദു പേര് കണ്ടെത്താന്‍ കഴിയും.’

ലൂയി ഫിഷര്‍

അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ നേതാവെന്ന നിലയില്‍ ബി.ആര്‍. അംബേദ്കറുമായിട്ടായിരുന്നു ഗാന്ധിജിയുടെ അടുത്ത സംവാദം. തൊട്ടുകൂടാത്തവര്‍ എന്നു വിളിക്കപ്പെട്ട ഒരു കുടുംബത്തില്‍ ജനിച്ച അംബേദ്കര്‍ക്ക് ജീവിതത്തിന്റെ ആദ്യദശകങ്ങളില്‍ കടുത്ത വിവേചനം നേരിടേണ്ടിവന്നു. അതേസമയം ഗാന്ധിജി ഉയര്‍ന്ന ജാതി എന്നു വിളിക്കപ്പെട്ട ഒരു കുടുംബത്തില്‍ ജനിച്ചെങ്കിലും കുട്ടിക്കാലം മുതല്‍ അയിത്തം പോലുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരെ പോരാടി. അഹമ്മദാബാദില്‍ നടന്ന അടിച്ചമര്‍ത്തപ്പെട്ടവരുടെ ഒരു സമ്മേളനത്തില്‍ ഗാന്ധിജി തന്റെ കുട്ടിക്കാലത്തെ അനുഭവം ഇങ്ങനെ വിവരിച്ചു: ‘ഈ ആശയം എന്നിലേക്കു കടന്നുവരുമ്പോള്‍ എനിക്ക് 12 വയസ്സു പോലും ആയിട്ടുണ്ടാവില്ല. അയിത്തജാതിക്കാരനായ ഒരു തോട്ടിപ്പണിക്കാരന്‍ ഞങ്ങളുടെ വീട്ടില്‍ ശൗചാലയം വൃത്തിയാക്കാന്‍ വരാറുണ്ടായിരുന്നു. പലപ്പോഴും ഞാന്‍ അമ്മയോടു ചോദിക്കും- എന്തുകൊണ്ടാണ് അയാളെ തൊടാന്‍ എന്നെ അനുവദിക്കാത്തത്? അറിയാതെ അയാളെ തൊട്ടുപോയാല്‍ എനിക്ക് കുളിക്കേണ്ടിവരും. ചിരിച്ചുകൊണ്ട് പ്രതിഷേധത്തോടെ ഞാനത് അനുസരിക്കും. ഇക്കാര്യത്തില്‍ ഞാന്‍ പലപ്പോഴും അച്ഛനമ്മമാരുമായി വഴക്കടിക്കാറുണ്ടായിരുന്നു.’

1915 ല്‍ ഭാരതത്തില്‍ തിരിച്ചെത്തിയ ശേഷം അസ്പൃശ്യരുടെ പ്രശ്‌നം ഗാന്ധിജിയുടെ ജീവിത ദൗത്യമായിത്തീര്‍ന്നു. യാഥാസ്ഥിതിക ഹിന്ദുക്കളില്‍ നിന്നുള്ള ആക്രമണങ്ങള്‍ നേരിട്ടപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം കാപട്യമില്ലാത്തതായിരുന്നു: ‘എന്റെ ഗുരു ഞാന്‍ തന്നെയായി തുടരും. ഈ യാഥാസ്ഥിതികത്വത്തെ പ്രതിരോധിക്കാന്‍ മനുസ്മൃതിയില്‍ നിന്നോ മറ്റേതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നോ വരികള്‍ ഉദ്ധരിക്കുന്നത് നല്ലതല്ല. ഇവയിലെ കുറേ വരികള്‍ കൂട്ടിച്ചേര്‍ത്തതും വേറെ കുറേ എണ്ണം അര്‍ത്ഥമില്ലാത്തതുമാണ്.’ വിശുദ്ധ ഗ്രന്ഥങ്ങള്‍ യുക്തിക്കും സദാചാരത്തിനും ഉപരിയായിരിക്കരുതെന്ന് അദ്ദേഹം തന്റെ യാഥാസ്ഥിതിക വിമര്‍ശകരെ ശാസിച്ചു കൊണ്ടു പറഞ്ഞു.

 

1927 മാര്‍ച്ചിലെ മഹദ് സത്യഗ്രഹം പോലുള്ള അംബേദ്കറുടെ പരിശ്രമങ്ങളെ തുടക്കത്തില്‍ ഭാവാത്മകമായി കാണാന്‍ ഈ ബോദ്ധ്യങ്ങള്‍ ഗാന്ധിജിയെ സഹായിച്ചു. മഹദ് സത്യഗ്രഹ സമയത്ത് മഹാരാഷ്ട്രയിലെ മഹദ് പട്ടണത്തിലുള്ള ചവ്ദര്‍ ജലസംഭരണിയില്‍ വെള്ളം കുടിക്കാനെത്തിയ, അധഃസ്ഥിത വിഭാഗങ്ങളില്‍പെട്ട നൂറുകണക്കിന് ആളുകളെ ഹിന്ദുസമൂഹത്തിലെ ചില യാഥാസ്ഥിതിക വിഭാഗങ്ങള്‍ ആക്രമിച്ചു. അംബേദ്കര്‍ തന്റെ അനുയായികളോട് പ്രതികരിക്കാതിരിക്കാനും തിരിച്ചടിക്കാതിരിക്കാനും പറഞ്ഞത് ഗാന്ധിജിയുടെ പ്രശംസ നേടി. ഒരു മാസത്തിനു ശേഷം ‘യംഗ് ഇന്ത്യ’യില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഗാന്ധിജി പ്രക്ഷോഭകരുടെ ‘അസാധാരണമായ ആത്മസംയമനത്തെ’ പുകഴ്ത്തുകയും ‘വെറും കായിക ശക്തി’ ഉപയോഗിച്ച ‘യാഥാസ്ഥിതിക കക്ഷി’യെ വിമര്‍ശിക്കുകയും ചെയ്തു. ‘ദാഹം ശമിപ്പിക്കാന്‍ ജലസംഭരണിയിലെ വെള്ളമെടുക്കാന്‍ അസ്പൃശ്യരെന്നു വിളിക്കപ്പെടുന്നവരെ ഉപദേശിച്ച ഡോ. അംബേദ്കറുടെ നടപടി തികച്ചും ന്യായീകരിക്കത്തക്കതാണ്’ എന്നെഴുതിയ ഗാന്ധിജി, ‘സ്വന്തം തല പൊട്ടിത്തെറിക്കുമെന്ന വിപല്‍സാദ്ധ്യതയുള്ള’ധീര കൃത്യം ചെയ്ത മഹദിലെ അധഃസ്ഥിത വിഭാഗങ്ങളെ പരസ്യമായി പിന്തുണക്കാന്‍’ അയിത്തത്തെ എതിര്‍ക്കുന്ന ഓരോ ഹിന്ദുവിനെയും ആഹ്വാനം ചെയ്തു.
പക്ഷെ ഈ സൗഹൃദം അധികം നീണ്ടു നിന്നില്ല. ‘അസ്പൃശ്യരു’ടെ പദവി, തര്‍ക്കത്തിന്റെ കേന്ദ്രബിന്ദുവായി. അംബേദ്കര്‍ക്ക് ഇത് അനിവാര്യമായും ഒരു രാഷ്ട്രീയ പ്രശ്‌നമായിരുന്നു. പ്രശ്‌നത്തിന്റെ സാമൂഹ്യ മാനങ്ങളാകട്ടെ അദ്ദേഹത്തിന് തള്ളിക്കളയാവുന്നവയുമായിരുന്നു. ‘ക്ഷേത്ര പ്രവേശനത്തിന് യാതൊരു പിന്തുടര്‍ച്ചയുമില്ലെന്ന കാര്യത്തെക്കുറിച്ച് അസ്പൃശ്യര്‍ക്ക് നല്ല ബോദ്ധ്യമുണ്ട്.’ അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘തുല്യപദവി രാജ്യത്തില്‍ ലഭിക്കുക, അധികാരത്തിന്റെ ഉന്നതസ്ഥാനങ്ങള്‍ വഹിക്കാന്‍ അവസരമുണ്ടാകുക തുടങ്ങിയ കൂടുതല്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ ‘ഉണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. ഇത് അവരുടെ ‘അന്തസ്സ്’ വര്‍ദ്ധിപ്പിക്കുമെന്നു മാത്രമല്ല, ‘തന്ത്രപരമായ സ്ഥാനങ്ങള്‍’ അവര്‍ക്ക് ലഭിക്കുകയും ചെയ്യും. അദ്ദേഹം വാദിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ‘അസ്പൃശ്യരു’ടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ നടപടികള്‍ വേണമെന്ന് അംബേദ്കര്‍ ആഗ്രഹിച്ചപ്പോള്‍ ഗാന്ധിജി സാമൂഹ്യവും ആത്മീയവുമായ പരിഷ്‌ക്കരണത്തിനുവേണ്ടി വാദിച്ചു.

ഹിന്ദു മതഗ്രന്ഥങ്ങള്‍ അംഗീകരിക്കുന്ന, ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹ്യ വിഭജനത്തിന്റെ തത്വശാസ്ത്ര അടിത്തറ ഇല്ലാതാകണമെന്ന് അംബേദ്കര്‍ ആഗ്രഹിച്ചു. എന്നാല്‍ ഗാന്ധിജിക്ക് തത്വത്തിലെങ്കിലും, 1875 ല്‍ ആര്യസമാജം സ്ഥാപിച്ച സ്വാമി ദയാനന്ദ സരസ്വതിയോടായിരുന്നു കൂടുതല്‍ ചായ്‌വ്. ‘ജാതി, അയിത്തത്തെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്നിടത്തോളം പിശാചിന്റെ സ്ഥാപനമാണെന്നു മാത്രമല്ല, എന്തുവിലകൊടുത്തും നാമതിനെ ഉന്മൂലനം ചെയ്യുകയും വേണം. പക്ഷെ ഞാന്‍ ആവര്‍ത്തിച്ച് വിശദീകരിച്ചതുപോലെ വര്‍ണ്ണധര്‍മ്മമായി പ്രകടിപ്പിക്കുന്ന ജാതി ഒരു സനാതനനിയമവും സ്വന്തം ഉത്തരവാദിത്തത്തിലല്ലാതെ തകര്‍ക്കാന്‍ പാടില്ലാത്തതുമാണ്….. യുഗങ്ങള്‍ക്കു മുമ്പ് നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയതാണ് വര്‍ണ നിയമം…. തികച്ചും ഗുണകരമായ ഒരു നിയമമായിട്ടാണ് എനിക്കത് അനുഭവപ്പെട്ടിട്ടുള്ളത്,’ഗാന്ധിജി 1934 ല്‍ എഴുതി.
അംബേദ്കര്‍ക്ക് അത് ബോദ്ധ്യമായില്ല. പ്രശ്‌നത്തിന്റെ അടിവേര് വര്‍ണധര്‍മത്തിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. ക്ഷേത്രപ്രവേശനമോ സഹഭോജനമോ പോലുള്ള ഉപരിപ്ലവമായ കാര്യങ്ങള്‍ക്കു പകരം ജാതി ഇല്ലാതാക്കാന്‍ ഹിന്ദുക്കള്‍ ചില ‘പാവനമായ അധികാരം’ നിര്‍മ്മിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ജാതി (വര്‍ണം)നിലനിര്‍ത്തിക്കൊണ്ട് അയിത്തം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍’ ഗാന്ധിജിയെ ഒരു സുഹൃത്തായി കരുതരുതെന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളോട് അദ്ദേഹം പറഞ്ഞു. ‘ജാതിയും അയിത്തവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന അതിന്റെ അടിത്തട്ടിലുള്ള ആശയം ഒരു വിഡ്ഢിത്തത്തിലാണ് നിലകൊള്ളുന്നത്. അവ രണ്ടും ഏകവും അവിഭാജ്യവുമാണ്.’ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

1932ല്‍ ലണ്ടനില്‍ നടന്ന മൂന്നാം വട്ടമേശ സമ്മേളനത്തില്‍ വെച്ച്, അസ്പൃശ്യര്‍ക്ക് പ്രത്യേക മണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ ഗാന്ധിജിയും അംബേദ്കറും തമ്മില്‍ അവരുടെ പ്രസിദ്ധമായ അഭിപ്രായവ്യത്യാസമുണ്ടായി. അംബേദ്കര്‍ ഈ വിഷയം ശക്തമായി ഉന്നയിക്കുകയും സിക്കുകാര്‍ക്കും മുസ്ലീങ്ങള്‍ക്കും ഭാരതത്തിലെ യൂറോപ്യന്മാര്‍ക്കും ആകാമെങ്കില്‍ എന്തുകൊണ്ട് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അത് നല്‍കിക്കൂടാ എന്നു വാദിക്കുകയും ചെയ്തു. ഗാന്ധിജി രണ്ടു നിര്‍ദ്ദേശങ്ങളും വാദവും നിരാകരിച്ചു. ‘സിക്കുകാര്‍ ഇപ്പോഴത്തെ അവസ്ഥയില്‍ തുടരും. മുസ്ലീങ്ങളും യൂറോപ്യന്മാരും അങ്ങനെ തന്നെ. അതുപോലെ തൊട്ടുകൂടാത്തവര്‍ എന്നും തൊട്ടുകൂടാത്തവരായി നിലനില്‍ക്കണോ?’ ഇതായിയിരുന്നു അദ്ദേഹത്തിന്റെ ബദല്‍ വാദം.

ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ച്, അതിന്റെ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ വാഗ്ദാനം ചെയ്തപ്പോ ള്‍ ഗാന്ധിജി മരണം വരെയുള്ള നിരാഹാര സത്യഗ്രഹം ആരംഭിച്ചു. ഗാന്ധിജിയുടെ സത്യഗ്രഹം കൊണ്ട് ഒരു പ്രയോജനമുണ്ടായി. ‘ഭാരതത്തിലുടനീളം, ഗാന്ധിജിയുടെ സത്യഗ്രഹത്തിന്റെ പ്രേരണയാല്‍ നൂറ്റാണ്ടുകളായി ‘തൊട്ടുകൂടാത്തവരു’ടെ മുന്നില്‍ അടഞ്ഞു കിടന്ന ക്ഷേത്രങ്ങള്‍ അവര്‍ക്കായി തുറന്നു. ബ്രാഹ്മണര്‍ അവരുടെ വീടുകളില്‍ ദളിതരെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. സാമ്രാജ്യം അവരുടെ ഭാഗത്തു നിന്ന് യര്‍വാദ ജയിലിന്റെ വാതിലുകള്‍ തുറക്കുകയും അംബേദ്കര്‍ ഗാന്ധിജിയുമായി കൂടിയാലോചന നടത്താന്‍ അവിടെ എത്തുകയും ചെയ്തു,’ രാജ്‌മോഹന്‍ ഗാന്ധി എഴുതുന്നു.

പൂന ഉടമ്പടി എന്നറിയപ്പെട്ട ഒരു പരിഹാര സൂത്രവാക്യം രൂപപ്പെട്ടു. പ്രാഥമിക തലത്തില്‍ പ്രത്യേകം മണ്ഡലങ്ങള്‍ക്ക് ഗാന്ധിജി സമ്മതിച്ചു. അസംബ്ലികളിലേക്കുള്ള സംയുക്ത മണ്ഡലങ്ങളില്‍ ‘അസ്പൃശ്യ’ ജാതികള്‍ക്ക് സംവരണ സീറ്റുകള്‍ നല്‍കുന്ന കാര്യം അംബേദ്കറും സമ്മതിച്ചു. അദ്ദേഹം പൂര്‍ണ്ണമായും തൃപ്തനായിരുന്നില്ല. എങ്കിലും ഹിന്ദു ജാതിവ്യവസ്ഥയില്‍ ഉണ്ടാകേണ്ടിയിരുന്ന ഒരു പ്രധാന പരിഷ്‌ക്കരണത്തിനുള്ള ആദ്യത്തെ ഇളവായി അദ്ദേഹം ഇതിനെ കണ്ടു. പൂന ഉടമ്പടിയിലേക്കു നയിച്ച സംഭാഷണങ്ങളുടെ ഒരു സൂക്ഷ്മമായ വിലയിരുത്തല്‍ വെളിപ്പെടുത്തുന്നത്, ഗാന്ധിജിയും അംബേദ്കറും തമ്മില്‍ അടിസ്ഥാനപരവും സവിശേഷവുമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഒരുതരം ശുഭാപ്തിവിശ്വാസം രണ്ടു പേരെയും വിഷയം ഉപസംഹരിക്കുന്നതിലേക്ക് നയിച്ചു എന്നാണ്.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള യൗലയില്‍, 1935 ഒക്ടോബര്‍ 13 ന് നടത്തിയ വൈകാരികമായ ഒരു പ്രസംഗത്തില്‍ അംബേദ്കര്‍ സദസ്യരോട് താനൊരു ഹിന്ദുവായാണ് ജനിച്ചതെങ്കിലും,’ഞാന്‍ ഒരു ഹിന്ദുവായി മരിക്കുകയില്ലെന്ന് നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി ഉറപ്പുനല്‍കുന്നു’ എന്നു പറഞ്ഞു. ഇതിനോട് ഗാന്ധിജി പ്രതികരിച്ചു. അംബേദ്കറെ ‘ആത്മീയ ഔന്നത്യമുള്ള’, ‘ഉന്നത വിദ്യാഭ്യാസമുള്ള’ ഒരാളായി വിശേഷിപ്പിച്ച അദ്ദേഹം ‘ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായെങ്കിലും’ തന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് അംബേദ്കറോട് ആവശ്യപ്പെട്ടു. ‘അസ്പൃശ്യത’ അതിന്റെ അവസാന ഘട്ടത്തിലാണെന്നും ഗാന്ധിജി പറഞ്ഞു. അംബേദ്കര്‍ ‘തന്റെ പൂര്‍വ്വിക മതത്തെ’ അതിന്റെതായ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കണമെന്നും ‘അതിന്റെ വിശ്വാസയോഗ്യരല്ലാത്ത അനുയായികളുടെ’ ദൗര്‍ബ്ബല്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്നും ഗാന്ധിജി ആവശ്യപ്പെട്ടു.
പ്രാഥമികമായ ഈ അനുമാനത്തില്‍ അംബേദ്കര്‍ ഗാന്ധിജിയോട് വിയോജിച്ചു. ഗാന്ധിജി വിശ്വാസികളെ കുറ്റപ്പെടുത്തിയപ്പോള്‍ അംബേദ്കര്‍ ഹിന്ദുമത ഗ്രന്ഥങ്ങളെയാണ് കുറ്റപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍, ജാതിയും വര്‍ണവും നിലനില്‍ക്കുന്ന കാലത്തോളം ‘അസ്പൃശ്യര്‍’ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയില്ല.

ജിന്നയോടുള്ള രാഷ്ട്രീയ സംവാദത്തിനും, അംബേദ്കറോടുള്ള സാമൂഹ്യ സംവാദത്തിനും ഒപ്പം തന്നെ ഇതേ കാലഘട്ടത്തില്‍ ഗാന്ധിജി ക്രിസ്ത്യന്‍ മിഷണറിമാരുമായും ഒരു തീവ്ര സംവാദത്തിലേര്‍പ്പെടുകയുണ്ടായി. മിഷണറിമാരുമായുള്ള ഗാന്ധിജിയുടെ മുഖാമുഖം അദ്ദേഹത്തിന്റെ ജീവിതത്തില്‍ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. രാജ്‌കോട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ക്രിസ്തീയതയോട് ‘ഒരു തരത്തിലുള്ള അനിഷ്ടം വളര്‍ന്നുവന്നതായി’ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ‘അക്കാലത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ ഹൈസ്‌കൂളിനടുത്ത് ഒരു മൂലയില്‍ നിന്നുകൊണ്ട് നടത്തുന്ന പ്രസംഗത്തില്‍ ഹിന്ദുക്കളുടെയും അവരുടെ ദേവതകളുടെയും മേല്‍ അധിക്ഷേപം വര്‍ഷിക്കാറുണ്ടായിരുന്നു. എനിക്കത് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഒരിക്കല്‍ മാത്രം ഞാന്‍ അവിടെ അവരുടെ പ്രസംഗം കേട്ടുകൊണ്ടു നിന്നു. പിന്നീടൊരിക്കലും ആ അനുഭവം ആവര്‍ത്തിക്കാന്‍ കഴിയാത്ത വിധത്തില്‍ എന്നെ പിന്തിരിപ്പിക്കാന്‍ അതു ധാരാളമായിരുന്നു.’അദ്ദേഹം എഴുതി. മതം മാറിയ പ്രശസ്തനായ ഒരു ഹിന്ദു മതംമാറ്റ സമയത്ത് ഗോമാംസവും മദ്യവും കഴിക്കുകയും യൂറോപ്യന്മാരെ പോലെ വസ്ത്രം ധരിച്ചു തുടങ്ങുകയും ചെയ്തതിനെ കുറിച്ചുള്ള വാര്‍ത്തയായിരുന്നു ഗാന്ധിജിയെ അവരില്‍ നിന്ന് അകറ്റിയ മറ്റൊരു സംഭവം.

ഇംഗ്ലണ്ടിലായിരുന്നപ്പോള്‍ ഗാന്ധിജി മതഗ്രന്ഥങ്ങള്‍ വായിച്ചു കൂട്ടിയതില്‍ പുതിയനിയമവും ഉള്‍പ്പെട്ടിരുന്നു. അതിലെ ഗിരിപ്രഭാഷണം ‘എന്റെ ഹൃദയത്തിലേക്ക് നേരിട്ടു കടന്നുവന്നു’ എന്ന് ഗാന്ധിജി തുറന്നു പറഞ്ഞു. അതേസമയം ക്രിസ്തീയ തത്വശാസ്ത്രത്തെ
സംബന്ധിച്ച് ചില ഉറച്ച കാഴ്ചപ്പാടുകളും അദ്ദേഹത്തില്‍ വളര്‍ന്നുവന്നു.

‘യേശു മാത്രമാണ് ജന്മമെടുത്ത ഒരേയൊരു ദൈവപുത്രന്‍, അവനില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ അനശ്വരമായ ജീവിതമുള്ളൂ എന്നീ വചനങ്ങള്‍ എനിക്കു വിശ്വസിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു. ദൈവത്തിനു പുത്രന്മാരുണ്ടാകുമെങ്കില്‍ നമ്മളെല്ലാവരും അവന്റെ പുത്രന്മാരായിരിക്കും. യേശു ദൈവത്തെ പോലെയോ അഥവാ ദൈവം തന്നെയോ ആണെങ്കില്‍ എല്ലാ മനുഷ്യരും ദൈവത്തെ പോലെയും ദൈവം തന്നെയുമാണ്. യേശുവിനെ ഒരു ബലിദാനിയായും ത്യാഗത്തിന്റെ മൂര്‍ത്തരൂപമായും ഒരു ദിവ്യ ഗുരുവായും ഞാന്‍ സ്വീകരിക്കുന്നു. അല്ലാതെ എക്കാലത്തെയും ഏറ്റവും പൂര്‍ണ്ണനായ മനുഷ്യനായി കാണാനാവില്ല.’ അദ്ദേഹം എഴുതി. ‘തത്വശാസ്ത്രപരമായി എന്തെങ്കിലും അസാധാരണത്വം ക്രൈസ്തവ സിദ്ധാന്തങ്ങള്‍ക്കില്ല. ത്യാഗത്തിന്റെ കാര്യത്തില്‍ ഹിന്ദുക്കള്‍ ക്രിസ്ത്യാനികളെക്കാള്‍ വളരെ മുന്നില്‍ നില്‍ക്കുന്നതായി കാണാം. ക്രിസ്തീയതയെ പൂര്‍ണ്ണതയുള്ള ഒരു മതമായോ എല്ലാ മതങ്ങളിലും വെച്ച് ഏറ്റവും മഹത്വമുള്ളതായോ കാണാന്‍ എനിക്കു സാധ്യമല്ല.’അദ്ദേഹം സൂചിപ്പിച്ചു.

ക്രിസ്ത്യന്‍ മിഷണറിമാരുടെ മതപരിവര്‍ത്തന ശ്രമങ്ങളില്‍ ഗാന്ധിജി ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തി. അമേരിക്കയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി, ഭാരതത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന പ്രവര്‍ത്തനത്തെ കുറിച്ചുള്ള തുറന്ന അഭിപ്രായം തേടിയപ്പോള്‍ ഗാന്ധിജി ഇങ്ങനെ മറുപടി പറഞ്ഞു. ‘എന്റെ അഭിപ്രായത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ പരോക്ഷമായി നമുക്ക് നന്മ ചെയ്യുന്നവരാണ്. അവരുടെ പ്രത്യക്ഷമായ ഇടപെടലാണ് മറ്റേതിനെക്കാള്‍ ഹാനികരം. ആധുനിക രീതിയിലുള്ള മതപരിവര്‍ത്തനത്തിന് ഞാന്‍ എതിരാണ്. ദക്ഷിണാഫ്രിക്കയിലെയും ഭാരതത്തിലെയും അനേകം വര്‍ഷങ്ങളുടെ മതപരിവര്‍ത്തന അനുഭവങ്ങളില്‍ നിന്ന് എനിക്കു മനസ്സിലായത്, പരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ പൊതുവായ സദാചാര ബോധത്തില്‍ അത് ഒരു ഉയര്‍ച്ചയും ഉണ്ടാക്കിയിട്ടില്ലെന്നാണ്. അവര്‍ യൂറോപ്യന്‍ നാഗരികതയുടെ ഉപരിപ്ലവമായ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുവെന്നല്ലാതെ യേശുവിന്റെ ഉപദേശങ്ങള്‍ ഒന്നും ഉള്‍ക്കൊണ്ടിട്ടില്ല.’

അയിത്തം ഇല്ലാതാക്കുന്നതിനുള്ള ഒരു ബഹുജന പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതില്‍ വലിയ സഹായം നല്‍കാന്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കു കഴിയുമെന്ന് അമേരിക്കന്‍ പാതിരിയായ ജോണ്‍ ആര്‍ മോട്ട് അഭിപ്രായപ്പെട്ടപ്പോള്‍ ഗാന്ധിജി ഇങ്ങനെ മറുപടി കൊടുത്തു: ‘ഇത്തരം ബഹുജന പ്രസ്ഥാനങ്ങളില്‍ എനിക്കു വിശ്വാസമില്ല. അസ്പൃശ്യരുടെ ഉയര്‍ച്ചയല്ല, ആത്യന്തിക മതപരിവര്‍ത്തനമാണ് അവരുടെ ലക്ഷ്യം. ഈ നിര്‍ദ്ദേശത്തിനു പിന്നില്‍ പതിയിരിക്കുന്നത് കൂട്ട മതംമാറ്റം നടത്താനുള്ള അവരുടെ ആഗ്രഹമാണ്.’

1937ല്‍ മൈലാപ്പൂരില്‍ എത്തിയ ക്രിസ്ത്യന്‍ പാതിരി

ഭാരതത്തിലെ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഭാവിയെ കുറിച്ച് ഗാന്ധിജിക്ക് മൗലികമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. 1931 മാര്‍ച്ചില്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഗാന്ധിജിയോട്, സ്വാതന്ത്ര്യത്തിനു ശേഷം ഭാരതത്തില്‍ വിദേശ മിഷണറിമാരെ നിലനിര്‍ത്തുന്നതിനെ അനുകൂലിക്കുന്നുണ്ടോ എന്നു ചോദിച്ചു. ഗാന്ധിജിയുടെ നേര്‍ക്കുനേരെയുള്ള മറുപടി ഇങ്ങനെയായിരുന്നു.

‘പാവങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതു പോലുള്ള മാനുഷിക പ്രവൃത്തികള്‍ക്കു പകരം, വൈദ്യസഹായവും വിദ്യാഭ്യാസവും മറ്റും നല്‍കി അവരെ മതംമാറ്റാനാണ് ശ്രമമെങ്കില്‍ ഞാന്‍ മിഷണറിമാരോട് പിന്‍വാങ്ങാന്‍ ആവശ്യപ്പെടും. ഏതൊരു രാഷ്ട്രത്തിന്റെയും മതം മറ്റുള്ളവയുടേതു പോലെ നല്ലതായിരിക്കും. തീര്‍ച്ചയായും ഭാരതത്തിലെ മതങ്ങള്‍ ഇവിടുത്തെ ആളുകള്‍ക്ക് പര്യാപ്തമായതാണ്. മതം മാറ്റുന്ന ആത്മീയത ഞങ്ങള്‍ക്ക് ആവശ്യമില്ല.’ 1935 മെയ് 11 ന്റെ ഹരിജനില്‍ പ്രസിദ്ധീകരിച്ച, ഒരു മിഷണറി നഴ്‌സുമായുള്ള അഭിമുഖത്തില്‍ ഗാന്ധിജി സാന്ദര്‍ഭികമായി ഇങ്ങനെ പറഞ്ഞു: ‘എനിക്ക് അധികാരവും നിയമം നിര്‍മ്മിക്കാനുള്ള അവസരവും ഉണ്ടായിരുന്നെങ്കില്‍ എല്ലാതരം മതപരിവര്‍ത്തനവും തീര്‍ച്ചയായും ഞാന്‍ അവസാനിപ്പിക്കുമായിരുന്നു. ‘ക്രിസ്തീയത പാശ്ചാത്യ സംസ്‌കാരവുമായി തന്മയീഭവിച്ചതാണെന്നും അതിനെ ക്രിസ്ത്യന്‍ സംസ്‌കാരം എന്ന് ഉചിതമായി വിശേഷിപ്പിക്കാമെന്നും’ ഉള്ള ബോദ്ധ്യമായിരുന്നു മതംമാറ്റത്തോടുള്ള ഗാന്ധിജിയുടെ എതിര്‍പ്പിന്റെ അടിസ്ഥാനം. ‘ഭാരതീയ സംസ്‌കാരത്തെ തീര്‍ച്ചയായും ഹിന്ദു സംസ്‌കാരമെന്ന് വിശേഷിപ്പിക്കാം’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എങ്കിലും എല്ലാ മതങ്ങളോടും തുല്യ ആദരവ് എന്ന തത്വം ഗാന്ധിജി എപ്പോഴും ഉയര്‍ത്തിപ്പിടിച്ചു. ക്രിസ്ത്യാനികളോടും എപ്പോഴും അദ്ദേഹത്തിന് ആദരവുണ്ടായിരുന്നു. 1947 ഡിസംബര്‍ 24 -ന് ക്രിസ്തുമസിന്റെ തലേ ദിവസം സായാഹ്‌നത്തില്‍ അദ്ദേഹം ഡല്‍ഹിയില്‍ ഒരു പ്രാര്‍ത്ഥനായോഗത്തെ അഭിസംബോധന ചെയ്തിരുന്നു.’നാളെ ക്രിസ്തുമസ്സാണ്. ഭാരതത്തിലും വിദേശത്തുമുള്ള ക്രിസ്ത്യാനികള്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു. ഭാരതത്തിനകത്തും പുറത്തുമുള്ള എല്ലാ ക്രിസ്ത്യാനികളും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സ്വതന്ത്രരാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആത്മനിയന്ത്രണം പാലിക്കാനും യേശുക്രിസ്തു കാണിച്ചു തന്ന സമര്‍പ്പണത്തിന്റെയും ബലിദാനത്തിന്റെയും മാര്‍ഗ്ഗം പിന്തുടരാനും അവര്‍ക്കു കഴിയട്ടെ. അവര്‍ സ്വതന്ത്രരാവുകയും ലോകത്തില്‍ സ്വാതന്ത്ര്യത്തിന്റെ പരിധി വികസിപ്പിക്കുകയും ചെയ്യട്ടെ.’ അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയെക്കുറിച്ചുള്ള പെന്‍ഡറല്‍ മൂണിന്റെ പുസ്തകം

‘ദേശീയ പ്രസ്ഥാനത്തിന്റെ ഹിന്ദുത്വവല്‍ക്കരണത്തെ’ ഗാന്ധിജി പ്രതിനിധീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി ബ്രിട്ടീഷ് ഭരണാധികാരിയും എഴുത്തുകാരനുമായ എഡ്വേര്‍ഡ് പെന്‍ഡറല്‍ മൂണ്‍ അഭിപ്രായപ്പെടുന്നു. ‘അദ്ദേഹത്തിന്റെ അടിസ്ഥാനാശയങ്ങള്‍, സദാചാര മൂല്യങ്ങളും ആദര്‍ശങ്ങളും, കൗതുകങ്ങളും താല്പര്യങ്ങളും പോലും ഹിന്ദുത്വത്തില്‍ നിന്നുള്ളതാണ്; അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും, സ്ഥിരമായി ഉപയോഗിച്ച ഭാഷ, ബിംബകല്പനകളും പ്രതീകങ്ങളും സ്പഷ്ടമായി ഹിന്ദു ഉറവിടങ്ങളില്‍ നിന്നുള്ളവയാണ്; സ്വാതന്ത്ര്യ സമ്പാദനം പോലെ തന്നെ ഹിന്ദുനവീകരണത്തിലും അദ്ദേഹത്തിനുള്ള താല്പര്യം പലപ്പോഴും കുറഞ്ഞതോ കൂടിയ തോ അളവില്‍ അതുമായി ബന്ധിപ്പിക്കാന്‍ കഴിയത്തക്കവിധം പ്രകടമായിരുന്നു.’

ആദ്യകാല നേതാക്കളായ ലോകമാന്യ തിലകന്‍, രാജാറാം മോഹന്‍ റോയ്, അരവിന്ദഘോഷ് തുടങ്ങിയവരുടെ രാഷ്ട്രീയ ആദര്‍ശങ്ങളുടെ തുടര്‍ച്ചയായിരുന്ന ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ സര്‍ദാര്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളില്‍ വലിയ സ്വാധീനം ചെലുത്തി. ഈ ആദര്‍ശങ്ങളോട് അനാദരവില്ലെങ്കിലും അഭിപ്രായവ്യത്യാസം തുറന്നു പ്രകടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റു പെട്ടെന്ന് അവരെ വെല്ലുവിളിക്കുന്ന ഒരാളായി. സ്വാതന്ത്ര്യാനന്തരം നെഹ്‌റു ഗാന്ധിജിയെ മറികടന്നു. തിലക്- റായ്- അരവിന്ദന്‍- ഗാന്ധി എന്നിവരുടെ ആശയധാര സ്വാതന്ത്ര്യാനന്തര യുഗത്തില്‍ മറ്റൊരു രാഷ്ട്രീയ ശക്തി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് ഹിന്ദു ദേശീയ പ്രസ്ഥാനം ഉദയം കൊണ്ടതും ഏഴു ദശകങ്ങള്‍ക്കു ശേഷം ദേശീയ മുഖ്യധാരയില്‍ എത്തിയതും ഈ പശ്ചാത്തലത്തിലാണ്.

(‘ദ ഹിന്ദുത്വ പാരഡൈം’ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളുടെ രചയിതാവും പ്രഭാഷകനുമായ രാം മാധവ് ഇന്ത്യ ഫൗണ്ടേഷന്റെ അദ്ധ്യക്ഷനും ബി.ജെ.പിയുടെ ദേശീയ ഉപാദ്ധ്യക്ഷനുമാണ്)

കടപ്പാട്: ‘ഓപ്പണ്‍’ ഇംഗ്ലീഷ്
വാരിക, 24.08.2026.
(വിവര്‍ത്തനം: സി.എം. രാമചന്ദ്രന്‍)

 

Tags: ഗാന്ധി
Share
Tweet
Send
Share

Related Posts

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

മുല്ലപ്പൂ വിപ്ലവം മടങ്ങിവരുമ്പോള്‍!

മുല്ലപ്പൂ വിപ്ലവം മടങ്ങിവരുമ്പോള്‍!

ആഘോഷങ്ങള്‍ സാര്‍വ്വദേശീയമാകണം (തിരുവോണത്തിന്റെ ഐതിഹ്യപ്പെരുമകള്‍-3)

ആഘോഷങ്ങള്‍ സാര്‍വ്വദേശീയമാകണം (തിരുവോണത്തിന്റെ ഐതിഹ്യപ്പെരുമകള്‍-3)

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

മാധവറാവു മൂളെജിയുടെ നിശ്ചയദാര്‍ഢ്യം

മാധവറാവു മൂളെജിയുടെ നിശ്ചയദാര്‍ഢ്യം

Shopping Cart

Latest

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies