- ഡയറി (അമ്പിളിത്തോണി 1)
- പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)
- നിഴല്‍ച്ചിത്രം (അമ്പിളിത്തോണി 3)
- അമ്പിളിവെളിച്ചം (അമ്പിളിത്തോണി 4)
- അമ്പിളിമണ്ണില്‍ (അമ്പിളിത്തോണി 5)
”ഭൂമിയില്‍ നിന്നും എത്രയോ അകലെയല്ലേ അമ്പിളിമാമന്‍? എന്നിട്ടും എന്നോട് സംസാരിച്ചപ്പോള്‍ എനിക്ക് പേടി തോന്നിയതാ.”
”ഞാന്‍ നിങ്ങളില്‍നിന്നും അത്രയൊന്നും അകലെയല്ലല്ലോ. വെറും മൂന്നുലക്ഷത്തി എണ്‍പത്തിനാലായിരം കിലോമീറ്റര്‍ മാത്രമേ ഭൂമിയില്‍ നിന്നും എന്നിലേക്ക് ദൂരമുള്ളൂ.”
”ഹമ്പമ്പോ! മൂന്നുലക്ഷത്തി എണ്‍പത്തിനാലായിരമോ? കേട്ടിട്ട് തലകറങ്ങുന്നു. വെറും രണ്ടുകിലോമീറ്റര്‍ ദൂരത്തുള്ള ഞങ്ങളുടെ സ്‌കൂളിലേക്ക് ദിവസവും പോയിവരാന്‍ ഞാനെത്ര കഷ്ടപ്പെടുന്നുവെന്നറിയ്വോ?”
അമ്പിളിമാമനതുകേട്ട് ചിരിച്ചു. ചിരിച്ചപ്പോള്‍ മുഖത്തെ വെട്ടം കൂടുതല്‍ തെളിഞ്ഞു.
”ദൂരങ്ങളൊക്കെ ആപേക്ഷികമല്ലേ ആനന്ദൂ? നീ മറ്റുകുട്ടികളെ പോലെയല്ലല്ലോ. ശാസ്ത്രബോധമുള്ള കുട്ടിയല്ലേ? എന്നേക്കാള്‍ എത്രയകലെയാണ് ശുക്രനും ചൊവ്വയും മറ്റുഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും? നമ്മള്‍ക്കെല്ലാവര്‍ക്കും വെളിച്ചം തരുന്ന സൂര്യന്‍ എത്രയകലെയാണെന്നറിയ്വോ? അതുമായി താരതമ്യം ചെയ്യുമ്പോള്‍ എന്റെ ദൂരം വളരെച്ചെറുതാണ്.””
”എനിക്ക് അമ്പിളിമാമനിലേക്ക് വരാന്‍ പറ്റുമോ?”
ഒരു കുസൃതിതോന്നി ആനന്ദു ചോദിച്ചു. ഇത്തവണ ആപ്പ് തോറ്റുതൊപ്പിയിടും. എ.ഐ. വീഡിയോ ഒക്കെയുണ്ടാക്കി ആളുകളെ പറ്റിക്കാന്‍ പറ്റുമായിരിക്കും. പക്ഷേ ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ടുപോകാന്‍ ആപ്പിന് സാധിക്കുമോ?
”കൊണ്ടുപോകാലോ, മോന്റെ ആഗ്രഹമല്ലേ? തീര്‍ച്ചയായും സാധിച്ചുതരാം.”
”ഇപ്പോള്‍ പോകാമോ?”
”പിന്നില്ലാതെ? ഇപ്പോള്‍ത്തന്നെ പോകാം. എന്താ പേടിയുണ്ടോ?”
”പേടിയൊന്നുമില്ല. എന്നാലും…”
”ഒരെന്നാലുമില്ല. ആനന്ദു വരൂ. നമുക്ക് പോകാം.”
”എങ്ങോട്ട്?”
”അമ്പിളിമണ്ണിലേക്ക്. ഞാനിപ്പോള്‍ വന്നിരിക്കുന്നത് വെളിച്ചത്തിന്റെ ഒരു തുണ്ടായിട്ടാണ്. എന്റെ മണ്ണില്‍ നിന്നും വന്ന വെളിച്ചത്തിന്റെ ഒരു തുണ്ട്. ആനന്ദുമോനെ എന്റെ മണ്ണിലേക്ക് കൊണ്ടുപോകാനാണ് ഞാന്‍ വന്നിരിക്കുന്നത്.”
”എവിടേക്ക്? ചന്ദ്രനിലേക്കോ? മൂന്നുലക്ഷത്തി എണ്‍പത്തിനാലായിരം കിലോമീറ്റര്‍ അകലേക്കോ?”
”അതെ. അതൊന്നും മോന്‍ പേടിക്കേണ്ട. ദാ, ഈ സ്‌ക്രീനില്‍ കാണുന്ന ചുവന്ന ബിന്ദുവിലൊന്ന് വിരല്‍ വച്ചാല്‍ മതി. ഞാന്‍ കൊണ്ടുപോയിക്കൊള്ളാം.”
”ആനന്ദുവൊന്ന് മടിച്ചു. ഈ പറയുന്നതൊക്കെ ശരിയാണോ? ഏതായാലുമൊന്ന് പരീക്ഷിക്കുകതന്നെ. അവന്‍ അമ്പിളിമാമന്‍ പറഞ്ഞതനുസരിച്ച് ഫോണിന്റെ സ്‌ക്രീനില്‍ തെളിഞ്ഞുവന്ന ചുവന്ന വട്ടത്തില്‍ ചൂണ്ടുവിരല്‍ വച്ചു. അതിനുശേഷം കണ്ണടച്ചു. ഫോണില്‍നിന്നും ഒരു വൈദ്യുതപ്രവാഹം അവനിലേക്ക് പ്രവഹിച്ചു. വിരല്‍ പിന്‍വലിക്കാന്‍ പറ്റുന്നില്ല. ഒട്ടിപ്പിടിച്ചതുപോലെ. ശരീരമാകെ വിറച്ചു. ഫോണിനുള്ളിലേക്ക് ശരീരം വലിച്ചെടുക്കപ്പെടുകയാണെന്നവന് തോന്നി. ഏതാനും നിമിഷങ്ങളേ ആ ഒരു അസ്വസ്ഥതയുണ്ടായുള്ളൂ.
”ആനന്ദൂ, കണ്ണുതുറക്കൂ, ദാ മോനിപ്പോള്‍ എന്റെ പുറത്താണിരിക്കുന്നത്.”
അമ്പിളിമാമന്റെ നിലാവുപോലെ കുളിരുള്ള ശബ്ദം. ആനന്ദു സാവധാനത്തില്‍ കണ്ണുതുറന്നു. സ്വര്‍ണവര്‍ണമുള്ള അമ്പിളിത്തോണിയിലാണ് അവനിപ്പോഴിരിക്കുന്നത്. ആകാശക്കടലിലൂടെ മുന്നോട്ടുപോകുകയാണ് തോണി. ആകാശക്കടല്‍! മേഘക്കടല്‍! ചെമ്മരിയാട്ടിന്‍പറ്റത്തെ പോലെയാണ് ആദ്യം തോന്നിയത്. പിന്നെത്തോന്നി പഞ്ഞിക്കെട്ടുകളാണെന്ന്. കണ്ണെത്താദൂരത്തോളമവ പരന്നുകിടക്കുകയല്ലേ! ഈ മേഘങ്ങളൊക്കെ നീലക്കടലില്‍ പൊങ്ങിക്കിടക്കുകയാണോ? അവന് നല്ല രസം തോന്നി.
(തുടരും)






















