മാദ്ധ്യമങ്ങളെ ജനാധിപത്യത്തിന്റെ കാവലാളെന്ന് വിശേഷിപ്പിക്കാറുണ്ട്. പൗരജനങ്ങള്‍ക്ക് ദേശീയബോധം പകരാനും സ്വാതന്ത്ര്യസമരത്തെ പ്രോജ്ജ്വലിപ്പിക്കാനുമായി ഭാരതത്തിലെ പ്രമുഖരായ സ്വാതന്ത്ര്യസമര നേതാക്കള്‍ ആശ്രയിച്ചത് പത്രമാധ്യമങ്ങളെയായിരുന്നു. എന്നാല്‍, സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മാധ്യമധര്‍മ്മം വിസ്മൃതമാവുകയും മാധ്യമ മേഖല അപചയങ്ങളെ അഭിമുഖീകരിക്കുകയുമാണ്.
അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചാനലിനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെക്കാലമായി ജനശ്രദ്ധയിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനകള്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയുടെ കുടുംബവീട്ടില്‍ നടന്ന പരിശോധനയില്‍ അനുവദനീയമായ അളവിലേറെ മദ്യം സൂക്ഷിച്ചതായി കണ്ടെത്തുകയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ എംഡി ആന്റോ അഗസ്റ്റിന്‍ അബ്കാരി കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. ഇതോടൊപ്പം കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ആസ്ഥാനത്തും ഒരുസംഘം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ചാനലിന്റെ കളമശേരിയിലെ ന്യൂസ് ഡെസ്‌കില്‍ പോലീസ് അതിക്രമിച്ചു കയറിയതായും മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചുവെച്ചതായും വാര്‍ത്തകള്‍ വന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന പോലീസ് അതിക്രമങ്ങളെ ജനാധിപത്യബോധമുള്ള ആര്‍ക്കും നീതീകരിക്കാനാവില്ല. അത്തരം നടപടികള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, മാധ്യമധര്‍മ്മം മറന്ന് മാഫിയാധനത്തിന്റെ ദുഃസ്വാധീനത്തിന് വഴങ്ങി മാധ്യമസ്ഥാപനങ്ങള്‍ അധഃപതനത്തിലേക്ക് നീങ്ങുന്ന കാഴ്ച ആശ്വാസകരവും ആശാസ്യവുമല്ല.
മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം മാധ്യമധര്‍മ്മം യഥോചിതം പരിപാലിക്കപ്പെടുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്താന്‍ കൂടി മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവേണ്ടതുണ്ട്. അടുത്തകാലത്തായി മലയാള മാദ്ധ്യമരംഗം മുന്‍പില്ലാത്തവിധത്തില്‍ മലീമസമായിരിക്കുന്നു. അതുകൊണ്ട് തന്നെ മാധ്യമമൂല്യങ്ങളുടെ മരണമണി മുഴങ്ങുകയുമാണെന്ന വിമര്‍ശനങ്ങളെ മുന്‍വിധികളില്ലാതെ സ്വീകരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവേണ്ടതുണ്ട്. മറ്റു പല രംഗങ്ങളെയും പോലെ മൂല്യത്തകര്‍ച്ചയും നിലവാരത്തകര്‍ച്ചയും മാധ്യമരംഗത്തെയും പിടികൂടിയിരിക്കുകയാണ്. ഇത് ജനാധിപത്യ സംവിധാനത്തെ നിഷ്‌ക്രിയമാക്കാനേ ഉപകരിക്കൂ. റിപ്പോര്‍ട്ടര്‍ ചാനലുമായി ബന്ധപ്പെട്ട് പലപ്പോഴായി ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ അതീവഗൗരവതരമാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതി ആരോപണങ്ങളും നേരിടുന്ന തട്ടിപ്പുസംഘമാണ് ചാനലിന്റെ നിയന്ത്രണം കയ്യാളുന്നതെന്ന ആരോപണം അവഗണിച്ചുതള്ളാവുന്നവതല്ല. 2016 ല്‍ ‘മാംഗോ’ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി പ്രഖ്യാപിച്ച് മാധ്യമങ്ങള്‍ക്ക് വന്‍തോതില്‍ പരസ്യങ്ങള്‍ നല്‍കിയെങ്കിലും ഫോണ്‍ ലോഞ്ചിങ് വേദിയില്‍ വെച്ച് കമ്പനി ഉടമകള്‍ തട്ടിപ്പുകേസില്‍ അറസ്റ്റുചെയ്യപ്പെട്ടു. 2020ല്‍ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട കൊള്ളയിലും ചാനല്‍ മേധാവിയുടെ പേര് ഉള്‍പ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ അനുമതിയോ സംപ്രേക്ഷണ ലൈസന്‍സോ ഇല്ലാതെ അനധികൃതമായാണ് ഈ ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ഒരു മാഫിയാസംഘത്തിന്റെ ബിനാമി പ്രവര്‍ത്തനങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും മാധ്യമസ്ഥാപനത്തെ മറയാക്കുകയാണെന്ന സംശയവും പൊതുമധ്യത്തിലുണ്ട്. മുന്‍പ് സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗിലെ ദ്വയാര്‍ഥ പ്രയോഗവുമായി ബന്ധപ്പെട്ട് ഇതേ ചാനലിന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. സമൂഹത്തില്‍ തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിക്കേണ്ട ഒരു മാധ്യമസ്ഥാപനം അഴിമതിയുടെയും അവിഹിത ഇടപാടുകളുടെയും പേരില്‍ ആരോപണം നേരിടുന്നത് മാദ്ധ്യമരംഗത്തിന് തീരാക്കളങ്കമാണ്.
റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഉണ്ടായ പോലീസ് നടപടിയെ പ്രതിപക്ഷ നേതാവ് വിജയന്‍ അടിയന്തരാവസ്ഥയോടാണ് ഉപമിച്ചത്. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് അരയക്ഷരം ഉരിയാടാനുള്ള ധാര്‍മ്മിക അവകാശം പോലുമില്ലാത്തയാളാണ് കേരളത്തിന്റെ പ്രതിപക്ഷനേതാവ്. മുഖ്യമന്ത്രിയായിരുന്ന പത്ത് വര്‍ഷം മാധ്യമങ്ങളെ നിരന്തരം അധിക്ഷേപിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ഏകാധിപത്യശൈലി കേരളം കണ്ടതാണ്. സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും മാധ്യമപ്രവര്‍ത്തകരെ ആക്രോശിച്ച് അകറ്റിനിര്‍ത്താനും അവരെ കേസെടുത്തു വേട്ടയാടാനുമാണ് ഭരണാധികാരിയായ വിജയന്‍ ശ്രമിച്ചിട്ടുള്ളത്. ഷാജന്‍ സ്‌ക്കറിയ, ക്രൈം നന്ദകുമാര്‍ തുടങ്ങിയ നിരവധി മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത് ഇടതുപക്ഷ ഭരണകാലത്താണ്. മാദ്ധ്യമവേട്ടയുടെ കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രിയെ അനുകരിക്കാനാണ് ‘നെഹ്‌റുവിയന്‍ ലെഫ്റ്റ്’ എന്ന് സ്വയംവിശേഷിപ്പിക്കുന്ന ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് തുടര്‍ച്ചയായി നീക്കം ചെയ്യപ്പെടുന്നത് ഇതിന്റെ സൂചനയാണ്.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പോലും വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിലേക്ക് കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം അധഃപതിച്ചിട്ടുണ്ട്. ഹത്രാസില്‍ കലാപമുണ്ടാക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകനുവേണ്ടി പ്രതിഷേധിക്കാനും പണംപിരിക്കാനും തുനിഞ്ഞിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ ആരുടെ ചട്ടുകമാണെന്ന് പരിശോധിക്കപ്പെടണം. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ നിലപാടെടുത്ത വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ മതമൗലികവാദികള്‍ ഭീഷണി മുഴക്കുമ്പോള്‍ ഇവിടുത്തെ മാധ്യമസിംഹങ്ങള്‍ ഉറക്കം നടിക്കുകയാണ്. വനിതാ മാധ്യമപ്രവര്‍ത്തകയെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ച കോണ്‍ഗ്രസിന്റെ യുവ എംഎല്‍എയുടെ മനുഷ്യത്വഹീനമായ പെരുമാറ്റം ആ പാര്‍ട്ടിക്കും മലയാളികള്‍ക്ക് മുഴുവനും ബോധ്യമായിട്ടും അയാളെ അഭിമുഖത്തിലൂടെ വെള്ളപൂശാന്‍ മാധ്യമമാടമ്പിമാര്‍ വാചകക്കസര്‍ത്ത് നടത്തുകയായിരുന്നു. ഇല്ലാത്ത സുകുമാരക്കുറുപ്പിനെ തേടിയലഞ്ഞ് അപഹാസ്യരാകുന്ന നിലയിലേക്ക് ഇവിടുത്തെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം വഴിപിഴച്ചു കഴിഞ്ഞിരിക്കുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ ആക്ടിവിസ്റ്റുകളായി പരിണമിക്കുകയും രാഷ്ട്രീയ താത്പര്യങ്ങളും വ്യക്തിതാത്പര്യങ്ങളും മാധ്യമപ്രവര്‍ത്തനത്തെ വഴിതെറ്റിക്കുകയും മാഫിയാ സംഘങ്ങള്‍ മലയാള മാധ്യമരംഗത്തെ വിഴുങ്ങുകയും ചെയ്യുന്ന ദുരവസ്ഥ ജനാധിപത്യ കേരളത്തിന് അപമാനവും അപഖ്യാതിയുമാണ്.





















