”ഞാന്‍ ആകാശക്കടലിലൊന്ന് തുഴയട്ടെ?”
”പിന്നെന്താ തുഴഞ്ഞോളൂ.”
അവന്‍ കൈകൊണ്ട് തുഴയുന്നതുപോലെ കാണിച്ചു. അമ്പിളിമാമന്‍ ചിരിച്ചു. മുത്തുകിലുങ്ങുന്നതുപോലുള്ള ചിരി. മേഘങ്ങള്‍ക്കിടയിലൂടെയാണിപ്പോള്‍ തുഴയുന്നത്. അമ്പിളിയുടെ സ്വര്‍ണവെളിച്ചത്തില്‍ മേഘങ്ങള്‍ വെട്ടിത്തിളങ്ങുന്നു. എന്തുഭംഗിയാണ് കാണാന്‍! കാണെക്കാണെ അവയുടെ വലുപ്പം കൂടിവന്നു. വലിയ മലപോലുള്ളവ. ഇപ്പോഴതില്‍ ചെന്നിടിക്കുമെന്ന് തോന്നി. പക്ഷേയിടിച്ചില്ല. അവയ്ക്കിടയിലൂടെ സമര്‍ത്ഥമായി അമ്പിളിത്തോണി മുന്നോട്ടുനീങ്ങി. മേഘങ്ങള്‍ നിറഞ്ഞ ആകാശം കഴിഞ്ഞപ്പോള്‍ അവരുടെ യാത്ര വേഗത്തിലായി.
”ഇത്രവേഗത്തില്‍ പോകല്ലേ. എനിക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നു. വേഗം കുറയ്ക്കൂ.”
”വേഗത്തില്‍ പോയാലല്ലേ എളുപ്പത്തില്‍ നമുക്കവിടെയെത്താന്‍ കഴിയുള്ളൂ. സാരമില്ല. മോന്‍ കണ്ണടച്ചിരുന്നോളൂ. നമ്മളിതാ അതിവേഗത്തില്‍ കുതിക്കാന്‍ പോകുകയാണ്.”
ആനന്ദു കണ്ണടച്ചു. അമ്പിളിത്തോണി അവനെയും കൊണ്ട് കുതിച്ചുപാഞ്ഞു. ഏതൊക്കെ അന്തരീക്ഷപാളികളിലൂടെയായിരിക്കുമിപ്പോള്‍ സഞ്ചരിക്കുന്നത്? അവനോര്‍ത്തുനോക്കി. ട്രോപ്പോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മിസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍ അങ്ങനങ്ങനെ. അന്തരീക്ഷപാളികളെക്കുറിച്ചൊക്കെയവന്‍ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. അമ്പിളിമാമനോടൊപ്പമുള്ള ഈ യാത്രയെക്കുറിച്ച് സ്‌കൂളില്‍ ചെല്ലുമ്പോള്‍ കൂട്ടുകാരോടും ടീച്ചറോടുമൊക്കെ പറയണം. അവര്‍ വിശ്വസിക്കുമോ എന്തോ!
”മോനേ, ആനന്ദൂ, കണ്ണുതുറക്കൂ. നമ്മളെത്തി.”
ങേ! ഇത്രപെട്ടെന്നെത്തിയോ? യാത്രയൊന്ന് ആസ്വദിച്ചുവരുന്നതേ ഉണ്ടായിരുന്നല്ലോ. ആനന്ദു സാവധാനം കണ്ണുതുറന്നു ചുറ്റും നോക്കി. എത്തിപ്പെട്ടിരിക്കുന്നത് ശരിക്കും ചന്ദ്രനിലാണെന്ന് മനസ്സിലായി. പല വീഡിയോകളിലും ചന്ദ്രോപരിതലം കണ്ടിട്ടുണ്ട്. പണ്ട് നീല്‍ ആംസ്‌ട്രോംഗും എഡ്വിന്‍ ആല്‍ഡ്രിനും നടന്ന സ്ഥലം. അവിടേക്ക് ഇതാ ആനന്ദുവുമെത്തിയിരിക്കുന്നു. അവന് അത്ഭുതമടക്കാന്‍ കഴിഞ്ഞില്ല.
”ഇത്രയുമെളുപ്പമാണോ ചന്ദ്രനിലെത്താന്‍? എന്നിട്ടാണോ ഞങ്ങളുടെ ശാസ്ത്രജ്ഞരൊക്കെ ഒരുപാടുകാലം പരീക്ഷണങ്ങള്‍ നടത്തി ഒരുപാട് പണം ചിലവഴിച്ച് ബഹിരാകാശവാഹനങ്ങളൊക്കെ നിര്‍മിച്ച് ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കുന്നത്?”
ഭൂമിയിലെ മനുഷ്യര്‍ വിചാരിച്ചാല്‍ അത്രയൊക്കെ ശ്രമം വേണം ഇവിടെയെത്താന്‍. പക്ഷെ ഞാന്‍ വിചാരിച്ചാല്‍ ഭൂമിയില്‍ നിന്നും ഒരാളെയിവിടെ എത്തിക്കാന്‍ അതിന്റെയൊന്നും ആവശ്യമില്ല. ഇപ്പോള്‍ എന്റെയിഷ്ടത്തിനനുസരിച്ചാണ് ആനന്ദുമോന്‍ ഇവിടെ വന്നിരിക്കുന്നത്. ഞാന്‍ വിചാരിച്ചാല്‍ ഭൂമിയിലെ നല്ല ബുദ്ധിശക്തിയും ഭാവനാശേഷിയുമൊക്കെ ഒത്തിണങ്ങിയ കുട്ടികളെ ഇവിടെ എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയും. എന്റെ മണ്ണിലൂടെ നടന്നുനോക്കൂ. ഇവിടുത്തെ കാഴ്ചകളൊക്കെ മോന് കാണേണ്ടേ?
”ഭൂമിയിലേതുപോലെ ഇവിടെ അന്തരീക്ഷവായുവും ഓക്‌സിജനുമൊന്നുമില്ലെന്നാണല്ലോ ഞാന്‍ വായിച്ചിട്ടുളളത്. എന്നിട്ടുമെനിക്ക് ശ്വാസതടസ്സമൊന്നും തോന്നാത്തതെന്താണ്?”
”ഞാന്‍ പറഞ്ഞല്ലോ. മോനിപ്പോള്‍ വന്നിട്ടുള്ളത് എന്റെയിഷ്ടപ്രകാരമാണ്. എന്റെ അതിഥിയായിട്ട്. ഞാന്‍ മോനുചുറ്റുമൊരു വായുപടലം സൃഷ്ടിച്ചിട്ടുണ്ട്. ശ്വസിക്കാനുള്ള വായുവൊക്കെ അതില്‍ നിന്നും കിട്ടും. വിശപ്പും ദാഹവുമൊന്നും തോന്നുകയുമില്ല. മോനിഷ്ടമുള്ളത്രയും സമയം എന്റെ മണ്ണിലൂടെ നടക്കാം. കാഴ്ചകള്‍ കാണാം. വിശേഷങ്ങളറിയാം. ദാ, മെല്ലെ നടക്കൂ.”
അമ്പിളിമാമന്‍ പറഞ്ഞതനുസരിച്ച് അവന്‍ മെല്ലെ നടന്നു. നല്ല രസമുണ്ട് നടക്കാന്‍. കാല്‍ മണ്ണില്‍ തൊടുന്നതായി തോന്നുന്നതേയില്ല.
”ചാഞ്ചക്കം… ചൂംചക്കം…”
ആനന്ദുവിന് ഒരു പാട്ടുമൂളാന്‍ തോന്നി. അവന്‍ ചാഞ്ചാടിക്കൊണ്ട് ചന്ദ്രന്റെ മണ്ണിലൂടെ നടന്നു. നല്ല പതുപതുത്ത മണ്ണ്. കല്ലുകളൊക്കെയുണ്ടെങ്കിലും നല്ല മിനുസം.
”സൂക്ഷിച്ച് നടക്കണേ, ഭൂമിയിലേതുപോലെയല്ല. എന്റെ ഉപരിതലത്തില്‍ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകും.”
”എന്ത് അപകടം വരാനാണ്? ഞാന്‍ ശ്രദ്ധിച്ചല്ലേ നടക്കുന്നത്? ഞാന്‍ ധൈര്യമുള്ള കുട്ടിയാ.”






















