കേരളീയ സംസ്‌കൃതിയോടും പൈതൃകത്തോടും ഓരം ചേര്‍ന്നു നടന്ന ഒരാളാണ് എം.എ. കൃഷ്ണന്‍. സംഘപ്രചാരകന്‍, കേസരി പത്രാധിപര്‍, തപസ്യയുടെയും ബാലഗോകുലത്തിന്റെയും തുടക്കക്കാരനും മാര്‍ഗ്ഗദര്‍ശിയും, കേരളീയ ചരിത്രരചനയിലും നവോത്ഥാന പരിശ്രമങ്ങളിലും രാസത്വരകമായി പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ എം.എ.സാറിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്. തൊണ്ണൂറിന്റെ ശാരീരിക ക്ലേശങ്ങള്‍ക്കിടയിലും പത്തൊമ്പതിന്റെ ചുറുചുറുക്കുള്ള മനസ്സുമായി കേരളീയപൈതൃകത്തില്‍ അടിയുറച്ച ജനതതിയെക്കുറിച്ചും അതിന്റെ അടിസ്ഥാനത്തിലുള്ള കേരളീയ ജനതയുടെ ഏകീകരണത്തെക്കുറിച്ചും ചിന്തിക്കുകയും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയുമാണ് എം.എ. സാര്‍. എറണാകുളത്തെ മാധവനിവാസില്‍ വെച്ച് അദ്ദേഹം കേസരിക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്.
കേരളീയ സമൂഹം ഇന്ന് ഏറെ ചര്‍ച്ചചെയ്യുന്ന വിഷയമാണല്ലോ നവോത്ഥാനം. പാഞ്ഞാളില്‍ നടന്ന അതിരാത്രത്തില്‍ നിന്ന് മൃഗബലി ഒഴിവാക്കിക്കൊണ്ട് നവോത്ഥാനത്തിന് വഴിതെളിച്ച ഒരു ചരിത്രം താങ്കള്‍ക്കുണ്ടല്ലോ. വൈദിക ആചാര്യനായിരുന്ന ഏര്‍ക്കര രാമന്‍ നമ്പൂതിരിയെക്കൊണ്ട് മൃഗബലി ഒഴിവാക്കിക്കുക എന്ന തീരുമാനമെടുപ്പിക്കാന്‍ താങ്കളെ പ്രേരിപ്പിച്ച സാഹചര്യമെന്തായിരുന്നു.
♠കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലേക്ക് അന്വേഷിച്ചുപോകുന്ന സ്വഭാവം എനിക്കു നേരത്തെ ഉണ്ടായിരുന്നു. കേസരിയുടെ പത്രാധിപരായി ചുമതലയേറ്റത് ഇതിനുള്ള കൂടുതല്‍ വാതായനങ്ങള്‍ തുറന്നുതന്നു. ഇത്തരം അന്വേഷണത്തിന്റെ ഭാഗമായിരുന്നു കേസരിയുടെ പല വിശേഷാല്‍ പ്രതികളും. 1971-ല്‍ പുറത്തുവന്ന നിളയുടെ ഇതിഹാസം എന്ന വിശേഷാല്‍ പ്രതി അതില്‍ ഒന്നാണ്. ആനമല മുതല്‍ പൊന്നാനിവരെ നീണ്ടുകിടക്കുന്ന നിളയുടെ ഇരുകരകളിലേയും ജീവിതത്തെക്കുറിച്ചുള്ള അന്വേഷണം. ഈ അന്വേഷണം കേരളത്തിന്റെ ചരിത്രാന്വേഷണമാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് ആകാശവാണിയില്‍ ചെന്ന് മഹാകവി അക്കിത്തത്തെ പരിചയപ്പെടുന്നത്. മഹാകവിയുമായി വളരെ അടുക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും സാധിച്ചു. ഒരിക്കല്‍ അദ്ദേഹവുമായി സംസാരിക്കവെ പാഞ്ഞാളില്‍ നടക്കാന്‍ പോകുന്ന അതിരാത്രവും ചര്‍ച്ചാവിഷയമായി. ആറായിരം വര്‍ഷം മുമ്പാണ് ഈ യാഗം നടന്നതെന്നും അതിനെക്കുറിച്ച് പറഞ്ഞറിഞ്ഞുള്ള വിവരമേയുള്ളുവെന്നും അത്രയും വിശിഷ്ടമായ ഒന്ന് വീണ്ടും നടത്തുന്നത് നല്ലതാണെന്നുമുള്ള അഭിപ്രായമാണ് പലര്‍ക്കുമുണ്ടായത്. യാഗത്തില്‍ ജന്തുബലിയുണ്ടെന്നും അതിന്റെ വപയെടുക്കുന്ന ചടങ്ങുണ്ടെന്നും ഞാന്‍ മാധവ്ജിയില്‍ നിന്നും അറിഞ്ഞിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അക്കിത്തത്തോട് സംസാരിച്ചപ്പോള്‍ ഏര്‍ക്കര രാമന്‍ നമ്പൂതിരി പിറ്റേന്ന് കോഴിക്കോട്ട് ചാലപ്പുറത്ത് രാമകൃഷ്ണ ഏറാടിയുടെ വീട്ടില്‍ വരുന്നുണ്ടെന്നും അവിടെ വന്നാല്‍ നേരില്‍ സംസാരിക്കാം എന്നും അദ്ദേഹം പറഞ്ഞു. പൊതുവെ സാത്വിക പ്രകൃതിയായ ഞാന്‍ കോഴിക്കോട്ട് എത്തിയപ്പോള്‍ തങ്ങളുടെ പാരമ്പര്യത്തിന്റെ അടിവേരില്‍ ഉറച്ചുനില്‍ക്കുന്ന സാത്വികരായ സമൂഹവുമായി സ്വാഭാവികമായും അടുത്തു. അക്കൂട്ടത്തിലൊരാളായ, കച്ചവടക്കാരനായ രാമകൃഷ്ണ ഏറാടിയുടെ വീട്ടിലായിരുന്നു ഏര്‍ക്കര വന്നത്. അവിടെ ചെന്ന് അദ്ദേഹത്തെ പരിചയപ്പെട്ടു.

ഏര്‍ക്കര രാമന്‍ നമ്പൂതിരിയുമായുള്ള സംഭാഷണം ഗുണം ചെയ്‌തോ?
♠ഞാന്‍ അദ്ദേഹത്തോട് അതിരാത്രത്തെക്കുറിച്ച് സംസാരിച്ചു. പാരമ്പര്യമനുസരിച്ച് നടന്നുവരുന്ന ആചാരമാണ് യാഗമെന്നും സ്റ്റാള്‍ എന്ന ഒരു അമേരിക്കക്കാരന്‍ അതിന്റെ ചെലവുവഹിക്കാന്‍ തയ്യാറായി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ ശ്രേഷ്ഠമായ ഈ ആചാരം നടത്താന്‍ സാധിക്കുന്നതിലുള്ള ആത്മനിര്‍വൃതിയിലായിരുന്നു അദ്ദേഹം. ഇന്നത്തെ ലോകത്ത് സനാതനധര്‍മ്മത്തിന് പ്രചാരം കിട്ടാന്‍ അതു സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജന്തുഹിംസ നടത്തുന്ന യാഗം അപരിഷ്‌കൃതമാണെന്നുള്ള അധിക്ഷേപിക്കലാണ് ഉണ്ടാവുക എന്നും പത്രക്കാര്‍ ഇതിനെ ഉപയോഗിക്കുക ഹിന്ദു ധര്‍മ്മത്തെ അധിക്ഷേപിക്കാനാണ് എന്നും ഞാന്‍ ഇതിന്റെ മറുവശം തുറന്നുകാട്ടി. ഒരു മഹാഭാഗ്യം കിട്ടിയതാണ്, അതു കൈവിടില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ജന്തുഹിംസ നടത്തുന്ന യാഗം നടത്താന്‍ സമ്മതിക്കില്ല എന്നു ഞാനും തീര്‍ത്തു പറഞ്ഞു. അതിനുശേഷം ഇറങ്ങിപ്പോരുകയും ചെയ്തു. ഇറങ്ങിപ്പോരവെ യാഗം മുടക്കാന്‍ എപ്പോഴും ആളുകളുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു.

അന്നത്തെ ഹിന്ദുസമൂഹത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു.
♠യാഗം സാധാരണക്കാര്‍ക്ക് അത്ര വിശേഷപ്പെട്ട ഒന്നായിരുന്നില്ല. മാത്രമല്ല ഇന്നത്തെപ്പോലെ സാമൂഹ്യമാധ്യമങ്ങളൊന്നുമില്ലാത്തതിനാല്‍ വ്യാപകമായ ചര്‍ച്ചയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഞാന്‍ അടങ്ങിയിരുന്നില്ല. മാതൃഭൂമിയിലെ വി.എം.കൊറാത്ത് എനിക്കൊപ്പമുണ്ടായിരുന്നു. തൃശ്ശൂരിലെ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന എന്‍.എന്‍. മേനോനെപോലുള്ളവരും രംഗത്തുവന്നു. വി.ടി. ഭട്ടതിരിപ്പാട് ജന്തുഹിംസക്കെതിരെ പ്രസ്താവനയിറക്കി. കെ.പി. കേശവമേനോന്‍, സി.എച്ച്. കുഞ്ഞപ്പ എന്നിവരും അഭിപ്രായമെഴുതി. മാതൃഭൂമിയില്‍ ലേഖനം വന്നു. ജന്തുഹിംസ നടന്നാല്‍ താന്‍ ആത്മാഹൂതി നടത്തുമെന്ന് തൃശ്ശൂരില്‍ ഒരു മാസിക നടത്തിയിരുന്ന ബാലന്‍ പ്രഖ്യാപിച്ചു. യാഗത്തിനനുകൂലമായി അധികം പേര്‍ ഉണ്ടായില്ല. ഒടുവില്‍ ജന്തുഹിംസ ഒഴിവാക്കിക്കൊണ്ട് യാഗം നടത്താന്‍ അവര്‍ തീരുമാനിച്ചു. സമൂഹം പൊതുവെ അതിനെ സ്വാഗതം ചെയ്തു.

പാഞ്ഞാളിലെ ജന്തുഹിംസ ഒഴിവാക്കാന്‍ സാധിച്ചത് നവോത്ഥാനമാണ് എന്ന് അങ്ങ് കരുതുന്നുണ്ടോ?
♠തീര്‍ച്ചയായും അതു നവോത്ഥാനം തന്നെയാണ്. ഹിന്ദുധര്‍മ്മത്തെ അവഹേളിക്കാനാണ് പാശ്ചാത്യശക്തികള്‍ പണം മുടക്കി യാഗത്തിനുവേണ്ടി ബ്രാഹ്മണ ശ്രേഷ്ഠരെ തയ്യാറാക്കിയത്. തങ്ങള്‍ക്ക് സാധിക്കാത്ത ഒരു മഹത്തായ കാര്യം നടത്തിക്കിട്ടുന്നതിലുള്ള സന്തോഷത്തിലായിരുന്നു അവര്‍. ഇതിനു പിന്നിലെ ഒളി അജണ്ട അവര്‍ തിരിച്ചറിഞ്ഞില്ല. അവരെ ബോധ്യപ്പെടുത്താനും ജന്തുഹിംസ ഒഴിവാക്കാനും സാധിച്ചതു നേട്ടമാണ്. ഹിന്ദുധര്‍മ്മത്തെ അവഹേളിക്കാനുള്ള ശ്രമം തകര്‍ന്നു. മാറ്റം ഉള്‍ക്കൊള്ളാന്‍ ആഢ്യബ്രാഹ്മണര്‍ തയ്യാറാവുകയും ചെയ്തു.
ഈ നവോത്ഥാനപ്രക്രിയ ഒറ്റപ്പെട്ടതായിരുന്നോ. അതോ അതിനു നൈരന്തര്യം ഉണ്ടായിരുന്നോ?
♠ഈ പ്രക്രിയ ഒറ്റപ്പെട്ടതായിരുന്നില്ല. തളി ആരാധനാസ്വാതന്ത്ര്യസമരം ഇതിനു മുമ്പുണ്ടായ നവോത്ഥാന പ്രക്രിയയാണ്. ഹരിജനോദ്ധാരണം, സ്വാതന്ത്ര്യസമരം, സത്യഗ്രഹം തുടങ്ങിയവയ്ക്ക് കേരളത്തില്‍ നേതൃത്വം നല്‍കിയ കേളപ്പജി കേരളത്തിന്റെ മണ്ണിന്റെ മണമുള്ള സാംസ്‌കാരികത്തനിമ കാത്തുസൂക്ഷിക്കുന്നതില്‍ ആര്‍.എസ്.എസ്സിനൊപ്പമായിരുന്നു. കേളപ്പജിയാണ് മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ചത്. അത് കേരളക്ഷേത്ര സംരക്ഷണ സമിതിയായി.
കമ്മ്യൂണിസ്റ്റ് സ്വാധീനം മൂലം നിരീശ്വരവാദത്തിനു മേല്‍ക്കൈ കിട്ടി. ഇതോടെ കേരളത്തിലെ ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ആളില്ലാതെ അന്തിത്തിരികത്താതെ തകര്‍ന്നു കിടക്കുകയായിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹത്തിനും ഹരിജനോദ്ധാരണത്തിനും നേതൃത്വം നല്‍കിയ കേളപ്പജിയാണ് തകര്‍ന്നുകിടന്ന ശ്രീകോവിലുകളില്‍ അന്തിത്തിരിവെക്കാനും ക്ഷേത്രങ്ങള്‍ സംരക്ഷിക്കാനുമുള്ള ശ്രമത്തിനു നേതൃത്വം നല്‍കിയത്. മാധവ്ജി വഴി ആര്‍.എസ്.എസ്സും അദ്ദേഹത്തിനൊപ്പം നിന്നു. ഇന്നു നവോത്ഥാനത്തിന്റെ അവകാശം പറയുന്ന കമ്മ്യൂണിസ്റ്റുകള്‍ കേളപ്പജിയെ ശത്രുപക്ഷത്താണ് കണ്ടത്.
ഇന്നായിരുന്നു അതിരാത്രം സംബന്ധിച്ച വിവാദം ഉണ്ടായതെന്നു സങ്കല്പിക്കുക? എന്തായിരിക്കും സംഭവിക്കുക.
♠ഇന്ന് അതു എങ്ങനെയാണ് സംഭവിക്കുക എന്ന് പറയുക പ്രയാസമാണ്. അന്ന് രണ്ടു കൂട്ടരേ ഉണ്ടായിരുന്നുള്ളു. യാഗത്തെ എതിര്‍ക്കുന്നവരും അംഗീകരിക്കുന്നവരും. ഇന്ന് നൂറുകൂട്ടം അഭിപ്രായക്കാരാണ്. സാമൂഹ്യമാധ്യമങ്ങള്‍ വന്നതോടെ അതിന്റെ മാനം പലതായി; വലുതായി. അന്ന് ഈ വിഷയത്തില്‍ രാഷ്ട്രീയമില്ലായിരുന്നു. ഇന്നു അതു രാഷ്ട്രീയമായി മാറും എന്നതില്‍ സംശയമില്ല.
ശബരിമല യുവതീ പ്രവേശനത്തെ കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയമാക്കി മാറ്റിയതു കണ്ടില്ലേ.
അന്നത്തെ കാലത്തേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു?
♠ഞാന്‍ തിരിഞ്ഞുനോക്കാറില്ല. മുന്നോട്ടുമാത്രമാണ് എന്റെ നോട്ടം. നാളെ എങ്ങനെയാകും എന്നുമാത്രമേ ചിന്തിക്കാറുള്ളു. ഒരു കാര്യം എനിയ്ക്ക് പറയാന്‍ കഴിയും. അന്നു സാമൂഹ്യപരിഷ്‌കരണം ഭാവാത്മകമായിരുന്നു. അതില്‍ ഒരു രാഷ്ട്രീയവുമുണ്ടായിരുന്നില്ല. കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമായി അന്നു തുടങ്ങിയ ബാലഗോകുലം ഒരു സാമൂഹ്യ പരിവര്‍ത്തനത്തിന്റെ തുടക്കമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് എല്ലാം രാഷ്ട്രീയവല്‍ക്കരിക്കുന്നതാണ് കാണുന്നത്. അതു സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് ചെയ്യുന്നത്.

കല്ലച്ചിന്റെ മാധ്യമപ്രവര്‍ത്തനകാലത്താണ് എം.എ. സാര്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് സാമൂഹ്യമാധ്യമങ്ങളുടെ കാലമാണ്. ഇതിനെ ഉള്‍ക്കൊള്ളാന്‍ എം.എ. സാറിന് സാധിക്കുന്നുണ്ടോ?
♠ആധുനിക സാമൂഹ്യമാധ്യമങ്ങളെ ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ അതിലെനിക്ക് പരിചയക്കുറവുണ്ട്. അതിനെ വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ എന്റെ ആരോഗ്യവും പ്രായവും സമ്മതിക്കുന്നില്ല. ഞാന്‍ എപ്പോഴും മാറ്റത്തോടൊപ്പമാണ്.
കേരളത്തിന് ഒരു സംസ്‌കൃത സര്‍വ്വകലാശാല വേണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നത് എം.എ. സാറില്‍ നിന്നാണെന്നു അക്കിത്തം എഴുതിയതായി കണ്ടു. ഇത്തരമൊരു ചിന്ത ഉണ്ടാവാനുള്ള കാരണമെന്താണ്?
♠കേരളത്തിന്റെ പാരമ്പര്യവും പൈതൃകവുമൊക്കെ സംസ്‌കൃതവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. തെക്കന്‍ തിരുവിതാംകൂറില്‍ നിരവധി സംസ്‌കൃത സ്‌കൂളുകള്‍ ഉണ്ടായിരുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈഴവ വിഭാഗത്തില്‍ പെട്ടവരാണ് ഈ സ്‌കൂളുകള്‍ നടത്തിയത് എന്നതാണ്. വാഴൂരില്‍ ഒരു ഗോവിന്ദന്‍ വളരെ കഷ്ടപ്പെട്ട് സംസ്‌കൃത സ്‌കൂള്‍ നടത്തിയിരുന്നു. ആര്‍. ശങ്കറും ഇതേ പാരമ്പര്യം നിലനിര്‍ത്തിയിരുന്നു. എനിയ്ക്ക് നമ്മുടെ സംസ്‌കാരികത്തനിമയുമായി ജന്മസിദ്ധമായ ഒരു ബന്ധമുണ്ടായിരുന്നു എന്നു പറഞ്ഞുവല്ലോ. അഞ്ചാം വയസ്സിലേ ഏകാദശി നോല്‍ക്കുകയും സസ്യാഹാരം മാത്രം കഴിക്കുകയും ചെയ്തിരുന്നു. ചെറുപ്പത്തിലേ സംസ്‌കൃതത്തോടുള്ള താല്പര്യം മൂലം വീട്ടില്‍ നിന്നും വളരെ ദൂരെയുള്ള സ്‌കൂളില്‍ ചേര്‍ന്നു. പുഴ കടന്ന് വളരെ കഷ്ടപ്പെട്ട് വേണ്ടിയിരുന്നു സ്‌കൂളിലെത്താന്‍. മഴക്കാലത്ത് ഏറെ പ്രയാസപ്പെട്ടിട്ടുണ്ട്. അമ്മയും സഹോദരങ്ങളും എനിയ്ക്ക് പഠിക്കാനുള്ള ധനസമാഹാരണത്തിനു ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അടിസ്ഥാനപരമായി സംസ്‌കൃത പഠനം വേണമെന്ന ചിന്തയാണ് ഇത്രയും കഷ്ടപ്പാടുകള്‍ സഹിക്കാന്‍ കാരണം. കമ്മ്യൂണിസ്റ്റ് സ്വാധീനം മൂലം സംസ്‌കൃത പഠനത്തിന് ആര്‍ക്കും താല്പര്യമില്ലാത്ത കാലമായിരുന്നു. കഴിഞ്ഞ എഴുപതു വര്‍ഷമായി കേരളത്തിലെ സാംസ്‌കാരിക സംരംഭങ്ങളെല്ലാം മാര്‍ക്‌സിസ്റ്റുകാര്‍ കയ്യടക്കുകയായിരുന്നു. സംസ്‌കൃതം മൃതഭാഷയാണെന്നും സംസ്‌കൃത പഠനം പിന്തിരിപ്പനാണെന്നും അവര്‍ പ്രചരിപ്പിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുപോലും സംസ്‌കൃതപഠനം അന്യം നില്‍ക്കാന്‍തുടങ്ങി. കേരളത്തിന്റെ സാംസ്‌കാരികത്തനിമ നിലനിര്‍ത്താന്‍ ഒരു സംസ്‌കൃത സര്‍വ്വകലാശാല വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചത് ഇത്തരമൊരു സാഹചര്യത്തിലാണ്. ആദിശങ്കരന്റെ നാട്ടില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് ഒരു സംസ്‌കൃത സര്‍വ്വകലാശാലവേണമെന്ന അഭിപ്രായം സാംസ്‌കാരിക നായകന്മാരില്‍ നിന്നും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. സംസ്‌കൃത സര്‍വ്വകലാശാലയെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷന്‍ രൂപീകരിക്കപ്പെട്ടു. കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് സര്‍വ്വകലാശാല സ്ഥാപിതമായി.

കാലടിയില്‍ ശ്രീശങ്കരാസര്‍വ്വകലാശാല സ്ഥാപിതമായത് തീര്‍ച്ചയായും താങ്കളെ സന്തോഷിപ്പിച്ചിരിക്കുമല്ലോ. കാലടി സര്‍വ്വകലാശാല അങ്ങയുടെ സങ്കല്പമനുസരിച്ചുള്ള ദൗത്യമാണോ നിര്‍വ്വഹിക്കുന്നത്?
♠ കേരളത്തിലെ ഏതു സാംസ്‌കാരിക സംരംഭത്തെയും കമ്മ്യൂണിസ്റ്റുകാര്‍ കയ്യടക്കുകയാണ്. ഈ ദുര്‍ഗതി സംസ്‌കൃത സര്‍വ്വകലാശാലയ്ക്കുമുണ്ടായി. സംസ്‌കൃത പ്രചാരണമോ ശാങ്കരസാഹിത്യപ്രചരണമോ ഒന്നുമല്ല അവിടെ നടക്കുന്നത്. പകരം തനി രാഷ്ട്രീയക്കളികളാണ്.
കേളപ്പജി, കെ.പി. കേശവമേനോന്‍, വി.എം. കൊറാത്ത് തുടങ്ങിയ സ്വാതന്ത്ര്യസമരത്തിന്റെ പിന്തുടര്‍ച്ചക്കാരും അക്കിത്തം, എന്‍.എന്‍. കക്കാട്, ഉറൂബ് തുടങ്ങിയ സാഹിത്യനായകന്മാരുമെല്ലാമായി നല്ല ബന്ധം സ്ഥാപിക്കാനും കേരളത്തില്‍ ഒരു നവോത്ഥാനത്തിനു വഴിമരുന്നിടാനും താങ്കള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സാംസ്‌കാരിക ഹിന്ദുത്വം രാഷ്ട്രീയ ഹിന്ദുത്വമായി മാറുന്നതില്‍ വിജയിച്ചില്ല എന്ന് പറയാന്‍ പറ്റില്ലേ? എങ്കില്‍ അതിനെന്താണ് കാരണം?
♠സാംസ്‌കാരികരംഗത്തെ മാറ്റം രാഷ്ട്രീയരംഗത്ത് പ്രതിഫലിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. തിരിച്ച് സാധ്യത കൂടുതലുമാണ്. സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തനം ഭാവാത്മകവും സാവധാനവുമാണ്. സ്വാതന്ത്ര്യസമരകാലത്തും തുടര്‍ന്നും കേരളത്തില്‍ കമ്മ്യൂണിസം പാവപ്പെട്ടവന്റെ പാര്‍ട്ടിയാണ് എന്നൊരു ധാരണ ചെറുപ്പക്കാര്‍ക്കിടയില്‍ രൂപപ്പെട്ടുവന്നു. അതിനോട് ഒരാകര്‍ഷണവുമുണ്ടായിരുന്നു. കഷ്ടപ്പെട്ട് പാര്‍ട്ടിപ്രവര്‍ത്തനം ചെയ്യുന്ന ആള്‍ക്കാരും അന്നുണ്ടായിരുന്നു. സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടുമുള്ള അന്ധമായ അഭിനിവേശം വിദ്യാസമ്പന്നരായവര്‍ക്കിടയിലും കാണപ്പെട്ടു. വാരിക്കുന്തമെടുത്തുകൊണ്ടുള്ള സായുധസമരരീതി നിഷേധാത്മകമായിരുന്നുവെങ്കിലും അതിന് ആളുകളെ സ്വാധീനിക്കാനുള്ള കഴിവ് കൂടുതലായിരുന്നു. ഹൈന്ദവമായ കാര്യങ്ങളോടുള്ള എതിര്‍പ്പ് കമ്മ്യൂണിസത്തിന്റെ കൂടപ്പിറപ്പായിരുന്നു. കമ്മ്യൂണിസത്തിന്റെ പൊള്ളത്തരം പുറത്തുവരാന്‍ കാലമെടുത്തു. അപ്പോഴേയ്ക്കും സകലമേഖലകളിലും അവര്‍ ആധിപത്യം നേടിക്കഴിഞ്ഞിരുന്നു. സംസ്‌കൃതസര്‍വ്വകലാശാലയിലും കാണപ്പെടുന്നത് ഇതാണ്. വി.എം. കൊറാത്തിന്റെ പിന്തുണ എനിയ്ക്ക് വലിയൊരു അനുഗ്രഹമായിരുന്നു. അത്തരം വ്യക്തികളുടെ സഹായവും അന്നത്തെ സാഹചര്യങ്ങളും പലതും ചെയ്യുന്നതിന് പ്രേരണയായി. ഒപ്പം കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും പിന്തുടരണമെന്ന എന്റെ ചിന്തയും കേസരിയിലെ പത്രപ്രവര്‍ത്തനവും എല്ലാം കൂടിയപ്പോള്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു.
കേരളത്തിന്റെ പൈതൃകത്തെക്കുറിച്ചുള്ള ചിന്ത എന്നു പറഞ്ഞല്ലോ. കേരളചരിത്രനിര്‍മ്മിതിയിലും താങ്കളുടെ ഈ ചിന്തയുടെ സ്വാധീനം ഉണ്ടായിട്ടുണ്ടല്ലോ. നാടോടിക്കഥകളില്‍ നിന്നും വീരപഴശ്ശിയെ കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാക്കുന്നതില്‍ എം.എ.സാര്‍ ആവിഷ്‌കരിച്ച പഴശ്ശി ജ്യോതിപ്രയാണത്തിനു സാധിച്ചു എന്നത് ശരിയല്ലേ?
♠കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും ചരിത്രവും തേടുന്നത് എന്റെ സ്വഭാവമാണെന്നു പറഞ്ഞല്ലോ. പഴശ്ശിയേയും വേലുത്തമ്പിയേയും കുറിച്ച് നിരവധി ലേഖനങ്ങള്‍ പലരേയും കൊണ്ട് കേസരിയില്‍ എഴുതിക്കാന്‍ കഴിഞ്ഞു. ഒരു വാര്‍ഷികപ്പതിപ്പ് പഴശ്ശിയെക്കുറിച്ചായിരുന്നു. പഴശ്ശിയുടെ ഒരു ചിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത് ആ വാര്‍ഷികപ്പതിപ്പിന്റെ മുഖചിത്രമായാണ്. പഴശ്ശിയുടെ സമാധിസ്ഥലം തേടി മാനന്തവാടിയില്‍ പോയി. അവിടെ ചിതല്‍പ്പുറ്റുള്ള ഒരു കോളിമരമേ ഉണ്ടായിരുന്നുള്ളു; അടയാളമായി. പഴശ്ശിദിനം ആചരിക്കാന്‍ തീരുമാനിച്ചു. എന്റെ കയ്യില്‍ കിട്ടിയ മുളയില്‍ രേഖപ്പെടുത്തിയ ഒരു രേഖ പഠിക്കാനായി ചരിത്രകാരനായ കെ.കെ.എന്‍. കുറുപ്പ് വാങ്ങിക്കൊണ്ടുപോയി. അദ്ദേഹം ലേഖനം എഴുതിത്തന്നു. പഴശ്ശിയെക്കുറിച്ച് ഗവേഷണം നടത്തി പുസ്തകവും എഴുതി. ഇതുകൊണ്ടൊന്നും തൃപ്തി തോന്നിയില്ല. പഴശ്ശിയുടെ ചരിത്രം കേരളം മുഴുവന്‍ അറിയാനും വീരബലിദാനി എന്ന നിലയ്ക്ക് സ്മരിക്കപ്പെടാനുമായി ഒരു പരിപാടി വേണമെന്ന ചിന്തയില്‍ നിന്നാണു പഴശ്ശി വീരാഹുതി സ്മരണികാ സമിതി രൂപംകൊണ്ടത്. എം.കെ.കെ.നായര്‍ അദ്ധ്യക്ഷനും മാധവ്ജി സെക്രട്ടറിയുമായി. കെ.വിജയകുമാര്‍, എ.ജി., സോമനാഥ് തുടങ്ങിയവര്‍ സജീവമായി നേതൃത്വം നല്‍കി. എം.കെ.കെ. നായര്‍ ഗവര്‍ണര്‍ ജ്യോതി വെങ്കിടചെല്ലത്തിന് ജ്യോതി കൈമാറിയ ആ പരിപാടി വലിയ സ്വാധീനം ചെലുത്തി. പഴശ്ശി നമ്മുടെ ചരിത്രപുരുഷനാണ് എന്ന് അംഗീകരിക്കപ്പെടുന്നതിന് ഇത് ഇടയാക്കി. വേലുത്തമ്പിയ്ക്കു തിരുവനന്തപുരത്തു ഉചിതമായ സ്മാരകങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പഴശ്ശിയ്ക്ക് അത്രയും ശ്രദ്ധ ലഭിച്ചിരുന്നില്ല.

കേരളത്തിന്റെ വടക്കും തെക്കുമുള്ള രണ്ട് സ്വാതന്ത്ര്യസമര ബലിദാനികളാണ് പഴശ്ശിയും വേലുത്തമ്പിയും. രണ്ടുപേര്‍ക്കും സംസ്ഥാന തലസ്ഥാനത്ത് സ്മാരകമുണ്ടാകണമെന്ന ചിന്ത എം.എ സാറിനുണ്ടായെങ്കിലും അതു യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാത്ത ഒരു അനുഭവവും ഉണ്ടല്ലോ?
♠പഴശ്ശിയും വേലുത്തമ്പിയും പൊരുതിയത് ബ്രിട്ടീഷുകാരോടാണ്. നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ദേവതകള്‍ക്കും വേണ്ടിയാണ് തങ്ങളുടെ യുദ്ധമെന്ന് അവര്‍ രണ്ടുപേരും വിളംബരം ചെയ്തിട്ടുമുണ്ട്. തിരുവനന്തപുരത്ത് പഴശ്ശിജ്യോതി എത്തിക്കഴിഞ്ഞാല്‍ അത് അവിടെ സ്ഥാപിക്കുകയും ഒരു സ്മാരകം പണിയുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിനായി രാജകുടുംബവുമായി അടുത്തുബന്ധമുള്ള ചിലരെ കൂട്ടി കൊട്ടാരത്തില്‍ പോയി ഇക്കാര്യം പറഞ്ഞു. കോട്ടയം കോവിലകവുമായി തിരുവിതാംകൂര്‍ രാജകുടുംബത്തിന് അകല്‍ച്ചയുണ്ടെന്നും അതിനാല്‍ സഹകരിക്കാന്‍ പറ്റില്ല എന്നുമായിരുന്നു പ്രതികരണം. തീര്‍ത്തും നിരാശനായാണ് ഞാന്‍ അവിടെ നിന്നു മടങ്ങിയത്.
പഴശ്ശിയുടെ ചരിത്രം വളച്ചൊടിച്ചവരാണ് ഇടതുചരിത്രകാരന്മാര്‍. പഴശ്ശിയെ ഭാര്യ ഒറ്റിക്കൊടുത്തു, അമ്മാവനോടുള്ള കൊതിക്കെറുവുകാരണം ബ്രിട്ടീഷുകാരോടു തെറ്റി എന്നൊക്കെയാണ് അവര്‍ രേഖപ്പെടുത്തിയത്.
♠ ഈ ധാരണ തിരുത്താന്‍ നമുക്കു സാധിച്ചിട്ടുണ്ട്. ഇന്നാരും ഇത്തരം വാദങ്ങള്‍ അംഗീകരിക്കില്ല. ഇയ്യിടെ പുറത്തുവന്ന പഴശ്ശി സിനിമതന്നെ അതിനുള്ള തെളിവാണ്.
മാധവ്ജി എന്ന അന്വേഷകന്‍

മാധവ്ജിയാണ് അതിരാത്രത്തെക്കുറിച്ച് വിവരം നല്‍കിയതെന്ന് പറഞ്ഞുവല്ലോ. അദ്ദേഹം യാഗത്തിന് അനുകൂലമായിരുന്നോ?
♠മാധവ്ജി അന്വേഷകനായിരുന്നു. അതിലുപരി ആദ്യവസാനം സംഘപ്രചാരകനായിരുന്നു. കമ്മ്യൂണിസം, തന്ത്രം തുടങ്ങി ഒരുപാട് കാര്യങ്ങളെക്കുറിച്ച് അഗാധമായി പഠിച്ച് ഗവേഷണം നടത്തിയിട്ടുണ്ട് അദ്ദേഹം. ഒരു രസകരമായ സംഭവം ഉണ്ട്. മാധവ്ജി ആലപ്പുഴയില്‍ പ്രചാരകനായിരിക്കെ പുന്നപ്രവയലാറിന്റെ മണ്ണില്‍ നിന്നും കമ്മ്യൂണിസത്തെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. കമ്മ്യൂണിസത്തെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ ശേഖരിച്ച് വായിക്കാന്‍ തുടങ്ങി. ഇതു കണ്ട് ചിലര്‍ ഭാസ്‌കര്‍ റാവുജിയോട് പറഞ്ഞത് മാധവ്ജിയെ സൂക്ഷിക്കണമെന്നാണ്. ആഢ്യബ്രാഹ്മണരുമായി അടുത്തബന്ധം സ്ഥാപിച്ച മാധവ്ജി അവരുടെ ആദരവ് നേടിയെടുക്കുക മാത്രമല്ല, ഹിന്ദുധര്‍മ്മത്തിനു ദോഷമാകുന്ന കാര്യങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. അവരുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ് പാലിയം വിളംബരത്തിനു കാരണമായത്.
കേളപ്പജിയും ആര്‍.എസ്.എസ്സുംകേളപ്പജിയുമായുള്ള എം.എ. സാറിന്റെ സൗഹൃദം സ്മരണയിലുണ്ടോ?
♠തീര്‍ച്ചയായും. ഒരിക്കല്‍ കേളപ്പജി കോഴിക്കോട് പാളയം റോഡിലെ കേസരി ഓഫീസില്‍ കയറി വന്ന് ഒരു വാര്‍ഷികപതിപ്പ് വാങ്ങി തിരിച്ചുപോയി. കേളപ്പജിയാണ് വന്നത് എന്നറിഞ്ഞപ്പോള്‍ ഞാന്‍ പിന്നാലെ പോയി റെയില്‍വെസ്റ്റേഷനില്‍ വെച്ച് അദ്ദേഹത്തെ കണ്ടു. ദീര്‍ഘനേരം സംസാരിച്ചു. തുടര്‍ന്ന് പലപ്പോഴും അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ നടന്ന ആര്‍.എസ്.എസ്സിന്റെ സംഘശിക്ഷാവര്‍ഗ്ഗില്‍ സമാപന പരിപാടിയില്‍ കേളപ്പജിയെ പങ്കെടുപ്പിക്കണമെന്ന് സംഘ അധികാരികള്‍ ആഗ്രഹിച്ചു. ഇക്കാര്യം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹത്തിനു വളരെ സന്തോഷമായിരുന്നു. സമാപന പരിപാടിയില്‍ സംസാരിക്കാനുള്ള കാര്യങ്ങള്‍ അദ്ദേഹം എഴുതി തയ്യാറാക്കിയിരുന്നു. പരിപാടിയ്ക്ക് രണ്ടു ദിവസം മുമ്പ് അതു എന്റെ കയ്യില്‍ തന്നു വായിച്ചു നോക്കാന്‍ പറഞ്ഞു. വായിച്ചുനോക്കി ഞാന്‍ തിരിച്ചു നല്‍കി. എന്നാല്‍ ശിബിരാര്‍ത്ഥികളില്‍ ചിക്കന്‍പോക്‌സ് രോഗം പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ശിബിരം നേരത്തേ നിര്‍ത്തേണ്ടിവന്നു. അതോടെ സമാപനപരിപാടി റദ്ദായി. കേളപ്പജി എഴുതിയ ലേഖനം ഉപയോഗപ്പെട്ടില്ല. അതുമൂലം ആര്‍.എസ്.എസ്സിനെക്കുറിച്ചുള്ള കേളപ്പജിയുടെ അഭിപ്രായം സംബന്ധിച്ച ആ രേഖ നഷ്ടമായി.

കേസരി പത്രാധിപര്‍ എന്ന നിലയ്ക്ക് കേരളത്തിന്റെ സാംസ്‌കാരിക രംഗത്തേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ എം.എ. സാര്‍ നടത്തിയ ശ്രമങ്ങള്‍ ഓര്‍മ്മയിലുണ്ടോ?
♠ഒരു സംഘപ്രചാരകന്‍ എന്ന നിലയ്ക്ക് ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിട്ടുള്ള ആളാണ് ഞാന്‍. കേരളത്തിന്റെ എല്ലാ ഭാഗത്തുമുള്ള സാംസ്‌കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളെയും വ്യക്തികളെയും കാണാന്‍ സാധിച്ചു. അടിയന്തരാവസ്ഥയില്‍ ഒളിവിലുള്ള പ്രവര്‍ത്തനത്തിന് പത്രക്കാരന്‍ എന്ന പദവി ഏറെ സഹായിച്ചു. ഒരിക്കല്‍ മഹാകവി കൂട്ടമത്തിന്റെ വീട്ടില്‍ തേടിപ്പിടിച്ചെത്തി. കേസരിയുടെ പത്രാധിപരാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു ഏറെ സന്തോഷം. ദീര്‍ഘനേരം ശ്ലോകം ചൊല്ലലും കുട്ടമത്തിന്റെ കുടുംബകഥ പറച്ചിലുമായി കഴിഞ്ഞപ്പോള്‍ സമയം പോയതറിഞ്ഞില്ല. രാത്രി 12 മണി. ഊണു കഴിഞ്ഞ് അവിടെ കിടന്നു. പിറ്റേന്ന് കുളി കഴിഞ്ഞ് പ്രാതലും കഴിച്ച് ഇറങ്ങാന്‍ നേരം അദ്ദേഹത്തോട് പറഞ്ഞു: ‘ഞാന്‍ ഇവിടെ വന്നിരുന്നു എന്ന് ആരോടും പറയണ്ട’. അപ്പോഴാണ് അദ്ദേഹം ഞെട്ടിയത്. വി.ടി. ഭട്ടതിരിപ്പാട് ഉള്‍പ്പെടെ എത്രയോ മഹത് വ്യക്തികളുമായുള്ള ബന്ധം ദൃഢമാക്കിയത് ഈ വേളയിലാണ്. സംഘത്തിന്റെ ആശയം അവരിലെല്ലാം എത്തിക്കുക എന്നതാണ് പ്രചാരകന്‍ എന്ന നിലയ്ക്ക് എന്റെ ദൗത്യം. കോഴിക്കോട് ആകാശവാണിയിലെ പ്രമുഖ സാഹിത്യകാരന്മാര്‍, കോഴിക്കോട്ടെ കെ. ഗോപാലകൃഷ്ണന്‍ മാസ്റ്ററെ പോലുള്ളവര്‍ എന്നിങ്ങനെ സമ്പര്‍ക്കവലയം വലുതായി. അതു തപസ്യ രൂപീകരിക്കുന്നതിനു സഹായകമായി. തപസ്യയുടെ സാംസ്‌കാരിക തീര്‍ത്ഥയാത്ര എന്ന ആശയം രൂപപ്പെട്ടതു ഇങ്ങനെയാണ്.

സമീപം വി.എം.കൊറാത്ത്, ആര്‍.ഹരി, എം.എ.കൃഷ്ണന്‍.
ഇന്നത്തെ പത്രപ്രവര്‍ത്തനം ഗ്രൂപ്പ്, യൂനിയന്‍, രാഷ്ട്രീയം തുടങ്ങി പലതിലും കെട്ടുപിണഞ്ഞ് കിടക്കുന്നതിനാല്‍ വിവരം അറിയിക്കാനുള്ള ധര്‍മ്മം പാലിക്കല്‍, ധാര്‍മ്മികത എന്നിവ നഷ്ടമായിക്കൊണ്ടിരിക്കയാണ്. ഇതു ആശാസ്യമാണെന്നു കരുതുന്നുണ്ടോ?
♠ കേസരിയുടെ പത്രാധിപര്‍ എന്ന നിലയ്ക്ക് പത്രപ്രവര്‍ത്തകരുമായി നല്ല ബന്ധമുണ്ടായിരുന്നു. കേസരി രജതജയന്തിയും വി.ടി. ഭട്ടതിരിപ്പാടിന്റെ 80-ാം ജന്മദിനാഘോഷ പരിപാടിയും ഒക്കെ അടിയന്തരാവസ്ഥയിലായിരുന്നു. കെ.പി. കേശവമേനോനായിരുന്നു രണ്ടിന്റെയും സ്വാഗതസംഘം അദ്ധ്യക്ഷന്‍. മാതൃഭൂമിയുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ പലവിധ സ്ഥാപിതതാല്‍പര്യക്കാരാണ് പത്രസ്ഥാപനങ്ങള്‍ ഭരിക്കുന്നത്. ദേശീയ ബോധമോ ധാര്‍മ്മികതയോ ഒന്നും നിര്‍ബ്ബന്ധമല്ലാതായിരിക്കുന്നു. വളരെ നല്ല നിലയില്‍ വായനാസംസ്‌കാരത്തെ പ്രോത്സാഹിപ്പിച്ച മാതൃഭൂമി വാരികയ്ക്കു ഉണ്ടായ അധഃപതനം തന്നെ ഉദാഹരണം. ദേശീയബോധവും പത്രപ്രവര്‍ത്തന ധാര്‍മ്മികതയും ഉള്ള ചെറുപ്പക്കാര്‍ ഈ രംഗത്തേയ്ക്ക് വരേണ്ടതുണ്ട്.
എം.എ. സാര്‍ മുന്നോട്ടുവെച്ച സങ്കല്പനങ്ങളെ കേരളത്തില്‍ മുച്ചൂടും ഇല്ലാതാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഭരണകൂടം പോലും ഇതിന്റെ ഭാഗമാകുന്നു. രാഷ്ട്രീയരംഗത്തു ഹിന്ദുത്വ കാഴ്ചപ്പാടിനെ ഒറ്റപ്പെടുത്തുന്നതാണ് കാണുന്നത്. ഇത് തിരിച്ചുപിടിക്കാന്‍ എന്താണ് പോംവഴി?
♠വളരെ സങ്കീര്‍ണ്ണമാണ് ഇന്നത്തെ കേരളീയ സാഹചര്യം. ജനസംഖ്യാപരമായ കണക്കുകള്‍, രാഷ്ട്രീയത്തിലെ മതാധിപത്യം തുടങ്ങി പലതും കേരളത്തിന്റെ തനിമയെ തകര്‍ക്കുന്നതാണ്. കേരളീയതയില്‍ അഭിമാനിക്കുന്ന ജനതയുണ്ടാവണം. കേരളീയത എന്നു പറയുമ്പോള്‍ അതിന്റെ പൈതൃകം, പാരമ്പര്യം, വീര്യം എല്ലാം വീണ്ടെടുക്കണം. സാഹിത്യം, കല, കായികം, കൃഷി, ജീവിതരീതി, ഭക്ഷണസംസ്‌കാരം എന്നിങ്ങനെ എല്ലാമേഖലകളിലും അതുണ്ടാവണം. അതിനനുസരിച്ചുള്ള സാഹിത്യകൃതികളുണ്ടാവണം. ഇന്നു കാണുന്ന ധ്രുവീകരണത്തിനെയും ദേശീയ വിരുദ്ധനീക്കങ്ങളെയും അതിജീവിക്കാന്‍ ഇതിലൂടെ മാത്രമേ സാധ്യമാകൂ. തപസ്യയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നു ഗോകര്‍ണ്ണത്തേയ്ക്കും ഗോകര്‍ണ്ണത്തുനിന്നു കന്യാകുമാരിയിലേയ്ക്കും തീര്‍ത്ഥയാത്ര നടത്തിയത് ഈ കാഴ്ചപ്പാടിലാണ്. രാഷ്ട്രീയം ഉള്‍പ്പെടെ എല്ലാരംഗത്തും ഈ കാഴ്ചപ്പാട് ശക്തിപ്പെടണം. രാഷ്ട്രീയരംഗത്ത് കൃസ്ത്യന്‍, മുസ്ലിം ധ്രുവീകരണം ഒരുഭാഗത്തും മറുഭാഗത്ത് ഹിന്ദുവോട്ടുകള്‍ സ്വന്തം വരുതിയിലാക്കുന്ന കമ്മ്യൂണിസ്റ്റ് തന്ത്രവും കൊണ്ട് ഹിന്ദുത്വ രാഷ്ട്രീയ പ്രവര്‍ത്തനം കേരളത്തില്‍ പ്രയാസമേറിയതാണ്. ഈ ധ്രുവീകരണ തന്ത്രങ്ങളെ അതിജീവിക്കാനുള്ള മാര്‍ഗ്ഗം കേരളപൈതൃകമെന്ന പൊതുവെ അംഗീകരിക്കപ്പെടുന്ന മൂല്യങ്ങളില്‍ ഊന്നുക എന്നതാണ്. മതധ്രുവീകരണങ്ങള്‍ സൃഷ്ടിച്ച വൈദേശിക ഭരണവും സ്വാധീനവും പ്രേരണയും ഇനി തിരിച്ചുവരാനാകാത്തവിധം ഇല്ലാതായതിനാല്‍ കേരളീയമായ പൊതുപൈതൃകത്തിലേക്ക് തിരിഞ്ഞുനോക്കുകയും അതില്‍ നിന്ന് വീര്യം ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് ഏകീകരണത്തിനുള്ള ഏക മാര്‍ഗ്ഗം. പൈതൃകം ഊട്ടിയുറപ്പിക്കുന്ന ഏകീകരണത്തിന്റെ സ്രോതസ്സുകളെ കണ്ടെത്തി അവയെ മുന്‍നിര്‍ത്തി വേണം പ്രവര്‍ത്തിക്കാന്‍. തീര്‍ച്ചയായും ഇതില്‍ നാം വിജയിക്കും.
പ്രകൃതിസംരക്ഷണം, നദീസംരക്ഷണം എന്നൊക്കെയുള്ള വാദങ്ങള്‍ ഉയരുന്നതിനുമുമ്പാണ് നിളയെക്കുറിച്ചുള്ള പഠനത്തിന് എം.എ. സാര്‍ താല്പര്യം കാട്ടിയത്. കേസരിയുടെ നിളാപ്പതിപ്പ് ഇന്നത്തെ പ്രകൃതിവാദക്കാരുടെ റഫറന്‍സ് പുസ്തകമാണ്.
♠നിളയെ ഞാന്‍ കണ്ടത് കേരളത്തിന്റെ പൈതൃകത്തിന്റെ പ്രതീകം എന്ന നിലയ്ക്കാണ്. കേരളത്തിന്റെ ചരിത്രം നിളയുമായി നാഭീനാളീബന്ധമുള്ളതാണ്. നമ്മുടെ പരിസ്ഥിതി ദര്‍ശനം സംസ്‌കാരവും വിശ്വാസവുമൊക്കെയായി ഇഴപിരിയാനാകാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നതാണ്. അവയെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഞാന്‍ ചെയ്തത്. ഇന്ന് പരിസ്ഥിതിയെ സംസ്‌കാരത്തില്‍ നിന്നു അടര്‍ത്തിമാറ്റി ചിന്തിക്കുന്നവരുണ്ട്. അതു അതിന്റെ സത്ത ചോര്‍ത്തിക്കളയലാണ്.

എം.എ. സാര്‍ തുടങ്ങിവെച്ച സംരംഭങ്ങള്‍ക്ക് തുടര്‍ച്ച നഷ്ടപ്പെട്ടു എന്നു കരുതുന്നുണ്ടോ?
♠ഒരിക്കലുമില്ല – ഇപ്പോള്‍ എന്റെ നവതി ആഘോഷിക്കുന്നത് എന്തുകൊണ്ടാണ്? വ്യക്തിയ്ക്ക് സംഘത്തില്‍ പ്രാധാന്യമില്ല. സംഘപ്രചാരകനെന്ന നിലയ്ക്ക് ഞാന്‍ ചെയ്ത കാര്യങ്ങള്‍ സംഘകാര്യങ്ങളാണ്. അതു വീണ്ടും സമൂഹത്തിലെത്തിക്കുക. അതിനു പൂര്‍ത്തീകരണമുണ്ടാക്കുക എന്നതാണ് ഓരോ പരിപാടിയുടെയും ഉദ്ദേശ്യം. അതു യാഥാര്‍ത്ഥ്യമാക്കാന്‍ നാം തന്നെ ശ്രമിക്കണം.





















