- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- വംഗദേശവും സംഘസന്ദേശവും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 40)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ബ്രിട്ടീഷ് സാമ്രാജ്യത്വ കാലഘട്ടത്തിലാണ് ഭാരതീയ നവോത്ഥാനത്തിന്റെ ഉറവിടമെന്ന നിലയിലുള്ള ബംഗാളിന്റെ തകര്‍ച്ച ആരംഭിച്ചത്. ബംഗാളിന്റെ ചരിത്രത്തിലെ ഏറ്റവും മഹാന്മാരായ രണ്ട് പേര്‍ രബീന്ദ്രനാഥ ടാഗൂറും സ്വാമി വിവേകാനന്ദനും 1860 കളിലാണല്ലോ ജനിച്ചത്. ഇവരുടെ മുന്‍പും പിന്‍പുമായി ഐതിഹാസിക പ്രതിഭകളുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു. അവരില്‍ ഒരാളായിരുന്നു ആനന്ദമഠവും വന്ദേമാതരവും എഴുതിയ ബങ്കിംചന്ദ്ര ചാറ്റര്‍ജി. 56 വര്‍ഷമാണ് ബങ്കിം ചന്ദ്രന്‍ ജീവിച്ചത്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ അതിരുകളില്ലാത്ത ആത്മീയ-ബൗദ്ധിക സര്‍വലൗകികതയ്ക്കു പിന്നാലെ, മഹര്‍ഷി അരവിന്ദനെയും ചലച്ചിത്രസംവിധായകനായ സത്യജിത് റേയും പോലുള്ളവര്‍ ഉയര്‍ന്നുവന്നു. ഇവരെല്ലാം ബംഗാളിന്റെ മഹത്തായ പൂര്‍വ്വകാല സാംസ്‌കാരിക പാരമ്പര്യത്തിന്റെ വളര്‍ച്ചയില്‍ രൂപപ്പെട്ടവരായിരുന്നു. സത്യജിത് റേ ഈ മഹാന്മാരുടെ നിരയിലെ അവസാന വ്യക്തിയാണെന്ന് വിലയിരുത്തുന്നവരുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദുഷ്ടലാക്കോടെ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം ബംഗാളി പ്രബുദ്ധ ഹിന്ദു വിഭാഗത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു.1920 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടതോടെ ആരംഭിച്ച ബംഗാളി ഇടതുപക്ഷ തീവ്രവാദത്തിന്റെ ഉയര്‍ച്ചയ്ക്ക് ഇതായിരുന്നു അടിസ്ഥാനപരമായ കാരണം. സാമൂഹിക പദവിയും തൊഴില്‍പരമായ സംതൃപ്തിയും നഷ്ടപ്പെടുന്നത് വേദനാജനകമായ ഒരു പ്രക്രിയയായിരുന്നു. 1960 കളിലെ നക്‌സലൈറ്റ് പ്രസ്ഥാനം ആ പ്രക്രിയയുടെ അവസാന ശ്വാസം മാത്രമായിരുന്നു. പ്രത്യേകിച്ച് 1947 ലെ വിഭജനത്തിനു ശേഷം ഹിന്ദുക്കളുടെ ഭൂസ്വത്ത് അതിവേഗം നഷ്ടപ്പെട്ടതും, വര്‍ധിച്ചുവരുന്ന മധ്യവര്‍ഗ്ഗ ജനസംഖ്യയ്ക്ക് തൊഴില്‍പരമായ അവസരങ്ങള്‍ ക്രമേണ കുറഞ്ഞതും, പ്രാദേശിക അസംതൃപ്തി വിപ്ലവരോഷമായി മാറുന്നതിനുള്ള ഏറ്റവും ഫലഭൂയിഷ്ഠമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടു.
ആദര്‍ശവാദികളെന്ന് കരുതപ്പെട്ടിരുന്ന യുവാക്കളെ വളരെയെളുപ്പത്തില്‍ ഭാരതത്തിന്റെ എതിരാളികള്‍ വിതച്ച സ്വപ്‌നങ്ങളുടെ കാലാള്‍പ്പടയാളികളാക്കി. ചൈനയിലെ സാംസ്‌കാരിക വിപ്ലവത്തിലെ രക്തരൂക്ഷിതമായ കലാപങ്ങളോടും, ഫിദല്‍ കാസ്‌ട്രോയുടെ ക്യൂബയോടും, വിയറ്റ്‌നാം യുദ്ധത്തോടും അവര്‍ ആകൃഷ്ടരായി. ഇവയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി സ്വന്തം വീടുകളും സ്വന്തം നഗരവും അഗ്‌നിക്കിരയാക്കാന്‍ പോലും അവര്‍ ഉത്സുകരായിരുന്നു. ഈ സ്ഥിതിവിശേഷത്തിന്റെ പ്രതിനിധിയായിരുന്നു സത്യജിത് റേയുടെ ‘പ്രതിയോഗി’ എന്ന സിനിമയിലെ നായകന്‍. ആ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവം ഏതാണെന്ന് ചോദിച്ചപ്പോള്‍, ഈ നായകന്‍ പറഞ്ഞ മറുപടി വിയറ്റ്‌നാം എന്നായിരുന്നു. നടനെ അഭിമുഖം നടത്തിയവരെ ഈ മറുപടി ഞെട്ടിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാമി വിവേകാനന്ദന്‍
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ബംഗാളില്‍ തുടക്കമിട്ട ഭാരതീയ നവോത്ഥാനത്തിന്റെ ദീപ്തബിംബം സ്വാമി വിവേകാനന്ദന്‍ ആയിരുന്നു. നവോത്ഥാനത്തോടുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിഷേധാത്മക സമീപനം വിവേകാനന്ദനെ അപകീര്‍ത്തിപ്പെടുത്തുന്ന അവരുടെ സമീപനത്തില്‍ നിന്ന് മനസ്സിലാക്കാം. ‘നവോത്ഥാനത്തിന്റെ വികൃത രൂപം’ എന്നുതന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിവേകാനന്ദനെ വിശേഷിപ്പിച്ചത്. 1971 ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിദ്ധീകരിച്ച ‘ഡോക്യുമെന്റ്‌സ് ഓഫ് ഹിസ്റ്ററി ഓഫ് ദ സിപിഐ’ എന്ന ഗ്രന്ഥത്തിന്റെ 391-392 പേജുകളില്‍ സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ വിലയിരുത്തല്‍ കാണാം.
”അതിന്റെ (നവോത്ഥാനത്തിന്റെ) രാഷ്ട്രീയ ദാര്‍ശനികതയും നേതൃത്വവും പിന്നീട് യഥാക്രമം അരവിന്ദ ഘോഷിന്റെയും ബിപിന്‍ ചന്ദ്ര പാലിന്റെയും വ്യക്തിത്വങ്ങളില്‍ കാണപ്പെട്ടുവെങ്കിലും, അതിന്റെ അടിസ്ഥാന ആശയധാരയ്ക്ക് രൂപം നല്‍കിയിരുന്നത് പെറ്റി ബുര്‍ഷ്വാസി പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു യുവ ബുദ്ധിജീവിയായിരുന്നു. അന്ന് നരേന്ദ്രനാഥ ദത്ത് ആയിരുന്നു. പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്ന മതപരമായ നാമധേയത്തില്‍ അറിയപ്പെട്ടു. തിലകനെപ്പോലെ ദത്തും ഹിന്ദു ദേശീയതയുടെ ഒരു പ്രവാചകനായിരുന്നു. ഇന്ത്യന്‍ ജനതയുടെ സാംസ്‌കാരിക മേന്മയില്‍ വിവേകാനന്ദന്‍ വിശ്വസിക്കുകയും, ആ സാംസ്‌കാരിക അടിത്തറയെ അടിസ്ഥാനമാക്കിയാണ് ഭാവിയിലെ ഇന്ത്യന്‍ രാഷ്ട്രം നിര്‍മിക്കപ്പെടേണ്ടതെന്ന് കരുതുകയും ചെയ്തു. ഇന്ത്യന്‍ ദേശീയതയല്ല, ഹിന്ദുമതമാണ് ആക്രമണോത്സുകമായിരിക്കേണ്ടതെന്ന് വിവേകാനന്ദന്‍ ഉദ്‌ബോധിപ്പിച്ചു. വിവേകാനന്ദന്റെ ദേശീയത ആത്മീയ സാമ്രാജ്യത്വമായിരുന്നു.” (1)
ഇവിടെയും നിര്‍ത്താതെ സ്വാമി വിവേകാനന്ദനെ പ്രതിലോമകാരിയായും പാര്‍ട്ടി ചിത്രീകരിച്ചു: ”അങ്ങനെ, മറ്റൊരു സാഹചര്യത്തില്‍ സാമൂഹിക പോരാട്ടത്തില്‍ ചൂഷിത വര്‍ഗത്തിന്റെ മുന്നണിപ്പടയാവുമായിരുന്നു എന്നു കരുതാവുന്ന, ബുദ്ധിപരമായി വിമതസ്വഭാവമുള്ള ഒരു ഘടകം (വിവേകാനന്ദ ചിന്ത) ദേശീയ ആശങ്കകള്‍ക്ക് വഴങ്ങേണ്ടിവന്നു. അത് സ്വയം സമര്‍പ്പിച്ചത് വിദേശഭരണം ഉടന്‍ അട്ടിമറിക്കാനുള്ള ഒരു പ്രസ്ഥാനത്തിനായിരുന്നു. മുന്നോട്ടുള്ള പുരോഗതിക്കല്ല, മറിച്ച് ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന്റെ ഉറവിടമെന്നു കരുതപ്പെട്ട ഒരു സാങ്കല്‍പ്പിക സുവര്‍ണയുഗത്തിലേക്ക് തിരിച്ചുപോകുന്നതിനുവേണ്ടി… അവരുടെ (ഹിന്ദുക്കളുടെ) മതഭക്തിയിലും നിയന്ത്രണമില്ലാത്ത ‘ആത്മീയ’ സാമ്രാജ്യത്വത്തിലും അവര്‍ പ്രതിലോമ സാമൂഹിക ശക്തികളെ പ്രതിനിധീകരിച്ചു.”(2)
ആര്‍എസ്എസ് ആരാധിച്ച സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദനെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ‘വന്യസ്വഭാവുള്ള ആത്മീയവാദി’ എന്നുവിളിച്ച് ചവറ്റുകുട്ടയിലേക്ക് എറിഞ്ഞുകളഞ്ഞപ്പോള്‍, രാഷ്ട്രനിര്‍മാണത്തിന്റെ വലിയ സമ്പത്തായാണ് ആര്‍എസ്എസ് വിവേകാനന്ദനെ കണ്ടത്. സംഘപരിവാര്‍ പ്രസ്ഥാനവും വിവേകാനന്ദനും തമ്മിലുള്ള ബന്ധം അമ്മയും മകനും തമ്മിലുള്ള ബന്ധം പോലെയാണ്. ആര്‍എസ്എസ്സിന്റെ രണ്ടാമത്തെ സര്‍സംഘചാലകായ ഗുരുജി ഗോള്‍വല്‍ക്കര്‍ 1930 കളില്‍ രണ്ടോ മൂന്നോ വര്‍ഷത്തോളം രാമകൃഷ്ണ മിഷനില്‍ കഴിഞ്ഞിരുന്നു. രാമകൃഷ്ണ പരമ്പരയിലെ സ്വാമിയില്‍ നിന്ന് ദീക്ഷ സ്വീകരിച്ചയാളുമാണ് ഗുരുജി. ആര്‍എസ്എസ്സിന്റെ ഏറ്റവും ആദരണീയരായ നേതാക്കളില്‍ ഒരാളായ ബാബാ സാഹേബ് ആപ്‌തെ ജീവിതകാലം മുഴുവന്‍ ആവര്‍ത്തിച്ചിരുന്ന ഒരു പ്രിയവാക്യം ”വിവേകാനന്ദന്‍ ആര്‍എസ്എസ്സിന് ഗീതയെപ്പോലെയാണ്” എന്നതായിരുന്നു.
1940 കളുടെ തുടക്കം മുതല്‍ തന്നെ വിവേകാനന്ദ സാഹിത്യം സ്വയംസേവകരുടെ സ്ഥിരമായ ചിന്താവിഷയമായിരുന്നു. വിവേകാനന്ദന്റെ ജന്മശതാബ്ദി വര്‍ഷം അടുത്തുവന്നപ്പോള്‍, സ്വാമിജിയുടെ ചിന്തകള്‍ സമാഹരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ചുമതല ആര്‍എസ്എസ് ഏല്‍പ്പിച്ചത് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പ്രചാരക് ഏകനാഥ് റാനഡെയെ ആയിരുന്നു. റാനഡെ അത് വിശിഷ്ട ദൗത്യമായി ഏറ്റെടുത്തു. ഇങ്ങനെയാണ് ‘Rousing Call to Hindu Nation’ എന്ന പേരിലുള്ള ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ച് വിവേകാനന്ദന്റെ ദര്‍ശനം തനിമയോടെ അവതരിപ്പിച്ചത്. 1963 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 168 പേജുകളുള്ള ഈ പുസ്തകം അതിനുശേഷം എല്ലാ ഭാരതീയ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുകയും, അനേകം തവണ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളത്തില്‍ ‘ഹിന്ദു രാഷ്ട്രത്തോടുള്ള ആഹ്വാനം’ എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഈ പുസ്തകം സ്വയംസേവകര്‍ ഒരു പാഠപുസ്തകത്തെപ്പോലെ കണ്ട് പ്രചോദനം ഉള്‍ക്കൊള്ളുന്നു.
1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്ത തെറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1970 നു മുന്‍പ് സമ്മതിച്ചിരുന്നില്ല. സ്വാമി വിവേകാനന്ദനെ അപകീര്‍ത്തിപ്പെടുത്തിയതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ രീതി കാണാം. 1990 ല്‍ പോലും കമ്മ്യൂണിസ്റ്റുകള്‍ വിവേകാനന്ദനെക്കുറിച്ച് ആശയക്കുഴപ്പത്തിലായിരുന്നു. അറുപതുകളുടെ അവസാനത്തിലാണ് അവര്‍ മടിച്ചുമടിച്ച് മനസ്സുമാറ്റാന്‍ തുടങ്ങിയത്. പിന്നീടും ഇക്കൂട്ടരുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി വിവേകാനന്ദനെക്കുറിച്ചുള്ള എട്ട് വാല്യങ്ങളുള്ള ഏറ്റവും പുതിയ പതിപ്പില്‍ നിന്ന് ‘ഹിന്ദു’ എന്ന പരാമര്‍ശങ്ങള്‍ നീക്കം ചെയ്യപ്പെട്ടു. മുന്‍പത്തെ പതിപ്പുകളില്‍ ഈ വാക്ക് ധാരാളം ഇടങ്ങളില്‍ ഉണ്ടായിരുന്നു. ബിപിന്‍ചന്ദ്ര പാലിന്റെ മകന്‍ തന്റെ പിതാവിന്റെ കൃതികളില്‍ ‘ഹിന്ദു’ എന്ന പദത്തിന് പകരം ‘ഇന്ത്യന്‍’ എന്ന പദം ഉപയോഗിക്കുകയുണ്ടായി. ഇതേ രീതിയിലാണ് വിവേകാനന്ദ ചിന്തയെ കമ്മ്യൂണിസ്റ്റുകള്‍ വെട്ടിത്തിരുത്തിയത്.
ആര്‍എസ്എസ്സിന്റെയും മറ്റും പ്രവര്‍ത്തനഫലമായി വിവേകാനന്ദ ദര്‍ശനത്തിനും ചിന്തകള്‍ക്കും സമൂഹത്തില്‍ ഏറെ സ്വീകാര്യത ലഭിച്ചപ്പോള്‍ തങ്ങള്‍ക്കും വിവേകാനന്ദന്‍ സ്വീകാര്യനാണെന്ന അടവുനയം കമ്മ്യൂണിസ്റ്റുകള്‍ പുറത്തെടുത്തു. ഒരു നിവര്‍ത്തിയുമില്ലാതെ വന്നപ്പോഴായിരുന്നു ഇത്. അപ്പോഴും ഭാഗികമായി മാത്രമാണ് അവര്‍ വിവേകാനന്ദനെ സ്വീകരിച്ചത്. ”ഞങ്ങള്‍ ഒരിക്കലും വേദാന്തവാദികളാണെന്ന് അവകാശപ്പെട്ടിട്ടില്ല. ഞങ്ങള്‍ മാര്‍ക്‌സിസ്റ്റുകളായി തന്നെ തുടര്‍ന്നുകൊണ്ട് വിവേകാനന്ദന്റെ ഉപദേശങ്ങളെയും സന്ദേശത്തെയും സ്വാഗതം ചെയ്യുന്നു” എന്നതായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ നിലപാട്. ”ഞങ്ങള്‍ വേദാന്തവാദികളല്ല” എന്നു പറയുമ്പോള്‍ തന്നെ വിവേകാനന്ദ വിരുദ്ധത പ്രകടമാണ്. വേദാന്തമാണ് വിവേകാനന്ദ ചിന്തയുടെ അടിത്തറ. ഭാവിയില്‍ മറ്റു മതങ്ങള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ പോലും വേദാന്തം സ്വീകരിക്കേണ്ടിവരും എന്നാണ് സ്വാമിജി വ്യക്തമാക്കിയിട്ടുള്ളത്. ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ മുഴങ്ങി കേള്‍ക്കുന്നതും വേദാന്തം എന്ന ദര്‍ശനമാണ്. ഇവിടെയാണ് വേദാന്തികളല്ലെന്ന് ആവര്‍ത്തിച്ചുകൊണ്ട് വിവേകാനന്ദന്റെ അനുയായികളാവാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റുകളുടെ കാപട്യം പൂര്‍ണമായും പുറത്തുവരുന്നത്.
നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍
ബംഗാളില്‍ നവോത്ഥാനത്തിന് തുടര്‍ച്ചയുണ്ടാകാതിരിക്കാന്‍ സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. ഇതിനെ ഫലപ്രദമായി പ്രതിരോധിച്ചത് ആര്‍എസ്എസ്സായിരുന്നു. ചരിത്രത്തില്‍ ചൈതന്യ മഹാപ്രഭുവില്‍ നിന്ന് തുടക്കമിടുന്ന ബംഗാളിലെ നവോത്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനാണ് ആശയപരമായും സംഘടനാപരമായും ആര്‍എസ്എസ് ശ്രമിച്ചത്. ആര്‍എസ്എസ് സ്ഥാപിക്കപ്പെട്ടത് 1925 ല്‍ ഇന്നത്തെ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ആണെങ്കിലും അതിന്റെ വേരുകള്‍ ബംഗാളിലും കണ്ടെത്താന്‍ കഴിയും. ആര്‍എസ്എസ് സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിലൂടെയാണ് ഈ ബന്ധം ഉത്ഭവിച്ചത്. സ്വാതന്ത്ര്യസമര കാലത്ത് ബംഗാളിലെ സായുധ പ്രസ്ഥാനമായ അനുശീലന്‍ സമിതിയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം ഹെഡ്‌ഗേവാറിന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
1910 ല്‍ യുവാവായ ഹെഡ്‌ഗേവാര്‍ വൈദ്യപഠനത്തിനായി കല്‍ക്കട്ടയില്‍ (ഇന്നത്തെ കൊല്‍ ക്കത്ത) എത്തിയപ്പോള്‍, ആ പ്രദേശം വിപ്ലവപ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു. തന്റെ തീക്ഷ്ണമായ ദേശസ്‌നേഹം പ്രമുഖ വിപ്ലവ സംഘടനയായ അനുശീലന്‍ സമിതിയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. കല്‍ക്കട്ട മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നതിനിടെ, ഹെഡ്‌ഗേവാര്‍ വൈദ്യവിദ്യാഭ്യാസത്തില്‍ മാത്രമല്ല, ബിപിന്‍ ചന്ദ്ര പാല്‍, പുലിന്‍ ബിഹാരി ദാസ്, രാഷ് ബിഹാരി ബോസ് തുടങ്ങിയ പ്രമുഖ വിപ്ലവകാരികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അനേകം രഹസ്യ വിപ്ലവപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് ദേശീയവാദ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തു. കല്‍ക്കട്ടയില്‍ നിന്ന് ഹെഡ്‌ഗേവാര്‍ നേടിയ സംഘടനാപരമായ ഉള്‍ക്കാഴ്ചകള്‍ പില്‍ക്കാലത്ത് ആര്‍എസ്എസ് സ്ഥാപിക്കുന്നതിന് സഹായകമായി.
ഖിലാഫത്ത് പ്രസ്ഥാനകാലത്ത് കോണ്‍ഗ്രസ് സ്വീകരിച്ച വര്‍ഗീയ പ്രീണന നയത്തില്‍ ഡോ. ഹെഡ്‌ഗേവാര്‍ അസ്വസ്ഥനായിരുന്നു. ജാതിവിവേചനം പോലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഒരു രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്ക് ആവശ്യമാണെന്ന് ഹെഡ്‌ഗേവര്‍ കരുതി. സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനായി അച്ചടക്കവും സ്വഭാവശുദ്ധിയും സംഘടനാശക്തിയും നിര്‍ണായകമാണെന്ന് ഹെഡ്‌ഗേവാര്‍ ഊന്നിപ്പറഞ്ഞു. ഇത്തരമൊരു ആശയ രൂപീകരണത്തിന് ബംഗാളിലെ തന്റെ അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കമ്മ്യൂണിസത്തിനും നെഹ്‌റുവിയന്‍ ലിബറലിസത്തിനും എതിരെ ഒരു സാംസ്‌കാരിക ബദല്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ബംഗാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തിച്ചത്. ഈ പരിശ്രമത്തില്‍ മറ്റൊരു ദേശീയവാദിയും ആര്‍എസ്എസ്സുമായി കൈകോര്‍ത്തു. കല്‍ക്കട്ട സര്‍വകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ്-ചാന്‍സലറും, പില്‍ക്കാലത്ത് ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനുമായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു അത്. ബംഗാളിന്റെ വിഭജനകാലത്ത് ഹിന്ദുക്കളെ സംരക്ഷിക്കുന്നതില്‍ മുഖര്‍ജി നിര്‍ണായക പങ്കുവഹിച്ചു. ഭാരതത്തിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് എതിരായ നെഹ്‌റു-ലിയാഖത്ത് ഉടമ്പടിയെയും, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 നെയും എതിര്‍ത്ത് നെഹ്‌റു മന്ത്രിസഭയിലെ മുഖര്‍ജി രാജിവച്ചു. 1947 ലെ വിഭജനത്തിനുശേഷം, കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് (ഇന്നത്തെ ബംഗ്ലാദേശ്) നിരവധി ഹിന്ദു അഭയാര്‍ത്ഥികള്‍ പശ്ചിമ ബംഗാളിലേക്ക് എത്തിച്ചേര്‍ന്നു. ഈ ദുഷ്‌കരമായ സമയത്ത് അവരെ സഹായിക്കുന്നതിനായി ആര്‍എസ്എസ് ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥാപിച്ചു.
ഇടതുപക്ഷത്തില്‍ നിന്ന് നിരന്തരമായ വെല്ലുവിളികള്‍ നേരിട്ടിട്ടും, വിദ്യാഭ്യാസ-സേവന പ്രവര്‍ത്തനങ്ങളിലൂടെ ബംഗാളിലെ ഗ്രാമപ്രദേശങ്ങളില്‍ ആര്‍എസ്എസ് ശക്തമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുത്തു. ഭാരത മാതാവിനെ ആദരിക്കുന്നതിലേക്കാണ് ബംഗാളിന്റെ ശ്രദ്ധ മാറേണ്ടതെന്ന ലക്ഷ്യത്തോടെ അവര്‍ പ്രവര്‍ത്തിച്ചു. മറ്റെല്ലാ ദേവതകള്‍ക്കും ഉപരി ഭാരതത്തെ ആരാധിക്കാനാണല്ലോ സ്വാമി വിവേകാനന്ദന്‍ ആഹ്വാനം ചെയ്തത്.
ഏകനാഥ റാനഡെ ബംഗാളിലെത്തുന്നു
1939ല്‍ ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ആര്‍എസ്എസ് പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ പശ്ചിമബംഗാളിനെ ഒരു പ്രത്യേക സംസ്ഥാനമായി പരിഗണിച്ചിരുന്നു. അന്നത്തെ ബംഗാളിലെ സാഹചര്യങ്ങള്‍ അത്യന്തം പ്രക്ഷുബ്ധമായിരുന്നു. ബംഗാളില്‍ ആദ്യ ശാഖ ആരംഭിക്കുന്നതിനു മുന്‍പ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ അവിടം സന്ദര്‍ശിച്ചിരുന്നു. പിന്നീട് ബാളാ സാഹേബ് എന്നറിയപ്പെട്ട മധുകര്‍ ദത്താത്രേയ ദേവറസിനെ ആര്‍എസ്എസ്സിന്റെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കൊല്‍ക്കത്തയിലേക്കയച്ചു. 1945ല്‍ ബാളാ സാഹേബ് ദേവറസിനു പകരം ദത്തോപന്ത് ഠേംഗ്ഡിയെ കൊല്‍ക്കത്തയിലേക്ക് അയച്ചു. കേരളത്തില്‍ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷമാണ് ഠേംഗ്ഡി ബംഗാളിലേക്ക് നിയോഗിക്കപ്പെട്ടത്. ഇവരെല്ലാം പിന്നീട് ദേശീയതലത്തില്‍ ആര്‍എസ്എസ്സിന്റെ പ്രമുഖ നേതാക്കളായി ഉയര്‍ന്നു.
1939ല്‍ ഹിന്ദു മഹാസഭയില്‍ ചേര്‍ന്ന ശ്യാമപ്രസാദ് മുഖര്‍ജിയുമായി ബന്ധം സ്ഥാപിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തനത്തിനായി കൊല്‍ക്കത്തയിലെത്തിയ ദേവറസ് ആയിരുന്നു. മുഖര്‍ജിയെ ദേവറസ് ആര്‍എസ്എസ് ശാഖയിലേക്ക് ക്ഷണിച്ചു. 1940 ഏപ്രിലില്‍ മുഖര്‍ജി ശാഖ സന്ദര്‍ശിച്ചു. അതായിരുന്നു മുഖര്‍ജിയും ആര്‍എസ്എസ്സും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം. തുടര്‍ന്ന് ഒന്‍പത് വര്‍ഷക്കാലം മുഖര്‍ജി ഹിന്ദു മഹാസഭയെ നയിച്ച കാലയളവില്‍ ഈ ബന്ധം തുടര്‍ന്നു. 1951 ല്‍ മുഖര്‍ജി ഭാരതീയ ജനസംഘത്തിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കി. മുഖര്‍ജിയുടെ നേതൃത്വത്തില്‍ 1952 ലെ ലോക്‌സഭ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ജനസംഘത്തിന് ബംഗാളില്‍ ശക്തമായ അടിത്തറയുണ്ടായി. എങ്കിലും സംസ്ഥാനത്ത് കോണ്‍ ഗ്രസ്സിന്റെ പ്രധാന എതിരാളിയായി ഉയര്‍ന്നുവന്ന ഇടതുപക്ഷത്തെ അപേക്ഷിച്ച് ജനസംഘം വളരെ പിന്നിലായിരുന്നു. പല കാരണങ്ങള്‍ കൊണ്ടും ഇടതുപക്ഷം ബംഗാളില്‍ ശക്തിപ്പെട്ടു. ഇവര്‍ ആര്‍എസ്എസ്സിനെ തങ്ങളുടെ മുഖ്യശത്രുവായി കണ്ടു. അതേസമയം കോണ്‍ഗ്രസ്സിനോട് സ്‌നേഹദ്വേഷ ബന്ധങ്ങള്‍ നിലനിര്‍ത്തി. തീര്‍ത്തും ദുഷ്‌ക്കരമായ സാഹചര്യങ്ങളിലാണ് ബംഗാളില്‍ ആര്‍എസ്എസ്സിന് പ്രവര്‍ത്തിക്കേണ്ടിവന്നത്. പക്ഷേ നിരവധി സ്വയംസേവകര്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി സംഘം ക്രമേണ വലിയൊരു ശക്തിയായി മാറി.

1949 ല്‍ പശ്ചിമ ബംഗാളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഏകനാഥ് റാനഡെയെ ആര്‍എസ്എസ് നിയോഗിച്ചത് ചരിത്രപരമായ ഒരു വഴിത്തിരിവായിരുന്നു. ഇടതുപക്ഷം ബംഗാളിന്റെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ ശ്രമിച്ച സ്വാമി വിവേകാനന്ദന്റെ പൈതൃകം വീണ്ടെടുക്കുന്നതിനും, നവോത്ഥാനത്തിന്റെ സാംസ്‌കാരിക രഥ്യയെ മുന്നോട്ട് നയിക്കുന്നതിലും നവഭഗീരഥനെപ്പോലെ ഏകനാഥ റാനഡെ അതിമഹത്തായ പങ്ക് വഹിച്ചു.
അടുത്തത്: കമ്മ്യൂണിസ്റ്റു സര്‍ക്കാരുകള്‍ എതിര്‍ത്തിട്ടും കന്യാകുമാരിയില്‍ വിവേകാനന്ദ സ്മാരകം
അടിക്കുറിപ്പുകള്‍:-
1.Documents of History of the CPI, edt.G Adhikari, People’s Publishing House.
2.Ibid






















