സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി തികച്ചും സ്വാഗതാര്‍ഹമാണ്. പാവങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കാനായി നീക്കിവെക്കപ്പെടുന്ന ഭൂമിയും സ്വത്തുക്കളുമാണ് ഇസ്ലാമിക തത്വപ്രകാരം വഖഫ് എന്ന് അറിയപ്പെടുന്നത്. മുഹമ്മദ് നബിയുടെ സുഹൃത്തായിരുന്ന മുഖൈരിഖ് എന്ന ജൂതന്‍, തന്റെ ഏഴ് തോട്ടങ്ങള്‍ താന്‍ വധിക്കപ്പെട്ടാല്‍ നബി വഖഫായി സ്വീകരിക്കണമെന്ന് വില്‍പ്പത്രം എഴുതിവച്ചു. സിഇ 625 ല്‍ ഖുറൈശികളുമായി നടന്ന യുദ്ധത്തില്‍ നബിയോടൊപ്പം പങ്കെടുത്ത യോദ്ധാവും സമ്പന്നനുമായിരുന്നു അദ്ദേഹം. യുദ്ധത്തില്‍ ആ ജൂതന്‍ വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഏഴു തോട്ടങ്ങളും നബി വഖഫായി സ്വീകരിച്ചു. ഇതാണ് ലോകചരിത്രത്തിലെ ആദ്യത്തെ വഖഫ്.
ഇന്ന് ലോകത്തില്‍ 51 രാജ്യങ്ങളില്‍ വഖഫ് സ്വത്തുക്കളുണ്ട്. എന്നാല്‍ സര്‍ക്കാരിനേക്കാള്‍ ഏറെ അധികാരത്തോടു കൂടി വഖഫ് സ്വത്തുക്കള്‍ ഭരിക്കുന്ന വഖഫ് ബോര്‍ഡ് നിലവിലുള്ള ഒരേയൊരു രാജ്യവും, ലോകത്ത് വഖഫ് ബോര്‍ഡിന് കീഴില്‍ ഏറ്റവും കൂടുതല്‍ വഖഫ് സ്വത്തുക്കള്‍ ഉള്ള ഒരേയൊരു രാജ്യവും ഭാരതമാണ്. 2006ല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം, ഭാരതത്തില്‍ 38,16,291 ഏക്കര്‍ വഖഫ് ഭൂമി ഉണ്ട്. ഇത് കിഴക്കന്‍ തിമൂര്‍, ബഹാമസ്, മോണ്ടിനെഗ്രോ എന്നീ മൂന്ന് രാജ്യങ്ങളുടെ വിസ്തൃതിക്ക് തുല്യമാണ്.
ഇന്ത്യന്‍ റെയില്‍വേയും, ഇന്ത്യയുടെ സായുധസേനയും, കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത് വഖഫ് ബോര്‍ഡിനാണ്. 8 ലക്ഷം രജിസ്‌ട്രേഡ് സ്വത്തുക്കള്‍ ഇന്ത്യന്‍ വഖഫ് ബോര്‍ഡിന് കീഴിലുണ്ട് എന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. 20 വര്‍ഷം മുമ്പ് സമര്‍പ്പിക്കപ്പെട്ട ഈ റിപ്പോര്‍ട്ട് പ്രകാരം തന്നെ 12 ലക്ഷം കോടി രൂപയുടെ മൂല്യമാണ് ഇന്ത്യയിലെ വഖഫ് സ്വത്തുക്കള്‍ക്ക് കണക്കാക്കിയിരുന്നത്. ഈ സ്വത്തുക്കളില്‍ നിന്ന് ഏറ്റവും കുറഞ്ഞത് 12,000 കോടി രൂപ പ്രതി വര്‍ഷം വരുമാനം കിട്ടേണ്ടതാണ്. എങ്കിലും വെറും 163 കോടി രൂപ മാത്രമാണ് ലഭിക്കുന്നത് എന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. കുറഞ്ഞ വാടക, കയ്യേറ്റം, മോഷണം, തട്ടിപ്പ് എന്നിവ നടക്കുന്നതായും സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. അതായത്, മുസ്ലിം സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പതിനായിരക്കണക്കിന് കോടി രൂപയാണ് ഓരോ വര്‍ഷവും ഭാരതത്തിലെ വഖഫ് ഭൂമിയില്‍ നിന്ന് കൊള്ളയടിക്കപ്പെടുന്നത്. ഇന്ത്യയടക്കം ഒന്‍പത് അമുസ്ലീം രാജ്യങ്ങളില്‍ വഖഫ് ബോര്‍ഡുകള്‍ നിലവിലുള്ളപ്പോള്‍, തുര്‍ക്കിയും സൗദി അറേബ്യയും ഉള്‍പ്പെടെ 12 മുസ്ലീം രാജ്യങ്ങളില്‍ വഖഫ് ബോര്‍ഡ് നിലവിലില്ല എന്ന് മാത്രമല്ല, വഖഫ് സ്വത്ത് എന്നത് ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റോ ഒരു മന്ത്രിയുടെ കീഴിലുള്ള വകുപ്പോ മാത്രമാണ്.
വഖഫ് ബോര്‍ഡിലെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഭാരതത്തില്‍ ലക്ഷക്കണക്കിന് കേസുകളാണ് നിലവിലുള്ളത്.
ഇതില്‍ നാല്പതു ശതമാനം കേസുകളും മുസ്ലീം സമുദായത്തിന് പുറത്തുള്ള മറ്റു മതക്കാരും, സര്‍ക്കാരുകളും കക്ഷികളായവയാണ്. ഇന്ത്യന്‍ ഭരണഘടനക്കും കോടതിക്കും മുകളില്‍ വിശേഷാധികാരം അനുവദിച്ചു കിട്ടിയ ഇന്ത്യയിലെ വഖഫ് ബോര്‍ഡുകള്‍ വന്‍തോതില്‍ ഉള്ള കൊള്ളയ്ക്കും അഴിമതിക്കും കയ്യേറ്റങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നു എന്ന് കണ്ടപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് നിയമഭേദഗതി കൊണ്ടുവന്നത്. അതനുസരിച്ച്, സ്ത്രീകള്‍, ഷിയാ വിഭാഗക്കാര്‍, രണ്ട് അമുസ്ലീങ്ങള്‍ എന്നിവരെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തണം എന്ന് നിയമം ഉണ്ടായി. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം കേരളത്തില്‍ നടപ്പാക്കുകയില്ല എന്ന് ഇവിടുത്തെ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. അങ്ങനെ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 27 ഇടത്തും നടപ്പാക്കിയ നിയമം കേരളത്തില്‍ മാത്രം എതിര്‍ക്കപ്പെട്ടു. അതിനെ തുടര്‍ന്നാണ് ഇടത് വലത് മുന്നണികള്‍ വഖഫ് നിയമഭേദഗതിക്കെതിരെ പരസ്യമായി രംഗത്ത് വരികയും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ചെയ്തത്. തുടര്‍ന്ന് കേരള ഹൈക്കോടതി വഖഫ് ബോര്‍ഡിന്റെ ഘടനയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനും ബോര്‍ഡിനും ചില പ്രധാന നിര്‍ദേശങ്ങള്‍ നല്‍കി. ബോര്‍ഡ് രൂപീകരിച്ചത് സര്‍ക്കാരായതിനാല്‍, നിയമപരമായ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള സ്വാതന്ത്ര്യം സര്‍ക്കാരിനുണ്ട്. ബോര്‍ഡില്‍ നിയമപ്രകാരം ഉള്‍പ്പെടുത്തേണ്ട അമുസ്ലീം പ്രതിനിധികളുടെയും ഷിയാ സമുദായ പ്രതിനിധിയുടെയും നിയമനം എന്തുകൊണ്ടാണ് വൈകിപ്പിക്കുന്നത് എന്നും കോടതി ചോദിച്ചു. കേന്ദ്ര നിയമഭേദഗതിക്ക് (ഡങഋഋഉ അര,േ 2025) അനുസൃതമായ പൂര്‍ണ്ണ പ്രതിനിധ്യം ബോര്‍ഡില്‍ ഇല്ലെന്ന ഹര്‍ജികള്‍ പരിഗണിച്ച്, കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങളോ വലിയ തുകയുടെ ചെലവഴിക്കലുകളോ നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. (ഈ ഉത്തരവില്‍ വഖഫ് ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറിയുടെ മേല്‍നോട്ടം വേണമെന്ന് വ്യവസ്ഥ ചെയ്തിരുന്നെങ്കിലും, അത് പിന്നീട് സുപ്രീംകോടതി റദ്ദാക്കി).
പാര്‍ലമെന്റ് പാസാക്കിയ നിയമം ഒരു സംസ്ഥാനത്ത് മാത്രം നടപ്പാക്കുകയില്ല എന്ന് പറയാന്‍ ഒരു സംസ്ഥാന സര്‍ക്കാരിനും അവകാശമില്ല. സുപ്രീംകോടതിയില്‍ കേസിനു പോയ മുസ്ലീം ലീഗിനും കോണ്‍ഗ്രസിനും മറ്റു രാഷ്ട്രീയക്കാര്‍ക്കും ഇത് അറിഞ്ഞുകൂടാത്തതല്ല. എങ്കിലും ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ തങ്ങള്‍ക്ക് വലുത് മുസ്ലീം വോട്ട് ബാങ്ക് ആണ് എന്ന് പ്രഖ്യാപിക്കുന്ന നിലപാടിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും ലീഗും ഇടതുപക്ഷവും ഇന്ന് നിലയുറപ്പിച്ചിട്ടുള്ളത്. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ കാലത്താണ് ഇന്ത്യയില്‍ ഭാരതസര്‍ക്കാരിനെക്കാള്‍ അധികാരമുള്ള ഒരു ബോര്‍ഡായി ഇന്ത്യന്‍ വഖഫ് ബോര്‍ഡിനെ ഉയര്‍ത്തിയത്.
സ്വതന്ത്ര ഇന്ത്യയില്‍ വഖഫ് ബോര്‍ഡുകളുടെയും വഖഫ് സ്വത്തുക്കളുടെയും ഭരണത്തിനായി പാര്‍ലമെന്റ് പാസാക്കിയ ആദ്യ സമഗ്ര നിയമം ആയിരുന്നു 1954-ലെ വഖഫ് ആക്ട്. ഇതിനു ശേഷം 1959, 1964, 1969, 1984, 1995 വര്‍ഷങ്ങളില്‍ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വഖഫ് ബോര്‍ഡ് നിയമങ്ങളില്‍ വലിയ ഭേദഗതികള്‍ വരുത്തി ഭരണഘടനയ്ക്ക് മുകളില്‍ വഖഫ് ബോര്‍ഡിനെ പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. വഖഫ് ബോര്‍ഡിന് ഭാരത ഭരണഘടനയ്ക്ക് മേല്‍ ഉണ്ടായിരുന്ന ഈ അമിതാധികാരമാണ്, 2025 ഏപ്രില്‍ മാസത്തില്‍ മോദി സര്‍ക്കാര്‍ തിരുത്തിയതും, പാര്‍ലമെന്റിന്റെ ഇരു സഭകളിലും അത് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട് നിയമമായി മാറിയതും. വഖഫിന്റെ മറവില്‍ നടക്കുന്ന അനീതികള്‍ അവസാനിപ്പിക്കേണ്ടത് ഭാരതത്തിന്റെ മതേതരത്വത്തിനും സാമൂഹികനീതിക്കും അത്യന്താപേക്ഷിതമാണ്.






















