മതമാണ്, മതം മാത്രമാണ് പ്രശ്‌നം എന്ന് പരസ്യമായി പറഞ്ഞ കെ.എം. ഷാജി ഉള്‍പ്പെട്ട യുഡിഎഫ് മന്ത്രിസഭ ഒരു മാസം പിന്നിടുമ്പോള്‍ ഒരു കാര്യം വീണ്ടും വ്യക്തമാവുകയാണ്. മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനശൈലിയിലോ വര്‍ഗീയ പ്രീണനനയങ്ങള്‍ക്കോ മതതാല്പര്യങ്ങള്‍ക്കോ യാതൊരു പരിവര്‍ത്തനവും വന്നിട്ടില്ല. മുസ്ലീംലീഗിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ മറച്ചു പിടിക്കാനും അവര്‍ വര്‍ഗീയകക്ഷി അല്ല എന്ന് വരുത്തിത്തീര്‍ക്കാനും അവരുടെ മതവര്‍ഗീയതയെ വെള്ളപൂശാനും യുഡിഎഫും എല്‍ഡിഎഫും എല്ലാ കാലത്തും ഒരുപോലെ ശ്രമിച്ചിരുന്നു. കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും വെട്ടിയൊതുക്കിയതിന്റെ ഉപകാരസ്മരണയായി മുസ്ലീം ലീഗിന്റെ അടിമയായി തീവ്രവാദികള്‍ക്ക് മുന്നില്‍ സതീശന്‍ മുഖ്യമന്ത്രിസ്ഥാനം അടിയറ വെക്കുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബ് 23 വകുപ്പ് മേധാവികളില്‍ മുഴുവന്‍ പേരെയും സ്വന്തം സമുദായത്തില്‍ നിന്ന് നിയമിച്ച് മുസ്ലീംലീഗിന്റെ അപ്രമാദിത്വം തെളിയിച്ചപ്പോഴാണ് കേരളത്തിലെ പൊതുസമൂഹം യുഡിഎഫിന്റെ വര്‍ഗീയ പ്രീണനത്തിന്റെ ശക്തി തിരിച്ചറിഞ്ഞത്. അക്കാലത്ത് തന്നെയാണ് മന്ത്രിമന്ദിരത്തിന്റെ ‘ഗംഗ’ എന്ന പേര് മതത്തിനെതിരാണെന്നും അവിടെ താമസിക്കാന്‍ കഴിയില്ലെന്നും ഉള്ള നിലപാട് റബ്ബ് എടുത്തതും വീടിന്റെ പേര് ‘ഗ്രേസ്’ എന്നാക്കി മാറ്റിയതും. പരസ്യമായി വര്‍ഗീയ പ്രീണനം നടത്താനും സ്വന്തം സമുദായത്തിന് വേണ്ടി ജനാധിപത്യ മര്യാദകളെയും ഭരണഘടനയെയും അവഹേളിക്കാനും ഒരു മടിയും കാട്ടാത്ത ഭീകരവാദികളുടെ കൂട്ടായ്മ മാത്രമാണ് മുസ്ലീം ലീഗ് എന്ന് പലതവണ തെളിഞ്ഞതാണ്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിയായപ്പോള്‍ കോഴിക്കോട് വിമാനത്താവളത്തിലെ ദേശീയ പതാകയ്ക്ക് മുകളില്‍ പച്ചക്കൊടി കയറ്റിക്കെട്ടാന്‍ ശ്രമിച്ചവരെ ഒരു രാഷ്ട്രീയ കക്ഷിയായി അംഗീകരിക്കാന്‍ കഴിയുമോ?
കേരളത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍ എത്തിയതിനു ശേഷം പഴയകാലത്തെ പോലെ തന്നെയാണ് മുസ്ലീംലീഗ് മുന്നോട്ട് പോകുന്നത് എന്ന കാര്യം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. മുസ്ലീംലീഗിന്റെ ദേശവിരുദ്ധ താല്പര്യങ്ങളും സമുദായ പ്രീണന മനോഭാവവും ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി എല്ലാ സ്ഥാപനങ്ങളുടെയും തലവന്മാരായി മുസ്ലീങ്ങളെ മാത്രം വയ്ക്കുകയും ചെയ്യുന്ന സംവിധാനത്തിനെതിരെ പോരാട്ടം നടത്താന്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ തകരാന്‍ പോകുന്നത് മതേതരത്വവും ജനാധിപത്യവും മാത്രമല്ല ഭരണസംവിധാനം കൂടിയായിരിക്കും. ഇതിനെതിരെ ഇനി യുഡിഎഫില്‍ ശബ്ദം ഉയരില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രി സ്ഥാനത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച യുഡിഎഫിനെ വിമര്‍ശിച്ച പഴയ വി.ഡി. സതീശന്‍ ഇന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിനും അധികാരത്തിനും വേണ്ടി മുസ്ലീം ലീഗിന്റെ സ്വാധീനം നിര്‍ണായകം ആണെന്നും രാഹുലിനും പ്രിയങ്കയ്ക്കും വിജയിക്കാന്‍ ആവശ്യമായ മുസ്ലീം ലീഗിന്റെ പിന്തുണ ഇല്ലാതെ തനിക്ക് മുഖ്യമന്ത്രി സ്ഥാനം കൈവരിക്കാന്‍ ആവില്ലെന്ന് തിരിച്ചറിയുകയും ചെയ്ത പഴയ സതീശന്‍ ആദര്‍ശത്തിന്റെയും മനോബലത്തിന്റെയും പഴയ കുപ്പായങ്ങള്‍ അഴിച്ചുമാറ്റിക്കഴിഞ്ഞു. ഗ്രൂപ്പ് പോരാട്ടത്തിനിടയില്‍ ആര്‍ജ്ജവവും അഭിമാനബോധവും നഷ്ടമായ, അല്ലെങ്കില്‍ നഷ്ടപ്പെടുത്തിയ സതീശന് മുസ്ലീംലീഗിന്റെ അപ്രമാദിത്വത്തിനും അധിനിവേശത്തിനും എതിരെ ശബ്ദമുയര്‍ത്താന്‍ കഴിയില്ല. കേരളം ഇക്കാര്യത്തില്‍ പ്രതീക്ഷയോടെ നോക്കുന്നത് ബിജെപിയെ ആണ്. മൂന്ന് എംഎല്‍എമാരെ ജനങ്ങള്‍ ജയിപ്പിച്ചത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും മുസ്ലീംലീഗിന്റെ തനിനിറം തുറന്നു കാട്ടാനുമാണ്. ഭൂരിപക്ഷത്തില്‍ നിന്ന് ന്യൂനപക്ഷത്തിലേക്ക് വഴുതിവീഴാന്‍ ഒരുങ്ങി നില്‍ക്കുന്ന ഹിന്ദു സമൂഹത്തിനും ഇസ്ലാമിക ഭീകരതയുടെ ഭീഷണി എന്തെന്ന് മനസ്സിലാക്കാന്‍ വൈകിയ ക്രിസ്ത്യന്‍ സമൂഹത്തിലും ബോധം ഉണ്ടാകാന്‍ ശക്തമായ നിലപാട് ബിജെപിയില്‍ നിന്ന് ഉണ്ടാകേണ്ടതാണ്. പൊതുവിദ്യാഭ്യാസ മന്ത്രിയായി മുസ്ലീംലീഗിന്റെ എന്‍. ഷംസുദ്ദീന്‍ ചുമതലയേറ്റ ഉടന്‍ തന്നെ മന്ത്രിസഭയുടെ അംഗീകാരമോ ചര്‍ച്ചയോ ഇല്ലാതെ ആസിഫ് കെ. യൂസഫ് എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ വിദ്യാഭ്യാസ ഡയറക്ടറായി നിയമിക്കുകയായിരുന്നു. സാധാരണ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്നതായതുകൊണ്ട് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെടുക്കുക. ആസിഫ് കെ. യൂസഫ് സംവരണ മാനദണ്ഡങ്ങളില്‍ വ്യാജരേഖ ഉപയോഗിച്ച് സര്‍വീസില്‍ എത്തിയതാണെന്ന ആരോപണത്തെ തുടര്‍ന്ന് പിരിച്ചുവിടാന്‍ നോട്ടീസ് ലഭിച്ച ആളാണ്. കോടതിയുടെ സ്റ്റേ മൂലം സര്‍വീസില്‍ തുടരുന്ന ആളെ നിയമിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് മന്ത്രിസഭായോഗമാണ് സ്‌നേഹില്‍ കുമാര്‍ സിങ്ങിനെ വിദ്യാഭ്യാസ ഡയറക്ടര്‍ ആക്കിയത്. മുസ്ലീംലീഗിന്റെ ഭരണസാരഥ്യമുള്ള എല്ലാ വകുപ്പുകളിലും മതമാനദണ്ഡങ്ങള്‍ നിലവില്‍ വന്നിരിക്കുന്നു. സി ആപ്റ്റിന്റെ ഡയറക്ടര്‍ സ്ഥാനത്ത് ഡിജിറ്റല്‍ മീഡിയയില്‍ പരിചയമുള്ള അധ്യാപകരെയാണ് നിയമിക്കാറുള്ളത്. ഇപ്പോള്‍ നിയമിച്ചിട്ടുള്ള സിബി മുഹമ്മദ് വെച്ചൂച്ചിറയിലെ പോളിടെക്‌നിക്കിലെ ഡെമോണ്‍സ്‌ട്രേറ്ററാണ്. ലാബ് അസിസ്റ്റന്റിന്റെയോ അറ്റന്‍ഡറുടെയോ തസ്തികയിലുള്ള ഒരാളെയാണ് ഉന്നത വിദ്യാഭ്യാസ യോഗ്യതയും ഡിജിറ്റല്‍ പരിജ്ഞാനവും അധ്യാപകപരിചയവും വേണ്ട തസ്തികയിലേക്ക് നിയമിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ ഐടി വകുപ്പിലെ സിഡിറ്റില്‍ ഡയറക്ടറായി നിയമിച്ചിട്ടുള്ള ഡോ.എം. അബ്ദുല്‍ റഹ്മാന്‍ വിവാദ പുരുഷനാണ്. വളരെ പണ്ട് എംഎസ്എഫില്‍ പ്രവര്‍ത്തിക്കുകയും ഇ. അഹമ്മദ് മന്ത്രി ആയിരിക്കുമ്പോള്‍ നിര്‍ണായക തസ്തികയില്‍ എത്തുകയും ചെയ്ത ആള്‍ പിന്നീട് കെ.ടി. ജലീലിന്റെ ആളായി ഇടതു സര്‍ക്കാരിന്റെ കാലത്തും ഉന്നത തസ്തികകളില്‍ ഇടംനേടി. എംബസി വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി. ജലീലിനെതിരായ ആരോപണങ്ങളില്‍ കേന്ദ്ര അന്വേഷണസംഘം ചോദ്യം ചെയ്ത ആളാണ് അബ്ദുല്‍ റഹ്മാന്‍. അബ്ദുല്‍ റഹ്മാനെ സിഡിറ്റിന്റെ ഡയറക്ടറായി നിയമിക്കുക മാത്രമല്ല വിവാദം ഉയര്‍ന്നപ്പോള്‍ പഴയ എംഎസ്എഫുകാരനാണെന്ന് വാദിക്കാനും ലീഗ് നേതാക്കള്‍ എത്തി.
ഇതിനിടെ പല മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ഭീകരവാദികള്‍ ആസൂത്രിതമായി നുഴഞ്ഞുകയറി എന്ന ആരോപണമുണ്ട്. സമസ്തയുടെ ശുപാര്‍ശയില്‍ ജമാഅത്തെ ഇസ്ലാമിക്കാരും പഴയ സിമിക്കാരും മറ്റ് ഇസ്ലാമിക തീവ്രവാദ സംഘടനാ പ്രവര്‍ത്തകരും ഇതിലേക്ക് കടന്നു കയറിയതായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആസൂത്രിതമായി ഭരണസംവിധാനത്തില്‍ നുഴഞ്ഞുകയറാനും ഇസ്ലാമിക ഭീകര സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാനും സമസ്തയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സമ്മര്‍ദ്ദം ചെലുത്താനുമുള്ള ശ്രമങ്ങള്‍ ഉണ്ട്. സമസ്തയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നല്‍കിയ നിവേദനം ഭരണത്തില്‍ നുഴഞ്ഞുകയറാനും തീവ്രവാദികളുടെയും ഭീകരരുടെയും ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കിട്ടാനുമുള്ള ശ്രമമാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സര്‍ക്കാരിന്റെ സമിതികളില്‍ സമസ്തയുടെ ആള്‍ക്കാരെ ഉള്‍പ്പെടുത്തുക, മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ജില്ലകള്‍ അനുവദിക്കുക, കേരളത്തില്‍ ഒരു അറബക് സര്‍വകലാശാല ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോള്‍ അറബിക് സര്‍വ്വകലാശാല ആരംഭിക്കുന്ന കാര്യം മുന്നോട്ടു വെച്ചതാണ്. കേരളത്തിലെ മാതൃഭാഷയോ ഭരണഭാഷയോ ഭൂരിപക്ഷ സമൂഹം വ്യവഹരിക്കുന്ന ഭാഷയോ അറബിയല്ലാത്തതുകൊണ്ട് ഇത് ശരിയല്ല എന്ന നിലപാട് ഉയരുകയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഒഴിവാക്കുകയും ചെയ്തതാണ്. ഉമ്മന്‍ചാണ്ടി ഒഴിവാക്കിയ അറബിക് സര്‍വകലാശാല വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുസ്ലീം ലീഗ് ശ്രമിക്കുന്നത് വി.ഡി. സതീശന്‍ തങ്ങള്‍ ആവശ്യപ്പെടുന്ന എന്തിനും വഴങ്ങും എന്ന ചിന്തയില്‍ ആണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌കൂള്‍ പാഠ്യക്രമത്തില്‍ ഇസ്ലാം മതതത്വങ്ങള്‍ ധാര്‍മിക പാഠം എന്ന നിലയില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ ആവശ്യപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ മമ്പറം തങ്ങള്‍ ഗവേഷണ കേന്ദ്രം തുടങ്ങുക, വിദ്യാഭ്യാസ – സര്‍വ്വകലാശാല അക്കാദമി കലണ്ടറുകളില്‍ സമുദായ താത്പര്യം പരിഗണിക്കുക, ചെറിയ പെരുന്നാള്‍, ബലിപെരുന്നാള്‍ എന്നിവയ്ക്ക് മൂന്നുദിവസം വീതം അവധി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമസ്ത സെക്രട്ടറി ഉമര്‍ ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘം ഉന്നയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തങ്ങളുടെ ആവശ്യങ്ങളോട് അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്ന് അവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഏതായാലും ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത അനിവാര്യമാണ്. സമസ്തയുടെയും ഇസ്ലാമിക ഭീകര സംഘടനകളുടെയും ആവശ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാനും ഭരണം അവരുടെ ചൊല്‍പ്പടിക്ക് നിര്‍ത്താനും ആണ് യുഡിഎഫിന്റെ ശ്രമമെങ്കില്‍ കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത പ്രതിരോധം ഉയരും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മതത്തിന്റെ പേരില്‍ അല്ല. മലപ്പുറം ജില്ലയിലെ ഒരു ചടങ്ങില്‍ പത്താം ക്ലാസ് പാസായ വിദ്യാര്‍ത്ഥിനിയെ സമ്മാനം നല്‍കി ആദരിക്കാന്‍ സ്റ്റേജിലേക്ക് വിളിച്ചതിനെതിരെ പരസ്യ പ്രതികരണം നടത്തുകയും പെണ്‍കുട്ടിയെ സ്റ്റേജില്‍ നിന്ന് ഇറക്കിവിടുകയും ചെയ്ത സമസ്ത നേതാവ് ജിഫ്രി തങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഉമ്മന്‍ചാണ്ടി വേണ്ടെന്നുവെച്ച അറബിക് സര്‍വകലാശാല കേരളത്തില്‍ ആരംഭിക്കാനുള്ള നീക്കത്തിന് പിന്നിലെ സ്ഥാപിത താല്പര്യവും സാധ്യതയും എന്താണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം. മുസ്ലീം ലീഗ് അധികാരത്തിലുള്ളപ്പോഴാണ്‌കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ മുഴുവനും ഉണ്ടായതെന്ന അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ അലമാരകളില്‍ എവിടെയോ പൊടി പിടിച്ചു കിടക്കുന്നുണ്ട്. പൂന്തുറ കലാപത്തില്‍ ആയുധം വിതരണം ചെയ്ത ഒമിനി വാന്‍ കണ്ടെത്താനുള്ള അരവിന്ദാക്ഷ മേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വണ്ടി നമ്പരും സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. കരുണാകരന്‍ മുതല്‍ പിണറായി വരെയുള്ള ഒരു മുഖ്യമന്ത്രിക്കും ആ വാന്‍ ആരുടേതായിരുന്നു എന്ന് കണ്ടെത്താന്‍ കഴിയാതിരുന്നത് യാദൃച്ഛികമാണെന്ന് കരുതാനാവില്ല. ഇതിനിടെ കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍.വി.എസ്. മണി ദല്‍ഹിയില്‍ നടത്തിയ വെളിപ്പെടുത്തലില്‍ മുസ്ലീംലീഗിന്റെ മുന്‍ കേന്ദ്രമന്ത്രിക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായുള്ള ബന്ധം സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ കാണാതെ പോകാന്‍ കഴിയുമോ? ഈ മന്ത്രിയുടെ ബന്ധത്തിന്റെ കുറിപ്പുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ ഉണ്ട് എന്ന് അദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. മുന്‍ മന്ത്രി മരിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പറയുന്നില്ല എന്ന ആര്‍.വി എസ്. മണി പറഞ്ഞെങ്കിലും കേരളത്തില്‍നിന്ന് ഒരാള്‍ മാത്രമേ മുസ്ലീംലീഗില്‍ നിന്ന് കേന്ദ്രമന്ത്രി ആയിട്ടുള്ളൂ. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടേ?
മുസ്ലീം ലീഗിന്റെ ചൊല്‍പ്പടിക്കും താല്‍പര്യത്തിന് അനുസരിച്ച് അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി നട്ടെല്ല് വളക്കാനും കീഴടങ്ങാനും ആണ് വി.ഡി സതീശനും യു.ഡി.എഫും ഒരുമ്പെടുന്നത് എങ്കില്‍ പിണറായി വിജയനെക്കാള്‍ ദയനീയമായ തിരിച്ചടി ആയിരിക്കും വി.ഡി. സതീശന് ഉണ്ടാവുക. കേരളത്തിലെ പൊതുജനങ്ങള്‍ മികച്ച വിജയം തന്നത് മതനിരപേക്ഷമായി, സത്യസന്ധമായി, ആരോടും പ്രീണനമില്ലാതെ ഭരണം കൊണ്ടുപോകാനാണ്. പാണക്കാട്ട് കൊടപ്പനക്കല്‍ തറവാട്ടിനു മുന്നില്‍ നട്ടെല്ലൊടിച്ച ഉടുമ്പിനെ പോലെ യുഡിഎഫിനെയും സര്‍ക്കാരിനെയും കിടത്താനാണ് പദ്ധതി എങ്കില്‍, മുസ്ലീം താല്‍പ്പര്യം മാത്രം പരിഗണിച്ച് നീങ്ങാന്‍ ആണ് ഉദ്ദേശ്യമെങ്കില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് വല്ലാതെ ഉഷ്ണിക്കേണ്ടി വരും.






















