നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ രാജ്യതലസ്ഥാനത്ത് പാറ്റാപ്പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരം വിദ്യാര്‍ത്ഥി സമരത്തില്‍ നിന്ന് വിധ്വംസക സമരമായി രൂപാന്തരം പ്രാപിച്ചത് ആശങ്കാജനകമാണ്. വിദ്യാര്‍ത്ഥി സമരത്തിന്റെ പേരില്‍ അര്‍ബന്‍ നക്‌സലുകളും അരാജകവാദികളും ഇസ്ലാമിക മതമൗലികവാദികളും ചേര്‍ന്ന് അക്രമസമരത്തിലൂടെ ദല്‍ഹിയില്‍ കലാപം അഴിച്ചുവിടാനുള്ള ഗൂഢശ്രമങ്ങളാണ് നടത്തിയത്.
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയ സംഭവമാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ച ഘോരമായ കുറ്റമാണെന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിക്കുകയും കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും ചെയ്തിരുന്നു. പിന്നീട് കുറ്റമറ്റ രീതിയില്‍ പുനഃപരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുകയും ഉണ്ടായി. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്‍ടിഎയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തിരിക്കുന്നു. ഏറ്റവുമൊടുവില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചും വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണം ആവശ്യപ്പെട്ടും പാറ്റാപ്പാര്‍ട്ടി നടത്തിയ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജൂണ്‍ 28-ന് സോനം വാങ് ചുക് ആരംഭിച്ച നിരാഹാരസമരത്തെ തുടക്കത്തില്‍ പ്രതിപക്ഷപാര്‍ട്ടികളും മാദ്ധ്യമങ്ങളും പോലും അവഗണിക്കുകയായിരുന്നു. അക്രമത്തിനുള്ള അവസരമായി സമരത്തെ അരാജകവാദികള്‍ ഏറ്റെടുത്തതോടെയാണ് അതിന് പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണ കിട്ടിയത്. സമരം കൈവിട്ടു പോയെന്ന് തിരിച്ചറിഞ്ഞത് കൊണ്ടുകൂടിയാണ് വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്. പ്രക്ഷോഭത്തിനിടെ ഉണ്ടായ ആക്രമണങ്ങളില്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും 118-ലധികം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ഭാരതം സന്ദര്‍ശിച്ച വേളയില്‍ സിഎഎ വിരുദ്ധ സമരത്തിന്റെ പേരിലും പിന്നീട് കര്‍ഷക പ്രക്ഷോഭത്തിന്റെ മറവിലും ദല്‍ഹിയില്‍ നടന്ന കലാപത്തിനുപിന്നില്‍ രാജ്യവിരുദ്ധ ശക്തികളുടെ ആസൂത്രണവും ആശീര്‍വാദവുമുണ്ടായിരുന്നു. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കപ്പുറം കടന്ന് കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്നും, ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്നും, എഫ്‌സിആര്‍എ ഭേദഗതി പിന്‍വലിക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നത് വിദ്യാര്‍ത്ഥിസമരത്തിലെ വിധ്വംസക രാഷ്ട്രീയത്തിന്റെ ദൃഷ്ടാന്തമാണ്. പാര്‍ലമെന്റ് മാര്‍ച്ച് നടത്തി ഭാരതത്തില്‍ നേപ്പാള്‍ ആവര്‍ത്തിക്കുമെന്ന ഭീഷണിയും 2016 ല്‍ ജെഎന്‍യുവില്‍ ഉയര്‍ന്നുകേട്ട ആസാദി മുദ്രാവാക്യങ്ങളുടെ ആവര്‍ത്തനവും വിദ്യാര്‍ത്ഥിസമരത്തിന്റെ അപകടകരമായ ഭാവമാറ്റത്തെയാണ് വെളിവാക്കിയത്. സമരവേദികളില്‍ വന്ന് പ്രധാനമന്ത്രിയെ വെടിവെച്ചുകൊല്ലണമെന്ന് പ്രഖ്യാപിക്കുന്നതും നേപ്പാളിലെ ജെന്‍സികളെ പോലെ കല്ലെറിഞ്ഞ് സമരം ചെയ്യാന്‍ ആള്‍ക്കൂട്ടത്തോട് ആഹ്വാനം ചെയ്യുന്നതിന്റെയും പിന്നില്‍ രാജ്യവിരുദ്ധതയല്ലെങ്കില്‍ മറ്റെന്താണ്! രാജ്യത്ത് വേരുപടര്‍ത്തിയ മാവോയിസ്റ്റ് ശൃംഖലകളെയും ഇസ്ലാമിക ഭീകരവാദത്തെയും ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സമരത്തില്‍ നുഴഞ്ഞുകയറി രാജ്യത്ത് കലാപം സൃഷ്ടിച്ച് പ്രതികാരം ചെയ്യാന്‍ ഭീകരവാദികള്‍ ശ്രമം നടത്തി എന്നത് സുവ്യക്തമാണ്. ദല്‍ഹിയില്‍ സമരം സംഘടിപ്പിക്കാന്‍ എത്തിയവരില്‍ ബഹുഭൂരിപക്ഷവും വിദ്യാര്‍ഥികളല്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെടേണ്ടതാണ്.
വിധ്വംസക ശക്തികള്‍ ഏറ്റെടുത്ത വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം മുന്നോട്ടുവന്നത് അവര്‍ ഭാരതവിരുദ്ധരുടെ കയ്യിലെ ചട്ടുകമായി മാറിക്കഴിഞ്ഞതിന്റെ തെളിവാണ്. പ്രതിപക്ഷ നേതാവായി ചുമതലയേറ്റതു മുതല്‍ വിദേശരാജ്യങ്ങളില്‍ പോയി തുടര്‍ച്ചയായി ഭാരതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് രാഹുല്‍ഗാന്ധി നടത്തിയിട്ടുള്ളത്. ഭാരതത്തില്‍ ജനാധിപത്യ അട്ടിമറി നടത്താന്‍ വിദേശ രാജ്യങ്ങളുടെ സഹായം തേടാനാണോ രാഹുല്‍ നിരന്തരം വിദേശയാത്രകള്‍ നടത്തുന്നതെന്നുപോലും സംശയിക്കേണ്ടി വരും. ഒരു വര്‍ഷത്തിനുള്ളില്‍ നരേന്ദ്രമോദിക്ക് അധികാരം നഷ്ടപ്പടുമെന്ന് കഴിഞ്ഞ മാസം രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയില്‍ നിന്ന് ഭാരതത്തിലെത്തിയ ചിലര്‍ സിജെപി എന്ന കൂട്ടായ്മ രൂപീകരിക്കുകയും വിദ്യാര്‍ത്ഥിസമരത്തിന് തുടക്കം കുറിക്കുകയും ചെയ്തതിനെ ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഏറെനാളത്തെ അജ്ഞാതവാസത്തിന് ശേഷം പ്രതിപക്ഷ നേതാവ് പൊടുന്നനെ പാറ്റാസമരത്തിലേക്ക് നേരിട്ട് പ്രത്യക്ഷപ്പെട്ടതും അനുവാദമില്ലാതെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ ഭാരതത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചതും ദുരൂഹമാണ്. കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, പാര്‍ലമെന്റില്‍ ചര്‍ച്ചയാവാമെന്ന നിര്‍ദ്ദേശം പ്രതിപക്ഷ നേതാവ് അംഗീകരിച്ചിരുന്നു. പിന്നീട് ഈ നിലപാടില്‍ നിന്ന് പിന്തിരിയുകയായിരുന്നു. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്‍ഡി സഖ്യം ഭരിക്കുന്ന ജാര്‍ഖണ്ഡിലാണെന്ന വസ്തുത വൈകിയാണെങ്കിലും ഭാരതത്തിലെ വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിയും.
കോണ്‍ഗ്രസ് കേന്ദ്ര ഭരണം നടത്തിയിരുന്നപ്പോഴും പരീക്ഷാക്രമക്കേടും ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ഉണ്ടായ പിഎസ്‌സി പരീക്ഷാക്രമക്കേടിനെക്കുറിച്ച് മൗനം പാലിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും നാളിതുവരെ അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം പോലും ഏറ്റെടുത്തിട്ടില്ല. ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിനു പിന്നാലെ ഇപ്പോള്‍ പിഎസ്‌സി ക്രമക്കേടില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണപ്രഹസനം നടക്കുകയാണ്. നിരവധി യുവാക്കളുടെ ജീവിതത്തെ ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ തികഞ്ഞ ഉദാസീനത പുലര്‍ത്തുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ദല്‍ഹിയില്‍ സമരം നടത്തി മുഖംരക്ഷിക്കാനാവില്ല. ഭരണം കയ്യാളുമ്പോള്‍ പോലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും അതിനെ ‘രക്ഷാപ്രവര്‍ത്തന’മെന്ന് വിശേഷിപ്പിച്ച് പരിഹസിക്കുകയും ചെയ്ത സിപിഎം ഇപ്പോള്‍ വിദ്യാര്‍ത്ഥി സമരങ്ങളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയാണ്. കേരളത്തില്‍ സമരം ചെയ്ത ആശാ വര്‍ക്കര്‍മാരുടെയും നേഴ്‌സുമാരുടെയും പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെയും ആവശ്യങ്ങളെ പുച്ഛിക്കുകയും അവഗണിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇപ്പോള്‍ ദല്‍ഹി സമരത്തിന്റെ പേരില്‍ എട്ടുകാലി മമ്മൂഞ്ഞു ചമയുകയാണ്. ഭാരതത്തിലെ യുവാക്കളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചും അവരുടെ മനസ്സുകളില്‍ കലാപത്തിന്റെ കനല്‍കോറിയിട്ടും രാഷ്ട്രത്തെ ആന്തരികമായി അസ്ഥിരപ്പെടുത്താനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ ഭാരതത്തിലെ പൗരസമൂഹം ജാഗ്രത പുലര്‍ത്തണം.





















