ഭാരതത്തിന്റെ ആത്മീയ-സാംസ്‌കാരിക പൈതൃകം അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്ക് വ്യാപിച്ചതിന്റെ തെളിവാണ് ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്തായിലുള്ള പ്രംബാനന്‍ ക്ഷേത്ര സമുച്ചയം. ജൂലായ് 8 ന് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും ചേര്‍ന്ന് ഈ ചരിത്രഭൂമിയില്‍ വെച്ച് പ്രംബാനന്‍ ക്ഷേത്ര പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം കുറിച്ചു. കേവലമൊരു പുരാവസ്തു സംരക്ഷണത്തിനപ്പുറം രണ്ട് സഹസ്രാബ്ദത്തോളം പഴക്കമുള്ള സമുദ്രവ്യാപാരത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും സുദൃഢമായ ഒരു നാഗരിക പങ്കാളിത്തത്തിന്റെ പുനരുജ്ജീവനമായിരുന്നു അത്.
മോദിയുടെ സന്ദര്‍ശനത്തിന്റെ തൊട്ട് മുമ്പായി ഇരുരാജ്യങ്ങളും ഒപ്പുവെച്ച താല്പര്യപത്രത്തില്‍ പ്രതിരോധം, സുരക്ഷ, വ്യാപാരം എന്നിവയ്‌ക്കൊപ്പം പ്രംബാനന്‍ ക്ഷേത്ര സമുച്ചയ പുനരുദ്ധാരണവും ഉള്‍പ്പെടുത്താനായത്‌സാംസ്‌കാരിക നയതന്ത്രം ഭാരത വിദേശനയത്തിന്റെ നെടും തൂണുകളിലൊന്നായി മാറിയിരിക്കുന്നുവെന്നതിന് അടിവരയിടുന്നു.
ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഈ ഹിന്ദു ക്ഷേത്രത്തിന് മുന്നില്‍ നിന്നുകൊണ്ട് നൂറ്റാണ്ടുകളായി ഈ സാംസ്‌കാരിക പൈതൃകത്തെ നെഞ്ചിലേറ്റുന്ന ഇന്തോനേഷ്യന്‍ ജനതയെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. ഭാരതത്തിന്റെ പുരാവസ്തു വകുപ്പ് (ASI) ഈ പുനരുദ്ധാരണത്തില്‍ പങ്കാളികളാകുന്നതോടെ കൂടുതല്‍ ഭാരതീയര്‍ ഈ പുണ്യഭൂമി സന്ദര്‍ശിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇത് ഇന്തോ-പസഫിക് മേഖലയില്‍ ഭാരതത്തിന്റെ തന്ത്രപ്രധാനമായ സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം ഒരു ആഗോള സാംസ്‌കാരിക നേതാവ് എന്ന നിലയിലുള്ള ഭാരതത്തിന്റെ മൃദുശക്തി നയതന്ത്രത്തിന്റെ വിജയവുമാണ്.
ഒമ്പതാം നൂറ്റാണ്ടില്‍ മധ്യജാവയിലെ സഞ്ജയ രാജവംശത്തിന്റെ കാലത്താണ് ത്രിമൂര്‍ത്തികളായ ഭഗവാന്‍ ശിവന്‍, വിഷ്ണു, ബ്രഹ്മാവ് എന്നിവര്‍ക്കായി ഈ ക്ഷേത്ര സമുച്ചയം നിര്‍മ്മിക്കപ്പെട്ടത്. ഭാരതീയ ചിന്തകള്‍ ജാവനീസ് ശൈലിയിലേക്ക് എത്രത്തോളം മനോഹരമായി ഇഴുകിച്ചേര്‍ന്നുവെന്നതിന്റെ തെളിവായി ക്ഷേത്രത്തിന്റെ ചുമരുകളില്‍ കൊത്തിവെച്ചിട്ടുള്ള രാമായണ രംഗങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. നിലവില്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ക്ഷേത്രം സംരക്ഷിച്ചു പോരുന്നത്.
കടല്‍ കടന്ന സാംസ്‌കാരിക പ്രവാഹവും കലിംഗ പൈതൃകവും
ആധുനിക നയതന്ത്ര സംവിധാനങ്ങളോ അതിര്‍ത്തികളോ രൂപപ്പെടുന്നതിന് എത്രയോ മുന്‍പ് തന്നെ ബംഗാള്‍ ഉള്‍ക്കടല്‍ ഭാരതത്തെയും ദക്ഷിണപൂര്‍വ്വേഷ്യയേയും പരസ്പരം ബന്ധിപ്പിച്ചിരുന്നു. ബംഗാളിലെ താംരലിപ്തി, ഒഡീഷയിലെ കലിംഗപട്ടണം, തമിഴ്‌നാട്ടിലെ അരിക്കമേട്, കേരളത്തിലെ മുസിരിസ് എന്നീ തുറമുഖങ്ങളില്‍ നിന്ന് ഭാരതീയ വ്യാപാരികള്‍ ജാവയും സുമാത്രയും ലക്ഷ്യമാക്കി യാത്ര തിരിച്ചു. മണ്‍സൂണ്‍ കാറ്റുകളുടെ ഗതി നോക്കി യാത്ര ചെയ്ത ഈ പുരാതന നാവികര്‍ സുഗന്ധവ്യഞ്ജനങ്ങളും വസ്ത്രങ്ങളും മാത്രമല്ല ഭാരതത്തിന്റെ ആത്മീയതയും ദര്‍ശനങ്ങളും കൂടിയാണ് അവിടെയെത്തിച്ചത്.
ഒഡീഷയില്‍ ഇന്നും സമുജ്ജ്വലമായി ആഘോഷിക്കപ്പെടുന്ന ‘ബാലി ജാത്ര’ യെന്ന ഉത്സവം ഈ പുരാതന സമുദ്രയാത്രകളുടെ ജീവിക്കുന്ന സ്മരണയാണ്. ജാവ, സുമാത്ര, ബാലി ദ്വീപുകളിലേക്ക് യാത്ര തിരിച്ച തങ്ങളുടെ പൂര്‍വ്വികരായ ‘സാധബ’മാരെ ആദരിക്കാന്‍ ഇന്നും ജനങ്ങള്‍ നദികളില്‍ കൃത്രിമ വള്ളങ്ങള്‍ ഒഴുക്കുന്നു. പുരാതന ഭാരതീയ ഗ്രന്ഥങ്ങളില്‍ സുമാത്രയെ ‘സുവര്‍ണ്ണദ്വീപ്’ എന്നും ജാവയെ ‘യവദ്വീപ്’ എന്നും വിശേഷിപ്പിച്ചത് യൂറോപ്യന്‍ അധിനിവേശ ശക്തികളെത്തുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തിന് ഈ മേഖലയിലുണ്ടായിരുന്ന ആഴത്തിലുള്ള അറിവിനെയാണ് സൂചിപ്പിക്കുന്നത്.
സനാതന സംസ്‌കാരത്തിന്റെ ഈ വ്യാപനം ഒരിക്കലും ഒരു അധിനിവേശത്തിലൂടെയായിരുന്നില്ല എന്നത് ലോക ചരിത്രത്തില്‍ ഭാരതത്തെ വേറിട്ടു നിര്‍ത്തുന്നു. പ്രാദേശിക ഭരണാധികാരികള്‍ ഭാരതത്തിന്റെ രാഷ്ട്രീയ ദര്‍ശനങ്ങളും സംസ്‌കൃത ഭാഷയും ഭരണരീതികളും സ്വമേധയാ സ്വീകരിക്കുകയായിരുന്നു. കിഴക്കന്‍ കലിമന്താനിലെ പല്ലവ ലിപിയിലുള്ള നാലാം നൂറ്റാണ്ടിലെ ‘യൂപ’ ശിലാലിഖിതങ്ങള്‍ ഇതിന് തെളിവാണ്. സംസ്‌കൃതം അക്കാലത്ത് അവിടുത്തെ രാജസഭകളുടെ ഔദ്യോഗിക ഭാഷയായിരുന്നു. പണ്ഡിതനായിരുന്ന കൗണ്ഡിന്യന്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ സ്ഥാപിച്ച രാജവംശത്തിന്റെ കഥകള്‍ ഈ സാംസ്‌കാരിക വിനിമയത്തിന്റെ ആഴം വ്യക്തമാക്കുന്നു.

നയതന്ത്രത്തിലെ ആത്മീയ ശക്തിയും രാമായണത്തിന്റെ ആഗോള സ്വാധീനവും
ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും ഇന്തോനേഷ്യ തങ്ങളുടെ ഇസ്ലാമിക പൂര്‍വ്വ പൈതൃകത്തെ ഇന്നും അഭിമാനത്തോടെയാണ് നെഞ്ചോട് ചേര്‍ക്കുന്നത്. അവരുടെ ദേശീയ എയര്‍ലൈന്‍സിന്റെ പേര് വിഷ്ണുവാഹനമായ ‘ഗരുഡ’യെന്നാണ്, ദേശീയ ചിഹ്നവും ഗരുഡന്‍ തന്നെ. രാജ്യത്തിന്റെ ഔദ്യോഗിക നാണയമായ ‘റുപ്പിയ’ സംസ്‌കൃത പദമായ ‘രൂപ്യ’യില്‍ നിന്നാണ് ഉത്ഭവിച്ചത്.
പ്രംബാനനിലെ ശിവക്ഷേത്രത്തിന് സമീപം വര്‍ഷം തോറും അരങ്ങേറുന്ന ‘രാമായണ ബാലെ’ കാണാന്‍ പതിനായിരങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമെത്തുന്നത്. ഇന്തോനേഷ്യയിലെ ‘കകവിന്‍ രാമായണവും’ ബാലിയിലെ ‘വായാങ് കുലിത്’ എന്ന നിഴല്‍ക്കൂത്തും ഭാരതീയ ഇതിഹാസങ്ങളെങ്ങനെ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറി എന്ന് കാണിച്ചുതരുന്നു. തായ്‌ലന്‍ഡിലെ രാമകീന്‍, കംബോഡിയയിലെ റീംകര്‍ എന്നിവയെല്ലാം ഭാരതത്തിന്റെ ഈ സാംസ്‌കാരിക ശക്തി നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഏഷ്യയിലുടനീളം സ്വാധീനം ചെലുത്തിയിരുന്നുവെന്നതിന്റെ തെളിവാണ്.
ഭാരതത്തിന്റെ പുരാവസ്തു വകുപ്പ് (ASI) നിലവില്‍ തന്നെ കംബോഡിയ, ലാവോസ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ ഹൈന്ദവ-ബുദ്ധ മന്ദിരങ്ങള്‍ പുനരുദ്ധരിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രംബാനനില്‍ ആരംഭിച്ച പദ്ധതി ന്യൂ ദല്‍ഹിയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിന് പുതിയൊരു ഊര്‍ജ്ജം നല്‍കുന്നതാണ്. ഭാരതത്തിന്റെ ഈ സാംസ്‌കാരിക നയതന്ത്രം കേവലം ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കാന്‍ മാത്രമല്ല മറിച്ച് സമകാലീന ആഗോള രാഷ്ട്രീയത്തില്‍ ഭാരതത്തോടുള്ള വിശ്വസ്തതയും ആദരവും വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സന്ദര്‍ശനം ഭാരതവും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം രണ്ട് ദേശ രാഷ്ട്രങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ-സാമ്പത്തിക ബന്ധത്തിനപ്പുറം ആത്മബന്ധമുള്ള രണ്ട് നാഗരികതകളുടെ ഒത്തുചേരലാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. ആധുനിക അതിരുകള്‍ക്കും അധിനിവേശങ്ങള്‍ക്കും അപ്പുറം നില്‍ക്കുന്ന ഈ ചരിത്രപരമായ അടിത്തറയില്‍ നിന്നുകൊണ്ട് ഇരുരാജ്യങ്ങളും ഡിജിറ്റല്‍ കണക്റ്റിവിറ്റി, പ്രതിരോധം, സമുദ്ര സുരക്ഷ എന്നിവയില്‍ പുതിയ അധ്യായങ്ങള്‍ എഴുതുകയാണ്. പ്രംബാനനിലെ കല്ലുകളില്‍ കൊത്തിവെച്ച ഭാരതീയ ഇതിഹാസങ്ങളുടെ പുനരുജ്ജീവനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടിത്തറ വരും തലമുറകള്‍ക്കായി കൂടുതല്‍ ഭദ്രമാക്കുമെന്നതില്‍ തര്‍ക്കമില്ല.






















