വിപ്ലവത്തെ, വിശേഷിച്ച് സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ വിപ്ലവ പ്രസ്ഥാനങ്ങളെ ആര്‍.എസ്.എസ് എങ്ങനെയാണ് കാണുന്നത്?
സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ തന്നെ വിപ്ലവപ്രസ്ഥാനങ്ങളും നിലവിലുണ്ടായിരുന്നു. ആത്മത്യാഗം നടത്തിയും രാജ്യത്തെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള അവരുടെ ആത്മാര്‍ത്ഥതയില്‍ ആര്‍.എസ്.എസ്സിന്റെ സ്ഥാപകന്‍ ഡോക്ടര്‍ ഹെഡ്‌ഗേവറിന് സംശയമില്ലായിരുന്നു. എന്നാല്‍ അവരുടെ വിപ്ലവപാത അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. വിപ്ലവപ്രസ്ഥാനങ്ങളില്‍ സാധാരണ ജനങ്ങളില്ലായിരുന്നു. ആദര്‍ശപ്രേരണകൊണ്ട് എല്ലാം ത്യജിക്കാന്‍ തയ്യാറായ ഒരു വിഭാഗമാണുള്ളത്. രഹസ്യവും അതിന്റെ കാത്തുസൂക്ഷിപ്പും വിപ്ലവപ്രവര്‍ത്തനത്തില്‍ ഒഴിവാക്കാന്‍ വയ്യാത്ത ഭാഗമായിരുന്നു. ആയുധത്തിനായി സര്‍ക്കാര്‍ ഖജനാവും കൊള്ളയടിക്കാന്‍ അവര്‍ തയ്യാറായി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാവുന്ന മര്‍ദ്ദനം ഒഴിവാക്കാന്‍ ആശയപ്രചരണം രഹസ്യമായാണ് നടത്തുന്നത്. ചെറിയ സ്റ്റഡിക്ലാസുകളിലാണ് ആശയങ്ങള്‍ വ്യാഖ്യാനിച്ചിരുന്നത്. അന്യോനബന്ധവും പരിമിതമാണ്. അതുകൊണ്ടുതന്നെ പ്രസ്ഥാനത്തിന്റെ പൊതുശക്തിയെക്കുറിച്ചും ചില നേതാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല. മാത്രമല്ല, സര്‍ക്കാരിനു രഹസ്യവിവരം നല്‍കുന്ന ചാരന്മാരും ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവരെയും വിപ്ലവകാരികള്‍ക്ക് നശിപ്പിക്കേണ്ടതുണ്ടായിരുന്നു. രക്തസാക്ഷിത്വത്തിന് ഏറെ വിലകല്പിക്കുന്നവരാണ് വിപ്ലവകാരികള്‍. ഒരാള്‍ കൊല്ലപ്പെട്ടാല്‍ അയാളുടെ ചുമതല നിറവേറ്റാന്‍ ഒട്ടനേകംപേര്‍ ഒരുങ്ങി പുറപ്പെടുമെന്ന് വിപ്ലവകാരികള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. രക്തസാക്ഷിത്വം ആത്മത്യാഗത്തിനുവേണ്ടിയുള്ള ഭാവം ഉണര്‍ത്തുമെന്നതു ശരിയാണെങ്കിലും, നിശ്ചയമായും തങ്ങള്‍ ജയിക്കുമെന്ന ചിന്തയ്ക്കുപകരം ഒരുതരം നിരാശാഭാവം അതില്‍ കതിരിടുന്നതു കാണാമായിരുന്നു. വിജയാഭിലാഷത്തോടെ മാതൃഭൂമിയെ വിമോചിപ്പിക്കാന്‍ ഞങ്ങള്‍ സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിക്കും. ഇനിയങ്ങോട്ട് എല്ലാം ഈശ്വരന്റെ കയ്യില്‍ എന്ന ഭാവം വേരുറപ്പിക്കാന്‍ തുടങ്ങി. രജപുത്ര മാതാക്കളുടെ ആത്മാഹൂതിയും രാജസ്ഥാനിലെ വീരന്മാരുടെ ഗാഥകളും പ്രേരണയായി. എന്നാല്‍ ഈ ആശയറ്റ മനോഭാവം സ്വീകരിക്കാന്‍ ഡോക്ടര്‍ജിക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും യുവാക്കളുടെ വികാരങ്ങള്‍ക്ക് തീകൊളുത്താന്‍ വിപ്ലവനേതാക്കള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ യുവാക്കളുടെ വൈകാരികമായ എടുത്തുചാട്ടം നിയന്ത്രിക്കുക അത്ര എളുപ്പമായിരുന്നില്ല. പലപ്പോഴും അസമയത്ത് പ്രക്ഷോഭം രൂപം കൊള്ളും. അതായത്, പൊട്ടിത്തെറിക്കുന്ന യുവവികാരത്തെ തളയ്ക്കുക പണിപ്പെട്ട പണിയായിരുന്നു. ഞൊടിനേരത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന മിന്നല്‍പ്പിണറിന്റെ ഒളിവെട്ടല്‍ അത്തരം ചേഷ്ടകളില്‍ കാണാമായിരുന്നെങ്കിലും അഖണ്ഡജ്യോതിപോലെ മെല്ലെ മെല്ലെ അഹര്‍നിശം (24 മണിക്കൂറും) ഇടതടവില്ലാതെ കത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയില്ലായിരുന്നു. ബ്രിട്ടീഷ് ഭരണതന്ത്രങ്ങള്‍ കൊണ്ട് വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് എല്ലാ പ്രവിശ്യകളിലും വേരോട്ടമില്ലായിരുന്നു. ഇതിനിടയില്‍ ചില വിപ്ലവകാരികള്‍ ആത്മീയമാര്‍ഗ്ഗത്തിലും കടന്നു. ചിലര്‍ റഷ്യന്‍ വിപ്ലവത്തിന്റെ ആകര്‍ഷണത്തില്‍ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ദിശയില്‍ നീങ്ങി. എന്നിരുന്നാലും എല്ലാ ചിന്താപദ്ധതിയില്‍പ്പെട്ടവരുമായി ഡോക്ടര്‍ജിയ്ക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിപ്ലവകാരികളുടെ കര്‍മ്മപദ്ധതി കൂടുതല്‍ പഠിക്കാന്‍ അദ്ദേഹം തയ്യാറായി. സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ അലിഞ്ഞുചേര്‍ന്ന് തുറന്നമനസ്സോടെ കാര്യവിചാരം ചെയ്യുന്ന അവസ്ഥ വേണമെന്ന് ഡോക്ടര്‍ജി തീരുമാനിച്ചു. പൊതുജനത്തെ ഉണര്‍ത്താന്‍ കഴിയണം. ദേശീയ ജീവിതത്തെ ആകെയുണര്‍ത്താന്‍ രഹസ്യമായ പ്രവര്‍ത്തനശൈലിയോ, പെരുമാറ്റമോ കാര്യമായി പ്രയോജനപ്പെടുകയില്ല. രണ്ടുംകല്പിച്ചിറങ്ങിയ ഒരുകൂട്ടം യുവാക്കളുടെ പരിമിതമായ ബലത്തില്‍ മാത്രം ദേശവ്യാകപമായ കരുത്തുറ്റ പ്രസ്ഥാനം പടുത്തുയര്‍ത്തുക സാദ്ധ്യമല്ല. ഭാരതത്തെ ഭക്ത്യാദരവോടെ മാതൃ ഭൂമിയായി കണക്കാക്കുന്ന സമ്പൂര്‍ണ്ണ ഭാരതജനതയുടെ ഉണര്‍വ്വ്, ഓരോ വ്യക്തിയുടെ ഹൃദയത്തിലും നിസ്വാര്‍ത്ഥമായ ദേശഭക്തിയുടെ നിര്‍മ്മാണം, ആ ദേശഭക്തി എക്കാലത്തും നിലനിര്‍ത്താനുള്ള ശ്രമം, ഇവയാണ് വേണ്ടത്. ഒരു മഹത്തായ ലക്ഷ്യം ഉണ്ടെങ്കിലേ ഭാവാത്മകമായ പ്രവര്‍ത്തനം ഉണ്ടാവൂ. ഇംഗ്ലീഷുകാരോടുള്ള വെറുപ്പല്ല, മറിച്ച്, ഭാരത സ്വാതന്ത്ര്യമെന്ന ഉദാത്തമായ ലക്ഷ്യമാണ് അടിത്തറയാകേണ്ടത്. അതാണ് രാഷ്ട്രനിര്‍മ്മിതിയുടെയും അടിസ്ഥാനം. ചുരുക്കത്തില്‍ വിപ്ലവകാരികളുടെ ആത്മാര്‍ത്ഥതയില്‍ അവിശ്വാസം ഇല്ല. എന്നാല്‍ അവരുടെ മാര്‍ഗ്ഗത്തെ ആര്‍.എസ്.എസ് അംഗീകരിക്കുന്നില്ല. അതേസമയം സ്വാതന്ത്ര്യത്തില്‍ പങ്കെടുത്ത എല്ലാ വിപ്ലവകാരികളെയും ആര്‍.എസ്.എസ്. ബഹുമാനിക്കുന്നു. അവരുടെ ലക്ഷ്യത്തില്‍ യാതൊരു വിയോജിപ്പും ഇല്ല, മാര്‍ഗ്ഗത്തെ മാത്രമാണ് സ്വീകരിക്കാത്തത്.






















