കഴിഞ്ഞ ഏതാനും നാളുകളായി കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ രാഷ്ട്രീയ സ്വയംസേവക സംഘത്തിനു നേരെ അനാവശ്യമായ ആക്രോശങ്ങള്‍ നടത്തുന്നു. ഒരുപക്ഷേ പൊതുസമൂഹം അറിയാന്‍ പാടില്ലാത്ത എന്തോ ഒന്ന് അദ്ദേഹം ചെയ്യുന്നുണ്ടായിരിക്കാം! അതല്ലെങ്കില്‍ നിയമവിരുദ്ധമായ ഏതെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതുകൊണ്ടുമായിരിക്കാം. അതൊക്കെ മറച്ചുവെക്കാനുള്ള കുറുക്കുവഴി എന്നനിലയിലായിരിക്കണം അദ്ദേഹം ഇത്തരം ജല്പനങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നത്. ആര്‍എസ്എസ്സിനെതിരെ ആക്ഷേപമുന്നയിച്ചാല്‍ മറ്റിതര രാഷ്ട്രീയപാര്‍ട്ടികളും വര്‍ഗീയസംഘടനകളും തന്നോടൊപ്പം അണിനിരക്കും എന്ന് അദ്ദേഹത്തിന് അറിയാം. വര്‍ഗീയതയുടെയും അതിന്റെ സംരക്ഷകരുടെയും കാവലില്‍ തന്റെ അധികാരദുര്‍വിനിയോഗം മറച്ചുപിടിക്കാനായിരിക്കാം അദ്ദേഹത്തിന്റെ ശ്രമം.
1948 മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു അധികാരം ഉപയോഗിച്ച് ആര്‍എസ്എസിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചതാണ്. അതിനു മുന്നേതന്നെ അദ്ദേഹം അതിനുള്ള കളമൊരുക്കല്‍ നടത്തുന്നുണ്ടായിരുന്നു. അഭയാര്‍ത്ഥികളെ സംരക്ഷിച്ചതിന്റെ പേരില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നു; കലാപകാരികളെ നേരിട്ടതിന്റെ പേരില്‍ മുസ്ലിം വിരുദ്ധരാണ് തുടങ്ങിയ കാര്യങ്ങളായിരുന്നു നെഹ്‌റു ആദ്യം പ്രചരിപ്പിച്ചത്. തന്റെ രാഷ്ട്രീയലക്ഷ്യം നേടുന്നതിനുള്ള സുവര്‍ണ്ണാവസരമായി അദ്ദേഹം ഗാന്ധിവധത്തെ കാണുകയും ചെയ്തു. അങ്ങനെയാണ് മുന്‍ കോണ്‍ഗ്രസുകാരനായിരുന്ന ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചപ്പോള്‍ അതെല്ലാം മറച്ചുവെച്ചുകൊണ്ട് ആര്‍എസ്എസ് നിരോധനത്തിനുള്ള ഉപകരണമായി ഗാന്ധി വധത്തെ ഉപയോഗിച്ചത്. പിന്നീട് കേസിന്റെ വിചാരണ വരുമ്പോള്‍ ആര്‍എസ്എസുമായി ബന്ധിപ്പിക്കാന്‍ ഒന്നുമില്ലാതെ നെഹ്‌റുവും പട്ടേലും കുഴങ്ങി. അത്തരമൊരു സാഹചര്യത്തില്‍ നിരോധനം നിരുപാധികം പിന്‍വലിക്കേണ്ട ഗതികേടുണ്ടായി. ആ നാണക്കേട് മറയ്ക്കാന്‍ നെഹ്‌റു ഉപയോഗിച്ച ആയുധമാണ് ആര്‍എസ്എസിന് ഭരണഘടനയില്ല എന്നത്. പണ്ഡിറ്റ് മൗലിചന്ദ്രശര്‍മ്മ എന്ന മുതിര്‍ന്ന വ്യക്തിയെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് നിയോഗിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മണിക്കൂറുകള്‍ക്കുള്ളില്‍ ഭരണഘടന നിര്‍മിച്ചു പ്രധാനമന്ത്രിക്ക് നല്‍കി. മറ്റൊന്നും പറയാനില്ലാതിരുന്ന നെഹ്‌റു നിരോധനം പിന്‍വലിച്ചു. പക്ഷേ അതിനോടകം അദ്ദേഹം ആഗ്രഹിച്ച രാഷ്ട്രീയലാഭം കൊയ്തു കഴിഞ്ഞിരുന്നു. പിന്നീട് അതേ നെഹ്‌റുതന്നെ ചൈനാ യുദ്ധവേളയില്‍ ആര്‍എസ്എസിനെ ശ്ലാഘിക്കുകയും ചെയ്തു.
പിന്നാലെ വന്ന പ്രധാനമന്ത്രി ഇന്ദിര ദേശീയവാദത്തെ തടയിടുവാനുള്ള ആയുധം തേടിയലഞ്ഞു. അത്തരമൊരു വേളയിലാണ് അവരുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയതും അയോഗ്യയായി പ്രഖ്യാപിച്ചതും. അതെത്തുടര്‍ന്ന് അധികാരം നഷ്ടപ്പെടുന്ന നെഹ്‌റു കുടുംബാംഗങ്ങള്‍ക്ക് കരയില്‍ പിടിച്ചിട്ട മീനിന്റെ അനുഭവമുണ്ടായി. അതില്‍നിന്നും രക്ഷനേടാന്‍ ആയിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനം. രാഷ്ട്രീയരംഗത്ത് ഇല്ലാതിരുന്നിട്ടും, ഇന്ദിരയ്ക്ക് നേരിട്ട് ഒരു ശത്രുതയുണ്ടാകാനുള്ള സാഹചര്യം ഇല്ലാതിരുന്നിട്ടും അവര്‍ മറ്റു രാഷ്ട്രീയപാര്‍ട്ടികളെ നിരോധിക്കുന്ന കൂട്ടത്തില്‍ ആര്‍എസ്എസിനെയും നിരോധിച്ചു.
ജനാധിപത്യം തിരിച്ചുകൊണ്ടുവരാനുള്ള രണ്ടാം സ്വാതന്ത്ര്യസമരത്തില്‍നിന്നും കമ്മ്യൂണിസ്റ്റുകളടക്കം പലരും ഒളിച്ചോടിയപ്പോള്‍ ഒരു ദേശീയപ്രശ്‌നം എന്നനിലയില്‍ ആര്‍എസ്എസ് ഇടപെട്ടു. ലോകസംഘര്‍ഷസമിതി ഉണ്ടാക്കി. എല്ലാ ജനാധിപത്യവിശ്വാസികളെയും (കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യവാദികള്‍ അല്ലാതിരുന്നതുകൊണ്ട് അതില്‍നിന്നും ഒഴിഞ്ഞുനിന്നു) ഒന്നിച്ചുചേര്‍ത്ത് രണ്ടാം സ്വാതന്ത്ര്യസമരം നടത്തി. ഇന്ദിരയ്ക്ക് അടിയന്തരാവസ്ഥ പിന്‍വലിക്കേണ്ടിവന്നു.
അന്നും ആര്‍എസ്എസ് നിരോധനം പിന്‍വലിക്കാതിരിക്കാന്‍ കാരണമൊന്നും കണ്ടില്ല. അവര്‍ അവരുടെ പിണിയാളുകളെ ആര്‍എസ്എസ് നേതൃത്വത്തിന്റെ അരികിലേക്ക് അയച്ചു. തെരഞ്ഞെടുപ്പില്‍ ഇടപെടാതിരുന്നാല്‍ നിരോധനം പിന്‍വലിക്കാം എന്നായിരുന്നു വാഗ്ദാനം. ആര്‍എസ്എസിന്റെ നിരോധനമല്ല പ്രശ്‌നം ഭാരതത്തിന്റെ ജനാധിപത്യസ്വാതന്ത്ര്യമാണ് എന്നുപറഞ്ഞ് പ്രധാനമന്ത്രിസ്ഥാനത്തോടുള്ള എല്ലാ ആദരവോടുംകൂടി ആവശ്യം നിരസിച്ചു. ആ മറുപടിക്കത്തിലെ ബഹുമാനപദങ്ങളെ ഉപയോഗിച്ചാണ് സംഘം ക്ഷമാപണം നടത്തി എന്നവര്‍ പ്രചരിപ്പിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ആരോടും ആദരപൂര്‍വ്വം പെരുമാറാനുള്ള സംസ്‌കാരമില്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ അത് കീഴടങ്ങലായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു. അവരുടെ ഒളിച്ചോട്ടത്തെ മറയ്ക്കാന്‍ വേണ്ടിയായിരുന്നു അത്. പിന്നീട് അയോധ്യ ക്ഷേത്രം വീണ്ടെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് വീണ്ടും ആര്‍എസ്എസിനെ നിരോധിച്ചു. ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ നിയമപരമായി നിരോധനം നില്‍ക്കില്ല എന്ന് അവര്‍ക്ക് ബോധ്യമായി. അവര്‍ ഭരണഘടന ദുരുപയോഗിക്കുകയായിരുന്നു എന്ന് കണ്ടെത്തുകയും നിരോധനം നിരുപാധികം പിന്‍വലിക്കേണ്ടിവരികയും ചെയ്തു.
ഇങ്ങനെ ചക്രവര്‍ത്തിമാരെപ്പോലെ രാജ്യം ഭരിച്ച വമ്പന്മാര്‍ ദേശീയതലത്തില്‍ സംഘത്തെ നിരോധിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ചരിത്രമാണ് ഉള്ളത്. കരിങ്കല്ലില്‍ കടിച്ച് പല്ലുകൊഴിഞ്ഞുപോയ അത്തരമൊരു ഗതികേട് ഇത്ര ചെറുപ്പത്തിലേ കര്‍ണാടക ആഭ്യന്തരമന്ത്രി വരുത്തി വയ്‌ക്കേണ്ടതുണ്ടോ? ഭരണഘടനയും നിയമവും കോടതിയും ഒക്കെ ഈ നാട്ടിലുണ്ട്. അവയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തെ ഇത്തിരിപ്പോന്ന തന്റെ അധികാരംകൊണ്ട് അവസാനിപ്പിച്ചുകളയാം എന്ന് വിചാരിക്കുന്ന മൗഢ്യം ബാലിശമാണ്! ഉദിച്ചുനില്‍ക്കുന്ന ചന്ദ്രനെ നോക്കി ഓരിയിടുന്ന കുറുക്കനെപ്പോലെ ഖാര്‍ഗെ അധഃപതിക്കുന്നതാണോ?
ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചും ക്യാമ്പുകളും പരിപാടികളും എല്ലാം നിയമപാലകരുടെ മുന്‍കൂട്ടിയുള്ള അനുമതിയോടെതന്നെയാണ് പണ്ടുകാലംമുതലേ നടന്നുവരുന്നത്. ‘ആര്‍എസ്എസിന്റെ ഔദ്യോഗികരേഖകള്‍, രജിസ്‌ട്രേഷന്‍, സാമ്പത്തികസുതാര്യത എന്നിവ സംബന്ധിച്ച് ഞാനൊരു കത്തയച്ചിരുന്നു, എന്നാല്‍ ഇതുവരെ അതിനു മറുപടി ലഭിച്ചില്ല’ എന്ന് അദ്ദേഹം ഖേദിക്കുന്നു. അദ്ദേഹത്തിന് തന്റെ അധികാരമുപയോഗിച്ച് ഔദ്യോഗികരേഖകള്‍ പരിശോധിക്കാവുന്നതാണല്ലോ. അതിന് ആര്‍എസ്എസിനെ വിളിച്ചുവരുത്തേണ്ട ആവശ്യം എന്താണ്? അതത് വകുപ്പുകളില്‍ ആവശ്യമായ രേഖകള്‍ ഉണ്ടെന്നിരിക്കെ അതൊന്നും പരിശോധിക്കാതെ വെറും ഓരിയിടല്‍ മാത്രം നടത്തുന്നതുകേട്ടാല്‍ സംഘം ഭയപ്പെടുമെന്നു വിചാരിച്ചുവോ? ആര്‍എസ്എസിന്റെ സാമ്പത്തികകാര്യങ്ങള്‍ അംഗീകൃത ബാങ്കുകള്‍വഴി തന്നെയാണ് നടത്തുന്നത്. ഔദ്യോഗികരേഖകള്‍ ഏതെങ്കിലും സംഘടന വഴിയേ കൊണ്ടുനടന്ന് വിളിച്ചുകൂവി പ്രദര്‍ശിപ്പിക്കാറുണ്ടോ? അത് ആവശ്യമുള്ളിടത്ത് കാണിക്കുക മാത്രമേ വേണ്ടൂ. തര്‍ക്കമുണ്ടായാല്‍ അതിന് നീതിന്യായവകുപ്പ് ഈ രാജ്യത്തുണ്ട്. അവര്‍ ആവശ്യപ്പെട്ടാല്‍ അത് പരിശോധിക്കുകയും ചെയ്യാവുന്നതാണ്. അതിനുപകരം പത്രസമ്മേളനം നടത്തി ഔദ്യോഗിക കാര്യങ്ങള്‍ അന്വേഷിക്കുന്ന വിഡ്ഢിത്തം തന്റെ പാരമ്പര്യത്തിന് ചേര്‍ന്നതാണ് എന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.
ഗുരുദക്ഷിണയുടെ പേരില്‍ ആര്‍എസ്എസ് പണം പിരിക്കുന്നു എന്ന് അദ്ദേഹം വാദിക്കുന്നു. പിരിവിന് ഒരു പൊതുമാനദണ്ഡമുണ്ട്. അത് ഏത് പാര്‍ട്ടിക്കാണെങ്കിലും സംഘടനയ്ക്കാണെങ്കിലും. തന്നെയുമല്ല അത് ജനങ്ങള്‍ അറിയുകയും ചെയ്യുമല്ലോ. ഇനി രഹസ്യമായ പിരിവാണെങ്കില്‍ നൂറു കൊല്ലം അത്തരമൊരു കാര്യം രഹസ്യമാക്കി കൊണ്ടുനടക്കാന്‍ കഴിയും എന്ന് ചിന്തിക്കുന്നതും പമ്പര വിഡ്ഢിത്തമല്ലേ? അതും രാജ്യത്തിന്റെ മൂക്കിലും മൂലയിലും അത്തരം കാര്യം ചെയ്യുമ്പോള്‍!
പക്വതയും സാമാന്യബോധവും ഉള്ള ആളുകള്‍ വേണം ഭരണാധികാരികളാവാന്‍. അത് പഞ്ചായത്ത് തലംമുതല്‍ പാര്‍ലമെന്റ് തലംവരെ ആവശ്യമാണ്. അതിനുപകരം ബാലചാപല്യം മാത്രം കൈമുതലായുള്ളവര്‍ അധികാരത്തിലേറിയാല്‍ കാണുന്നതു മുഴുവന്‍ തന്റെ പിതൃസ്വത്താണ് എന്ന തെറ്റിദ്ധാരണയുണ്ടാകും. അതിന്റെ അഹങ്കാരത്തില്‍നിന്നും ഉണ്ടാകുന്ന ജല്പനങ്ങളാണ് പ്രിയങ്ക് ഖാര്‍ഗെ എന്ന കര്‍ണാടക ആഭ്യന്തരമന്ത്രിയില്‍നിന്നും ഉണ്ടായത്. നിയമത്തിന്റെ മുമ്പിലും ഭരണഘടനയുടെ മുമ്പിലും മാത്രമേ ജനാധിപത്യരാജ്യത്ത് ഓരോ വ്യക്തിയും സംഘടനയും തലകുനിക്കേണ്ടതുള്ളൂ. ഒരു ഏഴാംകിട രാഷ്ട്രീയനേതാവിന്റെ അഹങ്കാരത്തിന് മുമ്പില്‍ കുനിയാനുള്ളതല്ല ആര്‍എസ്എസിന്റെ പ്രൗഢിയും അഭിമാനവും.
ഖാര്‍ഗെമാര്‍ക്ക് എന്തെങ്കിലും മറച്ചുവെക്കാന്‍ ഉണ്ടെങ്കില്‍ അതിന് ആര്‍എസ്എസിന്റെ മേല്‍ കുതിരകയറേണ്ടതുണ്ടോ? തീവ്രവാദികളുടെയും മതപരിവര്‍ത്തനവാദികളുടെയും കൂലിക്കാരാകണമെങ്കില്‍ അതുമാകാം. അതിന് ആര്‍എസ്എസ്സിനെ കരുവാക്കേണ്ടതില്ല.






















