നമ്മള്‍ എല്ലാവര്‍ഷവും കര്‍ക്കടകമാസത്തില്‍ രാമായണം പാരായണം ചെയ്തുവരുന്നു. ചിലര്‍ നിത്യേന പാരായണം ചെയ്യുന്നു. രാമകഥ അറിയുവാനാണെങ്കില്‍ ഒന്നോ രണ്ടോ പ്രാവശ്യം വായിച്ചാല്‍ മതി. പിന്നെ എന്തിനാണ് ഇതു പതിവായി വായിക്കുന്നത്? കഥ അറിയുക എന്നതിനേക്കാള്‍, കാര്യമറിയുക എന്നുള്ളതാണ് അതിന്റെ ലക്ഷ്യം. ഓരോ പ്രാവശ്യം പാരായണം ചെയ്യുമ്പോഴും പുതിയ പുതിയ അറിവുകള്‍ നമുക്കു ലഭിച്ചുകൊണ്ടിരിക്കും; ഓരോ പ്രാവശ്യം വായിക്കുമ്പോഴും അതിന്റെ താത്വികമായ വശങ്ങള്‍ കൂടി ചിന്തിക്കുവാന്‍ നാം ശ്രമിക്കണം. ഓരോ കഥാസന്ദര്‍ഭങ്ങളില്‍ നിന്നും എന്തു സന്ദേശമാണ് ലഭിക്കുന്നത് എന്നു ചിന്തിക്കുകയും അതിന്റെ താത്വികമായ വശങ്ങളെ മനസ്സിലാക്കുകയും വേണം.
രാമായണത്തിലെ ഓരോ കഥാപാത്രങ്ങളും അനേകം പാഠങ്ങളാണ് നമുക്കു പകര്‍ന്നു നല്‍കുന്നത്. ഓരോ കഥാസന്ദര്‍ഭങ്ങളും അനേകം ആത്മീയതത്വങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് ഓരോ പ്രാവശ്യം പാരായണം ചെയ്യുമ്പോഴും അതിലെ വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന തത്വങ്ങള്‍ മനസ്സിലാക്കുവാന്‍ നാം ശ്രമിക്കണം. എങ്കില്‍ മാത്രമേ ഈ തുടര്‍ച്ചയായ പാരായണം കൊണ്ട് പ്രയോജനം ലഭിക്കുകയുള്ളൂ.
ദശരഥ മഹാരാജാവ് മഹാനായ യുദ്ധവീരനായിരുന്നു. ശക്തനായ ഭരണാധികാരിയായിരുന്നു. പക്ഷേ അദ്ദേഹം മരണപ്പെടുന്നത് പുത്രദുഃഖത്താലാണ്. ഒരു മുനിയുടെ ശാപം മൂലമാണ് അദ്ദേഹത്തിന് ആ ഗതി വന്നത്. ഒരിക്കല്‍ നായാട്ടിനായി അദ്ദേഹം വനത്തില്‍ പോയപ്പോള്‍ ആന തുമ്പിക്കൈയില്‍ ജലമെടുത്തു കുടിക്കുന്നതിന്റെ ശബ്ദം കേള്‍ക്കുകയും ആ ലക്ഷ്യത്തിലേക്ക് അസ്ത്രം അയക്കുകയും ചെയ്തു. എന്നാല്‍ അവിടെ നിന്നും ഒരു മനുഷ്യന്റെ കരച്ചില്‍ ഉയരുന്നതാണ് അദ്ദേഹം കേള്‍ക്കുന്നത്. അടുത്തു ചെന്നു നോക്കുമ്പോള്‍ കാണുന്നത് അമ്പേറ്റ് നിലവിളിക്കുന്ന ഒരു മുനികുമാരനെയാണ്. അയാള്‍ കുംഭത്തില്‍ ജലം നിറയ്ക്കുന്ന ശബ്ദമാണ് രാജാവ് കേട്ടത്. എന്നാല്‍ ആന ജലം കുടിക്കുന്നതാണെന്ന് രാജാവു തെറ്റിദ്ധരിച്ചു. അദ്ദേഹം അടുത്തുചെന്നു ക്ഷമ ചോദിച്ചു. ആരാണെന്ന് അന്വേഷിച്ചു. താനൊരു മുനികുമാരനാണെന്നും, തപസ്വികളായ തന്റെ മാതാപിതാക്കള്‍ അന്ധരാണെന്നും അവര്‍ക്കുവേണ്ടി ജലം എടുക്കുവാന്‍ വന്നതാണെന്നു പറഞ്ഞു. അവര്‍ക്ക് ഈ ജലം എത്തിക്കുവാന്‍ അപേക്ഷിച്ചുകൊണ്ട് ആ മുനികുമാരന്‍ ജീവന്‍ വെടിഞ്ഞു. അതീവ ദുഃഖിതനായ രാജാവ് ജലപാത്രവുമായി താപസ ദമ്പതികളുടെ സമീപം എത്തുന്നു. തന്റെ പുത്രന്‍ ജലം കൊണ്ടുവരുന്നതും കാത്തിരിക്കുന്ന ദമ്പതികളെയാണ് കാണുന്നത്. ജലം കൊടുത്തതിനുശേഷം താന്‍ ആരാണെന്നു വെളിപ്പെടുത്തുകയും, തനിക്കു പറ്റിയ അബദ്ധം ഏറ്റുപറയുകയും ചെയ്യുന്നു. അപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ മുനി രാജാവിനെ ശപിക്കുന്നു. ”എനിക്കു സംഭവിച്ചതുപോലെ അങ്ങും പുത്രദുഃഖത്താല്‍ മരിക്കട്ടെ” എന്നായിരുന്നു ശാപം. ഈ ശാപത്തിലേക്കു നയിച്ച അവസ്ഥ രാജാവിനു സംഭവിക്കാന്‍ എന്താണു കാരണം? കേള്‍ക്കേണ്ടത് കേള്‍ക്കാതിരിക്കുകയും കേള്‍ക്കരുതാത്തത് കേള്‍ക്കുകയും ചെയ്തതാണ് രാജാവിനു വിനയായത്. യഥാര്‍ത്ഥത്തില്‍ മുനികുമാരന്‍ കുംഭത്തില്‍ ജലം നിറയ്ക്കുന്ന ശബ്ദമാണ് രാജാവ് കേട്ടത്. പക്ഷേ മനസ്സിലാക്കിയതോ ആന തുമ്പിക്കൈയില്‍ ജലം നിറക്കുന്നതായിട്ടാണ്. അതായത് കേള്‍ക്കേണ്ടതല്ല അദ്ദേഹം കേട്ടത്, അഥവാ മനസ്സിലാക്കിയത്. അങ്ങനെ തെറ്റായി കേട്ടതുകൊണ്ടാണ് അദ്ദേഹത്തിന് ഈ ഗതി വന്നത്. ഇതു ജീവിതത്തില്‍ നമുക്കും പലപ്പോഴും പറ്റുന്നതാണ്. കേള്‍ക്കേണ്ടത് കേള്‍ക്കുവാന്‍ മനസ്സുവരുന്നില്ല. എന്നാലോ കേള്‍ക്കാന്‍ പാടില്ലാത്തവ കേള്‍ക്കുകയും അനര്‍ത്ഥത്തില്‍ കലാശിക്കുകയും ചെയ്യും.
ഇനി രാവണനെ നോക്കുക. അതിബുദ്ധിമാനാണ്. വേദജ്ഞാനിയാണ്. പക്ഷേ അദ്ദേഹം ഒരിക്കലും സജ്ജനങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. സാരോപദേശം ചെയ്യുന്നവരെ അദ്ദേഹം വെറുത്തു. ശത്രുക്കളായികരുതി. ശൂര്‍പ്പണഖയെപ്പോലുള്ളവരുടെ വാക്കുകള്‍ സശ്രദ്ധം കേട്ടു. സ്വന്തം സഹോദരങ്ങളായ വിഭീഷണന്റെയും കുംഭകര്‍ണ്ണന്റെയും മാതുലനായ മാരീചന്റേയും ഉപദേശങ്ങള്‍ അദ്ദേഹം ചെവിക്കൊണ്ടില്ല. പത്‌നിയായ മണ്ഡോദരിയുടെ വാക്കുകള്‍ പോലും കേട്ടില്ല. അതിന്റെ ഫലമോ സര്‍വ്വനാശം.
ഇനി സീതയെ നോക്കുക. മാരീചന്റെ ശബ്ദം കേട്ടപ്പോള്‍ അതു രാമന്റെയാണെന്നു സീത തെറ്റിദ്ധരിച്ചു. എന്നാല്‍ ലക്ഷ്മണന്‍ അതു തിരുത്തിക്കൊടുക്കുന്നുണ്ട്. ”ജ്യേഷ്ഠത്തി അത് ഏതോ രാക്ഷസന്റെയാണ് ജ്യേഷ്ഠന്റെയല്ല” എന്ന്. എന്നാല്‍ ലക്ഷ്മണന്റെ വാക്കുകള്‍ കേള്‍ക്കാന്‍ സീത തയ്യാറായില്ല. കേ ള്‍ക്കേണ്ടതു കേട്ടില്ല. കേള്‍ക്കരുതാത്തതു കേട്ടു. അതുപോലെ, സീതയുടെ കഠോര വാക്കുകള്‍ കേട്ടു സഹികെട്ട് ലക്ഷ്മണന്‍ രാമനെ അന്വേഷിച്ചു പോകാന്‍ തയ്യാറാകുന്നു. ഒരു കാരണവശാലും ആശ്രമത്തിന്റെ ഒരു നിശ്ചിത പരിധിക്കപ്പുറം പോകരുതെന്ന് ജ്യേഷ്ഠത്തിയോടു പറയുന്നു. എന്നാല്‍ വേഷപ്രച്ഛന്നനായ രാവണന്‍ വരുമ്പോള്‍ സീത അതു മറക്കുന്നു. ഈ കഥാ സന്ദര്‍ഭങ്ങളില്‍ നിന്നെല്ലാം നമുക്കു ലഭിക്കുന്ന പാഠം കേള്‍ക്കേണ്ടതു കേള്‍ക്കുക. അരുതാത്തതു കേള്‍ക്കാതിരിക്കുക എന്നതാണ്.
ഇനി രാമനെന്ന രാജാവിനെ നോക്കാം. രാമരാജ്യം എന്നാണ് അദ്ദേഹത്തിന്റെ രാജ്യം അറിയപ്പെട്ടിരുന്നത്. രാമരാജ്യം എന്നു പറഞ്ഞാല്‍ സമ്പല്‍സമൃദ്ധമായ, സംതൃപ്തമായ, കുറ്റകൃത്യങ്ങളൊന്നുമില്ലാത്ത, പ്രജാവത്സലനായ രാജാരാമന്‍ ഭരിച്ച രാജ്യം. ധര്‍മ്മം പുലര്‍ന്നിരുന്ന രാജ്യം. പ്രജാഹിതത്തിനായി സ്വന്തം ജീവിതം മാറ്റിവച്ച രാജാവാണ് രാമന്‍. ഇന്നത്തെ ഭരണാധികാരികള്‍ക്കു പാഠമാകേണ്ടതാണ് അദ്ദേഹത്തിന്റെ ജീവിതം. രാജാരാമനായിരുന്നെങ്കിലും ആ ജീവിതം എന്നും മുള്‍മുനയിലായിരുന്നു. തന്റെ പ്രജകളുടെ ക്ഷേമത്തിനും വിശ്വാസത്തിനും അദ്ദേഹം മുന്‍ഗണന നല്‍കി. സ്വന്തം കുടുംബജീവിതത്തെ അദ്ദേഹം ത്യജിച്ചു. പ്രിയപത്‌നിയെയും തന്റെ ദാമ്പത്യജീവിതത്തെയും കുടുംബ ജീവിതത്തെത്തന്നെയുമാണ് അദ്ദേഹം ത്യജിച്ചത്. ഏകപത്‌നീവ്രതനായിരുന്ന അദ്ദേഹം മറ്റൊരു സ്ത്രീയെ പത്‌നിയാക്കിയില്ല. ‘യഥാ രാജാ തഥാ പ്രജാ’ രാജാവെങ്ങനെയാണോ അങ്ങനെയായിരിക്കും പ്രജകളും. സ്വന്തം വ്യക്തിജീവിതം രാജ്യത്തിനായി ത്യജിച്ച ഭരണാധികാരിയായിരുന്നു രാമന്‍. തന്റെ പ്രിയ പത്‌നിയെ വനത്തിലേക്കു പറഞ്ഞയയ്ക്കുന്നത് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ്. ഉപേക്ഷിച്ചു എന്ന വാക്ക് ഇവിടെ അര്‍ത്ഥശൂന്യമാണ്. തന്റെ പ്രിയപത്‌നിയെ വാല്മീകിയുടെ ആശ്രമത്തിലേക്കു പറഞ്ഞയക്കുകയാണ് രാമന്‍ ചെയ്തത്. തന്റെ സഹോദരനായ ലക്ഷ്മണനോടൊപ്പമാണ് ആശ്രമത്തിലേക്ക് സീതയെ പറഞ്ഞയക്കുന്നത്. അത് ഒരു ഭരണാധികാരിയുടെ കര്‍ത്തവ്യത്തെ കാണിക്കുന്നതാണ്. രാജാവിനെ സംബന്ധിച്ച് പ്രജകളാണ് പ്രധാനം. അവരുടെ വിശ്വാസ്യതയാണ് പ്രധാനം. പ്രജകളില്‍ ഒരാള്‍ക്ക് അവിശ്വാസമുണ്ടായാല്‍പ്പോലും അതു രാജ്യത്തെ ബാധിക്കും. പ്രജകളുടെ താല്പര്യമാണ് പ്രധാനം, സ്വന്തം കുടുംബത്തിന്റെയല്ല, എന്നു കാണിച്ചുതരികയാണ് ഈ കഥാസന്ദര്‍ഭം. രാമന്‍ തന്റെ വ്യക്തിജീവിതം ത്യജിക്കുകയാണ്, തന്റെ ദാമ്പത്യജീവിതം എന്നെന്നേക്കുമായി ത്യജിക്കുകയാണ്, തന്റെ പത്‌നിയെ വാല്മീകിയുടെ ആശ്രമത്തിലേക്കയക്കുന്നതു വഴി ചെയ്യുന്നത്. ആ ത്യാഗത്തിലൂടെ ഒരു ഭരണാധികാരിയുടെ മുന്‍ഗണന എന്തായിരിക്കമെന്ന് രാമന്‍ കാണിച്ചു തരുന്നു. തന്റെ കുടുംബമല്ല പ്രധാനം, തന്റെ വ്യക്തിജീവിതമല്ല പ്രധാനം, പ്രജകളുടെ താല്പര്യമാണ് വിശ്വാസരംക്ഷണമാണ് രാജാവിന്റെ കര്‍ത്തവ്യം എന്നു രാമന്‍ നമ്മെ പഠിപ്പിക്കുന്നു.
ഇനി ലക്ഷ്മണനെ നോക്കുക. ജ്യേഷ്ഠന്റെ സംരക്ഷണ ചുമതല സ്വയം ഏറ്റെടുത്ത്, മറ്റെല്ലാം ത്യജിച്ച് ജ്യേഷ്ഠനോടൊപ്പം വനവാസത്തിന് പോയവനാണ് ലക്ഷ്മണന്‍. അച്ഛന്റെ ഇംഗിതമനുസരിച്ച് രാമന്‍ മാത്രമേ വനവാസത്തിനുപോകേണ്ടതുള്ളൂ. പിന്നെ ലക്ഷ്മണന്‍ എന്തിനാണു പോയത്. അവിടെയാണ് ഉദാത്തമായ സഹോദരസ്‌നേഹം നാം കാണുന്നത്. സുഖസൗകര്യങ്ങളും കുടുംബ ജീവിതവും ത്യജിച്ച് ജ്യേഷ്ഠന്റെ സംരക്ഷണം ഏറ്റെടുത്തവനാണ് ലക്ഷ്മണന്‍. പതിനാലു സംവത്സരവും ഊണും ഉറക്കവും വെടിഞ്ഞ് ജ്യേഷ്ഠനെ ശുശ്രൂഷിച്ചവനാണ് ലക്ഷ്മണന്‍ എന്ന സഹോദരന്‍.
അതുപോലെ ഭരതന്‍. അമ്മ ഭരതന് രാജ്യം നേടിക്കൊടുക്കുകയാണ്. ആ രാജാധികാരത്തെ പുല്ലുപോലെ വലിച്ചെറിഞ്ഞ്, തന്റെ ജ്യേഷ്ഠന്‍ തന്നെയാണ് രാജാവ് എന്നു പറഞ്ഞ് അമ്മയെപ്പോലും ഭര്‍ത്സിച്ചുകൊണ്ട് ജ്യേഷ്ഠനെ തേടിപ്പോയ ഭരതനെ നമുക്കുകാണാം. എങ്കിലും തന്റെ അവതാരോദ്ദേശ്യത്തെപ്പറ്റി വസിഷ്ഠനിലൂടെ അറിയുമ്പോള്‍ ജ്യേഷ്ഠനുവേണ്ടി രാജ്യഭാരം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറാവുകയാണ്. ഇന്നത്തെ അവസ്ഥയുമായി നമ്മള്‍ തട്ടിച്ചു നോക്കുക. രാജ്യഭാരം കയ്യാളുമ്പോഴും, വനവാസത്തിനുപോയ ജ്യേഷ്ഠനെപ്പോലെ മരവുരി ധരിച്ച്, കാനനതുല്യമായ സ്ഥലത്ത് സന്യാസതുല്യമായ ജീവിതം നയിക്കുകയാണ് ഭരതന്‍ ചെയ്തത്. രാമന്റെ പാദുകങ്ങള്‍ വാങ്ങി ശിരസ്സിലേറ്റി കൊണ്ടുവന്ന്, ആ പാദുകങ്ങള്‍ സിംഹാസനത്തില്‍ വച്ച്, തന്റെ ജ്യേഷ്ഠനായ രാമന്‍ തന്നെയാണ് ഇപ്പോഴും രാജാവ്, താന്‍ അദ്ദേഹത്തിന്റെ വെറും ദാസന്‍ മാത്രം എന്ന ചിന്തയോടെ, നന്ദിഗ്രാമത്തില്‍, ഒരു താപസനെപ്പോലെ പതിനാലുവര്‍ഷവും ചിലവഴിച്ചുകൊണ്ട് ജ്യേഷ്ഠന്‍ ഏല്പിച്ച രാജ്യത്തെ പരിപാലിച്ചവനാണ് ഭരതന്‍. അയോദ്ധ്യപട്ടണത്തിലോ രാജധാനിയിലോ അദ്ദേഹം വസിച്ചില്ല. എത്ര ഉദാത്തമായ കഥാപാത്രമാണ് ഭരതന്‍ എന്നു നാം ചിന്തിക്കുക. അദ്ദേഹവും ജ്യേഷ്ഠനെപ്പോലെ തന്റെ കുടുംബ ജീവിതവും ദാമ്പത്യജീവിതവും എല്ലാം ത്യജിച്ചു.
ശത്രുഘ്‌നനെ നോക്കുക. ഭരതന്റെ സഹായിയായി, കൊട്ടാരം വിട്ടവനാണ് ശത്രുഘ്‌നന്‍ എന്ന സഹോദരന്‍. അദ്ദേഹത്തിന് ഇതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ തന്റെ ജ്യേഷ്ഠന്മാര്‍ ഇപ്രകാരം പോകുമ്പോള്‍ താന്‍ കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ അനുഭവിച്ചു കഴിയുന്നത് ഉചിതമല്ലെന്നു മനസ്സിലാക്കിയ ശത്രുഘ്‌നന്‍ ഭരതന്റെ നിഴലായി, രാജ്യഭരണത്തില്‍ സഹായിയായി, ലക്ഷ്മണന്‍ എങ്ങനെ രാമനെ സേവിച്ചുവോ അതുപോലെ, ഭരതനെ സേവിച്ചുകൊണ്ട് നന്ദിഗ്രാമത്തില്‍ താപസതുല്യമായി ജീവിച്ചു. അദ്ദേഹവും തന്റെ കുടുംബജീവിതം ത്യജിച്ചുകൊണ്ടാണ് ജീവിച്ചത്. ഇവരെല്ലാം താപസികളായിരുന്നു. മരവുരിയുടുത്ത് ജട ധരിച്ച്, ജ്യേഷ്ഠന്‍ എപ്രകാരം കാനനത്തില്‍ വസിച്ചുവോ അപ്രകാരം ജീവിച്ചു. രാജ്യഭാരം തങ്ങളില്‍ വന്നുചേര്‍ന്ന ഉത്തരവാദിത്തമാണെന്നു മനസ്സിലാക്കി അത് ഏറ്റെടുക്കുകയും അതേസമയം ഋഷിതുല്യമായ ജീവിതം നയിക്കുകയും ചെയ്തവരാണ് ഈ സഹോദരങ്ങള്‍. സഹോദരസ്‌നേഹത്തിന്റെ എക്കാലത്തേയും ഉദാത്ത മാതൃകയാകുന്നു ഈ രാമസഹോദരങ്ങള്‍.
(തുടരും)






















