ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന വിപത്തുകളിലൊന്നാണ് മതഭീകരവാദം. വിവിധ രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റങ്ങളിലൂടെ കടന്നുകയറി കലാപങ്ങളിലൂടെ അവിടുത്തെ ക്രമസമാധാനനില അട്ടിമറിച്ച് മതസാമ്രാജ്യങ്ങള്‍ക്ക് അടിത്തറ പാകുകയെന്ന ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരസംഘടനകള്‍ അനേകമുണ്ട്. ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള ആഗോളപദ്ധതിയുടെ പരീക്ഷണശാലയായി മതഭീകരവാദികള്‍ തെരഞ്ഞെടുത്തിട്ടുള്ളത് കേരളത്തെയാണ്. ഭൂമിശാസ്ത്രപരവും ഭരണപരവും ജനസംഖ്യാപരവുമായ ആനുകൂല്യങ്ങള്‍ മുതലെടുത്ത് കേരളത്തെ ആഗോളഭീകരവാദത്തിന്റെ ആസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. കേരളത്തില്‍ പതിറ്റാണ്ടുകളോളം അനധികൃതമായി താമസിച്ചുവരുന്ന നിരവധി ബംഗ്ലാദേശി പൗരന്മാര്‍ അടുത്തിടെ അന്വേഷണസംഘങ്ങളുടെ പിടിയിലായത് ഇതിന്റെ തെളിവാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കരുനാഗപ്പള്ളി പുത്തന്‍തെരുവിലെ ഒരു മദ്രസയില്‍ ബംഗ്ലാദേശ് സ്വദേശിക്ക് മതപഠനം നല്‍കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയും വ്യാജ രേഖകള്‍ ഉപയോഗിച്ചഇയാളെ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ആഴ്ചകള്‍ക്ക് മുന്‍പ് കൊല്ലം ജില്ലയിലെ കുലശേഖരപുരം പഞ്ചായത്തിലെ ആദിനാട് വെച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായ മുംതാസ് എന്ന ബംഗ്ലാദേശി യുവതി ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്കൊന്നും പിടികൊടുക്കാതെ കേരളത്തില്‍ താമസിച്ചത് ഒരു പതിറ്റാണ്ടിലേറെക്കാലമാണ്. കേരളത്തില്‍ പിടിമുറുക്കുന്ന ഭീകരസംഘടനകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയത്. ബംഗ്ലാദേശിലെ ബാഗര്‍ഹട്ടില്‍ നിന്ന് ഭര്‍ത്താവ് അമിജനൊപ്പം പതിമൂന്ന് വര്‍ഷം മുമ്പ് കൊല്‍ക്കത്തയില്‍ എത്തിയ മുംതാസ് ആധാര്‍ കാര്‍ഡ് പോലും ഇല്ലാതെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ താമസമാക്കിയത്. അവിടെ നിന്ന് കൊല്ലത്തേക്ക് താമസം മാറിയത് ഒരു തീവ്ര ഇസ്ലാമിക സംഘടനയുടെ ക്ഷണപ്രകാരമായിരുന്നുവെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അനധികൃതമായി കേരളത്തില്‍ തങ്ങിയ ബംഗ്ലദേശ് പൗരനായ മുഹമ്മദ് റാത്തോണ്‍ ഇസ്‌ലാമിനെ കുറുപ്പംപടി പൊലീസ് പിടികൂടിയിരുന്നു. കൊച്ചി മേതലയിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ യാതൊരു രേഖയുമില്ലാതെ അതിര്‍ത്തി കടന്ന് കേരളത്തിലെത്തി വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൃത്യമായ രേഖകളില്ലാതെ നിയമവിരുദ്ധമായി കൊച്ചി എരൂരില്‍ താമസിച്ചുവന്ന ആറ് ബംഗ്ലാദേശ് സ്വദേശികളെ കേരള പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തത്. 2025 ഏപ്രിലില്‍ കരുനാഗപ്പള്ളിയില്‍ വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരനായ മുഹമ്മദ് അല്‍ അമീന്‍ ഇസ്ലാം പിടിയിലായിരുന്നു. ഭാരതപൗരനാണെന്ന വ്യാജേന ഇയാള്‍ കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങരയിലെ ഫ്‌ളോര്‍മില്ലില്‍ ജോലി ചെയ്തുവരികയായിരുന്നു. അസം സ്വദേശിയാണെന്ന് കാണിക്കുന്ന വ്യാജ ആധാര്‍ കാര്‍ഡും പോലീസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാര്‍ക്കു വേണ്ടി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നല്‍കുന്ന കേന്ദ്രം കണ്ടെത്തിയിരുന്നു. 2024 ഡിസംബറില്‍ അസം പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കാഞ്ഞങ്ങാട് നിന്നും പിടികൂടിയ ബംഗ്ലാദേശ് പൗരനായ യുവാവിന് ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടതാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ അനുബന്ധ സംഘമായ അന്‍സാറുളള ബംഗ്ലാ ടീമുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
ആഗോളഭീകരവാദത്തിന്റെ ആയുധപ്പുരയും ആയോധനശാലയുമായി കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ തുടങ്ങിയതാണ്. 2008 ഒക്‌ടോബര്‍ 20-ന് കാശ്മീര്‍ അതിര്‍ത്തിയില്‍ മലയാളികളായ തീവ്രവാദികള്‍ പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് ശ്രവിച്ചത്. ലോകത്തെവിടെയും ഭീകരാക്രമണമുണ്ടായാല്‍ അതിനുപിന്നില്‍ ഒരു മലയാളിബന്ധം ഉണ്ടാവുമെന്ന ആശങ്ക വളരെക്കാലമായി നിലവിലുണ്ട്. കഴിഞ്ഞ മാസം മലപ്പുറം ചെമ്മാട് വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ അഞ്ച് ജില്ലകളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസാണ് ഇതെന്നാണ് എന്‍ഐഎ വ്യക്തമാക്കിയത്. 448 ബോക്‌സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിന്‍ സ്റ്റിക്കുകളും 35 ബോക്‌സുകളിലായി ഉണ്ടായിരുന്ന 10,500 നോണ്‍-ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉള്‍പ്പെടുന്ന വന്‍സ്‌ഫോടകവസ്തു ശേഖരമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്.
കേരളത്തെ ഇസ്ലാമികരാജ്യമാക്കാന്‍ മതഭീകരവാദികള്‍ പദ്ധതിയിടുന്നതായി 2010 ല്‍ കേരള മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ ഭീകരസംഘങ്ങളുടെ സ്ലീപിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വിരമിച്ച സംസ്ഥാന പോലീസ് മേധാവിമാരും വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മതസംഘടകളെയും മതഭീകരവാദികളെയും താലോലിച്ച് വളര്‍ത്തുകയാണ്. ബോംബുസ്‌ഫോടനക്കേസില്‍ പ്രതിയായ മദനിയുടെ ജയില്‍മോചനത്തിനുവേണ്ടി ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രമേയം പാസാക്കിയവയാണ് ഇരുകൂട്ടരും. ഭീകരസംഘടനയായ ഹമാസിന് നീതിലഭിക്കാനായി തെരുവിലിറങ്ങുന്ന രാഷ്ട്രീയമൊല്ലാക്കമാര്‍ മതഭീകരവാദികള്‍ക്ക് കടന്നുവരാനുള്ള പരവതാനി വിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം മുഴക്കിയ സിമിയ്ക്കും പ്രവാചകനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ടിനും നിലമൊരുക്കിയത് ഒരേ ആശയധാരയാണെന്ന സത്യം മറച്ചുപിടിച്ച് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അവരെ വെള്ളപൂശാനും വിശുദ്ധരാക്കാനും വിയര്‍പ്പൊഴുക്കിയവരാണ് ഇന്ന് കേരളത്തില്‍ ഭരണം കയ്യാളുന്നത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതു മുതല്‍ മന്ത്രിസഭാ നയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ വരെ മതസംഘടനകളുടെ അന്ത്യശാസനത്തിന് കാത്തുനില്‍ക്കുന്ന കാഴ്ച മതേതരത്വത്തിന്റെ മരണമണിമുഴക്കം തന്നെയാണ്. മുസ്ലീം ലീഗിന് സംസ്ഥാന ഭരണത്തില്‍ പങ്കാളിത്തമുള്ളപ്പോഴെല്ലാം കേരളത്തില്‍ മതഭീകരവാദം പൂര്‍വ്വാധികം ശക്തിയോടെ പത്തിയുയര്‍ത്തിയിട്ടുണ്ട്. ബംഗാളില്‍ തൃണമൂല്‍ ഭരണത്തിന് അന്ത്യംകുറിക്കപ്പെട്ടതോടെ ബംഗ്ലാദേശി ഭീകരവാദികളുടെ അവസാനത്തെ അഭയകേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. ഏതുനിമിഷവും പൊട്ടിച്ചിതറുന്ന മതബോംബുകള്‍ക്കുമീതെയാണ് തങ്ങള്‍ മതിമറന്നു മയങ്ങുന്നതെന്ന തിരിച്ചറിവ് മലയാളികള്‍ക്ക് ഇനിയെങ്കിലും ഉണ്ടാവേണ്ടിയിരിക്കുന്നു.





















