പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പു ഫലം ഭാരതം മുഴുവന്‍ അത്ഭുതവും സന്തോഷവും ഉളവാക്കി. 2025 ഡി സംബറിലും 2026 ഫെബ്രുവരിയിലും എനിക്ക് ബംഗാള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നു. മിക്ക ആളുകളും തീര്‍ച്ചയായും ഒരു മാറ്റം ആഗ്രഹിച്ചിരുന്നെങ്കിലും, അത്തരമൊരു മാറ്റം ശരിക്കും സാധ്യമാകുമെന്ന് കുറച്ചാളുകളേ വിശ്വസിച്ചിരുന്നുള്ളൂ. അത്ഭുതങ്ങള്‍ സംഭവിച്ചാലേ മാറ്റമുണ്ടാകൂ എന്ന തരത്തിലായിരുന്നു സാഹചര്യങ്ങള്‍. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ വോട്ടെടുപ്പിന് ആവശ്യമായ പ്രത്യക്ഷത്തിലുള്ള ഭയരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. എന്നിട്ടും, തെരഞ്ഞെടുപ്പ് കമ്മീഷന്‍, സുപ്രീം കോടതി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാ സേനകള്‍ എന്നിവയുടെ കൂട്ടായ പരിശ്രമം ഇതു സാദ്ധ്യമാക്കി.
ഇത്തവണ ബംഗാളിലെ ജനങ്ങള്‍ മുമ്പില്ലാത്ത എണ്ണത്തില്‍ വോട്ട് ചെയ്തു. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളില്‍ (2001, 2006, 2011, 2016, 2021) ശരാശരി വോട്ടിംഗ് ശതമാനം 79.22% ആയിരുന്നത് 2026 ല്‍ 92.47% ആയി വര്‍ദ്ധിച്ചു. പെട്ടെന്നുള്ള ഈ 13% വര്‍ദ്ധനവില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്. ഐ.ആര്‍.) സംഭാവനയും അവഗണിക്കാന്‍ കഴിയുന്നതല്ല. അതേസമയം ശ്രദ്ധേയമായ ഈ വര്‍ദ്ധനവ് ഭയരഹിതമായ അന്തരീക്ഷത്തെയും ജനങ്ങളുടെ അസാധാരണമായ ആവേശത്തെയും പ്രതിഫലിപ്പിക്കുന്നുമുണ്ട്. സമൂഹം ഈ തെരഞ്ഞെടുപ്പിനെ ഒരു സാംസ്‌കാരിക യുദ്ധമായി കണ്ടതും സുരക്ഷാ സേനകള്‍ അവരുടെ ചുമതല കാര്യക്ഷമമായി നിര്‍വ്വഹിച്ചതും ജനങ്ങള്‍ക്ക് അവരുടെ ജനാധിപത്യ അവകാശങ്ങളില്‍ കൂടുതല്‍ വിശ്വാസം വന്നതും അവഗണിക്കാന്‍ കഴിയാത്ത മറ്റ് നിര്‍ണ്ണായക വസ്തു തകളാണ്.
2026 ഫെബ്രുവരിയില്‍, ഉറച്ച ഇടതുപക്ഷ കാഴ്ചപ്പാടുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകയെ ഞാന്‍ കണ്ടിരുന്നു. വീണ്ടും മെയ് 29 നും ഞാന്‍ അവരോട് സംസാരിച്ചു. താന്‍ കന്നിവോട്ട് ചെയ്തത് 18-ാമത്തെ വയസ്സിലാണെന്നും ഇപ്പോള്‍ 2026 ലാണ് ഒരിക്കല്‍ കൂടി വോട്ട് ചെയ്തതെന്നും അവര്‍ പറഞ്ഞു. അവര്‍ക്ക് ഇപ്പോള്‍ 46 വയസ്സ് പ്രായമുണ്ട്. മാറ്റത്തിനുള്ള തീവ്രമായ ആഗ്രഹവും മാറ്റം തീര്‍ച്ചയായും സാദ്ധ്യമാവുമെന്ന വിശ്വാസവും വോട്ടിംഗ് ശതമാനത്തിലെ ഈ വലിയ വര്‍ദ്ധനവിനുള്ള സുപ്രധാനമായ പ്രചോദനങ്ങളില്‍ പെടുന്നു.
ഒരുപാടു കാലമായി തെരഞ്ഞെടുപ്പു സമയത്തെ സംഘര്‍ഷത്തിന്റെ ചരിത്രമാണ് ബംഗാളിനുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് താരതമ്യേന സമാധാനപരമായിരുന്നു. ഇതിനുള്ള കീര്‍ത്തിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കേണ്ടതാണ്. അതുകൊണ്ടാണ് ജനങ്ങള്‍ ഭയരഹിതരായി വോട്ടുചെയ്യാന്‍ പുറത്തേക്കു വന്നത്.
ഈ തെരഞ്ഞെടുപ്പ് ബി. ജെ.പി.യുടെ മാത്രം വിജയമായിരുന്നില്ല. ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും ഹിന്ദുത്വം എന്ന ആശയത്തിന്റെയും വിജയം ബംഗാളിലെ ജനങ്ങള്‍ ഉറപ്പുവരുത്തുകയായിരുന്നു. ഒരിക്കല്‍കൂടി ബംഗാളിന്റെ ആത്മാവ് ഉണര്‍ന്നതായി കാണപ്പെട്ടു. രാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, ശ്രീ അരവിന്ദന്‍, ബങ്കിം ചന്ദ്ര ചതോപാദ്ധ്യായ, രവീന്ദ്രനാഥ ടാഗോര്‍, ജഗദീശ് ചന്ദ്രബോസ്, ബിപിന്‍ ചന്ദ്രപാല്‍ എന്നിവരുടെയും, ആത്മീയവും ദേശീയവുമായ ഉണര്‍വിന്റെ എണ്ണമറ്റ അനേകം പോരാളികളുടേതുമായ ബംഗാളിന്റെ വിജയം കൂടിയായിരുന്നു ഇത്.
1905 ല്‍ ബ്രിട്ടീഷ് ഭരണകൂടം മുന്നോട്ടുവെച്ച ബംഗാള്‍ വിഭജനത്തോടുള്ള പ്രതിരോധത്തെ ഈ സന്ദര്‍ഭം എന്നെ ഓര്‍മ്മപ്പെടുത്തി. ആ സമയത്ത് ‘വന്ദേമാതര’ത്തിന്റെ പ്രതിധ്വനികളോടു കൂടിയ ഗര്‍ജ്ജനത്തിനൊപ്പം അജയ്യമായ ഊര്‍ജ്ജത്തിന്റെയും അപൂര്‍വ്വമായ ഐക്യത്തിന്റെയും ശക്തിമത്തായ ദേശീയ അവബോധത്തിന്റെയും ഉദയത്തിന് ബംഗാള്‍ സാക്ഷ്യം വഹിച്ചു. 1911 ല്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ ബംഗാള്‍ വിഭജന നിര്‍ദ്ദേശം റദ്ദാക്കാന്‍ നിര്‍ബ്ബന്ധിക്കത്തക്കവണ്ണം കരുത്തുറ്റതായിരുന്നു ആ ഉണര്‍വ്വിന്റെ ശക്തി. അതുമാത്രമല്ല 1911 ല്‍ ബ്രിട്ടീഷ് ഭരണകൂടം അതി ന്റെ തലസ്ഥാനം കൊല്‍ക്ക ത്തയില്‍ നിന്ന് ദില്ലിയിലേക്കു മാറ്റാനും നിര്‍ബ്ബന്ധിതരായി. ഈ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ബംഗാളിലെ ഈ തെരഞ്ഞെടുപ്പിലെ, ഭാരതീയ ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും ഹിന്ദുത്വമെന്ന ആശയത്തിന്റെയും വിജയത്തെ ‘വന്ദേമാതര പ്രസ്ഥാനം’ എന്ന് ശരിയായ അര്‍ത്ഥത്തില്‍ വിളിക്കാം.
ബങ്കിം ചന്ദ്ര ചതോപാദ്ധ്യായ 1875 ല്‍ തന്റെ ആനന്ദമഠം നോവലിനു വേണ്ടി രചിച്ചതാണ് ‘വന്ദേമാതര’ ഗീതം. 1896 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ ഇത് ആദ്യമായി പാടി. അതിനു ശേഷം 1905 ല്‍ ബംഗാള്‍ വിഭജിക്കുന്നതിനുള്ള ബ്രിട്ടീഷ് നിര്‍ദ്ദേശം വന്ന സമയത്ത് ബംഗാളിലെ ജനങ്ങള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ യുദ്ധ മന്ത്രമായി ‘വന്ദേമാതര’ ത്തെ സ്വീകരിച്ചു.

സമ്പൂര്‍ണ്ണ രാഷ്ട്രവും ബംഗാള്‍ വിഭജനനിര്‍ദ്ദേശത്തിനെതിരായി ഉണര്‍ന്നെണീറ്റു. ലാല്‍-ബാല്‍-പാല്‍ എന്നു പരക്കെ അറിയപ്പെട്ട ലാലാ ലജ്പത് റായ്, ബാല ഗംഗാധര തിലകന്‍, ബിപിന്‍ ചന്ദ്രപാല്‍ എന്നിവരെ എല്ലാവരും അവരുടെ നേതാക്കളായി അംഗീകരിച്ചു. ‘വന്ദേമാതര’ത്തിന്റെ വെറുമൊരു ആലാപനം ജനങ്ങളില്‍ അജയ്യമായ ഊര്‍ജ്ജവും ദേശീയ ചേതനയും സന്നിവേശിപ്പിച്ചു. അസംഖ്യം വിപ്ലവകാരികള്‍ പുഞ്ചിരി തൂകിക്കൊണ്ടും ‘വന്ദേമാതര’ ഗര്‍ജ്ജനം മുഴക്കിക്കൊണ്ടും തൂക്കുമരത്തെ പുല്‍കി.
ബംഗാള്‍ വിഭജനത്തിനുള്ള ബ്രിട്ടീഷ് നിര്‍ദ്ദേശത്തിനെതിരായ പ്രക്ഷോഭത്തില്‍ ‘വന്ദേമാതര’ത്തിന്റെ പങ്ക് അപാരമായ സവിശേഷത ഉള്ളതാണ്. 1905 ഒക്ടോബര്‍ 16-ന് ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടന്ന രക്ഷാബന്ധന്‍ ആഘോഷത്തിന് ചരിത്രപരമായി വളരെ പ്രാധാന്യമുണ്ട്. സാധാരണഗതിയില്‍ ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിവസമാണ് (ആഗസ്റ്റ് മാസത്തില്‍) രക്ഷാബന്ധന്‍ ആഘോഷിക്കാറുള്ളത്. എങ്കിലും ബംഗാള്‍ വിഭജനത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബര്‍ 16-ന് കൊല്‍ക്കത്തയിലുടനീളമുള്ള ഹിന്ദുക്കളും മുസ്ലീങ്ങളുമായ സ്ത്രീപുരുഷന്മാര്‍ പാവനമായ ഗംഗയില്‍ സ്‌നാനം ചെയ്ത്, പരസ്പരം കൈകളില്‍ രാഖി ബന്ധിച്ചു കൊണ്ട്, ഈ പട്ടുനൂല്‍ തങ്ങളെ ഒരുമിപ്പിച്ചുനിര്‍ത്തുന്നതുപോലെ ബംഗാളിനെ അഖണ്ഡമായി നിലനിര്‍ത്തുമെന്നും അതിനെ ഒരിക്കലും വിഭജിക്കാന്‍ അനുവദിക്കുകയില്ലെന്നും പ്രതിജ്ഞ ചെയ്തു.
ശ്രീ അരവിന്ദനാണ് ‘വന്ദേമാതര’ത്തെ സ്വാതന്ത്ര്യത്തിന്റെ മന്ത്രമായി ആദ്യം വിവരിച്ചത്. ദേശീയ ചേതനയെ ഉണര്‍ത്തുന്നതിന് വന്ദേമാതരം എന്ന പേരില്‍ ഒരു വാരിക അദ്ദേഹം പ്രസിദ്ധീകരിച്ചു. 1907 ല്‍ മാഡം കാമ ജര്‍മ്മനിയില്‍ സ്വതന്ത്ര ഭാരതത്തിന്റെ പതാക ഉയര്‍ത്തിയപ്പോള്‍ അതില്‍ ‘വന്ദേമാതരം’ എന്ന് ആലേഖനം ചെയ്തിരുന്നു. അതു മുതല്‍ ‘വന്ദേമാതരം’ സ്വാതന്ത്ര്യത്തിന്റെ മന്ത്രവും രാഷ്ട്ര ഭക്തിയുടെ പ്രേരണാഗാനവും വിപ്ലവകാരികള്‍ക്ക് അവരുടെ ചേതനയുടെ മന്ത്രവുമായിത്തീര്‍ന്നു.
‘വന്ദേമാതരം’ കൊളുത്തി വിട്ട വിപ്ലവാഗ്‌നിയുടെ ചൂടില്‍ ഞെട്ടിയ ബ്രിട്ടീഷ് സര്‍ക്കാര്‍ 1906 ഏപ്രില്‍ മാസത്തില്‍ അത് പൊതുസ്ഥലത്ത് പാടുന്നത് നിരോധിച്ചു. എന്നിട്ടും ഈ അടിച്ചമര്‍ത്തല്‍ ബംഗാളില്‍ കൂടുതല്‍ ആവേശവും ഊര്‍ജ്ജവും ഉദ്ദീപിപ്പിക്കുകയും ക്രമേണ, ബംഗാള്‍ വിഭജിക്കുന്നതിനുള്ള നിര്‍ദ്ദേശം പിന്‍വലിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ നിര്‍ബ്ബന്ധിതമാക്കുകയും ചെയ്തു.
ഈ ഊര്‍ജ്ജവും ആവേശവും ബംഗാളില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. ഈ ഉണര്‍വ്വിന്റെ ജ്വാലകള്‍ രാഷ്ട്രത്തിലുടനീളം വ്യാപിച്ചു. 1907-ല്‍ നാഗ്പൂരില്‍ ഡോ. ഹെഡ്‌ഗേവാര്‍, ഭാവിയിലെ സംഘസ്ഥാപകന്‍, അന്നത്തെ പത്താം ക്ലാസുകാരന്‍ പരസ്യമായി ‘വന്ദേമാതരം’ ഉദ്‌ഘോഷിച്ച് വിദ്യാലയ അധികൃതരുടെ കോപം ക്ഷണിച്ചു വരുത്തി. അതിന്റെ ഫലമായി അദ്ദേഹത്തെ വിദ്യാലയത്തില്‍ നിന്നു പുറത്താക്കി.
അതിനുശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ എല്ലാ വാര്‍ഷിക സമ്മേളനങ്ങളിലും മുഴുവന്‍ ‘വന്ദേമാതര’വും പാടുക പതിവായിരുന്നു. രവീന്ദ്രനാഥ ടാഗോറിനെയും പണ്ഡിറ്റ് വിഷ്ണു ദിഗംബര്‍ പലുസ്‌കറിനെയും ഓംകാര്‍ നാഥ്ഠാക്കൂറിനെയും പോലുള്ള പ്രസിദ്ധ ഗായകര്‍ അതിനു ശബ്ദം നല്‍കി. ഹിന്ദു- മുസ്ലീം ഭേദമില്ലാതെ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ജീവവായുവെന്ന നിലയില്‍ അത് ആലപിക്കുകയും ചെയ്തു.
എങ്കിലും 1921 നു ശേഷം ബ്രിട്ടന്റെ വിഭജന രാഷ്ട്രീയത്തിന്റെ സ്വാധീന ഫലമായി വര്‍ഗ്ഗീയ ശക്തികള്‍ക്ക് കോണ്‍ ഗ്രസ്സിനകത്ത് സ്വാധീനം വര്‍ദ്ധിക്കാന്‍ തുടങ്ങുകയും ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയും ‘വന്ദേമാതര’ത്തെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവണതകള്‍ ഉടലെടുക്കുകയും ചെയ്തു. 1920 വരെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ജീവമന്ത്രമായിരുന്ന അതേ ഗാനത്തെ 1923 നുശേഷം വര്‍ഗ്ഗീയമെന്നു വിളിക്കാന്‍ തുടങ്ങി. ഈ ഘട്ടം മുതലാണ്, മേല്പറഞ്ഞ കാഴ്ചപ്പാടനുസരിച്ച് ഭാരതവിഭജനത്തിന്റെ വിത്തുകള്‍ പാകാന്‍ തുടങ്ങിയത്.
ഭാരതീയ ചിന്തയില്‍ വ്യക്തിയെ കേവലം ഭൗതിക ശരീരമായല്ല, മറിച്ച് ശരീരം, പ്രാണന്‍, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിങ്ങനെ അഞ്ചു പാളികളുള്ള അസ്തിത്വമായാണ് വീക്ഷിക്കുന്നത്. അതുപോലെ ‘വന്ദേമാതരം’ ഭാരതത്തിന്റെ പൂര്‍ണ്ണരൂപം അവതരിപ്പിക്കുന്നു. ആദ്യ ഖണ്ഡിക ഭാരതത്തിന്റെ ഭൂഭാഗത്തെ വിവരിക്കുന്നു; രണ്ടാമത്തേത് അതിന്റെ ജനങ്ങളെയും പിന്നീടുള്ള ഭാഗങ്ങള്‍ ഭാരതീയ മനസ്സിനെയും ബുദ്ധിയെയും പ്രാണനെയും ആത്മീയ ചേതനയെയും ചിത്രീകരിക്കുന്നു.

‘തുമി വിദ്യ, തുമി ധര്‍മ്മ’ എന്ന വരിയിലെ വിദ്യ, മോക്ഷത്തിലേക്കുള്ള വഴി പഠിപ്പിക്കുന്ന ഭാരതീയ ആത്മീയ ജ്ഞാനത്തെ സൂചിപ്പിക്കുന്നു. കൂടാതെ ‘ധര്‍മ്മ’ (മതമല്ല) എന്നതിന്, വ്യക്തിഗതമായ, ‘ഞാന്‍’ എന്ന ഭാവത്തിന്റെ പ്രാധാന്യം കുറച്ച് ‘നമ്മള്‍’ എന്ന കൂട്ടായ ഭാവത്തിലേക്ക് വികസിച്ച്, സ്വന്തമായി കണ്ട് സമൂഹത്തിന് തിരിച്ചു നല്‍കുന്നു എന്നാണര്‍ത്ഥം. ജനങ്ങള്‍ അവരുടെ തൊഴിലിന്റെ പ്രതിഫലം അവര്‍ക്കു വേണ്ടി മാത്രമായി സൂക്ഷിക്കാതെ സമൂഹത്തിനു തിരിച്ചു നല്‍കുകയാണെങ്കില്‍ അത്തരം സമൂഹത്തില്‍ സാമൂഹ്യ മൂലധനത്തിന്റെ ശേഖരം ഉണ്ടാവുകയും അത് വളരുകയും വികസിക്കുകയും ചെയ്ത് അതിനുള്ളിലെ ഓരോ വ്യക്തിയും തഴച്ചുവളരുന്നതിന് ഇടയാക്കുകയും ചെയ്യുമെന്ന് ഭഗിനി നിവേദിത പറഞ്ഞിട്ടുണ്ട്. ഇതാണ് ‘ധര്‍മ്മ’. ഈ അര്‍ത്ഥത്തില്‍ സമൂഹത്തിന്റെ ആകെ മൂലധനത്തെ പോഷിപ്പിക്കുന്നത് ‘ധര്‍മ്മ’മാണ്. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിന്റെ നേതൃത്വം ലോകസഭയ്ക്ക് ‘ധര്‍മ്മചക്ര പ്രവര്‍ത്തനായ’ എന്നും രാജ്യസഭയ്ക്ക് ‘സത്യം വദ ധര്‍മ്മം ചര’ എന്നും സുപ്രീം കോടതിയ്ക്ക് ‘യതോ ധര്‍മ്മസ്തതോ ജയ’ എന്നുമുള്ള ആദര്‍ശങ്ങള്‍ ബോധപൂര്‍വ്വം സ്വീകരിച്ചതും ദേശീയ പതാകയില്‍ ധര്‍മ്മചക്രം ആലേഖനം ചെയ്തതും. ഈ വിദ്യയും ധര്‍മ്മവും ഭാരതമാതാവിന്റെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു എന്നു പറയപ്പെടുന്നു; ഇവയാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ പ്രാണശക്തി.
ശക്തിയുടെ ദേവതയായ ദുര്‍ഗ്ഗയുടെയും ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മിയുടെയും ജ്ഞാനത്തിന്റെ ദേവതയായ സരസ്വതിയുടെയും ഒന്നായിത്തീര്‍ന്ന മൂര്‍ത്തീഭാവമാണ് ഭാരതമാതാവ്. ഇതാണ് ഭാരതം. ഇതേ കാരണം കൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനങ്ങളില്‍ 1905 മുതല്‍ തുടര്‍ച്ചയായി ‘വന്ദേമാതരം’ പൂര്‍ണ്ണ രൂപത്തില്‍ പാടിയത്. ഏതാണ്ട് മൂന്നു മിനിട്ട് സമയമാണ് ഇത് മുഴുവന്‍ പാടാന്‍ വേണ്ടത്. ഈ കാഴ്ചപ്പാടില്‍ എവിടെയാണ് വര്‍ഗ്ഗീയത ഉള്ളത്?
പിന്നീട് വര്‍ഗ്ഗീയവും ഭിന്നിപ്പിക്കുന്നതുമായ ഘടകങ്ങളുടെ സ്വാധീനത്താല്‍ വന്ദേമാതരത്തെ എതിര്‍ക്കാനുള്ള പ്രവണത ഉടലെടുക്കുകയും അത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്നും തുടരുകയും ചെയ്യുന്നു. വന്ദേമാതരത്തില്‍ വര്‍ഗ്ഗീയത കാണുന്നവര്‍ ഭാരതത്തിന്റെ ആത്മീയമായ പൈതൃകത്തെയും പാരമ്പര്യങ്ങളെയും കുറിച്ചുള്ള അജ്ഞത പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. അഥവാ, അവര്‍, ഒരിക്കല്‍ ബ്രിട്ടീഷ് ഭരണത്തെ സേവിക്കുകയും ഇപ്പോള്‍ ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിഘടനവാദശക്തികളുടെ ഭാഗമായോ അവരുടെ കൈയിലെ കളിപ്പാവകളായോ മാറുകയാണ്. എങ്കിലും ‘വന്ദേമാതരം’ ഭാരതത്തിന്റെ ആത്മാവിനെ ഇളക്കി. അത് ദേശീയ ചേതനയെ ഉണര്‍ത്തുകയും മുഴുവന്‍ ഹൃദയങ്ങളിലും സ്വാതന്ത്ര്യബോധം ജ്വലിപ്പിക്കുകയും ചെയ്തു. ഇക്കാരണം കൊണ്ടു മാത്രമാണ് ബംഗാള്‍ വിഭജനത്തിനെതിരായി പൊതുസമൂഹത്തിന്റെ മനസ്സില്‍ വ്യാപകമായ എതിര്‍പ്പുണ്ടായതും ആത്യന്തികമായി അത് പിന്‍വലിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായതും. ഈയിടെ ഭാരത സര്‍ക്കാര്‍ ‘വന്ദേമാതര’ത്തിന്റെ മഹത്തായ പ്രാധാന്യം വീണ്ടെടുക്കുകയും അത് പൂര്‍ണ്ണരൂപത്തില്‍ പാടാന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്തു. ഇത് സന്ദര്‍ഭോചിതവും പ്രശംസാര്‍ഹവുമാണ്.
1905 നും 1911 നും ഇടയിലുള്ള ബംഗാളിന്റെ സവിശേഷതകളായ ഉണര്‍വ്വിന്റെയും ദൃഢനിശ്ചയത്തിന്റെയും ദേശീയ അവബോധത്തിന്റെയും ബോധപൂര്‍വ്വമായ മുന്നേറ്റത്തിന്റെയും ഓര്‍മ്മകളെ ഉണര്‍ത്തുന്നതാണ് 2026 ലെ ബംഗാള്‍ തെരഞ്ഞെടുപ്പു ഫലം. ഭാഷയുടെ അടിസ്ഥാനത്തില്‍ ബംഗാളിനെ വേറിട്ടുനിര്‍ത്താനുള്ള ശ്രമങ്ങളെ ഈ തെരഞ്ഞെടുപ്പ് ഛിന്നഭിന്നമാക്കി. ബംഗാളി ഭാഷയ്ക്ക് സവിശേഷത ഉണ്ടെങ്കിലും അതിന്റെ അസ്തിത്വം ഭാരതീയ ആത്മീയ അസ്തിത്വത്തില്‍ നിന്ന് വേറിട്ടതല്ലെന്നു മാത്രമല്ല ബംഗാളി അതിന്റെ അവിഭാജ്യ ഭാഗവുമാണ്. ഈ സത്യത്തെ തെരഞ്ഞെടുപ്പുഫലം വീണ്ടും സ്ഥിരീകരിച്ചു.
1905 ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളും ജിഹാദി തീവ്രവാദികളും ഒരുമിച്ച് ഭാരതത്തിന്റെ അസ്തിത്വത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിച്ചതുപോലെ 2026ലും ചിന്താശേഷിയില്ലാത്ത രാഷ്ട്രീയക്കാരും ജിഹാദി തീവ്രവാദികളും കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളും ഒറ്റക്കെട്ടായി ഭാരതത്തിന്റെ ഇതരഭാഗങ്ങളുമായുള്ള ബംഗാളിന്റെ ബന്ധം ഇല്ലാതാക്കാന്‍ പരിശ്രമിച്ചു. 1905 ലും 2026 ലും ബംഗാളിലെ ഹിന്ദുക്കള്‍, അവരുടെ സ്വന്തം നിലനില്പിനെ തന്നെ ബാധിക്കുന്ന പ്രതിസന്ധിയെ നേരിട്ടു. ശ്രീരാമകൃഷ്ണ പരമഹംസരുടെയും സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും ബംഗാളിന്റെ അസ്തിത്വവും ആത്മാവും ഒരിക്കല്‍ കൂടി ഉണര്‍ന്നെണീറ്റതുപോലെ കാണപ്പെട്ടു. ഭാരതത്തിന്റെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഏകാത്മവും ആത്മീയവുമായ തത്വശാസ്ത്രം, ഭാരതത്തിന്റെ ഹിന്ദുത്വം ഒരിക്കല്‍ കൂടി വ്യക്തവും ശക്തവുമായി പ്രകടീകരിക്കപ്പെട്ടു.
ഈ ഫലം സാദ്ധ്യമാക്കിയ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, അസാധാരണമായ ധൈര്യവും ദൃഢനിശ്ചയവും പ്രദര്‍ശിപ്പിച്ച് ഭയരഹിതരായി പുറത്തുവന്ന് മുമ്പില്ലാത്ത എണ്ണത്തില്‍ വോട്ടു ചെയ്യാന്‍ തയ്യാറായ ബംഗാളിലെ സ്ത്രീപുരുഷന്മാരും ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ജനാധിപത്യത്തോടുള്ള അവരുടെ പ്രതിബദ്ധതയും പരിവര്‍ത്തനത്തിനു വേണ്ടിയുള്ള ഇച്ഛാശക്തിയുമാണ് ചരിത്രപരമായ ഈ ഫലം സാദ്ധ്യമാക്കിയത്. ഒരു സംശയവുമില്ല, ഇതു തന്നെയാണ് ബംഗാളിന്റെ ‘വന്ദേമാതര പ്രസ്ഥാനം’.
(ലേഖകന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ കാര്യകാരി സദസ്യനാണ്.)
വിവര്‍ത്തനം: സി.എം.രാമചന്ദ്രന്‍






















