ചുമട്ടുതൊഴിലാളിയുടെയും ആശാവര്‍ക്കര്‍മാരുടെയും മറ്റും വിയര്‍പ്പിന്റെ മണമുള്ള സി.ഐ.ടി. യുവിനെ ന്യൂജന്‍ അത്തര്‍ മണമുള്ള തൊഴിലാളി സംഘടനയാക്കാന്‍ എളമരം കരീമിന്റെയും തോമസ് ഐസക്കിന്റെയും കായകല്പ ചികിത്സ ഈ കര്‍ക്കടക മാസത്തില്‍ തുടങ്ങാന്‍ പോവുകയാണ് എന്നാണ് പത്രവാര്‍ത്ത. മൂന്നാറിലെ സുഖവാസ ശീതളിമ നുകര്‍ന്നു കൊണ്ട് സംസ്ഥാനനേതാക്കള്‍ പങ്കെടുത്ത ശില്പശാലയില്‍ ഐസക്ക് കായകല്‍പ ചികിത്സയുടെ കുറിപ്പടി നയരേഖ എന്ന പേരില്‍ വിസ്തരിച്ചു വിവരിച്ചുകൊടുത്തുകഴിഞ്ഞു. ഗ്വാളിയോര്‍ റയോണ്‍സ് കൂലിത്തൊഴിലാളിയായിരുന്ന കാലത്ത് തട്ടുപൊളിപ്പന്‍ സമരങ്ങളും പണിമുടക്കുകളും നടത്തി സി.ഐ.ടി.യു നേതൃത്വത്തിലേക്ക് കുതിച്ചുപൊന്തിയ എളമരം കരീമിന് എം.എല്‍.എയും ഇടതുസര്‍ക്കാരിലെ വ്യവസായമന്ത്രിയും പിന്നെ രാജ്യസഭാംഗവുമൊക്കെയായപ്പോള്‍ താന്‍ പിന്നിട്ട സമരരീതി അറുപഴഞ്ചനും പിന്തിരിപ്പനുമാണെന്ന് തോന്നിത്തുടങ്ങി. സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹമിരുന്ന ആശാവര്‍ക്കര്‍മാര്‍ക്കെതിരെ സഖാവ് പ്രയോഗിച്ച ഭാഷകേട്ട് ചെവി പൊത്തിയ സഖാക്കള്‍ക്ക് വരെ ഇത് ബോധ്യമായതാണ്. പഴയ ഇടത് സര്‍ക്കാരിലെ ധനമന്ത്രി തോമസ് ഐസക്കും കുറച്ചു കാലമായി ഈ ചിന്തയിലായിരുന്നു. ആലപ്പുഴയിലെ കയര്‍ തൊഴിലാളികളുടെ വിയര്‍പ്പുമണം മാറ്റാന്‍ അദ്ദേഹം കൊണ്ടുവന്ന ‘പിരിയുടഞ്ഞ കയറി’ല്‍ റിച്ചാര്‍ഡ്ഫ്രാങ്കിയന്‍ സാമ്രാജ്യത്വ ദുര്‍ഗന്ധം മണത്ത് മാര്‍ക്‌സിയന്‍ ബുദ്ധിജീവി പ്രൊഫ.എം.എന്‍. വിജയന്‍ മൂക്കു പൊത്തിയതും പാഠം മാസിക വഴി ഐസക്കിനെ കുറ്റവിചാരണ ചെയ്തതും പഴയ കഥ. ഗ്രഹണി പിടിച്ച് വയറുന്തിനില്ക്കുന്ന സി.ഐ.ടി.യുവിനെ എങ്ങനെയെങ്കിലും ഒന്ന് ജീവന്‍ വെപ്പിച്ചെടുക്കാന്‍ വഴിതേടി പാര്‍ട്ടി കവടി നിരത്തിയപ്പോള്‍ നറുക്ക് വീണത് ഐസക്കിന്. അദ്ദേഹം ക്രോകോച്ച് പാര്‍ട്ടിയുടെ രാഷ്ട്രീയ സമരത്തില്‍ ഹരം പിടിച്ചു നില്‍ക്കുന്ന നേരത്താണ് ഈ നിയോഗം ഉണ്ടായത്. പിന്നെ ഒന്നും ആലോചിച്ചില്ല, കയ്യൂക്കും ഗുണ്ടായിസവും കാട്ടുന്ന പരമ്പരാഗത കമ്മ്യൂണിസ്റ്റ് സമരരീതിയേക്കാള്‍ എത്രയോ നല്ലതല്ലേ മേലനങ്ങാതെ, വിയര്‍ക്കാതെ, ശീതീകരിച്ച മുറിയിലിരുന്ന് സാമൂഹ്യമാധ്യമ അദൃശ്യകരങ്ങളിലൂടെ സമരം നിയന്ത്രിക്കുന്ന ക്രോക്കോച്ച് രാഷ്ട്രീയ സമരരീതി എന്നു ചിന്തിച്ചതും സി.ഐ.ടിയുവില്‍ അത് നടപ്പാക്കാന്‍ നയരേഖ തയ്യാറാക്കി.
ശില്പശാലയിലെ നയരേഖപ്രകാരം സി.ഐ.ടി.യു നേതാക്കള്‍ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. യുവതൊഴിലാളികളെ സ്വാധീനിക്കാന്‍ പറ്റിയത് സാമൂഹിക മാധ്യമമായതിനാല്‍ ഇനി ബോര്‍ഡും ബാനറും തൂക്കി നടക്കേണ്ട; പകരം ഒറ്റക്ലിക്ക് മതി! ആശയവിനിമയം ഓകെ. അര്‍ദ്ധരാത്രി കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് വയറ് കാഞ്ഞ് ഉറക്കമൊഴിച്ച് പാര്‍ട്ടിക്ലാസ്സില്‍ ചടഞ്ഞിരിക്കണ്ട, പകരം ഓണ്‍ലൈന്‍ ക്ലാസ്സും പഠനവുമൊക്കെയായി മൊബൈലും നോക്കി ഇരുന്നാല്‍ മതി. ലിംഗസമത്വം പാര്‍ട്ടിയുടെ സ്ഥിരം നമ്പറാണ്. അത് ഒഴിവാക്കേണ്ട. സ്ത്രീ തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന കടലാസ്സിലുണ്ടായാല്‍ മതി.പാര്‍ട്ടിയുടെ വരുമാന സ്രോതസ്സാണ് സഹകരണ സംഘങ്ങള്‍ എന്ന് കരുവന്നൂര്‍ ബാങ്ക് നിക്ഷേപ തട്ടിപ്പുവഴി പാര്‍ട്ടി മാലോകരെ മുഴുവന്‍ അറിയിച്ചതാണ്. അതിനാല്‍ പരമ്പരാഗത സഹകരണ സംഘങ്ങള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും പുറമെ തട്ടിപ്പ് ജനമറിയാതിരിക്കാനുള്ള നൈപുണ്യ പരിശീലനവും കൂടിയാവാം. സഖാക്കള്‍ക്ക് ഇയ്യിടെ സ്വത്വബോധം കൂടുന്നോ എന്ന ശങ്ക ഐസക്കിനുണ്ട്. അതിനുള്ള മരുന്നായി സാംസ്‌കാരിക ഇടപെടലും വര്‍ഗ്ഗബോധവും ഈരണ്ട് സ്പൂണ്‍ വീതം നല്‍കാമെന്ന് നയരേഖയയുടെ കുറിപ്പടിയില്‍ ഐസക്ക് വൈദ്യര്‍ വിധിച്ചിട്ടുണ്ട്. ഇതോടെ കമ്മ്യൂണിസം ഔട്ട്, ക്രോകോച്ചിസം ഇന്‍! സി.ഐ.ടി.യു ‘ന്യൂജന്‍’ ആയി മാറുകയും ചെയ്യും. ഇതിന്റെ അഡ്മിന്‍ ആയി കാഫിര്‍ സ്‌ക്രീ ന്‍ഷോട്ട് സഖാവ് ജിതിന്‍ ഭാസ്‌കറിനെ നിശ്ചയിച്ചാല്‍ എല്ലാം ഭദ്രം!
തലവര:
അയോദ്ധ്യ ക്ഷേത്രത്തിലെ വെള്ളിക്കട്ടികള്‍ മോഷണം പോയിട്ടില്ല.വാര്‍ത്ത
മോഷണം നടന്നു എന്ന കള്ളവാര്‍ത്ത പ്രചരിപ്പിക്കാന്‍ പണമിറക്കിയവരുടെ കയ്യിലെ എത്ര വെള്ളി പോയി എന്നതിന്റെ കണക്ക് പുറത്തു വരട്ടെ.






















