ആര്‍എസ്എസിന്റെ ശതാബ്ദിയോടനുബന്ധിച്ച് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ഭാരതമെമ്പാടും നിരവധി സ്ഥലങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. സമൂഹത്തിലെ നാനാതുറകളിലും ഉള്ള പ്രമുഖ വ്യക്തികള്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവര്‍ ഈ തുറന്ന സംവാദ പരിപാടികളില്‍ പങ്കെടുത്തു.
ആര്‍എസ്എസ്സിന്റെ കഴിഞ്ഞ നൂറ് വര്‍ഷത്തെ പ്രവര്‍ത്തനം, അതിലൂടെ സമൂഹത്തില്‍ ഉണ്ടായ പരിവര്‍ത്തനം, രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ആര്‍എസ്എസിന്റെ പങ്ക്, ഭാരതത്തിനു വേണ്ടി പ്രാണത്യാഗം ചെയ്യാന്‍ സന്നദ്ധരായ ഒരു വന്‍ സമൂഹത്തെ ഹിമാലയം മുതല്‍ കന്യാകുമാരി വരെ എങ്ങനെ സൃഷ്ടിച്ചെടുത്തു എന്നതിന്റെ അനുഭവങ്ങള്‍ എന്നിവയൊക്കെ മോഹന്‍ജിയുടെ പ്രഭാഷണത്തിലും ചോദ്യോത്തരത്തിലും വിഷയമായി. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം വ്യാഖ്യാനമാല സംവാദ സദസ്സുകള്‍ നടന്നെങ്കിലും അത് എവിടെയും വിവാദമായില്ല. കാരണം പൊതുജീവിതത്തിന്റെ നാനാവശങ്ങളിലേക്കും ആര്‍എസ്എസിന്റെ നിഷ്‌ക്കാമവും നിസ്തുലവും നിര്‍മ്മലവുമായ പ്രവര്‍ത്തനം ആഴത്തില്‍ വേരൂന്നിക്കഴിഞ്ഞുവെന്ന് അവിടങ്ങളിലെ ജനസാമാന്യത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി സാംസ്‌കാരിക ദേശീയത എന്ന പൊന്‍നൂലിഴയില്‍ ഭാരതീയരെ കോര്‍ത്തിണക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം അവരുടെ ജീവിതവുമായി അത്രമാത്രം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ദുരന്തമുഖങ്ങളില്‍ മറ്റു പലരും ദൂരെ നില്‍ക്കുമ്പോള്‍ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനും മരണമുഖങ്ങളില്‍ ചീഞ്ഞളിഞ്ഞ ശവശരീരങ്ങള്‍ ആത്മബന്ധുക്കളുടേതെന്ന പോലെ വാരിപ്പുണര്‍ന്നെടുക്കാനും സംസ്‌കരിക്കാനും ഉറ്റ ബന്ധുക്കളെ പോലെ ആര്‍എസ്എസ് മാത്രമാണ് ഉണ്ടായിരുന്നത്. മോര്‍ബിയിലും ലാത്തൂരിലും പ്രളയബാധിത മേഖലകളിലും മാത്രമല്ല യുദ്ധമുഖങ്ങളില്‍ സൈന്യത്തിന്റെ രണ്ടാം നിരയായി പ്രവര്‍ത്തിക്കാന്‍ പോലും കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ ആര്‍എസ്എസ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു പ്രസ്ഥാനം അതിന്റെ പ്രവര്‍ത്തനചരിത്രം കൊണ്ട്, ദേശസ്‌നേഹം കൊണ്ട്, ത്യാഗവും സമര്‍പ്പണവും കൊണ്ട് ചരിത്രത്തില്‍ ഇടംപിടിക്കുമ്പോള്‍ അതിനോട് പുറം തിരിഞ്ഞു നില്‍ക്കുന്നത് കേരളത്തിലെ ഒരു പറ്റം രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ മാത്രമാണ്. സംവാദങ്ങളെയും ആശയസംവേദനങ്ങളെയും ഭയപ്പെടുന്നവരാണവര്‍.
ഡോ. മോഹന്‍ ഭാഗവതിന്റെ പ്രഭാഷണം കേരളത്തില്‍ രണ്ടിടങ്ങളില്‍ ആണ് നടന്നത്. തിരുവനന്തപുരത്ത് ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെ ന്ററിലും തൃശ്ശൂരിലെ ഹയാത്ത് റീജന്‍സിയിലും. എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളെയാണ് തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുപ്പിച്ചത്. തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളാണ് തൃശ്ശൂരില്‍ പങ്കെടുത്തത്. തിരുവനന്തപുരത്തെ പരിപാടിയില്‍ മൂന്നു വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തു എന്നതിലാണ് ചിലര്‍ വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. വൈസ് ചാന്‍സലര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തതിനെതിരെ ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി പ്രതികരിച്ചത് മുഖ്യമന്ത്രി വി.ഡി. സതീശനായിരുന്നു. ഈ മൂന്നു വൈസ് ചാന്‍സലര്‍മാര്‍ കേരളത്തിലെ പൊതുസമൂഹത്തോട് മാപ്പ് പറയണം എന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇതേ ആവശ്യം ഉന്നയിച്ചു. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് രാഷ്ട്രീയക്കാരനല്ല. ആര്‍എസ്എസ് രാഷ്ട്രീയ പാര്‍ട്ടിയും അല്ല. ഭാരതത്തിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയാണത്. ആര്‍എസ്എസിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളിലേക്ക് ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കാന്‍ സംഘത്തിന്റെ ഉന്നത നേതാക്കളെ ക്ഷണിച്ചിരുന്നു. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അത്തരം സംവാദങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ഇവിടെയൊന്നും ഇല്ലാത്ത പ്രശ്‌നമാണ് കേരളത്തില്‍ ഉണ്ടായത്. വൈസ് ചാന്‍സലര്‍മാര്‍ ഇത്തരം പ്രഭാഷണ പരിപാടികളിലും ചോദ്യോത്തരങ്ങളിലും പങ്കെടുക്കരുതെന്ന് എന്തെങ്കിലും നിര്‍ദ്ദേശം നിയമനാധികാരിയായ ചാന്‍സലറോ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്ന ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുള്ള യുജിസിയോ പുറപ്പെടുവിച്ചിട്ടില്ല. സ്വകാര്യ ചടങ്ങുകളില്‍, പ്രഭാഷണങ്ങളില്‍, അക്കാദമിക് സെമിനാറുകളില്‍ വൈസ് ചാന്‍സലര്‍മാര്‍ പരപ്രേരണയോ നിര്‍ബന്ധമോ കൂടാതെ സ്വന്തം ഇഷ്ടപ്രകാരം പങ്കെടുത്താല്‍ അതില്‍ എന്താണ് പ്രശ്‌നം? രാഷ്ട്രീയപാര്‍ട്ടികളുടെയും അവരുടെ ഗവേഷണകേന്ദ്രങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും പരിപാടികളില്‍ വി.സിമാര്‍ പങ്കെടുത്തിട്ടില്ലേ? പിന്നെ എന്തിനാണ് ഇപ്പോള്‍ മാത്രം കേരളത്തിനോട് മാപ്പ് പറയുന്നത്.
തങ്ങളുടെ പെട്ടിയെടുപ്പുകാരെയും ബന്ധുക്കളെയും രണ്ടുമല്ലാത്തവരെ കോഴപ്പണം വാങ്ങിയും വൈസ് ചാന്‍സലര്‍മാരായും സര്‍വകലാശാല അധ്യാപകരായും നിയമിക്കുകയും മെറിറ്റ് അട്ടിമറിക്കുകയും ചെയ്ത സംഭവങ്ങള്‍ ഇവര്‍ക്ക് ഓര്‍മ്മയില്‍ ഇല്ലേ? കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ ഡോ. ജോസഫ് സ്‌കറിയയ്ക്ക് മലയാളം പ്രൊഫസറായി നിയമനം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് അടുത്തിടെയാണ്. റാങ്കു പട്ടിക വന്നിട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും നിയമനം നല്‍കാത്തതിനെതിരെ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ വിധി പറഞ്ഞത്. ഇക്കാര്യം ഓര്‍ക്കേണ്ടയാള്‍ പിണറായി വിജയനാണ്. 2021ല്‍ മലയാളം വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനത്തിന് തയ്യാറാക്കിയ പട്ടികയില്‍ ജോസഫ് സ്‌കറിയയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് കൊടുത്തത് മെറിറ്റ് അട്ടിമറിച്ചുകൊണ്ടായിരുന്നു. ഈ പോക്കണംകേട് യുഡിഎഫും എല്‍ഡിഎഫും അധ്യാപക നിയമനത്തില്‍ മാത്രമല്ല വൈസ് ചാന്‍സലര്‍ പദവികളിലും കാട്ടിയിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. സുപ്രീംകോടതി വിധി വന്നതിനുശേഷമാണ് നിയമനാധികാരിയായ ചാന്‍സലര്‍ക്ക് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ കാര്യമായ പങ്ക് ലഭിച്ചത് തന്നെ. കേരളത്തിലെ രാഷ്ട്രീയക്കാര്‍ വൈസ് ചാന്‍സലര്‍ പദവി പങ്കുവെച്ചപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ മുസ്ലിം ലീഗുകാരന്‍ യോഗ്യതയില്ലാഞ്ഞിട്ടും പദവിയില്‍ എത്തിയത് പെട്ടെന്ന് മറക്കാന്‍ കഴിയുമോ? വൈസ് ചാന്‍സലര്‍മാര്‍ എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ സെമിനാറുകളില്‍ അടക്കം പങ്കെടുത്തിട്ടുള്ളത് നിഷേധിക്കാന്‍ കഴിയുമോ? ഒരു സംവാദത്തിലോ പുസ്തക പ്രകാശനത്തിലോ പ്രഭാഷണ പരമ്പരയിലോ വൈസ് ചാന്‍സലര്‍ ആയാലും അധ്യാപകര്‍ ആയാലും പങ്കെടുക്കുന്നതില്‍ എന്താണ് ശരികേട്. ആര്‍എസ്എസ് നിരോധിത സംഘടനയല്ല. തീവ്രവാദിയാണെന്ന് കോടതി കണ്ടെത്തി ജയിലില്‍ കഴിയുന്ന ഭീകരനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ ഏക നിയമസഭ കേരളത്തിന്റേതാണെന്ന് മറക്കരുത്. ആ പ്രമേയം അംഗീകരിച്ചത് ഇടതുമുന്നണിയും വലതുമുന്നണിയും ഒന്നിച്ചാണ്. ആര്‍എസ്എസ് എന്നത് ദേശസ്‌നേഹികളുടെ സംഘടനയാണ്. ഗാന്ധിവധം, ശൂലം തുടങ്ങിയ പഴയകാല ഉമ്മാക്കികളുടെ യഥാര്‍ത്ഥ ചിത്രവും രേഖകളും പുറത്തുവന്നതോടെ അത്തരം പ്രചാരണത്തിന്റെ ഒക്കെ മുനയൊടിഞ്ഞു കഴിഞ്ഞു. ഈ രാഷ്ട്രത്തെ സ്‌നേഹിക്കുന്ന, ഈ നാടിനുവേണ്ടി പ്രാണത്യാഗം ചെയ്യാന്‍ തയ്യാറാണ് എന്ന് നെഞ്ചില്‍ കൈവെച്ച് നിത്യവും പ്രാര്‍ത്ഥിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉള്‍പ്പെടുന്ന ഒരു സംഘടനയെ തേജോവധം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ 2006 ല്‍ ഇതേ സംഘടനയുടെ ചടങ്ങില്‍ പങ്കെടുത്ത് നിലവിളക്ക് തെളിയിച്ച വി.ഡി. സതീശന്‍ അല്ലേ ആദ്യം മാപ്പ് പറയേണ്ടത്. അന്ന് സതീശന് തന്റേടം ഉണ്ടായിരുന്നതുകൊണ്ടും അധികാരമോഹം ഇല്ലാതിരുന്നതുകൊണ്ടും വര്‍ഗീയശക്തികളെ പ്രീണിപ്പിക്കേണ്ടിയിരുന്നില്ല. അതുകൊണ്ട് മാപ്പപേക്ഷ ഒന്നുമില്ലാതെ ഇത്തരം പരിപാടികളില്‍ പങ്കെടുത്തു.
ഡോ.അമര്‍ത്യാസെന്‍ ‘ദ ആര്‍ഗുമെന്റേറ്റീവ് ഇന്ത്യന്‍’ എന്ന പുസ്തകത്തില്‍ ഭാരതത്തിന്റെ സംവാദ സംസ്‌കാരത്തെ കുറിച്ച് പറയുന്നുണ്ട്. ഗുരുമുഖത്തുനിന്ന് വന്നിരുന്ന സത്യാന്വേഷണ വഴികളെ അറിയാനും തിരയാനും കൂടുതല്‍ അന്വേഷണം നടത്താനുമുള്ള വഴിയായിരുന്നു ഭാരതത്തിന്റെ ആത്മീയതയും സംസ്‌കാരവും. ശങ്കരാചാര്യരും ഉദ്ദണ്ഡ ശാസ്ത്രികളും തമ്മിലുള്ള സംവാദം മുതല്‍ ആരുണിയും മൈത്രേയിയും ലോപമുദ്രയും ഒക്കെ ഉള്‍പ്പെടുന്ന ആ സംവാദ സംസ്‌കാരത്തിന് ലിംഗഭേദം പോലും ഉണ്ടായിരുന്നില്ല എന്ന കാര്യം ഓര്‍മിക്കണം. ആര്‍എസ്എസ് എന്ന സംഘടനയുടെ പ്രവര്‍ത്തനം സുതാര്യമാണ്. പൊതുസ്ഥലത്താണ് സംഘശാഖകള്‍ നടക്കുന്നത്. രഹസ്യ ആയുധ പരിശീലനമോ മറ്റു തരത്തിലുള്ള കാര്യങ്ങളോ നടക്കുന്നില്ല. തുറന്ന ശാഖയിലെത്തി സംഘത്തെ അറിയാനും മനസ്സിലാക്കാനും ഉള്ള മോഹന്‍ജി ഭാഗവതിന്റെ ആഹ്വാനത്തോട് എന്തിന് അസഹിഷ്ണുത കാണിക്കണം.
തിരുവനന്തപുരത്തെ പരിപാടിയില്‍ വൈസ് ചാന്‍സ ലര്‍മാര്‍ മാത്രമല്ല ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ധരും അധ്യാപകരും മാധ്യമപ്രവര്‍ത്തകരും സംവാദകരും വ്യവസായപ്രമുഖരും എഴുത്തുകാരും ബുദ്ധിജീവികളും ഒക്കെ ഉണ്ടായിരുന്നു. അത് രാഷ്ട്രീയ പരിപാടി ആയിരുന്നില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, സിപിഎം സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപിള്ളയുടെ മകന്‍ എം.ജി. രാധാകൃഷ്ണനും ഫക്രുദ്ദീന്‍ അലിയും പ്രൊഫ.മോഹന്‍ വര്‍ഗീസും സാമ്പത്തിക വിദഗ്ധനായ നിയതിയും പ്രമുഖ എഴുത്തുകാരിയായ ഒ.വി .ഉഷയും അടക്കം ധാരാളം പേര്‍ അതില്‍ പങ്കെടുത്തിരുന്നു. സന്യാസിശ്രേഷ്ഠന്മാര്‍ക്കൊപ്പം മറ്റു മതവിഭാഗങ്ങളിലെ ഉന്നത ശീര്‍ഷരും പങ്കെടുത്തിരുന്നു. നൂറുവര്‍ഷം ഒരു പിളര്‍പ്പുമില്ലാതെ ഈ രാഷ്ട്രത്തെ പരമവൈഭവത്തില്‍ എത്തിക്കണം എന്ന ഏകലക്ഷ്യവുമായി വ്രതനിഷ്ഠയോടെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനം നൂറുവര്‍ഷം പിന്നിടുമ്പോള്‍, പൊതുസമൂഹത്തില്‍ എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍, സംശയമുണ്ടെങ്കില്‍ അഭിപ്രായവ്യത്യാസം, ഉണ്ടെങ്കില്‍ അവ ദൂരീകരിക്കാന്‍ സമൂഹത്തിലെ പ്രമുഖരെ ക്ഷണിച്ചുവരുത്തി അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനേക്കാള്‍ വലിയ ഒരു ജനാധിപത്യ സംവിധാനം മറ്റേത് പ്രസ്ഥാനത്തില്‍ ഉണ്ട്. അതിനെ ആദരിക്കുന്നതിന് പകരം ഇത്തരം രാഷ്ട്രീയ നാടകം കളിച്ചാല്‍ ആര്‍എസ്എസ് അതിനൊന്നും മറുപടി പറയില്ല. കാരണം അതിന് പാഴാക്കാന്‍ സമയമില്ല. ഇക്കാര്യത്തില്‍ മാതൃഭൂമി ദിനപത്രം മുഖപ്രസംഗം എഴുതി. വൈസ് ചാന്‍സലര്‍മാര്‍ പ്രഭാഷണ ചടങ്ങില്‍ പങ്കെടുത്തത് ഈ നാടിനെ ലജ്ജിപ്പിച്ചിരിക്കുകയാണ് എന്നും ഹിന്ദുത്വ രാഷ്ട്രീയം സാവകാശത്തിലെങ്കിലും സമൂഹത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്ന, നവോത്ഥാനത്തെ തലകീഴായി വായിക്കുന്ന പുതിയ കേരളത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് എന്നുമാണ് മാതൃഭൂമി പറയുന്നത്. പുതിയ മാതൃഭൂമി പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമികവല്‍ക്കരണത്തിന്റെയും വോട്ട്ബാങ്കിന്റെയും തീവ്രവാദി രാഷ്ട്രീയത്തിന്റെയും പ്രതീകമാണ് ഈ മുഖപ്രസംഗം എന്ന് പറയാതിരിക്കാന്‍ കഴിയില്ല. വി.എം. നായരില്‍ നിന്ന് വീരേന്ദ്രകുമാറിലേക്ക് എത്തിയപ്പോള്‍ തകര്‍ന്നതാണ് മാതൃഭൂമിയുടെ ജനാധിപത്യബോധവും മൂല്യങ്ങളും സ്വത്വവും. ജനാധിപത്യമൂല്യങ്ങളെ ഒരിക്കലും മാനിക്കാത്ത തകര്‍ച്ചയിലേക്ക് മാതൃഭൂമി കൂപ്പുകുത്തിക്കഴിഞ്ഞു.
ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വം ഏത് കാലത്ത് ഏതു നവോത്ഥാനത്തിനെതിരെയാണ് നിലപാട് എടുത്തിട്ടുള്ളത്. കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാനം എന്നത് ജാതിക്കതീതമായി പൂജ ചെയ്യാനും ക്ഷേത്ര തന്ത്രം പഠിക്കാനും എല്ലാവര്‍ക്കും അധികാരം ഉണ്ടെന്ന് പ്രഖ്യാപിച്ച പാലിയം വിളംബരമാണ്. ആ വിളംബരത്തിന് നായകത്വം വഹിച്ചത് ആര്‍എസ്എസ് നേതാവായ പി. മാധവ്ജിയാണ്. എളവൂര്‍ തൂക്കത്തിനെതിരെയും അതിരാത്രത്തില്‍ വപ എടുക്കുന്നതിനെതിരെയും നിലപാടെടുത്ത, ജാതിയില്ലാത്ത ഹിന്ദുത്വത്തിന് വേണ്ടി അനവരതം പോരാടുന്ന ആര്‍എസ്എസ് മുന്നോട്ടുവച്ച സാമൂഹ്യ വിപ്ലവത്തിന് അപ്പുറം എന്ത് നവോത്ഥാനം ആണുള്ളത്. ചരിത്രത്തിലും ചരിത്രരചനയിലും ഉണ്ടായിട്ടുള്ള അപനിര്‍മ്മാണങ്ങള്‍ ഇന്ന് അക്കാദമിക സമൂഹം തിരിച്ചറിയുകയും അത് ചെയ്ത ഇടതുപക്ഷ ചരിത്രകാരന്മാരെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്യുമ്പോള്‍ മാതൃഭൂമിയില്‍ ജിഹാദികളുടെ കൂലിപറ്റി എഴുതുന്ന കുറച്ചുപേര്‍ക്കെങ്കിലും അതില്‍ അസ്വസ്ഥതയുണ്ടാകും. കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമായിത്തീര്‍ന്ന ഒരു കഷണം ജനതാദളിനെ യുഡിഎഫില്‍ എത്തിക്കാന്‍ വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമാണിതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ആര്‍എസ്എസ് അത്ര മോശക്കാരാണെങ്കില്‍ ആര്‍എസ്എസുകാര്‍ മാതൃഭൂമി പത്രവും പ്രസിദ്ധീകരണങ്ങളും വാങ്ങരുതെന്ന് പറയാനുള്ള ആര്‍ജ്ജവമാണ് മാതൃഭൂമി മാനേജ്‌മെന്റ് കാട്ടേണ്ടത്. മാതൃഭൂമിയുടെ 75-ാം ജന്മദിനത്തില്‍ അടല്‍ ബിഹാരി വാജ്‌പേയിയെയും ജന്മശതാബ്ദിയില്‍ നരേന്ദ്രമോദിയെയും പങ്കെടുപ്പിക്കരുതായിരുന്നു. അവര്‍ രണ്ടുപേരും ആര്‍എസ്എസുകാരാണ്. മാതൃഭൂമിയുടെ പടിക്കെട്ട് കടന്ന് എല്ലാ രാഷ്ട്രീയക്കാരും അവിടെ എത്തിയിട്ടുണ്ട്. മാതൃഭൂമി കോണ്‍ഗ്രസ് ആയിരുന്നപ്പോഴും വീരേന്ദ്രകുമാറിന്റെ നിലപാടിന് അനുസരിച്ച് ഇടതുപക്ഷത്തേക്കും വലതുപക്ഷത്തേക്കും മാറിമാറി ചാടിയപ്പോഴും നിലനിര്‍ത്തിയിരുന്ന വിശ്വാസ്യത അതിന്റെ പത്രാധിപസമിതിയുടെ പേരിലായിരുന്നു. ഇന്ന് അവര്‍ വിലയ്‌ക്കെടുക്കപ്പെട്ടിരിക്കുന്നുവെന്ന് പൊതുസമൂഹം കരുതുന്ന രീതിയില്‍ ആണ് ഈ മുഖപ്രസംഗവും വന്നിരിക്കുന്നത്. സ്വന്തം മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ മുഖപ്രസംഗം എഴുതിയ മാതൃഭൂമി, മലബാര്‍ കലാപം പ്രസിദ്ധീകരിച്ച മാതൃഭൂമി, ബീമാപള്ളിയിലെ ഹദ്ദടിയും, മുത്തലാക്കിന്റെ ദുരന്തവും 30 വയസ്സില്‍ മുത്തശ്ശി ആകുന്ന മലപ്പുറത്തെ മുസ്ലിം സ്ത്രീകളെയും തുറന്നുകാട്ടിയ മാതൃഭൂമി ഇന്ന് ജീവനോടെയില്ല. ഇത്തരം ഒരു വാര്‍ത്ത ഇന്ന് മാതൃഭൂമിക്ക് ചെയ്യാന്‍ ആകുമോ? പിന്നോട്ട് പോയതും പുരോഗമന ചിന്തയില്‍ നിന്ന് പിന്‍വലിഞ്ഞതും ആരാണ്? എല്ലാ സമൂഹങ്ങളെയും ഒരേപോലെ കാണുകയും അനാചാരങ്ങള്‍ തുറന്നുകാട്ടുകയും പോരാടുകയും ചെയ്ത കെ.പി. കേശവമേനോന്റെയും വി.എം. നായരുടെയും വി.പി. രാമചന്ദ്രന്റെയും എം. ഡി. നാലപ്പാട്ടിന്റെയും മാതൃഭൂമി സൃഷ്ടിച്ച പരിവര്‍ത്തനവും, ജനഹൃദയത്തില്‍ സൃഷ്ടിച്ച സ്വന്തം എന്ന ഭാവവും നിഷ്പക്ഷനയവും ഇന്ന് എവിടെയാണുള്ളത്!






















