അഖണ്ഡഭാരതം എന്ന ആര്‍എസ്എസ് സങ്കല്പം, ഇന്ന് പ്രായോഗികമാണോ? ഭാരതവിഭജനം ഒരു യാഥാര്‍ത്ഥ്യമല്ലേ?
അഖണ്ഡഭാരതം ആര്‍. എസ്.എസ്സിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഭാരതത്തെ മതാടിസ്ഥാനത്തില്‍ അല്ല, സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.എസ്.എസ് നിര്‍വചിക്കുന്നത്. മതാടിസ്ഥാനത്തില്‍ ഭാരതത്തെ വിഭജിക്കുന്നതിനെ ആര്‍എസ്എസ് അംഗീകരിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഭാരതം വിഭജിക്കപ്പെട്ടു. അങ്ങനെ രൂപംകൊണ്ട പാകിസ്ഥാന്‍ 1971ല്‍ രണ്ടായി പിളര്‍ന്ന് ഭാരതത്തിന്റെ കിഴക്കന്‍ ഭാഗത്ത് ബംഗ്ലാദേശ് ഉണ്ടായി. ഇന്ന് ഭാരത ഉപഭൂഖണ്ഡത്തില്‍ അങ്ങനെ മൂന്ന് സ്വതന്ത്ര രാജ്യങ്ങള്‍ ഉണ്ട്. നമ്മുടെ രാഷ്ട്രീയ നേതൃത്വം ഒരുഭാഗത്ത് മതേതരത്വവും, മറുഭാഗത്ത് മതാ ന്ധതയുമാണ് പ്രോത്സാഹിപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ മുസ്ലീം ലീഗിന് സഹായകമായിരുന്നു. ഭാരത വിഭജനം എന്ന ആശയം അശാസ്ത്രീയവും അപകടം നിറഞ്ഞതുമായിരുന്നു. വിഭജനംകൊണ്ട് പ്രശ്‌നങ്ങള്‍ കൂടുകയാണുണ്ടായത്. മാത്രമല്ല മുസ്ലീങ്ങളില്‍ വലിയൊരു ശതമാനം പാകിസ്ഥാന്‍ വാദത്തെ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടാണ് ബഹുഭൂരിപക്ഷവും ഭാരതത്തില്‍ തന്നെ കഴിഞ്ഞത്. ഇന്ന് പാകിസ്ഥാനിലും, ബംഗ്ലാദേശിലും ഉളളതിനേക്കാള്‍ മുസ്ലീങ്ങള്‍ വസിക്കുന്നത് ഭാരതത്തിലാണ്. അതുകൊണ്ടുതന്നെ 1947ല്‍ മതാടിസ്ഥാനത്തില്‍ ഭാരതം വിഭജിച്ചു എന്നു പറയുന്നതും പൂര്‍ണ്ണമായി ശരിയല്ല. ചില പ്രദേശങ്ങള്‍ ചേര്‍ന്ന് പുതിയ മുസ്ലീം രാജ്യം രൂപപ്പെടുകയും, അവിടെ നിന്ന് ഹിന്ദു-സിഖ് മതവിഭാഗങ്ങളെ തുരത്തുകയുമാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ ഭാരതത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ചിരുന്നു എങ്കില്‍ മുസ്ലീം സമൂഹം പൂര്‍ണ്ണമായും പാകിസ്ഥാനെ സ്വീകരിക്കുമായിരുന്നില്ലേ? ഇവിടെ അങ്ങനെയുണ്ടായില്ല. അതുകൊണ്ടാണ് വിഭജനം ഒരു രാഷ്ട്രീയ പ്രതിഭാസമായിരുന്നു എന്ന് നാം പറയുന്നത്.
ഇതൊക്കെയാണെങ്കിലും നിലവിലുള്ള പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ പരമാധികാര രാജ്യങ്ങള്‍ അഖണ്ഡഭാരതത്തില്‍ ലയിച്ചു ചേരും എന്നത് നമുക്ക് പ്രവചിക്കാന്‍ സാധിക്കാത്തതാണ്. എന്നിരുന്നാലും സാംസ്‌കാരികമായ ഏകത്വം ഇല്ലാതാകുന്നില്ല. ഭാഷ, വേഷം, ചരിത്രം, ആഹാരം, കല, സാഹിത്യം, ഇവയിലെല്ലാം ഈ മൂന്നു രാജ്യങ്ങളും ഒന്നാണ്. മതാന്ധതയുടെ രാഷ്ട്രീയം അവരെ വേര്‍പിരിച്ചതാണ്. ഈ പശ്ചാത്തലത്തില്‍ അഖണ്ഡഭാരതം ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം ആകണമെന്നില്ല. പക്ഷേ ഈ രാജ്യങ്ങള്‍ തമ്മിലുളള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് റഷ്യന്‍ റിപ്പബ്ലിക്കുകള്‍ ചെയ്തതുപോലുള്ള ഫെഡറേഷന്‍ പ്രായോഗികമാണ് (സി.ഐ.എസ്). മേഖലാ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍, അതായത് യൂറോപ്യന്‍ യൂണിയന്‍പോലെ സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയാണല്ലോ. ഭാരത ഉപഭൂഖണ്ഡത്തിലും അത് സാദ്ധ്യമാണ്. ഇപ്പോള്‍ അത് പ്രായോഗികമല്ലെങ്കിലും ഭാവിയില്‍ ഈ മേഖലയില്‍ ആ തരത്തില്‍ മേഖലാ സഹകരണം ഉണ്ടാവും. അതുകൊണ്ടുതന്നെ അഖണ്ഡഭാരതം ഒരു സാംസ്‌കാരിക യാഥാര്‍ത്ഥ്യമാണ്. രാഷ്ട്രീയ പരിമിതികള്‍ പലപ്പോഴും കാലികമാണ്. മാത്രമല്ല ഭാരതത്തിന്റെ ദേശീയഗാനത്തിലെ വര്‍ണ്ണന അഖണ്ഡഭാരതമാണ്. ദേശീയഗാനത്തില്‍ പറയുന്ന പഞ്ചാബിലെ പ്രധാന പ്രദേശങ്ങളും, പഴയ പഞ്ചാബിന്റെ തലസ്ഥാനവും പാകിസ്ഥാനിലാണ്. സിന്ധ് പൂര്‍ണ്ണമായും പാകിസ്ഥാനിലാണ്. ഇത് സൂചിപ്പിക്കുന്നത് അഖണ്ഡഭാരതം കേവലം ആര്‍.എസ്.എസ്സിന്റെ മാത്രം സങ്കല്പമല്ല. അത് ഭാരതദേശീയതയുടെ പര്യായം തന്നെയാണ്. മതാടിസ്ഥാനത്തില്‍ ദേശീയതയെ കാണുന്നവര്‍ മാത്രമാണ് അഖണ്ഡഭാരതത്തെ എതിര്‍ക്കുന്നത്. ഹിന്ദുരാഷ്ട്രസങ്കല്പം മതരാഷ്ട്രമല്ല എന്നതുകൊണ്ടാണ് അഖണ്ഡ ഭാരതം എന്ന സങ്കല്പത്തെ ആര്‍.എസ്.എസ് സ്വീകരിച്ചിരിക്കുന്നത്.






















