ഓര്‍മ്മയിലിരമ്പുന്നു
ഭാരതാദര്‍ശം പുത്തന്‍
ചേതനാ പരിമളം
ചാര്‍ത്തിയ ഗുരുനാഥന്‍
ആയിരം പറവകള്‍
പറന്നു പാടീടിലും
പാവനം നീലാകാശം
നിര്‍മ്മലം തേജോമയം
നൂറു വേഷങ്ങള്‍ നൃത്ത
മാടിയെന്നാലും കര്‍മ്മ
വേദാന്തമൊന്നാണെന്നു
നീ പഠിപ്പിച്ചു ശ്രേഷ്ഠം.
ആര്‍ക്കുമേ വഴങ്ങാത്ത
തത്ത്വരത്‌നമാം കാവ്യം
നിന്റെ കൈക്കുടന്നയില്‍
കോരി നീയെടുക്കവേ
നൂറു നൂറ്റാണ്ടിന്‍ പുണ്യ
മാകുമാത്തിരുക്കുറല്‍
മാനവസേവാ തീര്‍ത്ഥ
മാക്കിയ മഹാകവേ!
ദിക്കുകള്‍നാലും നോക്കി
നിന്നു വിസ്മയം പൂണ്ടു
വിസ്തൃതപ്രപഞ്ചത്തെ
നവ്യമായ് നീ മാറ്റവേ
കണ്ണനെ കണ്ണിന്‍ മുമ്പില്‍
കണ്ട ധന്യതയോടെ
ഇഷ്ടമാംനൈവേദ്യമായ്
‘ഇഷ്ട പതി’ യെത്തന്നെ
നല്‍കിയ സൗഭാഗ്യമേ
സന്തതം സ്മരിക്കുന്നേന്‍
മധു നിഷ്യന്ദീ ഭക്തി
ഗാനസഞ്ചയം മര്‍ത്യ-
മാനസം സൗപര്‍ണ്ണികേ
തീര്‍ത്ഥപാദരേ തൊഴാം.
ഗുരു സാഗരം നീന്തി-
ക്കേറിയാ മഹായോഗീ
രത്‌ന ദര്‍ശനം കാവ്യ
‘ഗുരു പൗര്‍ണ്ണമി’യായി.
മാനവ സേവാ തീര-
ത്താരതിയുഴിഞ്ഞ നീ
മാധവ സേവോന്മേഷ-
നൂഴിയില്‍ വരിഷ്ടനായ്.
സാര്‍ത്ഥകംജീവാത്മാവി
ന്നിനിയുണ്ടാമോ ജന്മം?
കര്‍മ്മയോഗികള്‍ ചൊല്ലു
ന്നിതു വിസ്മയം മാത്രം
നൂറ്റാണ്ടിന്നൊരിക്കലേ
യിതുപോലിനിയുണ്ടാവൂ…
വന്ദനം തഥാഗത
ഗാഥ പോലീ മണ്ണിന്റെ
നന്മയായ് വസന്തമായ്
നീ വരൂ വീണ്ടും കവേ!
തിരുക്കുറല്‍ – തര്‍ജ്ജമ
ഇഷ്ടപതി
ഗുരു പൗര്‍ണ്ണമി
കവിതകള്‍






















