- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- സ്വയംസേവകർ സൈനികർക്കൊപ്പം റിപ്പബ്ലിക് ദിന പരേഡിൽ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 35)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ലോകത്തില്‍ ഭാരതത്തിന്റെ ശക്തി ആദ്യം അതിന്റെ ആഭ്യന്തര ഐക്യത്തിലാണെന്ന ഉറച്ച വിശ്വാസമാണ് ആര്‍എസ്എസ്സിനുള്ളത്. ആഭ്യന്തരമായി വിഭജിക്കപ്പെട്ട ഒരു രാഷ്ട്രത്തിന് ഒരിക്കലും ആഗോള തലത്തില്‍ ബഹുമാനം നേടാനാവില്ലെന്നും യഥാര്‍ത്ഥ പരമാധികാരം രാഷ്ട്രീയ ശക്തിയില്‍ മാത്രമല്ല, സാംസ്‌കാരിക ആത്മവിശ്വാസത്തിലും അധിഷ്ഠിതമാണെന്നും ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ മനസ്സിലാക്കിയിരുന്നു. ഈ ദര്‍ശനം സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ മൂന്ന് വലിയ യുദ്ധങ്ങളില്‍ പരീക്ഷിക്കപ്പെട്ടു. 1962 ലെ ചൈനയുമായുള്ള യുദ്ധത്തിലും 1965 ലെയും 1971 ലെയും പാകിസ്ഥാനുമായുള്ള യുദ്ധങ്ങളിലും. ഈ ഓരോ പ്രതിസന്ധിയും ഭാരതത്തിന്റെ സൈനിക-നയതന്ത്ര പാതയെ രൂപപ്പെടുത്തുക മാത്രമല്ല, ദേശീയ പ്രതിരോധത്തിന്റെ യഥാര്‍ത്ഥ അധിഷ്ഠാനങ്ങള്‍ സാംസ്‌കാരിക വ്യക്തതയും സാമൂഹിക അച്ചടക്കവും ഐക്യവുമാണെന്ന ആര്‍എസ്എസ്സിന്റെ ലോകവീക്ഷണത്തെവെളിപ്പെടുത്തുകയും ചെയ്തു.
1962 ല്‍ ചൈനയുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, രാജ്യത്തുടനീളം സംഘത്തിന്റെ സ്വയംസേവകര്‍ സഹായഹസ്തവുമായി മുന്നോട്ടുവന്നു. ഗതാഗതനിയന്ത്രണം നിര്‍വഹിക്കുകയും ജനകീയ പ്രതിരോധത്തെ ശക്തിപ്പെടുത്തുകയും രക്തദാനം നടത്തുകയും സൈനികരുടെ കുടുംബങ്ങളെ സഹായിക്കുകയും ചെയ്തു. സ്വയംസേവകരുടെ അച്ചടക്കവും സേവനമനോഭാവവും അത്രയേറെ ശ്രദ്ധേയമായിരുന്നു. ആര്‍എസ്എസ്സിനോടുള്ള തന്റെ ആഴത്തിലുള്ള രാഷ്ട്രീയ വിരോധം ഉണ്ടായിരുന്നിട്ടും പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റുവിനു പോലും അവരുടെ സേവനതല്‍പ്പരതയ്ക്കു മുന്നില്‍ ആദരവോടെ തലകുനിക്കേണ്ടിവന്നു.1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസ് സ്വയംസേവകരെ നെഹ്‌റു സര്‍ക്കാര്‍ ക്ഷണിച്ചത് പലരെയും അത്ഭുതപ്പെടുത്തി. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ അസാധാരണമായ ഒരു നിമിഷമായിരുന്നു അത്.
ആര്‍എസ്എസ്സിന്റെ സേവനവും അംഗീകാരവും
1963 ലെ റിപ്പബ്ലിക്ദിന പരേഡില്‍ രാജ്പഥില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ച ദല്‍ഹിയിലെ ആര്‍എസ്എസ് സ്വയംസേവകര്‍ക്ക് തീര്‍ച്ചയായും അഭിമാന നിമിഷമായിരുന്നു. എന്നാല്‍, പരേഡ് ആരംഭിക്കുന്നതിന് വെറും 24 മണിക്കൂര്‍ മുമ്പാണ് അറിയിപ്പ് ലഭിച്ചത്. എന്നിട്ടും അവര്‍ അത് അത്യന്തം കൃത്യതയോടെ നിര്‍വഹിച്ചു. ആ ദിവസത്തെ ഓര്‍മ്മിച്ചുകൊണ്ട് അന്ന് ഷാഹ്ദാരയിലെ ഫര്‍ഷ് ബസാറില്‍ താമസിച്ച് ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്ന വിജയ് കുമാര്‍ പറയുന്നത് ഇങ്ങനെയാണ്:
”മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാന്‍ പണ്ഡിറ്റ് നെഹ്രുവിന്റെ സര്‍ക്കാരില്‍ നിന്ന് ക്ഷണം ലഭിച്ചു. അന്ന് സോഹന്‍ സിംഗ് സംഭാഗിന്റെ പ്രചാരകനായിരുന്നു. അന്നത്തെ സംഭാഗില്‍ മുഴുവന്‍ ദല്‍ഹിയും പഞ്ചാബും ഹരിയാനയും ഹിമാചല്‍ പ്രദേശും ജമ്മുകാശ്മീരും ഉള്‍പ്പെട്ടിരുന്നു. സര്‍ക്കാരിന്റെ പ്രതിനിധി ക്ഷണവുമായി എത്തിയപ്പോള്‍ അത് സ്വീകരിക്കുകയും സംഘ സ്വയംസേവകര്‍ മാര്‍ച്ച് പാസ്റ്റില്‍ സന്തോഷപൂര്‍വം പങ്കെടുക്കുകയും ചെയ്തു. പക്ഷേ സ്വന്തം ഗണവേഷത്തിലും ഘോഷ് (ബാന്‍ഡ്) സഹിതവും മാത്രമേ പങ്കെടുക്കുകയുള്ളൂവെന്ന് സോഹന്‍ സിംഗ് ജി അറിയിച്ചു. ‘ഉടന്‍ തന്നെ വിവരം അറിയിക്കാം’ എന്നു പറഞ്ഞ് സര്‍ക്കാര്‍ പ്രതിനിധി മടങ്ങി.” (1)
വിജയ്കുമാര്‍ തുടരുന്നു: ”എന്റെ അറിവില്‍, ആര്‍എസ്എസ് ഗണവേഷത്തില്‍ പരേഡില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവരം പരേഡ് ആരംഭിക്കുന്നതിന് വെറും 24 മണിക്കൂര്‍ മുമ്പാണ് ലഭിച്ചത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ച ഉടന്‍, സോഹന്‍ സിംഗ് ജി മാര്‍ച്ച് പാസ്റ്റിനുള്ള ഒരുക്കങ്ങള്‍ക്കായി പ്രവര്‍ത്തകരെ അറിയിക്കുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ചു. സ്വയംസേവകരെ കൊണ്ടുപോകാന്‍ ബസുകള്‍ നില്‍ക്കുന്ന സ്ഥലങ്ങളെക്കുറിച്ച് അറിയിക്കാന്‍ സോഹന്‍ജി രാത്രി മുഴുവന്‍ ടെലിഫോണ്‍ വിളികള്‍ നടത്തി. അന്ന് എല്ലാവര്‍ക്കും ടെലിഫോണ്‍ സൗകര്യമില്ലായിരുന്നു. കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍ തുടങ്ങി മറ്റു ആശയവിനിമയ മാര്‍ഗങ്ങളും വളരെ കുറവായിരുന്നു. അതിനാല്‍ സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന സ്വയംസേവകര്‍ രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ച് മറ്റുള്ളവരെ വിവരം അറിയിക്കുകയും തയ്യാറാക്കുകയും ചെയ്തു. ഒടുവില്‍ നിശ്ചയിച്ച സമയത്തിന് മുമ്പായി എല്ലാ ബസുകളും നിറഞ്ഞു. നിരവധി സ്വയംസേവകര്‍ക്ക് ഒരു ബസിലും സ്ഥലം ലഭിച്ചില്ല. ഏകദേശം 3000 സ്വയംസേവകര്‍ രാവിലെ എട്ട് മണിക്ക് മുമ്പ് വേദിയിലെത്തി.
”ഞങ്ങളുടെ കണ്ടിന്‍ജന്റ് അവസാനമായിരുന്നു മാര്‍ച്ച് ചെയ്യേണ്ടത്. എന്നാല്‍ അതുവരെ ആരും മടുത്തില്ല. സംഘ ശാഖകളിലെ പതിവുപോലെ, ഞങ്ങള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിക്കുകയും ആ നിമിഷം നന്നായി ആസ്വദിക്കുകയും ചെയ്തു. നിരവധി സൈനിക ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ ദേശഭക്തിഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയുമുണ്ടായി. അവര്‍ക്കും വലിയ ആവേശമായിരുന്നു. ഞങ്ങളുടെ കണ്ടിന്‍ജന്റ് സംഘ ബാന്‍ഡിന്റെ സംഗീതത്തിനൊത്ത് മാര്‍ച്ച് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, കമന്റേറ്റര്‍ പറഞ്ഞു: ”അച്ചടക്കത്തോടെ മാര്‍ച്ച് ചെയ്യുന്ന ഈ ആളുകളെ നിങ്ങള്‍ എല്ലാവര്‍ക്കും നന്നായി അറിയാം.” ആ വിവരണം വളരെ ഹൃദയസ്പര്‍ശിയായിരുന്നു. ഞങ്ങളുടെ മാര്‍ച്ചിംഗ് കണ്ടിന്‍ജന്റിനെക്കുറിച്ച് കമന്റേറ്റര്‍ ഉപയോഗിച്ച വാക്കുകള്‍ വളരെ പ്രചോദനാത്മകമായിരുന്നു.”(2) അന്ന് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്ന വിജയ് കുമാര്‍ ഓര്‍ക്കുന്നു.
സ്വയംസേവകര്‍ അതിരാവിലെ തന്നെ എത്തിയിരുന്നു. എന്നാല്‍ പരേഡ് രാവിലെ 9 മണിക്ക് ആരംഭിച്ചു. സ്വയംസേവകരുടെ അവസരം ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു. എന്നിട്ടും ആരും പ്രഭാതഭക്ഷണത്തെക്കുറിച്ച് ചിന്തിച്ചില്ല. ഏകദേശം 200 ഘോഷ് സ്വയംസേവകരും അവരുടെ വാദ്യോപകരണങ്ങളുമായി പരേഡില്‍ പങ്കെടുത്തു. അന്ന് സര്‍ക്കാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പരേഡിലേക്ക് ക്ഷണിക്കാന്‍ കാരണമായ പ്രേരണ എന്താണെന്ന് ചോദിച്ചപ്പോള്‍ വിജയ് കുമാര്‍ പറഞ്ഞു:
”1962 ലെ ചൈനയ്‌ക്കെതിരായ യുദ്ധത്തില്‍ സ്വയംസേവകര്‍ സൈന്യത്തിന് നല്‍കിയ സജീവ പിന്തുണ തന്നെയായിരുന്നു പ്രധാന കാരണം. നെഹ്രുജി സമൂഹത്തേയും പരേഡില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചു. അന്ന് ഭാരത് സേവക് സമൂഹവും ആര്‍എസ്എസ്സും മാത്രമാണ് പരേഡില്‍ പങ്കെടുക്കാന്‍ കഴിയുന്ന പ്രധാന സംഘടനകള്‍. പക്ഷേ ഭാരത് സേവക് സമൂഹത്തിന്റെ ശക്തി വളരെ കുറവായിരുന്നു. അതിനാല്‍ പ്രദേശത്ത് ശക്തമായ സാന്നിധ്യമുണ്ടായിരുന്ന, വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മാര്‍ച്ച് പാസ്റ്റിനായി തയ്യാറാകാന്‍ കഴിയുന്ന ആര്‍എസ്എസ്സിനെ സര്‍ക്കാര്‍ ക്ഷണിച്ചു. എന്നാല്‍ ക്ഷണം ലഭിച്ചപ്പോള്‍ ഗണവേഷം (യൂണിഫോം) ഇല്ലാതെ പങ്കെടുക്കില്ലെന്ന് ആര്‍എസ്എസ് വ്യക്തമായി അറിയിക്കുകയായിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ അത് അനുവദിച്ചു. പരേഡ് ആരംഭിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പാണ് ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്. എന്നിട്ടും ഒരു റിഹേഴ്‌സലും കൂടാതെ ഞങ്ങള്‍ പങ്കെടുത്തു.”(3)

നെഹ്‌റുവിന് മനോഭാവം മാറ്റേണ്ടി വന്നു
നോയിഡയില്‍ താമസിച്ചിരുന്ന ജാഗൃതി പ്രകാശന്റെ ഉടമ കൃഷ്ണാനന്ദ് സാഗറും അന്നത്തെ ദിവസങ്ങളില്‍ തങ്ങളോടൊപ്പമുണ്ടായിരുന്നു എന്നാണ് വിജയ് കുമാര്‍ ഓര്‍ക്കുന്നത്. അന്ന് സംഘ പ്രചാരകനായിരുന്ന കൃഷ്ണപ്രസാദ് പരേഡിന്റെ ഒരുക്കങ്ങളില്‍ സജീവ പങ്ക് വഹിച്ചു. പില്‍ക്കാലത്ത് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘിന്റെ മുഖപത്രമായ ‘വിശ്വകര്‍മ സങ്കേത്’ എഡിറ്റ് ചെയ്യുന്ന കെ.എല്‍. പഥേലയും അന്ന് അവരോടൊപ്പമുണ്ടായിരുന്നു.
”പരേഡില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ഞങ്ങളെ ക്ഷണിച്ചത് തീര്‍ച്ചയായും ആഹ്ലാദകരമായ ഒരു നിമിഷമായിരുന്നു. ഓരോ ഭാരതീയന്റെയും അഭിമാന നിമിഷമാണത്. പാര്‍ലമെന്റില്‍ ‘ഞാന്‍ ആര്‍എസ്എസ്സിനെ തകര്‍ക്കും’ എന്നു പ്രഖ്യാപിച്ച വ്യക്തി തന്നെ പിന്നീട് ഞങ്ങളെ ആദരവോടെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. നെഹ്‌റുവിന്റെ ആ പരാമര്‍ശത്തിന് അന്ന് ശ്യാമ പ്രസാദ് മുഖര്‍ജി മറുപടി പറഞ്ഞത്: ‘നിങ്ങളുടെ ഈ തകര്‍ക്കല്‍ മനോഭാവത്തെ ഞാന്‍ തകര്‍ക്കും’ എന്നായിരുന്നു.” (4)
ആ അഭിമാന നിമിഷം ഓര്‍മ്മിച്ചുകൊണ്ട് കെ.എല്‍. പഥേല പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: ”എണ്‍പത് വയസ്സായ ഇന്നും 1963 ജനുവരി 26 ഞാന്‍ മറന്നിട്ടില്ല. ആ ദിവസത്തിലെ ഓരോ നിമിഷവും എനിക്ക് ഓര്‍മ്മയുണ്ട്. ന്യൂദല്‍ഹി ജനക്പുരി ശാഖയിലെ ചില സ്വയംസേവകര്‍ക്ക് ഈ വാര്‍ത്ത ലഭിച്ചപ്പോള്‍ ഞങ്ങള്‍ അതിയായ ആവേശത്തിലായി. പരേഡില്‍ പങ്കെടുക്കുക എന്നതിലുപരി, നെഹ്രു സര്‍ക്കാര്‍ ആര്‍എസ്എസ് സ്വയംസേവകരുടെ ദേശഭക്തിയെ ആദരിക്കുന്നു എന്ന തിരിച്ചറിവും ഇതിന് കാരണമായിരുന്നു. ജനക്പുരിയില്‍ നിന്ന് ഞങ്ങള്‍ രണ്ട് സ്വയംസേവകര്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തു. ഞങ്ങളുടെ കണ്ടിന്‍ജന്റ് സലാമി വേദി കടന്നുപോകുമ്പോള്‍ പ്രേക്ഷകര്‍ വലിയ കൈയടിയോടെയാണ് ഞങ്ങളെ സ്വീകരിച്ചത്. ഞങ്ങള്‍ ഇന്ത്യാ ഗേറ്റ് വരെ മാര്‍ച്ച് ചെയ്തു.” (5)
പഥേല തുടരുന്നു: ”1962 ലെ യുദ്ധകാലത്ത് സംഘ സ്വയംസേവകര്‍ രാഷ്ട്രത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഞങ്ങള്‍ സൈന്യത്തെ അവരുടെ ബങ്കറുകളിലേക്കുപോയും സഹായിച്ചു. ഒരു ദിവസം സ്വയംസേവകര്‍ ബങ്കറുകളില്‍ മധുരവുമായി എത്തിയപ്പോള്‍ വെടിവയ്പ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നിട്ടും അവര്‍ ബങ്കറിനുള്ളില്‍ കയറി ജവാന്‍മാര്‍ക്ക് ഖീര്‍ വിതരണം ചെയ്തു.” (6)
യുദ്ധകാലത്തെ മറ്റൊരു സംഭവം പഥേല ഓര്‍ക്കുന്നു: ”സൈനികര്‍ ട്രെയിനുകളിലും ട്രക്കുകളിലും അതിര്‍ത്തിയിലേക്ക് പോകുമ്പോള്‍ ജനങ്ങള്‍ എല്ലായിടത്തും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി. ദല്‍ഹിയിലെ ചില സ്വയംസേവകര്‍ ചേര്‍ന്ന് 697 രൂപ ശേഖരിച്ചു. ആ പണം ഉപയോഗിച്ച് ഞങ്ങള്‍ സൈനികര്‍ക്കായി പഴങ്ങള്‍ വാങ്ങി ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനിലെത്തി. സൈനികര്‍ നിറഞ്ഞ ഒരു ട്രെയിന്‍ പഞ്ചാബിലേക്കായിരുന്നു പോകുന്നത്. ഞങ്ങള്‍ ഓരോ ബോഗിയിലും കയറി പഴങ്ങള്‍ വിതരണം ചെയ്തു. അവര്‍ പറഞ്ഞു: ”നിങ്ങള്‍ ഇത്രയും പഴങ്ങള്‍ തന്നിരിക്കുന്നു. അവ സൂക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സ്ഥലമില്ല. പകരം ഇവ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുക.” (7)
ആര്‍എസ്എസ് സ്വയംസേവകര്‍ മാത്രമല്ല, അനുബന്ധ സംഘടനകളിലെ പ്രവര്‍ത്തകരും യുദ്ധകാലത്ത് സര്‍ക്കാരിനെ പിന്തുണച്ചു. ഭാരതീയ മസ്ദൂര്‍ സംഘ് അവരുടെ എല്ലാ സമരങ്ങളും നിര്‍ത്തിവച്ചിരുന്നു. ഇന്ന് ഞാന്‍ ഏതെങ്കിലും ശാഖ സന്ദര്‍ശിക്കുമ്പോള്‍ ഈ അനുഭവങ്ങള്‍ സ്വയംസേവകരുമായി പങ്കിടാറുണ്ട്. രാഷ്ട്രം എല്ലാവര്‍ക്കും ഒന്നാമതാണെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. ഒരു സംഘ സ്വയംസേവകന്റെ ഈ മനോഭാവം നമുക്ക് ഒരിക്കലും മറക്കാനാവില്ല.”(8)
ആര്‍എസ്എസ് വിരുദ്ധരുടെ കുപ്രചാരണങ്ങള്‍
1963 ലെ റിപ്പബ്ലിക് ദിനത്തില്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസ്സിനെ പൂര്‍ണ്ണ സംഘഗണവേഷത്തില്‍ പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത് ചരിത്ര പ്രാധാന്യമുള്ള ഒരു സംഭവമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. നെഹ്‌റുവിനും ഇത് അറിയാമായിരുന്നു. തന്റെ പാര്‍ട്ടിക്ക് ആര്‍എസ്എസ്സിനോട് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ എല്ലാവരും ഭിന്നതകള്‍ മറന്ന് ഐക്യത്തോടെ പ്രവര്‍ത്തിക്കണം എന്നതായിരുന്നു നെഹ്‌റുവിന്റെ ആ സമയത്തെ നിലപാട്.
ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനെയൊരു നിലപാട് മാത്രമേ സ്വീകരിക്കാനാവൂ. ഭാരത-ചൈന യുദ്ധകാലത്തെ ആര്‍എസ്എസ്സിന്റെ സമര്‍പ്പിതമായ സേവനങ്ങള്‍ വളരെ വലുതായിരുന്നു. രാജ്യത്തുടനീളമുള്ള സ്വയംസേവകര്‍ സൈന്യത്തെയും ജനങ്ങളെയും സഹായിക്കാന്‍ മുന്നോട്ടുവന്നു. ഈ സമര്‍പ്പണമാണ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഭാരത റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസ്സിനെ ക്ഷണിക്കാന്‍ പ്രേരിപ്പിച്ചത്.
ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ ആര്‍എസ്എസ്സിന് ഇങ്ങനെയൊരു പങ്കുണ്ടെന്ന് സമ്മതിക്കാനോ അംഗീകാരിക്കാനോ എതിരാളികള്‍ തയ്യാറല്ല. അവര്‍ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിലധികവും ഇടതുപക്ഷ രാഷ്ട്രീയക്കാരും ബുദ്ധിജീവികളുമാണ്. ഇതിന്റെ കാരണവും വ്യക്തമാണ്. ഭാരതത്തെ ചൈന ഏകപക്ഷീയമായി ആക്രമിച്ചപ്പോള്‍ പാര്‍ട്ടി എന്ന നിലയ്ക്കും നേതാക്കള്‍ എന്ന നിലയ്ക്കും ദേശസ്‌നേഹം തൊട്ടുതീണ്ടാതെ ശത്രുരാജ്യത്തെ പിന്തുണച്ചവരും, ശത്രു രാജ്യത്തിന്റെ സൈനികരെ സഹായിക്കാന്‍ സന്നദ്ധരായവരുമാണ് കമ്മ്യുണിസ്റ്റുകള്‍. ഇതായിരുന്നില്ല ആര്‍എസ്എസ് ചെയ്തത്. ജീവന്‍ അപകടത്തിലാവുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ബങ്കറുകളില്‍ പോയും സ്വയംസേവകര്‍ സൈനികരെ സഹായിച്ചിരുന്നു. ഇതിനുള്ള അംഗീകാരമായാണ് റിപ്പബ്ലിക് ദിന പരേഡില്‍ സൈനികര്‍ക്കൊപ്പം പങ്കെടുക്കാന്‍ അനുവദിച്ചത്. ഇത് സമ്മതിക്കേണ്ടി വന്നാല്‍ യുദ്ധരംഗത്ത് ആര്‍എസ്എസ് നല്‍കിയ സേവനവും സമ്മതിക്കേണ്ടിവരും. മാത്രമല്ല ഈ സമയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്തു ചെയ്യുകയായിരുന്നു എന്ന് ചര്‍ച്ചയും ഉയര്‍ന്നുവരും. കമ്മ്യൂണിസ്റ്റുകളുടെ ദേശവിരുദ്ധ മനോഭാവം വെളിപ്പെടുകയും ചെയ്യും.
റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍എസ്എസ് പങ്കെടുത്ത കാര്യം സമ്മതിക്കുന്നതില്‍ കോ ണ്‍ഗ്രസ്സിന്റെ പ്രശ്‌നം മറ്റൊന്നാണ്. ആര്‍എസ്എസ്സിന്റെ കടുത്ത വിമര്‍ശകനായിരുന്ന നെഹ്‌റുവാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ആര്‍എസ്എസ്സിന്റെ ദേശസ്‌നേഹത്തെ അംഗീകരിക്കലുമായിരുന്നു ഇത്. ആര്‍എസ്എസ്സിനെ അന്ധമായി എതിര്‍ക്കുന്ന കോണ്‍ഗ്രസ്സിനുള്ള മറുപടിയാണല്ലോ നെഹ്‌റുവിന്റെ നടപടി.
ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാരമ്പര്യം കൂടുതല്‍ സംരക്ഷിക്കാനും നെഹ്‌റുവിന്റെ സംഭാവനകളെ അടുത്ത തലമുറകള്‍ക്ക് പരിചയപ്പെടുത്താനും കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ഭാരതം ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി നയപരമായ കാര്യങ്ങളില്‍ നെഹ്‌റുവിന്റെ പാരമ്പര്യത്തെ നിരന്തരം ചോദ്യം ചെയ്യുകയുമാണ്. ഈ സാഹചര്യത്തില്‍ ചരിത്രത്തിലെ നിര്‍ണായകമായ ഒരു സന്ദര്‍ഭത്തില്‍ ആര്‍എസ്എസ്സിനെ നെഹ്‌റു അംഗീകരിച്ചിരുന്നു എന്നു സമ്മതിക്കുന്നതില്‍ കോണ്‍ഗ്രസ്സിന് പ്രശ്‌നങ്ങളുണ്ടാവാം.
സ്വയംസേവകരെ തടയാന്‍ കഴിയില്ലെന്ന് നെഹ്‌റു
1962 ലെ ഭാരത-ചൈന യുദ്ധത്തില്‍ ആര്‍എസ്എസ്സിന്റെ പങ്കിനെ അഭിനന്ദിച്ച് 1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ രാജ്പഥിലൂടെ മാര്‍ച്ച് ചെയ്യാന്‍ സ്വയംസേവകര്‍ക്ക് നല്‍കിയ അനുമതിയെക്കുറിച്ച് പലതരം തെറ്റിദ്ധാരണകള്‍ തല്‍പ്പരക്ഷികള്‍ സൃഷ്ടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ക്ഷണിച്ചതല്ല, ആര്‍എസ്എസ് സ്വന്തം നിലയ്ക്ക് പങ്കെടുക്കുകയായിരുന്നു എന്നതാണ് ഇതിലൊന്ന്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സൈന്യത്തിനൊപ്പം പങ്കെടുക്കാന്‍ ആര്‍ക്കും കഴിയില്ല. സന്നദ്ധസംഘടനകള്‍ക്ക് പങ്കെടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതുതന്നെയല്ലേ ഔദ്യോഗിക ക്ഷണം എന്നു പറയുന്നത്? സൈനികരായല്ല, പൗരന്മാര്‍ എന്ന നിലയ്ക്കാണ് ആര്‍എസ്എസ് പരേഡില്‍ പങ്കെടുത്തതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നെഹ്‌റുതന്നെ ഇക്കാര്യം വ്യക്മാക്കിയിട്ടുള്ള കാര്യം പ്രമുഖ മാധ്യമപ്രവര്‍ത്തക അതിഥി ഠാണ്ഡന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നെഹ്‌റു പറഞ്ഞത് ഇങ്ങനെയാണ്: ”ആര്‍എസ്എസ്… അതിനെക്കുറിച്ച് എന്താണ്? അതെ, അവര്‍ അവരുടെ യൂണിഫോമില്‍ ഉണ്ടായിരുന്നു-കാക്കി ഷോര്‍ട്ട്‌സും ഷര്‍ട്ടുകളും ധരിച്ച്. അവര്‍ ഏകദേശം 2,000 പേരുണ്ടായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അവരുടെ എണ്ണം കൂട്ടുന്നതിനായി മീററ്റിലും ഗാസിയാബാദിലും മറ്റ് സ്ഥലങ്ങളിലും നിന്ന് ചിലരെ അവര്‍ വിളിച്ചുവരുത്തിയിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു… കോണ്‍ഗ്രസ് സേവാ ദള്‍ എന്ന നിലയില്‍ ഞാന്‍ അവിടെ ആരെയും കണ്ടതായി ഓര്‍മ്മിക്കുന്നില്ല… പരേഡിന്റെ ഒരു ദിവസം മുമ്പ് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്റെ അടുത്തു വന്ന് പറഞ്ഞു: ആര്‍എസ്എസ്സിന്റെ ആളുകള്‍ ഗാസിയാബാദിലും മീററ്റിലും മറ്റു സ്ഥലങ്ങളിലും നിന്ന് യൂണിഫോം ധരിച്ചവരെ കൂട്ടിച്ചേര്‍ക്കുകയാണ്. എന്നാ ല്‍ ഞങ്ങള്‍ക്ക് അത്രയും യൂണിഫോമുകള്‍ ഇല്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു- നോക്കൂ, ആര്‍എസ്എസ് വരുന്നതില്‍ നിന്ന് എനിക്ക് തടയാനാവില്ല. എന്തിനെയും തടയുന്നത് തെറ്റാണ്.”(9) പലപ്പോഴും രാഷ്ട്രീയ കാരണങ്ങളാല്‍ ഭരണസംവിധാനം തഴയുകയും അവഗണിക്കുകയും ചെയ്തിരുന്ന അതേ സംഘടനയെ അംഗീകരിക്കാന്‍ രാഷ്ട്രം നിര്‍ബന്ധിതമായ ഒരു നിമിഷമായിരുന്നു അത്. ഒരു നൂറ്റാണ്ടിനു ശേഷവും ആ നിമിഷത്തിന്റെ ഓര്‍മ്മ പ്രതിധ്വനിക്കുന്നു. ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, 1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്ന് മാര്‍ച്ച് ചെയ്യുന്ന സംഘ സ്വയംസേവകരെ ചിത്രീകരിക്കുന്ന ഒരു സ്മാരക തപാല്‍ സ്റ്റാമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കുകയുണ്ടായി. ഈ പ്രതീകാത്മക നടപടി വെറും പഴയ ഓര്‍മ്മകളുടെ അനുസ്മരണമല്ല. ഒരുകാലത്ത് മനസ്സില്ലാമനസ്സോടെ മാത്രം അംഗീകരിക്കപ്പെട്ടിരുന്ന സംഘത്തിന്റെ അച്ചടക്കപൂര്‍ണമായ ദേശസ്‌നേഹം ഭാരതത്തിന്റെ ദേശീയ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമായി ആഘോഷിക്കപ്പെടുന്നതിന്റെ സ്ഥിരീകരണമാണ്.
(അടുത്തത്: അടിയന്തരാവസ്ഥക്കു പിന്നില്‍ ഇന്ദിര – സോവിയറ്റ് അച്ചുതണ്ട്)
അടിക്കുറിപ്പുകള്‍:-
1. Did you know that Nehru also recognised the contribution of RSS Swayam Sevaks, Prof. Paramod Kumar, Organizer- Jan 26, 2026.
2. Ibid
3. Ibid
4. Ibid
5. Ibid
6. Ibid
7. Ibid
8. Ibid
9. When Nehru said of RSS men at R-Day Parade: ‘Can’t stop them’, Aditi Tandon, Tribune News Service, Nov 15, 2024






















