പറക്കാനും നടക്കാനും സാധിക്കുന്ന, പകര്‍ച്ചവ്യാധികള്‍ പടര്‍ത്താന്‍ കഴിവുള്ള ചെറുപ്രാണിയാണ് പാറ്റ. വൃത്തിഹീനമായ ഓവുചാലുകളിലും, വിടവുകളിലും ഒളിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവ നമ്മുടെ ഭക്ഷണത്തിലും പാനീയങ്ങളിലും രോഗാണുക്കളെ സംക്രമിപ്പിക്കുന്നു. സമീപകാലത്ത് പാറ്റകളെ ഡിജിറ്റല്‍ രൂപം ധരിപ്പിച്ച് പൊതുസമൂഹത്തിലേക്ക് വിഷാണുക്കളെ സംക്രമിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വം തുനിയുന്ന കാഴ്ചകള്‍ കണ്ടു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിരര്‍ത്ഥക വ്യവഹാരങ്ങളെക്കുറിച്ചുള്ള ഒരു പരാമര്‍ശത്തില്‍ നിന്നും ഉരുവംകൊണ്ട ഈ പുത്തന്‍ കൂട്ടായ്മയെ ഒരു ആക്ഷേപഹാസ്യ പരിപാടിയായി മാത്രമേ അതിന്റെ പ്രയോക്താക്കള്‍ കരുതിയിട്ടുള്ളു എന്ന് അവര്‍ മുന്നോട്ടുവച്ച ആശയങ്ങളും അവരുടെ വെബ്‌സൈറ്റിലുള്ള വിവരങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാല്‍ ഇവരുടെ അഭ്യുദയകാംക്ഷികളായി നടിച്ചുകൊണ്ട് ഈ കൂട്ടായ്മയുടെ ആവിര്‍ഭാവത്തിന് പുതിയ വ്യഖ്യാനങ്ങള്‍ ചമച്ചുകൊണ്ടിരിക്കുന്ന ചിലര്‍ ഇതിനെ വല്ലാതെ പര്‍വ്വതീകരിച്ച് ദേശീയ രാഷ്ട്രീയത്തില്‍ പുത്തന്‍ ബദലുണ്ടാക്കാന്‍ അധരാധ്വാനം ചെയ്യുകയാണ്. ഇതൊരു ആക്ഷേപഹാസ്യ പ്രസ്ഥാനമാണ് എന്ന് അതിന്റെ ഉപജ്ഞാതാക്കള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രവുമല്ല ഈ സംഘടനയില്‍ അംഗമാകുന്നതിനുള്ള മാനദണ്ഡങ്ങള്‍തന്നെ പരിഹാസരൂപേണയുള്ളതാണ്. ഒന്നാമതായി തൊഴിലില്ലാത്തവര്‍ ആയിരിക്കണം. രണ്ടാമത്തെ മാനദണ്ഡം മടിയന്മാര്‍ ആയിരിക്കണം എന്നതാണ്. മൂന്നാമതായി ദിവസത്തില്‍ പതിനൊന്ന് മണിക്കൂറെങ്കിലും സ്ഥിരമായി ഓണ്‍ലൈനില്‍ ഉണ്ടായിരിക്കണം. കൂടാതെ നിരന്തരമായി പരാതിപ്പെടുന്ന മാസികാവസ്ഥയുള്ളവരായിരിക്കണം. ഒരു ഫലിതത്തിനപ്പുറത്തേക്ക് ചിന്തിച്ചാല്‍ എന്ത് മൗലികതയാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്? സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നടത്തിയ ഒരു പ്രയോഗത്തോടുള്ള യുവാക്കളുടെ ആക്ഷേപഹാസ്യ രോഷം പ്രകടിപ്പിക്കാന്‍ നവമാധ്യമമെന്ന ആധുനികകാലത്തിന്റെ അനന്തസാധ്യതകളുള്ള സങ്കേതത്തെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിലൂടെ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.
പുതുതലമുറയുടെ സ്വതഃസിദ്ധമായ അലസതയെയും അകാരണമായും നിരര്‍ത്ഥകമായും സ്‌ക്രീന്‍ അടിമകളാകുന്നതിനെയും വിമര്‍ശിക്കുന്നവരോട് ആ സമൂഹം വച്ചുപുലര്‍ത്തുന്ന പുച്ഛത്തിന്റെയും പരിഹാസത്തിന്റെയും ബഹിര്‍സ്ഫുരണമാണ് ഈ കൂട്ടായ്മയുടെ ഉത്ഭവകാരണമെന്ന് തിരിച്ചറിയാന്‍ മനഃശാസ്ത്രപഠനമോ ഗവേഷണത്വരയോ ആവശ്യമില്ല. ഈ കൂട്ടായ്മയുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണ്? വിരമിച്ചതിന് ശേഷം ഒരു ചീഫ് ജസ്റ്റിസിനും രാജ്യസഭാ സീറ്റ് നല്‍കാന്‍ പാടില്ല. ഏതെങ്കിലും സാധുവായ വോട്ട് ഇല്ലാതാക്കിയാല്‍, വോട്ടവകാശം നിഷേധിക്കുന്നത് ”തീവ്രവാദത്തേക്കാള്‍ ഒട്ടും കുറവല്ല” എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യണം. പാര്‍ലമെന്റിന്റെ അംഗബലം വര്‍ധിപ്പിക്കാതെ സ്ത്രീകള്‍ക്ക് 33%ന് പകരം 50% സംവരണം നല്‍കണം. കൂടാതെ, മന്ത്രിസഭയിലെ ആകെ സ്ഥാനങ്ങളില്‍ 50% സ്ത്രീകള്‍ക്കായി സംവരണം ചെയ്യണം. സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് അവസരം ഒരുക്കുന്നതിനായി, അദാനി ഗ്രൂപ്പിന്റെയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും (അംബാനി) ഉടമസ്ഥതയിലുള്ള എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും ലൈസന്‍സുകള്‍ റദ്ദാക്കണം. ‘ഗോഡി മീഡിയ’ അവതാരകരുടെ ബാങ്ക് അക്കൗണ്ടുകളും അന്വേഷണവിധേയമാക്കണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് കൂറുമാറുന്ന ഏതെങ്കിലും ജനപ്രതിനിധികളെ 20 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പൊതുപദവി വഹിക്കുന്നതില്‍ നിന്നും വിലക്കണം. 1966 ല്‍ പുറത്തിറങ്ങിയ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ‘സ്ഥാനാര്‍ഥി സാറാമ്മ’ എന്ന മലയാള ചലച്ചിത്രത്തില്‍ യശ്ശശരീരനായ അടൂര്‍ ഭാസി പാടുന്ന ഒരു ഹാസ്യ ഗാനത്തില്‍ കൂടി വിളംബരം ചെയ്യുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ തമാശ നിലവാരത്തിനപ്പുറത്തേക്ക് ഇതിലെ ഒരു പ്രഖ്യാപനവും ഉയരുന്നില്ല എന്നതാണ് സത്യം. അവയില്‍ ചിലതെങ്കിലും സ്വേച്ഛാധിപത്യപരവുമാണ്.
ഭാരതം പോലെ വ്യവസ്ഥാപിതവും, നിയതവുമായ ഭരണഘടനയാല്‍ ബന്ധിതമായതും സര്‍വോപരി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണവ്യവസ്ഥ നിലനില്‍ക്കുന്നതുമായ രാജ്യത്ത് അതിനെ മുഴുവന്‍ തച്ചുടയ്ക്കുന്ന വിപ്ലവം വരുമെന്നത് സ്വപ്‌നമോ മിഥ്യയോ? അദാനിയുടെയും അംബാനിയുടെയും മാധ്യമങ്ങള്‍ നിരോധിക്കുമെന്ന പ്രഖ്യാപനം തന്നെയെടുക്കാം. മാധ്യമങ്ങള്‍ പക്ഷപാതപരമായ രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്നു എന്നതാണല്ലോ ആക്ഷേപം. അങ്ങനെ നോക്കിയാല്‍ ഇന്ത്യയിലെ ഏത് മാധ്യമമാണ് നൂറു ശതമാനവും സ്വതന്ത്ര നിലപാട് പുലര്‍ത്തുന്നത്? നിയമപരമായ എല്ലാ അനുമതികളും നേടിയെടുത്ത് ഭാരത ദേശീയതയ്‌ക്കോ രാഷ്ട്രസുരക്ഷയ്‌ക്കോ വിഘാതമാകാതെ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമസ്ഥാപനത്തെ എങ്ങനെയാണ് നിരോധിക്കുക? കാരണമില്ലാതെ മാധ്യമ നിരോധനം ഏര്‍പ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യവുമല്ലേ!
അഭിജിത് ദീപ്‌കേ എന്ന മഹാരാഷ്ട്രയില്‍ ജനിച്ച് അമേരിക്കയില്‍ പഠനം നടത്തുന്ന മുപ്പതുകളില്‍ എത്തിനില്‍ക്കുന്ന യുവാവാണ് ഈ കൂട്ടായ്മയുടെ പ്രയോക്താക്കളിലൊരാള്‍. ഇയാള്‍ ആംആദ്മി പാര്‍ട്ടിയുടെ മീഡിയ ടീമിലുള്‍പ്പെട്ട വോളന്റീയര്‍ ആയിരുന്നു. കൂടാതെ ആംആദ്മി പാര്‍ട്ടി ഭരിക്കുമ്പോള്‍ ദല്‍ഹി വിദ്യാഭ്യാസ വകുപ്പില്‍ കമ്മ്യൂണിക്കേഷന്‍ അഡൈ്വസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെ പ്രതീക്ഷിച്ച വിപ്ലവം സാധ്യമാകാത്തുകൊണ്ടോ, ആംആദ്മി പാര്‍ട്ടിയുടെ പ്രഭാവം മങ്ങിത്തുടങ്ങിയത് മുന്‍കൂട്ടി തിരിച്ചറിഞ്ഞിട്ടോ ഇയാള്‍ ആംആദ്മി പാര്‍ട്ടി വിടുകയും, അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു. മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഈ കൂട്ടായ്മയുടെ ഫോളോവേഴ്‌സില്‍ മഹാഭൂരിപക്ഷവും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. അതുകൊണ്ടാണ് ഇതിനെ പുതുതലമുറയുടെ നിരാശയും ഭരണകൂടവിരുദ്ധതയുമായി ചിത്രീകരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ യുവത്വത്തെ മുഴുവനായും ഇവര്‍ പ്രതിനിധാനം ചെയ്യുന്നുണ്ടോ. ഇവര്‍ അഭിജിത് മുന്നോട്ട് വച്ച ആശയം വായിച്ചിട്ടുണ്ടോ എന്നുപോലും സംശയമാണ്. അതുകൊണ്ട് തന്നെ ഈ കൂട്ടായ്മ വെറും ചീട്ടുകൂടാരമാണെന്നതില്‍ ചിന്താശേഷിയുള്ളവര്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഈ കൂട്ടായ്മയ്ക്ക് പിന്തുണ നല്‍കി. ഈ പാര്‍ട്ടികളുടെ പൊതുവായ നയം നിലവില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയോടുള്ള എതിര്‍പ്പും വിരോധവുമാണ്. പ്രതിപക്ഷനേതാവായ രാഹുല്‍ ഗാന്ധിയാണ് ആദ്യഘട്ടത്തില്‍ പിന്തുണയുമായെത്തിയ പ്രമുഖന്‍. അതില്‍ അത്ഭുതപ്പെടേണ്ടതില്ല. കേവലം ഹാസ്യരസ പ്രധാനമായ ആശയഗതിയെ ഒരു രാഷ്ട്രീയ ബദലാക്കാന്‍ തുനിയുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ കോമാളിവത്കരിക്കുന്നതില്‍ ചെറുതല്ലാത്ത സംഭാവന നല്‍കുന്ന ഒരു നേതാവ് അതിനെ പിന്തുണയ്ക്കുന്നത് സ്വാഭാവികമാണ്. മറ്റൊരാള്‍ കമ്യൂണിസ്റ്റ് നേതാവായ പിണറായി വിജയനാണ്. പുതിയതായി രൂപംകൊണ്ട ഈ കൂട്ടായ്മ നിരാശാഭരിതരായിരിക്കുന്ന യുവാക്കള്‍ക്ക് പ്രത്യാശയുടെ തുരുത്താവുന്നു എന്ന് വിലപിക്കുന്നത് തങ്ങള്‍ മുമ്പോട്ട് വച്ച ആശയങ്ങളും അത് നടപ്പിലാകുന്നതിനുള്ള ഉപാധിയായ പാര്‍ട്ടിയും പരാജയമായിരുന്നു എന്ന് സമ്മതിക്കലാണ്. അങ്ങനെയെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും പിരിച്ചുവിടുകയല്ലേ വേണ്ടത്. തങ്ങള്‍ ഭരണത്തിലിരുന്നപ്പോള്‍ യുവാക്കളുടെ അഭിലാഷങ്ങളെ തിരിച്ചറിയാനോ അവര്‍ക്ക് ആവശ്യമുള്ളത് എത്തിച്ചുകൊടുക്കുന്നതിനോ കഴിഞ്ഞില്ല എന്ന് അംഗീകരിക്കുന്നതിന് തുല്യമാണ് ഈ കുറ്റസമ്മതം. പറയുന്ന കാര്യങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ തങ്ങളുടെ നാളിതുവരെയുള്ള പ്രയത്‌നങ്ങള്‍ പരാജയമായിരുന്നു എന്ന് സമ്മതിച്ച് ഇവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ പാറ്റകളോടൊപ്പം ചേരുകയോ ആണ് വേണ്ടത്. രാമചന്ദ്ര ഗുഹയും രാജ്ദീപ് സര്‍ദേശായിയും തുടങ്ങി
നിവിലുള്ള വ്യവസ്ഥകള്‍ക്കെതിരെയുള്ള വിപ്ലവങ്ങള്‍ക്കും കാലാപങ്ങള്‍ക്കും ലോകചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അവയൊക്കെ ഉരുത്തിരിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളും രീതികളും വ്യത്യസ്തങ്ങളുമായിരുന്നു. അവയുടെയെല്ലാം ആശയങ്ങള്‍ക്ക് ദൃഢതയും വ്യക്തയും ദര്‍ശനഗരിമയും ഉണ്ടായിരുന്നു. അത്തരം പ്രസ്ഥാനങ്ങള്‍ പരാജപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണം അവരുടെ അടിസ്ഥാന ആശയങ്ങളില്‍ നിന്നുണ്ടായ വ്യതിയാനം, അല്ലെങ്കില്‍ പ്രയോക്താക്കളുടെ ലക്ഷ്യബോധമില്ലായ്മ, മാര്‍ഗഭ്രംശം, അധികാരമോഹം എന്നിവയാണ്.
ചരിത്രത്തിലെ തിരുത്തലുകള്‍ കാലത്തിന്റെ അനിവാര്യതയാണ് എന്നാല്‍ അതിനായി ഉണ്ടാകുന്ന പ്രസ്ഥാനങ്ങള്‍ക്ക് ആശയസ്ഥിരതയും സത്യസന്ധതയും വേണം. അങ്ങനെയാവുമ്പോഴേ കാലം ആവശ്യപ്പെടുന്ന ചരിത്രപരമായ ദൗത്യങ്ങള്‍ നിറവേറ്റപ്പെടുകയുള്ളു. കോമാളികളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് എന്ന് ഓര്‍ക്കുന്നത് നല്ലത്. അങ്ങനെയാവാതിരിക്കുന്നതിനുള്ള കരുതലെടുക്കേണ്ടത് പാറ്റകള്‍ മാത്രമല്ല അവരുടെ പരിചരണക്കാര്‍ കൂടിയാണ്.






















