കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയും നിലപാടുകള്‍ നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന നിലയിലേക്ക് മതഭീകരവാദം വളര്‍ച്ച പ്രാപിച്ചിട്ടു കാലമേറെയായി. ഇതിന്റെ ഭാഗമായി ദേശീയവും സാംസ്‌കാരികവുമായ പ്രതീകങ്ങളെയും അവയെ പിന്താങ്ങുന്ന പ്രസ്ഥാനങ്ങളെയും മലയാളിയുടെ മനസ്സുകളില്‍ നിന്ന് അന്യവല്‍ക്കരിക്കാനും അകറ്റിനിര്‍ത്താനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുകയാണ്. കേരളത്തെ ഭാരതത്തിന്റെ ദേശീയധാരയില്‍ നിന്ന് അടര്‍ത്തിമാറ്റുകയെന്ന രാഷ്ട്രീയ പദ്ധതിയാണ് ഇതിനു പിന്നിലുള്ളത്. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരത്ത് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്ത വ്യാഖ്യാനമാല പ്രഭാഷണ സഭയില്‍ കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെതിരെ മാതൃഭൂമി ദിനപത്രം മുഖപ്രസംഗമെഴുതി പ്രതിഷേധിച്ചത് ഇതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ്.
ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി നടന്ന പ്രഭാഷണച്ചടങ്ങില്‍ പങ്കെടുത്തതിലൂടെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ ഈ നാടിനെ ലജ്ജിപ്പിച്ചിരിക്കുകയാണ് എന്നാണ് ‘വിധേയ വിസിമാര്‍’ എന്ന തലക്കെട്ടോടെ ജൂണ്‍ 18ന് പ്രസിദ്ധീകരിച്ച മാതൃഭൂമി മുഖപ്രസംഗത്തിലെ പരിദേവനം. ‘സങ്കുചിതമായൊരു രാഷ്ട്രീയപദ്ധതി മുന്നോട്ടുവെക്കുന്ന, സംസ്‌കാരത്തിലും ശാസ്ത്രത്തിലും മായംചേര്‍ക്കാനാഗ്രഹിക്കുന്ന, ചരിത്രം വളച്ചൊടിക്കാന്‍ വ്യഗ്രതപ്പെടുന്ന, രാഷ്ട്രസമൂഹത്തെ ഏകശിലാത്മകമാക്കാന്‍ ദീര്‍ഘകാലപദ്ധതി തയ്യാറാക്കിയിട്ടുള്ളൊരു പ്രസ്ഥാനത്തിന്റെ ശതാബ്ദിച്ചടങ്ങില്‍, അതിന്റെ മേധാവിയുടെ സ്വരത്തിനു കാതോര്‍ക്കാന്‍ചെന്ന സര്‍വകലാശാലാധ്യക്ഷര്‍ ഈ നാടിന്റെ ഭാവിയെ ഉപരോധത്തിലാക്കാനുള്ള സന്നദ്ധതയാണു വെളിപ്പെടുത്തുന്നത്’ എന്നാണ് മാതൃഭൂമിയുടെ ആക്ഷേപം. അതിദേശീയതയിലും ഭൂരിപക്ഷ വര്‍ഗീയതയിലുമധിഷ്ഠിതമായ രാഷ്ട്രീയചിന്തയ്ക്കു ദേശീയതലത്തില്‍ ലഭിച്ച മേല്‍ക്കൈ കേരളത്തെയും സ്വാധീനിച്ചു തുടങ്ങിയതിന്റെ അടയാളങ്ങളാണ് ഇതെന്നു കൂടി മാതൃഭൂമി ആശങ്കപ്പെടുന്നു. 1925 ല്‍ ആര്‍എസ്എസ് രൂപീകരിക്കപ്പെടുന്നതിനും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കോഴിക്കോട് നിന്ന് കെ.പി. കേശവമേനോന്റെ പത്രാധിപത്യത്തില്‍ മാതൃഭൂമി സ്ഥാപിതമായത്. 1921 ലെ മാപ്പിള കലാപത്തിനുശേഷം മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയും സാമുദായികമായ ഭിന്നതകളും രൂക്ഷമായപ്പോള്‍ അപകടകരമായ അന്നത്തെ ദുഃസ്ഥിതിയില്‍നിന്ന് ദേശീയ പ്രസ്ഥാനത്തെ കരകയറ്റാനാവശ്യമായ ജനാഭിപ്രായം രൂപപ്പെടുത്തുകയെന്ന ക്രാന്തദര്‍ശികളായ നേതാക്കളുടെ നിഗമനത്തിന്റെ പരിണതിയായാണ് 1923ല്‍ മാതൃഭൂമിയുടെ ആവിര്‍ഭാവമുണ്ടായത്.
വൈക്കം സത്യഗ്രഹത്തെയും ഗുരുവായൂര്‍ സത്യഗ്രഹത്തെയും നിയമലംഘനപ്രസ്ഥാനത്തെയും ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെയും ഐക്യകേരള പ്രസ്ഥാനത്തെയുമെല്ലാം പിന്തുണച്ചുകൊണ്ടും ഭാരതീയതയിലടിയുറച്ച കേരളീയതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമാണ് മാതൃഭൂമി വളര്‍ന്നത്. അക്രമത്തിലൂടെ ജനാധിപത്യമൂല്യങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ച വൈദേശിക പ്രത്യയശാസ്ത്രങ്ങളെ വിമര്‍ശിച്ചൊതുക്കിക്കൊണ്ടാണ് കെ.പി. കേശവമേനോനും കെ. മാധവന്‍നായരും കേരളഗാന്ധി കേളപ്പനും കെ.എ. ദാമോദരമേനോനും സി.എച്ച്. കുഞ്ഞപ്പയുമെല്ലാം അടങ്ങുന്ന മഹാരഥന്മാരായ ദേശീയനേതാക്കളുടെയും പത്രപ്രവര്‍ത്തനരംഗത്തെ കുലപതികളുടെയും നേതൃത്വത്തില്‍ മാതൃഭൂമി ആദര്‍ശവും അന്തസ്സും ആര്‍ജ്ജിച്ചത്. എന്നാല്‍ ജന്മസിദ്ധമായ ജനാധിപത്യബോധവും ദേശീയവീക്ഷണവും നഷ്ടപ്പെട്ട് ആത്മാവറ്റുപോയ അസ്ഥിപഞ്ജരം കണക്കെ ഇന്ന് മാതൃഭൂമി കാലക്ഷേപം കഴിക്കുകയാണ്.
ആര്‍എസ്എസ് സര്‍സംഘചാലകന്റെ സ്വരത്തിനു കാതോര്‍ക്കാന്‍ ചെന്ന സര്‍വകലാശാലാധ്യക്ഷരെ മുഖപ്രസംഗത്തിലൂടെ വിമര്‍ശിക്കുന്ന പത്രാധിപര്‍ മാതൃഭൂമിയുടെ പൂര്‍വ്വകാല ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാന്‍ തയ്യാറാവണം. മഹാരഥന്മാരായ മാതൃഭൂമിയുടെ പത്രാധിപന്മാര്‍ പലപ്പോഴും സംഘത്തോട് അന്ധമായ അകല്‍ച്ചയും വ്യക്തിപരമായ അയിത്തവും കാണിച്ചവരല്ല. 1948-ല്‍ സംഘനിരോധനത്തിനെതിരെ കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച സമാധാനപരമായ സത്യഗ്രഹത്തിനെതിരെ മദിരാശി സര്‍ക്കാര്‍ നടത്തിയ മൃഗീയമായ ലാത്തിച്ചാര്‍ജ്ജിനെതിരെ കെ.പി. കേശവമേനോന്‍ മാതൃഭൂമിയില്‍ എഴുതിയ മുഖപ്രസംഗമാണ് അന്നത്തെ മദിരാശി സര്‍ക്കാരിന്റെ മര്‍ദ്ദനനയത്തെ ഒരൊറ്റ ദിവസംകൊണ്ട് തിരുത്തിക്കുറിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടം അടിച്ചമര്‍ത്തലിലൂടെ അടച്ചുപൂട്ടിയ കേസരി വാരികയ്ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു കിട്ടിയത് കെ.പി. കേശവമേനോന്റെ ശ്രമഫലമായാണ്. 1976-ല്‍ അടിയന്തരാവസ്ഥയുടെ കൂരിരുട്ടില്‍ നടന്ന കേസരിയുടെ രജതജൂബിലി ആഘോഷങ്ങളുടെ രക്ഷാധികാരി കേശവമേനോനായിരുന്നു. സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലകനായ ശ്രീഗുരുജി ദിവംഗതനായപ്പോള്‍ 1973 ജൂണ്‍ 7 ന് മാതൃഭൂമി മുഖപ്രസംഗത്തിലൂടെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. അതിനുശേഷം ഗുരുജിയുടെ സ്മരണയ്ക്കായി നാഗ്പൂരില്‍നിന്നു പുറത്തിറങ്ങിയ സ്മരണികയിലേക്ക് കേശവമേനോന്‍ തന്റെ സന്ദേശവും നല്‍കുകയുണ്ടായി. 1969-ല്‍ ശ്രീഗുരുജിയുടെ കേരള സന്ദര്‍ശനത്തിനിടയില്‍ കോഴിക്കോട്ടുവച്ച് മാതൃഭൂമിയുടെ മുന്‍പത്രാധിപരായിരുന്ന കേളപ്പജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുക മാത്രമല്ല ഒന്നിച്ചു ഭക്ഷണം കൂടി കഴിച്ചശേഷമാണ് മടങ്ങിയത്. തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ നടന്ന സംഘശിക്ഷാവര്‍ഗ്ഗിന്റെ സമാപന പരിപാടിയില്‍ പങ്കെടുക്കാനും കേളപ്പജി സര്‍വ്വാത്മനാ സന്നദ്ധനായി. 1970ല്‍ ശ്രീ ഗുരുജിയുടെ പ്രസംഗസമാഹാരമായ ‘വിചാരധാര’യുടെ മലയാള പതിപ്പ് പ്രകാശനം ചെയ്തതും കേളപ്പജിയായിരുന്നു. 1980 കളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് മലയാളത്തിലെ പ്രഗത്ഭ വ്യക്തികളെ അണിനിരത്തി ആര്‍എസ്എസ്സിനെക്കുറിച്ച് ലേഖനപരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് സര്‍സംഘചാലകന്റെ പ്രഭാഷണത്തില്‍ പങ്കെടുത്ത വിസിമാരെ വിമര്‍ശിക്കുന്ന മാതൃഭൂമി ദിനപത്രം 2019 ല്‍ മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ഡോ. മോഹന്‍ ഭാഗവത് എഴുതിയ ലേഖനം പ്രാധാന്യത്തോടെ നല്‍കിയിരുന്നു.
‘സത്യം, സമത്വം, സ്വാതന്ത്ര്യം’ എന്ന മുദ്രാവചനങ്ങളുമായി പുറത്തിറങ്ങുന്ന മാതൃഭൂമി വ്യക്തി സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കടകവിരുദ്ധമായ നയങ്ങള്‍ സ്വീകരിക്കുന്നത് കാലാന്തരത്തില്‍ അവര്‍ക്ക് സംഭവിച്ചുപോയ അപചയത്തിന്റെ ആഴമാണ് കാണിക്കുന്നത്. ഓഹരി ഉടമകളുടെ രൂപത്തില്‍ മാതൃഭൂമിയിലേക്ക് കടന്നുവന്നതായി കരുതപ്പെടുന്ന മതാധിനിവേശം മാതൃഭൂമിയെ മൃതഭൂമിയാക്കിയിരിക്കുന്നു. അടുത്ത കാലത്ത് ബംഗ്ലാദേശില്‍ നടന്ന ഹിന്ദു വംശഹത്യയെ ‘ജനാധിപത്യത്തിന്റെ വസന്തവിപ്ലവം’ എന്ന് വാഴ്ത്തിക്കൊണ്ട് മാതൃഭൂമി മുഖപ്രസംഗം എഴുതിയിരുന്നു. പ്രാരംഭകാലത്ത് സ്വാതന്ത്ര്യസമര പോരാളികള്‍ക്ക് അക്ഷരവെളിച്ചം കൊണ്ട് വഴിതെളിച്ച മാതൃഭൂമി പില്‍ക്കാലത്ത് ചുംബനസമരം നടത്തിയ അരാജകവാദികള്‍ക്ക് അക്ഷരം കൊണ്ട് അന്നമൂട്ടുന്ന രീതിയിലേക്ക് അധഃപതിച്ചത് മലയാളികള്‍ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. ദേശീയതയുടെ നിലപാടുതറകളില്‍ നിന്ന് മതവിഭാഗീയതയുടെ നിലയില്ലാക്കയത്തിലേക്ക് മാതൃഭൂമി നിപതിച്ചുപോയിരിക്കുന്നു. പ്രായാധിക്യത്താല്‍ സ്മൃതിഭ്രംശവും അപഭ്രംശവും സംഭവിച്ച ഈ പത്രമുത്തശ്ശി അവരുടെ പ്രൗഢമായ പൈതൃകമൂല്യങ്ങളെ പാടേ വിസ്മരിച്ച് ആസന്നമായ മസ്തിഷ്‌കമരണത്തെ മാടിവിളിക്കുമ്പോള്‍ ദേശീയബോധമുള്ളവര്‍ക്ക് സഹതപിക്കാനേ കഴിയൂ.






















