- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- പേടിപ്പരക്കംപാച്ചില്‍ (ഹാറ്റാചുപ്പായുടെ മായാലോകം 62)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
തൊപ്പിയും ചുപ്പായും സന്തോഷത്തിലാണ്. മുന്നൂറ്റമ്പതുവര്‍ഷങ്ങള്‍ക്കു ശേഷം മണ്ണില്‍ ചവിട്ടി നടക്കാനും വെളിച്ചവും പൂക്കളുടെ മണവും കാറ്റുമൊക്കെ അനുഭവിക്കാനും കഴിയുന്നതില്‍ എങ്ങനെ സന്തോഷിക്കാതിരിക്കും? പക്ഷേ, നേരം ഉച്ചകഴിഞ്ഞപ്പോള്‍ ദേവേശിയ്ക്കു വിശക്കാന്‍ തുടങ്ങി. അതു മനസ്സിലാക്കിയ തൊപ്പി പറഞ്ഞു: ”ദേവൂ, ഞാനീ പേരയ്ക്കാ പറിച്ചു തരാം. വിശപ്പു മാറട്ടെ.”
രണ്ടു മൂന്നു പേരയ്ക്കാ തിന്ന് വിശപ്പടങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു ”നിങ്ങള് രണ്ടാളും എന്താ കഴിക്കുന്നത്?”
തൊപ്പി ഒരു സങ്കടച്ചിരിയോടെ പറഞ്ഞു: ”തട്ടിന്‍പുറത്ത് എന്തു കിട്ടാനാണ്? വായുവും ഈര്‍പ്പവും മാത്രം. അങ്ങനെയാണ് ഞങ്ങള്‍ തളര്‍ന്നു പോയതും.”
ചുപ്പാകാമ്പ്രാ പെട്ടെന്നൊരു ശബ്ദമുണ്ടാക്കി. വിറകുപുരയുടെ മേല്‍ക്കൂരയില്‍ രണ്ടു കരിന്തൂറുകണ്ണന്മാര്‍! നാലുപാടും നോക്കുകയാണവ. തൊപ്പി പിറുപിറുത്തു ”വാ, ഓടിപ്പോകാം”
ശബ്ദമുണ്ടാക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ചുപ്പായും ദേവേശിയും ഓടി. പടര്‍ന്നു പന്തലിച്ച അത്തിമരത്തിന്റെ ചുവട്ടിലാണവര്‍ പോയൊളിച്ചത്. ചുപ്പാ അത്തിമരത്തിന്റെ തടിയില്‍ ചുണ്ടമര്‍ത്തിക്കൊണ്ടു പറഞ്ഞു ”പ്രൊട്ടജനോസ്!” ”ഞങ്ങളെ രക്ഷിക്കണമെന്നാ ചുപ്പാ പറഞ്ഞത്” തൊപ്പി ദേവേശിയുടെ ചെവിയില്‍ മന്ത്രിച്ചു.
അത്തിമരം ഒരു ശിഖരം താഴ്ത്തി അവര്‍ മൂവരേയും തൊട്ടുകൊണ്ടു പറഞ്ഞു ”സിന്‍ സുഡാ, തെ പ്രൊട്ടെഗെരെ” തൊപ്പി സന്തോഷത്തോടെ പിറുപിറുത്തു ”ഒരു സംശയവും വേണ്ട, ഞാന്‍ നിങ്ങളെ സംരക്ഷിക്കുമെന്നാ മരം പറഞ്ഞത്.”
അത്തിമരച്ചുവട്ടിലവര്‍ മൂവരും സന്ധ്യവരെ ഒളിച്ചിരുന്നു. മരം ചില്ലകള്‍ താഴ്ത്തി നിലത്തുമുട്ടിച്ച് അവര്‍ക്കു ചുറ്റുമൊരു കൂടാരം തീര്‍ത്തു. നിലത്തുകിടക്കുന്ന ഇലകളില്‍ കിടന്ന് മൂവരും ഉറങ്ങി. അത്തിപ്പഴം കഴിച്ചു.
രാത്രിയായി. മരച്ചുവട്ടിലെ മാളത്തില്‍ താമസിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിറങ്ങി വന്നപ്പോഴേ, കണ്ണില്‍ പ്പെട്ടത് ചുപ്പായാണ്. പാമ്പ് ചുപ്പായെ വിഴുങ്ങാനായി വായ് പിളര്‍ന്നു; ചുപ്പാ ഇറങ്ങിയോടി. പിന്നാലെ ദേവേശിയും തൊപ്പിയും. അത്തിമരം ഒരു ചുള്ളിക്കമ്പ് പാമ്പിന്റെ തലയിലേയ്ക്കിട്ടു; വേദനകൊണ്ട് ചുപ്പായുടെ കാര്യം പാമ്പ് മറന്നെങ്കിലും, ദേവേശിയും കൂട്ടരും ഓട്ടം തുടര്‍ന്നു.
കൊടുങ്കാറ്റും മഴയുമുണ്ടായി പാതിരാത്രിയില്‍, ദേവേശിക്ക് ശരീരം തണുത്തു വിറച്ചു. പറമ്പിന്റെയറ്റത്തുള്ള മത്തങ്ങാപോലെ പരന്ന മത്തങ്ങാപ്പാറയുടെ ചുവട്ടിലവര്‍ അഭയം തേടി. നനഞ്ഞ ഉടുപ്പുമായി പായല്‍പിടിച്ച നിലത്തു കിടന്നുറങ്ങുമ്പോള്‍, ചൊറിയന്‍ പുഴു അവളുടെ ദേഹത്തുകൂടെ ഇഴഞ്ഞു. ദേഹം മുഴുവന്‍ ചൊറിഞ്ഞു തടിച്ചു വീര്‍ത്തു. പാവം ദേവേശി! സങ്കടം സഹിക്കാതെ അവള്‍ കരയാന്‍ തുടങ്ങി.
മമ്മയോ?
ദേവേശിയും കൂട്ടരും പോയപ്പോള്‍ മുതല്‍ മമ്മ ഒറ്റയിരിപ്പാണ് – നടുമുറ്റത്ത് തുളസിത്തറയ്ക്കു മുന്‍പില്‍. മഴ നനഞ്ഞ്, വെയിലേറ്റ് – അങ്ങനെ. വെള്ളം പോലും കുടിയ്ക്കാതെ ജപിച്ചുകൊണ്ടിരിക്കുകയാണ് മമ്മ.
നേരം വെളുത്തു. പുള്ളിവാലന്‍ കിളിയാണ് ദേവേശിയേയും കൂട്ടുകാരേയും വിളിച്ചുണര്‍ത്തിയത്. ”വേഗമെഴുന്നേല്‍ക്ക്. കരിന്തൂറുകണ്ണന്മാരിങ്ങോട്ടു വരുന്നൊണ്ട്… ഇന്നലെ അവറ്റ എന്തൊക്കെ നാശമുണ്ടാക്കിയെന്നോ! നിങ്ങടെ വീട്ടിലെ വെറകുപുര തീകത്തി ചാരമായി! കുരാല്‍പ്പാടം മിന്നലേറ്റു കരിഞ്ഞു… വേഗം ഇവിടുന്നു മാറിക്കോ!”
മൂവരും ജീവനും കൊണ്ടോടി. പക്ഷേ എങ്ങോട്ട്? കാരമുള്ള് പടര്‍ന്നു പന്തലിച്ച പാറക്കുഴിയ്ക്കു നേരേയാണ് അവര്‍ ഓടിയത്. തൊപ്പിയാണു പറഞ്ഞത്, കാരമുളള് ഉള്ളിടത്ത് കരിന്തൂറുകണ്ണന്മാര്‍ക്ക് വരാന്‍ കഴിയില്ലെന്ന്, ഒരു വിരലിനെക്കാള്‍ നീളവും വണ്ണവുമുള്ള കാരമുള്ള് ദേഹത്തു തറച്ചാല്‍ ഹോ, സഹിക്കാനാവാത്ത വേദനയാണ്! പക്ഷേ, ആ മുള്‍പ്പടര്‍പ്പിനിടയ്ക്ക് എങ്ങനെയൊളിക്കും?
”വളരെ ശ്രദ്ധിച്ച്…. മുള്ളുകൊളളാതെ…” തൊപ്പി നിര്‍ദ്ദേശങ്ങള്‍ കൊടുത്തു കൊണ്ടിരുന്നു.
ഒരു പകലും രാത്രിയും മുള്‍പ്പടര്‍പ്പിനിടയില്‍ കഴിച്ചുകൂട്ടി മൂവരും. ദാഹവും വിശപ്പും കൊണ്ട് ദേവേശി തളര്‍ന്നു. എഴുന്നേല്‍ക്കാന്‍ കഴിയാത്തത്ര ക്ഷീണമുണ്ടവള്‍ക്ക്.
മൂന്നാംദിവസമായി.
കരിന്തൂറുകണ്ണന്മാര്‍ കാരമുള്‍ക്കാടിനടുത്തെത്തി തീ തുപ്പുന്നതു കണ്ടാണ് തൊപ്പി ഞെട്ടിയുണര്‍ന്നത്. തൊപ്പിവേഗം തന്റെ ചങ്ങാതിമാരെ വിളിച്ചുണര്‍ത്തി; മൂവരും ജീവനും കൊ ണ്ടോടി. ഇനി എവിടെയൊളിക്കും? എങ്ങോട്ടെന്നില്ലാതെ പറമ്പിലും കാട്ടിലും അലഞ്ഞു നടക്കുന്നതിനിടയില്‍ ദേവേശിയുടെ കാലില്‍ കല്ലുതട്ടി മുറിവുണ്ടായി. ചുപ്പായുടെ ശരീരത്തിലും പലയിടവും മുറിഞ്ഞു.
രാത്രിയാണ്. കൂരിരുട്ട്. ഒന്നും കാണാന്‍ വയ്യ. പക്ഷേ, പിന്നില്‍ ദൂരെയായി കരിന്തൂറുകണ്ണന്മാരുടെ കണ്ണിലെ തീത്തിളക്കം കാണാം – അനേകം തീക്കണ്ണുകള്‍! അവ അടുത്തടുത്തു വരികയാണ്…
”ഓട്… ഓട്…” തൊപ്പി നിര്‍ദ്ദേശിച്ചു. മുറിവേറ്റ പാദങ്ങള്‍ നിലത്തു ചവിട്ടുമ്പോള്‍ വേദനിക്കുന്നുണ്ട്; എങ്കിലും ദേവേശി ഓടി…. ഒന്നും കാണാന്‍ കഴിയാത്ത കൂരിരുട്ടിലൂടെ….
”അയ്യോാാ…..”
തൊപ്പിയും ദേവേശിയും ചുപ്പായും ചെന്നു വീണത് പാതാളക്കുഴിയെന്ന പൊട്ടക്കിണറ്റിലായിരുന്നു.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)






















