- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- എന്തൊരുറച്ച തീരുമാനം (ഹാറ്റാചുപ്പായുടെ മായാലോകം 61)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ദേവേശി കരിന്തൂറുകണ്ണന്മാരേയും മുറ്റത്തു കൂട്ടം കൂടി നില്‍ക്കുന്നവരേയും മാറിമാറി നോക്കി. തന്റെ കൂട്ടുകാരുടെ മുഖത്തും കയ്യിലുമൊക്കെയുള്ള മുറിപ്പാടുകളില്‍ നിന്ന് ചോരയൊലിക്കുന്നുണ്ട്. പാവങ്ങള്‍! കുരങ്ങന്മാരുടെ ദേഹത്തും കണ്ണിലുമൊക്കെയുണ്ട് കല്ലുകൊണ്ടുള്ള മുറിവുകള്‍. ആ പാവങ്ങള്‍ സങ്കടത്തോടെ പരസ്പരം മുറിവുകളില്‍ തലോടുകയാണ്. കൂട്ടംകൂടി നില്‍ക്കുന്ന നാട്ടുകാരില്‍ ചിലര്‍ ദേഷ്യം വന്നിട്ട് മരക്കൊമ്പുകള്‍ തല്ലിത്തകര്‍ക്കുന്നു. ചിലര്‍ തമ്മില്‍ത്തമ്മില്‍ മല്‍പ്പിടുത്തത്തിലാണ്. ചന്ദ്രപ്പൂപ്പന്‍ അവരെയൊക്കെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് അവരില്‍ ചിലരൊക്കെ ചന്ദ്രപ്പൂപ്പനെ പിടിച്ചു തള്ളുന്നുണ്ട്.
മമ്മ ഒന്നും മിണ്ടാതെ നില്‍ ക്കുകയാണ്. ആരോ ഒരാള്‍ മമ്മയുടെ നേരേ കയര്‍ത്തു സംസാരിക്കുന്നുണ്ട്. ”ദേ തള്ളേ, നിങ്ങടെയീ കാടും കാട്ടുമൃഗങ്ങളുമൊക്കെയൊണ്ടല്ലോ, ഞങ്ങള് നാട്ടുകാര്‍ക്ക് വല്യ ശല്യമാ. ഞങ്ങളു വിചാരിച്ചാലൊണ്ടല്ലോ, നിമിഷനേരം മതി, ഇതെല്ലാം കത്തിച്ചുകളയാന്‍. കാടു മാത്രമല്ല, നിങ്ങടെയീ മാളികേം പഴയകാലത്തെ ഏതാണ്ടൊക്കെ സൂക്ഷിപ്പുകളും പിന്നെ നിങ്ങളേം കത്തിച്ചുകളയും. പറഞ്ഞേക്കാം” അയാള്‍ മമ്മയുടെ കണ്ണിനുനേരെ വിരല്‍ ചൂണ്ടിയാണ് സംസാരിക്കുന്നത്. ഇപ്പോള്‍ കണ്ണില്‍ കുത്തുമെന്നു തോന്നും. അയാള്‍ മമ്മയെ ഉപദ്രവിക്കുമോ? പാവം എന്റെ മമ്മ!
പൂക്കളും കിളികളും സന്തോഷവും നിറഞ്ഞ തങ്ങളുടെ മുറ്റത്ത് വഴക്കും ചീത്തവിളിയും ഉപദ്രവവും ചോരയും കരച്ചിലും, പിന്നെ കരിങ്കണ്ണന്മാരുമാണിപ്പോള്‍!
ദേവേശി ആലോചനയില്‍ മുഴുകി നിന്നു. കുറച്ചു സമയത്തിനുശേഷം ആളുകളോരോരുത്തരായി പിരിഞ്ഞുപോയതും കരിന്തൂറുകണ്ണന്മാര്‍ അവിടവിടെയായി ഒളിച്ചിരുന്നതുമൊന്നും അവളറിഞ്ഞില്ല.
മമ്മ അവളുടെയടുത്തു ചെ ന്നു വിളിച്ചു ”ദേവുക്കൂട്ടാ, എന്റെ കുഞ്ഞിന് വെഷമമായോ? സാര ല്ല്യ കേട്ടോ… പിന്നെ, നിന്റെ അച്ഛനേം അമ്മേം ഞാന്‍ വിളിച്ചു നോക്കി… രണ്ടാളേം കിട്ടിയില്ല… നോക്കാം…”
മമ്മ പറഞ്ഞതൊന്നുമവള്‍ കേട്ടില്ല.
പിന്നെ മമ്മയുടെ കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ട് അവള്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു:
”മമ്മാ, ഇന്നു മുതല്‍ മൂന്നു പകലും രാത്രീം ഞാന്‍ ചുപ്പായുടേം തൊപ്പീടേം കൂടെ വീട്ടിനു പൊറത്തു താമസിക്കാമ്പോവ്വാ.”
ങ്‌ഹേ! മുഖത്തടിയേറ്റതുപോലെ മമ്മ നടുങ്ങി. ഈ കുട്ടി എന്തായീ പറയുന്നത്?
”പറ്റില്ല കുട്ടാ… ഞാനത് സമ്മതിക്കില്ല… നിന്നെ അപകടത്തിലോട്ടു തള്ളിയിടാന്‍ പറ്റില്ല.”
ദേവേശി ശാന്തമായ, ദൃഢമായ, ശബ്ദത്തിലാണ് മറുപടി പറഞ്ഞത് ”മമ്മാ, രൈരു മുത്തച്ഛന്‍ മരിച്ചത് എന്തിനുവേണ്ടിയായിരുന്നു? പിന്നെ, നങ്ങമ്മ മുത്തശ്ശിയെ നാട്ടുകാരാക്രമിച്ചിട്ടും, എന്തായിരുന്നു മുത്തശ്ശി ചെ യ്തത്? അവരുടെയൊക്കെ ധൈ ര്യം എനിക്കുമുണ്ട് മമ്മാ. ഞാന്‍ മാത്രം വിചാരിച്ചാലല്ലേ, നാട്ടിലെ വഴക്കും പ്രശ്‌നങ്ങളുമൊക്കെ അവസാനിപ്പിക്കാന്‍ പറ്റൂ? മമ്മ എന്നെ തടയരുത്… മമ്മ എന്റെ യൊപ്പം വേണം… ഞാനും ചുപ്പാകാബ്രായും മാജിക് ഹാറ്റും കൂടി നമ്മുടെ നാട്ടീന്ന് കരിന്തൂറുകണ്ണന്മാരെ ഓടിക്കാന്‍ നോക്കട്ടെ” മമ്മ ശരിക്കും ഞെ ട്ടിയത് ഇപ്പോഴാണ്. തന്റെ ദേവു, തന്റെ കൊഞ്ചിക്കുട്ടി – ആണോ ഈ സംസാരിക്കുന്നത്? എന്തൊരുറപ്പാണ് അവളുടെ സ്വരത്തിന്! ഇവളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല – മമ്മ പിറുപിറുത്തു….
വൈയ്‌ക്കോല്‍പ്പുരയുടെ പിറകിലും ചെമ്പരത്തിക്കാടിന്റെ മറവിലും പുഴക്കരയിലുമൊക്കെ ദേവേശിയും തൊപ്പിയും ചുപ്പാകാബ്രായും പമ്മിപ്പതുങ്ങി നടന്നു. പകല്‍ വെളിച്ചത്തില്‍ എവിടെയും ഒളിച്ചിരിക്കുകയെന്നത് എളുപ്പമല്ലെന്ന് അവര്‍ക്കു മനസ്സിലായി. എല്ലായിടത്തുമുണ്ട് കരിന്തൂറുകണ്ണന്മാര്‍. വളരെ ശ്രദ്ധയോടെ, അടിവെച്ചടിവെച്ചാണ് മൂവരും നടക്കുന്നത്. കരിന്തൂറുകണ്ണന്മാരുടെ കണ്ണില്‍പ്പെടാതെ മൂന്നു രാപകലുകളാണ് കഴിയേണ്ടത്! കണ്ണില്‍പ്പെട്ടാ ലോ? പിന്നെ മൂവരും ബാക്കിയുണ്ടാവില്ല.






















