- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
- മുഖംമൂടിക്കാരന്‍ (ഹാറ്റാചുപ്പായുടെ മായാലോകം 7)
വളരെ വലിയൊരു മുറ്റത്ത് കാര്‍ നിര്‍ത്തി. ചുറ്റുപാടും വലിയ മരങ്ങള്‍, മരക്കൊമ്പുകളില്‍ നിന്നു തൂങ്ങിക്കിടക്കുന്ന വമ്പന്‍ കാട്ടുവള്ളികള്‍. മുറ്റത്തിന്റെ അങ്ങേയറ്റത്തൊരു വലിയ വീട്, ഓടുമേഞ്ഞ രണ്ടുനിലവീടാണത്.
ചന്ദ്രപ്പൂപ്പന്‍ ഡോര്‍ തുറന്നു കൊടുത്തു. ദേവു താഴെയിറങ്ങി. ചന്ദ്രപ്പൂപ്പന്‍ സ്യൂട്ട്‌കേസും ബാഗുമിറക്കി വെച്ചു. ദേവു പതുക്കെ ഒന്നുരണ്ടടി നടന്നതേയുള്ളൂ.
ഒരു കുരങ്ങന്‍ മരക്കൊമ്പില്‍ നിന്നുമൊരൊറ്റച്ചാട്ടം! ദേവുവിന്റെ തൊട്ടുമുന്‍പില്‍ അവളുടെ മുഖത്തേക്കു നോക്കി നില്‍ക്കുകയാണത്!
പാവം ദേവു! അവള്‍ ഞെട്ടിപ്പോയി.
‘യ്യോ…’ എന്നു കരഞ്ഞു
വിളിച്ചുകൊണ്ടവള്‍ പിന്തിരിഞ്ഞോടി അടുത്ത നിമിഷം, എവിടെ നിന്നെന്നറിയില്ല ഒരാള്‍ പ്രത്യക്ഷപ്പെട്ടു മമ്മ!
‘അംഗദാ,
കുറുമ്പു കാട്ടുന്നോ? മാറി നില്‍ക്ക്! ഇതെന്റെ കൊച്ചുമോളാണ്, മനസ്സിലായോ നിനക്ക്?’
മമ്മയെ കണ്ടതും കുരങ്ങന്‍ കൈപ്പത്തികള്‍ കൂട്ടിപ്പിടിച്ചു തൊഴുതുനിന്നു. പിന്നെ തിരിച്ചു മരക്കൊമ്പിലേയ്ക്കു ചാടിക്കയറിപ്പോയി.
പേടിച്ചു വിറച്ചു നിന്ന ദേവുവിന്റെയടുത്തേയ്ക്കു ചെന്ന മമ്മ, അവളെ ആകെയൊന്നു നോക്കി. പിങ്ക് പൂക്കളുള്ള ടോപ്പ്. മഞ്ഞപ്പൂക്കളുള്ള പാന്റ്‌സ്. തലയില്‍ പിങ്ക് ബോയുണ്ട്. ഇടതുകയ്യില്‍ വാച്ച്. കുഞ്ഞിക്കമ്മല്‍. മുന്‍വശത്ത് മുകളില്‍ രണ്ടു പല്ലുകളില്ല.
മമ്മ അവളെ വാരിയെടുത്തുമ്മവെച്ചു.
‘എന്റെ ദേവേശിയല്ലേയിത്? എന്റെ ചക്കരക്കുട്ടി?’
മമ്മയുടെ തോളിലിരുന്നാണ് ദേവു വീട്ടിലേയ്ക്കു കയറിയത്. വീടിനുചുറ്റും വീതിയുള്ള നീളന്‍ വരാന്ത. വരാന്തയുടെ തറ കണ്ണാടി പോലെ മിനുസ്സമുള്ളതാണ്. വരാന്തയിലിടയ്ക്കിടയ്ക്ക് ധാരാളം തൂണുകളുണ്ട്. വലിപ്പമുള്ളവ. മുന്‍വശത്തെ വാതില്‍ വളരെ വലുതാണ്. അതില്‍ നിറച്ച് എന്തൊക്കെയോ കൊത്തുപണികളുണ്ട്. അകത്ത് വലിയ മുറികള്‍ പലതുണ്ട്. വീടിന്റെയുള്ളില്‍ ഒത്ത നടുക്കായി ഒരു നടുമുറ്റം. നടുമുറ്റത്ത് നിറയെ മഞ്ഞകലര്‍ന്ന വെളുപ്പുനിറമുള്ള പൂക്കളുണ്ട്, നല്ല മണമാണാ പൂക്കള്‍ക്ക്!
‘ദേവേശിക്കുട്ടാ, ആദ്യം നമുക്കൊന്നു കുളിക്കാം. വഴി- യാത്ര ചെയ്തു വന്നതല്ലേ? കുളത്തില്‍ പോയി കുളിച്ചാലോ?’
മമ്മ ചോദിച്ചതു കേട്ടപ്പോള്‍ ദേവൂന് പേടി തോന്നി. കുളത്തിലോ? അതെങ്ങനെയാ….
ദേവൂന്റെ മുഖഭാവം കണ്ടപ്പോള്‍ മമ്മയ്ക്കു മനസ്സിലായി, അവള്‍ക്കു കുളത്തില്‍ കുളിക്കാനത്ര താല്പര്യമില്ലെന്ന്.
‘ദേവേശി, ഇപ്പോ കുളിമുറീല് കുളിച്ചാല്‍ മതി എന്റെ ചക്കരക്കുട്ടി. കുളത്തില്‍ക്കുളി പിന്നീടു മതി, കേട്ടോ’
‘ന്റെ കുട്ടന്‍ തനിയെ കുളിക്ക്വോ? അതോ മമ്മ കുളിപ്പിച്ചു തരണോ?’
താന്‍ തനിയെ കുളിച്ചോളാമെന്നു തലയാട്ടി ദേവു. വസന്ത് വിഹാറിലെ വീട്ടിലെ വെള്ളം പോലെയല്ല ഇവിടെ. നല്ല തണുപ്പ്, നല്ല മണവുമുണ്ട്. തെളിഞ്ഞ വെള്ളം.
കുളി കഴിഞ്ഞ് ഉടുപ്പു മാറി വന്ന ദേവൂന് മമ്മ കുടിക്കാന്‍ പാല്‍ കൊടുത്തു. ഉഴുന്നും പച്ചരിയും കുരുമുളകും വെളുത്തുള്ളിയും ജീരകവുമൊക്കെചേര്‍ത്ത് അരച്ചുണ്ടാക്കി എണ്ണയില്‍ വറുത്തെടുത്ത ഒറോട്ടിയും! എന്തു രുചിയാണതിന്! ആദ്യമായാണ് ദേവു അങ്ങനെയൊരു പലഹാരം കഴിക്കുന്നത്. അവള്‍ കഴിക്കുന്നത് നോക്കി നിന്ന മമ്മ ചോദിച്ചു:
‘ഇഷ്ടായോ എന്റെ കുട്ടിക്ക്?’
ദേവേശി സന്തോഷത്തോടെ തലയാട്ടി.
(തുടരും)