‘അയ്യോ ദേ പുലി! പുലിവരുന്നേ ഓടിക്കോ’ കൂട്ടുകാര്‍ വിളിച്ചുകൂവി. കൂട്ടുകാരായ കണ്ണന്‍ മുയലും ചേന്നന്‍ എലിയും ചില്ലു അണ്ണാനും ബില്ലുക്കുരങ്ങും പുഴവക്കത്തെ മൈതാനിയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കുറ്റിക്കാട്ടില്‍ തീക്കട്ട പോലെ രണ്ടുകണ്ണുകള്‍ തിങ്ങുന്നതു കണ്ടു. പുലിയച്ചന്‍ പാഞ്ഞുവരുന്നേ കണ്ണുതുറുപ്പിച്ച് അതിവേഗം ഓടിയൊളിച്ചോ അല്ലേല്‍ പണിയാവും. കയ്യിലകപ്പെട്ടാല്‍ പൊടിപോലും കിട്ടുകയില്ല. ബില്ലു വിളിച്ചുകൂവിക്കൊണ്ട് മരത്തിനു മുകളില്‍ കയറി. കണ്ണനും ചേന്നനും വലിയ മരത്തിനു ചുവട്ടിലെ ഇടുങ്ങിയ മാളങ്ങള്‍ക്കകത്തു കയറി ഒളിച്ചു. ചില്ലുവും ഓടിപ്പാഞ്ഞ് മരത്തിനു മുകളില്‍ക്കയറി. ഓടിവന്ന പുലിയച്ചന്‍ നിരാശയോടെ നോക്കുമ്പോള്‍ കൂട്ടുകാര്‍ രക്ഷപ്പെട്ടിരുന്നു. ‘ഞാനേതായാലും ഇന്നിവിടെനിന്നു പോകുന്നില്ല രണ്ടാലൊന്നറിയും വരെ ഈ മരച്ചുവട്ടില്‍ കിടക്കും’ എന്നുപറഞ്ഞ് പുലി ആ മരച്ചുവട്ടില്‍ നീണ്ടുനിവര്‍ന്നു കിടന്നു. മാളത്തിനകത്തിരുന്ന് ശ്വാസംമുട്ടിത്തുടങ്ങിയ മുയല്‍ ഉറക്കെക്കരഞ്ഞു ഇപ്പുലിപോകും വരെയീ മടയില്‍ ഇരുന്നിടില്‍ ഞാനും ശ്വാസം മുട്ടിത്തീര്‍ന്നു പോകും അയ്യോ വയ്യല്ലോ!
അതു കേട്ടപ്പോള്‍ പുലി മരച്ചുവട്ടിലേക്ക് ഒന്നുകൂടി നീങ്ങി വന്ന് മാളത്തിനകത്തേക്ക് ഉണ്ടക്കണ്ണു മിഴിച്ചു നോക്കി. പെട്ടെന്ന് കുരങ്ങന് ഒരു ബുദ്ധി തോന്നി. അവനിരുന്നത് ഒരു പ്ലാവിലായിരുന്നു.
പ്ലാവിന്‍കമ്പില്‍ തൂങ്ങിയാടുന്ന, മുഴുത്ത ചക്കയുടെ തണ്ട് അണ്ണാറക്കണ്ണന്റെ സഹായത്തോടെ കടിച്ചു മുറിച്ചു. വലിയ ചക്ക കൃത്യം ഞെട്ടറ്റ് പുലിയുടെ ദേഹത്തു വീണു. ചക്കവീണു പുലിയച്ചന്‍ ആകെ അവശനായി അവിടെനിന്ന് ഒരു വിധം ഓടി.






















