ആശയങ്ങള്‍ കൈമാറാനായി മനുഷ്യര്‍ സൃഷ്ടിച്ച ഉപകരണം എന്ന നിലയില്‍ മാത്രമല്ല, ഒരു ജനതയുടെ ദീര്‍ഘകാല സ്മൃതികളും ജീവിതാനുഭവങ്ങളും ആത്മീയബോധവും സംസ്‌കാരപരിണാമം തന്നെയും അടിഞ്ഞുകൂടിയിരിക്കുന്ന സജീവമായ സാന്നിധ്യമെന്ന നിലയിലും ഭാഷക്ക് പ്രസക്തിയുണ്ട്. ഓരോ ഭാഷയും സമൂഹത്തിന്റെ കാലബോധത്തെയും ലോകദര്‍ശനത്തെയും വഹിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയില്‍ ജനതയുടെ ചരിത്രം മാത്രമല്ല, അവരുടെ സന്തോഷങ്ങളും വേദനകളും വിശ്വാസങ്ങളും നൈതികബോധങ്ങളും പോലും അടങ്ങുന്നുണ്ട് എന്ന് പറയാം. മലയാളഭാഷയുടെ ചരിത്രം പരിശോധിക്കുമ്പോള്‍, കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളേക്കാ ള്‍ കൂടുതല്‍ അതീവ സമ്പന്നമായ ഒരു സാംസ്‌കാരിക സ്മൃതിയുടെ പ്രവാഹമാണ് അതിന്റെ വളര്‍ച്ചക്ക് നിദാനമായത് എന്ന് കാണാന്‍ കഴിയും. ക്ഷേത്രസംസ്‌കാരം മുതല്‍ ഭക്തിപാരമ്പര്യം വരെയും ആയുര്‍വേദം മുതല്‍ കലാരൂപങ്ങള്‍ വരെയുമുള്ള കേരളത്തിന്റെ ബഹുമുഖജീവിതം മലയാളത്തിന്റെ പദസഞ്ചയത്തിലും ശൈലിയിലും ചിന്താപാരമ്പര്യത്തിലും പതിഞ്ഞുകിടക്കുന്നു. അതുകൊണ്ട് മലയാളത്തെ മനസ്സിലാക്കുമ്പോള്‍ ഒരു ജനതയുടെ ആത്മാവിനെ വായിക്കുക കൂടിയാണ് ചെയ്യുന്നത് എന്ന് നിസ്സംശയം പറയാം.
ആധുനികകാലത്ത് ഭാഷ പലപ്പോഴും വര്‍ഗ്ഗീകരണങ്ങളുടെ ഉപകരണമായി മാറുന്നുണ്ട്. ഭാഷകളെ വംശീയമോ രാഷ്ട്രീയമോ ആയ തിരിച്ചറിവുകളുടെ ചിഹ്നങ്ങളാക്കി മാറ്റുമ്പോള്‍, അതിന്റെ സാംസ്‌കാരിക ആഴമാണ് ഇല്ലാതാകുക. മലയാളത്തിന്റെ വളര്‍ച്ചയെ ‘ആര്യ-ദ്രാവിഡ’ എന്ന ദ്വന്ദ്വത്തിന്റെ ചട്ടക്കൂടില്‍ വായിക്കാനുള്ള ശ്രമങ്ങള്‍ അതിന്റെ യഥാര്‍ത്ഥ ചരിത്രസങ്കീര്‍ണ്ണതയെ എക്കാലത്തും ലഘൂകരിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കമായ സംഗതിയാണ്. ഭാഷകള്‍ ഒരിക്കലും ഏകതാനമായ ഘടനകളായി വളരുന്നില്ല; നിരന്തരമായ സംസര്‍ഗ്ഗങ്ങളുടെയും കൈമാറ്റങ്ങളുടെയും ഫലമായാണവ രൂപപ്പെടുന്നതും. മലയാളവും അങ്ങനെ തന്നെയാണ് വളര്‍ന്നതും വികസിച്ചതും. തമിഴ്, സംസ്‌കൃതം, പ്രാകൃതം, മറ്റു ദേശപാരമ്പര്യങ്ങള്‍ എന്നിവയുടെ സൃഷ്ടിപരമായ സംഗമത്തിലൂടെയാണ് അതിന്റെ പ്രത്യേക വ്യക്തിത്വം രൂപപ്പെടുത്തിയെടുത്തത്. ഈ ചരിത്രസത്യത്തെ റദ്ദ് ചെയ്തുകൊണ്ട് ഭാഷ രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ ആയുധമാകുമ്പോള്‍, അതിന്റെ ഉള്ളില്‍ കവിതയുണ്ട്, പുരാണമുണ്ട്, ജനകീയജ്ഞാനമുണ്ട്, നൂറ്റാണ്ടുകളായി രൂപപ്പെട്ട ജീവിതദര്‍ശനങ്ങളുമുണ്ട്. മലയാളത്തെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത് കേരളത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ചരിത്രത്തിന്റെ ജീവിച്ചിരിക്കുന്ന മുഖമായാണ്. കാരണം ഭാഷ ജനതയുടെ കാലസ്മൃതിയുമായി ശ്വസിക്കുന്ന ജീവന്‍ തന്നെയാകുന്നു.
ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെയാണ്, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള ഭാഷയുടെ പിതാവാണെന്ന വിശേഷണത്തെ വികാരപരമായ അതിശയോക്തിയായി ചുരുക്കിക്കൂടാ എന്ന് പറയുന്നതും; മലയാളഭാഷയുടെ ചരിത്രപരിണാമത്തില്‍ അദ്ദേഹം വഹിച്ച അതുല്യമായ പങ്കിന്റെ സ്വാഭാവികമായ അംഗീകാരമാണത്. മലയാളം വിവിധ പ്രാദേശികശൈലികളുടെയും ലിപിരീതികളുടെയും സാഹിത്യധാരകളുടെയും ഇടയില്‍ ചിതറിക്കിടന്നിരുന്ന ഒരു കാലഘട്ടത്തിലാണ് എഴുത്തച്ഛന്‍ കടന്നുവരുന്നത്. അദ്ദേഹം നിര്‍വഹിച്ചത് ഭാഷയുടെ രൂപഘടനയെ തന്നെ പുനഃസംഘടിപ്പിച്ച ഒരു സാംസ്‌കാരിക ഇടപെടലായിരുന്നു. ലിപിയുടെ പ്രയോഗത്തില്‍ അദ്ദേഹം സൃഷ്ടിച്ച ഏകീകരണവും സംസ്‌കൃതപദസമ്പത്തിനെ മലയാളത്തിന്റെ സ്വഭാവത്തോട് യോജിപ്പിച്ച ഭാഷാശൈലിയും പിന്നീട് മലയാളത്തിന്റെ ആത്മാവ് രൂപപ്പെടുന്നതിനുള്ള അടിത്തറയായി മാറി. ഭാഷാപിതാവ് എന്ന വിശേഷണം ലഭിക്കുന്നത് സ്വാഭാവികമായും ഭാഷയ്ക്ക് പുതിയ ആത്മാവും ദിശയും നല്‍കുന്ന വ്യക്തിക്കാണ്; മലയാളത്തിന്റെ കാര്യത്തില്‍ ആ സ്ഥാനം എഴുത്തച്ഛനു തന്നെയാണ്.
കിളിപ്പാട്ട് പാരമ്പര്യത്തെ ജനകീയ ആത്മാവുമായി എഴുത്തച്ഛന്‍ ചേര്‍ത്തുവെച്ചു എന്നത് ഒരു നിസ്സാര കാര്യമല്ല. അതിനു മുന്‍പൊരിക്കലും സാഹിത്യഭാഷ പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഇടപെട്ടിരുന്നില്ല. എഴുത്തച്ഛന്‍ രാമായണത്തെയും മറ്റും സാധാരണക്കാരുടെ ഹൃദയത്തിലേക്കാണ് കിളിപ്പാട്ട് പാരമ്പര്യത്തിലൂടെ കൊണ്ടുവന്നത്. കിളിപ്പാട്ട് എന്ന ലളിതരൂപം സത്യത്തില്‍ സാഹിത്യത്തിന്റെ ജനാധിപത്യവല്‍ക്കരണം തന്നെയായിരുന്നു. അതിലൂടെ മലയാളം, കൊട്ടാരങ്ങളുടെയും പണ്ഡിതവേദികളുടെയും ഭാഷയായി തുടരാതെ, വീടുകളിലും ക്ഷേത്രങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ജനജീവിതത്തിന്റെ ഭാഷയായി മാറി. ഈ മാറ്റമാണ് കേരളത്തിന്റെ സാംസ്‌കാരിക ഏകീകരണത്തിന് വഴിയൊരുക്കിയ പ്രധാന ചരിത്രസംഭവം. എഴുത്തച്ഛന്റെ കൃതികള്‍ വായിക്കപ്പെടുക മാത്രമല്ല, ഓര്‍മ്മിക്കപ്പെടുകയും, തലമുറകളിലൂടെ കൈമാറപ്പെടുകയും ചെയ്തു.
മലയാളത്തെ സാഹിത്യഭാഷയായി വികസിപ്പിച്ചു എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല എഴുത്തച്ഛന്റെ ഖ്യാതി; കേരളത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ഏകതയുടെ ഭാഷയായി അതിനെ ഉയര്‍ത്തി എന്നതിലും എഴുത്തച്ഛന്റെ പങ്ക് സീമാതീതാണ്. അദ്ദേഹത്തിന്റെ കാവ്യധാരകളിലൂടെ രാമായണവും ഭാരതവുമെല്ലാം ഭാഷയുടെ ആത്മാവായ സാംസ്‌കാരികധാര്‍മ്മികതയുടെ ഭാഗമായി മാറി. സംസ്‌കൃത ജ്ഞാനപാരമ്പര്യത്തെ തദ്ദേശീയഭാഷയുടെ ആത്മാവുമായി സംയോജിപ്പിച്ചുകൊണ്ട്, കേരളസമൂഹത്തിന് ഒരു പൊതുസാംസ്‌കാരിക സ്മൃതി നല്‍കുകയാണ് എഴുത്തച്ഛന്‍ ചെയ്തത്. ഇന്ന് ലോകത്തെവിടെനിന്നും നോക്കിയാല്‍ കാണാവുന്ന തലപ്പൊക്കമുള്ള സാഹിത്യപാരമ്പര്യമായി മലയാളം വളര്‍ന്നത്, അങ്ങനെ എഴുത്തച്ഛന്‍ ഉഴുതുമറിച്ച മണ്ണില്‍ നിന്നുകൊണ്ടാണ്.
മലയാളഭാഷയുടെ ചരിത്രം പരിശോധിക്കുമ്പോള്‍, സംസ്‌കൃതവും മലയാളവും തമ്മിലുള്ള നാഭീനാളബന്ധം കാണാതിരിക്കാനാവില്ല. ഒരു ഭാഷയുടെ വളര്‍ച്ച പല സാംസ്‌കാരികസമ്പര്‍ക്കങ്ങളുടെയും ദീര്‍ഘകാല കൈമാറ്റങ്ങളുടെയും ഫലമായാണ് സംഭവിക്കുന്നത് എന്നത് സുവിദിതമാണല്ലോ. മലയാളവും അതിനപവാദമല്ല. സംസ്‌കൃതം മലയാളത്തിന് നല്‍കിയ സംഭാവന പദസമ്പത്തിന്റെ വര്‍ധനവില്‍ മാത്രമൊതുങ്ങുന്ന ഒന്നല്ല. ദാര്‍ശനിക ചിന്തകള്‍, ആത്മീയധാരകള്‍, കാവ്യസൗന്ദര്യം, വ്യാകരണശാസ്ത്രം, ജ്യോതിശാസ്ത്രം, ആയുര്‍വേദം തുടങ്ങിയ ജ്ഞാനശാഖകളുടെ സമൃദ്ധമായ പാരമ്പര്യവും സംസ്‌കൃതത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്നുവന്നത്. നൂറ്റാണ്ടുകളായുള്ള ദാര്‍ശനികാനുഭവങ്ങള്‍ കൂടിയാണ് സംസ്‌കൃതബന്ധം മലയാളത്തിന് നല്‍കിയത് എന്നത് വിസ്മരിക്കാനാവില്ല. സംസ്‌കൃതവും മലയാളവും പരസ്പരം പൂരിപ്പിക്കുന്ന സാംസ്‌കാരികധാരകളാണെന്ന ബോധം മണിപ്രവാളകൃതികളില്‍ കാണാം. കേരളത്തിലെ ക്ഷേത്രപാരമ്പര്യവും കാവ്യസാഹിത്യവും തന്ത്രശാസ്ത്രവും വൈദ്യശാസ്ത്രവുമെല്ലാം ഈ സംസ്‌കൃതമലയാള സഹവര്‍ത്തിത്വത്തിന്റെ പശ്ചാത്തലത്തിലാണ് വളര്‍ന്നു വന്നത്. സംസ്‌കൃതം അറിവിന്റെ സംഭരണിയായിരുന്നപ്പോള്‍, മലയാളം അതിനെ ജനജീവിതവുമായി ബന്ധിപ്പിച്ച കൈവഴിയായി പ്രവര്‍ത്തിച്ചു. ഈ സാംസ്‌കാരികസംഭാഷണത്തിലൂടെയാണ് കേരളം അതിന്റെ സവിശേഷമായ ജ്ഞാനപരമ്പര തന്നെ രൂപപ്പെടുത്തിയെടുത്തത്.
മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍ പരിശോധിക്കുമ്പോള്‍ 16-ാം നൂറ്റാണ്ടുമുതല്‍ കേരളത്തിലെത്തിയ യൂറോപ്യന്‍ മിഷണറിമാരുടെ ഇടപെടലുകള്‍ പരാമര്‍ശിക്കാതിരിക്കാനാവില്ല. പ്രാദേശികഭാഷകള്‍ പഠിക്കുക എന്നത് മതപ്രചാരണത്തിനും ഭരണപരമായ ഇടപെടലുകള്‍ക്കും അനിവാര്യ ഘടകമായിരുന്നു. അച്ചടി, നിഘണ്ടു, വ്യാകരണം, വിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ അവര്‍ നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ മലയാളഭാഷയുടെ ആധുനിക രൂപീകരണത്തില്‍ ചില സ്വാധീനങ്ങള്‍ ചെലുത്തിയതും നിഷേധിക്കാനാവില്ല. എന്നാല്‍ ഈ സംഭാവനകളെ അടിസ്ഥാനമാക്കി ”മലയാളത്തെ ശാസ്ത്രീയമായി ചിന്തിക്കാന്‍ പഠിപ്പിച്ചത് വിദേശ മിഷണറിമാരാണ്” എന്ന നിഗമനത്തിലെത്തുന്നത് ചരിത്രത്തെ കൊളോണിയല്‍ കാഴ്ചപ്പാടിലൂടെ മാത്രം വായിക്കുന്നതു കൊണ്ട് സംഭവിക്കുന്ന ഗുരുതരമായ വൈകല്യം മാത്രമാണ്. ഒരു ഭാഷയെ ശാസ്ത്രീയമായി സമീപിക്കുക എന്നത് നിഘണ്ടുവോ അച്ചടിയോ സൃഷ്ടിക്കുന്നതില്‍ ഒതുങ്ങുന്ന ഒന്നല്ല; അതിന് മുമ്പേ തന്നെ ആ ഭാഷയുടെ സങ്കീര്‍ണ്ണമായ വ്യാകരണപരവും കാവ്യപരവും ദാര്‍ശനികവുമായ ബോധങ്ങള്‍ നിലനില്‍ക്കുകയും അതില്‍ വലിയ മുന്നേറ്റങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. യൂറോപ്യന്‍ ഇടപെടലുകള്‍ക്കും നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ കേരളത്തില്‍ കാവ്യശാസ്ത്രവും തര്‍ക്കശാസ്ത്രവും വ്യാകരണചിന്തയും ജ്ഞാനപാരമ്പര്യങ്ങളും നിലനിന്നിരുന്നു എന്നത് വിസ്മരിക്കാനാവില്ല.
കേരളത്തിന്റെ തദ്ദേശീയ ജ്ഞാനപാരമ്പര്യം പരിശോധിച്ചാല്‍, ഭാഷയെക്കുറിച്ചുള്ള അവബോധം ഇവിടെ വളരെ മുമ്പു തന്നെ സജീവമായിരുന്നു എന്ന് കാണാം. മണിപ്രവാളസാഹിത്യത്തിന്റെ സങ്കീര്‍ണ്ണഘടന, സംസ്‌കൃതമലയാള സാഹിത്യസമ്പര്‍ക്കം, ക്ഷേത്രകേന്ദ്രിത വിദ്യാഭ്യാസപാരമ്പര്യം, താളിയോലഗ്രന്ഥങ്ങളുടെ വൈപുല്യം ഇവയൊക്കെ കേരളസമൂഹം ഭാഷയെ ആശയവിനിമയമാധ്യമമായി മാത്രം കണ്ടിരുന്നില്ലെന്നതിന്റെ തെളിവുകളത്രെ. വ്യാകരണത്തെയും അലങ്കാരശാസ്ത്രത്തെയും ഛന്ദസ്സിനെയും കാവ്യഭംഗിയെയും സംബന്ധിച്ച ബോധ്യങ്ങള്‍ കേരളത്തിലെ പണ്ഡിതപരമ്പരയില്‍ ശക്തമായി തന്നെ നിലനിന്നിരുന്നു. അതുപോലെ ആയുര്‍വേദഗ്രന്ഥങ്ങള്‍, തന്ത്രഗ്രന്ഥങ്ങള്‍, ജ്യോതിശാസ്ത്രരചനകള്‍, ഗണിതപാരമ്പര്യങ്ങള്‍ എന്നിവ മലയാളത്തിലും സംസ്‌കൃതത്തിലും ഒരുപോലെ തന്നെ വികസിക്കുകയും ചെയ്തിരുന്നു. മിഷണറിമാരുടെ വരവിന് മുമ്പ് കേരളം ‘അശാസ്ത്രീയ’മായ ഒരു സാംസ്‌കാരികാവസ്ഥയില്‍ ആയിരുന്നു എന്നും, യൂറോപ്യന്‍ ഇടപെടലാണ് ഇവിടെ ബൗദ്ധികബോധം സൃഷ്ടിച്ചതെന്നും പറയുന്നത് വിടുവായത്തമല്ലാതെ മറ്റൊന്നല്ല.
കൊളോണിയല്‍ പണ്ഡിതരുടെ പഠനങ്ങളില്‍ കാണുന്ന വിരോധാഭാസം, പുരാണങ്ങളെയും വേദാന്തത്തെയും പോലുള്ള ചില ജ്ഞാനപാരമ്പര്യങ്ങളെ തങ്ങളുടെ ഇഷ്ടപ്രകാരം മാത്രം വ്യാഖ്യാനിച്ചപ്പോള്‍ തന്നെ ജനജീവിതവുമായി ബന്ധപ്പെട്ടിരുന്ന ആയുര്‍വേദം, യോഗ, ജ്യോതിഷം, തന്ത്രപാരമ്പര്യം തുടങ്ങിയ വൈവിധ്യമാര്‍ന്ന ജ്ഞാനരീതികളെ ‘അന്ധവിശ്വാസം’ അല്ലെങ്കില്‍ ‘പ്രാക്തനചിന്ത’ എന്ന നിലയില്‍ തള്ളിക്കളഞ്ഞു എന്നതാണ്. ഈ സമീപനം കൊളോണിയല്‍ ആധുനികതയുടെ രാഷ്ട്രീയബോധത്തിന്റെ ഭാഗമായിരുന്നു എന്നത് ഇന്ന് മനസ്സിലാക്കാന്‍ കഴിയും. പാശ്ചാത്യശാസ്ത്രത്തെ സര്‍വോന്നത മാനദണ്ഡമാക്കി സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, തദ്ദേശീയജ്ഞാനരീതികളെ അസാധുവാക്കുന്ന ബൗദ്ധികരാഷ്ട്രീയമാണ് മിഷണറിമാരിലൂടെ പ്രവര്‍ത്തിച്ചത്. അതിന്റെ ഫലമായി, ഭാരതത്തിന്റെ ബഹുസ്വര ജ്ഞാനപാരമ്പര്യം വിഘടിപ്പിക്കപ്പെടുകയും കൃത്രിമ ദ്വന്ദ്വത്തിലേക്ക് അത് ചുരുക്കപ്പെടുകയും ചെയ്തു. ഈ കൊളോണിയല്‍ ജ്ഞാനരാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി വായിക്കാനുള്ള ധൈഷണികധീരത നമ്മുടെ എഴുത്തുകാര്‍ നേടേണ്ടിയിരിക്കുന്നു.
റോബര്‍ട്ട് കാള്‍ഡ്വല്‍ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ തമ്മിലുള്ള ബന്ധത്തെ ശാസ്ത്രീയമായി ക്രമീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഭാഷാശാസ്ത്രപരമായി ഒരു പുതിയ ചര്‍ച്ചയ്ക്ക് വഴിതുറന്നുവെന്നത് നിഷേധിക്കുന്നില്ല. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകള്‍ക്ക് സംസ്‌കൃതത്തില്‍ നിന്ന് സ്വതന്ത്രമായ ഒരു ഭാഷാകുടുംബപരമായ ബന്ധമുണ്ടെന്ന അദ്ദേഹത്തിന്റെ വാദത്തെ വിമര്‍ശനാത്മകമായി വായിക്കേണ്ടതിന്റെ ആവശ്യകതയും അത്രതന്നെ പ്രധാനമാണ്. കാരണം ഭാഷാശാസ്ത്രപരമായ ആ നിരീക്ഷണം പിന്നീട് സാംസ്‌കാരികവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട ശക്തമായ ആശയധാരകളുടെ അടിസ്ഥാനമായി മാറുകയാണ് ചെയ്തത്. ഭാഷകളുടെ ബന്ധത്തെക്കുറിച്ചുള്ള പഠനം, മനുഷ്യസമൂഹങ്ങളെ പരസ്പര വിരുദ്ധമായ ‘വംശീയ’ ഘടകങ്ങളായി പുനര്‍നിര്‍മ്മിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാകുമ്പോള്‍, ഭാഷാശാസ്ത്രം ഒരു നിഷ്പക്ഷ വിജ്ഞാനശാഖയാണ് എന്ന് പറയാനാവില്ല. ആ വൈകല്യത്തിന് തുടക്കമിട്ടതില്‍ മിഷണറിമാരുടെ പങ്ക് വളരെ വലുതാണ്.
ഭാഷയെ വംശീയശ്രേണികളായി മുറിക്കുന്ന കൊളോണിയല്‍ ഭാഷാപഠന പാരമ്പര്യം ഒരിക്കലും നിഷ്പക്ഷമല്ല. റോബര്‍ട്ട് കാള്‍ഡ്വല്ലിന്റെ ദ്രാവിഡ ഭാഷാപഠനങ്ങള്‍ ഈ പാരമ്പര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവയുമല്ല. ദ്രാവിഡ ഭാഷകളെ ഒരു സ്വതന്ത്ര കുടുംബമായി വേര്‍തിരിച്ച ‘സംഭാവനക്ക്’ അദ്ദേഹത്തെ പ്രശംസിക്കാം, പക്ഷേ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളില്‍ അന്തര്‍ലീനമായ വംശീയ വിഭജനങ്ങള്‍ ചരിത്രത്തെയും ഭാഷയെയും ദുരുപയോഗം ചെയ്യുന്ന ഒരു രാഷ്ട്രീയ ഉപകരണമായി മാറ്റുകയായിരുന്നു എന്നത് എന്തിനു നിഷേധിക്കപ്പെടണം?
പത്തൊമ്പതാം നൂറ്റാണ്ടിലെ ഭാഷാശാസ്ത്ര പഠനങ്ങള്‍ക്ക് പിന്നിലെ വംശീയ-വര്‍ഗ്ഗീയ പ്രത്യയശാസ്ത്രം ഒരു സാമൂഹ്യശാസ്ത്രപരമായ പ്രശ്‌നമാണ്. കാള്‍ഡ്വല്ലിന്റെ കാഴ്ചപ്പാടുകളും ഈ പാരമ്പര്യത്തില്‍ നിന്ന് മുക്തമല്ല. കാള്‍ഡ്വല്ലിന്റെ ഭാഷാപഠനങ്ങളെ സമീപിക്കുമ്പോള്‍, സൂക്ഷ്മമായ സന്തുലിത്വം പാലിക്കേണ്ടതുണ്ട്. അതോടൊപ്പം ഭാഷാശാസ്ത്രത്തിന്റെ ചരിത്രത്തില്‍ വംശീയതയുടെ സാന്നിധ്യം തിരിച്ചറിയുകയും, ഭാഷകളുടെ സാംസ്‌കാരിക പരിണാമത്തെ മനസ്സിലാക്കുകയും ചെയ്യണം. സംസ്‌കൃതത്തിന്റെ ‘ഉന്നതത്വവും’ ദ്രാവിഡ ഭാഷകളുടെ ‘പ്രാഥമികത്വവും’ താരതമ്യം ചെയ്യുന്ന അദ്ദേഹത്തിന്റെ രീതികള്‍, ഭാഷയെ ഒരു സംസ്‌കാരത്തിന്റെ മാനദണ്ഡമാക്കി മാറ്റുകയും, അതിനെ യൂറോപ്യന്‍ കൊളോണിയല്‍ ചിന്താഗതിയുമായി ബന്ധപ്പെടുത്തുകയും ചെയ്തു. ഭാഷാശാസ്ത്രത്തെ അതിന്റെ സാമൂഹ്യ-രാഷ്ട്രീയ സന്ദര്‍ഭത്തില്‍ നിന്ന് വിച്ഛേദിച്ച്, ഒരു വര്‍ഗ്ഗീയ ഉപകരണമാക്കി മാറ്റിയ ദുരന്തമാണത് എന്ന് പറയാം.
എഴുത്തച്ഛന്‍ സംസ്‌കൃതജ്ഞാനപാരമ്പര്യത്തെ കൂട്ടിച്ചേര്‍ത്ത് മലയാളത്തെ കേരളത്തിന്റെ പൊതുസാംസ്‌കാരികഭാഷയായി ഉയര്‍ത്തുകയും, പിന്നീട് വിവിധ കാലഘട്ടങ്ങളിലായി കവികളും പണ്ഡിതരും സാമൂഹികപരിഷ്‌കര്‍ത്താക്കളും ആ ഭാഷയെ കൂടുതല്‍ വിപുലീകരിക്കുകയുമാണ് ചെയ്തത്. എഴുത്തച്ഛന്‍ ഭാഷാപിതാവാണ് എന്ന വസ്തുത അതുകൊണ്ട് തന്നെ ചരിത്രപരമായും സാംസ്‌കാരികമായും സാംഗത്യമുള്ളത് തന്നെ. ഈ യാത്രയില്‍ സംഘര്‍ഷങ്ങളും മാറ്റങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും, അതിന്റെ ആന്തരികധാര സമന്വയത്തിലേക്കാണ് നയിച്ചത് എന്നതാണ് കാര്യം. അതുകൊണ്ടുതന്നെ മലയാളത്തിന്റെ ഭാവി ഉറപ്പാക്കാനുള്ള വഴി, എല്ലാ സാംസ്‌കാരികധാരകളെയും അംഗീകരിച്ച് പുതിയ സാംസ്‌കാരികപുനര്‍ബോധത്തിലേക്ക് നീങ്ങുക എന്നത് തന്നെയാണ്.





















