- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
‘ദേവുമോളേ, കരിന്തൂറുകണ്ണന്മാര് നാടുമുടിക്കും. അവറ്റേടെ എണ്ണം പെരുകിക്കൊണ്ടിരിക്ക്യാ. അവറ്റകളെ ഇല്ലായ്മ ചെയ്യണോങ്കില് ഈ ചുപ്പായും മോളും ഞാനും കൂടെ പരിശ്രമിച്ചാലേ പറ്റൂ… അതിന് ആദ്യമായി ഞങ്ങളു രണ്ടാള്‍ടേം ദൈവികമായ കഴിവുകള് – അത് നഷ്ടപ്പെട്ടുപോയി, കാറ്റും വെളിച്ചോം മഴേമൊന്നും കിട്ടാതെ – വീണ്ടെടുക്കണം… പക്ഷേ ഞങ്ങളു രണ്ടാളും മാത്രം പൊറത്തിറങ്ങി നടന്നാല്, അത് വീണ്ടെടുക്കാന്‍ പറ്റില്ല… ഞങ്ങള്‍ടെയൊപ്പം ദേവുകൂടി വേണം…. മോള്‍ടെ വല്യവല്യ വല്യ മുത്തച്ഛന്റെ രൈരു മുത്തച്ഛന്റെ മനസ്സ് മോള്‍ക്കുണ്ടാകണം – എന്നാലേ ഞങ്ങള്‍ടെ ശക്തി തിരിച്ചു കിട്ടൂ… പിന്നെ, ആദി മൂപ്പന്‍ പറഞ്ഞില്ലേ എന്താ ചെയ്യേണ്ടതെന്ന്?” തൊപ്പി ചോദിച്ചു.
ദേവേശി ഒന്നും മിണ്ടിയില്ല. അവളുടെ മുഖത്തെ പേടിയും സങ്കടവും മനസ്സിലാക്കിയ തൊപ്പി അവളുടെ രണ്ടു കൈകളും ചേര്‍ത്തു പിടിച്ചു.
”പേടിക്കണ്ട ദേവേശീ…. നിനക്കതു കഴിയും… അഥവാ മൂന്നു രാത്രീം മൂന്നു പകലും പൊറത്തു കഴിയുന്നതിനെടേല്‍ കരിന്തൂറുകണ്ണന്മാര് നമ്മളെ കണ്ടുപിടിച്ചാല്… അതോടെ നമ്മളു മൂന്നുപേരുടേം കഥകഴിയും… നീ വെഷമിക്കണ്ട… അങ്ങനെ സംഭവിക്കില്ലെന്നു വിശ്വസിക്കാം.”
ദേവേശി പേടിയോടെ മുഖം കുനിച്ചിരുന്നു. അവളുടെ നെഞ്ചിടിപ്പുകള്‍ ഉച്ചത്തിലായി. മരിക്കാന്‍ തയ്യാറായി വേണം മൂന്നു ദിവസം പുറത്തു കഴിയാനെന്നു ചുരുക്കം. എല്ലായിടത്തും കരിന്തൂറുകണ്ണന്മാരുണ്ട്; വാഴത്തോപ്പിലും കുളക്കരയിലും പാടത്തുമെല്ലാമുണ്ട്; വീടിനു പുറത്ത് എവിടെയാണെങ്കിലും അവറ്റ കണ്ടുപിടിക്കുമെന്നുറപ്പാണ്. രൈരുമുത്തച്ഛനോടുള്ള ദേഷ്യം മുഴുവന്‍ തീര്‍ക്കാന്‍ പോകുന്നത്, തന്നെ ഉപദ്രവിച്ചുകൊണ്ടായിരിക്കും… ചാക്കോ അങ്കിളിന്റെ പോത്തുകളെ കടിച്ചുകീറിക്കൊന്നതു പോലെ അവറ്റ തന്നേയും കൊല്ലുന്നത് ഓര്‍ക്കാന്‍ വയ്യ….
ദേവേശി ചാടിയെഴുന്നേറ്റു. ഒന്നും മിണ്ടാതെ കോവണിപ്പടിയിറങ്ങാന്‍ തുടങ്ങുമ്പോള്‍ തൊപ്പി പിന്നില്‍ നിന്ന് വിളിച്ചു പറഞ്ഞു:
”മോളേ, സമയം നഷ്ടപ്പെടുത്തേണ്ട, കേട്ടോ… ഉടനെ തന്നെയാകട്ടെ… മോളു പറഞ്ഞാല്‍ മതി… ഞങ്ങള് രണ്ടുപേരും റെഡിയാ…”
മറുപടി പറയാതെ, തിരിഞ്ഞുനോക്കാതെ അവളോടിപ്പോയി… ബെഡ്‌റൂമില്‍ക്കയറി. ഒന്നുമറിയാതെ ഉറങ്ങുന്ന മമ്മയെ കെട്ടിപ്പിടിച്ചു കിടന്നു. പുതപ്പു കൊണ്ട് മുഖംമൂടി, കണ്ണടച്ചു കിടന്നു. നാളെ നേരം വെളുത്താലുടനെ അച്ചയെ വിളിച്ചു പറയണം, വേഗമിങ്ങോട്ടു വന്ന് തന്നെ കൊണ്ടുപോകാന്‍.
ഇനിയിവിടെ നിന്നാല്‍ ശരിയാവില്ല. അച്ച വന്ന് തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ രണ്ടുമൂന്നു ദിവസം വേണ്ടിവരും. അത്രയും സമയം മുറിക്കുള്ളില്‍ത്തന്നെ അടച്ചുപൂട്ടിയിരിക്കണം. തൊപ്പി വന്നു വിളിച്ചാലും തട്ടിന്‍പുറത്തേയ്ക്കിനി പോവില്ല. തനിക്കിനി ചുപ്പായേയും തൊപ്പിയേയുമൊന്നും കാണണ്ട. ആലോചിച്ചു കിടക്കുന്നതിനിടയില്‍ എപ്പോഴോ അവളുറങ്ങിപ്പോയി.
താഴെമുറ്റത്തു നിന്ന് വലിയ ഒച്ചപ്പാടു കേട്ടാണ് ദേവേശി ഉറക്കമുണര്‍ന്നത്. വേഗം കോവണിപ്പടികള്‍ ചാടിയിറങ്ങി നീളന്‍ വരാന്തയില്‍ലെത്തിയപ്പോള്‍ കണ്ടത് വല്ലാത്തൊരു കാഴ്ചയായിരുന്നു. ഫര്‍ഹാനും ആരവും ഇവാനായും ദര്‍പ്പണയും ജാന്‍വി യും ദല്‍ബീറും വേറെ കുറച്ചു കുട്ടികളും കാലത്തു തന്നെ കളിക്കാന്‍ വന്നിരിക്കുന്നു. അവരിലാരോ കുരങ്ങന്മാരെ കല്ലെറിഞ്ഞു. കുരങ്ങന്മാര്‍ കൂട്ടത്തോടെ മരക്കൊമ്പുകളില്‍ നിന്നു ചാടിയിറങ്ങി വന്ന് കുട്ടികളെ ആക്രമിച്ചു. കുട്ടികള്‍ പാറക്കല്ലുകളെടുത്ത് വീണ്ടും വീണ്ടും കുരങ്ങന്മാര്‍ക്കു നേരെയെറിഞ്ഞു. രണ്ടുകൂട്ടരുടേയും മുഖത്തും ദേഹത്തുമൊക്കെ പരുക്കു പറ്റി – വിവരമറിഞ്ഞ് കുട്ടികളുടെ വീട്ടുകാരോടിക്കൂടി. അവര്‍ തമ്മില്‍ത്തമ്മിലും മമ്മയോടും വഴക്കുണ്ടാക്കുകയാണ്. ഇവാനായുടെ പപ്പാ, ദല്‍ബീറിന്റെ അച്ഛനോടു കയര്‍ത്തു സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് ദേവേശി വരാന്തയിലെത്തിയത്.
”നിങ്ങടെ ചെറുക്കനും ആ ഫര്‍ഹാനും കൂടിയല്ലേ ഈ കൊരങ്ങന്മാരെ കല്ലെറിഞ്ഞത്? പിള്ളേരെ മര്യാദയ്ക്കു വളര്‍ത്തണം, മനസ്സിലായോടോ?”
ഫര്‍ഹാന്റെ വാപ്പ ചാടിവീണു ”മിണ്ടാതിരിയെടോ! എന്റെ കൊച്ചിനെ എങ്ങനെ വളര്‍ത്തണമെന്ന് എനിക്കറിയാം… പിന്നെ, ദേ വല്യമ്മേ, നിങ്ങടെയീ കൊരങ്ങന്മാരൊണ്ടല്ലോ, ഇതിനെ മുഴ്വോന്‍ ഞാന്‍ വെടിവെച്ചുകൊല്ലും, പറഞ്ഞേക്കാം.” അപ്പോഴേയ്ക്കും വാക്കേറ്റം കയ്യേറ്റമായി മാറി. തമ്മില്‍ത്തമ്മില് ഉന്തും തള്ളും അടിയും ഇടിയും ചവിട്ടും ചീത്ത വിളിയും.
ദേവേശി പേടിച്ചരണ്ടു നിന്നു. എന്തൊക്കെയാ ഇവിടെ നടക്കുന്നത്? തന്റെ കളിക്കൂട്ടുകാരായ ഇവരാരും ഒരു ചെടിയെപ്പോലും ഉപദ്രവിക്കുന്നവരായിരുന്നില്ലല്ലോ. കുരങ്ങന്മാരോട് ഇവര്‍ക്കെന്തൊരിഷ്ടമായിരുന്നു! ഇപ്പോഴിവര്‍ക്കെന്താണു സംഭവിച്ചത്? അന്നേരമാണ് അരമതിലിലും മാവിന്റെ ശിഖരങ്ങളിലും മുറ്റത്തെ ചെട്ടിച്ചട്ടികളിലുമൊക്കെ പമ്മിപ്പമ്മി നടന്നു നീങ്ങുന്ന കരിന്തൂറുകണ്ണന്മാരെ അവള്‍ കണ്ടത്.
(തുടരും)






















