‘ഹോ! എന്തെങ്കിലും കഴിച്ചിട്ടെത്ര നാളായി? വിശന്നുതളര്‍ന്നുവീഴാറായി.’
‘ഈ കാട്ടില്‍ ഇനിയും നിന്നാല്‍ പട്ടിണികിടന്നു വലയും. നമുക്കു മറ്റെങ്ങോട്ടെങ്കിലും പോകാം.’ – എന്നു പറഞ്ഞ് കുരങ്ങന്‍കൂട്ടം കാടുവിട്ട് അയല്‍ക്കാടുകളിലൂടെ സഞ്ചരിച്ചു. കുറെദൂരം ചെന്നപ്പോള്‍ അവര്‍ അതിമനോഹരമായ ഒരു പഴത്തോട്ടം കണ്ടു.
ചക്കപ്പഴം, മാമ്പഴം എന്നുവേണ്ടാ സകലവിധപഴങ്ങളും അവിടെയുണ്ട്. കുരങ്ങന്മാര്‍ക്ക് ആര്‍ത്തിയും കൊതിയും സഹിക്കാന്‍ പറ്റാതായി. കൂട്ടത്തില്‍ മുതിര്‍ന്ന കുരങ്ങന്‍ പറഞ്ഞു,
‘ഇത് ആരോ നട്ടുവളര്‍ത്തുന്ന തോട്ടമാണ്. അധികനേരം ഇവിടെ നിന്നാല്‍പ്പറ്റില്ല’
‘വിശപ്പു മാറാനുള്ള പഴങ്ങളെടുത്ത് പുറത്തു കടക്കാം’ ആര്‍ത്തിമൂത്ത മറ്റുകുരങ്ങന്മാര്‍ സമ്മതിച്ചില്ല. അവര്‍ക്കു ചക്കപ്പഴം കാണുമ്പോള്‍ മാമ്പഴംമതിയെന്നു തോന്നും. മാമ്പഴക്കുല കൈയിലെടുത്തു കഴിയുമ്പോള്‍, തൊട്ടപ്പുറത്തുള്ള പേരയ്ക്ക കണ്ടുകൊതിക്കും. അതും കുറച്ചെണ്ണം പറിച്ചുനെഞ്ചോടടുക്കിക്കഴിയുമ്പോള്‍, വലിയ തണ്ണിമത്തന്‍ കാണും. അങ്ങനെ ഒന്നിനു പുറകെ ഒന്നായി പഴങ്ങള്‍ മാറിമാറിപ്പറിച്ചെടുത്ത് ദേഹത്തോടു ചേര്‍ത്തുപിടിച്ച് അവര്‍ നടന്നു.
എത്രതരം പഴങ്ങളെടുത്തിട്ടും അവര്‍ക്ക് മതിയാവുന്നില്ല. ഒരു പഴംപോലും തിന്നാനവര്‍ ശ്രമിച്ചില്ല. എല്ലാം വാരിക്കൂട്ടാന്‍ മത്സരിച്ചു. എന്തുവേണമെങ്കിലും കാണിക്കെന്നു പറഞ്ഞ് പ്രായമായ രണ്ടു കുരങ്ങന്മാര്‍ കിട്ടിയ പഴങ്ങളുംകൊണ്ട് പുറത്തു കടന്നു.
നേരം കടന്നുപോയി. ഊണുകഴിക്കാന്‍ പോയ കാവല്‍ക്കാര്‍ തിരിച്ചെത്തി. ‘ദേ കുരങ്ങന്മാര്‍. ഞാന്‍ പറഞ്ഞതല്ലേ നമ്മളൊന്നിച്ച് ഊണുകഴിക്കാന്‍ പോകണ്ടെന്ന്. ഇപ്പോള്‍ കണ്ടില്ലേ …’
‘ശ്ചൂ കൊരങ്ങേ…’ എന്നുപറഞ്ഞ് അവര്‍ വടിയുമായിച്ചെന്ന് കുരങ്ങന്മാരെ ഓടിച്ചു. കൈയിലുള്ള പഴങ്ങളെല്ലാമുപേക്ഷിച്ച് അവര്‍ ഭയന്നോടി. കടിച്ചതുമില്ല പിടിച്ചതുമില്ല എന്നു പറഞ്ഞതുപോലെ, ഒരു പഴംപോലും തിന്നാതെ അവര്‍ക്ക് ആ തോട്ടംവിട്ടുപോകേണ്ടിവന്നു.






















