ഗോവധ നിരോധനം ആര്‍.എസ്.എസ് അജണ്ടയാണോ? ഗോപൂജയുടെ പിന്നിലെ തത്ത്വം എന്താണ്?
പശുവിനെ മാതാവിനെപോല കാണുന്ന ഒരു സംസ്‌കാരമാണ് ഭാരതത്തിന്റേത്. നമ്മുടെ കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗംകൂടിയാണത്. പുരാതനകാലം മുതല്‍ വളര്‍ത്തുമൃഗമായ പശുവിനെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമാണ് ഭാരതീയര്‍ കരുതുന്നത്. ഗ്രാമീണ ഭാരത ജനജീവിതത്തില്‍ പശുവിനുള്ള സ്ഥാനം വളരെ വലുതാണ്. പെറ്റമ്മയുടെ പാല്‍ കഴിഞ്ഞാല്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏറ്റവും കൂടുതല്‍ കഴിക്കുന്നതും പശുവിന്റെ പാലാണ്. അതുകൊണ്ടാവണം ഗോമാതാവ് എന്ന സ്ഥാനം നാം പശുക്കള്‍ക്കു നല്‍കിയത്. ഭാരതീയ പുരാണങ്ങളിലും ആരാധനാ പദ്ധതികളിലും പശുവും കാളയും സുപ്രധാന പങ്കുവഹിക്കുന്നു. ഭാരതീയ ഋഷിമാരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ഗോമാതാസങ്കല്പത്തെ വളര്‍ത്തുകയാണ് ഉണ്ടായത്. അഹിംസ ഭാരതത്തിന്റെ മുഖമുദ്രയായതുതന്നെ ഹിന്ദു സംസ്‌കാരത്തിന്റെ പ്രത്യേകതകൊണ്ടാണ്. ഗോരക്ഷ പുരാതനകാലം മുതല്‍ ഭാരതീയര്‍ തങ്ങളുടെ ധര്‍മ്മമായി കരുതിപോന്നിരുന്നു. ഗോപൂജ ഹിന്ദു ആരാധന പദ്ധതിയില്‍ പ്രമുഖവുമായിരുന്നു. കാമധേനു മാതൃഭാവത്തിന്റെ പര്യായമാണ്. സ്‌നേഹം, വാത്സല്യം, കരുതല്‍ ഇവയൊക്കെ അമ്മയില്‍നിന്ന് ലഭിക്കുമ്പോഴാണ് അതിന് പൂര്‍ണ്ണത വരുന്നത്. കാമധേനു ആ മാതൃവാത്സല്യത്തിന്റെ പ്രതീകമാണ്.
പശ്ചിമേഷ്യന്‍ ഇസ്ലാമിക ശക്തികള്‍ ഭാരതം കയ്യടക്കിയതോടെയാണ് ഗോവധവും മാംസാഹാരവും ഇവിടെ പ്രബലമായത്. മത്സ്യാഹാരം കഴിക്കുന്നവരാണ് ഭാരതത്തിലുണ്ടായിരുന്ന മാംസഭുക്കുകള്‍. ക്രമേണ അത് മാംസാഹാരികള്‍ക്ക് വഴി മാറി. എന്നിരുന്നാലും ഹിന്ദു സമൂഹം ഗോക്കളെ കൊന്നു ഭക്ഷിച്ചിരുന്നില്ല. ജനസംഖ്യാപരമായി ഹിന്ദുക്കള്‍ക്ക് ശക്തി കുറഞ്ഞ കേരളം പോലുള്ള പ്രവിശ്യകളില്‍ മാംസാഹാരികള്‍ കൂടുതലായി. എന്നിരുന്നാലും ഗോപൂജയും ഗോരക്ഷയും ഹിന്ദുക്കളുടെ മൗലിക സ്വഭാവമായി ഗണിക്കപ്പെട്ടു.
പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഗോരക്ഷ ഒരു പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടി. ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും ഗോരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കിയവരാണ്. ഉദാഹരണത്തിന് ആടിന്റെയും പശുവിന്റെയും പാല്‍ കുടിക്കാം എങ്കില്‍ അവയുടെ മാംസം കഴിച്ചുകൂടെ എന്ന് ശ്രീനാരായണഗുരുവിനോട് ഒരാള്‍ ചോദിക്കുകയുണ്ടായി. ഗുരു ഒരു മറുചോദ്യം ചോദിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. അത് ഇങ്ങനെയാണ്. ‘അമ്മയുണ്ടോ?’ ഗുരു ചോദിച്ചു. ‘ഇല്ല മരിച്ചുപോയി’ എന്ന് ചോദ്യകര്‍ത്താവ് പറഞ്ഞു. സ്വാമി വീണ്ടും ചോദിച്ചു ‘ദഹിപ്പിച്ചോ? അതോ തിന്നോ.’ വളരെ വ്യക്തമാണ് ഗുരുവിന്റെ ആശയം. അഹിംസ, ജീവകാരുണ്യ പഞ്ചകം, അനുകമ്പാദശകം എന്നീ ശ്രീനാരായണകൃതികള്‍ ജന്തുഹത്യയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് എഴുതുന്നത്.
”എല്ലാവരുമാത്മ സഹോദരരെ
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ
ത്തെല്ലും കൃപയറ്റു ഭൂജിക്കയതും” (ജീവകാരുണ്യപഞ്ചകം)
”നിരുപദ്രമാം ജന്തു-
നിരയെത്തന്‍ ഹിതത്തിനായ്
വധിപ്പോനു വരാ സൗഖ്യം
വാണാലും ചത്തുപോകിലും”
…… ………. …………..
…….. …… ……………
”മാംസ മുണ്ടാവതും പ്രാണി
വധവും പീഡനങ്ങളും
മനസ്സിലോര്‍ത്തുവിടുവിന്‍
മാംസഭക്ഷണമാകവേ!” (അഹിംസ)
മനുഷ്യനെ കൊല്ലുന്നത് മാത്രമല്ല ജന്തുഹത്യയും ഭാരതീയ സംസ്‌കാരത്തിന് അന്യമാണ്. അധര്‍മ്മത്തെ മാത്രമാണ് ഉന്മൂലനം ചെയ്യേണ്ടത്. മഹാത്മാഗാന്ധിയാണ് ഗോവധ നിരോധം എന്ന ആശയത്തെ കോണ്‍ഗ്രസ്സിന്റെ മുഖ്യ കര്‍മ്മപദ്ധതിയാക്കുന്നത്. ആര്‍.എസ്.എസ് രൂപംകൊള്ളുന്നതിനുമുമ്പുതന്നെ ഗോവധത്തിനെതിരായ പൊതുജനാഭിപ്രായം ഭാരതത്തിലുണ്ടായിരുന്നു. മാത്രമല്ല ഭരണഘടനയുടെ അനുച്ഛേദം 39 ഗോക്കളെയും, മറ്റു പാലുതരുന്ന മൃഗങ്ങളെയും കൊല്ലുന്നത് നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരുവാന്‍ ഭരണകൂടത്തെ അനുശാസിക്കുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങി രാജ്യത്തെ വലിയൊരു ശതമാനം സംസ്ഥാനങ്ങള്‍ ഗോവധം നിയമംകൊണ്ട് തടഞ്ഞിട്ടുണ്ട്.
ചുരുക്കത്തില്‍ ഗോവധനിരോധനം ഭരണഘടനാപരമായ ഒരു ചുമതലയാണ്. ആര്‍എസ് എസ് അതിനെ പിന്താങ്ങുന്നു എന്നുമാത്രം. ഭാരത സംസ്‌കൃതിയുടെ അവിഭാജ്യമായ ഘടകമാണ് ഗോരക്ഷ. ഭരണഘടന ആ സംസ്‌കാരത്തെ ഉള്‍ക്കൊഉളുന്നു. ആര്‍എസ്എസ് ആ ലക്ഷ്യത്തെ കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു എന്നു മാത്രം കരുതിയാല്‍ മതി.
ഭാരതത്തിന്റെ രാഷ്ട്രീയ മണ്ഡലങ്ങളില്‍, വിശേഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ആദ്യകാലത്ത് കാളയെയും പശുവിനെയും തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിച്ചിരുന്നു. 1967-വരെ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം നുകംവച്ച രണ്ടു കാളകളായിരുന്നു. 1969 മുതല്‍ 1977 വരെ പശുവും പാലുകുടിക്കുന്ന കിടാവുമായിരുന്നു.





















