സംഘാദര്‍ശങ്ങളോട് ഒരു മനുഷ്യജന്മം പൂര്‍ണ്ണമായി താദാത്മ്യം പ്രാപിക്കുക എന്നത് കഠിനമായൊരു തപസ്യയാണ്. ആത്മനിയന്ത്രണത്തിന്റെയും ആദര്‍ശധീരതയുടെയും അഗ്‌നിപരീക്ഷകളില്‍ വിജയിച്ച്, ഒരു ആയുസ്സ് മുഴുവന്‍ സമൂഹത്തിനായി സമര്‍പ്പിച്ച ഉജ്ജ്വല വ്യക്തിത്വമായിരുന്നു ഗോപാല്‍ജി എന്നറിയപ്പെട്ടിരുന്ന ഡി. ഗോപാലന്‍. കായംകുളത്ത് കടവിശ്ശേരില്‍ പടീറ്റത്തില്‍ ദാമോദരന്‍-ചെല്ലമ്മ ദമ്പതികളുടെ മൂത്തപുത്രനായി ജനിച്ച അദ്ദേഹം, കടുത്ത സാമ്പത്തിക പരാധീനതകളോടും സാമൂഹികമായ പിന്നാക്കാവസ്ഥകളോടും പോരാടിയാണ് തന്റെ ജീവിതവഴി വെട്ടിത്തെളിച്ചത്. അഞ്ച് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ ഏക ആശ്രയം, പിതാവിന്റെ കഠിനാധ്വാനത്തിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു. എന്നാല്‍, ഈ പ്രതികൂല സാഹചര്യങ്ങളെല്ലാം ഒരു വശത്ത് നില്‍ക്കുമ്പോഴും, ഉള്ളില്‍ ജ്വലിച്ച ആദര്‍ശബോധം അദ്ദേഹത്തെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വഴിയിലേക്ക് നയിച്ചു.
വെല്ലുവിളികളുടെ മണ്ണില്‍ വിരിഞ്ഞ ആദര്‍ശം
കേരള ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ സ്വാധീനം ഉറപ്പിക്കുകയും, ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വരികയും ചെയ്ത 1957-ലായിരുന്നു ഗോപാല്‍ജിയുടെ കൗമാരകാലം. പുന്നപ്ര-വയലാര്‍ സമരങ്ങളുടെ പശ്ചാത്തലത്തില്‍, കായംകുളവും വള്ളികുന്നവുമടങ്ങുന്ന പ്രദേശങ്ങളില്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ സ്വാധീനം ജനങ്ങളില്‍ ഭയവും പരിഭ്രാന്തിയും സൃഷ്ടിച്ചിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്. രാഷ്ട്രീയ എതിര്‍പ്പുകളുടെ കനലുകള്‍ എരിഞ്ഞിരുന്ന ആ മണ്ണിലാണ്, ദേശീയതയുടെ ഉദാത്തമായ ആശയങ്ങള്‍ നെഞ്ചിലേറ്റിക്കൊണ്ട് ഒരു ശാഖ ആരംഭിക്കണമെന്ന ആഗ്രഹം ആ വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ മൊട്ടിടുന്നത്. സ്‌കൂളില്‍ കൂടെപ്പഠിക്കുന്ന കൂട്ടുകാരോട് ഈ ആഗ്രഹം പങ്കുവെച്ചപ്പോള്‍ ഭയവും അത്ഭുതവുമായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍ ഗോപാലന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അവര്‍ക്ക് ഒപ്പം നില്‍ക്കേണ്ടി വന്നു. അങ്ങനെ 1957-ല്‍, കായംകുളത്തിനടുത്ത് കണ്ണോലില്‍ എന്ന വീട്ടുപറമ്പില്‍ ആദ്യമായി ശാഖ ആരംഭിച്ചു. വെറും കുറച്ചുപേരില്‍ നിന്ന് തുടങ്ങിയ ആ പ്രവര്‍ത്തനം പിന്നീട് കടുത്ത എതിര്‍പ്പുകളെ ധീരമായി നേരിട്ടുകൊണ്ട് വളരുകയായിരുന്നു.
ആദര്‍ശവഴികളിലെ മാര്‍ഗ്ഗദര്‍ശനം
സംഘത്തിന്റെ പ്രമുഖ പ്രചാരകന്മാരായിരുന്ന ഭാസകര്‍ റാവുജി, മാധവ്ജി, പരമേശ്വര്‍ജി, പ്രാന്ത സംഘചാലക് ആയിരുന്ന പ്രൊഫ. ഗോവിന്ദന്‍ പ്രാന്തകാര്യവാഹ് ആയിരുന്ന ടിവി. അനന്തന്‍ തുടങ്ങിയവരുടെ സമ്പര്‍ക്കവും മാര്‍ ഗ്ഗനിര്‍ദ്ദേശവുമാണ് അക്കാലത്ത് ഗോപാല്‍ജിക്ക് വഴിവിളക്കായത്. ശാഖയിലെ ഒരു മണിക്കൂര്‍ കാര്യക്രമങ്ങളില്‍ നിന്ന് ഭാരതീയ വിദ്യാഭ്യാസത്തിന്റെ അന്തസ്സത്തയും ആത്മബോധവും അദ്ദേഹം ഉള്‍ക്കൊണ്ടു. വൈദിക പാരമ്പര്യത്തിന്റെ കാതലായ ആത്മബോധം കണ്ടെത്തേണ്ടത് ബാഹ്യവിഷയങ്ങളിലല്ല, മറിച്ച് സ്വന്തം ഉള്ളില്‍ത്തന്നെയാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി. ശാഖകളില്‍ നിന്ന് കേട്ട ധീരപുരുഷന്മാരുടെ കഥകളും, ഒരുമിച്ച് പാടിയ ഗണഗീതങ്ങളും അദ്ദേഹത്തിന്റെ ചിന്തകളെ കൂടുതല്‍ ദൃഢമാക്കി.
കുടുംബത്തിന്റെ ദയനീയമായ സാമ്പത്തികാവസ്ഥ ഒരു നിമിഷം അദ്ദേഹത്തെ ചിന്തിപ്പിച്ചുവെങ്കിലും, ഭാരതമാതാവിനായുള്ള സമര്‍പ്പണബോധം എല്ലാറ്റിനും മുകളിലായിരുന്നു. അങ്ങനെ പത്താം ക്ലാസ് പഠനകാലത്ത് തന്നെ ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള പാണാവള്ളിയില്‍ താലൂക്ക് വിസ്താരകനായി അദ്ദേഹം പൂര്‍ണ്ണസമയ പ്രവര്‍ത്തനം ആരംഭിച്ചു. 1971-ല്‍ ചിറയിന്‍കീഴ് താലൂക്ക് പ്രചാരകനായിരിക്കെ, 1973-ല്‍ നാഗ്പൂരില്‍ വെച്ച് നടന്ന തൃതീയ വര്‍ഷ സംഘ ശിക്ഷാ വര്‍ഗ്ഗില്‍ പങ്കെടുത്ത് അദ്ദേഹം പരിശീലനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സംഘ ശിക്ഷാ വര്‍ഗ്ഗുകളിലെ സ്ഥിരം ശിക്ഷകനായി മാറിയ അദ്ദേഹം, അക്കാലത്തുണ്ടായിരുന്ന ഖഡ്ഗ പരിശീലനത്തില്‍ മികച്ച നൈപുണ്യം പ്രകടിപ്പിക്കുകയും അതിന്റെ പ്രധാന ശിക്ഷകനായി ചുമതലയേല്‍ക്കുകയും ചെയ്തു.
പ്രതിസന്ധികളും കുടുംബജീവിതവും
1975-ല്‍ പേരാമ്പ്രയില്‍ പ്രചാരകനായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. ജനാധിപത്യ ധ്വംസനത്തിനെതിരെയുള്ള സമരങ്ങളില്‍ സജീവമായി പങ്കെടുത്ത ഗോപാല്‍ജിക്ക് ക്രൂരമായ പീഡനങ്ങളും ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു. ജയില്‍മോചിതനായ ശേഷം കാര്‍ത്തികപ്പള്ളി, പട്ടാമ്പി (1979-80), ഗുരുവായൂര്‍ (1981-83) എന്നീ താലൂക്കുകളില്‍ പ്രചാരകനായി അദ്ദേഹം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചു.
ഗുരുവായൂരില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് അമ്മയ്ക്ക് കഠിനമായ രോഗം ബാധിക്കുന്നതും അവരെ പരിചരിക്കാനായി അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നതും. ആ ഘട്ടത്തില്‍ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ അമ്മ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. ‘കാണിക്കവഞ്ചിയിലിട്ട പണം ആരെങ്കിലും തിരിച്ചെടുക്കുമോ?’ എന്നായിരുന്നു പൂര്‍ണ്ണസമയ സമര്‍പ്പിത ജീവിതത്തെ മുന്‍നിര്‍ത്തി ഗോപാല്‍ജി അന്ന് ചോദിച്ച മറുപടി. എങ്കിലും, മാതൃസ്‌നേഹത്തിന് മുന്നില്‍ വഴങ്ങി അദ്ദേഹം പിന്നീട് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. ചെട്ടികുളങ്ങര സ്വദേശിനിയായ സതിയമ്മയായിരുന്നു അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി.
പിന്നീട് തന്നെ കാണാനെത്തിയ മുതിര്‍ന്ന സംഘാധികാരികളോട് സതിയമ്മ പറഞ്ഞ വാക്കുകള്‍ ഗോപാല്‍ജിയുടെ കുടുംബത്തോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും തെളിവായിരുന്നു: ‘ഗുരുവായൂരപ്പന്‍ എനിക്ക് നല്‍കിയ വരമാണ് ഗോപാല്‍ജി. എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം. അദ്ദേഹത്തെ എനിക്ക് നല്‍കിയ ആ അമ്മയോട് ഞാന്‍ ഹൃദയം കൊണ്ട് നന്ദി പറയുന്നു.’ പ്രചാരക ജീവിതത്തിന് ശേഷവും കര്‍മ്മപഥത്തില്‍ സജീവമായിരിക്കുമ്പോള്‍ തന്നെ, കുടുംബത്തിലും പരസ്പര സ്‌നേഹത്തിന്റെയും പവിത്രതയുടെയും ഉദാത്തമായ മാതൃക കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഗണഗീതങ്ങളുടെ ഉപാസകന്‍
വലിയ പ്രഭാഷണങ്ങള്‍ക്കും ബൗദ്ധിക്കുകള്‍ക്കും അപ്പുറം, വ്യക്തികളുടെ മനഃപരിവര്‍ത്തനത്തിനും ആശയദൃഢീകരണത്തിനും നിര്‍ഭയത്വത്തിനും ഏറ്റവും ഉചിതമായ മാര്‍ഗ്ഗം ഗണഗീതങ്ങളാണെന്ന് ഗോപാല്‍ജി വിശ്വസിച്ചിരുന്നു. ഗണഗീതങ്ങള്‍ ആത്മാര്‍ത്ഥമായി പാടുന്നതില്‍ അദ്ദേഹം അതീവ നിപുണനായിരുന്നു. ഹിന്ദി ഭാഷ വശമില്ലാത്തവര്‍ക്ക് പോലും അതിന്റെ ഭാവവും രാഗവും വഴി വരികളുടെ ആന്തരാര്‍ത്ഥം മനസ്സിലാക്കിക്കൊടുക്കാന്‍ അദ്ദേഹത്തിന്റെ ആലാപന ശൈലിക്ക് കഴിഞ്ഞിരുന്നു.
ഡിജിറ്റല്‍ യുഗത്തിലും, താന്‍ ആദ്യകാലം മുതല്‍ പരിചയപ്പെട്ട വ്യക്തികളുടെ വിലാസങ്ങളും ഫോണ്‍ നമ്പറുകളും ഡയറിയില്‍ കൃത്യമായി കുറിച്ചുവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. പതിനാലാം വയസ്സില്‍ ആരംഭിച്ച ആ സംഘജീവിതം എണ്‍പതാം വയസ്സില്‍ അവസാനിക്കുന്നതിന് രണ്ടുമാസം മുന്‍പ് അദ്ദേഹം തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചു: ‘ഇനിയുള്ള ജന്മത്തിലും ഈ മണ്ണില്‍ ജനിക്കണമെന്നും, ഒരു സ്വയംസേവകനായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നുമാണ് എന്റെ ആഗ്രഹം.’ ആദര്‍ശത്തോടുള്ള ആത്മബന്ധം എത്രത്തോളം ആഴത്തിലുള്ളതായിരുന്നുവെന്ന് ഈ വരികള്‍ വ്യക്തമാക്കുന്നു.
നിശ്ശബ്ദമായ മടക്കം അവശേഷിക്കുന്ന പ്രകാശകിരണങ്ങള്‍
സംഘപ്രവര്‍ത്തനം എന്നത് പരസ്യ കോലാഹലങ്ങളല്ല, മറിച്ച് നിശ്ശബ്ദമായ ഈശ്വരപ്രാര്‍ത്ഥന പോലെ പവിത്രമായ ഒന്നാണെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. ജീവിതത്തിന്റെ അവസാന നാളുകളില്‍ രാഷ്ട്രീയ സ്വയംസേവക സംഘം കായംകുളം ഖണ്ഡ് സഹ സംഘചാലക് ആയി പ്രവര്‍ത്തിക്കുകയായിരുന്നു. അതിനുമുമ്പ് ജില്ലാ തലത്തിലും, ശബരിഗിരി വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ ന്ന ചുമതലയിലും അദ്ദേഹം തിളങ്ങിയിരുന്നു. വാര്‍ദ്ധക്യത്തിലും കര്‍ത്തവ്യങ്ങളില്‍ ഒട്ടും പിന്നോട്ട് പോകാതെ, ഈ വര്‍ഷവും 160 കേസരി വരിക്കാരെ ചേര്‍ത്ത് അദ്ദേഹം സംഘടനയ്ക്ക് മാതൃകയായി.
2026 ജൂണ്‍ 28-ാം തീയതി ഗോപാല്‍ജി ഈ ലോകത്തോട് വിടപറയുമ്പോള്‍ നഷ്ടമായത് ആദര്‍ശശുദ്ധിയുള്ള ഒരു വലിയ ജീവിതമാതൃകയാണ്. എങ്കിലും അദ്ദേഹം എപ്പോഴും ചൊല്ലാറുള്ള ആ ഹിന്ദി ഗണഗീത വരികള്‍ ഇന്നും സ്വയംസേവകരുടെ മനസ്സില്‍ മാറ്റൊലിയായി അവശേഷിക്കുന്നു:
‘ജീവന് പുഷ്പ് ചഡാനേ
നികലേ
മാതാ കേ ചരണോം മേ, ഹം
വന്ദേമാതരം ഭാരത വന്ദേമാതരം…’
രാഷ്ട്രനവനിര്‍മ്മാണം തന്നെയായിരുന്നു ആ ശ്രേഷ്ഠ ജീവിതത്തിന്റെ ലക്ഷ്യം. ഗോപാല്‍ജി എന്ന സമര്‍പ്പിത വ്യക്തിത്വം വിട്ടുപിരിഞ്ഞെങ്കിലും, അദ്ദേഹം കാട്ടിത്തന്ന വഴി അനേകം സ്വയംസേവകര്‍ക്ക് എന്നും ആവേശം പകരുന്ന പ്രകാശഗോപുരമായി നിലകൊള്ളും.






















