വ്യാസന്റെയും വാല്മീകിയുടെയും വാങ്മയങ്ങളാണ് ഭാരത സംസ്‌കാരത്തിന് അടിത്തറ പാകിയ നിസ്തുല നിധികള്‍. പ്രാദേശിക ഭാഷകളെയും സംസ്‌കൃതികളെയും സമ്പന്നമാക്കുന്നതില്‍ മേല്‍പറഞ്ഞവരുടെ കൃതികള്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നതിന് ആരെങ്കിലും തര്‍ക്കിക്കുമെന്നും തോന്നുന്നില്ല. ധര്‍മ്മാര്‍ത്ഥകാമങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാനും ഭഗവാന്‍, ഭക്തി, ഭക്തന്‍ എന്നിങ്ങനെ ഭഗവത് ധര്‍മ്മങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഈ ഗ്രന്ഥങ്ങള്‍ വളരെയേറെ സഹായിച്ചിട്ടുമുണ്ട്. ഭാരതീയരുടെ സാംസ്‌കാരികവും വൈജ്ഞാനികവുമായ വികാസത്തിന് അടിത്തറപാകാന്‍ കലാ-സാംസ്‌കാരിക വിദ്യകള്‍ക്കുണ്ടായിരുന്ന പങ്കും ചെറുതല്ല. എന്നാല്‍, അവയുടെ നിര്‍മ്മാണ രഹസ്യങ്ങളും ശാസ്ത്രീയതയും ഉള്‍പ്പെട്ടിരുന്ന പ്രാമാണിക ഗ്രന്ഥങ്ങള്‍ക്ക് വേണ്ടത്ര പ്രചാരം ലഭിക്കാതെ പോയി എന്നത് ഒരു വസ്തുതയാണ്. പുരാണങ്ങളും ധര്‍മ്മങ്ങളും ഐതിഹ്യങ്ങളുമൊക്കെ പ്രചരിച്ചതുപോലെ ഔന്നത്യത്തോടെ കലയും സംസ്‌കാരവും അതിന്റെ സാങ്കേതികത്വവും പ്രചരിപ്പിക്കപ്പെട്ടില്ലെന്നു മാത്രമല്ല; അവയൊക്കെ സ്വയംഭൂ ആയതാണെന്നുവരെ തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തു. ആയതുമൂലം അവകളുടെ സംരക്ഷണ പ്രശ്‌നങ്ങള്‍, വിശ്വാസങ്ങളില്‍ തട്ടി മുരടിക്കുകയും ചെയ്തു.
ആഗോള സാംസ്‌കാരികതയെക്കുറിച്ചും അതിന്റെ വികാസപരിണാമങ്ങളെക്കുറിച്ചും അനേക സംവത്സരങ്ങളായി പഠനവും പരീക്ഷണങ്ങളും രചനകളും അവയോടൊപ്പം ചര്‍ച്ചകളും നടന്നുവരുകയാണല്ലോ. അക്കൂട്ടത്തില്‍ ചിത്രകല, പ്രതിമാനിര്‍മ്മാണം, വാസ്തുകല, നാടന്‍ കലകള്‍ എന്നിവകളെക്കുറിച്ചെല്ലാം നാലാളുകള്‍ ഒത്തുചേരുന്നിടത്ത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു, പക്ഷേ കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും ചങ്ങല പൊട്ടിച്ച് ഇവയെ മുക്തമാക്കാന്‍ ചരിത്രകാരന്മാരോ, ബുദ്ധിജീവികളോ, ഗുണഭോക്താക്കളോ തയ്യാറാവുന്നില്ല എന്നതാണ് വസ്തുത. വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്പങ്ങളും വിഗ്രഹങ്ങളും ശിലാവിഗ്രഹങ്ങളും പലവിധ ലോഹശില്പങ്ങളും മറ്റും അതിപുരാതനമായവയെ സ്വയംഭൂവായി ഉണ്ടായതാണെന്നു വിശ്വസിപ്പിക്കാനാണ് നമ്മെ പറഞ്ഞു മനസ്സിലാക്കിയിരുന്നത്. ഇവയെല്ലാം മനുഷ്യവിഭവശേഷിയുടെ സത്യസന്ധവും ശാസ്ത്രീയവുമായ ആവിഷ്‌കാരമാണെന്ന് ചില ചരിത്രപണ്ഡിതന്മാര്‍ എങ്കിലും ബോധപൂര്‍വ്വം ധരിപ്പിച്ചു വരുന്നുണ്ട്. ഇതുമൂലവും അവയുടെ ശാസ്ത്രീയ സംരക്ഷണത്തെ ബാധിക്കുന്നുണ്ട്.
കല ജീവിതത്തിന്റെയും ജീവിത വീക്ഷണത്തിന്റെയും പ്രതിഫലനമാവുകയും അവയ്ക്ക് ചൈതന്യവത്തായ ഒരു സംസ്‌കാരത്തിന്റെ പിന്‍ബലം ഉണ്ടാവുകയും ചെയ്യുമ്പോള്‍, വിഗ്രഹങ്ങള്‍ അഥവാ പ്രതിമകള്‍ കേവലം ഒരു സൗന്ദര്യാവിഷ്‌കാരം മാത്രമല്ലാതാകുന്നു. ഭാരതം ചിത്രശില്പ രചനാസമൃദ്ധമായ ഭൂമികയാണ്. അടിയുറച്ച നിര്‍മ്മാണ സാങ്കേതികത്വം സ്വായത്തമാക്കിയ ഒരു ജനത ഇവിടെ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പേ ഉദയംചെയ്തിരുന്നു. അവര്‍ക്കു ലഭ്യമായ ബോധനത്തിന്റെ പ്രതീകങ്ങളാണ് ഹാരപ്പയിലെയും മോഹന്‍ജൊദാരോവിലെയും മറ്റും പുരാവസ്തുക്കളിലൂടെ നാം മനസ്സിലാക്കിയതും ലോകം അംഗീകരിച്ചതും. എവിടെയോ ഇഴകള്‍ പൊട്ടിയ ഒരു പൈതൃകത്തിന്റെ അവശിഷ്ട അറിവുകളാണ് ബുദ്ധ-ജൈനമതങ്ങളുടെ ആവിര്‍ഭാവകാലത്ത് പുറത്തുവന്ന ചൈതന്യങ്ങളും വിഹാരങ്ങളും മറ്റും.
ഇതിന്റെ തുടര്‍ച്ചയായി രൂപംകൊണ്ട അജന്തയും എല്ലോറയും എലിഫന്റായും മഹാബലിപുരവും തിരുനന്ദിക്കരയുമെല്ലാം കേവലം ആരാധനാലയങ്ങള്‍ മാത്രമായിരുന്നില്ല. അവയാകട്ടെ, ധീരമായ ആസൂത്രണത്തിലും വിദഗ്ദ്ധമായ നിര്‍വ്വഹണത്തിലും ജനങ്ങള്‍ പരസ്പരം മത്സരിച്ച് അവയുടെ മികവു തെളിയിക്കാനുള്ള രംഗവേദികള്‍ കൂടിയായിരുന്നു. അവിടെ വസ്തുകല, ശില്പകല, ചിത്രകല, സംഗീതം, നൃത്തം, അഭിനയം, ഉപകരണവാദനം, വേദപഠനം, ജ്യോതിഷം, ചികിത്സ, മന്ത്രതന്ത്രവിദ്യകള്‍, തര്‍ക്കം, വേദാന്തം, ആയോധനം, സാഹിത്യം തുടങ്ങിയ സര്‍വ്വവിധമാനവികതകളുടെയും മാറ്റുരയ്ക്കാനുള്ള വേദികളും നിര്‍മ്മിച്ചിരുന്നു. മതില്‍ക്കെട്ടിനുള്ളില്‍ കൂത്തമ്പലങ്ങളില്ലാതെ ഒരു മഹാക്ഷേത്രങ്ങളും അക്കാലത്തുണ്ടായിരുന്നില്ല. ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായൊരു സാമൂഹിക ക്രമം ചിട്ടപ്പെട്ടതോടെ അത്തരം വിഭാഗത്തില്‍ ഉള്‍പ്പെട്ടുപോയ വിഭാഗങ്ങളുടെ സംഭാവനകള്‍ ക്രമേണ അസ്തമിക്കുകയാണുണ്ടായത്.
മൂല്യമുള്ള ഏതൊരു വസ്തുവും പരിരക്ഷിക്കപ്പെടേണ്ടതാണ്. ഭാവിതലമുറയ്ക്കുവേണ്ടി കരുതിവയ്ക്കാവുന്ന പലതിന്റെയും കൂടെ പറഞ്ഞുകേള്‍ക്കുന്ന ചില വാക്കുകളാണ് സംരക്ഷണം (CONSERVATION), പുനരുദ്ധാരണം (RESTORATION) എന്നെല്ലാം. ഈ വാക്കുകളുടെ വിപുലമായ അര്‍ത്ഥം പരിശോധിച്ചാല്‍, കേടുവരാതെ സൂക്ഷിക്കുക, പൂര്‍വ്വസ്ഥിതി വരുത്തുക, കേടുപാടുകള്‍ തീര്‍ക്കുക, നന്നാക്കുക, അറ്റകുറ്റപ്പണി നടത്തുക, പുതുക്കുക, വീണ്ടെടുക്കുക, പുനഃസ്ഥാപിക്കുക, പരിഹരിക്കുക, സുഖപ്പെടുത്തുക എന്നിങ്ങനെ വിപുലമായ അര്‍ത്ഥ സംപുഷ്ടതയുള്ളതായി കാണാം. അപ്രകാരം, മൂല്യമുള്ള വസ്തുക്കളുടെ തരംതിരിവു നടത്തിയാല്‍, അവയുടെ പ്രഥമഗണത്തില്‍ പെടുത്താവുന്നവയാണ് പുരാവസ്തുക്കള്‍. ചരിത്രസ്മാരകങ്ങള്‍, ചരിത്രവസ്തുക്കള്‍, അപൂര്‍വ്വ വസ്തുക്കള്‍, പുരാലിഖിതങ്ങള്‍, ചെമ്പുപട്ടയങ്ങള്‍, നാണയങ്ങള്‍, ശിലാദാരുശില്പങ്ങള്‍, ലോഹശില്പങ്ങള്‍, ചുമര്‍ച്ചിത്രങ്ങള്‍ എന്നിങ്ങനെ എണ്ണപ്പെടാനാവാത്ത വിധം ഇനങ്ങളുമുണ്ട്.
നല്ല പരിശീലനവും വൈദഗ്ദ്ധ്യവും വേണ്ടുന്ന ഒരു ശാസ്ത്രീയ ശാഖയില്‍പ്പെട്ടതാണ് പുരാവസ്തു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രീയതയാണ് മുഖ്യമെങ്കിലും കലാപ്രാവീണ്യവും ആവശ്യമാണ്. ചില പുരാവസ്തുക്കളെ ബാധിച്ചിരിക്കുന്ന രോഗം നമ്മുടെ നഗ്നനേത്രങ്ങളില്‍ കാണുന്നതിനപ്പുറം വേരോടിയതായിരിക്കും. കണ്ണാടിച്ചില്ലിട്ട അലമാരകളിലോ ഷോകേയ്‌സുകളിലോ വച്ച് പൂട്ടിക്കഴിഞ്ഞാല്‍ ഭദ്രമായി എന്നത് നമ്മുടെ വിശ്വാസം മാത്രമാണ്. ആരും എടുത്തുകൊണ്ടുപോയില്ലെങ്കിലും ആന്തരികമായി ആ വസ്തുവിനെ ബാധിക്കുന്ന പ്രശ്‌നം അടുത്തറിയാന്‍ കഴിയാതെ വരുന്നു. ചേതനയുള്ള വസ്തുക്കള്‍ക്കു സംഭവിക്കുന്ന രോഗവും മരണവും പോലെ അചേതന വസ്തുക്കളിലും ഇവയെല്ലാം സംഭവിക്കുന്നുണ്ട്. അവയെ പരിശോധനാവിധേയമാക്കി, രോഗനിര്‍ണ്ണയം നടത്തി സംരക്ഷണപദ്ധതി തയ്യാറാക്കി അവ നടപ്പാക്കുകയെന്നതാണ് കരണീയം. അപ്രകാരം ചെയ്യാത്തപക്ഷം അവയുടെ സര്‍വ്വനാശമാകും ഫലം.

കേരളത്തിന്റെ പ്രത്യേക കാലാവസ്ഥ ഇവിടുത്തെ കലാവസ്തുക്കളെ സാരമായി ബാധിക്കുന്നുണ്ട്. ആറുമാസത്തിലധികം നീണ്ടുനില്‍ക്കുന്ന മഴക്കാലം, അത് അവസാനിക്കുമ്പോഴേക്കും ആരംഭിക്കുന്ന മഞ്ഞുകാലം, അതുകഴിയാറാവുമ്പോള്‍ തുടങ്ങുന്ന വരള്‍ച്ചയും ചൂടും അത്യുഷ്ണവും, ഇവയൊക്കെ കൂടാതെ സുദീര്‍ഘമായ കടല്‍ സാമീപ്യവും, കിഴക്കുഭാഗം മുഴുവന്‍ പലതരം ഘട്ടങ്ങളില്‍ വളരുന്ന വൃക്ഷലതാദികള്‍. കടലില്‍ നിന്നും വീശുന്ന ഉപ്പുരസമുള്ള നീരാവി നിറഞ്ഞ കാറ്റിന്റെ ശക്തിയാല്‍ ഏതുശിലയും ദ്രവിക്കും. അപ്പോള്‍ പിന്നെ തടിയുടെയും ലോഹത്തിന്റെയും അവസ്ഥ പറയണോ? തമിഴ്‌നാടിന്റെ കിഴക്കന്‍ സമുദ്രതീരത്തുള്ള മഹാബലിപുരം ശിലാശില്പ സമുച്ചയത്തിന്റെ അവസ്ഥയും ഇതുതന്നെ.
കടല്‍ക്കാറ്റുപോലെ വൃക്ഷലതാദികള്‍ക്കു നടുവില്‍ സ്ഥിതിചെയ്യുന്ന കലാവസ്തുക്കള്‍ക്കും രോഗബാധയുണ്ടാകാറുണ്ട്. ചെറുപ്രാണികളുടെ ആവാസവും അവ പുറപ്പെടുവിക്കുന്ന വിസര്‍ജ്ജ്യങ്ങളും, ജനങ്ങളുടെ തളളിക്കയറ്റം സൃഷ്ടിക്കുന്ന പൊടിപടലങ്ങളും, അശാസ്ത്രീയമായ അറ്റകുറ്റപ്പണികളും കൂടിച്ചേരുമ്പോള്‍ ഏതു പൈതൃക കലാവസ്തുവിനും നാശം സംഭവിക്കാം. ഇങ്ങനെ സംഭവിക്കുന്ന നാശനഷ്ടങ്ങളെ ഒരു പരിധിവരെ സംരക്ഷിച്ചു നിര്‍ത്താനുള്ള മാര്‍ഗ്ഗം ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. കാഴ്ചബംഗ്ലാവുകളിലായാലും, എവിടെയായാലും അപൂര്‍വ്വവസ്തു പ്രദര്‍ശനത്തിനു വയ്ക്കുമ്പോള്‍ അതിന്റെ പേരും എഴുതിവച്ച് സൂക്ഷിപ്പിന് ആളിനെയും നിര്‍ത്തിക്കഴിഞ്ഞാല്‍ സംരക്ഷണമായി എന്നു ധരിക്കരുത്. അപൂര്‍വ്വ വസ്തുവിനുവേണ്ട ഭൗതികമായ പരിഗണന നല്കി, തലമുറകളുമായി സംവദിക്കണമെന്ന ധാരണയോടെ എല്ലാവിധ സംരക്ഷണ കവചവും തീര്‍ക്കുമ്പോഴാണ് അത് സംരക്ഷിക്കപ്പെടുന്നത്.
ആദിമ മനുഷ്യന്‍ ഗുഹാഭിത്തിയില്‍ കോറിവരച്ച ശിലാചിത്രങ്ങളും ശിലാശില്പരൂപങ്ങളും നമ്മുടെ മാനവ സാംസ്‌കാരിക ചരിത്രത്തിന്റെ സുദീര്‍ഘമായ കാലഘട്ടത്തിലെ അമൂല്യ വസ്തുക്കള്‍ തന്നെയാണ്. ഇവിടെ നിന്നാരംഭിച്ച ചിത്രശില്പകലാ വളര്‍ച്ച, വൈവിധ്യവും വൈചിത്ര്യവുമായ അതിന്റെ വളര്‍ച്ചകള്‍, വളരെ വിദഗ്ധമായി നിര്‍മ്മിച്ച് പാകപ്പെടുത്തിയ പ്രതലങ്ങളില്‍, വര്‍ണ്ണസങ്കലന-സംയോജനങ്ങളും, രൂപനിര്‍മ്മിതികളിലും ചെന്നെത്തിയിരിക്കുന്നു. അനുഷ്ഠാനപരമായി നിര്‍മ്മിക്കുന്ന ചുമര്‍ച്ചിത്രങ്ങളും, ശാസ്ത്രീയമായി നിര്‍മ്മിച്ചെടുത്ത ക്യാന്‍വാസുകളില്‍ രചിക്കുന്ന എണ്ണഛായാ ചിത്രങ്ങളും, ലോഹങ്ങള്‍, ധാതുക്കള്‍, ശിലകള്‍, ദന്തങ്ങള്‍ തുടങ്ങിയവകളാല്‍ നിര്‍മ്മിക്കുന്ന ശില്പങ്ങളും വാസ്തു മന്ദിരങ്ങളും എല്ലാം പഴകുംതോറും രോഗഗ്രസ്ഥമാകും എന്നത് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്.
എ.ഡി. 8-ാം നൂറ്റാണ്ടിനും 9-ാം നൂറ്റാണ്ടിനുമിടയില്‍ രചിച്ചതെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ, കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിലെ ചിത്രങ്ങള്‍ഏറെക്കുറെ പൂര്‍ണ്ണമായും നശിച്ചു കഴിഞ്ഞിരിക്കുന്നു. ഇവയ്ക്കും നൂറ്റാണ്ടുകള്‍ക്ക് മുമ്പു രചിച്ചതായി കരുതിവരുന്ന അജന്ത, എല്ലോറ ഗുഹാചിത്രങ്ങളും നശിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ മിക്ക ആരാധനാലയങ്ങളിലെയും ചുമര്‍ച്ചിത്രങ്ങള്‍ പതിനഞ്ചാം നൂറ്റാണ്ടിനുശേഷം രചിക്കപ്പെട്ടവയാണ്. അവയും സ ര്‍വ്വനാശത്തിന്റെ പാതയിലാണ്. ഏറിയവയും നിറം മങ്ങിയും പൊരിഞ്ഞിളകിയും മാഞ്ഞും പൊയ്‌കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ലഭ്യമായ അസംസ്‌കൃതവസ്തുക്കളാല്‍ നിര്‍മ്മിച്ചെടുത്ത പ്രതലവും നിറക്കൂട്ടുകളും അവയുടെ ഒറ്റമൂലി പ്രയോഗങ്ങളുമാണ് ഇത്രകാലവും പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിച്ചു നിലനില്‍ക്കാന്‍ കാരണം. തികച്ചും പ്രകൃതിയോടുമാത്രം കടപ്പെട്ടിരുന്ന ഈ അമൂല്യകലാസമ്പത്ത് സംരക്ഷിച്ചു നിര്‍ത്താന്‍ ആധുനിക രസതന്ത്രത്തിന് പൂര്‍ണ്ണമായി കഴിയുമോ എന്നത് സംശയകരമാണ്. അജന്തയിലെയും മറ്റും ആധുനിക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒരു വിജയമായി കരുതാനാവില്ല. അതിന്റെ പ്രധാന കാരണം അജന്തയിലെ ചിത്രരചനാ സാങ്കേതികത്വമല്ല കേരളത്തിലെ ഭിത്തി ചിത്രങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളത്. ധാതുക്കളും പച്ചിലച്ചാറുകളും ചുണ്ണാമ്പുമെല്ലാം രണ്ടിടത്തും ഉപയോഗിച്ചിട്ടുണ്ടെങ്കിലും അവയുടെ പ്രയോഗത്തില്‍ അടിസ്ഥാനപരമായി വ്യത്യാസങ്ങളുണ്ട്. നിര്‍മ്മാണകാലത്തിനും പ്രകൃതി സാഹചര്യങ്ങള്‍ക്കും വലിയ വ്യത്യാസമുണ്ട്. ഇത്തരം വ്യതിയാനങ്ങളെല്ലാം ശാസ്ത്രീയമായി വിലയിരുത്തിയശേഷമേ അവയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു പദ്ധതി ഒരുക്കാവൂ എന്നതാണ് പ്രഥമ കാര്യം. ഭിത്തിചിത്രങ്ങളെ ബാധിക്കുന്നവിധമല്ല ക്യാന്‍വാസിലെ രചനകളെ ബാധിക്കുന്ന രോഗബാധ. ക്യാന്‍വാസ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന നൂല്‍, അവയില്‍ ഉപയോഗിക്കുന്ന പ്രൈമര്‍, അതില്‍ ചേര്‍ത്തിട്ടുള്ള പശ, നിര്‍മ്മിക്കുമ്പോഴത്തെ പാരിസ്ഥിതികാവസ്ഥ, രചനയ്ക്ക് ഉപയോഗിക്കുന്ന നിറങ്ങള്‍, അവ തമ്മില്‍ കൂട്ടിയോജിപ്പിക്കാനുപയോഗിച്ച എണ്ണ, അതിന്റെ അനുപാതം, ഓരോ തവണയും നിറങ്ങള്‍ പ്രയോഗിച്ച ശേഷം അവ ഉണങ്ങാന്‍ അനുവദിച്ച സമയം, അത് കൃത്രിമച്ചൂടോ, സൂര്യാതാപമോ, കാറ്റോ എന്നത് ഇവയ്ക്കു പുറമെ വ്യത്യസ്ത രാസവസ്തുക്കളാല്‍ നിര്‍മ്മിതമായ നിറങ്ങള്‍ തമ്മില്‍ കൂട്ടിയോജിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന രാസമാറ്റം, ഏറ്റവും ഒടുവില്‍, രചന പൂര്‍ത്തിയാക്കിയാല്‍ മികവു പുലര്‍ത്താനായി പ്രയോഗിക്കുന്ന വാര്‍ണീഷിന്റെ അളവ്, അവയുടെ മിശ്രിതം ആവര്‍ത്തനം. ചിത്രരചനയ്ക്കുശേഷം തയ്യാറാക്കുന്ന ഫ്രെയിമിംഗിലും ചില പ്രശ്‌നങ്ങളുണ്ട്. തടി ഫ്രെയിമിലെ ആണിയില്‍ നിന്നുണ്ടാകുന്ന തുരുമ്പ്, കാലമാറ്റത്തിനനുസരിച്ച് വാര്‍ണീഷിംഗിനുണ്ടാകുന്ന ബ്രൗണിംഗ്, വിണ്ടുകീറല്‍, പൂപ്പല്‍, ക്യാന്‍വാസിന്റെ ബലക്ഷയം, ചെറുകീടങ്ങളുടെ അധിവാസം തുടങ്ങിയവയെല്ലാമാണ് ഒരു എണ്ണഛായാ ചിത്രത്തിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍. ഇവ പരിഹരിക്കാതെ, ചിത്രത്തിനു പുറമെ ചായം തേച്ചാല്‍ വീണ്ടും അതു നശിക്കുമെന്നതാണ് വാസ്തവം. താളിയോലാ ചിത്രങ്ങളും ജലഛായാ ചിത്രങ്ങളും തംഗ ചിത്രങ്ങളും ടെമ്പറാ ചിത്രങ്ങളും പലവിധ കടലാസ് ചിത്രങ്ങളും കാലക്രമേണ നശിച്ചുപോകാന്‍ കാരണം ശാസ്ത്രീയമായ സംരക്ഷണമില്ലായ്ക മൂലമാണ്. ഇതുതന്നെയാണ് പാറ തുരന്നുള്ള ശിലാശില്പങ്ങളം ദാരുശില്്പങ്ങളും ലോഹശില്പങ്ങളുമെല്ലാം നശിക്കാന്‍ കാരണം.
കേരളത്തിലെ ക്ഷേത്രച്ചുമരുകളില്‍ രചിച്ചിട്ടുള്ള ചുമര്‍ച്ചിത്രങ്ങള്‍ നശിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ചരിഞ്ഞ മേല്‍ക്കൂരയുടെ അടിയിലുള്ള പ്രദേശത്താണ് സാധാരണ ചിത്രങ്ങള്‍ എഴുതാറ്. പ്രകാശമോ, മഴത്തുള്ളിയോ പതിക്കാത്ത, ചരിഞ്ഞ മേല്‍ക്കൂരയുടെ നേരെ അടിയിലായി, ചിത്രപ്രതലത്തിന്റെ ഏറ്റവും ഉയരത്തിലുള്ള ഭാഗം വലിയ തോതില്‍ നാശം സംഭവിക്കുന്നില്ല. അവിടെ സൂര്യതാപവും ജലസാന്നിദ്ധ്യവും കുറവാണ് എന്നതാണ് കാരണം. എന്നാല്‍ ശ്രീകോവിലിനു ചുറ്റുമായി കാണുന്ന തുറന്ന പ്രതലത്തിലെ ചിത്രങ്ങളില്‍ മിക്കവയും നിറം മങ്ങിയും പൊരിഞ്ഞിളകിയും മാഞ്ഞുതുടങ്ങിയിട്ടുണ്ടാവും. മഴമൂലം തറയില്‍ കെട്ടിനില്ക്കുന്ന വെള്ളം ഭിത്തിയിലേക്ക് വ്യാപിക്കുന്നതും, നേരിട്ടു പ്രകാശവും മഴത്തുള്ളികളും പതിക്കുന്നതും, ഭിത്തിയില്‍ പ്രയോഗിച്ചിട്ടുള്ള കുമ്മായത്തിന്റെ പശിമ നശിച്ച് ബലക്ഷയമുണ്ടാകാനും വിള്ളല്‍ രൂപപ്പെടാനും, ഋതുക്കളുടെ മാറ്റമനുസരിച്ച് ചുരുങ്ങാനും വികസിക്കാനും കാരണമാകുന്നു. നിരന്തരം ഇങ്ങനെ സംഭവിക്കുന്നതുമൂലം ഭിത്തിയില്‍നിന്നും ചിത്രങ്ങള്‍ ഇളകിവീഴാനും സാധ്യത കൂടുതലാണ്. ഈര്‍പ്പം ഭൂമിയില്‍ നിന്നും ഭിത്തിയിലേക്ക് അരിച്ചിറങ്ങുന്ന പ്രവര്‍ത്തനത്തിന്റെ ഫലമായി അത് കുമ്മായച്ചുവരിലേക്ക് പ്രവേശിക്കുകയും ഭിത്തി മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലമായി നടന്നുവരുന്ന ഈ പ്രക്രിയമൂലം ചുവരിലെ കുമ്മായത്തില്‍ അടങ്ങിയിരിക്കുന്ന പശിമ ഇല്ലാതാവുകയും വേനല്‍ ആരംഭിക്കുമ്പോള്‍, കുമ്മായക്കൂട്ട് പടലമായി ഇളകിവീഴുകയും ചെയ്യുന്നു. ഈര്‍പ്പം മൂലം ചിത്രങ്ങളില്‍ പൂപ്പല്‍ ബാധിക്കാനും കാരണമാകുന്നു. ഇപ്രകാരം ദുര്‍ബലമാകുന്ന ചിത്രങ്ങള്‍ സ്വാഭാവികമായി പൊരിഞ്ഞിളകാനും നിറം മങ്ങാനുമൊക്കെ സാദ്ധ്യതയുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്രകൃതിജന്യമായ നിറങ്ങളും വസ്തുക്കളും ഉപയോഗിച്ച,് നിറം പിടിപ്പിച്ച ചിത്രങ്ങളെ സംരക്ഷിക്കാന്‍ പൂര്‍ണ്ണമായും രാസപ്രയോഗത്തെ ആശ്രയിക്കുന്നത് ആപത്തു ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്.

ദീര്‍ഘവീക്ഷണത്തോടെയുള്ള ചില മുന്‍കരുതലുകള്‍ ഈ പൈതൃകങ്ങളുടെ പരിരക്ഷാപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവയാണ്. കേരളത്തിലെ മുഴുവന്‍ ആരാധനാലയങ്ങളെയും സമഗ്രമായ ഒരു ഡോക്യുമെന്റേഷന് വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവയുടെ വാസ്തുനിര്‍മ്മാണ രീതി, ഘടന, ചിത്രതലം, ശില്പതലം, പഴക്കം ഇപ്പോഴത്തെ അവസ്ഥ എന്നിവ അനുബന്ധ ചിത്രങ്ങളോടൊപ്പം ഡിജിറ്റലൈസ് ചെയ്തു സൂക്ഷിച്ചശേഷം അവയുടെ മൂല്യനിര്‍ണ്ണയം നടത്തി സമ്പൂര്‍ണ്ണമായി ഡോക്യുമെന്റ് ചെയ്യേണ്ടതാണ്. ഒരു വിദഗ്ധ സമിതിയുടെ അനുവാദമില്ലാതെ ആരാധനാലയങ്ങളിലെ അറ്റകുറ്റപ്പണികളോ, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കോ, കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ അനുമതി നല്കരുത്.
പുരാതത്വ പ്രാധാന്യമുള്ള കലാവസ്തുക്കളുടെ ശാസ്ത്രീയ സംരക്ഷണ ശാഖകളില്‍ പഠനവും പരിശീലനവും ലഭിച്ചിട്ടില്ലാത്ത ചിലര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അമൂല്യങ്ങളായ ചിത്ര-ശില്പ-വാസ്തു കലകള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത, ശാസ്ത്രീയമല്ലാത്ത വസ്തുക്കളുപയോഗിച്ച് രക്ഷാ പ്രവര്‍ത്തനങ്ങളും പുതുക്കലും പലേടത്തും തകൃതിയായി നടന്നുവരുന്നുണ്ട്. തീര്‍ച്ചയായും അതു പ്രോത്സാഹനജനകമല്ല. വിദഗ്ദ്ധരുമായി കൂടിയാലോചിച്ച്, ശാസ്ത്രീയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്. വിഗ്രഹ ശാസ്ത്ര പ്രകാരവും താന്ത്രികമൂല്യവും സംയോജിപ്പിച്ച് നിര്‍മ്മിച്ച്, അഷ്ടബന്ധത്താല്‍ ഉറപ്പിച്ച് താന്ത്രികവിധിപ്രകാരം പൂജിക്കുന്ന ശിലാവിഗ്രഹമായാലും ലോഹവിഗ്രഹമായാലും അതിനുള്ള മൂല്യം വാതിലിനു കാവല്‍ നില്‍ക്കുന്ന പടയാളികള്‍ക്കു നല്കുന്നത് ക്ഷേത്രധര്‍മ്മത്തിനു വിരുദ്ധമാണ്.






















