Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം ചലച്ചിത്രം

ബാലൻ : സിനിമയെ നവീനമാക്കുന്ന കലാസൃഷ്ടി..!

അഡ്വ. അനിൽ ഐക്കരഅഡ്വ. അനിൽ ഐക്കര
10 July 2026

ബാലന്‍ എന്ന സിനിമ ആസ്വദിച്ച് കണ്ടപ്പോള്‍, ഒരു വിലയിരുത്തലിന് ഏതു തലവാചകം നല്‍കും എന്നതില്‍ നല്ല ആശയക്കുഴപ്പം ഉണ്ടായി എന്നതാണ് സത്യം.

Google NewsAdd Kesari Weekly as a preferred source on Google

ഒരു ‘വനിതാ സൈക്കോ പാത്’ ആദ്യമായി മലയാളം സിനിമയില്‍…! എന്നോ, ആത്മബന്ധത്തിന്റെയും അതിജീവനത്തിന്റെയും തീവ്രമായ സിനിമാക്കാഴ്ച! എന്നോ നല്‍കാം, രണ്ടും പൂര്‍ണ്ണമാവുന്നില്ല എന്നും തോന്നാം…

ബാലൻ എന്ന ആധുനിക സിനിമ ഇങ്ങനെ രണ്ട് കാഴ്ചപ്പാടുകള്‍ നമുക്ക് മുന്നില്‍ നല്‍കുന്നുണ്ട്. സംവിധായകനും തിരക്കഥാകൃത്തും ബോധപൂര്‍വ്വം സൃഷ്ടിച്ച് വച്ച ഈ ആശയക്കുഴപ്പമാണീ സിനിമയുടെ വിജയം. മാതൃസ്‌നേഹത്തിന്റെ മുഖംമൂടിക്കുള്ളിലെ മനഃശാസ്ത്ര ത്രില്ലര്‍ എന്ന നിലയ്ക്കോ, ഒരു ‘സൈക്കോളജിക്കല്‍ സര്‍വൈവല്‍ ഡ്രാമ’ (മനഃശാസ്ത്ര അതിജീവന ചിത്രം) എന്ന നിലയിലോ ആണ് ഈ സിനിമയെ വായിക്കേണ്ടത് എന്ന് പറയാം. ഈ സിനിമയെ വെറും ‘അമ്മ-മകന്‍ ബന്ധത്തിന്റെ കഥ’ എന്ന രീതിയില്‍ മാത്രം കാണുന്നത് അതിനെ വളരെ ചെറുതാക്കും. അതുപോലെ ‘ഒരു വനിതാ സൈക്കോപാത്തിന്റെ കഥ’ എന്ന ഒറ്റവായനയും സിനിമയോട് നീതി പുലര്‍ത്തുന്നില്ല. യഥാര്‍ത്ഥത്തില്‍ ബാലന്‍ ഈ രണ്ട് ധ്രുവങ്ങള്‍ക്കിടയില്‍ നിലകൊള്ളുന്ന, മനുഷ്യ മനസ്സിന്റെ സങ്കീര്‍ണ്ണതകളെ അന്വേഷിക്കുന്ന ഒരു മനഃശാസ്ത്ര അതിജീവന കലയാണ്.

ADVERTISEMENT

ചില സിനിമകള്‍ കണ്ടിറങ്ങുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ‘നല്ല സിനിമ’ എന്ന വിലയിരുത്തലല്ല. പകരം, ‘ഞാന്‍ ഇപ്പോള്‍ കണ്ടത് എന്തായിരുന്നു?’ എന്ന ചോദ്യമാണ്. ചിദംബരം സംവിധാനം ചെയ്ത ‘ബാലന്‍ ദി ബോയ്’ അത്തരത്തിലുള്ള അപൂര്‍വ അനുഭവമാണ്. സിനിമയുടെ അവസാന ഫ്രെയിം വരെ സംവിധായകന്‍ പ്രേക്ഷകനെ ഒരു ധാര്‍മ്മിക ആശയക്കുഴപ്പത്തില്‍ നിര്‍ത്തുന്നു. നമ്മള്‍ കണ്ടത് ഒരു അമ്മയുടെ അതിജീവനമാണോ, അതോ ഒരു സ്ത്രീയുടെ മാനസിക തകര്‍ച്ചയുടെ കഥയാണോ? ഒരു മകന്റെ ആര്‍ദ്രമായ ഓര്‍മ്മകളാണോ, അതോ ബാല്യകാല ട്രോമയുടെ പുനരാവിഷ്‌കാരമാണോ? ഈ ചോദ്യങ്ങള്‍ക്ക് സംവിധായകന്‍ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നില്ല. അതു സിനിമയുടെ മറ്റൊരു ശക്തിയും ചേതനയും ആണ്. താന്‍ പറയാന്‍ ഉദ്ദേശിച്ച വിഷയത്തിന്റെ ഗൗരവത്തോടും വൈകാരികതയോടും പൂര്‍ണ്ണമായി നീതി പുലര്‍ത്തുന്ന ഒരു മധ്യമ സിനിമാറ്റിക് ശൈലിയാണ് ചിദംബരം എന്ന സംവിധായകന്‍ ബാലന്‍ എന്ന സിനിമയില്‍ സ്വീകരിച്ചിരിക്കുന്നത്.

‘ജാന്‍ എ മന്‍’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്നീ വന്‍ വിജയങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ചിദംബരം ഒരുക്കിയ ‘ബാലന്‍ ദി ബോയ്’, തികച്ചും വ്യത്യസ്തവും അത്രമേല്‍ തീവ്രവുമായ ഒരു ദൃശ്യാനുഭവമാണ് എന്ന് പറയാതെ വയ്യ. സിനിമ സമ്മാനിക്കുന്നത് ഒരു അമ്മയുടെയും മകന്റെയും അതിജീവന പോരാട്ടവും അവര്‍ക്കിടയിലെ അഭേദ്യമായ ആത്മബന്ധവുമാണ് എന്ന് വിലയിരുത്തുമ്പോഴും ആ അമ്മയ്ക്കും മകനും വേണമെങ്കില്‍ ജീവിതം തുടരാനുള്ള വഴികളെല്ലാം തെളിഞ്ഞപ്പോഴും ആ അമ്മ അവയില്‍ നിന്ന് അനാവശ്യമായി രക്ഷപ്പെടുന്ന ഒരു സൈക്കോ പാത് ആയി മാറുന്നതായി നമുക്ക് കാണാം. കഥയുടെ കാതല്‍ വികാരപരമായ ‘അമ്മ – മകന്‍’ ബന്ധമായിരിക്കാം, എന്നാല്‍ അമ്മയുടെ സാഹചര്യങ്ങള്‍ നോക്കിക്കാണുന്ന മകന്‍ കടന്നു പോകുന്ന മാനസിക സമ്മര്‍ദ്ദം, അനാഥത്വം ഒക്കെ സിനിമയില്‍ സ്‌നേഹ ബന്ധത്തില്‍ അധിഷ്ഠിതമായ എന്തോ ഒന്നിനെ നഷ്ടപ്പെടുത്തുന്നതായി വരച്ചു വയ്ക്കുന്നു. സംവിധായകനാവട്ടെ, മുന്‍ ചിത്രങ്ങളിലെപ്പോലെ വാണിജ്യ ചേരുവകള്‍ക്ക് അത്ര മുന്‍ഗണന നല്‍കാതെയാണ് സിനിമ നയിക്കുന്നത്.

തീര്‍ത്തും ഒരു ‘ഡാര്‍ക്ക്-ഇന്റന്‍സ്’ (ഇരുണ്ട ഘട്ടം) മൂഡിലാണ് സംവിധായകനും കൂട്ടരും കഥ പറയുന്നത്. അതിനെ പ്രതിലോമ ചിന്ത എന്നും വേണമെങ്കില്‍ വിലയിരുത്താം. പല കാലങ്ങളില്‍, പല നാടുകളില്‍, പല പേരുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു കുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. അനാഥത്വമാണിവിടെ വരുന്നത്. സ്വന്തമായി കൃത്യമായ ഒരു മേല്‍വിലാസമോ തുണയോ ഇല്ലാത്ത ആ അമ്മയും മകനും, അപരിചിതമായ പുതിയ നഗരങ്ങളിലും ഗ്രാമങ്ങളിലും തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ എല്ലായ്പ്പോഴും പ്രതികൂല സാഹചര്യങ്ങളും വിധി കാത്തുവെച്ച കെണികളും കാരണം ഓരോ ഇടങ്ങളില്‍ നിന്നും അവര്‍ക്ക് നിരന്തരം പലായനം ചെയ്യേണ്ടി വരുന്നു. ജീവിതത്തിന്റെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൂടെ ആ ബാലന്‍ വളരുമ്പോഴും, തനിക്ക് തണലായി അമ്മയുണ്ടെന്ന ധൈര്യമാണ് അവന്റെ കരുത്ത്. അവന്റെ ലോകം തന്നെ അമ്മയാണ്. എന്നാല്‍ അപ്രതീക്ഷിതമായൊരു ഘട്ടത്തില്‍ ആ ‘കരുത്ത്’ അവന് നഷ്ടമാവുകയാണ്. അവിടുന്നങ്ങോട്ട് അമ്മയെ കണ്ടെത്താനായി മകന്‍ നടത്തുന്ന വൈകാരിക യാത്രയാണ് കാണാനാവുക. ഒടുവില്‍ അമ്മയോട് അഭിനിവേശത്തോടെ, തന്റെ പുതിയ പേരും കഥയും ചോദിക്കുന്ന ബാലന്‍ സിനിമയെ സവിശേഷ ചിത്രമാക്കി മാറ്റുന്നു.

സംവിധായകന്‍ ചിദംബരം, കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഫര്‍സാന, ആദിശേഷ്, രചയിതാവ് ജിത്തു മാധവന്‍

‘ആവേശം’ ഫെയിം ജിത്തു മാധവന്റെ അടരുകളേറെയുള്ള തിരക്കഥ ചിത്രത്തിന്റെ വലിയൊരു പ്ലസ് പോയിന്റാണ്. പതിഞ്ഞ താളത്തിലുള്ള കഥാപരിസരം, കഥാപാത്രങ്ങളുടെ ഒറ്റപ്പെടലിനെയും അവരുടെ മാനസികാവസ്ഥയെയും പ്രേക്ഷകരിലേക്ക് കൃത്യമായി പകര്‍ന്നുനല്‍കാന്‍ സഹായിക്കുന്നുണ്ട്. അമ്മ മകനു പറഞ്ഞു കൊടുക്കുന്ന കഥകളിലൂടെ കഥാപാത്രങ്ങളുടെ ജീവിതപരിസരവും വര്‍ത്തമാനകാലവും വികസിക്കുന്ന കാഴ്ച കണ്ടിരിക്കാന്‍ ഏറെ രസകരമാണ്. ഇത്തരം കഥാവതരണ ശൈലി ഒരു മുത്തശ്ശിക്കഥയയില്‍ മാത്രമായിരിക്കാം നാം മുന്‍പ് കണ്ടിട്ടുണ്ടാവുക.

അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ആഴം അത്രമേല്‍ ദൃഢമായാണ് ആദ്യ പകുതിയില്‍ ചിദംബരം അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രേക്ഷകരെ പൂര്‍ണ്ണമായും സിനിമയിലേക്ക് കെട്ടിയിടുന്ന തരത്തിലുള്ള മികച്ചൊരു ഇന്റര്‍വെല്‍ ബ്ലോക്കാണ് ചിത്രത്തിനുള്ളത്. എങ്കിലും, ഒന്നാം പകുതി നല്‍കിയ ആ കൗതുകവും വേഗതയും നിലനിര്‍ത്തുന്നതില്‍, പിന്നീടങ്ങോട്ട് ചെറിയൊരു അയവ് അനുഭവപ്പെടുന്നുണ്ട്. ആഖ്യാനത്തിലെ ഈ മന്ദത ചിലയിടങ്ങളില്‍ ചിത്രത്തിന്റെ കരുത്ത് അല്പം കുറയ്ക്കുന്നുണ്ടെങ്കിലും, കഥയുടെ സ്വാഭാവികമായ ഒഴുക്കിനെ അത് പൂര്‍ണ്ണമായി ബാധിക്കുന്നില്ല.
കഥാപാത്രങ്ങളുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. അമ്മയായി അഭിനയിച്ച ഫര്‍സാനയുടെ പ്രവചനാതീതവും സൂക്ഷ്മവുമായ ഭാവങ്ങളും മികച്ചതായിരുന്നു, ഫര്‍സാനയുടെ തനതു ശൈലി സിനിമയെ ആകര്‍ഷിക്കുന്നു. അത് പോലെ തന്നെ അതിഭാവുകത്വമില്ലാതെ മകനായി ജീവിച്ച ബാലതാരം ആദിശേഷിന്റെ നിഷ്‌കളങ്കതയാര്‍ന്ന പ്രകടനവും പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കും. ഏറെ ശ്രദ്ധേയവും മികച്ചതുമായത്, ചിത്രത്തില്‍ ടോവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രം തന്റെ ശക്തമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നതാണ്. ജീന്‍ പോള്‍ ലാല്‍ അവതരിപ്പിച്ച പവിത്രന്‍ എന്ന പോലീസ് കഥാപാത്രവും അത്ര പെട്ടെന്ന് പ്രേക്ഷകരുടെ ഉള്ളില്‍ നിന്നു പോവില്ല. ടോവിനോ സ്വന്തമായി ഒരു കള്ളനായി അവതരിപ്പിക്കുന്നത്, ആഴത്തിലും ആത്മാര്‍ത്ഥമായുമാണെന്നത് ചിത്രത്തെ വ്യതിരിക്തമാക്കുന്നുണ്ട്. ടോവിനോ എന്ന നടനെ പൂര്‍ണ്ണമായും ഉപയോഗിക്കാത്ത മുന്‍ ചിത്രങ്ങളെ പോലെയല്ല ബാലന്‍.

നടപ്പിലും സംസാരത്തിലും കാഴ്ചയിലും മാനറിസങ്ങളിലുമെല്ലാം സമീപകാലത്തായി ജീന്‍ പോള്‍ തന്റെ അച്ഛന്‍ ലാലിനെ ഓര്‍മിപ്പിക്കുന്നു എന്നത് സിനിമയിലെ മറ്റൊരു കൗതുകമാണ്. മുത്തശ്ശിയായി എത്തിയ ഡോളി ജൂണിന്റെ തന്മയത്വമുള്ള അഭിനയവും സിനിമയുടെ വലിയൊരു പോസിറ്റീവാണ്. ടോവിനോയും ബാലനും ഒന്നിച്ചുള്ള ചില ഭാഗങ്ങളില്‍ കഥ അനാവശ്യമായി വലിച്ചു നീട്ടിയതുപോലെ അനുഭവപ്പെട്ടു എന്നൊരു പോരായ്മയുണ്ട്. അതൊഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ചിത്രം കുറേക്കൂടി ‘ഫൈന്‍ ട്യൂണ്‍’ ചെയ്ത മികച്ചൊരു അനുഭവം സമ്മാനിച്ചേനെ. മുഹമ്മദ് സിനാന്‍, ബീന ആന്റണി, അര്‍ച്ചന പത്മിനി എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി.

ചിദംബരത്തെ കൂടാതെ മലയാളത്തിലെ മറ്റു അഞ്ചു പ്രമുഖ സംവിധായകര്‍ കൂടി ഈ ചിത്രവുമായി അസോസിയേറ്റ് ചെയ്തിട്ടുണ്ട് എന്നത് സിനിമയുടെ വലിയൊരു സവിശേഷതയാണ്. ജിത്തു മാധവന്‍ തിരക്കഥയൊരുക്കിയപ്പോള്‍ സംവിധായകനായ ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണ മികവും കൂടിച്ചേരുമ്പോള്‍ ചിത്രത്തിന്റെ വിഷ്വല്‍ ലാംഗ്വേജ് ഏറെ മനോഹരമാകുന്നു. മികച്ച സംവിധായകരായ ആനന്ദ് ഏകര്‍ഷി, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി എന്നിവര്‍ അഭിനേതാക്കളായും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

സാങ്കേതികമായി ഏറെ മികച്ചുനില്‍ക്കുന്ന ചിത്രത്തില്‍ സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഡാര്‍ക്ക് മൂഡിനെയും വൈകാരിക നിമിഷങ്ങളെയും ലെയര്‍ ചെയ്ത് കൂടുതല്‍ മനോഹരമാക്കുന്നു. അജയന്‍ ചാലിശ്ശേരിയുടെ മികവുറ്റ പ്രൊഡക്ഷന്‍ ഡിസൈനും എടുത്തുപറയണം.
വിട്ടുവീഴ്ചകളില്ലാത്ത മേക്കിങ് ശൈലിയും തീവ്രമായ വൈകാരിക മുഹൂര്‍ത്തങ്ങളും ഇഷ്ടപ്പെടുന്ന സിനിമ ആസ്വാദകര്‍ക്ക് ‘ബാലന്‍ – ദി ബോയ്’ പ്രിയപ്പെട്ടതാവും. ഒരമ്മ മകന് നല്‍കുന്ന വാഗ്ദാനത്തിന് എത്രത്തോളം ആഴവും വ്യാപ്തിയുമുണ്ടെന്ന് ഒടുവില്‍ പ്രേക്ഷകര്‍ ഉള്ളാലെ അറിയും. വൈകാരികമായ ആ ആഴം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയവും കരുത്തും.

ഇവിടെ ചിദംബരം പ്രേക്ഷകനെ രസിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. അദ്ദേഹം പ്രേക്ഷകനെ അസ്വസ്ഥനാക്കുകയാണ് ചെയ്യുന്നത്. വാണിജ്യ സിനിമയുടെ പതിവ് ക്ലൈമാക്‌സുകളും, നായകത്വ മുഹൂര്‍ത്തങ്ങളും, വികാര ചൂഷണവും ഇവിടെ ഇല്ല. പകരം ജീവിതം എങ്ങനെയോ അങ്ങനെ തന്നെ സിനിമ മുന്നോട്ട് പോകുന്നു. സ്ത്രീ കഥാപാത്രത്തിന്റെ ധാര്‍മ്മിക സങ്കീര്‍ണ്ണത മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങളെ സാധാരണയായി രണ്ടായി വേര്‍തിരിക്കാറുണ്ട്. പൂര്‍ണമായും വിശുദ്ധയായ അമ്മ. അല്ലെങ്കില്‍ വ്യക്തമായ പ്രതിനായിക. ബാലനിലെ അമ്മ ഈ രണ്ട് വിഭാഗങ്ങളിലും പെടുന്നില്ല.

ബാലന്‍ എന്ന സിനിമ കണ്ടിരിക്കുമ്പോള്‍ ലോകസിനിമയിലെ ചില ക്ലാസിക് ചിത്രങ്ങള്‍ അനിവാര്യമായി റഫര്‍ ചെയ്യാന്‍ തോന്നും. ആദ്യം ഓര്‍മ്മയിലെത്തുന്നത് റൂം (2015) എന്ന സിനിമയാണ്. ലെന്നി എബ്രഹാംസണ്‍ സംവിധാനം ചെയ്ത ഈ സിനിമ 2010-ല്‍ സ്വന്തം നോവലിനെ അടിസ്ഥാനമാക്കി എമ്മ ഡോനോഗ് തിരക്കഥ എഴുതിയ 2015 ലെ അതിജീവന മനഃശാസ്ത്ര നാടക ചിത്രമാണ് റൂം. ഏഴു വര്‍ഷമായി ബന്ദിയാക്കപ്പെട്ട ഒരു യുവതിയായി ബ്രീ ലാര്‍സണ്‍ അഭിനയിക്കുന്നു, അവളുടെ അഞ്ച് വയസ്സുള്ള മകന്‍ അടിമത്തത്തില്‍ ജനിച്ചു. അവരുടെ രക്ഷപ്പെടല്‍ ആണ്‍കുട്ടിയെ ആദ്യമായി പുറം ലോകം അനുഭവിക്കാന്‍ അനുവദിക്കുന്നു. അതില്‍ ഒരു അമ്മ തന്റെ മകന്റെ ലോകം സംരക്ഷിക്കാന്‍ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നതായി കാണാം. എന്നാല്‍ ഈ സിനിമയില്‍ അമ്മയുടെ കള്ളങ്ങള്‍ മകനെ രക്ഷിക്കാനും കൂടിയാണ്. ബാലനില്‍ അമ്മ സൃഷ്ടിക്കുന്ന ലോകം ഒരു ഘട്ടത്തിനുശേഷം രക്ഷയേക്കാള്‍ നിയന്ത്രണത്തിന്റെ ഉപാധിയായി മാറുന്നുണ്ടോ എന്ന സംശയം സംവിധായകന്‍ മനഃപൂര്‍വം സൃഷ്ടിക്കുന്നു.

2018 ലെ നവീന ട്രെന്‍ഡ് ആയി രംഗത്ത് വന്ന, ഘലമ്‌ല ചീ ഠൃമരല എന്ന സിനിമ സമൂഹത്തില്‍ നിന്ന് ഒളിച്ചോടി ജീവിക്കുന്ന അച്ഛനും മകളും ആണ് പ്രകടമാക്കുന്നത്. ഡെബ്ര ഗ്രാനിക് സംവിധാനം ചെയ്ത 2018 ലെ ഒരു അമേരിക്കന്‍ നാടക ചിത്രമാണ് ലീവ് നോ ട്രേസ്. 2009-ല്‍ പീറ്റര്‍ റോക്കിന്റെ മൈ അബാന്‍ഡണ്‍മെന്റ് എന്ന നോവലിനെ അടിസ്ഥാനമാക്കി ഗ്രാനിക്കും ആന്‍ റോസെല്ലിനിയും ചേര്‍ന്നാണ് ചിത്രം എഴുതിയിരിക്കുന്നത്, ഇത് ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ ഉള്ള ഒരു സൈനികനായ പിതാവ് തന്റെ ഇളയ മകളോടൊപ്പം കാട്ടില്‍ താമസിക്കുന്നതാണ് ഇതിവൃത്തം. അവിടെയും സ്‌നേഹവും മാനസിക അസ്വസ്ഥതയും തമ്മിലുള്ള അതിര്‍ത്തി നേരിയതാണ്. ബാലന്‍ അതേ ചോദ്യത്തെ കൂടുതല്‍ വൈകാരികമായി അമ്മ-മകന്‍ ബന്ധത്തിലൂടെ അന്വേഷിക്കുന്നു.

അതുപോലെ ലയണല്‍ ശ്രിവരുടെ നോവല്‍ സിനിമയാക്കിയ We Need to Talk About Kevin എന്ന ഹോളിവുഡ് സിനിമ മാതൃത്വത്തിന്റെ ഇരുണ്ട വശങ്ങള്‍ തുറന്നു കാണിക്കുന്നതാണ്. തന്റെ മകനുമായും അവന്‍ ചെയ്ത കുറ്റകൃത്യങ്ങളുമായും പൊരുത്തപ്പെടാന്‍ പാടുപെടുന്ന അമ്മയായി ടില്‍ഡ സ്വിന്റണ്‍ അഭിനയിക്കുന്നു. അതുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇവിടെ ബാലന്‍ എന്ന സിനിമ നമുക്ക് മുന്നില്‍ ചോദിക്കുന്നത് മറ്റൊരു ചോദ്യമാണ്: അതിരുകളില്ലാത്ത മാതൃസ്‌നേഹം എപ്പോള്‍ ഒരു മാനസിക തടവറയായി മാറുന്നു? ഈ ചോദ്യത്തെ മനോഹരമായ ഒരു കാവ്യാത്മക ഉത്തരമായി സംവിധായകന്‍ അവതരിപ്പിക്കുന്നതാണ് ‘ബാലന്‍.’

ഒരു വിലാസവുമില്ലാത്ത എല്ലാം നഷ്ടമായ സ്ത്രീ, ഒരാളെയും ബന്ധുത്വത്തില്‍ കെട്ടിയിടപ്പെടാന്‍ ആഗ്രഹിക്കാത്ത അവള്‍ സ്വയം രക്ഷിക്കുന്നു. രക്ഷപ്പെടാനായി, പല വേഷങ്ങളും കെട്ടുന്നു, അവള്‍ മകനെ നശിപ്പിക്കുകയും ചെയ്യുന്നുണ്ടോ? ഒറ്റ കാഴ്ചയില്‍ ഉണ്ട് എന്ന് പറയേണ്ടി വരും. ഈ ധാര്‍മ്മിക സങ്കീര്‍ണ്ണതയാണ് കഥാപാത്രത്തെ അസാധാരണമാക്കുന്നത്. അതുകൊണ്ടാണ് സിനിമ കഴിഞ്ഞിട്ടും അവളെ വിധിക്കാന്‍ പ്രേക്ഷകന് കഴിയാത്തത്.

ഈ സിനിമയുടെ യഥാര്‍ത്ഥ നായകന്‍ ബാലനാണ്, സ്വന്തമായ വീടില്ല, മേല്‍വിലാസമില്ല, സ്ഥിരമായ സുഹൃത്തുക്കളില്ല. സ്വന്തം പേര് പോലും ബാലന് അന്യമാണ്. ഓരോ പുതിയ സ്ഥലവും പുതിയ പേരും പുതിയ ജീവിതവുമാണ്. അതുകൊണ്ട് ബാലന് അമ്മ തന്നെയാണ് ലോകം. അമ്മ പറയുന്ന കഥകളാണ് ചരിത്രം. അമ്മ പറയുന്ന കള്ളങ്ങളാണ് യാഥാര്‍ത്ഥ്യം. ഈ ബാല്യകാല മനഃശാസ്ത്രത്തെ സിനിമ അതീവ സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട്.

ജിത്തു മാധവന്റെ ഈ തിരക്കഥ ‘ആവേശം’ പോലെ വേഗതയുള്ള തിരക്കഥയല്ല. പതുക്കെ കത്തുന്ന തീയെയാണ് ജിത്തു മാധവന്‍ തിരഞ്ഞെടുക്കുന്നത്. ഓരോ സംഭാഷണത്തിനും പിന്നീട് കഥയില്‍ പ്രതിധ്വനിയുണ്ട്. ആദ്യപകുതിയില്‍ വിതച്ച ചെറിയ വിവരങ്ങള്‍ പിന്നീട് കഥാപാത്രങ്ങളുടെ മനഃശാസ്ത്രം മനസ്സിലാക്കാനുള്ള താക്കോലാകുന്നു.

ഷൈജു ഖാലിദിന്റെ ക്യാമറ ഒരിക്കലും കഥാപാത്രങ്ങളെ വിധിക്കുന്നില്ല. അത് നിരീക്ഷിക്കുന്നു. അകലത്തില്‍ നിന്ന്. നിശ്ശബ്ദമായി! സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും അതുപോലെയാണ്. സംഗീതം വികാരം നിര്‍ബന്ധിക്കുന്നില്ല. വികാരത്തെ കൂടുതല്‍ ആഴത്തിലാക്കുന്നു.

ഫര്‍സാന പാലത്തിങ്കലിന്റെ പ്രകടനമാണ് സിനിമയുടെ ആത്മാവ്. ഒരു രംഗത്ത് കരുണ തോന്നിപ്പിക്കുന്ന സ്ത്രീ. അടുത്ത നിമിഷം ഭയം ജനിപ്പിക്കുന്ന വ്യക്തി. ഈ രണ്ട് വികാരങ്ങള്‍ക്കിടയില്‍ അനായാസം സഞ്ചരിക്കുന്ന പ്രകടനമാണ് അവര്‍ കാഴ്ചവയ്ക്കുന്നത്. ബാലതാരം ആദിശേഷ് സിനിമയുടെ ഹൃദയമാണ്. അവന്റെ നിഷ്‌കളങ്കത കൊണ്ടാണ് സിനിമയുടെ വൈകാരികത പ്രേക്ഷകരിലേക്ക് എത്തുന്നത്. ടോവിനോ തോമസിന്റെ നിയന്ത്രിത പ്രകടനവും ജീന്‍ പോള്‍ ലാലിന്റെ പവിത്രന്‍ എന്ന പോലീസ് കഥാപാത്രവും കഥയ്ക്ക് വേറിട്ട പാളികള്‍ നല്‍കുന്നു.

ചില പോരായ്മകള്‍ : സിനിമയുടെ രണ്ടാം പകുതിയില്‍ ചെറിയ ആവര്‍ത്തനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ടോവിനോയും ബാലനും തമ്മിലുള്ള ചില രംഗങ്ങള്‍ കൂടുതല്‍ എഡിറ്റിങ് ആവശ്യമായിരുന്നു. ഈ ഭാഗങ്ങള്‍ ചുരുക്കിയിരുന്നെങ്കില്‍ സിനിമയുടെ തീവ്രത അവസാന നിമിഷം വരെ ഒരേ നിലവാരത്തില്‍ നില്‍ക്കുമായിരുന്നു. സ്‌നേഹവും ഉടമസ്ഥാവകാശവും തമ്മിലുള്ള നേര്‍ത്ത രേഖയെക്കുറിച്ചുള്ള സിനിമയാണ്. അമ്മ എന്ന ബന്ധത്തെ വിശുദ്ധതയുടെ സിംഹാസനത്തില്‍ നിന്ന് ഇറക്കി, ഒരു സാധാരണ മനുഷ്യന്റെ എല്ലാ ബലഹീനതകളോടും കൂടി അവതരിപ്പിക്കുന്ന ധീരമായ മലയാള സിനിമകളിലൊന്നായി ‘ബാലന്‍ ദി ബോയ്’ ഓര്‍മ്മിക്കപ്പെടാന്‍ സാധ്യതയുണ്ട്. സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷകന്റെ മനസ്സില്‍ ബാക്കിയാകുന്നത് ഒരു ഉത്തരമല്ല ഒരു ചോദ്യം മാത്രമാണ്: ‘അമ്മയുടെ സ്‌നേഹം എവിടെയാണ് അവസാനിക്കുന്നത്… നിയന്ത്രണം എവിടെയാണ് ആരംഭിക്കുന്നത്?’
ആ ചോദ്യം പ്രേക്ഷകനെ തീയറ്ററില്‍ നിന്ന് വീട്ടിലേക്ക് പിന്തുടരുന്നുവെങ്കില്‍, ചിദംബരം തന്റെ സിനിമയിലൂടെ ഉദ്ദേശിച്ചത് വിജയിച്ചുവെന്ന് പറയാം.

 

Tags: ചിദംബരംബാലന്‍ബാലന്‍ ദി ബോയ്
ShareTweetSendShare

Related Posts

മതഭീകരതയുടെ മുഖംമൂടി അഴിക്കുന്ന ചിത്രം

മതഭീകരതയുടെ മുഖംമൂടി അഴിക്കുന്ന ചിത്രം

ധുരന്‍ധര്‍:പുതിയ ഭാരതത്തിന്റെ സിനിമ

ധുരന്‍ധര്‍:പുതിയ ഭാരതത്തിന്റെ സിനിമ

നിഗൂഢത സിനിമയുടെ ശക്തിയാകുമ്പോൾ

നിഗൂഢത സിനിമയുടെ ശക്തിയാകുമ്പോൾ

മധു : ജീവിതവും സിനിമയും

മധു : ജീവിതവും സിനിമയും

ഛാവ- ശിവാജി രാജേയുടെ സിംഹക്കുട്ടി

ഛാവ- ശിവാജി രാജേയുടെ സിംഹക്കുട്ടി

സ്വാതന്ത്ര്യ വീര്‍ സാവര്‍ക്കര്‍- വിപ്ലവത്തിന്റെ വീരഗാഥ

സ്വാതന്ത്ര്യ വീര്‍ സാവര്‍ക്കര്‍- വിപ്ലവത്തിന്റെ വീരഗാഥ

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies