- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- വിദ്യാര്‍ത്ഥി സമൂഹം പരിവര്‍ത്തന പാതയില്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 30)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
സാമ്രാജ്യത്വ ഭരണത്തില്‍ നിന്നുള്ള ഭാരതത്തിന്റെ മോചനത്തിനു വേണ്ടി ദേശീയമായ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്ന വിദ്യാര്‍ത്ഥി സമൂഹത്തിലെ വലിയൊരു വിഭാഗത്തെ വര്‍ഗീയവല്‍ക്കരിക്കുകയും, മുസ്ലീംലീഗിന്റെയും മുഹമ്മദലി ജിന്നയുടെയും പാളയത്തിലേക്ക് തള്ളിവിടുകയും ചെയ്തതാണ് സ്വാതന്ത്ര്യ സമരത്തില്‍ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐഎസ്എഫ് കാണിച്ച തിന്മകളിലൊന്ന്. വളരെയൊന്നും അധ്വാനിക്കാതെ മതത്തിന്റെ അടിസ്ഥാനത്തില്‍ എഐഎംഎസ്എഫ് എന്നൊരു വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാന്‍ ഇതുവഴി മുസ്ലീം ലീഗിന് കഴിഞ്ഞു. നിരന്തരമായ പ്രചാരവേലയിലൂടെയും, രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദ്ദേശപ്രകാരമുള്ള സമരങ്ങളിലൂടെയും ഈ തിന്മയെ പരമാവധി മറച്ചു പിടിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞു.
കൊളോണിയല്‍ ഭരണത്തിന്റെ അവസാന രണ്ടു വര്‍ഷങ്ങളില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എഐഎസ്എഫും കൂടുതല്‍ തീവ്രവാദികളാവുകയും, ഈ സംഘടനകളുടെ ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വഴിപിഴച്ച സായുധസമരത്തിനു പിന്തുണ ലഭിച്ചത് എഐഎസ്എഫിന്റെ പ്രവര്‍ത്തനത്തെയും സജീവമാക്കി. 1946 ലെ ബോംബെ നാവിക കലാപവും 1946 മുതല്‍ 1951 വരെ നടന്ന തെലങ്കാന സമരവും ഇടതു വിദ്യാര്‍ത്ഥികളില്‍ പുതിയ ആവേശം നിറച്ചു.
ഇത് വിദ്യാര്‍ത്ഥി സമൂഹത്തെ കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിച്ചു.1947 ഡിസംബറില്‍ പി. സി. ജോഷിയെ മാറ്റി തീവ്രവാദിയായ ബി.ടി. രണദിവെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതോടെ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് സ്വതന്ത്ര ഭാരതത്തിനെതിരായ സയുധസമരമായി മാറുകയായിരുന്നല്ലോ. എഐഎസ്എഫും ഈ ദേശവിരുദ്ധ പാതയില്‍ പാര്‍ട്ടിക്കൊപ്പം നിലയുറപ്പിച്ചു.
രാജ്യം സ്വാതന്ത്ര്യം നേടിയത് അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറായിരുന്നില്ല. ഇതിനെതിരെ സര്‍ക്കാര്‍ നടപടികളെടുത്തു. നിരവധി പ്രവിശ്യാ സര്‍ക്കാരുകള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ നിരോധിച്ചു. ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു. 1948 ല്‍ ബോംബെ പോലീസ് എഐഎസ്എഫ് ആസ്ഥാനത്ത് റെയ്ഡ് നടത്തി വിദ്യാര്‍ത്ഥി നേതാക്കളെ അറസ്റ്റു ചെയ്‌തെങ്കിലും കുറച്ച് കഴിഞ്ഞ് വിട്ടയച്ചു. ബോംബെ പ്രവിശ്യ സര്‍ക്കാര്‍ എഐഎസ്എഫിന്റെ ‘ദി സ്റ്റുഡന്റ്’ എന്ന പ്രസിദ്ധീകരണത്തിനും അത് അച്ചടിക്കുന്ന പ്രസ്സിനും നിരോധനം ഏര്‍പ്പെടുത്തി. എഐഎസ്എഫിന്റെ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നതും വിലക്കി. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും ചെയ്തു. ഇതൊക്കെ പത്രങ്ങളില്‍ വലിയ വാര്‍ത്തയായി. ഫ്രീ പ്രസ്സ് ജേര്‍ണലിസ്റ്റ് എന്ന പത്രം പോലീസ് നടപടികളെ ചോദ്യം ചെയ്തു.
കമ്മ്യൂണിസ്റ്റുകാരായ യുവാക്കള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അനുവദിച്ച പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കാനും ഉത്തരവിട്ടു, അവരുടെ അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് ബന്ധങ്ങള്‍ നിയന്ത്രിക്കാനായിരുന്നു ഇത്. ബോംബെയുടെ മുഖ്യമന്ത്രി മൊറാര്‍ജി ദേശായി ഇതു സംബന്ധിച്ച തന്റെ സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയിരുന്നു: ”സര്‍ക്കാരിനെതിരെ പ്രചാരണം നടത്താന്‍ വേണ്ടി ആരെയും രാജ്യത്തിനു പുറത്തേക്ക് പോകാന്‍ ഞാന്‍ അനുവദിക്കില്ല.” കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഭാരതത്തിലേക്കുള്ള പ്രവേശനവും നിഷേധിച്ചു. ‘അപകടകാരികള്‍’ എന്നു കരുതിയ വിദേശ വിദ്യാര്‍ത്ഥികളുടെ വിസകള്‍-പ്രത്യേകിച്ച് സോവിയറ്റ് യൂണിയനില്‍ നിന്നുള്ളവര്‍-നിഷേധിച്ചു.(1)
സ്വാതന്ത്ര്യത്തിനു ശേഷവും ദേശവിരുദ്ധ പാതയില്‍
സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങളില്‍ വനിതാ വിദ്യാര്‍ത്ഥി പ്രസ്ഥാനം വ്യാപകമായ സംഘടനാ ശേഷി വികസിപ്പിച്ചു. ”അതുവരെ പര്‍ദ്ദയിലും മധ്യകാല സാമന്ത നിയന്ത്രണങ്ങളിലും ഒതുങ്ങിയിരുന്ന അലിഗഢ് മുസ്ലീം വനിതകള്‍ പ്രതിഷേധത്തിനിറങ്ങി. സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിച്ച ഈ വനിതാ പ്രവര്‍ത്തകര്‍ പക്ഷേ പുരുഷാധിപത്യമുള്ള എഐഎസ്എഫിലും വിവേചനം നേരിട്ടു.
സ്വാതന്ത്ര്യാനന്തര കാലത്ത് എഐഎസ്എഫ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നിന്ന് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തി. 1947 നു മുന്‍പ് സ്വാതന്ത്ര്യസമരത്തെയാണ് എതിര്‍ത്തിരുന്നതെങ്കില്‍ സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിന്റെ ജനാധിപത്യവും സമ്പദ്‌വ്യവസ്ഥയും പരാജയപ്പെട്ടുവെന്ന വാദത്തിലേക്ക് ഇവര്‍ മാറി. 1949 ലെ എഐഎസ്എഫ് സമ്മേളനം ഇങ്ങനെ പ്രഖ്യാപിച്ചു: ”സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങള്‍ നിരാകരിക്കപ്പെടുകയും പ്രതീക്ഷകള്‍ തകര്‍ന്നുപോകുകയും ചെയ്യുന്നു.”(2) തടവിലായ കമ്മ്യൂണിസ്റ്റുകള്‍ ഉപവാസ സമരം നടത്തിയപ്പോള്‍ എഐഎസ്എഫ് അവരെ പിന്തുണച്ച് പ്രചാരണം നടത്തി. ബ്രിട്ടീഷുകാര്‍ കോണ്‍ഗ്രസ് നേതാക്കളെ പോലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ‘രാഷ്ട്രീയ തടവുകാര്‍’ എന്ന പരിഗണന നല്‍കിയില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലും എഐഎസ്എഫിലുമുള്ളവര്‍ സ്വതന്ത്ര ഭാരതത്തില്‍ സ്വാതന്ത്ര്യസമര സേനാനികളായി കണക്കാക്കപ്പെട്ടില്ല.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനു പകരം ദക്ഷിണേഷ്യയിലെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് എഐഎസ്എഫ് ചെയ്തത്. വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഫ്രാന്‍സും നെതര്‍ലാന്‍ഡും വീണ്ടും കോളോണിയല്‍ നിയന്ത്രണം സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെ എഐഎസ്എഫ് രാജ്യവ്യാപക പ്രചാരണങ്ങള്‍ നടത്തി.
ഡച്ച് എംബസിക്കു മുന്നില്‍ എഐഎസ്എഫ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചപ്പോള്‍ ആ രാജ്യത്തിന്റെ അംബാസഡര്‍ സുരക്ഷാ പാളിച്ച ഉണ്ടായതായി കുറ്റപ്പെടുത്തി. ഇതേതുടര്‍ന്ന് നെതര്‍ലാന്‍ഡ് എംബസിയുടെ കവാടത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ നീക്കം ചെയ്തു. ”ഇന്ന് എല്ലാ രാജ്യങ്ങളിലുമുള്ള പുരോഗമന യുവാക്കള്‍ ഏഷ്യന്‍ യുവാക്കളുടെ ധീരതയെ അഭിനന്ദനത്തോടെ കാണുന്നു.”(3) എന്നാണ് എഐഎസ്എഫ് അഭിമാനം കൊണ്ടത്.
എഐഎസ്എഫിന്റെ പ്രവര്‍ത്തനത്തെ 1954ല്‍ ജവഹര്‍ ലാല്‍ നെഹ്രു കുറ്റപ്പെടുത്തി.
”ഈ അടുത്തകാലത്ത് വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങളില്‍ അസ്ഥിരതയും അശാന്തിയും കാണപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ അച്ചടക്കമില്ലായ്മ സര്‍വകലാശാലകളിലെ നിലവാരത്തകര്‍ച്ച എന്നിവ കക്ഷി രാഷ്ട്രീയത്തിന്റെ ഫലമാണ്.” (4) കമ്മ്യൂണിസ്റ്റു പാര്‍ട്ടി നിയന്ത്രിക്കുന്ന ഇടത് വിദ്യാര്‍ത്ഥി സംഘടനയെ മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു വിമര്‍ശനം ഉയര്‍ന്നത്.
1948 മുതല്‍ 1950 വരെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അംഗസംഖ്യ ഏകദേശം 90,000ല്‍ നിന്ന് 9,000 ആയി കുറഞ്ഞു. ഇതിനനുസൃതമായി എഐഎസ്എഫിന്റെ അംഗസംഖ്യയിലും കുറവ് വന്നു. 1950 ല്‍ ബി.ടി. രണദിവെയെ നീക്കിയതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ‘ജനാധിപത്യ മാര്‍ഗ്ഗത്തില്‍’ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അതോടെ എഐഎസ്എഫ് ചെറിയ കമ്മ്യൂണിസ്റ്റ് യുവജനസംഘമായി ചുരുങ്ങി. ഇതോടെ ക്യാമ്പസ് രാഷ്ട്രീയത്തിലും പിന്നിലായി. 1940 കളില്‍ വലിയ ദേശീയ പ്രസ്ഥാനമായിരുന്ന ഈ സംഘടന ഇപ്രകാരം അപ്രസക്തമായി.
സ്വാതന്ത്ര്യ സമരകാലത്താണ് രൂപംകൊണ്ടതെങ്കിലും ദേശീയ മുഖ്യധാരയോട് പൊരുത്തപ്പെടാത്ത നയപരിപാടികളാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന പിന്തുടര്‍ന്നത്. മാര്‍ക്‌സിസം എന്ന വൈദേശികമായ പ്രത്യയ ശാസ്ത്രത്തോടും, സോവിയറ്റ് യൂണിയന്‍ നിയന്ത്രിക്കുന്ന ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുമുള്ള വിധേയത്വം കൊണ്ട് ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കൊപ്പമല്ല ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനം നിലകൊണ്ടത്. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും മീതെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് ഈ സംഘടന ഉയര്‍ത്തിപ്പിടിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ഉപകരണങ്ങളാക്കി വിദ്യാര്‍ത്ഥികളെ മാറ്റി. വര്‍ഗശത്രുതയുടെ വിഷബീജം വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ കുത്തിവയ്ക്കുക വഴി കലാശാലകള്‍ക്കകത്തും പുറത്തും അവര്‍ ഇടപെടുന്ന മേഖലകളെല്ലാം കലാപകലുഷിതമായി.
എബിവിപി രൂപം കൊള്ളുന്നു
ഇതിനൊരു മാറ്റം ആവശ്യമായിരുന്നു. കാരണം ഈ അവസ്ഥ തുടരാന്‍ അനുവദിച്ചാല്‍ അത് രാജ്യത്തിന്റെ ഭാവിയെ ബാധിക്കുമായിരുന്നു. ഇടത് വിദ്യാര്‍ത്ഥി സംഘടനയ്‌ക്കെതിരെ പ്രവിശ്യാ ഭരണകൂടങ്ങളും നെഹ്‌റു സര്‍ക്കാരും ചില നടപടികള്‍ എടുത്തെങ്കിലും അവ അപര്യാപ്തമായിരുന്നു. കാരണം സോഷ്യലിസ്റ്റ് പ്രതിച്ഛായ നിലനിര്‍ത്താന്‍ ആഗ്രഹിച്ചയാളായിരുന്നു നെഹ്‌റു. ഭരണാധികാരിയെന്ന നിലയ്ക്ക് ചില പ്രസ്താവനകള്‍ക്കും നടപടികള്‍ക്കും നെഹ്‌റു നിര്‍ബന്ധിതനായതാണ്. ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് വ്യത്യസ്തമായി ചിന്താഗതിയിലും പ്രവര്‍ത്തന രീതിയിലും ബദല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം വളര്‍ത്തിയെടുക്കുകയാണ് വേണ്ടിയിരുന്നത്. കോണ്‍ഗ്രസിന് ഒരു വിദ്യാര്‍ത്ഥി സംഘടന സ്വന്തമായുണ്ടായിരുന്നെങ്കിലും ഇടതു പക്ഷത്തെ ആശയപരമായി വെല്ലുവിളിക്കാന്‍ ഈ സംഘനയ്ക്ക് കഴിയുമായിരുന്നില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ഇതിനുള്ള താല്‍പ്പര്യവുമില്ലായിരുന്നു.
സ്വതന്ത്ര ഭാരതത്തില്‍ നിലനിന്ന ഈയൊരു ചരിത്ര പശ്ചാത്തലത്തിലാണ് അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് അഥവാ എബിവിപി രൂപംകൊണ്ടത്.എഐഎസ്എഫ് രൂപംകൊണ്ട് 12 വര്‍ഷം കഴിഞ്ഞാണ് എബിവിപി ആരംഭിക്കുന്നത്. 1948 ല്‍ സംഘടനാ രൂപീകരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും 1949 ജൂലൈ മാസത്തിലാണ് ഔദ്യോഗികമായി നിലവില്‍ വന്നത്. സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്റ്റ് പ്രകാരം സന്നദ്ധ സംഘടനയായാണ് എബിവിപി രൂപീകരിക്കപ്പെട്ടത്. ആദ്യ സമ്മേളനം 1948 ല്‍ ഹരിയാനയിലെ അംബാലയില്‍ സംഘടിപ്പിച്ചു. പ്രൊഫ. ഓം പ്രകാശ് ബഹല്‍ ആദ്യ ദേശീയ അധ്യക്ഷനും കേശവ് ദേവ് വര്‍മ്മ ആദ്യ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അനുബന്ധ സംഘടനയായോ അവര്‍ക്ക് നിയന്ത്രണമുള്ള സംഘടനയായോ അല്ല എബിവിപി രൂപംകൊണ്ടത്.
വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പങ്കാളിത്തമുള്ള ഒരു സ്വതന്ത്ര സാമൂഹിക സംഘടനയായിരുന്നു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതുസമൂഹം എന്നിവരിലും വിദ്യാഭ്യാസ സമൂഹത്തിന്റെ മനസ്സിലും ചിന്തകളിലും ഭാവാത്മകവും അര്‍ത്ഥവത്തുമായ മാറ്റങ്ങള്‍ കൊണ്ടുവരികയെന്ന ലക്ഷ്യമാണ് എബിവിപി മുന്നോട്ടു വച്ചത്. വിദ്യാര്‍ത്ഥികള്‍ നാളെയുടെ പൗരന്മാരല്ല, ഇന്നത്തെ പൗരന്മാരാണെന്ന നയമാണ് എബിവിപി സ്വീകരിച്ചത്. ഇതിലൂടെ വിദ്യാര്‍ത്ഥികളിലും രാജ്യത്തിന്റെ സാമൂഹിക ഘടനയിലും ആവശ്യമായ മാറ്റം കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയുമെന്ന് എബിവിപി വിശ്വസിച്ചു. ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു സംഘടനയെന്ന നിലയ്ക്ക് വിദ്യാര്‍ത്ഥികളോടാണ് എബിവിപി പ്രതിബദ്ധത പുലര്‍ത്തിയത്. എബിവിപിയുടെ സൈദ്ധാന്തിക വേരുകള്‍ പാശ്ചാത്യ ആശയങ്ങളിലല്ല, പ്രധാനമായും ഹിന്ദു പാരമ്പര്യത്തിലാണുള്ളത്. ദേശീയതയുടെ ആശയം ഉയര്‍ത്തിപ്പിടിച്ച സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദന്‍ എന്നിവരെപ്പോലുള്ള ദേശീയവാദികളില്‍ നിന്നാണ് എബിവിപി പ്രേരണ ഉള്‍ക്കൊള്ളുന്നത്. വര്‍ഗശത്രുതയുടെയും ഏറ്റുമുട്ടലിന്റെയും പാത സ്വീകരിക്കാതെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഭരണകൂടം എന്നിവര്‍ക്കിടയിലെ സഹകരണത്തിനാണ് എബിവിപി പ്രാമുഖ്യം കല്‍പ്പിച്ചത്. ഭാരതത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പരിചിതമായ രാഷ്ട്രീയ പ്രേരിതമായ സമരമാര്‍ഗം ഒഴിവാക്കിക്കൊണ്ടാണ് എബിവിപി പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. അധ്യാപകനെ വിദ്യാര്‍ത്ഥി മാര്‍ഗദര്‍ശിയായി കാണണമെന്ന സങ്കല്‍പ്പമായിരുന്നു എബിവിപിക്കുണ്ടായിരുന്നത്. അധ്യാപക- വിദ്യാര്‍ത്ഥി സംഘര്‍ഷം ഒഴിവാക്കപ്പെടണമെന്നും ആഗ്രഹിച്ചു. ഇതിന്റെയൊക്കെ മറുവശത്തായിരുന്നു ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനം.
ഗുരുജി ഗോള്‍വല്‍ക്കറുടെ മാര്‍ഗദര്‍ശനം
സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെക്കുറിച്ച് കോളേജ് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കണം. അതേസമയം കക്ഷി രാഷ്ട്രീയമല്ല വിദ്യാര്‍ത്ഥികള്‍ പിന്തുടരേണ്ടത് എന്ന കാഴ്ചപ്പാടാണ് എബിവിപി തുടക്കംമുതല്‍ പിന്തുടരുന്നത്. എന്നാല്‍ സര്‍ക്കാരുകളുടെ വിദ്യാര്‍ത്ഥിവിരുദ്ധ നയങ്ങളെയും തീരുമാനങ്ങളെയും ചെറുക്കുക എന്ന ഉദ്ദേശത്തോടെ രാഷ്ട്രീയത്തില്‍ ഇടപെടുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ സമൂഹ നിര്‍മ്മിതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ടെന്ന് കരുതിയ ആളാണ് ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീന ഫലമായി വിദ്യാര്‍ത്ഥി സമൂഹം കുറെയൊക്കെ വിധ്വംസക സ്വഭാവം ആര്‍ജിച്ചിട്ടുണ്ടങ്കിലും അവരെ നിഷേധികളായി മുദ്രകുത്തുന്നത് ശരിയല്ലെന്ന് മാത്രമല്ല, പ്രയോജനം ചെയ്യുകയില്ലെന്നും ഗുരുജി അഭിപ്രായപ്പെടുകയുണ്ടായി. വിദ്യാര്‍ത്ഥികളെ സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഉത്തമ പൗരന്മാരാക്കി മാറ്റാന്‍ കഴിയാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നമെ ന്നും ഗുരുജി പറയുകയുണ്ടായി.(5)
ഈ മാറ്റത്തിന്റെ ചാലകശക്തിയാവാനാണ് എബിവിപി ശ്രമിച്ചത്. ഗുരുജി മുന്നോട്ടുവച്ച ഈ ആശയങ്ങളില്‍ നിന്നാണ് പില്‍ക്കാലത്ത് ജ്ഞാനം ശീലം ഏകത പരിഷത്തിന്റെ ആപ്തവാക്യം രൂപപ്പെട്ടത്. എല്ലാ തരത്തിലുള്ള ദേശവി രുദ്ധ ശക്തികളില്‍ നിന്നും അകന്നുനില്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയെന്നതാണ് വിദ്യാര്‍ത്ഥി സംഘടനയുടെ ദൗത്യമെന്നും ഗുരുജി ഉദ്‌ബോധിപ്പിച്ചു. ഇതനുസരിച്ച് വിദ്യാര്‍ത്ഥികളില്‍ അറിവും മൂല്യബോധവും വളര്‍ത്താന്‍ എബിവിപി ശ്രദ്ധവച്ചു.
എബിവിപിയുടെ നയപരിപാടികള്‍ ഭാവാത്മകം മാത്രമാണെന്നും, വര്‍ത്തമാനകാലത്തെ പ്രശ്‌ന പരിഹാരങ്ങളില്‍ നിന്നും സംഘടന മുഖം തിരിക്കുകയാണെന്നുമുള്ള ഒരു ധാരണ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ ഇത് ശരിയായിരുന്നില്ല. ക്യാമ്പസ് രാഷ്ട്രീയത്തോടും എബിവിപി വിമുഖത കാട്ടിയില്ല. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകളിലും പങ്കെടുത്തു. സമരാത്മക സ്വഭാവം കൈവെടിഞ്ഞില്ല. അലഹബാദ് സര്‍വകലാശാലയിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപി മത്സരിച്ചു. 1950 കളിലും 60 കളിലും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പല ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിരവധി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു. രാജ്യത്തിന്റെ പേര് ‘ഭാരതം’ എന്നാക്കണമെന്നും, വന്ദേമാതരത്തിന് ദേശീയ ഗാനത്തിന്റെ പദവി നല്‍കണമെന്നും ആദ്യം നിര്‍ദ്ദേശിച്ച സംഘടനകളിലൊന്ന് എബിവിപിയാണ്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളായിരുന്നു ഇവയൊക്കെയെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ പതിവ് ശൈലിയില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് എബിവിപി അക്കാലത്തോ പിന്നീടോ വേണ്ടത്ര പ്രചാരണം നടത്തിയില്ല എന്നത് ഒരു വസ്തുതയാണ്. പക്ഷേ ചരിത്രം നിഷേധിക്കാനിവില്ലല്ലോ. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനം വഴിതെറ്റിച്ച വിദ്യാര്‍ത്ഥി സമൂഹത്തെ ദേശീയമായ കാഴ്ചപ്പാടില്‍ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് ആനയിക്കുകയും അണിനിരത്തുകയുമാണ് എബിവിപി ചെയ്തത്.
അടുത്തത്: തൊഴിലാളി ശക്തിയുടെ ദേശീയ ശബ്ദം
അടിക്കുറിപ്പുകള്‍:-
1.The Student: January 1949
2.Ibid
3.Ibid
4.Ibid
5.Shri Guruji Aur Yuva (Guruji and youth), Adheesh Kumar ed.





















