- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ഭാരത ദേശീയതയുടെ രാഷ്ട്രീയ പ്രവേശം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 28)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ആര്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ തുടക്കം മുതല്‍ രാഷ്ട്രീയ പ്രസ്ഥാനമാണ്. ആര്‍എസ്എസ് സമ്പൂര്‍ണ്ണമായും ഒരു സാംസ്‌കാരിക-സന്നദ്ധ സംഘടനയാണ്. ആര്‍എസ്എസ്സിന്റെ ആശയപരമായ അടിത്തറയും സംഘടനാപരമായ ഘടനയും രാഷ്ട്രീയവുമായി പൊരുത്തപ്പെടുന്നതല്ല. എന്നിട്ടും ആര്‍എസ്എസ്സിനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി ചിത്രീകരിച്ച് താരതമ്യം ചെയ്ത് തങ്ങള്‍ രാജ്യത്ത് വലിയ ശക്തിയാണെന്ന് അവകാശപ്പെടുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തിരുന്നത്. തങ്ങളുടെ എംഎല്‍എമാരുടെയും എംപിമാരുടെയും എണ്ണം ഉയര്‍ത്തിക്കാട്ടി ഇതൊന്നും ആര്‍എസ്എസ്സിനില്ലല്ലോയെന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതാക്കള്‍ വീരവാദം മുഴക്കിക്കൊണ്ടിരുന്നു.’ഞങ്ങള്‍ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങള്‍ ഭരിക്കുന്നവരാണ്. കേന്ദ്രഭരണത്തില്‍ ഞങ്ങള്‍ക്ക് പങ്കാളിത്തവുമുണ്ട്. നിങ്ങള്‍ എവിടെയാണ്?’ എന്നായിരുന്നു ഇ.എം.എസ്. നമ്പൂതിരിപ്പാട് ആര്‍എസ്എസ് നേതൃത്വത്തോട് ഇടക്കിടെ ചോദിച്ചു കൊണ്ടിരുന്നത്.
1951 ല്‍ മാത്രമാണ് ആര്‍എസ്എസ്സിന് ആശയപരമായി പൊരുത്തപ്പെടാവുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നത്. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായ ഇടക്കാല സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജി രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ശേഷം രൂപീകരിക്കപ്പെട്ട ഭാരതീയ ജനസംഘം ആയിരുന്നു അത്. ഭാരതത്തിന്റെ ദേശീയതയിലും അഖണ്ഡതയിലും അടിയുറച്ച് വിശ്വസിച്ചും, കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനത്തെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശസ്നേഹമില്ലായ്മയെയും ചോദ്യം ചെയ്തും ഭാരതീയ ജനസംഘം രൂപംകൊണ്ടപ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രധാന രാഷ്ട്രീയ ശക്തിയാവുകയും, പാര്‍ലമെന്റിലെ മുഖ്യപ്രതിപക്ഷമെന്ന നിലയിലേക്ക് മാറുകയും ചെയ്തിരുന്നു. പക്ഷേ പിന്നീടുള്ള രാഷ്ട്രീയ ചരിത്രം മറ്റൊരു ചിത്രമാണ് വരച്ചുകാട്ടിയത്.
പ്രവിശ്യ തിരഞ്ഞെടുപ്പുകളും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണല്ലോ കമ്മ്യൂണിസം ഭാരതത്തിലെത്തിയത്. സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തം, ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍, സോഷ്യലിസ്റ്റ് ആശയങ്ങളുടെ ആഗോള വ്യാപനം തുടങ്ങിയവ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെ സഹായിക്കുകയുണ്ടായി. 1917 ലെ റഷ്യന്‍ വിപ്ലവത്തിന്റെ വിജയം ഭാരതത്തിലെ ബുദ്ധിജീവികള്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ സ്വാധീനിച്ചു.
ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെറിയ ബുദ്ധിജീവി വൃത്തങ്ങളിലും നഗര കേന്ദ്രങ്ങളിലുമായി പരിമിതപ്പെട്ടിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി സഹകരിച്ചു, സ്വാതന്ത്ര്യസമരത്തെയും അതിന്റെ നേതൃത്വത്തെയും പിന്തുണച്ചു. കാലക്രമേണ കോണ്‍ഗ്രസ്സിന്റെ ആശയങ്ങളെ എതിര്‍ക്കാന്‍ തുടങ്ങി. മഹാത്മാഗാന്ധിയെ പോലുള്ള നേതാക്കളുടെ ശക്തമായ സ്വാധീനവും കോണ്‍ഗ്രസ്സിന്റെ ആധിപത്യവും കാരണം സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം വളരെ പരിമിതമായിരുന്നു.
1940 കള്‍ ഭാരതത്തില്‍ കമ്മ്യൂണിസത്തിന്റെ ഉയര്‍ച്ചയ്ക്ക് നിര്‍ണായകമായ കാലഘട്ടമായിരുന്നു. ഇക്കാലത്ത് പാര്‍ട്ടി ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയത്തില്‍ സജീവമായി. പുതിയ ജനാധിപത്യ സംവിധാനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ ശക്തി നേടാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രധാന രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റപ്പെട്ടുപോയി. ഇതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചില മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടിവന്നു.
പശ്ചിമ ബംഗാള്‍, കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജനപ്രീതി വര്‍ദ്ധിച്ചു. തൊഴിലാളികളുടെ സാമ്പത്തിക പ്രശ്നങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന അസമത്വം, മാറ്റമില്ലാതെ തുടരുന്ന ദാരിദ്ര്യം എന്നിവ പരിഹരിക്കാന്‍ നെഹ്റു സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ല. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പലര്‍ക്കും സ്വീകാര്യമാക്കി.1950 കളും 1960 കളും ഭാരതത്തിലെ കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക ഘട്ടമായിരുന്നു. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് പ്രതിച്ഛായയും സോവിയറ്റ് യൂണിയനോടുള്ള ആഭിമുഖ്യവും കമ്മ്യൂണിസ്റ്റുകള്‍ക്ക് മാന്യത നേടിക്കൊടുത്തു. സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ പഞ്ചവത്സര പദ്ധതികളോടുള്ള നെഹ്‌റുവിന്റെ ആരാധനയും അത് ഇവിടെ നടപ്പാക്കിയതും തങ്ങളുടെ വിദേശകൂറിനെ ന്യായീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സഹായിച്ചു.
1942 ഡിസംബറില്‍ ഏര്‍പ്പെടുത്തിയ യുദ്ധകാല നിരോധനം സര്‍ക്കാര്‍ നീക്കിയതിനെതുടര്‍ന്ന് 1946 ലെ പ്രവിശ്യാ അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രമായി മത്സരിച്ചു. ഏകദേശം 30 ദശലക്ഷം വോട്ടര്‍മാര്‍ മാത്രമുള്ള പരിമിതമായ വോട്ടര്‍ പട്ടികയോടെയാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. സ്വത്ത്, വരുമാനം ഉള്ളവര്‍ക്കും അല്ലെങ്കില്‍ നികുതിയടയ്ക്കുന്നവര്‍ക്കുമാത്രമായി വോട്ടവകാശം പരിമിതപ്പെടുത്തിയിരുന്നു. ഇവര്‍ ജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായവരുടെ ഏകദേശം 15 ശതമാനത്തെ മാത്രമാണ് പ്രതിനിധീകരിച്ചത്.
കോണ്‍ഗ്രസ്സിനെതിരെ കമ്മ്യൂണിസ്റ്റു ബദല്‍
സാമ്രാജ്യത്വ വിരുദ്ധതയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു ബദല്‍ തങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ഫലമായി കുറച്ചൊക്കെ ജനപിന്തുണ നേടാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് കഴിഞ്ഞു. എന്നാല്‍, 1942 ലെ ക്വറ്റിന്ത്യാ സമരത്തിനെതിരെ പാര്‍ട്ടി എടുത്ത നിലപാട് പല ദേശീയവാദികളെയും അകറ്റി. ഇതുമൂലം തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളും കര്‍ഷകസംഘടനകളും വളര്‍ന്നെങ്കിലും പാര്‍ട്ടിയുടെ ജനപ്രീതിയില്‍ വലിയ ഇടിവ് വരുന്നു.
പതിനൊന്ന് പ്രവിശ്യകളിലായുള്ള ഏകദേശം 1,585 പൊതുസീറ്റുകളില്‍ (റിസര്‍വ് ചെയ്തതല്ലാത്തത്) 108 സീറ്റുകളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ബോംബെ, മദ്രാസ്, ബംഗാള്‍, സെന്‍ട്രല്‍ പ്രവിശ്യകള്‍ തുടങ്ങിയ നഗരങ്ങളിലെ തൊഴിലാളി വര്‍ഗവും ഗ്രാമീണ തൊഴിലാളികളും ഉള്‍പ്പെട്ട നിയോജകമണ്ഡലങ്ങളിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വെറും എട്ട് സീറ്റുകളില്‍ മാത്രമാണ് ജയിച്ചത്. മത്സരിച്ച പ്രദേശങ്ങളില്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമായിരുന്നു വോട്ട് വിഹിതം. ഹിന്ദു ഭൂരിപക്ഷ പൊതുസീറ്റുകളില്‍ കോണ്‍ഗ്രസ്സിന്റെ ആധിപത്യത്തിനും മുസ്ലിം സംവരണ സീറ്റുകളില്‍ മുസ്ലിം ലീഗിന്റെ മുഴുവന്‍ വിജയത്തിനും ഏറെ പിന്നിലായിരുന്നു ഇത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ വിജയങ്ങള്‍ പ്രധാനമായും വ്യവസായ മേഖലകളില്‍ കേന്ദ്രീകരിച്ചിരുന്നു. ബോംബെയിലെ മില്‍ തൊഴിലാളി മേഖലകളും മദ്രാസിലെ കാര്‍ഷിക കലാപ മേഖലകളിലുമായിരുന്നു ഇത്. രണ്ടാം ലോകമഹായുദ്ധാനന്തര സമരങ്ങളില്‍ തൊഴിലാളി യൂണിയനുകളുടെ ശക്തമായ പിന്തുണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്നെങ്കിലും കര്‍ഷക വിഭാഗങ്ങളിലേക്കോ മദ്ധ്യവര്‍ഗ്ഗത്തിലേക്കോ പാര്‍ട്ടിക്ക് വിപുലമായി കടന്നുകയറാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യം വെളിവാക്കി. പാര്‍ട്ടി അംഗസംഖ്യ 20,000 ല്‍ താഴെയായിരുന്നു. ശക്തമായ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അഭാവം പ്രകടമായിരുന്നു. തെലങ്കാന പോലുള്ള പ്രദേശങ്ങളില്‍ സായുധ കര്‍ഷക സമരങ്ങള്‍ നടത്തിയിരുന്നവരെ ആശ്രയിച്ചായിരുന്നു പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
തിരഞ്ഞെടുപ്പിനു ശേഷം, മദ്രാസ്, ബോംബെ പോലുള്ള പ്രവിശ്യകളിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭകളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരോക്ഷമായി പിന്തുണച്ചു. ഇതിലൂടെ ബ്രിട്ടീഷ് ഭരണത്തിനെതിരായ ഐക്യ മുന്നണി നയം പിന്തുടര്‍ന്നുകൊണ്ട് കോണ്‍ഗ്രസ്സിന്റെ നിലപാടുകളിലെ തീവ്രതയില്ലായ്മയെ വിമര്‍ശിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ അടവുനയം.
ആദ്യ ലോക്‌സഭ-സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍
1951ലും1952 ലുമായാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ രാജ്യവ്യാപക പൊതുതിരഞ്ഞെടുപ്പുകള്‍ നടന്നത്. ലോക്‌സഭയിലേക്കും ചില സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായിരുന്നു ഈ തിരഞ്ഞെടുപ്പുകള്‍. 1951 ജൂലായില്‍ തെലങ്കാന സായുധസമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് നിരോധനം നീക്കപ്പെട്ട അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളികളുടെ അവകാശങ്ങള്‍, കോണ്‍ഗ്രസ് ആധിപത്യത്തിനെതിരായ നിലപാട് എന്നിവ മുന്നോട്ടുവച്ച്, സഖ്യങ്ങളില്ലാതെ സ്വതന്ത്രമായി മത്സരിച്ച് ഏകീകൃത ദേശീയ പാര്‍ട്ടിയായി രംഗത്തെത്തി. ഇങ്ങനെ പാര്‍ലമെന്ററി ജനാധിപത്യത്തിലേക്കു മാറിയത് തന്ത്രപരമായിരുന്നെങ്കിലും വര്‍ഗസമര പാത പാര്‍ട്ടി ഉപേക്ഷിച്ചിച്ചിരുന്നില്ല.
ലോക്‌സഭയിലേക്ക് കമ്മ്യൂണിസ്റ്റു പാര്‍ട്ടി 49 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. 16 സീറ്റുകള്‍ സ്വന്തമാക്കി. മുഖ്യമായും ആന്ധ്ര, തിരുവിതാംകൂര്‍-കൊച്ചി, പശ്ചിമ ബംഗാള്‍ തുടങ്ങിയ ദക്ഷിണ-കിഴക്കന്‍ മേഖലകളിലാണ് ഈ വിജയങ്ങള്‍ കേന്ദ്രീകരിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 364 സീറ്റുകള്‍ ലഭിച്ചു. സ്വതന്ത്രരും സോഷ്യലിസ്റ്റുകളും കഴിഞ്ഞ് മൂന്നാമത്തെ വലിയ പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ന്നു. സ്വാതന്ത്ര്യ സമരത്തിലെ വഞ്ചനകളും സായുധ സമരങ്ങളോടുള്ള എതിര്‍പ്പും ഉണ്ടായിരുന്നിട്ടും ഈ വിജയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉയര്‍ന്നുവരുന്ന ദേശീയ പ്രതിപക്ഷ ശക്തിയാക്കിത്തീര്‍ത്തു. തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് പിന്തുണ ലഭിച്ചെങ്കിലും കോണ്‍ഗ്രസ്സിന്റെ സംഘടനാ മേല്‍ക്കോയ്മയും നെഹ്രുവിന്റെ ജനപ്രീതിയും കാരണം പാര്‍ട്ടിയുടെ വോട്ട് വിഹിതം പരിമിതമായിരുന്നു.
സംസ്ഥാന നിയമസഭാ ഫലങ്ങള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ശക്തമായ പ്രാദേശിക പിന്തുണയുണ്ടെന്ന് വ്യക്തമാക്കി. 238 സീറ്റുകളുള്ള പശ്ചിമ ബംഗാള്‍ നിയമസഭയില്‍ പാര്‍ട്ടി 28 സീറ്റുകള്‍ നേടി പ്രധാന പ്രതിപക്ഷമായി മാറി. ഗ്രാമീണ മേഖലകളിലെ ചണ മില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും പിന്തുണ പാര്‍ട്ടിക്ക് ലഭിച്ചു. തോട്ടം തൊഴിലാളികളും തീരദേശ സമൂഹങ്ങളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ പിന്തുണയില്‍ തിരുവിതാംകൂര്‍-കൊച്ചിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 16 സീറ്റുകള്‍ നേടി. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നു.
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആന്ധ്രയിലും ഹൈദരാബാദിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടി സമാനമായ പ്രകടനം കാഴ്ചവെച്ചു. രാജ്യത്താകമാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 140 ലേറെ നിയമസഭാ സീറ്റുകള്‍ നേടി. ഈ ഫലങ്ങള്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ സംഘടനാ ശേഷി തെളിയിച്ചെങ്കിലും, കോണ്‍ഗ്രസ്സിന്റെ ആധിപത്യം നിലനിന്നു. സോവിയറ്റ് യൂണിയനോടുള്ള വിധേയത്വവും അതിന്റെ പേരിലുള്ള വിമര്‍ശനങ്ങളും പാര്‍ട്ടിയുടെ വളര്‍ച്ചയെ തടഞ്ഞു. എങ്കിലും ഈ തിരഞ്ഞെടുപ്പുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒരു തിരഞ്ഞെടുപ്പ് ശക്തിയായി ഉറപ്പിക്കുകയും, ഭാവി പ്രതിപക്ഷമാവാനുള്ള അടിത്തറ ഒരുക്കുകയും ചെയ്തു.
ഇക്കാലമത്രയും ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന ദേശീയത രാഷ്ട്രീയ രംഗത്ത് പ്രകടമായിരുന്നില്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രബല ശക്തിയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തെറ്റായ നയങ്ങളാണ് ദേശീയതയിലും സ്വദേശി ചിന്താഗതിയിലും അധിഷ്ഠിതമായ ഒരു ബദല്‍ രാഷ്ട്രീയം ആവശ്യമാണെന്ന ചിന്ത ഉയര്‍ന്നു വരാന്‍ കാരണം.
ഭാരതീയ ജനസംഘം രൂപീകരിക്കപ്പെടുന്നു
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആശയത്താല്‍ മലിനമാക്കപ്പെട്ടിരുന്നല്ലോ. മതപരമായ വേര്‍തിരിവിനെ അനുകൂലിക്കുന്ന സമീപനവും, ദേശീയതയെക്കുറിച്ചുള്ള വ്യക്തമായ ദര്‍ശനത്തിന്റെ അഭാവവും കാരണം അന്നത്തെ നേതാക്കള്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യത്തിന്റെ വിഭജനത്തെ അംഗീകരിച്ചു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രവിഭജനത്തെ ആര്‍എസ്എസ് ശക്തമായി എതിര്‍ത്തിരുന്നു. വിഭജനത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ആര്‍എസ്എസ്സിനോട് ഹിന്ദുസമൂഹത്തിനുള്ള ആഭിമുഖ്യം വലിയ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തു. കോണ്‍ഗ്രസ് രാഷ്ട്രീയമായി ഒറ്റപ്പെടുകയും, ജവഹര്‍ ലാല്‍ നെഹ്രുവിന്റെ സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു. സംഘടനാപരമായും രാഷ്ട്രീയമായും ആര്‍എസ്എസ് ഭാവിയില്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് ഭയന്ന കോണ്‍ഗ്രസ്സും നെഹ്റു സര്‍ക്കാരും മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങളുടെ പേരില്‍ ആര്‍എസ്എസ്സിനെ നിരോധിച്ചു.
ഡോ. ശ്യാമപ്രസാദ് മുഖര്‍ജി പ്രമുഖ ചിന്തകനും പണ്ഡിതനുമായിരുന്നു. മുപ്പത്തിമൂന്നാം വയസ്സില്‍ കൊല്‍ക്കത്ത സര്‍വകലാശാലയുടെ ഏറ്റവും പ്രായംകുറഞ്ഞ വൈസ് ചാന്‍സലറായി നിയമിതനായി.
1947 ല്‍, ഡോ. മുഖര്‍ജി, നാല്‍പ്പത്തിയാറാം വയസ്സില്‍ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ മന്ത്രിസഭയില്‍ ചേര്‍ന്നു. ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ആദ്യ പൊതു തിരഞ്ഞെടുപ്പിനു മുന്‍പ് രൂപീകരിച്ച ഇടക്കാല ദേശീയ സര്‍ക്കാരില്‍ വ്യവസായ വകുപ്പാണ് മുഖര്‍ജി കൈകാര്യം ചെയ്തത്. എന്നാല്‍ 1950 ഏപ്രിലില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനുമായുള്ള നെഹ്രുവിന്റെ ഉടമ്പടി, കാശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്ത രീതി, കിഴക്കന്‍ ബംഗാളിലെ ഹിന്ദുക്കളുടെ ദുരവസ്ഥ എന്നിവയെക്കുറിച്ചുള്ള അഭിപ്രായഭിന്നതകള്‍ കാരണം ഡോ.മുഖര്‍ജി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു.(1)
തുടക്കത്തില്‍ ഡോ. മുഖര്‍ജി ഭാരതത്തിന്റെ കിഴക്കന്‍ ഭാഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും, പ്രശ്‌നം കൂടുതല്‍ വ്യാപകവും ആഴത്തിലുള്ളതുമാണെന്ന് തിരിച്ചറിഞ്ഞു. ഒരു രാഷ്ട്രീയപരമായ പരിഹാരം കണ്ടെത്തണമെന്നു കരുതി. ഈ ലക്ഷ്യം കൈവരിക്കാന്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുള്ള ആശയം രൂപപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതൃത്വവുമായി ആശയവിനിമയം നടത്തി. (2)
ഭാരതീയ സാമൂഹ്യ-സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കാനും, ഒരു ബദല്‍ രാഷ്ട്രീയ-സാമ്പത്തിക മാതൃക സൃഷ്ടിക്കാനും പുതിയൊരു പാര്‍ട്ടി ആവശ്യമായിരുന്നു. ദേശീയമായ ഈ ആവശ്യം മനസ്സിലാക്കി അന്നത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍, സംഘടനയിലെ സമര്‍പ്പണമനോഭാവമുള്ള ചില പ്രവര്‍ത്തകരെ ഡോ. മുഖര്‍ജിയെ സഹായിക്കാന്‍ വിട്ടുകൊടുത്തു. (3)
1951 മെയ് മാസത്തില്‍ കൊല്‍ക്കത്തയില്‍ എട്ട് പോയിന്റുകളടങ്ങിയ ഒരു ചാര്‍ട്ടര്‍ പ്രഖ്യാപിച്ചു. ഇത് പിന്നീട് ജനസംഘത്തിന്റെ മാര്‍ഗദര്‍ശക തത്ത്വങ്ങളായി.
ഐക്യഭാരതം, പാകിസ്ഥാനോട് അനുനയത്തിന് പകരം തുല്യത, ഭാരതത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തുന്ന സ്വതന്ത്ര വിദേശനയം, പാകിസ്ഥാനില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കി അഭയാര്‍ത്ഥികളുടെ പുനരധിവാസം, വ്യവസായ ഉല്‍പ്പാദന വര്‍ദ്ധനയും വികേന്ദ്രീകരണവും, ഭാരതീയ സംസ്‌കാരത്തിന്റെ സംരക്ഷണം, ജാതിമതസമൂഹ വിഭജനങ്ങള്‍ മറികടന്ന് എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശങ്ങള്‍, പിന്നാക്കവര്‍ഗ്ഗങ്ങളുടെ ഉയര്‍ച്ച, പശ്ചിമ ബംഗാളിന്റെയും ബീഹാറിന്റെയും അതിര്‍ത്തി പുനഃക്രമീകരണം എന്നിവയായിരുന്നു ഈ തത്ത്വങ്ങള്‍.(4)
പ്രാദേശിക തലത്തില്‍ ആരംഭിച്ച ജനസംഘം പിന്നീട് ദേശീയ സ്വഭാവം കൈവരിച്ചു. ശക്തമായ പ്രാദേശിക ഘടകങ്ങള്‍ സ്ഥാപിച്ചു. 1951 മെയ് മാസത്തില്‍ ബല്‍രാജ് ഭല്ല പ്രസിഡ ന്റും ബല്‍രാജ് മാധോക് സെക്രട്ടറിയുമായി ജനസംഘത്തിന്റെ ദല്‍ഹി യൂണിറ്റ് രൂപീകരിക്കപ്പെട്ടു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ശാഖകള്‍ സ്ഥാപിച്ചു. സപ്തംബറില്‍ ലക്‌നൗവില്‍ റാവു കൃഷ്ണപാല്‍ സിംഗ് പ്രസിഡന്റും ദീന്‍ദയാല്‍ ഉപാധ്യായ സെക്രട്ടറിയുമായി ഉത്തര്‍പ്രദേശ് യൂണിറ്റ് രൂപീകരിച്ചു. അതേ ദിവസം ഇന്ദോറില്‍ മധ്യഭാരത്-ഭോപ്പാല്‍ യൂണിറ്റുകള്‍ രൂപീകരിച്ചു. കര്‍ണാടക, രാജസ്ഥാന്‍, വിന്ധ്യപ്രദേശ് (പിന്നീട് മധ്യപ്രദേശില്‍ ലയിപ്പിച്ചു) ബീഹാര്‍, അഹമ്മദാബാദ്, അസം എന്നിവിടങ്ങളിലും യൂണിറ്റുകള്‍ രൂപീകരിക്കപ്പെട്ടു.(5)
1951 ഒക്ടോബറില്‍ ദല്‍ഹിയില്‍ നടന്ന യോഗത്തില്‍ ഭാരതീയ ജനസംഘം ദേശീയ പാര്‍ട്ടിയായി പ്രഖ്യാപിക്കപ്പെട്ടു. ഡോ. മുഖര്‍ജി പ്രസിഡന്റായി. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയില്‍ നിന്ന് വ്യത്യസ്തമായി സ്വാതന്ത്ര്യാനന്തര കാലത്ത് ഭാരതീയമായ ആശയധാരയെ അടിസ്ഥാനമാക്കിയാണ് ജനസംഘം രൂപീകരിക്കപ്പെട്ടത്. മൗലി ചന്ദ്ര ശര്‍മയും ഭായ് മഹാവീറും ജനറല്‍ സെക്രട്ടറിമാരായി. പിന്നീട് അടല്‍ ബിഹാരി വാജ്‌പേയിയെ മുഖര്‍ജിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.(6)
പുതിയ പാര്‍ട്ടിയായതിനാല്‍ പൊതുതിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ സമയം കുറവായിരുന്നു. ദല്‍ഹി യോഗത്തില്‍ തന്നെ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയും അംഗീകരിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1952 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നേടി. അസംബ്ലികളില്‍ 35 സീറ്റുകളും കരസ്ഥമാക്കി. മൂന്ന് ശതമാനം വോട്ട് നേടിയതിനാല്‍ ദേശീയ പാര്‍ട്ടിയെന്ന പദവിയും ലഭിച്ചു. ചതുരാകൃതിയിലുള്ള കാവിപതാക പാര്‍ട്ടി പതാകയായി അംഗീകരിച്ചു. ദീപം പാര്‍ട്ടി ചിഹ്നമായി അനുവദിച്ചു.
ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ജനസംഘം 3.06 ശതമാനം വോട്ടുകളും ഡോ. മുഖര്‍ജിയടക്കം മൂന്ന് എം.പിമാരെയും നേടിയതോടെ ജനസംഘത്തിന് ദേശീയ പാര്‍ട്ടി പദവിയും ലഭിച്ചു. പാര്‍ലമെന്റില്‍ ഡോ. മുഖര്‍ജിയുടെ നേതൃത്വത്തില്‍ ‘നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട്’ രൂപീകരിക്കപ്പെട്ടു. അകാലി ദള്‍, ഗണതന്ത്ര പരിഷത്ത്, ഹിന്ദു മഹാസഭ, തമിഴ്‌നാട് ടോയ്ലേഴ്‌സ് പാര്‍ട്ടി, കോമണ്‍വെല്‍ത്ത് പാര്‍ട്ടി, ദ്രാവിഡ കഴകം, ലോക സേവക് സംഘം എന്നിവയും സ്വതന്ത്രരും ചേര്‍ന്നതോടെ ഈ മുന്നണിക്ക് 38 എംപിമാര്‍ ഉണ്ടായിരുന്നു. 32 പേര്‍ ലോക്‌സഭയിലും ആറ് പേര്‍ രാജ്യസഭയിലും എംപിമാരായി. ഇങ്ങനെ ഭാരതീയ ജനസംഘത്തിന്റെ പ്രസിഡന്റ് ഡോ. മുഖര്‍ജി രാജ്യത്തിന്റെ ആദ്യ അനൗപചാരിക പ്രതിപക്ഷ നേതാവായി മാറുകയും ചെയ്തു.(7)
പാര്‍ലമെന്റിലെ പ്രാതിനിധ്യം കുറവായിരുന്നെങ്കിലും, ഡോ. മുഖര്‍ജി ശക്തമായ പ്രതിപക്ഷ നേതാവായി. ഡിസംബറില്‍ കാണ്‍പൂരില്‍ ആദ്യ സമ്മേളനം നടന്നു. ദീന്‍ദയാല്‍ ഉപാധ്യായ ജനറല്‍ സെക്രട്ടറിയായി. കശ്മീര്‍ പ്രശ്‌നവും കിഴക്കന്‍ പാകിസ്ഥാന്‍ പ്രശ്‌നവും ചര്‍ച്ചയായി. ആര്‍ട്ടിക്കിള്‍ 370 നെ ശക്തമായി എതിര്‍ത്തു:
”ഒരു രാജ്യത്ത് രണ്ട് ഭരണഘടന, രണ്ട് പതാക, രണ്ട് പ്രധാനമന്ത്രിമാര്‍ അംഗീകരിക്കില്ല” എന്നു പ്രഖ്യാപിച്ചു.
ജമ്മു-കാശ്മീരിലെ ഐഡി നയത്തിനെതിരെ ഡോ. മുഖര്‍ജി പ്രതിഷേധം നയിച്ചു. 1953 മെയ് മാസത്തില്‍ അറസ്റ്റിലായി. 1953 ജൂണില്‍ തടവില്‍ കിടന്ന് അന്തരിച്ചു. പാര്‍ട്ടി വലിയ തിരിച്ചടി നേരിട്ടെങ്കിലും ശക്തമായ സംഘടനാപിന്തുണയോടെ മുന്നേറി. ജനസംഘം തുടര്‍ച്ചയായി വോട്ട് ശതമാനം വര്‍ദ്ധിപ്പിച്ചു. പില്‍ക്കാലത്ത് രാഷ്ട്രീയ പിന്‍ഗാമിയായി ബിജെപി രൂപംകൊണ്ടു.
അടുത്തത്:
വിദ്യാര്‍ത്ഥി ശക്തിയുടെ വിപ്ലവ വ്യാമോഹം
അടിക്കുറിപ്പുകള്‍:-
1.Bharatiya Jana Sangh: Party Documents (1951-1972), Volume 1,
2.Ibid
3.Ibid
4.Ibid
5.Ibid
6.Ibid
7.Ibid





















