- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- ഗാന്ധിജി അവര്‍ക്ക് വര്‍ഗ്ഗശത്രു (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 25)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ഗാന്ധിജി ലോകത്തോട് വിടപറയുന്നത് എഴുപത്തിയെട്ടാം വയസ്സിലാണ്. 33 വര്‍ഷമായിരുന്നു ഭാരതത്തില്‍ ഗാന്ധിജിയുടെ പൊതുജീവിതം. ഈ നീണ്ടകാലത്തിനിടെ ഒരിക്കല്‍ പോലും ഗാന്ധിജിയുടെ രാഷ്ട്രീയ വ്യക്തിത്വത്തെയും തത്ത്വചിന്തയേയും നിലപാടുകളെയും അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി അംഗീകരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ അഭിഭാഷക ജീവിതത്തിനുശേഷം 1915 ലാണ് ഗാന്ധി ഭാരതത്തിലേക്കും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലേക്കും വരുന്നത്. ഇതിനുശേഷമാണ് താഷ്‌കെന്റിലും (1920) കാണ്‍പൂരിലും (1925) കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രൂപീകരിക്കപ്പെടുന്നത്. ചില ഘട്ടങ്ങളില്‍ ഗാന്ധിജിയെയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ നിലപാടുകളെയും അംഗീകരിക്കുന്നതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടിക്കുന്നുണ്ടെങ്കിലും അത് അവരുടെ കുപ്രസിദ്ധമായ അടവുനയത്തിന്റെ ഭാഗമായിരുന്നു. സോവിയറ്റ് യൂണിയന്റെയും അതിന്റെ ഏകാധിപതി ലെനിന്റെയും മറ്റും ചരടുവലിക്കനുസരിച്ച് ഗാന്ധിജിയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു ഇവയെല്ലാം. ഈ കുതന്ത്രങ്ങളില്‍ ഗാന്ധിജി വീണതുമില്ല. മരിച്ചതിനുശേഷവും ഗാന്ധിജിയോടുള്ള നിലപാട് കമ്മ്യൂണിസ്റ്റു പാര്‍ട്ടി മാറ്റിയില്ല. അതുകൊണ്ടാണല്ലോ ഗാന്ധി ഘാതകരുടെ പാര്‍ട്ടിക്കും നേതാക്കള്‍ക്കുമൊപ്പം അവര്‍ നിന്നത്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഗാന്ധിജിയെ വെറുക്കാന്‍ അടിസ്ഥാനപരമായ ചില കാരണങ്ങളുണ്ട്. അതിലൊന്ന് 1917 ല്‍ റഷ്യയില്‍ നടന്ന ഒക്‌ടോബര്‍ വിപ്ലവം ഗാന്ധി അംഗീകരിക്കാതിരുന്നതാണ്. ബോള്‍ഷെവിസത്തെയും വിപ്ലവത്തെയും ദക്ഷിണേഷ്യയെ ഒരിക്കലും വിമോചിപ്പിക്കാന്‍ കഴിയാത്ത, അന്യവും അത്യന്തം നാസ്തികവുമായ വെറും യൂറോപ്യന്‍ വിഷയമായാണ് ഗാന്ധിജി കണ്ടത്. ഇക്കാര്യം തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു. ”അറിഞ്ഞിടത്തോളം അത് ഹിംസയെ അടിസ്ഥാനമാക്കിയുള്ളതും ദൈവനിഷേധത്തെ ഉള്‍ക്കൊള്ളുന്നതുമാണ്. അതുകൊണ്ടുതന്നെ അത് എന്നില്‍ മനംപുരട്ടലുണ്ടാക്കുന്നു… ഏറ്റവും മഹത്തായ ലക്ഷ്യങ്ങള്‍ക്കായാലും ഹിംസാത്മക മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിനെ ഞാന്‍ അസന്ദിഗ്ധമായി എതിര്‍ക്കുന്നു.”(1)
ഗാന്ധിജിയുടെ ഉദ്ദേശ്യം എപ്പോഴും ഇന്ത്യയിലെ ബൂര്‍ഷ്വാസിക്ക് സമാധാനപരമായി അധികാരം കൈമാറുന്നതായിരുന്നു എന്നാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി കരുതിയത്. എന്നാല്‍ തൊഴിലാളി വര്‍ഗത്തെയും കര്‍ഷകരെയും കുറിച്ചുള്ള തന്റെ ഭയം ഗാന്ധിയെ സാമ്രാജ്യത്വ ഭരണകൂടത്തിന്റെ പക്ഷത്ത് നിര്‍ത്തുകയും, സ്വാതന്ത്ര്യത്തിന്റെ വിജയം ദശകങ്ങളോളം പിന്നോട്ട് തള്ളുകയും ചെയ്തു. സ്വദേശിയായ ബൂര്‍ഷ്വാസിയുടെ സ്വകാര്യസ്വത്ത് സംരക്ഷിക്കുന്നതിനൊപ്പം ദേശീയ പ്രസ്ഥാനത്തിനായി തൊഴിലാളികളെയും കര്‍ഷകരെയും മൃദുവായി പ്രചോദിപ്പിക്കുന്ന ഈ വിരോധാഭാസമാണ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ സ്വഭാവത്തെ നിര്‍ണ്ണയിച്ചത്. ഇതായിരുന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ വിലയിരുത്തല്‍. 1939 ല്‍ ഇന്ത്യന്‍ തൊഴിലാളികളോട്, ഒരുകാലത്ത് ലെനിന്റെ വലംകൈയും പിന്നീട് വാടകക്കൊലയാളിയെ വിട്ട് സ്റ്റാലിന്‍ കൊലപ്പെടുത്തുകയും ചെയ്ത ലിയോണ്‍ ട്രോട്‌സ്‌കി അഭിപ്രായപ്പെട്ടിട്ടുള്ളത് ഇങ്ങനെയാണ്:
”ഇന്ത്യന്‍ ബൂര്‍ഷ്വാസി ഒരു വിപ്ലവ പോരാട്ടത്തെ നയിക്കാന്‍ അശക്തരാണ്. അവര്‍ ബ്രിട്ടീഷ് മുതലാളിത്തത്തോട് അടുത്ത് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവരാണ്. അതിന്റെ ആശ്രിതരുമാണ്. ജനക്കൂട്ടങ്ങളെ അവര്‍ ഭയപ്പെടുന്നു. എന്ത് വിലകൊടുത്തും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് ഒത്തുതീര്‍പ്പുകളുണ്ടാക്കുകയും, മുകളില്‍നിന്നുള്ള പരിഷ്‌കാരങ്ങളുടെ പ്രതീക്ഷകളിലൂടെ ഇന്ത്യയിലെ ജനങ്ങളെ അവര്‍ മയക്കുകയും ചെയ്യുന്നു. ഈ ബൂര്‍ഷ്വാസിയുടെ നേതാവും പ്രവാചകനും ഗാന്ധിയാണ്. ഗാന്ധി ഒരു കപടനേതാവും വ്യാജ പ്രവാചകനുമാണ്!”(2)
ഗാന്ധിയും മാര്‍ക്‌സും രണ്ടുവഴിയേ
വ്യക്തതയില്ലാതെയും പരസ്പര വിരുദ്ധവുമായാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഗാന്ധിയെക്കുറിച്ച് സംസാരിച്ചത്. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതാവും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ ഇടനിലക്കാരനുമായിരുന്ന രാജനി പാമെ ദത്ത് തന്റെ ‘ഇന്ത്യ ടുഡേ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ”1930-40 കാലഘട്ടത്തിലെ ഇടതുപക്ഷ വിമര്‍ശകര്‍ ഗാന്ധിയുടെ പങ്ക് ശരിയായി തിരിച്ചറിഞ്ഞിരുന്നില്ല. ദേശീയ പ്രസ്ഥാനത്തെയും കോണ്‍ഗ്രസിനെയും അതിന്റെ മുന്‍കാലത്തെ പരിമിതികളില്‍ നിന്ന് ഉയര്‍ത്തി ഒരു അഖിലേന്ത്യാ ദേശീയ ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയും, ഏറ്റവും പിന്നാക്കവും പ്രവര്‍ത്തനരഹിതവുമായ ജനവിഭാഗങ്ങളെ ദേശീയബോധത്താല്‍ പ്രചോദിപ്പിക്കുകയും അവരെ പോരാട്ടത്തിലേക്ക് ഉണര്‍ത്തുകയും ചെയ്തതാണ് ഗാന്ധിയുടെ പങ്ക്.”
ജനങ്ങളുടെ ഭാഷയും വികാരങ്ങളും മനസ്സിലാക്കുന്നതിലും, കൈകാര്യം ചെയ്യുന്നതിലും തന്റെ കാലഘട്ടത്തില്‍ ഇന്ത്യയിലെ ഏത് കമ്മ്യൂണിസ്റ്റ് നേതാവിനേക്കാളും ഗാന്ധി മികവ് കാണിച്ചു. ജനങ്ങളെ സജ്ജമാക്കാനും പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനും ഗാന്ധിജി ഉപയോഗിച്ച മാര്‍ഗ്ഗങ്ങള്‍ ലോകത്തെ ഏത് കമ്മ്യൂണിസ്റ്റിനെയും ബഹുദൂരം പിന്നിലാക്കി എന്നുമൊക്ക പാമെ ദത്ത് പറയുന്നുണ്ട്.
ഗാന്ധി വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ കൈവേലയെ ഉള്‍പ്പെടുത്തിയിരുന്നുവെന്നും, ഗാന്ധിയന്‍ ഗ്രാമസ്വരാജിന് മാര്‍ക്‌സിസ്റ്റ് ലക്ഷ്യങ്ങളുമായി സൂക്ഷ്മമായ സാമ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും പറയുമ്പോഴും അത് കേവലം ആശയപരമാണെന്ന് വിലയിരുത്തി പാമെ ദത്ത് തള്ളിക്കളയുന്നു. അതേസമയം ഗാന്ധിയുടെ ജീവിതശൈലി അനുകരിക്കുന്നതില്‍ തങ്ങള്‍ അഭിമാനം കൊള്ളുമെന്നു പറയാനും മടിച്ചില്ല. എങ്ങനെയും ഗാന്ധിയെ ഒപ്പം നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം. 1920 ല്‍ ലെനിന്‍ ഗാന്ധിയെ ടോള്‍സ്റ്റോയിയായോട് ഉപമിച്ചതിന്റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല.
വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് നേതാവ് ഹോചിമിനും ലാറ്റിനമേരിക്കന്‍ കമ്മ്യൂണിസ്റ്റ് ചെഗുവേരയ്ക്കും ഗാന്ധിജിയോടുണ്ടായിരുന്നതുപോലുള്ള അനുഭാവം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് അന്യമായിരുന്നു. വിയറ്റ്‌നാമിലേതുപോലെ എന്തുകൊണ്ടാണ് ഇന്ത്യയിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിയാതിരുന്നതെന്ന് ഒരിക്കല്‍ ഹോചിമിനോട് ചോദിക്കുകയുണ്ടായി. ”ഇന്ത്യയില്‍ ഒരു ഗാന്ധി ഉണ്ടായിരുന്നു. ഇവിടെ ഞാനാണ് ഗാന്ധി” എന്നായിരുന്നു മറുപടി.
മറ്റൊരിക്കല്‍ ഹോചിമിന്‍ പറഞ്ഞു: ”ഞാനും മറ്റു ചിലരും വിപ്ലവകാരികളായിരിക്കാം, പക്ഷേ നാം പ്രത്യക്ഷമായോ പരോക്ഷമായോ മഹാത്മാ ഗാന്ധിയുടെ ശിഷ്യന്മാരാണ്. അതിലധികമോ അതില്‍ കുറവോ അല്ല.” 1959 ല്‍ ഭാരതം സന്ദര്‍ശിച്ച ചെഗുവേരയുമായി ഓള്‍ ഇന്ത്യ റേഡിയോയില്‍ മലയാളിയായ കെ.പി.ഭാനുമതി ഒരു അഭിമുഖം നടത്തുകയുണ്ടായി. ഈ അഭിമുഖത്തില്‍ ലാറ്റിനമേരിക്കയിലേതുപോലെ ഭാരതത്തില്‍ ഒരു വിപ്ലവത്തിന്റെ ആവശ്യം ഗാന്ധിയെ മുന്‍നിര്‍ത്തി തള്ളിക്കളയുകയാണ് ചെഗുവേര ചെയ്തത്. ”നിങ്ങള്‍ക്ക് ഗാന്ധിയും പ്രാചീനമായ ഒരു ദാര്‍ശനിക പാരമ്പര്യവുമുണ്ട്. ഞങ്ങളുടെ ലാറ്റിന്‍ അമേരിക്കയില്‍ ഇത് രണ്ടും ഇല്ല. അതുകൊണ്ടാണ് നമ്മുടെ മാനസികാവസ്ഥകള്‍ വ്യത്യസ്തമായി വികസിച്ചത്.”
കാറല്‍ മാര്‍ക്‌സിന്റെ എല്ലാ മൗലികമായ ആശയങ്ങളെയും മഹാത്മാഗാന്ധി നിരാകരിച്ചിട്ടുണ്ട്. ”നമ്മുടെ ആശയധാരകളും സ്ഥാപനങ്ങളും നൈതിക മാനദണ്ഡങ്ങളും സാഹിത്യവും കലയും ആചാരങ്ങളും മതം പോലും നമ്മുടെ സാമ്പത്തിക പരിസ്ഥിതിയുടെ ഉല്‍പ്പന്നങ്ങളാണ് എന്നാണ് കാറല്‍ മാര്‍ക്‌സ് നമ്മെ കാണിച്ചു തന്നത്.”
നമ്മുടെ ആശയധാരകളും നൈതിക മാനദണ്ഡങ്ങളും മൂല്യങ്ങളും മുഴുവനായും നമ്മുടെ ഭൗതിക പരിസ്ഥിതിയുടെ ഉല്‍പ്പന്നങ്ങളാണ്. അതിന് സ്വതന്ത്രമായ അടിത്തറയില്ല എന്ന ആശയം ഞാന്‍ അംഗീകരിക്കുന്നില്ല. മറിച്ച്, നാം എങ്ങനെയാണോ, നമ്മുടെ പരിസ്ഥിതിയും അങ്ങനെയാകുന്നു.
”കൈയുടെ സോദ്ദേശ്യ പ്രവര്‍ത്തനം നമ്മുടെ ചിന്തകളെ മാത്രമല്ല, നമ്മുടെ മുഴുവന്‍ വ്യക്തിത്വത്തെയും രൂപപ്പെടുത്തുന്നു എന്ന അനുമാനത്തെ അടിസ്ഥാനമാക്കിയാണല്ലോ വാര്‍ധാ വിദ്യാഭ്യാസ പദ്ധതി? അത് കാറല്‍ മാര്‍ക്‌സ് അവതരിപ്പിച്ച ഭൗതികവാദ സിദ്ധാന്തത്തോട് വളരെ അടുത്തതല്ലേ എന്നു ചോദിച്ചേക്കാം?”
തൊഴിലെടുക്കുന്ന കൈകളെ മുഴുവനായി ഇല്ലാതാക്കി അതിന്റെ സ്ഥാനത്ത് യന്ത്രത്തെ സ്ഥാപിക്കാന്‍ ഒരു മാര്‍ക്‌സിസ്റ്റ് ആഗ്രഹിക്കുന്നു. അവന് കൈയുടെ ആവശ്യമില്ല. കൈത്തൊഴിലിനെ ആശ്രയിക്കുന്നത് മാര്‍ക്‌സിന്റെ അഭിപ്രായത്തില്‍, തൊഴിലാളിയുടെ ദാരിദ്ര്യത്തിന്റെയും അടിമത്തത്തിന്റെയും അടയാളവും മൂലകാരണവുമാണ്. അവനെ ഈ അവസ്ഥയില്‍ നിന്ന് മോചിപ്പിക്കുന്നത് യന്ത്രത്തിന്റെ പ്രവര്‍ത്തനമാണ്. മറിച്ച്, ഞാന്‍ വിശ്വസിക്കുന്നത് യന്ത്രം മനുഷ്യനെ അടിമപ്പെടുത്തുന്നു എന്നാണ്. കൈകള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കുമ്പോള്‍ മാത്രമാണ് തൊഴിലാളിക്ക് സ്വാതന്ത്ര്യവും സന്തോഷവും ലഭിക്കുന്നത്.
മാര്‍ക്‌സിസ്റ്റുകള്‍ മനുഷ്യന്റെ ചിന്തയെ ‘മസ്തിഷ്‌കത്തിന്റെ സ്രവം’ ആയും മനസ്സിനെ ‘ഭൗതിക പരിസ്ഥിതിയുടെ പ്രതിഫലനം’ ആയും കാണുന്നു. എനിക്ക് അത് അംഗീകരിക്കാന്‍ കഴിയില്ല. ദ്രവ്യത്തിനും മനസ്സിനും അതീതമായി ഒരു ദൈവിക സാന്നിധ്യം നിലകൊള്ളുന്നു. ആ ജീവനെ ഞാന്‍ എന്റെ ഉള്ളില്‍ തിരിച്ചറിയുന്നുണ്ടെങ്കില്‍, ആര്‍ക്കും എന്റെ മനസ്സിനെ ബന്ധിക്കാനാവില്ല. ശരീരം നശിച്ചേക്കാം, ആത്മാവ് സ്വാതന്ത്ര്യം പ്രഖ്യാപിക്കും. ഇത് എനിക്ക് ഒരു സിദ്ധാന്തമല്ല; അനുഭവത്തിന്റെ സത്യമാണ്.
”ഒരു വ്യക്തിക്ക് തന്റെ ഭൗതിക പരിസ്ഥിതിയെ അതിജീവിക്കാന്‍ കഴിയുമെന്ന് മാര്‍ക്‌സിസ്റ്റുകള്‍ സമ്മതിക്കുന്നു, എന്നാല്‍ ഒരു വര്‍ഗ്ഗത്തിന്റെ പെരുമാറ്റം പ്രധാനമായും അതിനാല്‍ നിര്‍ണ്ണയിക്കപ്പെടുന്നു. സാമ്പത്തിക പരിസ്ഥിതി മാറ്റപ്പെടാതെ അത് മാറുകയില്ല. മുതലാളിയെ മാറ്റാന്‍ മുതലാളിത്ത വ്യവസ്ഥയെ നശിപ്പിക്കണം.”
ഒരു വ്യക്തിക്ക് ചെയ്യാന്‍ കഴിയുന്നതു പോലെ, ഒരു മുഴുവന്‍ വര്‍ഗ്ഗത്തെയും അതിന് പ്രേരിപ്പിക്കാം. ശരിയായ സാങ്കേതിക വിദ്യ കണ്ടെത്തുക മാത്രമാണ് പ്രശ്‌നം. ബ്രിട്ടീഷ് ഭരണവര്‍ഗ്ഗത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ നമ്മള്‍ നടത്തിയ അഹിംസാപരമായ നിസ്സഹകരണ പ്രസ്ഥാനം ഈ സിദ്ധാന്തത്തിലാണ് നിലകൊള്ളുന്നത്. വര്‍ഗസംഘര്‍ഷ പ്രശ്‌നത്തിന് എന്റെ മറുപടി ‘ട്രസ്റ്റീഷിപ്പ്’ ആണ്. (3)
എം. എന്‍. റോയ് ഗാന്ധിക്കെതിരെ
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായി കരുതപ്പെടുന്ന എം.എന്‍.റോയ് തന്നെ ഗാന്ധിയെയോ ഗാന്ധിസത്തെയോ അംഗീകരിക്കുന്നില്ല. ദേശീയവും സാര്‍വദേശീയവുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് ഗാന്ധിയെ റോയ് വിലയിരുത്തുന്നതെന്നും, സൈദ്ധാന്തികമായ അടിത്തറയില്‍ നിന്നുകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും മറ്റുമുള്ള അവകാശവാദമുണ്ടെങ്കിലും സോവിയറ്റ് യൂണിയന്റെ സ്ഥാപിത താല്‍പ്പര്യമാണ് റോയിയുടെ ഗാന്ധി വിമര്‍ശനത്തെ സ്വാധീനിച്ചത്. ഗാന്ധിജിയുടെ സാമൂഹികവും രാഷ്ട്രീയവുമായ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള എം. എന്‍. റോയിയുടെ മാര്‍ക്‌സിസ്റ്റ് വിമര്‍ശനം ഏറ്റവും മികച്ചതും നന്നായി വിശദീകരിക്കപ്പെട്ടതുമാണെന്നും കരുതുന്നവര്‍ ഈ വൈദേശിക പ്രേരണയെ കണ്ടില്ലെന്ന് നടിച്ചവരാണ്. കൊളോണിയലിസത്തിനു കീഴിലെ ഭാരതത്തിന്റെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ 1920 കളിലെ കോണ്‍ഗ്രസിന്റെ അവസ്ഥയെ, പ്രത്യേകിച്ച് ഗാന്ധിയുടെ വരവിനു ശേഷമുള്ള അവസ്ഥയെ റോയ് കൃത്യമായി നിര്‍വചിക്കുന്നുണ്ടെന്ന് പറയുന്നവര്‍ സോവിയറ്റ് യൂണിയന്റെയും ലെനിന്റെയും കയ്യിലെ കളിപ്പാവയായിരുന്നു ഈ മനുഷ്യനെന്ന വസ്തുത വിസ്മരിക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ദേശീയ പ്രസ്ഥാനത്തെക്കുറിച്ചും, ഗാന്ധിജിയെക്കുറിച്ചും ലെനിന്‍ കാലാകാലങ്ങളില്‍ നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങളാണ് റോയ് സൈദ്ധാന്തികമായി കണ്ടെത്തിയതായി പറയപ്പെടുന്നത്. ദേശീയ പ്രസ്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഗ്ഗസഹകരണ തത്ത്വശാസ്ത്രമാണ് ഗാന്ധിസം എന്നാണ് റോയ് നിര്‍വചിച്ചിട്ടുള്ളത്. അഹിംസ ഊര്‍ജ്ജം പകര്‍ന്ന സ്വാതന്ത്ര്യ പ്രസ്ഥാനം അതിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ കൊണ്ടുതന്നെ പരാജയപ്പെടാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്നാണ് റോയ് വാദിച്ചത്. ഗാന്ധിജിയുടെ മുതലാളിത്ത വിമര്‍ശനത്തെ അംഗീകരിക്കുന്ന റോയ്, ഗാന്ധിജി മുന്നോട്ടു വയ്ക്കുന്ന പരിഹാരം യാഥാര്‍ത്ഥ്യബോധമില്ലാത്തതും പ്രായോഗികമല്ലാത്തതും ആണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ”മുതലാളിത്തം ആധിപത്യം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിലവിലുള്ള സാമൂഹിക വ്യവസ്ഥയെ തള്ളിക്കളയാന്‍ ഒരാള്‍ ഒരു വികാരാധീന മനുഷ്യസ്‌നേഹിയാവുകയോ മതാചാരപ്രിയനാവുകയോ വേണ്ടതില്ല”(4) എന്നാണ് ഗാന്ധിയെ റോയ് പരിഹസിക്കുന്നത്. ഗാന്ധിയന്‍ രീതികള്‍ക്ക് സമൂഹത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞുവെങ്കിലും അത് ഭാരതത്തിന്റെ സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് നീണ്ടുനില്‍ക്കുന്ന പരിഹാരം നിര്‍ദ്ദേശിക്കാന്‍ അപര്യാപ്തമായിരിക്കുന്നു എന്നും റോയ് വാദിക്കുന്നു.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ റഷ്യന്‍ വിപ്ലവകാരിയായ ലെനിന്റെ ശക്തമായ ബോള്‍ഷെവിക് പ്രസ്ഥാനത്തിന്റെ പിടിയിലും കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമായിരുന്നു. അവര്‍ ഗാന്ധിയുടെ അഹിംസാ തത്ത്വചിന്തയെ അന്ധമായി എതിര്‍ത്തു. ഇതിന് തെളിവാണ് 1921 ല്‍ എസ്.എ.ഡാങ്കെ രചിച്ച ‘ഗാന്ധിയും ലെനിനും’ എന്ന പ്രസിദ്ധമായ പുസ്തകം. സാമ്രാജ്യത്വത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യം ലെനിനും ഗാന്ധിക്കും ഒരുപോലെ ആയിരുന്നുവെങ്കിലും, ‘സമൂഹത്തില്‍ വിപ്ലവം നടപ്പാക്കാനുള്ള രീതികളില്‍’ അവര്‍ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് ഈ പുസ്തകം വാദിക്കുന്നത്. ചില ചരിത്രകാരന്മാര്‍ ഗാന്ധിസത്തെ ‘ഹിംസ ഇല്ലാത്ത കമ്മ്യൂണിസം’ (Communism minus violence) എന്നു വിശേഷിപ്പിച്ചിരുന്നെങ്കിലും കമ്മ്യൂണിസ്റ്റുകള്‍ അത് അംഗീകരിച്ചിരുന്നില്ല.
മഹാത്മാഗാന്ധിയും ഇസവും (The Mahatma and the Ism) എന്നൊരു പുസ്തകം ഇ.എം. എസ്. നമ്പൂതിരിപ്പാട് എഴുതിയിട്ടുണ്ട്. ഗാന്ധിയുടെ ശാശ്വത സംഭാവനയെ വിലയിരുത്തുന്നതായി നടിക്കുന്നുണ്ടെങ്കിലും ബുദ്ധിപരമായ സത്യസന്ധതയില്ലാതെയാണ് ഇഎംഎസ് എഴുതുന്നത്. ആദ്യകാല കമ്മ്യൂണിസ്റ്റുകള്‍ ”ഗാന്ധി ഉള്‍പ്പെടെയുള്ള ബുര്‍ഷ്വാ നേതാക്കളുടെ നയങ്ങളെയും പരിപാടികളെയും അപലപിച്ചിരുന്നുവെന്നും” എന്നാല്‍ ”ഈ പോരാട്ടങ്ങളില്‍ പങ്കെടുക്കാതെയും അവയുടെ കടുത്ത അനുഭവങ്ങള്‍ പങ്കിടാതെയുമായിരുന്നു” വിമര്‍ശനമെന്ന് ഇഎംഎസ് പറയുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വെള്ളപൂശുകയാണ് ലക്ഷ്യം. ഈ പുസ്തകത്തിന് മറുപടിയായി കെ. രാഘവന്‍ തിരുമുല്‍പ്പാട് ഒരു പുസ്തകം എഴുതുകയുണ്ടായി. ഇഎംഎസിന്റെ കാപട്യവും ഗാന്ധിജിയോടുള്ള അനാദരവും സവിസ്തരം ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ജീവിച്ചിരുന്ന ഗാന്ധിജിയെ അംഗീകരിക്കാതിരുന്നവര്‍ മരണശേഷം വിമര്‍ശനാത്മകമായി സ്വീകരിക്കുന്നുവെന്ന നാട്യത്തിലേക്ക് മാറി. ഇതിന്റെ ഭാഗമായിരുന്നു ഇഎംഎസ്സിന്റെ പുസ്തകം.
പുകഴ്ത്തലും ഇകഴ്ത്തലും
രാഷ്ട്രപിതാവ്, സ്വാതന്ത്ര്യ സമര നായകന്‍ എന്നൊക്കെ ചിലപ്പോള്‍ ആവേശം കൊള്ളുമെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസുകളില്‍ കാറല്‍ മാര്‍ക്‌സ്, എംഗല്‍സ് മുതലായ ആചാര്യന്മാര്‍ക്കൊപ്പം ഗാന്ധിജിയുടെ ചിത്രങ്ങള്‍ കാണാനാവില്ല. ഗാന്ധിജി മരിച്ച് വളരെക്കാലം കഴിഞ്ഞാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജനുവരി 30 രക്തസാക്ഷി ദിനമായി അംഗീകരിക്കാന്‍ തുടങ്ങിയത്. ഭാരതം സ്വാതന്ത്ര്യം നേടിയതിനെ അംഗീകരിക്കാതിരുന്നതു പോലെയാണ് ഇതും. എന്നാല്‍ മാര്‍ക്‌സിസവും സാര്‍വദേശീയ കമ്മ്യൂണിസവും കാലഹരണപ്പെടുകയും എടുക്കാച്ചരക്കാവുകയും, ഭാരതത്തിന്റെ രാഷ്ട്രീയ രംഗത്തും മറ്റ് മേഖലകളിലും ആര്‍എസ്എസ്, ബിജെപി മുതലായ ദേശീയ പ്രസ്ഥാനങ്ങളുടെ സ്വാധീനം പ്രബലമാവുകയും ചെയ്തതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഗാന്ധിയെ പുനഃസൃഷ്ടിക്കാന്‍ തുടങ്ങി. പാര്‍ട്ടി സ്റ്റഡി ക്ലാസുകളില്‍ ഗാന്ധിജി ജനനായകനായി രൂപപ്പെട്ടു! ഗാന്ധിയെയും ആശയധാരയെയും ശരിയായി പിന്തുടരുന്നവര്‍ തങ്ങളാണെന്ന് അവകാശപ്പെടാനും തുടങ്ങി. എന്നാല്‍ സ്വാതന്ത്ര്യ സമരകാലത്ത്, ഗാന്ധിജിയെ പ്രതിലോമകാരിയും വര്‍ഗ്ഗശത്രുവുമായി കാണുകയും, വിപ്ലവത്തിനും ജനങ്ങളുടെ വിമോചനത്തിനും തടസ്സമായ ഗാന്ധിജിയുടെ തത്ത്വചിന്ത തുടച്ചുനീക്കപ്പെടേണ്ടതാണെന്നും ഉറച്ചു വിശ്വസിക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകള്‍. സോവിയറ്റ് യൂണിയനോടുള്ള വൈദേശിക വിധേയത്വവും ബ്രിട്ടീഷ് സാമ്രാജ്യത്വ താല്‍പ്പര്യം സംരക്ഷിക്കാനുള്ള വ്യഗ്രതയും മാത്രമല്ല, ഗാന്ധിജിയുടെ നേതൃത്വത്തോടുള്ള വിയോജിപ്പുമായിരുന്നു ഇതിന് കാരണം.
ഗാന്ധിജിയോട് ആശയപരവും രാഷ്ട്രീയവുമായ വിയോജിപ്പായിരുന്നില്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രകടിപ്പിച്ചത്. ഗാന്ധിജിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്തു. ‘ബൂര്‍ഷ്വാസിയുടെ കൗശലക്കാരനായ നേതാവ്’ എന്നും ‘കുരുടന്‍ മിശിഹ’ എന്നുമൊക്കെയാണ് ഗാന്ധിജിക്ക് ഇക്കൂട്ടര്‍ നല്‍കിയ വിശേഷണങ്ങള്‍. വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഗാന്ധി വകവയ്ക്കുന്നില്ല എന്നു വന്നപ്പോള്‍ പൊള്ളയായ പ്രശംസാവചനങ്ങളിലൂടെ വരുതിയിലാക്കാനും ശ്രമിച്ചു. ”നമ്മുടെ ജനതയുടെ ഏറ്റവും മഹത്തായ ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രിയങ്കരനായ നേതാവ്” എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി. ജോഷി ഗാന്ധിജിക്ക് എഴുതിയ കത്തില്‍ പുകഴ്ത്തുന്നത്. മറ്റൊരു കത്തില്‍ ‘രാഷ്ട്രത്തിന്റെ ഏറ്റവും മഹാനായ നേതാവ്’ എന്നും വിശേഷിപ്പിക്കുന്നു. ”ഞങ്ങള്‍ അങ്ങയെ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു” എന്നു പറയാനും ജോഷി മടിക്കുന്നില്ല. ഈ തന്ത്രത്തില്‍ ഗാന്ധിജി വീഴാതിരുന്നപ്പോള്‍ വീണ്ടും തനിനിറം പുറത്തെടുത്തു. ”ഞങ്ങളുടെ ആശയങ്ങളെക്കുറിച്ചുള്ള അങ്ങയുടെ അജ്ഞതയും പാര്‍ട്ടിയെക്കുറിച്ചുള്ള അന്ധമായ ധാരണകളും വളരെ വലുതാണ്. അതുകൊണ്ട് അങ്ങ് എന്താണ് എഴുതുന്നത് എന്നുപോലും അങ്ങേക്ക് മനസ്സിലാവുന്നില്ല” എന്നും ജോഷി വിമര്‍ശിക്കുന്നു. ഇപ്രകാരം ഗാന്ധിജിയെയും ഗാന്ധിസത്തെയും നിരാകരിക്കുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചത്.
അടുത്തത്: ആര്‍എസ്എസിന് ഗാന്ധിജി ആരായിരുന്നു?
അടിക്കുറിപ്പുകള്‍:-
1. Gandhi, Freedom, and Self-rule, Anthony Parel.
2. An Open Letter to the Workers of India, Leon Trotsky.
3. Mahatma Gandhi, The Last Phase, Vo.II
4. Gandhism Nationalism Socialism, M.N. Roy





















