- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- സ്വാതന്ത്ര്യപ്പുലരികളിലെ സംഘദൗത്യങ്ങള്‍ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 23)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ആര്‍എസ്എസ് 1947 ലെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചില്ലെന്ന വിമര്‍ശനം ചില കേന്ദ്രങ്ങള്‍ ഉന്നയിക്കാറുണ്ട്. എങ്ങനെയും അധികാരം നേടാനുള്ള വ്യഗ്രതയില്‍ രാഷ്ട്ര വിഭജനത്തെ അംഗീകരിച്ച കോണ്‍ഗ്രസ്സിന്റെയും, പാകിസ്ഥാ ന്‍ നേടിയെടുത്ത മുസ്ലീം ലീഗിന്റെയും, പാകിസ്ഥാനെ അനുകൂലിച്ച അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും വക്താക്കളാണ് ഈ വിമര്‍ശകര്‍. മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രവിഭജനത്തെ എന്തു വിലകൊടുത്തും ഒഴിവാക്കണമെന്ന നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചത്. സ്വാതന്ത്ര്യം നേടുന്നത് അല്‍പ്പകാലം നീണ്ടുപോയാലും വിഭജനം ഒഴിവാക്കണമെന്നു പോലും ഒരു ഘട്ടത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരു വര്‍ഷം കൂടി കാത്തിരുന്നെങ്കില്‍ വിഭജനം ഒഴിവാക്കി പൂര്‍ണ സ്വാതന്ത്ര്യം നേടാന്‍ കഴിയുമായിരുന്നു എന്നു കരുതിയവരുണ്ട്. മഹാത്മാഗാന്ധി പോലും ഒരു ഘട്ടത്തില്‍ ഇങ്ങനെ ചിന്തിച്ചിരുന്നതായാണ് ചില എഴുത്തുകാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ”കോണ്‍ഗ്രസ് വിഭജനം അംഗീകരിക്കുകയാണെങ്കില്‍ അത് എന്റെ മൃതദേഹത്തിന് മുകളിലൂടെയായിരിക്കും സാധ്യമാവുക” (1) എന്നാണല്ലോ ഗാന്ധിജി പ്രഖ്യാപിച്ചത്. പക്ഷേ സംഭവിച്ചത് നേരെ മറിച്ചാണ്. ഗുരുജിയെപ്പൊലുള്ളവരുടെ ദീര്‍ഘവീക്ഷണത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മാനസികാവസ്ഥയല്ല ജവഹര്‍ ലാല്‍ നെഹ്രുവിനും മറ്റും ഉണ്ടായിരുന്നത്. നെഹ്‌റു തന്നെ ഇത് തുറന്നു പറഞ്ഞിട്ടുണ്ട്.
‘ലാസ്റ്റ് ഡേയ്‌സ് ഓഫ് ദി ബ്രിട്ടീഷ് രാജ്’ എന്ന പുസ്തകം എഴുതിയ ലിയോനാര്‍ഡ് മോസ്ലിയുമായി 1960 ല്‍ നടത്തിയ ഒരു സംഭാഷണത്തില്‍ നെഹ്‌റു പറഞ്ഞത് ഇങ്ങനെയായിരുന്നു: ”സത്യത്തില്‍, ഞങ്ങള്‍ വല്ലാതെ ക്ഷീണിച്ചുപോയിരുന്നു. മാത്രമല്ല, ഞങ്ങള്‍ വയസ്സന്മാരുമായിരുന്നു. ഞങ്ങളില്‍ വളരെ കുറച്ചുപേര്‍ക്കെ സത്യഗ്രഹം നടത്തി വീണ്ടും ജയിലിലേക്കു പോകാനുള്ള ശേഷി ഉണ്ടായിരുന്നുള്ളൂ. ആഗ്രഹിച്ചതുപോലെ ഒരു ഐക്യ ഭാരതത്തിനായി ഉറച്ചുനിന്നിരുന്നെങ്കില്‍, ജയിലുകളാണ് ഞങ്ങളെ കാത്തിരുന്നതെന്ന കാര്യം ഉറപ്പായിരുന്നു. പഞ്ചാബില്‍ കത്തിക്കാളുന്ന തീ ഞങ്ങള്‍ കണ്ടു, ഓരോ ദിവസവും നടക്കുന്ന കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ കേട്ടു. വിഭജനത്തിനുള്ള പദ്ധതി ഒരു പോംവഴിയൊരുക്കി, ഞങ്ങള്‍ അത് സ്വീകരിച്ചു. പക്ഷേ ഗാന്ധി അരുതെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ പോരാടുകയും കാത്തിരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഞങ്ങള്‍ സ്വീകരിച്ചു. പാകിസ്ഥാന്‍ താല്‍ക്കാലികമാണെന്നും, അത് നമ്മിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിതമാവുമെന്നും പ്രതീക്ഷിച്ചു.” (2)
ഇങ്ങനെയൊരു നിരുത്തരവാദപരമായ സമീപനം സ്വീകരിക്കാന്‍ ആര്‍എസ്എസ്സിന് കഴിയുമായിരുന്നില്ല. കാരണം ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന ഉറച്ച നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചത്. ഇതിന് നേര്‍ വിരുദ്ധമായിരുന്നു വിഭജനം. അപ്രതീക്ഷിതമായ ദുരന്തം സംഭവിച്ചിട്ടും അസാധാരണവും ആപല്‍ക്കരവുമായ സാഹചര്യത്തില്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആര്‍എസ്എസ് തയ്യാറായില്ല.
”ഇന്നലെകളെ ഓര്‍ത്തുകൊണ്ടുള്ള കണ്ണീരില്ല, പകയും കലഹവും നിറഞ്ഞ നാളെയുടെ അക്രമങ്ങളെക്കുറിച്ചുള്ള ഭയവും കാണാനില്ല.” ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി എന്ന വിഖ്യാതമായ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തുമ്പോഴുള്ള ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭാവത്തെക്കുറിച്ച് സ്റ്റാന്‍ലി വൂള്‍പോര്‍ട്ട് ഇങ്ങനെ എഴുതിയിരുന്നു. ഭാരതം സ്വാതന്ത്ര്യം നേടിയിരുന്നു, പക്ഷേ രാഷ്ട്രത്തിന് അതിന്റെ ഐക്യം നഷ്ടപ്പെട്ടിരുന്നു. നെഹ്രുവിന്റെ ഇന്ത്യ ‘ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുമ്പോള്‍’ മുന്നില്‍ അനിശ്ചിതമായ ഒരു ഭാവിയാണ് കാത്തിരുന്നത്. എന്നാല്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് നെഹ്രു കണ്ണീര്‍ വാര്‍ത്തില്ല. ഭാവിയെക്കുറിച്ചുള്ള ആശങ്കയില്‍ വിറകൊണ്ടതുമില്ല.
പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കാണാതെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാഷ്ട്രവിഭജനത്തിന് അനുമതി നല്‍കിയത്. സാഹചര്യം പ്രക്ഷുബ്ധമാണെന്നും, വിഭജന പ്രക്രിയ സമാധാനപരമായിരിക്കില്ലെന്നും ഭരണാധികാരികള്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും മതിയായ മുന്നൊരുക്കങ്ങള്‍ എടുത്തില്ല. ഭയന്നതിലും ഭീകരമായിരുന്നു വിഭജനത്തിന്റെ ദുരന്ത ഫലങ്ങള്‍. അക്രമങ്ങളും കൂട്ടക്കൊലയും രക്തച്ചൊരിച്ചിലും അഭയാര്‍ത്ഥി പ്രവാഹങ്ങളും ഉപഭൂഖണ്ഡത്തെ ഭൂമിയിലെ നരകമാക്കി മാറ്റി. അധികാരം കയ്യിലുണ്ടായിരുന്നിട്ടും ഭരണാധികാരികളുടെ ഇടപെടലുകള്‍ അപര്യാപ്തമായിരുന്നു. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ അവര്‍ നിഷ്‌ക്രിയത പാലിച്ചു. ഇരകളില്‍ അധികവും ഹിന്ദുക്കളായിരുന്നു. ഈ സാഹചര്യത്തില്‍ സ്വാതന്ത്ര്യാഘോഷത്തിന്റെ ആലസ്യത്തിലമരാന്‍ ആര്‍എസ്എസ്സിന് കഴിയുമായിരുന്നില്ല.
ഗുരുജിയും ഹരി സിംഗും കൂടിക്കാഴ്ച നടത്തുന്നു
സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് രാജ്യത്തിനായി എന്താണ് ചെയ്തതെന്ന ചോദ്യം ആവര്‍ത്തിക്കുന്നത് ഇടതുപക്ഷ-ഇസ്ലാമിക ബുദ്ധിജീവികളുടെ പതിവു രീതിയാണ്. ഇക്കൂട്ടര്‍ തങ്ങളുടെ അജ്ഞത വെളിപ്പെടുത്തുകയല്ല ചെയ്യുന്നത്. സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ആര്‍എസ്എസ് രാജ്യത്തിനുവേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങള്‍ മറച്ചുപിടിച്ച് ആ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ആര്‍എസ്എസ് എല്ലായിപ്പോഴും രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് ആരംഭിച്ച് നാലുവര്‍ഷം കഴിഞ്ഞ് 1929 ല്‍ കോണ്‍ഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനത്തില്‍ പൂ ര്‍ണ സ്വരാജ് ലക്ഷ്യമായി പ്രഖ്യാപിച്ചപ്പോള്‍ ആര്‍എസ്എസ്സിന്റെ ഓരോ ശാഖയിലും അതിനെ പിന്തുണച്ച് പരിപാടികള്‍ നടത്തുകയുണ്ടായി.സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാര്‍ തന്നെയാണ് ഇതിന് നിര്‍ദ്ദേശം കൊടുത്തത്. രാജ്യം പ്രതിസന്ധികളില്‍ അകപ്പെടുമ്പോഴൊക്കെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം വിഭജനം വലിയ വേദനയുണ്ടാക്കി. 540 നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ ശക്തമായ നേതൃത്വത്തില്‍ 538 നാട്ടുരാജ്യങ്ങളെ ഭാരതവുമായി ഏകീകരിച്ചു. എന്നാല്‍ കശ്മീരും ഹൈദരാബാദും സംബന്ധിച്ച പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായിത്തന്നെ തുടര്‍ന്നു. ഹൈദരാബാദ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. നിസാമിന്റെ രാജ്യത്തെ വിജയകരമായി ഭാരതത്തിന്റെ ഭാഗമാക്കി. എന്നാല്‍ ജമ്മു കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടര്‍ന്നു.
ഈ സമയത്ത് സര്‍ദാര്‍ പട്ടേല്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുമായി ബന്ധപ്പെട്ടു. കശ്മീരിനെ ഭാരതവുമായി ഏകീകരിക്കുന്നതിന് അവിടുത്തെ മഹാരാജാവായ ഹരി സിംഗുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചു. ഗുരുജി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുകയും, കശ്മീരിനെ ഭാരതവുമായി ഏകീകരിക്കാന്‍ സഹായിക്കുകയും ചെയ്തു. ഈ ചരിത്രപരമായ നേട്ടത്തില്‍ ഗുരുജിക്ക് വലിയ പങ്കുണ്ടായിരുന്നു.
വിഭജനത്തിന്റെ മുറിവുകള്‍ സഹിച്ചുകൊണ്ടാണ് ഭാരതം സ്വാതന്ത്ര്യം നേടിയത്. പുതുതായി രൂപം കൊണ്ട പാകിസ്ഥാന്‍ കശ്മീര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയും, അവിടെ ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തുകയും, സ്വന്തം സൈന്യത്തെ പ്രദേശത്തേക്ക് കയറ്റാനുള്ള ഒരുക്കങ്ങളും നടത്തി. കശ്മീരിന്റെ മഹാരാജാവായ ഹരി സിംഗ് ആദ്യം നിഷ്പക്ഷ നിലപാട് സ്വീകരിച്ച് ഭാരതത്തിലോ പാകിസ്ഥാനിലോ ചേരാന്‍ വിസമ്മതിച്ചു. പാകിസ്ഥാന്‍ ഈ നിലപാട് മുതലെടുക്കാന്‍ ശ്രമിക്കുകയും, കശ്മീരിലേക്ക് കടന്നുകയറാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. ഭാരത സര്‍ക്കാരിന് ഈ സംഭവവികാസങ്ങള്‍ അറിയാമായിരുന്നു. മഹാരാജാ ഹരി സിംഗിന്റെ നിഷ്പക്ഷ നിലപാട് ആശങ്കക്കിടയാക്കി. 1947 ഒക്ടോബറിന്റെ ആദ്യവാരത്തില്‍ പാകിസ്ഥാന്റെ സൈന്യം കടന്നുകയറ്റം തുടങ്ങി.
ഈ ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ടാണ് ഭാരത സര്‍ക്കാര്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ വഴി ഗുരുജിയുമായി ബന്ധപ്പെട്ടത്. പാകിസ്ഥാന്റെ ഭീഷണിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗുരുജി മഹാരാജാ ഹരിസിംഗിനെ കാണാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് 1947 ഒക്ടോബറില്‍ ഗുരുജി സര്‍ക്കാര്‍ വിമാനത്തില്‍ ശ്രീനഗറിലെത്തി. ആര്‍എസ്എസ് പ്രചാരകന്‍ വസന്ത് റാവു ഓക്കും അഭിഭാഷകന്‍ നരേന്ദ്ര സിംഗും ഒപ്പമുണ്ടായിരുന്നു. അവര്‍ രാജാവിന്റെ വസതിയായ കര്‍ണമഹലില്‍ എത്തി. അവിടെ മഹാരാജാ ഹരി സിംഗും മഹാറാണി താരയും പ്രവേശന കവാടത്തില്‍ തന്നെ ഗുരുജിയെ സ്വീകരിച്ചു. അതേ ദിവസം കശ്മീര്‍ നേരിടാന്‍ സാധ്യതയുള്ള ഭീഷണികളും, കശ്മീര്‍ ഭാരതവുമായി ചേരുന്നതിനെക്കുറിച്ചും മഹാരാജാ ഹരിസിംഗും ഗുരുജിയും തമ്മില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു. ഗുരുജിയുടെ നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന് ഹരിസിംഗ് ഉറപ്പു നല്‍കി. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം പാകിസ്ഥാന്റെ സൈന്യം കശ്മീരിലേക്ക് കടന്നുകയറി ക്രൂരതകള്‍ അഴിച്ചുവിടുകയും, തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുകയും ചെയ്തു.
മഹാരാജാ ഹരി സിംഗും ഗുരുജിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ ജമ്മു കശ്മീരിനെ ഏകീകരിക്കുന്നതില്‍ നിര്‍ണായകമായി. ഇതോടെ കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി ത്തീര്‍ന്നു. ജമ്മു കശ്മീരിന്റെ പ്രധാനമന്ത്രി മെഹര്‍ചന്ദ് മഹാജന്റെസാന്നിധ്യത്തില്‍ മഹാരാജാ ഹരി സിംഗ് ലയന കരാറില്‍ ഒപ്പുവച്ചു. ഇതോടെ ജമ്മു കശ്മീര്‍ ഭാരതവുമായി ഔദ്യോഗികമായി ഏകീകരിക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടു.
ഔദ്യോഗിക ഏകീകരണത്തിനു ശേഷം ഭാരത സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ സൈന്യത്തെ വിന്യസിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഭൂമിശാസ്ത്രപരമായ തടസ്സങ്ങള്‍ വെല്ലുവിളികളായി. അത്തരമൊരു സാഹചര്യത്തിലും എയര്‍സ്ട്രിപ്പുകള്‍ തയ്യാറാക്കുന്നതിലും ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്നതിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭാരത സൈന്യത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പാകിസ്ഥാന്‍ അടിച്ചേല്‍പ്പിച്ച ഈ യുദ്ധത്തില്‍ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീരമൃത്യു വരിച്ചു. ഒടുവില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. യുദ്ധസാഹചര്യത്തില്‍ പാകിസ്ഥാന്റെ കടന്നുകയറ്റക്കാരെ ചെറുക്കുന്നതിനായി ഭാരത സൈന്യത്തോടൊപ്പം നിന്നുകൊണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.
മാവോസേതൂങ്ങിന് രണദിവെയുടെ കത്ത്
ഭാരതം സ്വാതന്ത്ര്യം നേടിയപ്പോള്‍ ഇങ്ങനെയായിരുന്നില്ല അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പെരുമാറ്റം. പല വെല്ലുവിളികളും നേരിടുമ്പോള്‍ പുതുതായി അധികാരമേറ്റ സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചത്. വിഭജനം സൃഷ്ടിച്ച അഭയാര്‍ത്ഥി പ്രവാഹവും നാട്ടുരാജ്യങ്ങളുടെ ഏകീകരണവും അവര്‍ക്കൊരു പ്രശ്‌നമായിരുന്നില്ല. ഭാരതം സ്വാതന്ത്ര്യം നേടുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പി.സി.ജോഷി ആയിരുന്നു. 1947 അവസാനത്തോടെ ജോഷിയുടെ പിന്‍ഗാമിയായി ബി.ടി. രണദിവെ ജനറല്‍ സെക്രട്ടറിയായി. ചൈനയില്‍ കമ്മ്യൂണിസ്റ്റുകള്‍ വിപ്ലവത്തിലൂടെ നേടാനിരിക്കുന്ന വിജയത്തെയാണ് രണദിവെ മാതൃകയായി കണ്ടത്. ഈ വിപ്ലവാത്മകമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടതെന്ന് തീരുമാനിച്ചു. ഭാരത സര്‍ക്കാരിന് സാമ്രാജ്യത്വ വിധേയത്വമാണെന്നും, സായുധ സമരത്തിലൂടെ അതിനെ അട്ടിമറിക്കണമെന്നുമായി പാര്‍ട്ടി നിലപാട്.
സായുധവിപ്ലവം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് പണിമുടക്കുകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കി. ”മുഴുവന്‍ ബംഗാളിനും തീകൊളുത്തുക, കോണ്‍ഗ്രസ് സര്‍ക്കാരിനെ നശിപ്പിക്കുക, അഭൂതപൂര്‍വമായ ബഹുജനസമരങ്ങള്‍ സംഘടിപ്പിക്കുക, കോണ്‍ഗ്രസ് കോട്ടകളെ ആക്രമിക്കാന്‍ മുന്നേറുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും മറ്റും പോസ്റ്ററുകളും പുറത്തിറങ്ങി.
സര്‍ക്കാര്‍ ഇതിനെതിരെ സ്വാഭാവികമായും ശക്തമായി പ്രതികരിച്ചു. ഏകദേശം 50000 പാര്‍ട്ടി അംഗങ്ങളെയും അനുഭാവികളെയും അറസ്റ്റ് ചെയ്തു. ഈ അറസ്റ്റുകള്‍ പ്രധാന വ്യവസായ നഗരങ്ങളായ ബോംബെയിലും കൊല്‍ക്കത്തയിലും വലിയ പണിമുടക്കുകള്‍ സംഘടിപ്പിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതി പൊളിച്ചു.
ഹൈദരാബാദില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കുറച്ചുകാലം കൂടി എടുത്തു. ഭാരതത്തോട് ചേരാന്‍ നൈസാം തയ്യാറാകാത്ത സാഹചര്യത്തില്‍ റസാഖര്‍മാര്‍ എന്നറിയപ്പെട്ട സായുധ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ നൈസാമിനെ പിന്തുണച്ചിരുന്നു. ഇവര്‍ കമ്മ്യൂണിസ്റ്റുകളുമായി സഹകരിച്ചു. എന്നാല്‍ 1948 സെപ്റ്റംബറില്‍ ഭാരത സൈന്യം ഹൈദരാബാദിലേക്ക് പ്രവേശിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്മ്യൂണിസ്റ്റുകള്‍ സജീവമായിരുന്ന പ്രദേശങ്ങള്‍ ക്രമേണ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഈ കമ്മ്യൂണിസ്റ്റ് കലാപത്തെക്കുറിച്ച് പറയേണ്ടിവരുമ്പോള്‍ ഇടതു ബുദ്ധിജീവികള്‍ ‘വ്യാപകമായ ഭരണകൂട അടിച്ചമര്‍ത്തല്‍’ എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു സായുധ കലാപത്തെ നേരിടേണ്ടിവരുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുകയല്ലാതെ ഭരണകൂടത്തിന് മറ്റെന്താണ് ചെയ്യാനാവുക? രണദിവെയും കൂട്ടാളികളും ദല്‍ഹിയില്‍ അധികാരം പിടിക്കാനായി മുന്നേറുന്നത് വെറുതെ നോക്കിനില്‍ക്കാനാവുമായിരുന്നോ? യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് സായുധ സമരത്തിനെതിരെ ജനങ്ങളുടെ വ്യാപകമായ പിന്തുണയുമുണ്ടായിരുന്നു. 1952 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഈ പിന്തുണ തെളിയിക്കപ്പെട്ടു. ‘അക്രമമാര്‍ഗം കയ്യൊഴിഞ്ഞ്’ തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരിടത്തും ജയിക്കാനായില്ല. കമ്മ്യൂണിസ്റ്റുകളുടെ എതിര്‍പ്പ് ആശയപരമായിരുന്നില്ല, അവര്‍ സോവിയറ്റ് യൂണിയന്റെ നിര്‍ദ്ദേശം അനുസരിക്കുകയായിരുന്നു.
അങ്ങേയറ്റം രാജ്യദ്രോഹപരമായ ഒരു മനോഭാവത്തിന്റെ പ്രതിഫലനമായിരുന്നു ഈ നിലപാട്. ഭാരതം ഭരിക്കുന്ന പാര്‍ട്ടിയോടും സര്‍ക്കാരിനോടുമുള്ള ആശയപരമായ വിയോജിപ്പായിരുന്നില്ല ഇത്. 1949 ഒക്ടോബറില്‍ ചൈനയുടെ നേതാവായിരുന്ന മാവോ സേതുങ്ങിന് ബി.ടി. രണദിവെ അയച്ച ഒരു കത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാജ്യദ്രോഹത്തിന്റെ വിളംബരമായിരുന്നു:
”ചൈനീസ് ജനതയ്ക്ക് എതിരായ നയം പിന്തുടരുകയും, ചൈനയിലെ പാപ്പരായ കുമിങ്താങ് സര്‍ക്കാരിനെ ഇപ്പോഴും പിന്തുണയ്ക്കുന്നതുമായ നെഹ്‌റു സര്‍ക്കാര്‍ ഭാരതത്തിലെ ജനങ്ങളുടെ ആഗ്രഹങ്ങളെയോ തീരുമാനങ്ങളെയോ അല്ല പ്രതിനിധീകരിക്കുന്നത്. ഇക്കാര്യം താങ്കള്‍ക്കും അങ്ങയിലൂടെ ചൈനയിലെ ജനങ്ങള്‍ക്കും ഉറപ്പു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ജനതയിലെ ബഹുഭൂരിപക്ഷവും ചൈനയിലെ ജനങ്ങളുമായുള്ള സൗഹൃദത്തിനും സഹകരണത്തിനും വേണ്ടിയാണ് നിശ്ചയദാര്‍ഢ്യത്തോടെ നിലകൊള്ളുന്നത്. നേരെമറിച്ച് നെഹ്‌റു സര്‍ക്കാര്‍, ചൈനയെ നേരിടാനുള്ള കോട്ടയായി ഇന്ത്യയെ മാറ്റാന്‍ ആഗ്രഹിക്കുന്ന ആംഗ്ലോ-അമേരിക്കന്‍ സാമ്രാജ്യത്വ വാദികളുടെ നിര്‍ദ്ദേശങ്ങളാണ് പിന്തുടരുന്നത്. നെഹ്‌റു സര്‍ക്കാര്‍ നല്‍കുന്ന മറ ഉപയോഗിച്ച് നേപ്പാളിലും ടിബറ്റിലും ആംഗ്ലോ-അമേരിക്കന്‍ സാമ്രാജ്യത്വ വാദികള്‍ തങ്ങളുടെ പൈശാചിക തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ്. ഇപ്രകാരം നെഹ്‌റു സര്‍ക്കാര്‍ പ്രത്യക്ഷമായിത്തന്നെ ചൈനീസ് ജനതയുടെ ശത്രുക്കളെ പിന്തുണയ്ക്കുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വ വാദികളുടെ താല്‍പ്പര്യപ്രകാരം നെഹ്‌റു സര്‍ക്കാര്‍ നടത്തുന്ന ഉപജാപങ്ങളെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തുറന്നുകാട്ടുമെന്നും, ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുമെന്നും താങ്കള്‍ക്കും താങ്കളിലൂടെ ചൈനയിലെ ജനങ്ങള്‍ക്കും ഞാന്‍ ഉറപ്പു നല്‍കുന്നു.” (3)
1964 ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം രൂപപ്പെട്ടശേഷമായിരുന്നില്ല ഈ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ചൈനയോട് പ്രേമം തുടങ്ങിയതെന്ന് വ്യക്തമാക്കുന്ന രേഖയാണിത്. 1949 ല്‍ ചൈന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുന്നതിനു മുന്‍പു തന്നെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ചൈനക്കൊപ്പമായിരുന്നു. ഈ വിദേശക്കൂറിന്റെ പാരമ്യതയായിരുന്നു 1962 ലെ ഭാരത-ചൈന യുദ്ധത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയ്‌ക്കൊപ്പം നിന്നത്.
അടുത്തത്: ഗാന്ധി ഘാതകര്‍ക്ക് കമ്മ്യൂണിസ്റ്റ് കവചം
അടിക്കുറിപ്പുകള്‍:-
1. The Tragic Story of Partition, H.V. Sheshadri.
2. Jinnah: India-Partition Independence, Jaswant Singh.
3. Denying National Roots -Early Communism and India, Dr. Rahul Shastri.





















