- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- യെ ആസാദി ജൂഠാ ഹെ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 22)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
സ്വാതന്ത്ര്യസമരത്തിലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വഞ്ചന ഏതെങ്കിലും ഒരു സംഭവത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, അതൊരു പരമ്പരയാണ്. 1942 ലെ ക്വിറ്റിന്ത്യാ സമരത്തെ ബ്രിട്ടീഷ് ഭരണകൂടവുമായി ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിച്ചതുപോലുള്ള വഞ്ചനതന്നെയായിരുന്നു 1947 ല്‍ ഭാരതം സ്വാതന്ത്ര്യം നേടിയതിനെ അംഗീകരിക്കാതിരുന്നതും. ‘യെ ആസാദി ജൂഠാ ഹെ, ബൂലോ മത് ബൂലോ മത്’ എന്നതായിരുന്നു സ്വാതന്ത്ര്യലബ്ധിയുടെ കാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുദ്രാവാക്യം. ‘ഈ സ്വാതന്ത്ര്യം വ്യാജമാണ്. അത് മറക്കരുത്, മറക്കരുത്’ എന്നര്‍ത്ഥം.
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സ്വാതന്ത്ര്യം ഒരു തെറ്റായ പ്രഭാതം (false dawn)ആണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചു. ഇതിനു പുറമെ അധികാരത്തിലേറിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുള്ളിലെ മുഴുവന്‍ സോഷ്യലിസ്റ്റുകളും ദേശീയ സര്‍ക്കാരുമായുള്ള ബന്ധം വിച്ഛേദിച്ചു. സാമ്രാജ്യത്വ വാഴ്ചക്കാലത്ത് ഉണ്ടായിരുന്ന ദേശാഭിമാനപരമായ സഖ്യത്തില്‍ നിന്ന് ഇടതുപക്ഷം ഇത്ര വേഗത്തില്‍ പിന്മാറിയത് അന്നത്തെ പലരെയും അതിശയിപ്പിക്കുകയും, പില്‍ക്കാലത്ത് ചരിത്രകാരന്മാരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു.
യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിക്കാന്‍ തൊഴിലാളി വര്‍ഗ്ഗം നയിക്കുന്ന വിപ്ലവം ആവശ്യമാണ് എന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വസിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് അധികാരം കൈമാറുന്നതിലൂടെ അത് സാധ്യമാകില്ലെന്ന് അവര്‍ കരുതി. ഈ സ്വാതന്ത്ര്യം തൊഴിലാളി വര്‍ഗ്ഗത്തിനല്ല, മൂലധനശക്തികള്‍ക്കു മാത്രമാണ് സഹായകമാകുന്നതെന്നും പാര്‍ട്ടി വിലയിരുത്തി.
സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കുക മാത്രമല്ല രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. ആശയപരമായ നിലപാടിന്റെ ഭാഗമായി ഇതിനെ കാണാനാവില്ല. കേരളത്തില്‍ ആഗസ്റ്റ് 15 ‘ആപത്ത് പതിനഞ്ച്’ ആയാണ് ആചരിച്ചത്. ഇതില്‍ നിന്നുതന്നെ സ്വാതന്ത്ര്യ ലബ്ധിയോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിരോധം വ്യക്തമാണ്.
1962 ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഐയും സിപിഎമ്മും രൂപംകൊണ്ടു. ഭാരതത്തിന്റെ സ്വാതന്ത്ര്യം വ്യാജമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏഴ് പതിറ്റാണ്ടിലേറെ കഴിഞ്ഞതിനു ശേഷം, 2021 ലാണ് സിപിഎം ആഗഗസ്റ്റ് 15 രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്താനും തീരുമാനിച്ചു. ഇതനുസരിച്ച് ദല്‍ഹിയിലെ എകെജി ഭവനിലും തിരുവനന്തപുരത്തെ എകെജി സെന്ററിലും ദേശീയ പതാക ഉയര്‍ത്തി. പശ്ചിമ ബംഗാളില്‍ മൂന്നര പതിറ്റാണ്ടു കാലത്തെ ഭരണത്തിനുശേഷം അധികാരം നഷ്ടമാവുകയും, പാര്‍ട്ടി തകര്‍ന്നടിയുകയും ചെയ്തപ്പോഴാണ് ഭാരതം നേടിയ സ്വാതന്ത്ര്യത്തെക്കുറിച്ച് സിപിഎമ്മിന് ബോധോദയം ഉണ്ടായത്. 2021 ല്‍ ബംഗാള്‍ ഘടകം തന്നെയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചതും, കേന്ദ്രകമ്മിറ്റി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തീരുമാനമെടുത്തതും.

അപ്പോഴും പാര്‍ട്ടി ആദ്യമായാണ് ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നതെന്ന് സമ്മതിക്കാന്‍ സിപിഎം തയ്യാറായില്ല. ഇതിനു മുന്‍പും സ്വാതന്ത്ര്യ ദിനം ആചരിച്ചിരുന്നുവെങ്കിലും വ്യത്യസ്ത രീതിയിലായിരുന്നുവെന്നാണ് നേതാക്കള്‍ അവകാശപ്പെട്ടത്. എന്തൊക്കെയാണ് ഈ രീതികളെന്ന് വിശദീകരിക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. തങ്ങളുടെ കാപട്യം പുറത്തുവരുമെന്നതുകൊണ്ടാണ് അവര്‍ ഇതിന് തയ്യാറാവാതിരുന്നത്.
ഭാരതം സ്വാതന്ത്ര്യം നേടിയതിനെ അംഗീകരിക്കില്ലെന്ന പാര്‍ട്ടിയുടെ നിലപാടിനെ എതിര്‍ക്കുന്ന എ.കെ ഗോപാലനെപ്പോലെ ചില നേതാക്കളുണ്ടായിരുന്നു. ”എനിക്ക് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. ജയിലിന്റെ നാല് മൂലയില്‍ നിന്നും ജയ് വിളികള്‍ ഉയര്‍ന്നു. ഭാരത് മാതാ കി ജയ് മഹാത്മാഗാന്ധി കി ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ജയിലില്‍ അലയടിച്ചുയര്‍ന്നു. രാജ്യം മുഴുവന്‍ സൂര്യോദയത്തിനു ശേഷമുള്ള ആഹ്ലാദപ്രകടനം കാത്തിരിക്കുകയായിരുന്നു.”(1) ഈ നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായിരുന്നില്ല.
എകെജി ആത്മകഥയില്‍ തുടര്‍ന്നെഴുതുന്നത് ഇങ്ങനെയാണ്: ”ഞാന്‍ ജയിലില്‍ വെച്ച് ആഗസ്റ്റ് 15 ആഘോഷിക്കാന്‍ തീരുമാനിച്ചു. അതിനായി സൂക്ഷിച്ചുവച്ചിരുന്ന ഒരു ദേശീയ പതാകയുമായി ഞാന്‍ രാവിലെ ജയിലിലെ വഴികളില്‍ കൂടി നടന്നു. ചില തടവുകാര്‍ എന്റെ കൂടെ വന്നു. മൂന്നാം ബ്ലോക്കിലെ തടവുകാരെല്ലാം പുറത്തുവന്നു. അവിടെ പതാക ഉയര്‍ത്തി. ഞാന്‍ നാലോ അഞ്ചോ മിനിറ്റ് നേരം സംസാരിച്ചു… ഏത് ലക്ഷ്യത്തിനു വേണ്ടിയാണോ ഞാന്‍ എന്റെ യൗവനം മുഴുവന്‍ ചെലവഴിച്ചത്, ആ ലക്ഷ്യം മുഴുവന്‍ നിറവേറിയതില്‍ ഞാന്‍ ആഹ്ലാദിച്ചു.” (2)
ഭാരതം സ്വാതന്ത്ര്യം നേടുന്നതിനെ ബ്രിട്ടീഷ് സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എതിര്‍ത്തതിനാണ് എകെജിയെപ്പോലുള്ളവര്‍ ജയിലിലടയ്ക്കപ്പെട്ടതെന്ന വസ്തുത ഇവിടെ വിസ്മരിക്കാന്‍ പാടില്ല.

പോളണ്ടില്‍ നടന്നത് അറിയണം
സ്വാതന്ത്ര്യത്തിനു ശേഷവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള ‘വിരോധം’ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കയ്യൊഴിഞ്ഞില്ല! സ്വാതന്ത്ര്യം നേടിയതിനു ശേഷവും ഭാരതം ഒരു അര്‍ദ്ധ കൊളോണിയല്‍ രാജ്യമായി തുടര്‍ന്നുവെന്നും, ജനങ്ങളെ ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പാര്‍ട്ടി ആഗ്രഹിച്ചു വെന്നും, ഇതിന് സായുധ വിപ്ലവം അനിവാര്യമായിരുന്നു എന്നൊക്കെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നടന്ന ആശയസമരത്തിന്റെ അനന്തര ഫലമായിരുന്നു കല്‍ക്കട്ടയില്‍ ചേര്‍ന്ന രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുകയും, സായുധ സമരത്തിന് ആഹ്വാനം ചെയ്യുന്നതുമായ ‘കല്‍ക്കട്ട തീസിസ്’ എന്നാണ് പൊതുധാരണ. ബി.ടി.രണദിവെയാണ് കല്‍ക്കട്ട തീസിസിന്റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്നത്. രണദിവെയുടെ തലയിലുദിച്ച ആശയമൊന്നുമായിരുന്നില്ല കല്‍ക്കട്ട തീസിസ്. എന്നത്തെയും പോലെ സോവിയറ്റ് യൂണിയന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടായിരുന്നു ഇതിനു പിന്നിലും. ഈ പശ്ചാത്തലം പാര്‍ട്ടി ബോധപൂര്‍വം മറച്ചുപിടിച്ചു.
നീണ്ട കാലത്തെ സാമ്രാജ്യത്വ വാഴ്ചയില്‍ നിന്ന് ഭാരതം സ്വാതന്ത്ര്യം നേടി ഒരു മാസം കഴിഞ്ഞപ്പോള്‍ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗമായ ആന്ദ്രെ ഷഡാനോവിന്റെ നേതൃത്വത്തില്‍ പോളണ്ടില്‍ ഒരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. 1947 സെപ്റ്റംബറില്‍ നടന്ന ഈ സമ്മേളനം യുദ്ധകാലത്ത് സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന് അന്ത്യം കുറിക്കുന്നതായിരുന്നു. യുദ്ധത്തില്‍ ഒപ്പമുണ്ടായിരുന്ന അമേരിക്കയെ ഷഡാനോവ് രൂക്ഷമായി വിമര്‍ശിച്ചു. മാറിയ കാലത്ത് അമേരിക്ക യുദ്ധക്കൊതിയും സാമ്രാജ്യത്വവാദിയുമായ രാജ്യമാണെന്ന് ഷഡാനോവ് കണ്ടെത്തി! ലോകത്ത് യഥാര്‍ത്ഥ ജനാധിപത്യവും സമാധാനവും സ്ഥാപിക്കാന്‍ സോഷ്യലിസത്തിനേ കഴിയൂ എന്നും ഈ സോവിയറ്റ് യൂണിയന്‍ നേതാവ് പ്രഖ്യാപിച്ചു.
”ലോകത്തെ എല്ലാ രാഷ്ട്രങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും അടിയുറച്ച രക്ഷകരും, ദേശീയവും വംശീയവുമായ അടിച്ചമര്‍ത്തലുകളുടെയും സാമ്രാജ്യത്വ ചൂഷണത്തിന്റെയും ശത്രുക്കള്‍ സോവിയറ്റ് യൂണിയന്‍, യൂഗോസ്ലാവ്യ, പോളണ്ട്, ചെക്കോസ്ലോവാക്യ, അല്‍ബേനിയ, ബള്‍ഗേറിയ, റുമേനിയ, ഹംഗറി തുടങ്ങിയവയാണ്” എന്നും പ്രഖ്യാപിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ താല്‍പ്പര്യമായിരുന്നു ഈ പ്രഖ്യാപനത്തിന് പിന്നില്‍ ഉണ്ടായിരുന്നത്.
റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ പ്രധാനമായി പങ്കെടുത്ത ഈ സമ്മേളനം ഭാരതത്തെ സംബന്ധിച്ചും നിര്‍ണ്ണായകമായിരുന്നു. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ബാധകമായ കമ്മ്യൂണിസ്റ്റ് നയം രൂപപ്പെടുത്തുക എന്നതായിരുന്നു ഈ സമ്മേളനത്തിന്റെ ലക്ഷ്യം. ഇതിനായി സമ്മേളനം ഒരു പ്രമേയം അംഗീകരിച്ചു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടുള്ള ആഹ്വാനമായിരുന്നു അത്.
”ദക്ഷിണ, ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഹിംസാത്മക കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളും ആരംഭിക്കുകയും നയിക്കുകയും ചെയ്യണം” എന്നതായിരുന്നു ആഹ്വാനം. ഇതനുസരിച്ച് ബര്‍മയില്‍ (ഇപ്പോഴത്തെ മ്യാന്‍മാര്‍) ഏപ്രിലില്‍ അക്രമാസക്തമായ കലാപം പൊട്ടിപ്പുറപ്പെട്ടു. ജൂണില്‍ മലായില്‍ (ഇപ്പോഴത്തെ മലേഷ്യ) കലാപമുണ്ടായി. സെപ്റ്റംബറില്‍ ഇന്തോനേഷ്യയിലും കലാപം പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ ഭാരതത്തില്‍ വ്യത്യസ്തമായ ഒരു സാഹചര്യമാണ് നിലനിന്നത്.
സ്വാതന്ത്ര്യസമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചതിനാലും, ദേശീയ വികാരത്തിനെതിരെ പ്രവര്‍ത്തിച്ചതിനാലും രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. മുസ്ലീം ലീഗിന്റെ പാകിസ്ഥാന്‍ വാദത്തിന് തുറന്ന പിന്തുണ നല്‍കിയതു മൂലം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അവശേഷിച്ച പിന്തുണയും നഷ്ടപ്പെട്ടു. ‘സാമ്രാജ്യത്വ യുദ്ധം’ എന്ന മുദ്രാവാക്യം കമ്മ്യൂണിസ്റ്റു പാര്‍ട്ടി ‘ജനകീയ യുദ്ധം’ എന്നാക്കി മാറ്റിയിരുന്നല്ലോ. ഈ തന്ത്രത്തില്‍ കബളിപ്പിക്കപ്പെട്ടത് ജവഹര്‍ലാല്‍ നെഹ്‌റു മാത്രമാണ്. മറ്റൊരു ദേശീയ നേതാവും ഇക്കാര്യത്തില്‍ വിഡ്ഢികളായില്ല.
കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ശരിയായ ചരിത്രം എഴുതിയ മിനു മസാനി ഈ അവസരവാദവും കാപട്യവും രേഖപ്പെടുത്തിയിട്ടുണ്ട്: ”കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിധി ക്രെംലിനുമായി ബന്ധിപ്പെട്ടിരിക്കുന്നതായി ജനങ്ങള്‍ തിരിച്ചറിഞ്ഞു. 1945 ലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞില്ല.”(3)
രാജ്യദ്രോഹപരമായ കല്‍ക്കട്ട തീസിസ്
ഭാരതത്തില്‍ ആഭ്യന്തര ഭീകരപ്രവര്‍ത്തനത്തിന് ഷഡാനോവ് നല്‍കിയ ആഹ്വാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറെ സന്തോഷകരമായി. പോളണ്ടിലെ സമ്മേളനം അവസാനിച്ചതിനു പിന്നാലെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തന വേഗത ശ്രദ്ധേയമായിരുന്നു. 1948 ഫെബ്രുവരിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ നടന്നു. 800 ഇന്ത്യന്‍ പ്രതിനിധികളും 15 വിദേശ പ്രതിനിധികളും പങ്കെടുത്ത സമ്മേളനമായിരുന്നു അത്. ആസ്‌ട്രേലിയ, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു വിദേശ പ്രതിനിധികള്‍. ഈ സമ്മേളനത്തിലാണ് കല്‍ക്കട്ട തിസീസ് എന്നറിയപ്പെടുന്ന പ്രമേയം അവതരിപ്പിച്ചത്. ഇത് ഷഡാനൊവ് നിര്‍ദ്ദേശിച്ചതിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള ആവര്‍ത്തനമായിരുന്നു. ഇതിനെക്കുറിച്ച് മിനു മസാനി പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: ”സ്വാതന്ത്ര്യം നേടിയെന്നു ബൂര്‍ഷ്വാ നേതാക്കള്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമരം വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. ദേശീയ നേതൃത്വം പട്ടിണിപ്പാവങ്ങളായ ജനങ്ങളെ വഞ്ചിച്ച് ഒരു കരാര്‍ ഒപ്പിട്ടു. ജനാധിപത്യ വിപ്ലവത്തിന്റെ എല്ലാ മുദ്രാവാക്യങ്ങളെയും അവര്‍ വഞ്ചിച്ചു.” (4)
ഈ പ്രമേയം ഇന്ത്യയിലെ സോഷ്യലിസ്റ്റുകളെയും വിമര്‍ശിച്ചു. അവര്‍ ”ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങളിലൂടെ സോഷ്യലിസം നേടാമെന്ന ഭ്രമം” പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു. കമ്മ്യൂണിസ്റ്റുകള്‍ എല്ലാ സായുധ വിഭാഗങ്ങളെയും കൂട്ടിച്ചേര്‍ത്ത് ‘യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി അന്തിമ സമരം ആരംഭിക്കാന്‍’ ഒരു ‘ജനാധിപത്യ മുന്നണി’ രൂപീകരിക്കണമെന്നായിരുന്നു ആഹ്വാനം.
ഇതിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പരിഷ്‌കരണവാദികളെ നീക്കം ചെയ്തു. പാര്‍ട്ടിയുടെ നയങ്ങളില്‍ അതുവരെ കാണാത്ത വിധം കേന്ദ്രീകൃതമായ നിയന്ത്രണം കൊണ്ടുവന്നു. കല്‍ക്കട്ട തിസീസിന്റെ വക്താവായിരുന്ന ബി.ടി. രണദിവെ ഭാരതത്തില്‍ റഷ്യയിലെ ഒക്ടോബര്‍ വിപ്ലവം പോലൊരു വിപ്ലവം സൃഷ്ടിക്കാമെന്ന് വിശ്വസിച്ചു. ഇതിനായി ഗറില്ലാ സംഘങ്ങളും രൂപീകരിച്ചു. ലെനിന്റെയും സ്റ്റാലിന്റെയും വരട്ടുവാദ സിദ്ധാന്തം മാര്‍ഗ്ഗദര്‍ശനമാക്കി ഇന്ത്യയിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട ഒരു സായുധകലാപ പദ്ധതി ആരംഭിച്ചു. ഭാഗ്യവശാല്‍ 1948 ലെ ഭാരത സര്‍ക്കാര്‍ ഇതിനെതിരെ ഉടന്‍ നടപടിയെടുത്തു.

മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്തു. അതില്‍ എസ്.എ. ഡാങ്കെയും ഉള്‍പ്പെടുന്നു. ഈ നടപടിയെ ന്യായീകരിച്ചുകൊണ്ട് പശ്ചിമ ബംഗാളിലെ ആഭ്യന്തരമന്ത്രി കിരണ്‍ ശങ്കര്‍ റോയ് ഇങ്ങനെ പറഞ്ഞു: ”അടുത്ത ആറുമാസം പരസ്യമായും രഹസ്യമായും പ്രവര്‍ത്തിച്ച് സായുധ കലാപത്തിന് തയ്യാറാകുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദീര്‍ഘകാല പദ്ധതി. ഇന്ത്യ മുഴുവന്‍ സായുധ കലാപം നടത്തുകയാണ് പാര്‍ട്ടിയുടെ അന്തിമ ലക്ഷ്യം.” (5)
മദ്രാസ് സര്‍ക്കാരും ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചു: ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി സമാന്തര ഭരണകൂടം സ്ഥാപിച്ചു. ഉല്‍പ്പാദന സംവിധാനത്തെ അട്ടിമറിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ ആക്രമിച്ചു എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. അടുത്ത ഒന്നരവര്‍ഷത്തിനിടയുണ്ടായ സംഭവങ്ങള്‍ ഈ വിമര്‍ശനം ശരിവയ്ക്കുന്നതായിരുന്നു. ഇതിനെക്കുറിച്ചും മിനു മസാനി പറയുന്നുണ്ട്: ”അട്ടിമറി, തീവയ്പ്പ്, കൊള്ള, കൊലപാതകങ്ങള്‍ എന്നിവ അടുത്ത ഒന്നര വര്‍ഷം നിത്യസംഭവങ്ങളായി മാറി. നിരവധി നേതാക്കള്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ പോയി സമരത്തെ നിയന്ത്രിച്ചു. പശ്ചിമ ബംഗാള്‍, മദ്രാസിലെ മലബാര്‍, ബോംബെയിലെ അഹമ്മദ് നഗര്‍, ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ ഭാഗങ്ങള്‍, പഞ്ചാബിലെ അമൃത്സര്‍, ഇന്തോ-ബര്‍മ അതിര്‍ത്തിയിലെ മണിപ്പൂര്‍, ആന്ധ്രയിലെ ഹൈദരാബാദ് എന്നിവിടങ്ങളിലാണ് അക്രമം വ്യാപിച്ചത്. പശ്ചിമ ബംഗാള്‍, മദ്രാസ്, ഹൈദരാബാദ്, തിരു-കൊച്ചി സംസ്ഥാന സര്‍ക്കാരുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു. അന്നത്തെ ഇന്‍ഡോര്‍-ഭോപ്പാല്‍ സംസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു. 1949 ആഗസ്റ്റ് ആയപ്പോഴേക്കും അക്രമ പ്രവര്‍ത്തനങ്ങള്‍നടത്തിയതിന് 2500 കമ്മ്യൂണിസ്റ്റുകളെ ജയിലിലടച്ചു.” (6)
സ്വാതന്ത്ര്യത്തിനെതിരെ സായുധ കലാപങ്ങള്‍
ജയിലുകളിലും കമ്മ്യൂണിസ്റ്റ് തടവുകാര്‍ ഉദ്യോഗസ്ഥരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു. ഗുജറാത്തിലെ സബര്‍മതി ജയിലില്‍ പോലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു. കൂടല്ലൂരില്‍ ഒരാള്‍ മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കല്‍ക്കട്ടയിലെ ഡം ഡം ജയിലില്‍ മൂന്നുപേര്‍ മരിച്ചു. ഏറ്റവും വലിയ അതിക്രമങ്ങള്‍ നടന്നത് തെലങ്കാനയിലാണ്.
കമ്മ്യൂണിസ്റ്റുകളുടെ അതിക്രമങ്ങളെ കുറിച്ച് അന്നത്തെ ഹൈദരാബാദ് സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് 1946 ആഗസ്റ്റ് 15 മുതല്‍ 1948 സെപ്റ്റംബര്‍ 13 വരെ ഏകദേശം 2,000 പേരെ ഇവര്‍ കൊലപ്പെടുത്തിയെന്നാണ്. 22 പോലീസ് ഔട്ട്പോസ്റ്റുകള്‍ ആക്രമിച്ചു. വില്ലേജ് രേഖകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. 230 തോക്കുകള്‍ പിടിച്ചെടുത്തു. 10ലക്ഷം രൂപയുടെ സ്വത്ത് കൊള്ളയടിച്ചു. ഗറില്ലാ രീതിയിലുള്ള ആക്രമണങ്ങളിലൂടെ വാര്‍ത്താവിനിമയ ബന്ധങ്ങളും ഗതാഗത സംവിധാനങ്ങളും നശിപ്പിച്ചു. 500 കമ്മ്യൂണിസ്റ്റുകള്‍ നല്‍ഗോണ്ടയിലെ ഒരു ഗ്രാമം ആക്രമിച്ച് സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തി. 70 വീടുകള്‍ ആക്രമിച്ച് കുട്ടികളെ തീയിലെറിഞ്ഞു. പുന്നപ്ര വയലാര്‍ സമരവും ഈ കമ്മ്യൂണിസ്റ്റ് പദ്ധതിയുടെ ഭാഗമായിരുന്നു. അവിടെ പക്ഷേ തിരിച്ചടിയേറ്റത് പാര്‍ട്ടിക്കായിരുന്നു. മതിയായ ആയുധങ്ങളൊന്നുമില്ലാതെ സായുധ പോലീസിനു നേര്‍ക്ക് നിരപരാധികളെ പറഞ്ഞയക്കുകയായിരുന്നു. നേതാക്കള്‍ പലരും നേരത്തെ രക്ഷപ്പെട്ടു. പോലീസ് വെടിവയ്പ്പില്‍ 1000 ലേറെ പേര്‍ കൊല്ലപ്പെട്ടു. ഈ കണക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറച്ചുപിടിച്ചു.
ഭാരത സര്‍ക്കാര്‍ ‘ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് അക്രമങ്ങള്‍’ എന്ന തലക്കെട്ടില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കമ്മ്യൂണിസ്റ്റ് ഭീകരതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായിരുന്നു ഇത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിമര്‍ശകര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ മാത്രമല്ല ഇത്. പൊതുമണ്ഡലത്തില്‍ ഇത് സംബന്ധിച്ച ധാരാളം വിവരങ്ങള്‍ ലഭ്യമാണ്. ഇത്തരം വിവരങ്ങളില്‍ നിന്നെല്ലാം സ്വയം മറഞ്ഞുനില്‍ക്കാന്‍ അസാമാന്യമായ കഴിവ് കമ്മ്യൂണിസ്റ്റുകള്‍ക്കുണ്ട്.
രണ്ടാം ലോക മഹായുദ്ധം അവസാനിച്ച 1945 ല്‍ തന്നെ ഭാരതം വിട്ടുപോകാന്‍ ബ്രിട്ടീഷുകാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 1946 സെപ്തംബറില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു. സമ്പൂര്‍ണമായ അധികാര കൈമാറ്റം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇത് അംഗീകരിക്കാതെ ഇടക്കാല സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സായുധസമരത്തിലേക്ക് എടുത്തുചാടുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. ഇതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടത്തിയത്. ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തെ എതിര്‍ത്തതിന്റെ ജാള്യത മറച്ചുപിടിക്കുകയും, സ്വാതന്ത്ര്യസമരത്തിന്റെ യഥാര്‍ത്ഥ വക്താക്കള്‍ തങ്ങളാണെന്ന് വരുത്താനും മാത്രമായിരുന്നില്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കലാപങ്ങള്‍. അതിനു പിന്നില്‍ ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള സോവിയറ്റ് യൂണിയന്റെ നിര്‍ദ്ദേശവുമുണ്ടായിരുന്നു.
അടുത്തത്: സ്വാതന്ത്ര്യപുലരികളിലെ സംഘദൗത്യങ്ങള്‍
അടിക്കുറിപ്പുകള്‍:
1.My Life Story, A.K. Gopalan.
2. Ibid
3. The Communist Party of
India: A short History,
Minoo Masani.
4. Ibid
5. Ibid
6. Ibid





















