- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- കമ്മ്യൂണിസ്റ്റ് പാർട്ടിയും ലീഗും കൈകോർത്ത നരഹത്യകൾ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 21)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
രാഷ്ട്ര വിഭജനത്തിന്റെ ദുരന്ത ഭൂമിയില്‍ മുസ്ലീംലീഗിന്റെ പൈശാചികമായ ആക്രമണങ്ങള്‍ക്ക് ഇരകളായവരെ രക്ഷിക്കാനും, അക്രമികളെ പ്രതിരോധിക്കാനും ആര്‍എസ്എസ് ധീരമായി മുന്നോട്ടുവന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാഴ്ചക്കാരുടെ റോളിലായിരുന്നു. പാകിസ്ഥാന്‍ എന്ന ആവശ്യത്തെ ആശയപരമായും രാഷ്ട്രീയമായും പിന്തുണയ്ക്കുക മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. പാകിസ്ഥാന്‍ നേടിയെടുക്കാന്‍ മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ നടന്ന അക്രമങ്ങള്‍ക്ക് ഒത്താശ നല്‍കുകയും ചെയ്തു. ഭാരത വിഭജനത്തിനു മുന്‍പുതന്നെ മുസ്ലീം ലീഗിന്റെ സ്വാധീന മേഖലകളില്‍ അക്രമങ്ങള്‍ തുടങ്ങിയിരുന്നു. 1946 ആഗസ്റ്റ് 16 ന് ബംഗാളില്‍ ‘ഡയറക്റ്റ് ആക്ഷന്‍’ എന്നപേരില്‍ നടന്ന ഹിന്ദുകൂട്ടക്കൊലയില്‍ മുസ്ലീം ലീഗുമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടി കൈകോര്‍ത്തു.
റമദാന്‍ മാസത്തിലെ പതിനെട്ടാം ദിവസം തെരഞ്ഞെടുത്ത് നടത്തിയ ഡയറക്ട് ആക്ഷന്‍ കൊലപാതക പരമ്പരയെ മുഹമ്മദ് നബിയുടെ കാലത്തെ ബദര്‍ യുദ്ധത്തോടാണ് മുസ്ലിം ലീഗ് നേതൃത്വം താരതമ്യം ചെയ്തത്. ഡയറക്റ്റ് ആക്ഷന്‍ ദിനം ആചരിക്കേണ്ട വിധം മുസ്ലിം ലീഗിന്റെ പത്രം ‘ദ സ്റ്റാര്‍ ഓഫ് ഇന്ത്യ’ നിര്‍ദ്ദേശിച്ചത് ഇങ്ങനെയാണ്:
”റമദാനിലാണ് ജിഹാദിന് അല്ലാഹുവിന്റെ അനുമതി ലഭിച്ചതെന്ന് മുസ്ലിങ്ങള്‍ ഓര്‍ക്കണം. റമദാനിലാണ് ഇസ്ലാമും കാഫിറുകളും തമ്മിലുള്ള ആദ്യത്തെ തുറന്ന സംഘര്‍ഷമായ ബദര്‍ യുദ്ധം നടന്നതും, 313 മുസ്ലീങ്ങള്‍ അതില്‍ ജയിച്ചതും. വീണ്ടും ഒരു റമദാനിലായിരുന്നു പരിശുദ്ധ പ്രവാചകന്റെ കീഴില്‍ 10,000 മുസ്ലിങ്ങള്‍ മക്കയെ കീഴടക്കി, അറേബ്യയില്‍ സ്വര്‍ഗ്ഗരാജ്യവും ഇസ്ലാമിന്റെ കോമണ്‍വെല്‍ത്തും സ്ഥാപിച്ചത്. ഈ വിശുദ്ധ മാസത്തിലും ദിവസത്തിലും തന്നെയാണ് അവര്‍ അവരുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുസ്ലിം ലീഗിന്റെ ഭാഗ്യമാണിത്.”(1)
ഈ കൂട്ടക്കൊലയില്‍ തങ്ങളുടെ പങ്ക് മറച്ചുപിടിക്കാന്‍ അതിന്റെ മതപരമായ സ്വഭാവം എടുത്തുമാറ്റുന്ന വ്യാഖ്യാനമാണ് കമ്മ്യൂണിസ്റ്റു ചരിത്രകാരന്മാര്‍ നല്‍കിയത്. ”ഒന്നുകില്‍ ഞങ്ങള്‍ ഭാരതത്തെ വിഭജിക്കും അല്ലെങ്കില്‍ നശിപ്പിക്കും” എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് മുഹമ്മദ് അലി ജിന്ന ഡയറക്ട് ആക്ഷന് ആഹ്വാനം ചെയ്തത്. ഹിന്ദു കൂട്ടക്കൊലയ്ക്ക് സഹായിക്കുന്ന വിധത്തില്‍ പോലീസിനെയും സൈന്യത്തെയും അകറ്റിനിര്‍ത്താമെന്ന് ബംഗാള്‍ മുഖ്യമന്ത്രി ഷഹീദ് സുഹ്രവര്‍ദി ഉറപ്പു നല്‍കുകയും ചെയ്തു. ജ്യോതി ബസുവിനെ പോലുള്ള കമ്മ്യൂണിസ്റ്റുകള്‍ ലീഗിന് ഒപ്പം നിന്നു. മുസ്ലീംലീഗിന്റെ സെക്രട്ടറിയും, സുഹ്രവര്‍ദിയുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളുമായ ഹാഷിം എഴുതിയ ‘നമുക്ക് യുദ്ധത്തിലേക്കു പോകാം’ എന്ന ഓര്‍മ്മക്കുറിപ്പില്‍ അക്കാലത്ത് യുവ കമ്മ്യൂണിസ്റ്റും പിന്നീട് പ്രമുഖ പത്രപ്രവര്‍ത്തകനുമായ നിഖില്‍ ചക്രവര്‍ത്തിയുടെ സഹായം ഡയറക്റ്റ് ആക്ഷന് ലഭിച്ച കാര്യം പറയുന്നുണ്ട്. ഹിന്ദുവിരുദ്ധ പ്രസംഗങ്ങള്‍ നടക്കുകയും, അക്രമത്തിലേക്ക് നയിക്കുകയും ചെയ്ത മുസ്ലിം ലീഗിന്റെ ഒരു യോഗം ഡയറക്റ്റ് ആക്ഷന്‍ ദിനത്തില്‍ നടന്നിരുന്നു. ഈ യോഗത്തില്‍ ജ്യോതി ബസുവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരും പങ്കെടുത്തു. സുഹ്രവര്‍ദിയുമായി ബസു വേദി പങ്കിടുകയും ചെയ്തു. ”മുസ്ലീം പ്രദേശങ്ങളില്‍ സമരത്തെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിന്തുണയ്ക്കുകയും, ഹിന്ദുക്കളുടെ പ്രദേശങ്ങളില്‍ എതിര്‍ക്കുകയും ചെയ്യും” (2) എന്നൊരു വിചിത്രമായ പ്രസ്താവനയും ജ്യോതി ബസു പുറപ്പെടുവിച്ചു.
ഡയറക്ട് ആക്ഷന്‍ ഡേയും ഹിന്ദു കൂട്ടക്കൊലയും
ഹിന്ദുക്കള്‍ക്കെതിരെ അരങ്ങേറിയ അതിഭീകരമായ ‘ഡയറക്ട് ആക്ഷന്‍’ എന്ന അക്രമ പരമ്പരയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് ഈ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നാണ്. ‘ബംഗാളിലെ ഹിന്ദു കൂട്ടക്കൊല’ എന്ന പേരിലും ഇത് അറിയപ്പെടുന്നു.
മതപരമായ ധ്രുവീകരണത്തിന്റെ അന്തരീക്ഷത്തില്‍ ഉത്സാഹഭരിതരായ മുസ്ലിം മതമൗലികവാദികള്‍ തീകൊളുത്തല്‍, കവര്‍ച്ച, വിവിധ തരത്തിലുള്ള അക്രമങ്ങള്‍ എന്നിവയ്ക്ക് മുതിര്‍ന്നപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. അഖണ്ഡ ഭാരതത്തിന്റെ അനുകൂലികളായതിനാല്‍, പാകിസ്ഥാന്‍ വാദികള്‍ ഹിന്ദുക്കള്‍ക്കുമേല്‍ ചാടി വീണു. 1946 ഓഗസ്റ്റ് 16 മുതല്‍ 20 വരെ അഞ്ചു ദിവസം കലാപം രൂക്ഷമായി തുടര്‍ന്നു. അന്ന് വലിയ പ്രചാരമുണ്ടായിരുന്ന ‘ദ സ്റ്റേറ്റ്‌സ്മാന്‍’ പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കലാപത്തിനിടെ 4000 ലേറെ പേര്‍ കൊല്ലപ്പെടുകയും, 15000 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കലാപം ആരംഭിച്ച് രണ്ട് ദിവസത്തിനകം 270 ലേറെ പേര്‍ കൊല്ലപ്പെടുകയും 1600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൊല്‍ക്കത്തയിലെ ഹിന്ദുക്കള്‍ സ്വയം സംഘടിതരായി മുസ്ലിം കലാപകാരികള്‍ക്കെതിരെ ധീരമായ പ്രതിരോധം സൃഷ്ടിച്ചപ്പോള്‍ മുഖ്യമന്ത്രി സുഹ്രവര്‍ദിക്ക് സൈന്യത്തെ വിളിക്കേണ്ടി വന്നു. ഹിന്ദുക്കളുടെ തിരിച്ചടിയില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അമ്പരന്നു. അവര്‍ താല്‍ക്കാലികമായി നിലപാട് മാറ്റുകയും ചെയ്തു. സുരക്ഷിതമായ നിലപാട് സ്വീകരിക്കാനായി ജ്യോതി ബസു ഉള്‍പ്പെടെ ചില കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സമുദായ സൗഹാര്‍ദ്ദം പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ‘ശാന്തി സമിതികളില്‍’ പങ്കെടുത്തു. ഇത് ഒരേസമയം കബളിപ്പിക്കല്‍ തന്ത്രവും, തങ്ങള്‍ക്കേറ്റ തിരിച്ചടി മറച്ചുപിടിക്കാനുള്ള ശ്രമവുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം നിഷ്‌ക്രിയത്വം തുടര്‍ന്നിരുന്നെങ്കില്‍ പാര്‍ട്ടി രാഷ്ട്രീയ അസ്പൃശ്യതയുടെയും ഒറ്റപ്പെടലിന്റെയും അതിരുകളിലേക്ക് തള്ളപ്പെടുമെന്ന വികാരം പാര്‍ട്ടിക്കാരിലുണ്ടായി. കാരണം പ്രകോപിതരായ ഹിന്ദുക്കള്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ തിരിയാന്‍ അധികസമയം വേണ്ടിവരില്ലായിരുന്നു. അപകടം അതിനോടകം സംഭവിച്ചിരുന്നുവെങ്കിലും കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോകാതിരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചു.
ഹിന്ദു സഖാക്കളെ കൂട്ടക്കൊല ചെയ്ത മുസ്ലിം സഖാക്കള്‍
മുസ്ലീം ലീഗിന്റെ ഡയറക്ട് ആക്ഷന്‍ ഡേ ആഹ്വാനത്തില്‍ ചേര്‍ന്ന മുസ്ലിം ലീഗുകാരുടെതല്ലാത്ത ട്രേഡ് യൂണിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയന്ത്രിച്ചിരുന്ന ട്രാംവേ തൊഴിലാളി യൂണിയനായിരുന്നു. ഈ യൂണിയന്റെ തൊഴിലാളികള്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ നാല് മണിക്കൂര്‍ നീണ്ട യോഗം ചേര്‍ന്നു. മുസ്ലീം സഖാവ് മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. 1946 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സെന്‍ട്രല്‍ പ്രൊവിന്‍സസിലെ റായ്പൂരില്‍ ഇതേ മുഹമ്മദ് ഇസ്മായില്‍ ലീഗിന്റെ പാകിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുകയും, ലീഗ് ഉന്നയിക്കുന്ന ആവശ്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വിശദീകരിക്കുകയും ചെയ്തിരുന്നു. ”സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുസ്ലീങ്ങളുടെ സമരത്തിന്റെ സ്വാഭാവിക ഫലമാണ് പാകിസ്ഥാന്‍” എന്നായിരുന്നു ഇസ്മായില്‍ വാദിച്ചത്. ഇസ്മായിലിന്റെ നേതൃത്വത്തില്‍ ഹിന്ദു-മുസ്ലീം തൊഴിലാളികളുടെ ഐക്യം നിലനിര്‍ത്തുന്നതിനായി ഓഗസ്റ്റ് 16 പണിമുടക്ക് നടത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. ബംഗാളിലെ നിരവധി പെട്രോളിയം, സ്റ്റീല്‍, ഇരുമ്പ്, കരിമ്പ് ഫാക്ടറികളില്‍ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ സമ്പൂര്‍ണ്ണ ബന്ദ് ആചരിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം പാകിസ്ഥാനെ പിന്തുണയ്ക്കുക മാത്രമല്ല, മുഴുവന്‍ ബംഗാളിനെയും പാകിസ്ഥാന്റെ ഭാഗമാക്കണമെന്നും വാദിച്ചിരുന്നു. എന്നാല്‍ താഴെത്തട്ടിലെ തൊഴിലാളികള്‍ ഈ നിലപാടിന്റെ അബദ്ധം തിരിച്ചറിയാന്‍ തുടങ്ങി. കൊല്‍ക്കത്തയിലെ വ്യവസായമേഖലകളില്‍ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകള്‍ക്ക് ശക്തമായ സാന്നിധ്യമുണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റ് ചിന്തകനും പ്രൊഫസറുമായ കല്യാണ്‍ ദത്ത ആത്മകഥയില്‍ രേഖപ്പെടുത്തിയതനുസരിച്ച്, 1946 ഓഗസ്റ്റ് 17 എന്ന ദുരന്തദിനത്തില്‍ ഖിദിര്‍പൂരില്‍ ഹിന്ദു കമ്മ്യൂണിസ്റ്റ് തൊഴിലാളികളെ അവരുടെ മുസ്ലീം സഖാക്കള്‍ ആക്രമിച്ചു. കമ്മ്യൂണിസ്റ്റ് ടെക്‌സ്‌റ്റൈല്‍ യൂണിയന്‍ നേതാവായ സെയ്ദ് അബ്ദുള്ള ഫറൂഖി മുസ്ലീം തീവ്രവാദിയായ ഏലിയന്‍ മിസ്ട്രിയോടൊപ്പം ആയുധധാരികളായ മുസ്ലീം സംഘത്തെ നയിച്ച് ഖിദിര്‍പൂരിന് സമീപമുള്ള ലിച്ചുബഗാന്‍ ചേരിപ്രദേശത്തെ തുണിമില്ലില്‍ പ്രവേശിച്ചു. ഹിന്ദു തൊഴിലാളികള്‍ പൂര്‍ണ്ണമായും ആശയക്കുഴപ്പത്തിലായി. അവര്‍ മുസ്ലീം സഖാക്കളെ സ്വന്തം പാര്‍ട്ടി അംഗത്വ കാര്‍ഡ് കാണിച്ച് ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ അവര്‍ മൃഗീയമായി കൊലചെയ്യപ്പെട്ടു. കുറഞ്ഞത് 400 തൊഴിലാളികള്‍ (മറ്റു റിപ്പോര്‍ട്ടുകള്‍ പ്രകാരം 500-600 വരെ) കൊലചെയ്യപ്പെട്ടു. ഇതിലേറെയും ഒറിയാക്കാരായ ഹിന്ദു തൊഴിലാളികളായിരുന്നു. കല്‍ക്കട്ട ഹിന്ദു നരഹത്യാ പരമ്പരയില്‍ ഏറ്റവും വലുതായിരുന്നു ഇത്.
മുസ്ലീം മതമൗലികവാദികളുടെ കോപാഗ്‌നി സ്വതന്ത്രമായി പ്രവഹിക്കാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതാക്കള്‍ അനുവദിച്ചു. കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളിലെ ഹിന്ദു അംഗങ്ങളാണ് അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവന്നത്. ഖിദിര്‍പൂര്‍ സംഭവം ഡയറക്ട് ആക്ഷന്‍ ഡേയുടെ സമ്പൂര്‍ണ്ണമായ ആഘാതം വ്യക്തമാക്കുന്ന ഒരു അധ്യായമായിരുന്നു. പാര്‍ട്ടിയിലെ മുസ്ലീം അംഗങ്ങള്‍ പാകിസ്ഥാനുവേണ്ടിയുള്ള ‘മതസമര’ ആഹ്വാനത്തില്‍ അണിചേരുന്നത് തടയാന്‍ ‘വര്‍ഗ്ഗസമര’ സിദ്ധാന്തത്തിന് കഴിഞ്ഞില്ല.



ലീഗിനെ പിന്തുണച്ച് കമ്മ്യൂണിസ്റ്റ് നിഷ്പക്ഷത!
ജ്യോതി ബസു (സയിദ്പൂര്‍), രൂപ്‌നാരായണ്‍ റോയ് (ദിനാജ്പൂര്‍), രത്തന്‍ലാല്‍ ബ്രഹ്മന്‍ (ദാര്‍ജിലിംഗ്) എന്നീ മൂന്നു പേരായിരുന്നു ബംഗാള്‍ നിയമസഭയില്‍ കമ്മ്യൂണിസ്റ്റ് എംഎല്‍എമാര്‍. സുഹ്രവര്‍ദിയുടെ രാജി ആവശ്യപ്പെട്ട സംയുക്ത ഹിന്ദു ആഹ്വാനത്തെ ഇവര്‍ അവഗണിക്കുകയും, യാതൊരു തത്ത്വദീക്ഷയുമില്ലാതെ ലീഗിന് അനുകൂലമായി വോട്ടുചെയ്യുകയുമായിരുന്നു. 1946 സപ്തംബറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബംഗാള്‍ നിയമസഭയില്‍ ഓള്‍ ഇന്ത്യ മുസ്ലീംലീഗിനെതിരെ രണ്ട് അവിശ്വാസ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഒന്ന് മന്ത്രിസഭക്കെതിരെയും മറ്റൊന്ന് മുഖ്യമന്ത്രി സുഹ്രവര്‍ദിക്കെതിരെയും.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത ഹിന്ദു മഹാസഭ നേതാവ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ചു. നിയമസഭയില്‍ രണ്ടു ദിവസം നീണ്ട ചര്‍ച്ചയ്ക്കിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാട് കമ്മ്യൂണിസ്റ്റുകളും ലീഗുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വെളിപ്പെടുത്തി. പില്‍ക്കാലത്ത് പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായായ ജ്യോതി ബസു, രാജ്യത്തെ ഭരണനിര്‍വഹണം കൈകാര്യം ചെയ്തുകൊണ്ടിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളാണ് സമുദായ കലാപങ്ങള്‍ക്ക് പ്രധാന കുറ്റക്കാരെന്ന് സഭയില്‍ പറഞ്ഞു. മുസ്ലീം ലീഗുമായി സഹകരിച്ചതിനെ ശരിവച്ച ജ്യോതി ബസുവും കമ്മ്യൂണിസ്റ്റ് അംഗങ്ങളും മുസ്ലീം മതഭ്രാന്തന്മാര്‍ നടത്തിയ ഹിന്ദു കൂട്ടക്കൊലയെ ന്യായീകരിക്കുകയും ചെയ്തു. ലീഗുകാരെ സ്വതന്ത്രമായി കലാപം നടത്താന്‍ പ്രേരിപ്പിച്ചതിന് ബംഗാളിലെ ബ്രിട്ടീഷ് ഗവര്‍ണറെ വിമര്‍ശിച്ച ജ്യോതി ബസു പ്രവിശ്യാ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഹിന്ദു കൂട്ടക്കൊല ആസൂത്രണം ചെയ്തതില്‍ മുഖ്യമന്ത്രി സുഹ്രവര്‍ദി വഹിച്ച പങ്കിനെക്കുറിച്ച് മൗനം പാലിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായ രൂപ്‌നാരായണ്‍ റോയ്, സഭയില്‍ ശ്യാമ പ്രസാദ് മുഖര്‍ജി എടുത്ത കടുത്ത ലീഗ് വിരുദ്ധ നിലപാടിനെ അപലപിക്കുന്ന പ്രമേയം കൊണ്ടുവരികപോലും ചെയ്തു.
ബംഗാള്‍ സര്‍ക്കാരിനെതിരെയും, മുഖ്യമന്ത്രി സുഹ്രവര്‍ദിക്ക് എതിരെയുമുള്ള ഇരുപ്രമേയങ്ങളും 1946 സപ്തംബറില്‍ വോട്ടിനിട്ടു. മുഖ്യമന്ത്രിക്കെതിരായ പ്രമേയം 85 വോട്ടിനെതിരെ 130 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു; സര്‍ക്കാരിനെതിരായ പ്രമേയവും 87 വോട്ടിനെതിരെ 131 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 86 കോണ്‍ഗ്രസ് അംഗങ്ങളും ഒരു ഹിന്ദു മഹാസഭ അംഗവും സുഹ്രവര്‍ദി സര്‍ക്കാരിനെതിരെ ഏകകണ്ഠമായി വോട്ടുചെയ്തു. മൂന്ന് കമ്മ്യൂണിസ്റ്റ് അംഗങ്ങള്‍ (ബസു, റോയ്, ബ്രഹ്മന്‍) ‘നിഷ്പക്ഷരായി’ മുസ്ലിം ലീഗിനെ സഹായിച്ചു.
1932 ലെ കമ്മ്യൂണല്‍ അവാര്‍ഡ് വഴി ലഭിച്ച ബംഗാള്‍ നിയമസഭയിലെ മുസ്ലീം അംഗങ്ങളുടെ ഭൂരിപക്ഷത്തിനു മുന്നില്‍ അവിശ്വാസ പ്രമേയങ്ങളെ അനുകൂലിച്ചവര്‍ പരാജയപ്പെട്ടെങ്കിലും, ശ്രദ്ധേയമായ ഒരു കാര്യം സംഭവിച്ചു. പ്രതിപക്ഷം സര്‍ക്കാരിനെതിരെയും മുസ്ലീം ലീഗിനെതിരെയും ഒരേ സ്വരത്തില്‍ സംസാരിച്ചതായിരുന്നു അത്. മതിയായ പൊലീസ് സംരക്ഷണം ഒരുക്കാത്തതിലും, സൈന്യത്തെ വിളിക്കാന്‍ കാലതാമസമുണ്ടായതിന്റെയും പേരില്‍ കോണ്‍ഗ്രസും ഹിന്ദുമഹാസഭയും മന്ത്രിസഭയെ വിമര്‍ശിച്ചു.
ഹിന്ദു അഭിപ്രായം ഒറ്റക്കെട്ടായി ലീഗിനെതിരെ ഒന്നിച്ചപ്പോഴാണ് കമ്മ്യൂണിസ്റ്റ് നിയമസഭാംഗങ്ങള്‍ ‘നിഷ്പക്ഷത’ പാലിച്ച് അക്രമികളുടെ പക്ഷത്ത് നിലയുറപ്പിച്ചത്. ഇത്തരമൊരു ദുരവസ്ഥയിലും എന്തു വിലകൊടുത്തും നിഷ്പക്ഷത പാലിക്കുന്നത് മുസ്ലിം ലീഗ് മന്ത്രിസഭയുടെ ക്രൂരതയ്ക്ക് മൗനാനുമതി നല്‍കുന്നതായിരുന്നു.
സഭയിലെ കമ്മ്യൂണിസ്റ്റ് അംഗങ്ങള്‍ ലീഗ് സര്‍ക്കാരിന്റെ ക്രൂരമായ ആസൂത്രണങ്ങളെക്കുറിച്ച് അറിവില്ലാത്തവരായിരുന്നില്ല. വര്‍ഗീയ കൂട്ടക്കൊല ആസൂത്രണം ചെയ്തതില്‍ ലീഗ് സര്‍ക്കാരിന്റെ നേരിട്ടുള്ള പങ്ക് സ്ഥിരീകരിക്കുകയും വെളിപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും വോട്ടെടുപ്പിനിടെ കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിച്ച നിഷ്പക്ഷതയും, മുസ്ലിം ലീഗിനെതിരെ നിലപാട് എടുക്കുന്നതില്‍ കാണിച്ച അവഗണനയും പാകിസ്ഥാനോടുള്ള അവരുടെ പ്രതിബദ്ധത തെളിയിച്ചു.
കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദുക്കളായിരുന്ന സ്വന്തം വോട്ടര്‍മാരെ മാത്രമല്ല പിന്നില്‍ കുത്തിയത്. അഖണ്ഡ ഭാരതത്തിന്റെ ഐക്യം പോലും അപകടത്തിലാക്കി. ‘തൊഴിലാളിവര്‍ഗ്ഗ ഐക്യം’ എന്ന പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ നിലപാടിനെ ന്യായീകരിച്ചു. വര്‍ഗ്ഗസമരത്തിന്റെ മറവില്‍ ഹിന്ദു ജനവിഭാഗങ്ങളെ ലീഗിന്റെ പിടിയിലേക്ക് തള്ളിവിടാനും, അതുവഴി ഭാരതത്തിന്റെ ദേശീയ ഐക്യത്തെ അപകടത്തിലാക്കാനും കമ്മ്യൂണിസ്റ്റുകള്‍ മടിച്ചില്ല.
തങ്ങളുടെ ‘നിഷ്പക്ഷ’ നിലപാടിനെ ന്യായീകരിച്ച് അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി. ജോഷി 1947 ആഗസ്റ്റില്‍ ബംഗാളി സഹപ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ എഴുതി: ”നമ്മുടെ തൊഴിലാളിവര്‍ഗ്ഗ അടിത്തറയെ ബാധിക്കാത്ത വിധത്തില്‍, വിപുലമായ പ്രചാരണത്തിലൂടെ അവരെ നമ്മോടൊപ്പം നിലനിര്‍ത്താനാകുന്നുവെങ്കില്‍ മുസ്ലിം ലീഗ് മന്ത്രിസഭയ്ക്കെതിരെ നാം വോട്ടുചെയ്യാം… നിലവിലുള്ള സംഘടിത തൊഴിലാളിവര്‍ഗ്ഗത്തെ പോലും നിലനിര്‍ത്താനാകാത്ത പക്ഷം, ഭാവിയില്‍പോലും എല്ലാം നഷ്ടപ്പെടും. അതിനാല്‍ എല്ലാവരെയും സംതൃപ്തരാക്കി നിലനിര്‍ത്താനുള്ള മികച്ച മാര്‍ഗം നിഷ്പക്ഷരായി തുടരുന്നതായിരുന്നു. മുസ്ലിം ലീഗിനെതിരെ വോട്ടുചെയ്താല്‍ മറ്റു ഗുരുതരമായ പ്രത്യാഘാതങ്ങളും ഉണ്ടാകും.” (3)
റഷീദ് അലി ദിനത്തിനും കമ്മ്യൂണിസ്റ്റ് പിന്തുണ
ജപ്പാന്റെ പരാജയത്തെ തുടര്‍ന്ന് സഖ്യസേനയ്ക്ക് മുന്നില്‍ ഐഎന്‍എ കീഴടങ്ങിയതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ നേതാജിയുടെ സേനാനികളെ വിചാരണയ്ക്ക് വിധേയരാക്കി. ഐഎന്‍എയിലെ ഗുര്‍ബക്ഷ് സിംഗ് ധില്ലന്‍, പ്രേംകുമാര്‍ ഷെഗല്‍, മുസ്ലിം ലീഗുകാര്‍ ‘ദേശഭക്ത മുസ്ലിം’ എന്നു പരിഹസിച്ച ഷാനവാസ് ഖാന്‍ എന്നീ ധീരന്മാര്‍ മോചിതരായപ്പോള്‍ മറ്റൊരു ഐഎന്‍എ ഭടനായ ക്യാപ്റ്റന്‍ അബ്ദുള്‍ റഷീദ് ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. ഇത് മുസ്ലിം സമൂഹത്തില്‍ വലിയ കലഹാന്തരീക്ഷം സൃഷ്ടിച്ചു. ഐഎന്‍എ ഭാരതത്തില്‍ കടന്നുകയറിയാല്‍ മുസ്ലിം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മതിയായ ആയുധസജ്ജത നേടുന്നതിനാണ് താന്‍ ഐഎന്‍എയില്‍ ചേര്‍ന്നതെന്ന് പ്രസ്താവിച്ച അതേ റഷീദായിരുന്നു ഇത്. ഐഎന്‍എയുടെ പ്രേരകശക്തികളായിരുന്ന ‘അമുസ്ലിം സൈനികരെ’ റഷീദ് അവഗണനയോടെ കണ്ടിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗവും മുസ്ലിം ലീഗുമായി ഐക്യം പ്രഖ്യാപിച്ചു. 1946 ഫെബ്രുവരിയില്‍ മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത പണിമുടക്കിന് പിന്തുണ നല്‍കി. അത് ‘ക്യാപ്റ്റന്‍ റഷീദ് അലി ദിനം’ ആയി ആചരിച്ചു. ആ ദിനത്തെ കമ്മ്യൂണിസ്റ്റുകള്‍ ‘മുസ്ലിം ജനസമൂഹത്തിന്റെ സാമ്രാജ്യത്വവിരുദ്ധ പ്രകടനം’ എന്ന് വിശേഷിപ്പിച്ചു. അവര്‍ മുസ്ലിം ലീഗിനൊപ്പമല്ല, സാമ്രാജ്യത്വവിരുദ്ധ മുസ്ലിം ജനസമൂഹത്തിനൊപ്പമാണെന്നു ജ്യോതി ബസു ന്യായീകരിച്ചു.
മുസ്ലിം മതമൗലികവാദികളോടൊപ്പം കമ്മ്യൂണിസ്റ്റുകള്‍ ചേര്‍ന്നുനിന്നത്, ഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തിന് നല്‍കിയ പിന്തുണയുമായി താരതമ്യം ചെയ്യാവുന്നതാണ്. ഖിലാഫത്ത് പ്രക്ഷോഭകാരികളുടെ ബ്രിട്ടീഷ് വിരുദ്ധ നിലപാട് ന്യായീകരിച്ച ഗാന്ധി, ഹിന്ദു-മുസ്ലിം സഖ്യത്തിന് മടിച്ചില്ല. ഹിന്ദുക്കള്‍ക്ക് ആ സഖ്യത്തില്‍ നിന്ന് ഒന്നും നേടാനില്ലായിരുന്നുവെന്നതിനാല്‍ അത് ഗാന്ധിയുടെ ഒരു ‘ഹിമാലയന്‍ പിഴവ്’ ആയിരുന്നു. മലബാറിലെ ഭീകരമായ ഹിന്ദു വിരുദ്ധ കൂട്ടക്കൊല ഈ സഖ്യത്തിന്റെ സങ്കീര്‍ണ്ണത തെളിയിക്കുന്നു. അപ്പോഴും മുസ്ലിം മതമൗലികത ശക്തിപ്പെട്ടതിന് ഹിന്ദുക്കളെയാണ് കുറ്റപ്പെടുത്തിയത്. ഡയറക്ട് ആക്ഷന്‍ ഡേ പാകിസ്ഥാന്‍ പ്രക്ഷോഭത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ മുസ്ലിം ജനസമൂഹത്തിന്റെ മതമൗലിക പ്രകടനത്തിന്റെ പരമകാഷ്ഠയായിരുന്നു.
പാകിസ്ഥാന്‍ പ്രക്ഷോഭത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് ഹിന്ദുക്കളായിരുന്നു. അതിനാല്‍, പൊതുവായ ഹിന്ദു-മുസ്ലിം സഖ്യത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ന്യായീകരണം പൂര്‍ണ്ണമായും നിരര്‍ത്ഥകമായിരുന്നു. അത് ഹിന്ദുക്കളെ ഇസ്ലാമിക മതഭ്രാന്തിന്റെ ആഴങ്ങളിലേക്ക് തള്ളിവിടുകയാണുണ്ടായത്.
പാകിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭത്തെ പിന്തുണച്ചതിനുള്ള കമ്മ്യൂണിസ്റ്റുകളുടെ ദുര്‍ബല ന്യായീകരണങ്ങളായ ‘സാമ്രാജ്യത്വവിരുദ്ധത’യും ‘തൊഴിലാളി ഐക്യ’വും തമ്മില്‍ ചേര്‍ന്നുനിന്നു. പാകിസ്ഥാന്‍ മുസ്ലിം തൊഴിലാളിവര്‍ഗ്ഗത്തിന്റെ ന്യായമായ ആവശ്യമാണെന്ന് അവര്‍ വിശ്വസിച്ചു. ‘തൊഴിലാളിവര്‍ഗ്ഗങ്ങളുടെ സാര്‍വദേശീയ ഐക്യം’ എന്ന സിദ്ധാന്തത്തില്‍ ഉറച്ചുനിന്നുകൊണ്ട്, സ്വന്തം നിലനില്‍പ്പിനു പോലും ഭീഷണിയായാലും ഹിന്ദു തൊഴിലാളിവര്‍ഗ്ഗം മുസ്ലിം തൊഴിലാളിവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കണമെന്നാണ് അവര്‍ വാദിച്ചത്.
ഹിന്ദു, മുസ്ലിം തൊഴിലാളിവര്‍ഗ്ഗങ്ങള്‍ ഒരേ ലക്ഷ്യത്തിനായി, അതായത് ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിനായി പ്രവര്‍ത്തിക്കുകയാണെന്ന് കമ്മ്യൂണിസ്റ്റുകള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. ബുര്‍ഷ്വാസിയുടെ വര്‍ഗ്ഗസ്വഭാവം എല്ലായിടത്തും ഒരുപോലെയാണെന്നും, അഖണ്ഡ ഭാരതത്തില്‍ മുസ്ലിങ്ങള്‍ ഒരുവശത്ത് നവസാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കും മറുവശത്ത് ഹിന്ദു അടിച്ചമര്‍ത്തലിനും ഇടയില്‍ ഞെരുങ്ങിപ്പോകുമെന്നും അവര്‍ വാദിച്ചു. സ്വാതന്ത്ര്യാനന്തരകാലത്തും ജ്യോതി ബസുവിനെയും മണികുണ്ഡല സെന്നിനെയും പോലുള്ള കമ്മ്യൂണിസ്റ്റുകള്‍ മുസ്ലിം ലീഗിന്റെ കുറ്റങ്ങള്‍ വെളുപ്പിക്കാനുള്ള ഒരവസരവും പാഴാക്കിയില്ല.
(അടുത്തത്: യെ ആസാദി ജൂട്ടാ ഹെ)
അടിക്കുറിപ്പുകള്‍:
1. India’s Partition: The Story of Imperialism in Retreat, Devendra Panigrahi.
2. The sickle and crescent: communists, Muslim League and India’s partition, Sunanda Sanyal, Soumya Basu.
3. Ibid





















