- താഷ്‌കെന്റില്‍ പിറവികൊണ്ട റഷ്യന്‍-ഇസ്ലാമിക സന്തതി (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 1)
- കാണ്‍പൂരില്‍ കണ്ട ദേശവിരുദ്ധ മുഖം ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 2)
- സ്ഥാപകന്റെ ദേശസ്‌നേഹം പാര്‍ട്ടിക്ക് സഹിച്ചില്ല (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 3)
- വിഭജന ഭീകരതയെ പ്രതിരോധിക്കുന്നു (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 20)
- ദേശീയവാദിയും ഭാരതവിരുദ്ധനും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 4)
- ഡോ.ഹെഡ്‌ഗേവാറിന്റെ രാഷ്ട്ര നിയോഗം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 5)
- കാണ്‍പൂരിലെ ഗൂഢനീക്കവും നാഗ്പൂരിലെ തുടക്കവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 6)
ഭാരത വിഭജനത്തോടെ ഭൂമി മാത്രമല്ല, ജനതയുടെ ഹൃദയങ്ങളും പിളര്‍ന്നുപോയിരുന്നു. ഇന്നത്തെ പാകിസ്ഥാനില്‍ താമസിച്ചിരുന്ന ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ ജീവന്‍ ഭീഷണിയിലായി. വിവരണാതീതമായ ക്രൂരതകള്‍ നേരിടേണ്ടി വന്ന ഇവരുടെ നിലവിളി കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആര്‍എസ്എസ് മാത്രമാണ് ഈ മനുഷ്യരുടെ രക്ഷയ്‌ക്കെത്തിയത്. പാകിസ്ഥാനില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്ന ഹിന്ദുക്കളെ ട്രെയിനുകളില്‍ കൊണ്ടുവന്നു. ലക്ഷക്കണക്കിനാളുകള്‍ കൊലചെയ്യപ്പെടുകയും, ആയിരക്കണക്കിന് സ്ത്രീകള്‍ ബലാത്സംഗത്തിനിരയാവുകയും ചെയ്തിരുന്നു. അത്തരമൊരു ദുഷ്‌കര സമയത്ത് ഹിന്ദുക്കള്‍ക്കൊപ്പം നിന്നത് ആര്‍എസ്എസ് മാത്രമാണ്. സര്‍ക്കാരോ കോണ്‍ഗ്രസ്സോ ഇവരുടെ കാര്യം ശ്രദ്ധിച്ചില്ല. ഹിന്ദുക്കളെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
വിഭജന സമയത്ത് സംഘവും സ്വയംസേവകരും പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു. കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ നെഹ്‌റു സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്നോട്ടുപോയി. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് നേതൃത്വം ഏറ്റെടുത്തു. പാകിസ്ഥാനില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഹിന്ദു അഭയാര്‍ഥികള്‍ക്കായി നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആര്‍എസ്എസ് സംഘടിപ്പിച്ചു.
പാകിസ്ഥാനില്‍ താമസിച്ചിരുന്ന ഹിന്ദുക്കളെ സുരക്ഷിതമായി ഭാരതത്തിലെത്തിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്ത സംഘ പ്രവര്‍ത്തകര്‍ക്ക് ഒരേസമയം രണ്ട് തരത്തിലുള്ള പോരാട്ടം നടത്തേണ്ടിവന്നു. ഒന്നാമത്, എന്തു വിലകൊടുത്തും പാകിസ്ഥാനില്‍ നിന്ന് ഹിന്ദുക്കളെ ഒഴിപ്പിക്കല്‍. രണ്ടാമത്, രാജ്യത്തിനുള്ളില്‍ മുസ്ലീം ലീഗ് ആരംഭിച്ച ഹിന്ദു വിരുദ്ധ കലാപങ്ങളെ നേരിടല്‍.
ആര്‍എസ്എസ്സിനെക്കുറിച്ച് പഠനം നടത്തിയ ഡോ. ഹരേന്ദ്ര സിംഗ് ഒരു ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: വിഭജന സമയത്ത് മുസ്ലീം ലീഗ് വലിയ തോതില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിച്ച് ദില്ലിയില്‍ വന്‍ ആയുധശേഖരം~ഒരുക്കിയിരുന്നു. ഭാരതത്തിലെ ഹിന്ദുക്കളെയും സിഖുകാരെയും കൂട്ടക്കൊല ചെയ്യാനുള്ള ഗൂഢാലോചനയും ലീഗ് നടത്തി. പരിശീലനം നേടിയ നിരവധിയാളുകളെ ഇതിന് സജ്ജമാക്കിയിരുന്നു.
ഇത്തരം പ്രതിസന്ധി കാലത്തും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജീവന്‍ പണയം വച്ച് ഈ ഗൂഢാലോചന പുറത്തുകൊണ്ടുവന്നു. രാജ്യത്തിനുള്ളില്‍ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനൊപ്പം, സംഘത്തിന്റെ മുന്‍നിര നേതാക്കളും നിരവധി പ്രവര്‍ത്തകരും പാകിസ്ഥാനിലേക്ക് പോയി അവിടെയുള്ള ഹിന്ദുക്കളുടെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു.
പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, ലാഹോര്‍, കറാച്ചി തുടങ്ങിയ പാകിസ്ഥാനിലെ പ്രദേശങ്ങളില്‍ അന്നത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറും മുതിര്‍ന്ന സംഘ പ്രവര്‍ത്തകരും അക്ഷീണം പ്രവര്‍ത്തിച്ചു. അവിടെയുള്ള ഹിന്ദു സമൂഹത്തിന്റെ മനോവീര്യം ഉയര്‍ത്തുകയും, സംരക്ഷണ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
പില്‍ക്കാലത്ത് ആര്‍എസ്എസ് സര്‍സംഘചാലകായ ബാലാസാഹേബ് ദേവറസ്ജിയെപോലുള്ളവര്‍ പഞ്ചാബിലുടനീളം യാത്ര ചെയ്തു. രാഷ്ട്ര സേവിക സമിതിയുടെ സിന്ധു തായ് സിന്ധിലും പഞ്ചാബിലും ഹിന്ദു സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവര്‍ക്ക് ധൈര്യം നല്‍കി. കറാച്ചിയില്‍ നിന്ന് ലാഹോറുവരെ സഞ്ചരിച്ച് മൂന്ന് ആഴ്ചകളോളം അവര്‍ ഇതിനായി വലിയ ശ്രമം നടത്തി.
”പാകിസ്ഥാനില്‍ അവശേഷിക്കുന്ന ഒരു ഹിന്ദുവിനെ പോലും അവിടെ ഉപേക്ഷിക്കരുത്” എന്ന് ഗുരുജി ഗോള്‍വല്‍ക്കര്‍ പറഞ്ഞിരുന്നു. ഗുരുജിയുടെ ആഹ്വാനപ്രകാരം ലക്ഷക്കണക്കിന് സ്വയംസേവകര്‍ ഏകദേശം രണ്ട് കോടി ഹിന്ദുക്കളെ പാകിസ്ഥാനില്‍ നിന്ന് സുരക്ഷിതമായി ഭാരതത്തിലെത്തിച്ചു. പാകിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കുന്നതിനൊപ്പം, സ്വതന്ത്ര ഭാഗത്തിന്റെ ഐക്യം സംരക്ഷിക്കുകയും, വേറിട്ടുപോയ മറ്റുഭാഗങ്ങളില്‍ കുടുങ്ങിയ ഹിന്ദുക്കളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു.
അരക്ഷിത കാലത്തെ ഭഗീരഥപ്രയത്‌നം
വിഭജന സമയത്ത് പഞ്ചാബിലെ സംഘശിക്ഷാവര്‍ഗ് നിര്‍ത്തിവച്ച സ്വയംസേവകര്‍ വീടുകളിലേക്ക് മടങ്ങാതെ സേവനത്തില്‍ ഏര്‍പ്പെട്ടു. ലാഹോറില്‍ 80 ദുരിതാശ്വാസ ക്യാമ്പുകളും പാകിസ്ഥാനിലെ മറ്റ് ഭാഗങ്ങളില്‍ 300 ലധികം ക്യാമ്പുകളും സ്ഥാപിച്ച് ഹിന്ദുക്കള്‍ക്ക് സംരക്ഷണം നല്‍കി. പാകിസ്ഥാനില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് ജമ്മു, ദല്‍ഹി, അമൃത്സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെത്തിയ ഹിന്ദുക്കള്‍ക്കായി ഹിന്ദു രക്ഷാ സമിതി, പഞ്ചാബ് രക്ഷാ സമിതി, വാസ്തുഹാര സഹായ സമിതി തുടങ്ങിയ പേരുകളില്‍ രക്ഷാശിബിരങ്ങളും സ്ഥാപിച്ചു.
സമൂഹത്തിലെ മറ്റുള്ളവരുമായി സഹകരിച്ച് ഈ ക്യാമ്പുകള്‍ വഴി നിരവധി സേവനങ്ങള്‍ നല്‍കി. വേര്‍പെട്ടുപോയ സഹോദരങ്ങള്‍, മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നിവരെ കണ്ടെത്തി വീണ്ടും ഒന്നിപ്പിക്കാനുള്ള ദൗത്യവും സംഘം ഏറ്റെടുത്തു. പരിക്കേറ്റവരെ ചികിത്സിക്കുക, രക്തദാന ക്യാമ്പുകള്‍ നടത്തുക തുടങ്ങിയ സേവനങ്ങളും നല്‍കി. ദിവസേന 20000-25000 പേര്‍ക്ക് ഭക്ഷണം നല്‍കുന്നതിനും വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ നല്‍കുന്നതിനും സൗകര്യമൊരുക്കി. രാജ്യത്തെ വിവിധ നഗരങ്ങളിലെയും സ്ഥലങ്ങളിലെയും സ്‌കൂളുകള്‍, ധര്‍മ്മശാലകള്‍, സാമ്പത്തികമായി ശേഷിയുള്ളവരുടെ വീടുകള്‍ എന്നിവിടങ്ങളില്‍ താമസ സൗകര്യങ്ങളും ഒരുക്കി.
ഇക്കാലത്ത് ആര്‍എസ്എസ് ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് പലര്‍ക്കും അറിവില്ല. ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും കുട്ടികള്‍ നഷ്ടപ്പെടുകയും സ്ത്രീകള്‍ അപമാനിക്കപ്പെടുകയും ചെയ്തപ്പോള്‍ സംഘപ്രവര്‍ത്തകര്‍ മാത്രമാണ് സഹായത്തിനെത്തിയത്. ആയിരക്കണക്കിന് സ്വയംസേവകര്‍ ദുരിതമനുഭവിച്ചവരുടെ സേവനത്തിനായി തങ്ങളുടെതായ എല്ലാം സമര്‍പ്പിച്ചു.
ഭാരതത്തിലും പാകിസ്ഥാനിലും ഹിന്ദുക്കളാണ് അക്രമത്തിന്റെ ഏറ്റവും വലിയ ഇരകളായത്. ഏകദേശം 20 ലക്ഷം പേര്‍ കൊല്ലപ്പെട്ടു. രണ്ട് കോടി പേര്‍ക്ക് ജന്മനാടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. പിതാക്കന്മാരുടെ കണ്‍മുന്നില്‍ തന്നെ പെണ്‍മക്കള്‍ ബലാത്സംഗത്തിനിരയായി. മുഴുവന്‍ കുടുംബങ്ങളും ജീവനോടെ ചുട്ടുകൊല്ലപ്പെട്ടു. ക്ഷേത്രങ്ങളും ഗുരുദ്വാരങ്ങളും ആക്രമിക്കപ്പെടുകയും അഗ്‌നിക്കിരയാക്കപ്പെടുകയും ചെയ്തു. ചെറുപ്പക്കാരും മുതിര്‍ന്നവരും സ്ത്രീകളും മുസ്ലീം അക്രമികളാല്‍ കൊലചെയ്യപ്പെട്ടു.
സിന്ധ്, ഹൈദരാബാദ്, പഞ്ചാബ്, ബംഗാള്‍, കശ്മീര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഭീകരമായ അക്രമങ്ങള്‍ നടന്നത്. കശ്മീരില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ വേഷത്തിലെത്തിയ പാകിസ്ഥാന്‍ സൈന്യം ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തു. സിന്ധ്, ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഹിന്ദു-സിഖ് കുടുംബങ്ങളെ ജീവനോടെ ചുട്ടുകൊന്നു. ഹിന്ദു സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ബലാത്സംഗം സാധാരണമായിരുന്നു.
സ്വാതന്ത്ര്യം നേടിയതിനു ശേഷവും രാജ്യത്തിന് തങ്ങളുടെ സേവനം ആവശ്യമായി വന്നപ്പോള്‍ ആര്‍എസ്എസ് ധീരമായി മുന്നോട്ട് വന്നു. അന്നത്തെ നെഹ്‌റു സര്‍ക്കാര്‍ പിന്നോട്ടുപോയപ്പോള്‍, സംഘത്തിന്റെ സ്വയംസേവകര്‍ പാകിസ്ഥാനി സൈന്യത്തിന്റെയും മുസ്ലീം ലീഗിന്റെയും ആക്രമണ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന് സര്‍ക്കാരിനെ സഹായിച്ചു.
സര്‍ദാര്‍ പട്ടേല്‍ അന്നേ അംഗീകരിച്ചിരുന്നു
1947 ആഗസ്റ്റ് പതിനാലിനും പതിനഞ്ചിനും ഇടയിലുള്ള സമയം ഭാരതത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത നിര്‍ണായക കാലഘട്ടമാണ്. വിഭജനത്തിന്റെ ഭീകരതകളില്‍ നിന്ന് സ്വാതന്ത്ര്യാഘോഷങ്ങളുടെ ആഹ്ലാദത്തിലേക്കുള്ള ഈ ഏതാനും മണിക്കൂറുകളില്‍ ദുഃഖവും സന്തോഷവും മാറിമാറി പ്രത്യക്ഷപ്പെട്ടു. വിഭജനത്തിന്റെ ഭീകരതകള്‍ നേരിട്ട നിസ്സഹായരായ ഹിന്ദുക്കള്‍ക്കും സിഖുകള്‍ക്കും ജൈനമതക്കാര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ആര്‍എസ്എസ് രക്ഷകരായത് എങ്ങനെയെന്ന് പലരുടെയും അനുഭവസാക്ഷ്യങ്ങളുണ്ട്.
മണിക്ചന്ദ്ര വാജ്‌പേയിയും ശ്രീധര്‍ പരാഡ്കറും ചേര്‍ന്ന് രചിച്ച ‘വിഭജനത്തിന്റെ ദിനങ്ങള്‍: ആര്‍എസ്എസ്സിന്റെ ധീരമായ പോരാട്ടം’ എന്ന ഗ്രന്ഥം ഹൃദയഭേദകമായ സംഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. പാകിസ്ഥാനിലെ ഹിന്ദുക്കളെ മുസ്ലീംലീഗ് അക്രമികള്‍ക്കും പ്രതികാരദാഹികളായ പാകിസ്ഥാന്‍ സൈന്യത്തിനും പോലീസിനും അക്രമികളായ മുസ്ലീം കൂട്ടങ്ങള്‍ക്കും എറിഞ്ഞുകൊടുത്ത ശേഷം കോണ്‍ഗ്രസ് നേതൃത്വം ആദ്യ വിമാനം കയറി ഭാരതത്തിലെത്തിയതിനെക്കുറിച്ച് ഈ ഗ്രന്ഥം പറയുന്നു:
”ഈ സമയത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് മുന്നോട്ട് വന്നത്. സ്വന്തം കുടുംബങ്ങളെക്കുറിച്ച് ചിന്തിക്കാതെ, ഹിന്ദുസഹോദരങ്ങളെ രക്ഷിക്കാന്‍ അവര്‍ എല്ലാം പണയം വച്ചു. പഞ്ചാബ് റിലീഫ് കമ്മിറ്റി രൂപീകരിച്ചു. പല സ്ഥലങ്ങളിലും രക്ഷാക്യാമ്പുകള്‍ തുറന്നു. സുരക്ഷിതമല്ലാത്ത സമീപഗ്രാമങ്ങളിലെ ഹിന്ദുക്കളെ ഇവിടേക്കു കൊണ്ടുവന്നു. അവിടെ നിന്ന് ഭാരത സൈന്യത്തിന്റെ സഹായത്തോടെ രാജ്യത്തെത്തിച്ചു. അതോടെ തങ്ങളുടെ കടമ അവസാനിച്ചുവെന്ന് അവര്‍ കരുതിയില്ല. ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് മാസങ്ങളോളം ഭക്ഷണവും താമസവും ഒരുക്കുകയും ചെയ്തു.”(1)
പുസ്തകത്തില്‍ ഇങ്ങനെ തുടരുന്നു: ”മാര്‍ച്ച് 6 ലെ രാത്രി ഭയാനകമായിരുന്നു. യൂണിഫോം ധരിച്ച നാഷണല്‍ ഗാര്‍ഡുകള്‍ നയിച്ച മുസ്ലീങ്ങളുടെ ഒരു ശക്തവും ക്രമബദ്ധവുമായ ജനക്കൂട്ടം അമൃത്സറിലെ ഷെരാവാല ഗേറ്റില്‍ നിന്ന് ചൗക് ഫവാരയിലേക്കു മുന്നേറുകയായിരുന്നു. ഇത്തവണ അവരുടെ ലക്ഷ്യം പ്രശസ്തമായ കൃഷ്ണ ടെക്‌സ്‌റ്റൈല്‍ മാര്‍ക്കറ്റും പുണ്യ ദര്‍ബാര്‍ സാഹിബും ആയിരുന്നു. പക്ഷേ… അവര്‍ ചൗക് ഫവാരയില്‍ എത്തിയ നിമിഷം തന്നെ, ലാത്തികള്‍, വാളുകള്‍, കുന്തങ്ങള്‍, കത്തികള്‍, ബോംബുകള്‍ എന്നിവ ഉപയോഗിച്ച് എല്ലാ വശങ്ങളില്‍ നിന്നുമുള്ള ഭീകരമായ ആക്രമണം നേരിട്ടു. ആക്രമിച്ചത് മറ്റാരുമല്ല, നിക്കര്‍വാലാസ് (ആ കാലഘട്ടത്തില്‍ കാക്കി ഷോര്‍ട്‌സ് ധരിച്ചതിനാല്‍ ആര്‍എസ്എസ് സ്വയംസേവകര്‍ ഇങ്ങനെ അറിയപ്പെട്ടിരുന്നു) തന്നെയാണെന്ന് ആ ജനക്കൂട്ടം കണ്ടു. സ്വയംസേവകരുടെ മുന്‍കാല പ്രകടനങ്ങളെക്കുറിച്ചുള്ള ഭയം മുസ്ലീം അക്രമികള്‍ക്കുണ്ടായിരുന്നതിനാല്‍ അവര്‍ ഓടിരക്ഷപ്പെട്ടു. ഇങ്ങനെ ധീരന്മാരായ സ്വയംസേവകരുടെ നേതൃത്വത്തിലുള്ള വിജയത്തിലൂടെ കൃഷ്ണ മാര്‍ക്കറ്റും ദര്‍ബാര്‍ സാഹിബും നശീകരണത്തില്‍ നിന്ന് രക്ഷിക്കപ്പെട്ടു.”(2)
ദര്‍ബാര്‍ സാഹിബിനെ എല്ലാത്തരത്തിലുള്ള ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാന്‍ 75 സ്വയംസേവകരെ സ്ഥിരമായി നിയോഗിച്ചു. അമൃത്സറിലെ ആര്‍എസ്എസ് സായാഹ്ന ശാഖകളുടെ അന്നത്തെ മേധാവിയായിരുന്ന ഡോ. ബല്‍ദേവ് പ്രകാശും നഗര്‍ പ്രചാരകനായ ഡോ. ഇന്ദ്രപാല്‍, അമൃത്സറിലെ പ്രഭാത ശാഖകളുടെ ചുമതലയുണ്ടായിരുന്ന ഗവര്‍ധന്‍ ചോപ്ര എന്നിവരും ചേര്‍ന്നാണ് ദര്‍ബാര്‍ സാഹിബിനെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന നേതൃത്വം നല്‍കിയത്.
ദര്‍ബാര്‍ സാഹിബിന്മേല്‍ മുസ്ലീം ജനക്കൂട്ടങ്ങള്‍ നടത്തിയ രണ്ടാമത്തെ ആക്രമണത്തെക്കുറിച്ചും വാജ്‌പേയിയും പരാഡ്കറും വിവരിച്ചിട്ടുണ്ട്.
”ആ ദിവസം മാര്‍ച്ച് 9, യൂണിഫോം ധരിച്ച മുസ്ലീം നാഷണല്‍ ഗാര്‍ഡുകളുടെ സേന ഗുരുദ്വാരയിലേക്കു മൂന്ന് വശങ്ങളില്‍ നിന്ന് മുന്നേറിത്തുടങ്ങി. വലിയൊരു സംഘം ലീഗിന്റെ ശക്തികേന്ദ്രമായ കത്ര കരംസിംഗില്‍ നിന്നും രണ്ടാമത്തേത് നമക് മണ്ടിയില്‍ നിന്നും മൂന്നാമത്തേത് ഷെരാവാല ദര്‍വാസയില്‍ നിന്നും മുന്നേറുകയായിരുന്നു. എല്ലാവരും ആയുധധാരികളായിരുന്നു. അവിടെ കുറച്ച് സേവാദാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ ഭീതിയിലായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഏകദേശം നൂറോളം ആയുധരഹിത തീര്‍ത്ഥാടകരും അകത്ത് കുടുങ്ങിയിരുന്നു. നിരോധനാജ്ഞ കാരണം അവര്‍ക്ക് പുറത്തേക്കു പോകാന്‍ കഴിഞ്ഞില്ല. സ്ഥിതിഗതികള്‍ അറിഞ്ഞ് ഗ്രാമപ്രദേശങ്ങളില്‍ നിന്ന് എത്തിക്കൊണ്ടിരുന്ന സിഖ് ജഥകളെ സായുധ പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്തുവച്ച് തടഞ്ഞു. ലീഗുമായി ചേര്‍ന്നുള്ള ഗൂഢാലോചനയായിരുന്നു ഇത്. ദര്‍ബാര്‍ സാഹിബിലേക്കു മുസ്ലീം ജനക്കൂട്ടങ്ങള്‍ മുന്നേറുകയാണെന്നും, സുവര്‍ണ്ണ ക്ഷേത്രം അപകടത്തിലാണെന്നും പറഞ്ഞ് ഗുരുദ്വാരയില്‍ നിന്ന് പഞ്ചാബ് റിലീഫ് കമ്മിറ്റിയുടെ ഓഫീസിലേക്കു ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. ‘സ്വയംസേവകരേ, നിങ്ങള്‍ ഞങ്ങളുടെ സഹായത്തിനെത്തില്ലേ?’ ആര്‍എസ്എസ് കാര്യാലയത്തിന്റെ ചുമതലയുള്ള ദുര്‍ഗാ ദാസ് ഖന്ന അവരെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു-ഭയപ്പെടേണ്ട, സ്വയംസേവകര്‍ അവിടെ എത്തിയിട്ടുണ്ട്, ഓരോ വഴിയിലും അവര്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്തു വിലകൊടുത്തും വിശുദ്ധ ദര്‍ബാര്‍ സാഹിബിന് ഒന്നും സംഭവിക്കാതെ ഞങ്ങള്‍ നോക്കിക്കൊള്ളാം.”(3)

മുസ്ലീം അക്രമികള്‍ മുന്നേറിക്കൊണ്ടിരുന്നു. സ്വയംസേവകരും ജാഗ്രതയിലായിരുന്നു. ഡോ. ബല്‍ദേവ് പ്രകാശും ഒരു സംഘവുമായി അവിടെ എത്തിച്ചേര്‍ന്നിരുന്നു. ഓരോ മോഹല്ലയും ഓരോ വീടും ഇതിനകം കോട്ടയായി മാറിയിരുന്നു. ”ഇത്തവണ പദ്ധതി സ്വയംരക്ഷ മാത്രമല്ല, പ്രത്യാക്രമണവുമായിരുന്നു.” ആദ്യ ഏറ്റുമുട്ടല്‍ ചൗക് ഫവാരയില്‍ നടന്നു. ചില പോരാട്ടങ്ങള്‍ക്ക് ശേഷം മുസ്ലീം ആള്‍ക്കൂട്ടത്തിന് പിന്‍വാങ്ങേണ്ടിവന്നു. മറ്റ് സ്ഥലങ്ങളിലും ഈ അക്രമികള്‍ക്ക് പിന്നോട്ടു പോകേണ്ടിവന്നു.
”സാഹചര്യം നിര്‍ണായകമായി മാറി. ആക്രമികള്‍ ഓടിക്കൊണ്ടിരുന്നു. പ്രതിരോധിക്കാന്‍ എത്തിയവര്‍ അവരെ പിന്തുടര്‍ന്ന് ശിക്ഷിക്കുകയായിരുന്നു. ‘ഹര്‍ ഹര്‍ മഹാദേവ് ‘ എന്നും ‘സത് ശ്രീ അകാല്‍’ എന്നുമുള്ള മുദ്രാവാക്യങ്ങളാല്‍ നഗരം പ്രകമ്പനം കൊണ്ടു.” (4)
എ.എന്‍. ബാലിയുടെ വിവരണം
ശത്രുതാപരമായ അന്തരീക്ഷമുള്ള പാകിസ്ഥാനില്‍ സേവനനിരതരായി പ്രവര്‍ത്തിച്ച് ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന് നിസ്സഹായരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനിടെ അനേകം സ്വയംസേവകര്‍ ജീവത്യാഗം ചെയ്തു. ലാഹോറിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന എ.എന്‍. ബാലി ‘ഇനി അത് പറയാം’ എന്ന ഗ്രന്ഥത്തില്‍ അവിടുത്തെ യാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ട് അനുഭവിച്ചതിനെക്കുറിച്ച് എഴുതുന്നു:
”കോണ്‍ഗ്രസ്സിന്റെ അഹിംസയും, അവിടെ തന്നെ തുടരുക, ദൈവത്തില്‍ ഉറച്ച വിശ്വാസം വയ്ക്കുക എന്ന നേതാക്കളുടെ ഉപദേശവും നിഷ്ഫലമായിരുന്നു. ഈ ഘട്ടത്തില്‍ ആരാണ് ജനങ്ങളുടെ രക്ഷയ്ക്കായി വന്നത്? സ്വാര്‍ത്ഥതയില്ലാത്ത യുവ ഹിന്ദുക്കളുടെ ഒരു സംഘം-ആര്‍എസ്എസ് എന്നറിയപ്പെട്ടവര്‍. അവര്‍ ഓരോ പട്ടണത്തിലെ മൊഹല്ലകളിലും അപകടമേഖലകളില്‍ നിന്നുള്ള ഹിന്ദു-സിഖ് സ്ത്രീകളെയും കുട്ടികളെയും താരതമ്യേന സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനം സംഘടിപ്പിച്ചു. ഭക്ഷണം, ചികിത്സ, വസ്ത്രം, പരിചരണം എന്നിവയും അവര്‍ ഒരുക്കി.” (5)
സ്ഥിതി വഷളായപ്പോള്‍ സ്വയംസേവകര്‍ക്ക് ആയുധങ്ങളും എടുക്കേണ്ടിവന്നതായി ബാലി കൂട്ടിച്ചേര്‍ക്കുന്നു: ”വിഭജനത്തിന്റെ ആദ്യഘട്ടത്തില്‍ സ്ഥിതി അതീവ ഗുരുതരമായപ്പോള്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ ശരിയായി പറഞ്ഞാല്‍ ഹിന്ദുക്കളെയും സിഖുകളെയും അടിച്ചമര്‍ത്താന്‍ മാത്രമാണ് നിയമം ഉപയോഗിക്കപ്പെട്ടത്. അപ്പോള്‍ ആര്‍എസ്എസ് അംഗങ്ങളില്‍ പലരും ആയുധപ്രയോഗത്തില്‍ തങ്ങളുടെ കഴിവ് തെളിയിച്ചു. അത് ഏതാണ്ട് ഉരുളയ്ക്കുപ്പേരിയായി. ഈ യുവാക്കള്‍ ദുരിതത്തിലായ ഹിന്ദുക്കളുടെയും സിഖുകാരുടെയും സഹായത്തിനായി ആദ്യമെത്തുകയും, സുരക്ഷിത ഇടമായ കിഴക്കന്‍ പഞ്ചാബിലേക്ക് അവസാനം മാത്രം പോകുകയും ചെയ്തു.” (6)
സ്വയംസേവകര്‍ ഈ കര്‍ത്തവ്യനിര്‍വഹണത്തില്‍ മതഭേദമന്യേ പ്രവര്‍ത്തിച്ചു. ”ഹിന്ദു മൊഹല്ലകളില്‍ നിന്നു മുസ്ലീം സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലാഹോറിലെ മുസ്ലീം ലീഗ് അഭയകേന്ദ്രങ്ങളില്‍ എത്തിച്ച സംഭവങ്ങളും ഉണ്ടായിരുന്നു” എന്നും ബാലി കൂടിച്ചേര്‍ക്കുന്നു.
ഗുരുജിയുടെ ആഹ്വാനം അവര്‍ ഏറ്റെടുത്തു
1947 ല്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ബല്‍ദേവ് സിംഗ്, സര്‍ദാര്‍ പട്ടേലിന് എഴുതിയ കത്തിലൂടെ ഈ പരിതാപകരമായ അവസ്ഥ മനസ്സിലാക്കാം. സിയാല്‍ക്കോട്ട് ജില്ലയിലെ 20,000 സ്ത്രീകളെ തട്ടിക്കൊണ്ടുപോയ കേസുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആര്‍എസ്എസ്സിന്റെ സഹായം തേടണമെന്ന് ബല്‍ദേവ് സിംഗ് അഭ്യര്‍ത്ഥിക്കുന്നു. ”ഇത്തരക്കാരുടെ സഹായം തേടുന്നതില്‍ നാം മടിക്കേണ്ടതില്ല. ഈ ആളുകളെ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു സ്‌പെഷ്യല്‍ പോലിസ് സൂപ്രണ്ടന്റിനു കീഴില്‍ സ്ഥിരമായി നിയമിക്കാം. നിലവിലുള്ള പോലീസ് സേനയില്‍ നിന്നു ആത്മാര്‍ത്ഥതയുള്ള ഒരു സൂപ്രണ്ടന്റിനെയും 20 ഡെപ്യൂട്ടി സൂപ്രണ്ടുമാരെയും തെരഞ്ഞടുക്കണം. രാഷ്ട്രീയ സ്വയംസേവക സംഘം ഫീല്‍ഡ് വര്‍ക്കിനായി പരിശീലനം നേടിയ ആളുകളെ നല്‍കും. ഭാരതത്തിലെ സംഘത്തിന്റെ മേധാവി ഗോള്‍വല്‍ക്കര്‍ജിയുമായി ആശയവിനിമയം നടത്താം. പഞ്ചാബില്‍ രഹസ്യമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളോടും സഹായം അഭ്യര്‍ത്ഥിക്കാം.”(7)
ആര്‍എസ്എസ്സിന്റെ രണ്ടാം സര്‍സംഘചാലകായ ഗുരുജി ഗോള്‍വല്‍ക്കര്‍ ‘പുരുഷാര്‍ത്ഥ’ എന്നൊരു ലേഖനത്തില്‍ പഞ്ചാബിലെ സ്വയംസേവകരുടെ ധീരതയെക്കുറിച്ച് ഇങ്ങനെ എഴുതുകയു ണ്ടായി: ”അന്നത്തെ ദിവസങ്ങളില്‍ സംഘ സ്വയംസേവകര്‍ അനുപമമായ ധൈര്യവും ശേഷിയും കാട്ടി അനവധി കുടുംബങ്ങളെ രക്ഷിച്ചു. ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ രീതികണ്ട് ആളുകള്‍ അത്ഭുതപ്പെട്ടു. അന്ന് ഞാന്‍ അമൃത്സറില്‍ ചില ദിവസങ്ങള്‍ തങ്ങി സ്ഥിതിഗതികള്‍ പഠിക്കുകയും, സ്വയംസേവകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ഇന്ന് ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഉള്ളവരെയും കണ്ടു. അവര്‍ നമ്രശിരസ്‌കരായി പറഞ്ഞു-നിങ്ങളുടെ സംഘമില്ലായിരുന്നെങ്കില്‍ ഞങ്ങളും നമ്മുടെ സ്ത്രീകളും കുട്ടികളും രക്ഷപ്പെടുമായിരുന്നില്ല. സൈനിക ഉദ്യോഗസ്ഥരെയും ഞാന്‍ കണ്ടു. അവര്‍ സ്വയംസേവകരുടെ മഹത്തായ ധൈര്യത്തെ പ്രശംസിച്ചു. ഇങ്ങനെ സംഘം എല്ലായിടത്തും പ്രശംസിക്കപ്പെട്ടു.”
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ധീരതയും കരുത്തും മുസ്ലീം ലീഗിനെയും ആശങ്കപ്പെടുത്താന്‍ തുടങ്ങി. മുസ്ലീം ലീഗിന്റെ മുഖപത്രമായ ഡോണ്‍ എഴുതി: ”കോണ്‍ഗ്രസ് നേതൃത്വത്തിന് മുസ്ലീങ്ങളുടെ സഹകരണം വേണമെങ്കില്‍ സംഘത്തെ ഉടന്‍ നിരോധിക്കണം.” അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ 1948 ല്‍ ഗുരുജി ഗോള്‍വല്‍ക്കറിന് നല്‍കിയ മറുപടിയില്‍ വിഭജനകാലത്ത് ഹിന്ദുസമൂഹത്തിനായി ആര്‍എസ്എസ് നല്‍കിയ സേവനത്തെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവന്‍ രക്ഷിക്കാന്‍ യുവാക്കള്‍ വഹിച്ച പങ്കിനെ അഭിനന്ദിച്ചു.
വിഭജനകാലത്ത് ആര്‍എസ്എസ് ദീര്‍ഘവീക്ഷണത്തോടെയാണ് പ്രവര്‍ത്തിച്ചത്. അന്ന് ആര്‍എസ്എസ് പുതുതായി വളര്‍ന്നുവരുന്ന ഒരു സംഘടന മാത്രമായിരുന്നു. വെറും 29 വയസ്സ്. എന്നാല്‍ ആ കാലയളവില്‍, അവിഭക്ത പഞ്ചാബില്‍ 100 ലധികം പ്രചാരകന്മാര്‍ പ്രവര്‍ത്തിച്ചിരുന്നു. അവരില്‍ 58 പേര്‍ ലാഹോറില്‍ നിന്നുമായിരുന്നു. പഞ്ചാബില്‍ 1,500 ലധികം ദൈനംദിന ശാഖകളും ഉണ്ടായിരുന്നു. ദിവസേന ഒരു ലക്ഷത്തിലധികം സ്വയംസേവകര്‍ പങ്കെടുക്കുമായിരുന്നു. ഈ സംഘടനാശക്തിയാണ് പഞ്ചാബില്‍ ഹിന്ദുക്കളുടെയും സിഖുകാരുടെയും പൂര്‍ണ്ണമായ നാശം തടഞ്ഞത്.
വിഭജനകാലത്ത് സ്വയംസേവകര്‍ കാട്ടിയ ധീരതയും നിസ്വാര്‍ത്ഥതയും നൂറുകണക്കിന് കഥകളായി നിലനില്‍ക്കുന്നു. അവരുടെ പരമോന്നത ത്യാഗത്തെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ പുറത്തുവന്നു. എന്നാല്‍ എ.എന്‍. ബാലിയുടെ ഈ വാക്കുകള്‍ എപ്പോഴും ഓര്‍ക്കണം: ”മുഴുവന്‍ പഞ്ചാബും തീയില്‍ കത്തിക്കൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയില്‍ നിസ്സഹായരായി ഇരിക്കുമ്പോള്‍, ആര്‍എസ്എസ് സ്വയംസേവകര്‍ അവരുടെ അച്ചടക്കവും കായികശേഷിയും കൊണ്ട് സ്വന്തം ജീവന്‍ പണയം വച്ച് പഞ്ചാബിലെ ജനങ്ങളെ രക്ഷിച്ചു.”(8)
അടുത്തത്: കമ്യൂണിസ്റ്റ് പാര്‍ട്ടിയും ലീഗും കൈകോര്‍ത്ത നരഹത്യകള്‍
അടിക്കുറിപ്പുകള്‍:-
1. Partition Days: The Fiery Struggle of the RSS, Manik Chandra Vajpayee, Sridhar Paradkar.
2. Ibid
3. Ibid
4. Ibid
5. Now It Can Be Told, A.N. Bali.
6. Ibid
7. Partition Days: The Fiery Struggle of the RSS, Manik Chandra Vajpayee, Sridhar Paradkar.
8. Now It Can Be Told, A.N. Bali.





















